പറയാൻ മറന്ന പ്രണയം

എറണാകുളത്തു കളമശ്ശേരിയിലുള്ള എന്‍റെ ബിഹേവിയര്‍ സ്റ്റുഡിയോയുടെ ജനറല്‍ മാനേജര്‍ പ്രീത വളരെ അര്‍പ്പണബോധത്തോടെ കാര്യങ്ങള്‍ കണ്ടറിഞ്ഞു പ്രവര്‍ത്തിക്കുന്ന ഒരാളാണ്. ജോലിക്കിടയില്‍ ഇടയ്ക്കെപ്പോഴോ താന്‍ പണ്ടെഴുതി വച്ച ചില കുത്തിക്കുറിപ്പുകള്‍ എന്നെ കാണിക്കുകയുണ്ടായി. അതില്‍ ആളുടെ പഠനകാലത്തെഴുതിയ ഒരു കവിതയുടെ ആദ്യവരി ‘ഇനിയും പറയാതിരുന്നാല്‍’ എന്നായിരുന്നു. തുടര്‍ന്നുള്ള വരികളും സുന്ദരമായിരുന്നു. ആളുടെ ഭര്‍ത്താവും ഞങ്ങളുടെ കുടുംബ സുഹൃത്തുമായ അനു ഒരു മികച്ച ഫോട്ടോഗ്രാഫര്‍ ആണ്. ഭാര്യയുടെ വരികള്‍ക്ക് ഭര്‍ത്താവ് ഈണമിട്ടു ഒരു സുന്ദരമായ വീഡിയോ ആല്‍ബമാക്കി. അതീ അടുത്ത കാലത്തു യൂട്യൂബില്‍ റിലീസ് ആയി. ‘ഇനിയും പറയാതിരുന്നാല്‍’ എന്ന പേരില്‍ തന്നെ. ആ ഗാനമാണ് എന്‍റെ ചിന്തകളില്‍ പറയാതെ പോകുന്ന പ്രണയങ്ങളും അവയുടെ അനന്തര പ്രശ്നങ്ങളും ഉണര്‍ത്തിവിട്ടത്.

കാലം ശരീരത്തിലും മനസ്സിലും മാറ്റം വരുത്തുമ്പോള്‍ ആണിനും പെണ്ണിനും ഇഷ്ടം മനസ്സില്‍ മുളപൊട്ടും. പറയാതെ മനസ്സില്‍ താലോലിക്കുന്ന പ്രണയങ്ങള്‍ ഒരാളോട് മാത്രമല്ല എന്നതും രസകരമായ പ്രകൃതി കുസൃതി. ആളുകളെ കൂടുതല്‍ കാണുംതോറും മാറുന്ന ചിന്തകളും ആഗ്രഹങ്ങളും വിചിത്രമായി തോന്നിയാലും അതാണ് സത്യം. പറയാന്‍ മറന്നതാണോ മാറ്റിവച്ചതാണോ. പിന്നെയാകാം, നാളെയാകാം, മറ്റന്നാളാകാം എന്നിങ്ങനെ മാറ്റിവച്ചു മാറ്റി വച്ചു കാലം കടന്നുപോയതാണോ നമ്മില്‍ പലര്‍ക്കും. പറയാന്‍ ഒരുങ്ങിയപ്പോള്‍ അതിനു മുന്‍പേ മറ്റാരോ പറഞ്ഞതിനാല്‍ കൈവിട്ടുപോയ പ്രണയം നമുക്കുണ്ടോ. ഓര്‍മകളില്‍ മുങ്ങിത്തപ്പിയാല്‍ കിട്ടിയേക്കാം.

ആഗ്രഹിച്ചത് കിട്ടാത്ത കൊണ്ട് ജീവിതം ഇരുട്ടായി പലര്‍ക്കും. പലരും ദുശ്ശീലങ്ങളില്‍ മുങ്ങിത്താണു. ചിലര്‍ കരഞ്ഞു. ചിലര്‍ അന്ന് തുടങ്ങിയ മോങ്ങല്‍ ആന്‍ഡ് വിങ്ങല്‍ ഇന്നും തുടരുന്നു. ഫേസ്ബുക്കില്‍ കിട്ടാതെ പോയ കനികളെയും അവരുടെ ചിരിച്ച ചിത്രങ്ങളും കണ്ടു വിഷാദിച്ചങ്ങിരിക്കും. ഇതിനിടയില്‍ ചിലര്‍ ഇനി ഞാന്‍ കെട്ടില്ലാന്നു പറഞ്ഞു. അവരില്‍ ചിലര്‍ ഒഴികെ മഹാഭൂരിപക്ഷവും കെട്ടി കുട്ടിയുമായി. എന്നാലും സോഷ്യല്‍ മീഡിയ അവരെ നൊമ്പരപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. ഇപ്പോളും.

അതിജീവിച്ചവര്‍ കൂള്‍ ഒഹ്ഹ്ഹ് അന്ന് പറയാന്‍ പറ്റിയില്ല. ഒരു കണക്കിന് അത് നന്നായി. അതിനേക്കാളും അടിപൊളി ആളേം കിട്ടി. കിടു ജീവിതോം കിട്ടി. ഐ ആം ഹാപ്പി എന്ന് പറഞ്ഞു ജീവിതം എന്‍ജോയ് ചെയ്യുന്നവരാണു കൂടുതല്‍. അവര്‍ക്കു പഴയതെല്ലാം താമസക്കഥകള്‍ മാത്രം. മക്കളോടും പങ്കാളിയോടും പറഞ്ഞു പറഞ്ഞു ചിരിക്കാന്‍ പറ്റിയ നല്ല അനുഭവങ്ങള്‍ മാത്രമാണവര്‍ക്ക് ഇത്. ചിലര്‍ക്ക് പഴയ കഥ പറച്ചില്‍ കുടുംബജീവിതത്തില്‍ കല്ലുകടിയായിട്ടുണ്ടെന്നത് ഈ അവസരത്തില്‍ മറക്കുന്നില്ലാട്ടോ.

പേടിയായിരുന്നു പണ്ടേ. ഒരിഷ്ടം തുറന്നു പറയാന്‍ ധൈര്യമുണ്ടായിരുന്നെങ്കില്‍ ഞാന്‍ ആരായിരുന്നു എന്ന് പലവട്ടം ചിന്തിച്ചിട്ടുണ്ടാകും. പറയാന്‍ ഒരു പാട് അവസരം കിട്ടിയതാണ്. ഒറ്റയ്ക്കും കിട്ടിയിരുന്നു മിണ്ടാന്‍ അവസരം. അപ്പോഴൊക്കെ വേറെന്തൊക്കെയോ പറഞ്ഞു പറയാനാഗ്രഹിച്ചതു വഴി മാറ്റിവിട്ടു. നോ എന്ന വാക്ക് കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത മനസ് തന്നെ വില്ലന്‍. പേടിയൊക്കെ മാറി പറയാന്നു വച്ചപ്പോള്‍ അവളുടെ ഫോണ്‍ വന്നു. അടുത്ത സുഹൃത്താണ്. അതുകൊണ്ട് എന്നെയത്രേ ആദ്യം വിളിക്കുന്നത്. കല്യാണമത്രേ, കല്യാണം. അങ്ങോട്ടുമിങ്ങോട്ടും ഇഷ്ടായി. അയാള്‍ ഈ അടുത്ത കാലത്തു എപ്പോളോ കണ്ടു, ഇഷ്ടപ്പെട്ടു, കല്യാണം ആലോചിച്ചത്രേ. വീട്ടുകാര്‍ക്കും ഇഷ്ടായി. നീയൊക്കെ നമ്മളെയൊന്നും കെട്ടില്ലല്ലോ. വന്ന ആലോചന വീട്ടുകാരങ്ങു ഉറപ്പിച്ചു. അപ്പോള്‍ വരണം.

അവസാനത്തെ ഡയലോഗ് മരിക്കാറായവന്‍റെ തലയില്‍ ആണിയടിച്ച പോലായി.

പഠന കാലം, പഴയ കാലം, പോട്ടെ. പറയാത്തതും പോട്ടെ. ഇപ്പൊ കൂടെയുള്ള ജീവിതപങ്കാളിയോടും മക്കളോടും കൂടപ്പിറപ്പുകളോടും മാതാപിതാക്കളോടും നിങ്ങള്‍ അവരെ സ്നേഹിക്കുന്നുവെന്ന് ‘ഇനിയും പറയാതിരുന്നാല്‍’ അത് തീരാ നഷ്ടമാവും. മഹാദുരന്തവും.

വാ തുറന്നു പറയണം, ഐ ലവ് യു അച്ഛാ/അമ്മെ എന്ന്. ഇംഗ്ലീഷില്‍ വേണൊന്നില്ലാട്ടോ. തെറ്റിദ്ധരിക്കല്ലേ. ചേര്‍ത്ത് നിര്‍ത്തു ജീവിതപങ്കാളിയോട് മക്കളോട് ഒന്നു പറഞ്ഞേ ഇതൊക്കെ. ഉള്ളിലെ സ്നേഹം വാക്കിലും പ്രവര്‍ത്തിയിലും പ്രതിഫലിക്കട്ടെ. മരിച്ചു കഴിഞ്ഞിട്ട് കുഴിമാടത്തില്‍ ചെന്നുനിന്ന് ഏങ്ങിയേങ്ങി കരഞ്ഞു നമ്മുടെ ഉള്ളിലുള്ള പറയാതിരുന്ന സ്നേഹം വെളിപ്പെടുത്തിയാല്‍ മരിച്ചുപോയവര്‍ എണീറ്റ് വന്നു ഇതുവരെ എവിടാരുന്നെടാ എന്ന് ചോദിച്ചു ചീത്ത വിളിച്ചെന്നിരിക്കും.

അങ്ങനെ തന്നെ. ഉള്ളിലുള്ളത് പറയേണ്ടതുപോലെ മറ്റേയാളോട് മാന്യമായി പങ്കുവെയ്ക്കുക. അഭിനന്ദിക്കാന്‍ മടി കാണിക്കാതിരിക്കുക. വിവാഹിതര്‍ പുറത്താരോടേലും പ്രണയം തോന്നിയാലും അത് സ്വന്തം ജീവിതപങ്കാളിയിലേക്കു തിരിച്ചുവിടുക. അവിവാഹിതര്‍ നിങ്ങള്‍ക്ക് ഇഷ്ടം തോന്നുന്ന ആളുമായി നല്ല സൗഹൃദത്തിലാകുക.

സൗഹൃദത്തിലാകുക, പരസ്പരം മനസിലാക്കുക, മനസ്സിലാക്കുമ്പോള്‍ അതൊരു പ്രണയമായി തന്നെ നിങ്ങളുടെ മനസ്സിനെ സ്വാധീനിക്കുന്നുണ്ടെങ്കില്‍ മടിക്കാതെ മാന്യമായി അത് സൂചിപ്പിക്കുക. മറുപടി അനുകൂലമായാലും പ്രതികൂലമായാലും നിങ്ങള്‍ക്കിടയിലെ വ്യക്തിബന്ധത്തിന് പോറല്‍ പറ്റാത്ത രീതിയില്‍ മാത്രം അതിനെ കൈകാര്യം ചെയ്യുക. നമുക്ക് തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ഉള്ളതുപോലെ തന്നെ മറ്റേയാള്‍ക്കും ഉണ്ട് എന്നത് മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്താല്‍ പിന്നെ എല്ലാം ഒക്കെ. ഡബിള്‍ ഓക്കെ.

Leave a Reply

Your email address will not be published. Required fields are marked *