മനസ്സിലെ ആഗ്രഹം അടക്കാനാവാതെ, മടിച്ച് മടിച്ചവൻ ചോദിച്ചു…

“ഹസ്സിനെക്കുറിച്ച് ഇത് വരെ ഒന്നും പറഞ്ഞില്ലല്ലോ?

പ്രണവ് വൈദേഹിയോട് ചോദിച്ചു.

രണ്ട് ദിവസമായി, മെസ്സഞ്ചറിൽ കൂടി വാക്കുകളിൽ തേൻ പുരട്ടി പ്രണവ് വളരെ കഷ്ടപ്പെട്ട് നേടിയെടുത്തതാണ്, വൈദേഹിയെന്ന രണ്ട് കുട്ടികളുടെ അമ്മയെ .

വിശേഷങ്ങൾ പലതും പങ്ക് വെച്ചെങ്കിലും, ഭർത്താവിനെ കുറിച്ച് ഒരു വാക്ക് പോലും അവൾ ഉരിയാടിയിട്ടില്ല.

“എന്തിനാ പ്രണവ് എന്റെ മൂഡ് കളയാനാണോ ,എനിക്ക് തീരെ ഇൻട്രസ്റ്റില്ലാത്ത ഒരു സബ്ജക്ടാണത്”

അത്രയും മതിയായിരുന്നു പ്രണവിന് ,അവളിലേക്ക് കടന്ന് ചെല്ലാനുള്ള പ്രധാന തടസ്സം ഇല്ലെന്ന അറിവ് അയാളെ കൂടുതൽ ആവേശഭരിതനാക്കി.

“ഓകെ, ഓകെ, ഇനി ഞാനതിനെക്കുറിച്ച് ചോദിക്കില്ല,
പിന്നെ… എനിക്ക് തന്റെ ശബ്ദമൊന്ന് കേൾക്കാൻ തോന്നുന്നു ,തനിക്ക് വോയിസ് മെസ്സേജിട്ടൂടെ”

“അയ്യോ, അതിന് ഞാൻ ഒറ്റയ്ക്കല്ല കൂടെ, പിള്ളേരും അച്ഛനും അമ്മയുമൊക്കെയുണ്ട് അവര് കേൾക്കില്ലേ?

അവൾ നിസ്സഹായത പ്രകടിപ്പിച്ചു.

“ഓഹ് സോറി, ഞാനതോർത്തില്ല,
പിന്നെ…. ഇപ്പോൾ എന്ത് ഡ്രസ്സാ ധരിച്ചിരിക്കുന്നത്”

മനസ്സിലെ ആഗ്രഹം അടക്കാനാവാതെ, മടിച്ച് മടിച്ചവൻ ചോദിച്ചു.

അതിന് മറുപടിയായി ആദ്യം അവളൊരു അത്ഭുതം തോന്നുന്ന ഇമോജിയിട്ടു.

“നൈറ്റിയാ”
അവൾ മറുപടി എഴുതി.

“ഓഹ്, തന്നെ ആ വേഷത്തിൽ കാണാൻ നല്ല ഭംഗിയായിരിക്കുമല്ലേ?

പ്രൊഫൈലിൽ കണ്ട അവളുടെ ഫോട്ടോ ഓർമ്മിച്ച് കൊണ്ട് അയാൾ ചോദിച്ചു .

“ഉം, എന്താ എന്നെ കാണണമെന്ന് തോന്നുന്നുണ്ടോ?

അവളുടെ ചോദ്യം അവനിൽ ഉന്മാദമുണ്ടാക്കി.

“ഉണ്ട് ഒരു സെൽഫി ഇടാമോ ?

ആവേശത്തോടെ അവൻ ചോദിച്ചു.

കുറച്ച് നേരത്തേക്ക് മെസ്സഞ്ചർ പേജിൽ ടൈപ്പിങ്ങ് ഒന്നും കാണാതായപ്പോൾ, അവൾ സെൽഫിയെടുക്കുവായിരിക്കും എന്നവൻ ആശ്വസിച്ചു.

അവളുടെ മാദക സൗന്ദര്യം കാണാൻ അയാളുടെ കണ്ണുകൾ ഇമവെട്ടാതെ അക്ഷമയോടെ കാത്തിരുന്നു.

നിമിഷങ്ങൾ കഴിഞ്ഞപ്പോൾ അവളയച്ച ഫോട്ടോ വന്നു .

അത് കണ്ട് പ്രണവ് വല്ലാതെയായി.

മുഖത്തിന്റെ ഒരു ഭാഗം ഉരുകിയൊലിച്ചത് പോലിരിക്കുന്നു,
ഇടത് കണ്ണിന്റെ ഭാഗത്ത് ഒരു കുഴിമാത്രം ,കഴുത്തിലെ ഞരമ്പുകൾ വലിഞ്ഞ് മുറുകി പൊട്ടാൻ നില്ക്കുന്നത് പോലെ
ആകപ്പാടെ ഭയപ്പെടുത്തുന്ന ഒരു ഭീകരരൂപം.

“എന്താ വൈദേഹി ഇത് ,ഉയരെ സിനിമയിലെ നായികയുടെ ഫോട്ടോ അല്ല ഞാൻ ചോദിച്ചത്”

ദേഷ്യo സഹിക്കാതെ അയാൾ അവളോട് പറഞ്ഞു.

“അയ്യോ എന്നെ തെറ്റിദ്ധരിക്കല്ലേ ?ഇത് ഞാൻ തന്നെയാണ്, ഞാൻ ഇന്നലെ തന്നോട് ചോദിച്ചതല്ലേ ?എന്നെക്കുറിച്ച് അറിഞ്ഞിട്ട് തന്നെയാണോ എന്റെ കൂടെ കൂട്ട് കൂടാൻ വന്നതെന്ന് ,അപ്പോൾ എന്താ എന്നോട് പറഞ്ഞത് ,ഇയാൾക്ക് എന്നോട് അടുപ്പം തോന്നിയത്, എന്റെ ഹൃദയഹാരിയായ എഴുത്തുകൾ കണ്ടിട്ടാണെന്നല്ലേ?എന്നിട്ടിപ്പോൾ എന്താ ഇങ്ങനെ സംസാരിക്കുന്നത്”

അവൾ പരിഭവത്തോടെ ചോദിച്ചു.

“അപ്പോൾ പ്രൊഫൈലിൽ നീ ഇട്ടിരിക്കുന്നത് ഒരു അതിസുന്ദരിയുടെ ഫോട്ടോ ആണല്ലോ? അപ്പോൾ അതാരാ? എല്ലാവരെയും നീ പറ്റിക്കുകയായിരുന്നല്ലേ?”

അവൻ ക്രുദ്ധനായി ചോദിച്ചു .

“അയ്യോ, അത് ഞാൻ തന്നെയാണ് ,രണ്ട് വർഷം മുമ്പ് വരെ ഞാനങ്ങനെയായിരുന്നു ,അതിന് ശേഷമുണ്ടായ ഒരു ആക്സിഡന്റാണ് എന്നെ ഇങ്ങനെയാക്കിയത് ,സ്റ്റൗവ്വിലിരുന്ന പ്രഷർകുക്കർ പൊട്ടിത്തെറിച്ച് അതിലുണ്ടായിരുന്ന തിളച്ച വെള്ളം എന്റെ തല വഴി വീണു, മരിച്ച് പോകുമെന്ന് കരുതിയ ഞാൻ ,പാതിവെന്ത ശരീരവുമായി ജീവിതത്തിലേക്ക് തിരിച്ച് വന്നു,
പക്ഷേ, അപ്പോഴേക്കും വിരൂപയായ എന്നെ നിഷ്കരുണം ഉപേക്ഷിച്ച്, എന്റെ ഭർത്താവ് സ്വന്തം സുഖം തേടി പോയിക്കഴിഞ്ഞിരുന്നു”

അത്രയും പറഞ്ഞ് അവൾ അവന്റെ മറുപടിക്കായി കാത്തിരുന്നു.

ടൈപ്പിങ്ങ് ഒന്നും കാണാതിരുന്നത് കൊണ്ട് അവൾ മുകളിലേക്ക് നോക്കി ,അവിടെ പച്ച ലൈറ്റണഞ്ഞിരുന്നു.

അവൾ വേഗം അവന്റെ പ്രൊഫൈൽ ചെക്ക് ചെയ്തു.

ഇല്ല അങ്ങനൊരു അക്കൗണ്ട് കാണാനേ ഇല്ല.

“അവൻ പൊടീം തട്ടി പോയി അരുണേട്ടാ..”

വൈദേഹി മുഖത്തെ മാസ്ക് ,ഊരിമാറ്റിയിട്ട് തന്റെ യരികിലിരിക്കുന്ന, ഭർത്താവിനോട് പൊട്ടിച്ചിരിയോടെ പറഞ്ഞു .

“ഞാൻ നിന്നോട് ഇന്നലെ തന്നെ പറഞ്ഞില്ലേ?സൗഹൃദം കൂടാൻ വരുന്നവന്റെ തനി സ്വരൂപം രണ്ടാമത്തെ ദിവസം അറിയാമെന്ന് എന്നിട്ടിപ്പോ എന്തായി,”

അരുൺ അവളോട് വിജയീ ഭാവത്തിൽ ചോദിച്ചു.

“ഓഹ് സമ്മതിച്ചു, ഈ മാസ്ക് ഒരു മാസ്സാ ,”

അവൾ കയ്യിലിരുന്ന മാസ്കിനെ പുകഴ്ത്തിക്കൊണ്ട് പറഞ്ഞു.

“ഇപ്പോൾ നിനക്ക് മനസ്സിലായില്ലേ ഞങ്ങൾ മേയ്ക്കപ്പ്മാൻമാർ, നിസ്സാരന്മാരല്ലെന്ന് ,ഒരു സിനിമാനടനെ കല്യാണം കഴിക്കാൻ ആഗ്രഹിച്ച എനിക്ക് കിട്ടിയത് ഒരു മേയ്ക്കപ്പ്മാനെയാണല്ലോ ഈശ്വരാ .. എന്ന് പറഞ്ഞ് നീ എപ്പോഴും വിലപിക്കുമായിരുന്നല്ലോ? എന്നിട്ടിപ്പോൾ ആ ചിന്താഗതിയൊക്കെ മാറിയോ?”

അവൻ പരിഹാസത്തോടെ ചോദിച്ചു.

“ഓഹ്, എന്റെ പൊന്ന് ചേട്ടാ.. അതൊക്കെ ഞാൻ നിങ്ങളെയൊന്ന് ശുണ്ഠി പിടിപ്പിക്കാൻ പറയുന്നതല്ലേ? നിങ്ങടെയൊരു കാര്യം”

അരുണിന്റെ തുടയിൽ ഒരു നുള്ള് കൊടുത്തിട്ട്, വൈദേഹി അടുത്ത കഥയ്ക്കുള്ള സ്പാർക്കുമായി FB യിലെ എഴുത്ത്ഗ്രൂപ്പ് ഓപ്പൺ ചെയ്തു.

രചന: സജി തൈപറമ്പ്

Leave a Reply

Your email address will not be published. Required fields are marked *