“അമ്മ ഒരു മഹാകാവ്യം”

മിണ്ടിത്തുടങ്ങാന്‍ ശ്രമിക്കുന്ന പിഞ്ചിളം
ചുണ്ടിന്മേല്‍ അമ്മിഞ്ഞപ്പാലോടൊപ്പം

അമ്മയെന്നുള്ള രണ്ടക്ഷരമല്ലെയോ

സമ്മേളിച്ചീടുന്നതൊന്നാമതായ്‌

മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍

മര്‍ത്ത്യനു പെറ്റമ്മ തന്‍ ഭാഷ താന്‍

മാതാവിന്‍ വാത്സല്ല്യ ദുഗ്ധം നുകര്‍ന്നാലെ

പൈതങ്ങള്‍ പൂര്‍ണ്ണ വളര്‍ച്ച നേടു

അമ്മതാന്‍ തന്നേ പകര്‍ന്നു തരുമ്പോഴേ

നമ്മള്ക്കമൃതും അമൃതായ് തോന്നു”

-വള്ളത്തോൾ നാരായണമേനോൻ

അക്ഷരങ്ങലിലടങ്ങാത്ത സ്നേഹ കാവ്യം … അമ്മ… അ…. അമ്മ… പിന്നെ എല്ലാം അമ്മ പഠിപ്പിച്ചു….

ജീവിതം എന്ന തിരിനാളം കൊളുത്തിയ നാൾ മുതൽ അത് അണയും നാൾവരെ അവൻ ഏറ്റവും കൂടുതൽ ഉച്ചരിക്കുന്ന വാക്ക് ‘അമ്മ’. നമ്മുടെ എല്ല തെറ്റുകളും ക്ഷമിക്കുകയും പ്രതിഫലേച്ഛ കൂടാതെ രാപ്പകൽ നമ്മൾക്കുവേണ്ടി പ്രാർത്ഥിക്കുകയും നമ്മൾക്കുവേണ്ടി അധ്വാനിക്കുകയും ചെയ്യുന്ന അമ്മയ്ക്ക് ദൈവതുല്യമായ സ്ഥാനം ആണ് നൽകേണ്ടത്.

അമ്മ’ എന്ന രണ്ടക്ഷരം എല്ലാം കൊണ്ടും മഹത്തരം തന്നെ. അമ്മമനസ്സ് എന്താണെന്നു അറിയാന്‍ ഒരു അമ്മയ്ക്ക് മാത്രമേ കഴിയൂ. ഒരു ഭ്രൂണത്തെ പത്തുമാസം ചുമന്ന്, വേദനകള്‍ മറന്ന്, അതിനെ നൊന്തു പ്രസവിക്കുന്ന ഒരു സ്ത്രീക്കു മാത്രമേ ആ വികാരം മനസ്സിലാക്കാന്‍ സാധിക്കൂ. സഹനത്തിന്റെയും കനിവിന്റെയും നിറകുടമാണമ്മ.

‘മാതാ പിതാ ഗുരുഃ ദൈവം’ എന്ന സംസ്‌കൃത ശ്ലോകത്തില്‍ പറയുന്നത് തന്നെ ‘ആദ്യം മാതാവിനെ നമിക്കുക’ എന്നാണ്. മാതാവിനു മാത്രമേ ഒരു കുഞ്ഞിനു ജന്മം നല്കാന്‍ കഴിയൂ.

അപ്പോള്‍ അമ്മയാണ് കാണപ്പെട്ട ദൈവം എന്ന് അനുമാനിക്കാം. ആദ്യത്തെ ഗുരുവും അമ്മ തന്നെ. അമ്മ പറഞ്ഞു കൊടുക്കുന്ന ഓരോ വാക്കുകളും കുഞ്ഞിന്റെ നാവിലൂടെ പുറത്തു വരുമ്പോള്‍ ഉണ്ടാകുന്ന അനുഭൂതി അമ്മയ്ക്ക് മാത്രം അനുഭവപ്പെടുന്ന ഒന്നാണ്.

എത്രവലുതായാലും നമ്മള്‍ ചെറുതാകുന്നത് അമ്മയ്ക്കു മുന്നിലാണ്. എന്നും അമ്മയ്ക്കു കാലുവളരുന്നോ കൈവളരുന്നോ എന്നോര്‍ക്കുന്ന കുഞ്ഞാണ് മക്കള്‍. മരണംവരെ ശുശ്രൂഷിച്ചും വഴിക്കണ്ണുമായും കാത്തിരിക്കുന്ന അമ്മ. ഉഛരിക്കുമ്പോള്‍ അറിഞ്ഞും അറിയാതെയും കൈകൂപ്പി നമ്മേയും കടന്നു വലുതാകുന്ന പദം അതൊന്നേയുള്ളൂ, അമ്മ. എന്നാലും അകലാന്‍ എന്തെളുപ്പം അമ്മയില്‍ നിന്നെന്ന തരമായിരിക്കുന്നു ലോകം.

വഴിയില്‍ ഉപേക്ഷിക്കാനും ദൈവാലയ മുന്നില്‍ നടയിരുത്താനും അഗതി മന്ദിരത്തിലേക്കു തള്ളിവിടാനും പറ്റിയ ഒരനാവശ്യജന്തുവായിട്ട് പല മക്കളും അമ്മയെ കരുതിയിട്ടുണ്ട്. മക്കള്‍ പ്രായമാകുമ്പോഴും അമ്മയ്ക്കു കുഞ്ഞാണെങ്കിലും വൃദ്ധയാകുന്തോറും അമ്മ മക്കള്‍ക്ക് ശല്യമാകുന്നു. അങ്ങനെയാണ് ഇത്തരം ഉപേക്ഷിക്കല്‍. അപ്പഴും അമ്മ മക്കളെ കുറ്റപ്പെടുത്താറില്ല. അവര്‍ക്കായി പ്രാര്‍ഥനയുടെ കരുതലിലും വാത്സല്യത്തിന്റെ ജാഗ്രതയിലുമാവും അമ്മ.

ഇതിനെപ്പറ്റി ഒരു ചെറിയ കഥ കേട്ടത് ഓർക്കുകയാണ്. ഒരു അമ്മയും മകനും ഒരിടത്തു താമസിച്ചിരുന്നു. ഭർത്താവ് മരിച്ച വിധവയായ, നിരാലംബയായ ആ സ്‌ത്രീ വളരെ കഷ്ടപ്പെട്ടാണ് തന്റെ ഏക മകനെ വളർത്തിയത്. മുണ്ട് മുറുക്കി ഉടുത്തും പട്ടിണി കിടന്നും ആ അമ്മ തന്റെ മകനെ വളർത്തി. വളർന്ന് പ്രായപൂർത്തിയായ മകന് അവൻ ഇഷ്ടപ്പെട്ട പെൺകുട്ടിയെ വിവഹാം കഴിച്ചു കൊടുത്തു. സന്തുഷ്ടകാരമായി കഴിഞ്ഞിരുന്ന കുടുംബത്തിലേക്ക് കടന്നുവന്ന ആ പെൺകുട്ടിയുടെ പഞ്ചാര വാക്ക് കേട്ട് സ്വന്തം മകന് അമ്മ ഒരു ഭാരമായി തോന്നാൻ തുടങ്ങി. ഭാര്യയുടെ ശല്യം സഹിക്കാൻ ആകാതെ ആ മകൻ അമ്മയെ വൃദ്ധസദനത്തിൽ ആക്കാൻ തീരുമാനിച്ചു. ഒരു ദിവസം അവൻ തന്റെ മാതാവിനെയും കൂട്ടി ദൂരെയുള്ള ഒരു വൃദ്ധസദനത്തിൽ പോകുവാൻ തയ്യാറായി. ഒരു ഉൾപ്രദേശത്തായിരുന്നു ആ വൃദ്ധസദനം. ഒരു കാട്ടുവഴിയിലൂടെ വേണം അങ്ങോട്ട് പോകാൻ. ആ മകനും അമ്മയും ആ വഴിയിലൂടെ നടന്ന് നീങ്ങുകയായിരുന്നു. ആ മകൻ നോക്കുമ്പോൾ അമ്മ നടക്കുന്ന വഴി നീളെ ഓരോ ചുവടു വെക്കുമ്പോഴും ഓരോ ഇല നിലത്തു ഇടുന്നത് ആ മകൻ ശ്രദ്ധിച്ചു. ഒന്നും മനസ്സിലാകാതെ നിന്ന ആ മകൻ അമ്മയോട് ഇത് എന്താണ് എന്ന് ചോദിച്ചു. അമ്മ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് തന്റെ മകനോട് പറഞ്ഞു “നീ തിരികെ പോകുമ്പോൾ വഴി തെറ്റാതെ ഇരിക്കാൻവേണ്ടി ചെയ്തതാണ്. നീ തിരികെ പോകുമ്പോൾ നിനക്ക് നേർവഴി കാണിച്ചുതരാൻ ഞാൻ കൂടെ ഇണ്ടാകില്ലല്ലോ” എന്ന് പറഞ്ഞു.

ഒരു അമ്മയുടെ സ്നേഹമാണ് ഇവിടെ വ്യക്തമാകുന്നത്. തന്നെ ഒറ്റക്കാക്കി ആ മകൻ പോകുകയാണ് എന്ന് അറിഞ്ഞിട്ടും ആ മകനുവേണ്ടി നേർവഴി ഒരുക്കുന്ന ഒരു അമ്മയുടെ സ്നേഹം ഇവിടെ വളരെ വ്യക്തമായി കാണാൻ സാധിക്കും.

നമ്മുടെ നിറമില്ലാത്ത സ്വപ്നങ്ങൾക്ക് വർണഭംഗി പകർന്നുതന്നത് ആരായിരിക്കും. തളർച്ചകളിൽ താങ്ങായിരുന്നതും കനലെരിയുന്ന ജീവിത യാഥാർത്ഥ്യങ്ങളെ നേരിട്ട്, ലക്ഷ്യങ്ങൾ ഒന്നൊന്നായി നേടാൻ നമ്മെ പ്രാപ്തരാക്കിയതും ആരാണ്? സ്നേഹവാത്സല്യങ്ങളുടെ പര്യായമായ അമ്മ എന്ന ഒരൊറ്റ ആളാവും അത്. അമ്മയ്ക്കു തുല്യം അമ്മ മാത്രമേ ഉണ്ടാവൂ. കുട്ടിക്കാലത്ത് വല്ലാത്തൊരു അവകാശബോധത്തോടെ എന്റെ അമ്മ, എന്റെ അമ്മ എന്ന് മക്കൾ അടികൂടി പറയാറുണ്ട്. വളർന്നു കഴിയുമ്പോഴാകട്ടെ നിന്റേതും കൂടിയല്ലേ അമ്മ നിന്റേതും കൂടിയല്ലേ …..എന്ന് പരസ്പരം പഴിചാരി കൈയൊഴിയുകയാണ് പതിവ്.

സ്നേഹം എന്താണെന്ന് പഠിപ്പിച്ചുതന്ന അമ്മയെക്കാൾ കാമുകിയെ സ്നേഹിച്ച ഒരു മകന്റെ കഥ പറഞ്ഞുകേട്ടത് ഞാൻ ഓർക്കുന്നു. കാമുകിയായ എന്നെ ആണോ അതോ അമ്മയെ ആണോ കൂടുതൽ ഇഷ്ടം എന്ന് അറിയാൻ അവൾക്കു ഒരു കൗതുകം തോന്നി. അവൾ അത് കണ്ടുപിടിക്കാൻ ആയി അവനോട് ഒരു കാര്യം ആവശ്യപ്പെട്ടു. നിനക്ക് എന്നെ ആണ് ഇഷ്ടമെങ്കിൽ നീ നിന്റെ അമ്മയുടെ ഹൃദയം എനിക്ക് കൊണ്ടുവന്നു തരണം എന്ന്. അവളുടെ കപട വാക്കുകൾ കേട്ട ആ മകൻ സ്വന്തം അമ്മയുടെ ഹൃദയം കീറി എടുത്ത് കാമുകിയുടെ അടുത്തേക്ക് ഓടിയാടുക്കാൻ ശ്രമിച്ചു. ആ ഓട്ടത്തിനിടയിൽ അവൻ ഒരു കല്ലിൽ തട്ടി വീണു. മിടിച്ചുകൊണ്ടിരുന്നു തന്റെ അമ്മയുടെ ഹൃദയം തെറിച്ചു വീണു. അപ്പോഴും അമ്മയുടെ ഹൃദയം ആ മകനോട് ചോദിച്ചു. “നീ വീണപ്പോൾ നിനക്ക് എന്തെങ്കിലും പറ്റിയോ” എന്ന്. ഇവിടെയാണ് അമ്മയുടെ സ്നേഹം മനസ്സിലാകുന്നത്. തന്റെ ജീവൻ അപഹരിച്ചു മകന്റെ നിസ്സാരമായ വീഴ്ചപോലും സഹിക്കാൻ കഴിയാത്ത ഒരു അമ്മയുടെ സ്നേഹം ആണ് നമുക്ക് കാണാൻ സാധിക്കുന്നത്.

അമ്മ എന്ന വാക്കിന് അല്ലെങ്കില്‍ ആ രണ്ടക്ഷരത്തിന് ഓരോരുത്തര്‍ക്കും അവരുടെതായ നിര്‍വചനങ്ങള്‍ ഉണ്ടാവും. അമ്മ, അതൊരു സത്യം ആണ്. ഇന്ന് നമ്മുടെ സഹോദരീ സഹോദരന്മാര്‍ മറക്കുന്നതും ആ സത്യത്തെയാണ്. അമ്മ എന്ന സ്മരണക്ക് ദൈവത്തെക്കാള്‍ ഉയര്‍ന്ന സ്ഥാനമാണുള്ളത്. അമ്മയെന്ന വറ്റാത്ത സ്നേഹപ്പാലാഴിയിൽ നീരാടാൻ ഓരോ മനുഷ്യനും സാധിക്കട്ടെ എന്ന പ്രാർത്ഥനയോടെ നിർത്തുന്നു…

Leave a Reply

Your email address will not be published. Required fields are marked *