പ്രണയത്തിന്റെ ഇടവഴികൾ

ദേവിയെ തൊഴുത് കൽവിളക്കു ചുറ്റി വരുന്ന ഇന്ദുവിനെ ഞാൻ കണ്ടു….!! പഴയ ഐശ്വര്യം ആ മുഖത്തു കാണാൻ കഴിഞ്ഞില്ല…!! ആകെ വല്ലാതെയായിരിക്കുന്നു.. കണ്ണുകൾ കുഴിഞ്ഞ് എല്ലും തോലുമായിരിക്കുന്നു… പണ്ട് എത്രയോ തവണ അവളെ കാണുവാൻ വേണ്ടി മാത്രം ഞാൻ അമ്പലനടയിൽ കാത്തു നിന്നിരുന്നു… കണ്ടിട്ടും കാണാത്തെ പോലെ അവൾ പോകുമ്പോൾ തിരികെ നോക്കുമെന്ന പ്രതീക്ഷയിൽ പിറകെ കൂടും… ഒടുവിൽ അവളുടെ വീട്ടിലേക്ക് കയറുന്ന ഇടവഴിയിൽ വെച്ച് അവൾ നോക്കും… ആ ഒരു നോട്ടത്തിന്റെ സുഖം പറഞ്ഞറിയിക്കാൻ കഴിയില്ല … ഒരുദിവസം രണ്ടും കൽപിച്ച് ഒരെഴുത്തു കൊടുത്തു… അതു വാങ്ങി അവൾ തുറന്നു വായിച്ചിട്ട് ഉണ്ടക്കണ്ണാൽ ദഹിപ്പിക്കുന്ന ഒരു നോട്ടം…. കത്തു തിരികെ നൽകി അവൾ നടന്നു നീങ്ങി … ഞാനാകെ ഉരുകി നിൽക്കുകയാണ്.. കുറച്ചു നടന്നിട്ട് അവൾ തിരിഞ്ഞു നിന്നു പറഞ്ഞു… അതേയ് ചെക്കാ…കത്തിന്റെ ആവശ്യമില്ല… ആ കണ്ണിൽ നിന്നും നേരത്തെ തന്നെ ഞാൻ വായിച്ചറിഞ്ഞതാണ് എന്നോടുള്ള ഇഷ്ടം…. നിക്കും ഇഷ്ടാണ്….. ഉരുകി നിന്ന എന്നിലേക്ക് പെയ്തിറങ്ങിയ കുളിർ മഴയായിരുന്നു ആ വാക്കുകൾ… അതൊരു തുടക്കമായിരുന്നു… വർഷങ്ങൾ നീണ്ട പ്രണയത്തിന്റെ തുടക്കം . …. നാലു വർഷത്തെ പ്രണയം… എന്നും അവളുടെ പിടിവാശികൾക്കു മുന്നിൽ ഞാൻ തോറ്റു കൊടുത്തുകൊണ്ടേയിരുന്നു… അതങ്ങനെയാണല്ലോ…?? പ്രണയം തുടങ്ങിക്കഴിഞ്ഞാൽ പങ്കാളി ചെയ്യുന്നതെന്തിനും നമ്മൾ എങ്ങനെയെങ്കിലും ന്യായം കണ്ടെത്തിയിരിക്കും.. അവളുടെ സ്നേഹം നഷ്ടപ്പെടുമോയെന്ന ഭയത്താൽ അവളുടെ ഇഷ്ടങ്ങൾക്കെല്ലാം ഞാൻ കൂടെ നിന്നു.. ആ ഉണ്ടക്കണ്ണാലുള്ള നോട്ടത്തിൽ എന്നിലെ കാമുകൻ തോറ്റു കൊടുക്കുകയായിരുന്നു.. ഒടുവിൽ ഒരുനാൾ മിക്ക കഥയിലെയും വില്ലനെ പോലെ അവനെത്തി… വിദേശത്ത് ഉയർന്ന ജോലിയുള്ള ചെക്കൻ… അവളിലെ മാറ്റം.. അതാണെന്നെ അത്ഭുതപ്പെടുത്തിയത്, വേദനിപ്പിച്ചത്… ഒടുവിൽ തേപ്പ് എന്നു നാം കളിയാക്കി വിളിക്കുന്ന ആ വലിയ വേദന സമ്മാനിച്ച് അവൾ കടന്നു പോയി…. കൂടെ കാലവും കടന്നുപോയി… മൂന്നുവർഷങ്ങൾ കൊണ്ട് ഞാനൊരു പ്രവാസിയായി മാറി.. തരക്കേടില്ലാത്ത ജോലിയായി.. സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തി നേടി. അമ്പലത്തിൽ നിന്നും പുറത്തിറങ്ങിയ ഇന്ദുവിനരികിലേക്കു ഞാൻ ചെന്നു.. മുഖത്തേക്കു നോക്കാൻ അവൾക്കെന്തോ വിഷമം പോലെ.. ഇന്ദൂ…താനെന്താടോ മിണ്ടാതെ നിൽക്കുന്നേ…?? ഹേയ് ഒന്നൂല്ല ശ്യാമേട്ടാ…ശ്യാമേട്ടൻ വന്നൂന്ന് സിന്ധു പറഞ്ഞിരുന്നു… സുഖാണോ..?? സുഖം…. തന്നോട് സുഖാണോന്ന് ചോദിക്കാൻ എന്റെ മനസ്സ് അനുവദിക്കുന്നില്ല..എന്താ ഇന്ദൂ പറ്റിയത്..ഞാനറിഞ്ഞതൊക്കെ സത്യമാണോ…?? ശ്യാമേട്ടാ അത്.. ഞങ്ങൾ മുന്നോട്ടു നടന്നു… എങ്ങനെയാ തുടങ്ങേണ്ടത് എന്ന് എനിക്ക് അറിയില്ല… ഒരു കാര്യം ആദ്യമേ പറയാം..ചില അവസരങ്ങളിൽ നമ്മുടെ ഒക്കെ മനസ്സ് എടുത്തുചാട്ടം കാണിക്കും..ആ സമയം കണ്മുന്നിലുള്ള നല്ല കാര്യങ്ങളൊന്നും കാണാൻ ശ്രമിക്കാറില്ല… പലതും തട്ടിത്തെറിപ്പിച്ച് നാം ആ എടുത്ത്ചാട്ടത്തിനൊപ്പം പൊയ്പ്പോകും..അത്തരമൊന്നാണ് എനിക്കും സംഭവിച്ചത്… പുറമേ കാണുന്ന ഭംഗിയും ആവേശവുമൊന്നും ജീവിതത്തോട് അടുക്കുമ്പോൾ കാണില്ലെന്ന് ഈ മൂന്നു വർഷങ്ങൾക്കുള്ളിൽ ഞാൻ മനസ്സിലാക്കി.. ആദ്യമൊന്നും കുഴപ്പമില്ലായിരുന്നു.. .ഒരഞ്ചാറു മാസം കഴിഞ്ഞപ്പോൾ ഏട്ടന്റെ അവിടുത്തെ പണി പോയി… അതിനുശേഷം ബാംഗ്ലൂരിൽ സെറ്റിൽഡ് ആയി… ചെറിയ ചെറിയ പ്രശ്നങ്ങളിൽ തുടങ്ങി അവസാനം ഇപ്പൊ കുടുംബകോടതി വരെ എത്തി നിൽക്കുന്നു…. കുട്ടികൾ ഉണ്ടാകാത്തത് എന്റെ കുഴപ്പമാണെന്ന് വിധിയെഴുതിയ ഡോക്ടർമാർ കോടതിയിലേക്കെത്താൻ ഏളുപ്പം വഴിയൊരുക്കി.. ശ്യാമേട്ടനോടു ഞാൻ ചെയ്തതിനൊക്കെ ദൈവം തരുന്ന ശിക്ഷയാകും അല്ലേ..?? ആഹ്..അതൊക്കെ അവിടെ നിൽക്കട്ടെ…. ശ്യാമേട്ടനെന്തേ വിവാഹത്തെക്കുറിച്ചൊന്നും ചിന്തിക്കാത്തത്…?? അമ്മയെ കഴിഞ്ഞാഴ്ച അമ്പലത്തിൽ വെച്ചു കണ്ടപ്പോഴും ഇതിനെ കുറിച്ചും പറഞ്ഞിരുന്നു… ആഹ്..ഇത്തവണ പോകുന്നതിനു മുൻപ് എന്തെങ്കിലും ചെയ്യാമെന്നു ഞാൻ അമ്മക്കു വാക്കു കൊടുത്തു.. സംസാരിച്ചു നടന്നു നടന്നു അവളുടെ വീട്ടിലേക്ക് പോകാനുള്ള വഴിയെത്തിയത് അറിഞ്ഞില്ല… യാത്ര പറഞ്ഞു നടന്നു നീങ്ങിയ അവളെ ഞാൻ പിറകിൽ നിന്നും വിളിച്ചു.. ഇന്ദൂ…ഒരുകാര്യം കൂടി.. എന്താ ശ്യാമേട്ടാ പറയ്… കോടതിയിൽ നീയെന്താ പറയാൻ പോകുന്നേ..?? ഈ ബന്ധം മുന്നോട്ടു കൊണ്ടു പോകുന്നതിൽ നിന്റെ തീരുമാനം എന്താണ്..?? അതിപ്പൊ ശ്യാമേട്ടാ…അറിയില്ല എനിക്ക്…സിന്ധുവിന് ഇപ്പൊ ആലോചനയൊക്കെ വരുന്ന സമയമാണ്.. ഇനി ഞാൻ കൂടി വീട്ടിൽ വന്നു നിന്നാൽ അതവൾടെ ജീവിതത്തെ ബാധിക്കും..പിന്നെ അച്ഛന്റെ കാര്യം… അറിയില്ലെനിക്ക്…ഒരു തീരുമാനം എടുക്കാൻ എനിക്കിതുവരെ കഴിഞ്ഞിട്ടില്ല… ഇന്ദൂ…..?? മ്… എന്റെ വിളിക്കു കാതോർത്തിരുന്ന പോലെ അവൾ മൂളി…. എന്നിൽ നിന്നെന്തോ കേൾക്കാൻ കൊതിക്കുന്നതു പോലെ ആ ഉണ്ടക്കണ്ണുകൾ വിടർത്തി..നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞ് തെളിഞ്ഞ മുഖത്തോടെ അവളെന്നെ നോക്കി നിന്നു.. വർഷങ്ങൾക്കു മുൻപുള്ള ഇന്ദുവും ശ്യാമുമായി ഞങ്ങൾ മാറി.. പണ്ട് അവളോട് എന്റെ ഇഷ്ടം തുറന്നു പറഞ്ഞ അതേ വഴിയിൽ വെച്ച് ഞാനവളുടെ കണ്ണുകളിലേക്കു തന്നെ നോക്കിക്കൊണ്ടു ചോദിച്ചു… എതിർപ്പൊന്നും പറയില്ലെങ്കിൽ നാളെ ഞാൻ അമ്മയെ വീട്ടിലേക്ക് വിടട്ടെ…??? ശ്യാമേട്ടാ അത്….ഈയൊരവസ്ഥയിൽ ഞാനെന്താ പറയുക…എനിക്കുറപ്പായിരുന്നു..ശ്യാമേട്ടനെന്നെ വെറുക്കാൻ കഴിയില്ലെന്ന്…ഞാനെതിർപ്പു പറയുമെന്ന് തോന്നുന്നുണ്ടോ..?? എങ്കിലും നന്നായി ആലോചിച്ചിട്ടാണോ പറയുന്നത്..?? ഇന്ദൂ..?? കോടതി..കേസ്..സിന്ധുവിന്റെ കല്യാണാലോചന…അങ്ങനെ എല്ലാത്തിന്റെയും ഇടക്ക് ഇനി വെച്ചു താമസിപ്പിക്കുന്നതു ശരിയല്ല എന്നു തോന്നി…ഇതാണു ശരിയായ സമയം… നിനക്കെതിർപ്പു കാണില്ല എന്നറിയാം…അഥവാ എതിർപ്പുണ്ടെങ്കിലും നിന്റെ അനിയത്തി സിന്ധുവിന്റെ ഭാവി ആലോചിച്ചെങ്കിലും നിറഞ്ഞ മനസ്ലോടെ സന്തോഷത്തോടെ സമ്മതിക്കണം…. ഞങ്ങളെ അനുഗ്രഹിക്കണം…. അതുവരെ സന്തോഷത്തോടെ കേട്ടുകൊണ്ടിരുന്ന ഇന്ദു മുഖമുയർത്തി അമ്പരപ്പോടെ എന്നെ നോക്കി…. ഞങ്ങളോ..?? അതാരാ ശ്യാമേട്ടാ..?? അതെ ഞങ്ങൾ.. അല്ലാ..അപ്പൊ നീയെന്താ വിചാരിച്ചേ..?? അതു ഞാൻ കരുതി നമ്മുടെ കല്യാണക്കാര്യം ആകുമെന്ന്… നന്നായി വിയർത്ത് ഇന്ദു കാറ്റൂരിവിട്ട ബലൂൺ പോലെയായി…. മറുപടിയായി ഒരു പൊട്ടിച്ചിരിയാണ് ഞാനവൾക്കു സമ്മാനിച്ചത്… ദാ..ഈ നിമിഷം മുതൽ നിന്നോടു സംസാരിക്കുന്നത് നിന്റെ പഴയ ശ്യാമേട്ടനല്ല… പ്രതികാരത്തിന്റെ കനൽ ദിനവും മനസ്സിൽ ഈതിക്കത്തിക്കുന്ന ശ്യാമാണ്… നീയെന്താ കരുതിയത്..സാധാ പൈങ്കിളി കഥകളിലെ നായകൻമാരെ പോലെ ഞാൻ നിന്നെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുമെന്നോ…?? നിനക്കു തെറ്റി…ഒരു നിമിഷത്തേക്കെങ്കിൽ ഒരു നിമിഷത്തേക്ക് നാം സ്വപ്നം കണ്ട, ജീവിതാവസാനം വരെ നമ്മുടെ കൂടെ കാണുമെന്ന നാം വിശ്വസിച്ച ചിലത് നഷ്ടപ്പെടുമ്പോഴുള്ള വേദന നീ അറിയണം…ദേ ഇപ്പോൾ നിന്റെ കണ്ണിൽ എനിക്കതു കാണാം…. പുറമെയുള്ളവർക്ക് ചെറുതെന്ന് തോന്നിയേക്കാവുന്ന,അനുഭവിക്കുന്നവർക്ക് മാത്രം ആഴം മനസ്സിലാകുന്ന ചില വേദനകളുണ്ട്…അതിലൊന്നാണ് പ്രണയത്തിലെ വഞ്ചന… തേപ്പ് എന്നൊക്കെ കളിയാക്കി വിളിക്കാറുണ്ടെങ്കിലും അതൊരു വല്ലാത്ത അവസ്ഥ തന്നെയാണ്… അതിന്റെ ഓർമകൾക്കു പോലും പ്രാണനെടുക്കുന്ന പോലെ വേദന തരാൻ കഴിവുണ്ട്…. ആ വേദനയിൽ നിന്നും എന്നെ പുറത്തെത്തിച്ചത് നിന്റെ അനിയത്തി സിന്ധുവാണ്… ഒരുപക്ഷേ നമ്മുടെ ഇഷ്ടത്തിനും പിരിയലിനും എല്ലാം സാക്ഷിയായിരുന്നതിനാലാകാം അവൾക്കെന്നോട് ഇത്ര ഇഷ്ടം.. അതുകൊണ്ട് ഇനിയും താമസിപ്പിക്കാതെ അവളെ ഞാനങ്ങ് കെട്ടും… അതുകൊണ്ട് അനിയത്തിയുടെ നല്ല ഭാവി മുന്നിൽ കണ്ട് നല്ലൊരു ചേച്ചിയായി നിന്ന് ഇതൊന്നു നടത്തി തരണം…. ഒരു കരച്ചിലിന്റെ വക്കിലെത്തിയ ഇന്ദുവിന്റെ മുഖത്തേക്ക് നോക്കാതെ ഞാൻ തിരികെ നടന്നു…. വേറൊന്നും കൊണ്ടല്ല….ആത്മാർത്ഥമായി സ്നേഹിച്ച പെണ്ണിന്റെ കണ്ണു നിറയുന്നത് ഞങ്ങൾ ആൺകുട്ടികൾ കാണാൻ ആഗ്രഹിക്കാറില്ല….അതിപ്പൊ വഞ്ചിച്ചവളാണെങ്കിൽ കൂടി…. തിരിഞ്ഞു നിന്ന് ഒന്നു കൂടി ഞാൻ പറഞ്ഞു.. ഇന്ദൂ….?? ഇപ്പൊ കോടതിയിൽ വരാനും കേസ് നടത്താനും ബന്ധം പിരിയിക്കാനുമൊക്കെ എല്ലാവരും മുന്നിൽ കാണും…എല്ലാം കഴിയുമ്പോൾ നീ ഒറ്റക്കാകും…അതു കൊണ്ട് ആലോചിച്ച് തീരുമാനമെടുക്കൂ….!!! പൂവിട്ട പ്രണയത്തിനും…പൊട്ടിത്തകർന്ന പ്രണയത്തിനും അന്നും ഇന്നുമീ ഇടവഴി സാക്ഷി….!!! ശുഭം……. #🎁 പ്രണയ കഥകൾ

Leave a Reply

Your email address will not be published. Required fields are marked *