അച്ഛൻ

അയ്യോ അമ്മൂ നിന്റഛനല്ലേ ഓട വൃത്തിയാക്കുന്നതു

കൂടെയുണ്ടായിരുന്നവരിൽ ഒരാൾ പറഞ്ഞപ്പോഴാണ് അമ്മു അത് കണ്ടത്. അച്ഛനിതെന്താ ഈ കാണിക്കുന്നത് അവൾ മനസ്സിൽ ഓർത്തു. മകളുടെ മുന്നിൽ അച്ഛൻ എന്നും ac ക്കകത്തിരുന്നു ജോലി ചെയ്യുന്ന വലിയ മനുഷ്യൻ ആയിരുന്നു. ഇന്നതെല്ലാം പാടെ തകർന്നു. കൂട്ടുകാരുടെ മുന്നിൽ താൻ നാണം കെട്ടതോർത്ത് അവൾക്ക് അരിശം വന്നു

അപ്പൊ ഇതാണല്ലേ നീ പറഞ്ഞ സൂപ്പർ വൈസർ..

അവരുടെ പരിഹാസം കൂടി കൊണ്ടിരുന്നു

ഓട വൃത്തിയാക്കുന്നതിനിടയിൽ അയാൾ മകളെ കണ്ടില്ല. ഇടയ്ക്കെപ്പോഴോ കാലിൽ മുറിവ് പറ്റി ആ നീറ്റലിലെയ്ക്ക് നോക്കിയപ്പോഴാണ് മകൾ കൂട്ടുകാരോടൊപ്പം നടന്നു വരുന്നത് കണ്ടത്.

നിന്റഛൻ ഞങ്ങളെ കണ്ടത് കൊണ്ട് ഒളിക്കാൻ നോക്കുവാണെന്ന് തോന്നുന്നു.

അവർ ഉച്ചത്തിൽ ചിരിച്ചു

ഓടയ്ക്കരികിൽ എത്തിയതും അവൾ ഒരുനിമിഷം നിന്നു. ദേഷ്യവും സങ്കടവും കാരണം അവൾ അയാളുടെ മുഖത്തെയ്ക്ക് നോക്കിയില്ല

മകൾ തന്നെ ഏതവസ്ഥയിൽ കാണരുത് എന്ന് വിചാരിച്ചോ അത് സംഭവിച്ചിരിക്കുന്നു. മകളുടെ മുഖത്തെയ്ക്ക് നോക്കുവാൻ ഉള്ള ധൈര്യം അയാൾക്കുണ്ടായില്ല..

എന്ത്‌ നോക്കി നിൽക്കുവാ പണിയെടുകഡോ..

ചുറ്റിലും നിന്നവർ ദേഷ്യപ്പെടാൻ തുടങ്ങി.

അന്നും പതിവ് പോലെ മകൾക്കുള്ള പലഹാരങ്ങളുമായാണ് അയാൾ വീട്ടിലേയ്ക്ക് കയറി ചെന്നത്

മോളെ മോൾക്ക് വേണ്ടി അച്ഛൻ വാങ്ങിയതാ..

തന്നത്താൻ കഴിച്ചോ എനിക്ക് വേണ്ട..

അവൾ പറഞ്ഞു. പിന്നീടയാൾ ഒന്നും പറഞ്ഞില്ല.

അന്ന് രാത്രിയിൽ കിടന്നിട്ടവൾക്ക് ഉറക്കം വന്നില്ല മനസ് നിറയെ അച്ഛന്റെ തലകുനിച്ചുനിൽക്കുന്ന മുഖം ആയിരുന്നു

അച്ചനോടങ്ങനെ പറയേണ്ടിയിരുന്നില്ല

അവൾക്ക് ഒരുപാട് സങ്കടം തോന്നി . നേരം ഒരുപാട് ഇരുട്ടിയിരുന്നു. എല്ലാവരും നല്ല ഉറക്കമാണ്. അവൾ ശബ്ദമുണ്ടാക്കാതെ തൊട്ടടുത്ത മുറിയിലേയ്ക്ക് നടന്നു

ഓട വൃത്തിയാക്കിയെച്ചു വരുന്ന അച്ഛന്റെ നെഞ്ചിൽ ചൂട് പറ്റി ഉറങ്ങുന്ന അമ്മയെ കണ്ടപ്പോൾ അവളുടെ നെഞ്ച് പൊട്ടി.

അമ്മ കിടപ്പിലായതിൽ പിന്നെ ഒരു വിഷമങ്ങളും അറിയിക്കാതെയാണ് അച്ഛൻ തന്നെ വളർത്തിയത് അവൾ ഓർത്തു. ഒരുനിമിഷം അച്ഛനെയും അച്ഛന്റെ ജോലിയെയും വെറുത്തതോർത്തു അവൾക്ക് കുറ്റബോധം തോന്നി. മനസ്സിൽ ഒരായിരം വട്ടം അച്ഛനോട് അവൾ മാപ്പ് പറഞ്ഞു

പിറ്റേന്ന് പതിവ് പോലെ ക്ലാസ്സ്‌ കഴിഞ്ഞു വരുമ്പോൾ ആ ഓടയ്ക്കരികിൽ അച്ഛനെ കണ്ടില്ല. നോക്കിയപ്പോൾ ദൂരെന്ന് തങ്ങൾ നടന്നു വരുന്നത് കണ്ട് മാറിനിൽക്കുകയാണ് പാവം.

മകൾ തന്നെയാണല്ലോ ലക്ഷ്യം വച്ചു വരുന്നതെന്ന് കണ്ട അയാൾ മാറാൻ തുടങ്ങിയെങ്കിലും അച്ഛാ എന്ന് വിളിച്ചു അവൾ ഓടിചെന്നു കെട്ടിപിടിച്ചു .

മോളെ അച്ഛന്റെ ദേഹത്തു ആകെ ചെളിയാടാ..

അയാൾ കുതറി മാറുവാൻ ശ്രമിച്ചു. ആ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒലിച്ചിറങ്ങി. ചെളി പുരണ്ട അയാളുടെ കയ്യിൽ അവളുടെ മിനുസ്സമുള്ള കൈകൾ ചേർത്ത് പിടിച്ചു. എന്നിട്ട് തങ്ങളെ വെറുപ്പോടെയും അറപ്പോടെയും നോക്കിയ കൂട്ടുകാരോട് അവൾ പറഞ്ഞു

അച്ഛന്റെ ദേഹത്തെ ഈ ചേറു മണം ഇഷ്ടപെടുന്നവളാണ് എന്റെ അമ്മ. ഈ നെഞ്ചിലാണ് അമ്മ ഉറങ്ങുന്നത്. ഇന്നലെ നേരിൽ കാണുന്നത് വരെ എനിക്കറിയില്ലായിരുന്നു എന്റെ അച്ഛന്റെ ജോലി ഇതാണെന്ന്.
കണ്ടപ്പോൾ ദേഷ്യവും വെറുപ്പും ഒക്കെ തോന്നി. എന്നാലിപ്പോ എനിക്ക് ഈ അച്ഛന്റെ മകളായി ജനിച്ചതിൽ അഭിമാനം തോന്നുന്നു.

എന്റെ അച്ഛനെ പോലെ ഉള്ളവർ ഇവിടം വൃത്തിയാക്കിയില്ലെങ്കിൽ ഏറ്റവും മലിനവും വൃത്തിഹീനവും ആയി മാറിയേനെ ഇവിടം.

ഓരോ മനുഷ്യരും ചെയ്യുന്ന ജോലിക്ക് അതിന്റെതായ മഹത്വം ഉണ്ട് .

അത്രയും പറഞ്ഞു അവൾ അച്ഛന്റെ കയ്യ് പിടിച്ചു തലയുയർത്തി നടന്നു

(അച്ഛനെ സ്നേഹിക്കുന്ന എല്ലാ മക്കൾക്കുമായി… )

രചന :മീനാക്ഷി K S

Leave a Reply

Your email address will not be published. Required fields are marked *