ആത്മാവിന്റെ സന്തോഷമാണോന്നറിയില്ല.. പുറത്ത് ഒരു മഴ ഒരുങ്ങികൂട്ടി വരുണ്ടായിരുന്നു…!.

രചന: Jennies Muttathu

ഐഡന്റി കാർഡ് താ.. !

“കണ്ടക്ക്ട്ടറുടെ ചോദ്യം കേട്ട് ഞാൻ പോക്കറ്റിലേക്ക് കൈ ഇട്ടു”. .
അപ്പോഴാണ് എനിക്ക് ഓർമ വന്നത്..
“എന്റെ കുട”.!..
ഈശോയെ..
ഇനി എന്താ ചെയ്യാ..

അപ്പോഴേക്കും
ബസ് പഴഞ്ഞി സ്കൂൾ സ്റ്റോപ്പ്‌ കഴിഞ്ഞിരുന്നു…

ചേട്ടാ എനിക്ക് ഇവിടെ
ഇറങ്ങണം.. !

ഹ്ഹ
കാർഡ് ഇല്ല ല്ലേ..
അടുത്ത സ്റ്റോപ്പിൽ ഇറങ്ങിക്കോ..
അല്ലങ്കിൽ ഫുൾ ചാർജ് തരണം. !

അയാളുടെ ചോദ്യത്തിനൊന്നും ഉത്തരം കൊടുക്കാനുള്ള മാനസികാവസ്ഥയിലല്ലായിരുന്ന
ഞാൻ..

ജെറുസലേം കുരിശ് സ്റ്റോപ്പ്‌ എത്തിയതും
ഞാൻ ബസിൽ നിന്നും ചാടി ഇറങ്ങി..
തിരിഞ്ഞു ഓടി..

പഴഞ്ഞി സ്കൂൾ എത്തിയപൊഴേക്കും എന്റെ ഓട്ടത്തിന്റ വേഗം പതിയെ കുറഞ്ഞു.കുറഞ്ഞു വന്നു.!.

‘അതിനേക്കാൾ വേഗത്തിൽ എന്റെ നെഞ്ച് പെട പെട ഇടിക്കുന്നുണ്ടായിരുന്നു..’

നഷ്ട്ടപെട്ട കുടക്ക് വേണ്ടി വീണ്ടും മുന്നോട്ട്…

“എന്റെ കുട അവിടെ തന്നെ ഉണ്ടാവുമെന്നുള്ള ഉറച്ച വിശ്വസത്തോടെ ഞാൻ പതിയെ ഓടിക്കൊണ്ടേ ഇരിന്നു”..

ഞാൻ ബസ് കയറിയ സ്റ്റോപ്പിൽ എത്തിയപ്പോൾ. അവിടെ
വയസായ ഒരമ്മച്ചി മാത്രം…

ഞാൻ ഇരുന്നിരുന്ന
സർവേക്കലിന്റെ ചുറ്റും നോക്കി..

എന്താ മോനേ..
എന്താ നോക്കണേ…
കാശു വല്ലതും പോയോ..

അത്‌ ..
എന്റെ ഒരു കുട ഇവിടെ വെച്ച് മറന്നു. !
ഇപ്പോ അത്‌
ഇവിടെ കാണാനില്ല.. !
എന്റെ കുട ആരൊ കൊണ്ട് പോയി..
ഒരു വിതുമ്പലോടെ ഞാൻ അവരോട് പറഞ്ഞു.. !

ഞാൻ കണ്ടില്ല മോനേ.
ഇനിയിപ്പോ
കിട്ടിയാൽ തന്നെ ആരും തരില്ല. !

ഞാൻ വൈകുന്നേരം വീട്ടിൽ വരുന്ന നേരം കഴിഞ്ഞിട്ടും എന്നെ കാണാതായപ്പോൾ അമ്മ ഉമ്മറത്ത്‌ കാത്തുനിക്കുനുണ്ടായിരുന്നു..

എന്താടാ നിന്റെ മുഖത്തിനോരു വാട്ടം. !
എന്താ നേരം വൈകിയേ..
പരീക്ഷ പേപ്പർ കിട്ടിയോ..?

പരീക്ഷക്ക് മാർക്ക് കുറഞ്ഞത് കൊണ്ടാവും എന്റെ മുഖത്ത്‌ വിഷമമെന്ന് അമ്മ കരുതി കാണും..

ഏയ്‌ ഒന്നുലാ..
ബസ് കിട്ടിയില്ല.. !
അടുത്തത് വരാൻ നേരം വൈകി.

മ്മ്
“അടുക്കളയിൽ അവില് നനച്ചു വെച്ചിട്ടുണ്ട് എടുത്തു തിന്നോ”..

ഇനി
എന്ത് ചെയ്യും..
മഴ ഇല്ലങ്കിൽ സൈക്കിളിൽ പോവായിരുന്നു.. പോവുന്ന വഴിയിൽ മഴ പെയ്താൽ
പുസ്തകമെല്ലാം ന്നനയും
രാത്രി
കിടക്കാൻ നേരം ഞാൻ ആലോചനയിൽ മുഴുകി. !

ചേട്ടനോട് പറഞ്ഞാലോ. !
ഗുരുവായൂരിൽ ഒരു പച്ചക്കറി കടയിൽ പണിക്കു നിക്കുകയാ ചേട്ടൻ..
ആഴ്ചയിലോരിക്കലേ വരൂ . !
പതിവുപോലെ അന്ന് രാത്രിയിലും പുറത്ത്
മഴ കോരി ചൊരിയുന്നുണ്ടായിരുന്നു..

എന്താ നിനക്ക് പറ്റിയെ..
മുഖത്തെ വിഷമം
നേരം
വെളുത്തിതുവരെയായിട്ടും പോയില്ലല്ലോ..
ഇന്നലെ രാത്രി നീ ഒന്നും കഴിച്ചതുമില്ല.
എന്താ ഉണ്ടായേ..?

ഒന്നുല്ല അമ്മേ…

ഞാൻ സ്കൂളിലേക്ക് പോവാൻ വീട്ടിൽ നിന്നും ഇറങ്ങി….
ബസ്സ്റ്റോപ്പിൽ എത്തിയതും എന്റെ മനസിൽ ആരോ പറയുന്നത് പോലെ. !
നീ ചേട്ടനെ പോയി കാണ്…

എതിരെ വന്ന ബസിന് കൈ കാണിച്ചു കുന്നംകുളം സ്റ്റാൻഡിൽ എത്തി.
അവിടെ നിന്നും
ഞാൻ ഗുരുവായൂരിലേക്ക് വണ്ടി കയറി..
ആദ്യമായാണ്
ഗുരുവായൂരിലേക്ക് പോവുന്നത്. !

സ്റ്റാൻഡിൽ ഇറങ്ങി എങ്ങോട്ട് പോണം.
ചേട്ടൻ നിക്കുന്ന കട ഒന്നുമെനിക്ക് അറിയില്ല.. !

ടാ നീ എന്താ ഇവിടെ..
ങേ..
ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി.. !
സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു.
ഞാൻ തേടി വന്ന എന്റെ ചേട്ടൻ പുറകിൽ നിൽക്കുന്നു

“ഞാൻ ചേട്ടനെ കാണാൻ വന്നതാ”..

നീ ഇന്ന് പഠിക്കാൻ പോയില്ലേ . !
ക്ലാസ് കട്ട്‌ ചെയ്തു ഇറങ്ങിയതാണോ..?

ഏയ്‌ അല്ല.. !

ഞാൻ സംഭവിച്ച കാര്യങ്ങളെല്ലാം ഒറ്റ ശ്വാസത്തിൽ ചേട്ടനോട് പറഞ്ഞു. !

മ്മ്.

അല്ല ചേട്ടനെന്താ ഇവിടെ..
കടയിലല്ലേ ജോലി…

അതെ…
“തൃശൂരിൽ നിന്നും ബസിൽ കുറച്ചു സാധനം വരുന്നുണ്ട് അതെടുക്കാൻ മുതലാളി പറഞ്ഞു വിട്ടതാ”..

എന്തായാലും നീ വീട്ടിലേക്ക് പോയിക്കോ.. !
ഞാൻ
ശനിയാഴ്ച വരാം.!

മ്മ്.
നിനക്ക് വിശക്കുനുണ്ടോ. !
ബാ ചേട്ടൻ ചായ വാങ്ങി തരാം.

നിനക്ക് എന്താ വേണ്ടേ തിന്നാൻ..
ഉണ്ടംപൊരി വേണോ. !

എന്താ ചേട്ടൻ ചായ കുടിക്കാത്തത്. !
നീ കുടിച്ചോ.
ഞാൻ പിന്നീട് കഴിച്ചോളാം. !

ഞാൻ തിരിച്ചു ബസിൽ വീട്ടിലേക്ക് പോവുന്നതും നോക്കി. …
എന്തോ
ചേട്ടൻ അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു..

ഉണ്ണി…
ഏണീറ്റേ …
ഇത് നോക്കിയേ നീയ്..

ഉറക്കച്ചടവിൽ കണ്ണ് തുറന്ന്.
ഞാൻ നോക്കിയപ്പോൾ.
“ചേട്ടനാണ്”..

ന്നാ ..
എന്റെ കൈയിലേക്ക് ഒരുകുട നീട്ടി കൊണ്ട് ചേട്ടൻനിൽക്കുന്നു.
ആളാകെ നനഞ്ഞിട്ടുണ്ട്
മഴ കൊണ്ട് വന്നിട്ടും പുതിയ കുട എന്തോ ചേട്ടൻ നിവർത്തിയില്ല…

എനിക്ക് വേണ്ടി കൊണ്ട് വന്നത്.. ഉപയോഗിക്കാതെ എന്റെ കൈയിൽ തന്നു

ടാ നീ തല തോർത്ത്‌…
എന്താ പതിവില്ലാതെ
ഇന്ന് വന്നേ..?
എന്തിനാ അവന് കുടയുടെ ആവശ്യം
ഒരണ്ണം ഉണ്ടല്ലോ അത് പോരേ..

ഒന്നുല്ല അമ്മേ അവനെ ഒന്ന് കാണാൻ തോന്നി.
“എന്തങ്കിലും ഉണ്ടോ എനിക്ക് നല്ലോണം വിശക്കുന്നു.”…

നീ ആദ്യം തലതോർത്ത്‌.

ഉണ്ണിയേ..
നിനക്ക് ഇഷ്ട്ടയോ കുട…

മ്മ്..
കൂടപിറപ്പിന്റെ സ്നേഹം ഞാനപ്പോ അനുഭവിക്കുകയായിരുന്നു..

മോനേ…
കുറേ നേരമായല്ലോ..
നമ്മളിവിടെ ഈ കടയിൽ നിൽക്കുന്നു
നീ ഒന്ന് അവളെ വിളിച്ചു നോക്ക് എവിടെ എത്തിന്ന് .!.

എന്തോ ആലോചിച്ചു കൊണ്ടിരുന്ന ഞാൻ
പെട്ടന്ന് അമ്മയുടെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി..

ടൂവീലറിലല്ലേ അവര് വരണേ
ചേച്ചി പതിയേ വരട്ടെ അമ്മേ…

നീയ്
അപ്പുവിനോട് പറഞ്ഞിരുന്നോ
സൈക്കിൾ വാങ്ങുന്ന കാര്യം..?

ഏയ്‌ ഇല്ല. !
ഞാൻ ചേച്ചിയോട് പറഞ്ഞു അപ്പുവിനോട് പറയണ്ടന്ന് അവനൊരു സർപ്രൈസ് ആയിക്കോട്ടെ …

മ്മ്
ദേ അവര് വരുന്നുണ്ട്.

അകലെ നിന്നും ചേച്ചിയും അപ്പുവും വരുന്നത് ഞാൻ കണ്ടു ..
ചേട്ടന്റെ ഭാര്യയും മകനുമാണ്

വണ്ടി നിർത്തിയതും അപ്പു എന്റെ അടുത്തേക്ക് ഓടി വന്നു.. !
പേപ്പാ …

മോൻ എന്നോട് കഴിഞ്ഞ ദിവസം പറഞ്ഞില്ലേ ഒരു സൈക്കിൾ വാങ്ങി തരോന്ന്..

വാ ..
നിനക്ക് ഇഷ്ട്ടമുള്ളത് ഏതാണെന്ന് നോക്ക്..
ഞാൻ
അപ്പുവിനെയും കൂട്ടി
സൈക്കിൾ കടയിലേക്ക് കേറി .. .

പേപ്പാ…

എനിക്ക് ഇത് മതി പച്ചകളർ…

നിനക്ക് ഈ സൈക്കിൾ ചവിട്ടാനോക്കെ അറിയോ..
ഇതിന് ഗിയറൊക്കെ ഉള്ളതാ ..

മ്മ് എനിക്ക് അറിയാം…
ഞങ്ങള് അവിടെ ഇരിഞാലകുടയിൽ
ആയിരുന്നപ്പോ ഒരു കുട്ടി ഇത് പോലെ ഒരണ്ണം കൊണ്ട് ടൂഷ്യന് വരാറുണ്ടായിരുന്നു.. !

അമ്മേ…
ഞാനൊരു ഓട്ടോ വിളിക്കാം സൈക്കിൾ കാറിൽ കേറില്ല.. !

ഞാൻ പെപ്പന്റെ കൂടെ കാറിൽ വന്നോട്ടെ..
അതിനെന്താ അപ്പു നീ പോരെ.!.

അമ്മ വീട്ടിൽ പോയിക്കോ
ഞാൻ അപ്പൂനെ കൊണ്ട് വിട്ടിട്ടു വരാം.. !

പപ്പാ നവംബർ 2ന് എന്നെ കാണാൻ വരുന്ന്
മരിച്ചു പോയവരൊക്കെ അന്നാ വരാന്ന്.
അന്ന്
എന്റെ പപ്പാ വരോ.. .
കുഞ്ഞു മനസിന്റെ കൊച്ചു സംശയം

വരും..

പപ്പ വരട്ടെ.
ഞാൻ പപ്പയോടു പറയും..
പപ്പ വാങ്ങി തരാന്ന് പറഞ്ഞിരുന്ന സൈക്കിൾ പേപ്പൻ വാങ്ങി തന്നുന്ന്..!

മ്..

അപ്പു നിനക്ക് വേറെ എന്തങ്കിലും വേണോ..

മ്
ന്റെ റൈൻകോട്ട് കീറി..

സ്കൂളിൽ പോവുമ്പോൾ ഡ്രസ്സ്‌ നനയുന്നു പേപ്പാ.!.

ആണോ എന്നിട്ട് എന്തേ എനോട് പറയാഞ്ഞേ.. !

അവിടെ നിന്നും വാങ്ങാം..
കാർ പാർക്ക് ചെയ്തു ഞാൻ അപ്പുവിന്റെ കൈ പിടിച്ചു എതിരെ കണ്ട കടയിലേക്ക് കയറി .!..

ചേട്ടാ ഇവന്റെ അളവിന് ഒരു റൈൻ കോട്ട് തന്നേ..

നിനക്ക് വിശക്കുന്നുണ്ടോ.അപ്പുവേ.
എന്താ വേണ്ടേ..
തൊട്ടകടയിലെ
ചില്ല്‌ കൂട്ടിൽ വെച്ചിരിക്കുന്ന ബർഗറിലേക്ക് ആ ഒൻപതു വയസുകാരൻ കൈ ചൂണ്ടി.. !

ചേട്ടാ ആ ബർഗർ ഇങ്ങു എടുത്തേ ..
കഴിക്കാനോ പാർസലോ..
കഴിക്കാൻ..

ഞാൻ അവൻ കഴിക്കുന്നതും നോക്കിയിരുന്നു
പേപ്പനെന്തെ കഴിക്കാനൊന്നും വാങ്ങാഞേ..

മോൻ കഴിച്ചോ ..

ന്നാ നല്ല രസണ്ട്..
ബർഗറിന്റെ കുറച്ചു ഭാഗം പൊട്ടിച്ചു അവൻ എന്റെ വായയിൽ വെച്ചു തന്നു.. !

ഇനി എന്തങ്കിലും വേണോ നിനക്ക്..
വേണ്ടയെന്ന് അവൻ തലയാട്ടി..

അപ്പുവിനെ ചേച്ചിയുടെ വീട്ടിലാക്കി ഞാൻ തിരിഞ്ഞു ഇറങ്ങാൻ നേരം
അത്ര നേരം സൈക്കിൾ നോക്കി നിന്നിരുന്ന അപ്പു ഓടി വന്ന് എന്റെ കവിളിൽ ഒരുമ്മ തന്നു..
“എന്തോ ചേട്ടനോട് ഉള്ള സ്നേഹം രണ്ട് തുള്ളി കണീരായി അവനെയും നനപ്പിച്ചു കൊണ്ട്”. ഞാൻ വീട്ടിലേക്ക് തിരിച്ചു.. !

നീ എന്താ വൈകിയേ അവിടെ വർത്താനം പറഞ്ഞ് ഇരുക്കുകയായിരുന്നോ..

ഏയ്‌ അല്ല. !
നല്ല ട്രാഫിക് ബ്ലോക്ക്.
അതാ വൈകിയേ..

സൈക്കിൾ മെല്ലെ ശ്രെദ്ധിച്ചു
ചവിട്ടിയാൽ മതിന്ന് അപ്പൂനോട് പറഞ്ഞില്ലേ.. !

ഉവ്.

കണ്ടിട്ട് കൊള്ളാമെന്ന് തോന്നുന്നു
അതിന് എന്ത് വിലയായി.. !

അതിനോ..
“അതിന് ഒരു കുടയുടെ വിലയായില്ലമ്മേ.”.. .

കുടയുടെ വിലയോ..
നിനക്ക് ഇതെന്തു പറ്റി.!.

ഒന്നുല്ല്യ..

അമ്മേ കുളിക്കാൻ കുറച്ച് വെള്ളം ചൂടാക്ക്
നല്ല തണുപ്പ്..

ആത്മാവിന്റെ സന്തോഷമാണോന്നറിയില്ല..
പുറത്ത് ഒരു മഴ ഒരുങ്ങികൂട്ടി വരുണ്ടായിരുന്നു…!.

രചന: Jennies Muttathu

Leave a Reply

Your email address will not be published. Required fields are marked *