ഇത്രമേൽ എന്നെ… ചെറുകഥ…

രചന: Kuttan Kuttu

“എന്നെ സ്നേഹിക്കുന്ന ഒരു ഭർത്താവ്… കുറെ കുട്ടികൾ വേണം.. അതൊക്കെയാണ്‌ എന്റെ സ്വപ്നം.. ”
അവളുടെ വാക്കുകൾ എപ്പോഴോ ജീവിതം എന്ന സ്വപ്നം കാണാൻ തുടങ്ങിയിരുന്നു.
എനിക്കറിയാമായിരുന്നു ഞാൻ ഒരിക്കലും അവൾക്കു ഒരു നല്ല ഭർത്താവ് ആവില്ല എന്ന്, പിന്നെയും എന്തിനാ ഞാൻ അവളെ മോഹിപ്പിക്കുന്നത്…
ഒഴിഞ്ഞു മാറുമ്പോൾ “ഇഷ്ടമല്ലേ” എന്ന വാക്കിനു മുന്നിൽ ഞാൻ എപ്പോഴാണ് പതറിപ്പോയത്.. …

ആശുപത്രിക്കിടക്കയിൽ പാതി മയക്കത്തിൽ ഇഞ്ചക്ഷന്റെ നേരിയ വേദനയിലാണ് എന്റെ വേദന മനസ്സിലാക്കിയ ആ നിറകണ്ണുകൾ ആദ്യമായി കാണുന്നത്.പിന്നെ പിന്നെ എന്നെ ശ്രെദ്ധിക്കുന്നതിൽ കൂടുതൽ താല്പര്യം കാണിക്കുന്ന അവളിൽ സഹതാപമില്ലാത്ത ചിരി എപ്പോഴോ എന്റെ കണ്ണുകളിൽ പതിഞ്ഞു…മയക്കത്തിനൊടുവിൽ തണുത്ത കരസ്പർശ്ശങ്ങൾ എന്നെ ഉണർത്തുവാൻ തുടങ്ങി… അവൾ പവിത്ര..അത്യാഹിത വിഭാഗത്തിൽ നിന്നും നേരെ എന്നെ കൊണ്ടുപോയത് തീവ്ര പരിചരണ വിഭാഗത്തിലേക്കാണെന്നു ഞാൻ അറിഞ്ഞിരുന്നില്ല. പിന്നെ രാവും പകലും ബന്ധുക്കൾ പലരും ചില്ലു ദ്വാരത്തിലൂടെ എന്നെ നോക്കുമ്പോൾ അവൾ എന്നെ പതിയെ വിളിക്കും…”കുട്ടനെ കാണാൻ ഒരുപാട് പേര് വന്നിട്ടുണ്ട്.. കണ്ണ് തുറന്നെ…
“മരുന്നിന്റെ മയക്കം കണ്ണുകളിൽ ആകെ പുകപടലം സൃഷ്ടിച്ചിരുന്നു. ഒരു കൈകൊണ്ടു എന്നെ താങ്ങി എടുക്കുമ്പോൾ ആ കൈകൾക്ക് വല്ലാത്തൊരു സുരക്ഷിതത്വം അനുഭവപ്പെട്ടിരുന്നു.”കുറച്ചു നേരം ഇരിക്കാം… “ഞാനും അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ ആയി. പലതവണ ഇതേ അവസ്ഥയിൽ ഞാൻ ബോധരഹിതനായി കിടന്നിട്ടുള്ളതാണ് അന്നൊന്നും ഇത്തരം ഒരു അനുഭവം ഉണ്ടായിട്ടില്ല. എന്നോടുള്ള സഹതാപത്തിൽ പല കൈകളും എന്നെ സ്പര്ശിച്ചിട്ടുണ്ട് എന്നാൽ ഇത്…ശ്വാസതടസ്സം ഒരുരക്ഷയും തരാത്ത സമയത്താണ് ഇങ്ങനെ ആശുപത്രിയിൽ എത്തുക. അല്ലാത്ത സമയങ്ങളിൽ ബാഗിൽ കരുതിയ മരുന്നിൽ പിടിച്ചു നിൽക്കാറുള്ളതാണ്.അന്ന്, ബൈക്ക് എടുത്തു റോഡിൽ ഇറങ്ങിയതേ ഉള്ളൂ.. ഒരു വളവു തിരിഞ്ഞതും വലിയൊരു ശബ്ദവും ഒരുമിച്ചായിരുന്നു… ബൈക്ക് ആക്‌സിഡന്റ് ഒന്നുമല്ല. അവിടെയുള്ള ടയർ കടയിലെ കംപ്രസ്സർ പൊട്ടിത്തെറിച്ചാണ്. ഭീകര അന്തരീക്ഷം… ആകെ പുകമയം… ജോലിചെയ്തിരുന്ന പയ്യന്റെ കൈ മാംസം കരിഞ്ഞ മണത്തോടെ എന്റെ മുഖത്തു വന്നു വീണത് ഓർമ്മയുണ്ട്.. പിന്നെ കൂട്ട അലർച്ചകളും…

ശബ്ദം കാതുകളിൽ എത്താത്തതുപോലെ… എല്ലാം ഒരു മുഴക്കം പോലെ. ബൈക്കും ഞാനും കൂടെ ദാ കിടക്കുന്നു.. പുകയടിച്ചു ശ്വാസംമുട്ടാൻ തുടങ്ങിയത് ഓർമ്മയുണ്ട്.. പിന്നെ കണ്ണ് തുറന്നത് ഈ മാലാഖക്കൂട്ടത്തിലും.നാട്ടിൽ എല്ലാവരും കരുതിയത് എനിക്ക് അപകടം ഉണ്ടായി അത്യാസന്ന നിലയിൽ ആണ് എന്നായിരുന്നു. പക്ഷെ, എനിക്ക് ബോധം പോയത് അവിടത്തെ പുക ശ്വസിച്ചാണെന്നു അവർക്കറിയില്ലല്ലോ…മൂന്നു ദിവസത്തെ പരിചരണം അവളെ എന്നിലേക്ക്‌ കൂടുതൽ അടുപ്പിച്ചു. വാർഡിലേക് മാറ്റിയപ്പോൾ ഇടവിട്ടുള്ള സന്ദർശ്ശനങ്ങൾ. അമ്മയോടുള്ള അമിതമായ കൂട്ടുകൂടൽ. ഒടുവിൽ ഡിസ്ചാർജ് ആയ ദിവസം ജോലി ഇല്ലാതിരുന്നിട്ടും എന്നെ യാത്രയാക്കുവാൻ വന്ന്, എന്നോട് ചേർന്ന് നടന്ന്, എന്റെ കയ്യിൽ പിടിച്ചു കാറിൽ കയറ്റിയതും…വീട്ടിൽ വന്ന് പൊതുജന സന്ദർശ്ശന തിരക്ക് കഴിഞ്ഞപ്പോഴാണ് ഫോണിൽ തോണ്ടാൻ തുടങ്ങിയത്. നെറ്റ് തുറന്നതും സന്ദേശങ്ങളുടെ പെരുമഴ ആയിരുന്നു. സജീവമായിരുന്ന ഫേസ്ബുക് വാട്സ്ആപ്പ് ഗ്രൂപ്പുകളുടെ മെസ്സേജുകൾ നിർത്താതെ ചിലച്ചപ്പോൾ നെറ്റ് ഓഫ്‌ ചെയ്തുവച്ചു.. അടുത്ത നിമിഷം തന്നെ വിളികൾ വന്നു…”സുഗമായോ.. “” ഇപ്പോൾ എങ്ങനെയുണ്ട് “ആളെ വലിയ രോഗിയാക്കുന്ന അവസ്ഥ .. ഫോണും ഓഫ് ചെയ്തു വച്ച് ചെറുതായൊന്നു മയങ്ങി..,”കുട്ടൻ … ഇപ്പോൾ എങ്ങനെയുണ്ട് …” അശരീരി പോലെയുള്ള ശബ്ദം.. വെള്ളിമേഘങ്ങൾക്കിടയിൽ …. നക്ഷത്ര തിളക്കത്തോടെ ഒരു മാലാഖ കണ്മുന്നിൽ … കൈകൾ നീട്ടി എന്റെ നെറ്റിയിൽ തലോടിക്കൊണ്ട് ചോദിച്ചു.. മൃദുവായി പുഞ്ചിരിച്ചു …

എന്ത് ചോദിക്കണം … ശബ്ദം ഉയരുന്നില്ല..”എന്താ കുട്ടാ ഒന്നും മിണ്ടാതെ ….” മണിമുഴക്കം പോലെ വാക്കുകൾ കാതിൽ മുഴങ്ങുന്നുണ്ട് … വാ തുറക്കുന്നു അല്ലാതെ ഒരു ശബ്ദവും പുറത്തേക്ക് വരുന്നില്ല …”നീ ഉറങ്ങിയോ …” ‘അമ്മ തട്ടിവിളിച്ചപ്പോഴാണ് മനോഹരമായ ആ സ്വപ്നം മുറിഞ്ഞുപോയത് … ഇല്ലെങ്കിൽ എന്റെ തൊണ്ട പൊട്ടിപ്പോയേനെ …ചൂട് കട്ടൻചായ കുടിച്ചുകൊണ്ട് ഫോൺ പിന്നെയും ഓൺ ചെയ്തു … മിസ്കാൾ അലെർട് അപ്പോഴാണ് വന്നത് … പരിചയമില്ലാത്ത നമ്പറുകൾ നോക്കി .. തിരിച്ചു വിളിച്ചുകൊണ്ടിരിക്കുമ്പോൾ അപകടം അറിഞ്ഞ ആളുകളുടെ അന്വേഷണ വിളികൾ …അവൾ വിളിച്ചിട്ടൊന്നും ഇല്ല .. അല്ലെങ്കിലും എങ്ങനെ എന്റെ നമ്പർ അറിയും.. ഞാൻ വെറുതെ ഒന്ന് ചമ്മി …എന്തോ മനസ്സിൽ പവിത്രയുടെ രൂപം തെളിഞ്ഞു വരുന്നു … നാളെ ഒന്ന് കാണാൻ പോയാലോ … വേണോ .. വേണ്ടല്ലേ …. വേണം .. വേണം …രണ്ടു ദിവസം റസ്റ്റ് … അപ്പോഴേക്കും മനസ്സിൽ പവിത്ര ഒന്ന് ആറി തണുത്തിരുന്നു… എന്തിനാ വെറുതെ ഓരോന്ന് ചിന്തിക്കുന്നത് …. സ്കാനിംഗ് റിപോർട്ടുകൾ വീണ്ടും എടുത്തുനോക്കി, .. എന്താ ഇപ്പൊ സ്കാൻ ചെയ്യാം മാത്രം ഉണ്ടായത് … ഒന്നും മനസ്സിലായില്ല ..ഇപ്പോൾ കാണാൻ വരുന്ന കണ്ണുകളിൽ മുന്നേ കാണാത്ത സഹതാപം ഞാൻ ശ്രെദ്ധിച്ചിരുന്നു.. ദൈവമേ കാറ്റ് പോവാറായോ … ഇല്ലല്ലേ .. അങ്ങനെ ഒന്നും വേഗം പോവില്ല … ദുഷ്ടന്മാരെ പന പോലെ വളർത്തും എന്നല്ലേ. അഞ്ചു ദിവസം കഴിഞ്ഞു ഒന്നുകൂടെ എക്സ്റേ എടുക്കണം എന്ന് പറഞ്ഞിട്ടുണ്ട് … അത് എന്തിനാണാവോ … ആ .. എടുത്തുനോക്കാം.. കൂട്ടത്തിൽ അവളെയും കാണാമല്ലോ ..അഞ്ചാം ദിവസം അമ്മയെ കൂട്ടിയാണ് ആശുപത്രിയിൽ പോയത് .. ഓട്ടോ ഇറങ്ങി നേരെ ടോക്കൺ എടുത്ത് കാത്തിരിപ്പായി … കുത്തിയിരുപ്പ് .. ഒന്ന് കണ്ണടച്ചു….”കുട്ടൻ … ” – തോളിൽ താടിയുള്ള വിളിയാണ് എന്നെ ഉണർത്തിയത്..

പവിത്ര. ഡ്യൂട്ടി ഡ്രെസ്സിൽ ആണ്.. മുഖം സന്തോഷത്താൽ തുടുത്തിരുന്നു … എന്റെയും … ഞങ്ങൾ ഒരുമിച്ചായിരുന്നു എക്സ്റേ എടുക്കാൻ പോയതും പിന്നീട് ചായ കുടിച്ചതും .. ഡോക്ടറെ റൂമിൽ പോയി കണ്ടതും എല്ലാം …”കുട്ടൻ ഇവിടെ ഇരിക്ക് … നിങ്ങൾ കുറച്ച നേരം പുറത്തു നില്ക്കു ..”ഡോക്ടറുടെ ആ നിർദേശത്തിൽ എനിക്ക് എന്തോ പന്തികേടുണ്ടെന്നു തോന്നി .. അമ്മയുടെ ആംഗ്യം കാണിച്ചു .. അവർ രണ്ടുപേരും പുറത്തു പോയി.”കുട്ടൻ, ശ്വാസംമട്ട് അല്പം കുഴപ്പം പിടിച്ച അവസ്ഥയിലാണ്…”ഞാൻ ഒന്നും മിണ്ടിയില്ല .. ചുമ്മാ തലയാട്ടി” കൂടുതൽ സൗകര്യങ്ങൾ ഉള്ള സ്ഥലത്തേക്കു കത്ത് തരാം … പറ്റുമെങ്കിൽ എത്രയും നേരത്തെ പോകണം …”എനിക്ക് എന്തോ ഭയമൊന്നും തോന്നിയില്ല … എനിക്ക് എന്താണ് അവസ്ഥ എന്ന് കുറെ വര്ഷങ്ങളായി നന്നായി അറിയാം … എന്നാലും ഡോക്ടറോട് ചോദിച്ചു ..”സർ, ഇനി സർജറി ചെയ്യാനാണോ സർ പറയുന്നത് …””അതെ …””എനിക്ക് സർജറി വേണ്ട സർ …””അതെന്താടോ താൻ അങ്ങനെ പറയുന്നത് …” – ഡോക്ടർക് അതിശയം .. ഒരു പക്ഷെ എന്റെ നീർവികാരത്വം കണ്ടിട്ടാവാം . ഇതേ ഡയലോഗ് ഞാൻ പലവട്ടം കേട്ടിരിക്കുന്നു.”ഇനിയിപ്പോൾ കീറി പൊളിച്ചാലും അതികം ഒന്നും നീളില്ലല്ലോ ശ്വാസം …

“”കുട്ടൻ , ഒന്ന് മനസ്സിലാക്കു … ഇപ്പോൾ അത്യാധുനിക സംവിദാനങ്ങളൊക്കെ ഉണ്ടല്ലോ … പിന്നെന്തിനാ പേടി …” അങ്ങനെ പറഞ്ഞുകൊണ്ട് റഫറൽ ലെറ്റർ ഒപ്പിട്ടുകൊണ്ട് ഡോക്ടർ കാളിങ് ബെൽ അമർത്തി … ഡ്യൂട്ടി നഴ്സിന് കൂടെ പവിത്രയും അകത്തേക്കു വന്നു. ലെറ്റർ സീൽ വയ്ക്കാൻ ആംഗ്യം കാണിച്ചു ഡോക്ടർ.ആ ലെറ്റർ കൈനീട്ടി വാങ്ങിയത് പവിത്ര ആയിരുന്നു. കലങ്ങിയ കണ്ണുകളാൽ അവൾ എന്നെ നോക്കുന്നുണ്ടായിരുന്നു … എന്നിൽ ചിരി വരുത്തിയ മുഖം മാത്രമായി ഞാൻ ഇരുന്നു.പുറത്തേക് കടന്നു വരാന്തയിലൂടെ നടക്കുമ്പോൾ അമ്മയുടെ കൈകളിൽ പിടിച്ചു അവൾ എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു.. അതുവരെ ഉണ്ടായിരുന്ന എന്റെ ധൈര്യം എല്ലാം ചോർന്നു പോയതുപോലെ എനിക്ക് തോന്നി.ഓട്ടോയിൽ കയറി പോകാനൊരുങ്ങുമ്പോൾ അവൾ എന്നോട് പതിയെ ചെവിയിൽ പറഞ്ഞു…”നാളെ മൂന്നുമണി വരെ എനിക്ക് ഡ്യൂട്ടി ഉള്ളൂ .. പ്രയാസമില്ലെങ്കിൽ നാളെ ഒന്ന് സംസാരിക്കാൻ പറ്റുമോ …”ഒരു മൂളലിൽ മറുപടി ഒതുക്കി ഞാൻ ഓട്ടോയിൽ കയറി ….ചെവിയിൽ ആരുടെയൊക്കെയോ പരിചയമില്ലാത്ത ശബ്ദം കേട്ടാണ് അടുത്തദിവസം ഉറക്കം ഉണർന്നത് …. അലമാരയിലെ കണ്ണാടിയിൽ ഞാൻ എന്നെയൊന്നു നോക്കി … ഏയ് … ഗുഡ് മോർണിംഗ് കുട്ടൻ …. താനെ ഒന്ന് വിഷ് ചെയ്തു …രാത്രിയിൽ അല്പം ഡോസ് ഉള്ള മരുന്ന് കഴിച്ചതിന്റെ ക്ഷീണം കണ്ണിൽ ഉണ്ട് . എല്ലാവരും എന്നെ തന്നെയാണ് ശ്രെദ്ധിക്കുന്നത്. വാർത്തകൾ പരക്കാൻ നിമിഷങ്ങൾ മതിയല്ലോ … എങ്ങനെയൊക്കെയോ ഉച്ചവരെ എല്ലാവരെയും നോക്കി ചിരിച്ചു … ഊണും കഴിഞ്ഞു നേരെ ഇറങ്ങി.പവിത്രയെ കാണണം. മനസ്സിൽ തോന്നിയത് അവിടെത്തന്നെ അവസാനിപ്പിക്കണം എന്നുറപ്പിച്ചു… ഗ്യാരണ്ടി ഇല്ലാതെ വെറുതെ റിസ്ക് എടുക്കേണ്ടല്ലോ. മൂന്നുമണിയോടെ ആശുപത്രിയിൽ എത്തി… എവിടെ തിരയും… നല്ല ആൾത്തിരക്കുണ്ട് .. എന്തായാലും മുൻവശത്തെ മരച്ചുവട്ടിൽ തന്നെ സ്ഥാനം പിടിച്ചു. വായ്നോക്കികൊണ്ടിരിക്കുന്ന എന്നെ പിറകിൽ നിന്ന് ആരോ തോണ്ടി വിളിച്ചു … പവിത്ര .”കുട്ടൻ വന്നിട്ട് ഒരുപാട് നേരമായോ ..””ഇല്ല .. ദേ.. ഒരു രണ്ടു മിനുട്ട് മായാതെ ഉള്ളു””വരൂ നമുക്ക് ഓരോ ചായ കുടിക്കാം ..”ക്യാന്റീനിലെ ചൂട് ചായ ഊതി കുടിക്കുമ്പോഴും ഞാൻ അവളെ തന്നെയായിരുന്നു ശ്രെദ്ധിച്ചിരുന്നത്…”പവിത്രയുടെ വീട്ടിൽ ആരൊക്കെയുണ്ട് ..”മൂകതയ്ക്ക് ഞാൻതന്നെ വിരാമം ഇട്ടു …”‘അമ്മ അച്ഛൻ പിന്നെ ഞാനും …””ഇവിടെ വന്നിട്ട് കുറെ ആയോ …””3 വർഷം കഴിഞ്ഞു …”പിന്നെയും മൗനം …. അല്പം കഴിഞ്ഞു … ചായയുംകത്തിലെ ഉള്ളടക്കമായിരുന്നു പിന്നീടുള്ള ചർച്ച …”കുട്ടൻ എന്താ ചികിതസിക്കാൻ തയ്യാറാവാതെ …””ഇയ്യാള് കണ്ടതല്ലേ എന്റെ റിപ്പോർട്ട് …””അതൊക്കെ മാറും ..””മരുന്നിൽ മാറുന്നത് മാറിയാൽ മതി… അല്ലേലും ഇനി അതികം ഒന്നും ഉണ്ടാവില്ല പിന്നെ എന്തിനാ കീറിമുറിയ്ക്കുന്നത് …”പെട്ടെന്നുള്ള എന്റെ മറുപടി അവളുടെ കണ്ണുകൾ നിറയ്ക്കുന്നതും അത് മൂക്കിൻ തുമ്പിലൂടെ ഒഴുകി വീഴുന്നതും ഞാൻ കണ്ടു …”ഏയ് … പവിത്ര …”സംഗതി രംഗം അകെ കുഴഞ്ഞു മറിയുകയാണ് …”നമുക്കൊന്ന് നടക്കാം ..” മൂകത മാറാൻ വേണ്ടി അവളോട് ഞാൻ തന്നെയാണ് പറഞ്ഞത്. പിന്നെയുള്ള നിമിഷങ്ങൾ പ്രണയം ജനിക്കുകയായിരുന്നു … വേണ്ട എന്ന് മനസ്സിൽ ഉറപ്പിക്കുമ്പോഴും വേണം എന്ന് വികാരം ..”പവിത്ര .. താൻ എന്തൊക്കെയാടോ ഈ പറയുന്നത് ..””എന്ത് ….””ഏയ് … തനിക് എന്റെ അവസ്ഥ കണ്ടിട്ടുള്ള സഹതാപമാണോ ..””അല്ല … ഞാൻ പറഞ്ഞത് സത്യമാണ്. കുട്ടൻ എന്തായാലും ഓപ്പറേഷന് തയ്യാറാവണം ..””അതിനായിരുന്നോ ഈ നാടകം …”പെട്ടെന്നുള്ള എന്റെ വാക്കുകൾ ഒരു പൊട്ടിക്കരച്ചിലിലാണ് അവസാനിച്ചത് .. എന്തൊക്കെയോ വാക്കുകൾ ഇടയ്ക്ക് വരുന്നുണ്ട് … ഒന്നും വ്യക്തമല്ല …”പവിത്ര പ്ളീസ് …. ആളുകൾ ശ്രെദ്ധിക്കുന്നുണ്ട് …

കണ്ണ് തുടയ്ക്കു …”കരച്ചിൽ മൂളൽ മാത്രം ആയി പിന്നീട് …”എനിക്ക് കുട്ടനെ വേണം … ഞാൻ നോക്കിക്കോളാം കുട്ടനെ …”മുക്കിമൂളി പറഞ്ഞവസാനിപ്പിച്ച വാക്കുകൾ എന്റെ ഹൃദയത്തിലാണ് കൊണ്ടത് …പെണ്ണിന് പ്രേമം തലയ്ക്ക് പിടിച്ചോ ദൈവമേ . കാണാം നല്ല ബംഗിയുണ്ട്.. എന്നാലും വേണോ … എന്തിനാ വെറുതെ അതിന്റെ ജീവിതം ഇല്ലാതാക്കുന്നത് … ചിന്തകൾ പലവഴിക്ക് പോയി ..:നോക്ക് പവിത്ര … എനിക്കറിയാമായിരുന്നു തനിക് എന്നോട് എന്തോ ഒരു അടുപ്പം ഉണ്ടെന്നു …”മുഖം ഒന്ന് വിടർന്നു അവളിൽ … കാതുകൾ കൂർപ്പിച്ചു ..”എനിക്ക് ഒരിക്കലും ഒരു ലൈഫ് സ്വപ്നം കാണാൻ കഴിയില്ല ..””ഉം …:””പിന്നെ എന്തിനാ നമ്മൾ ഇങ്ങനെ…””ഇഷ്ടമല്ലേ എന്നെ ….” പെട്ടെന്നുള്ള ചോദ്യത്തിൽ ഞാൻ അകെ കുഴങ്ങി ..”ഇഷ്ടം … എനിക്ക് അത് ഒന്നും ആഗ്രഹിക്കാൻ പറ്റില്ലല്ലോ …””പറ്റും… ഓപ്പറേഷൻ കഴിഞ്ഞാൽ കുട്ടന് സുഗമാകും … ഞാൻ ഡോക്ടറോട് ചോദിച്ചതാ …””തനിക്ക് വട്ടുണ്ടോ …” അവളെ വീണ്ടും മൗനത്തിലാക്കികൊണ്ട് ഞാൻ ചോദിച്ചു …”വട്ട്… മുഴുവട്ട് … എനിക്കറിയാം എന്നെ ഒഴിവാക്കുകയാണെന്നു .. ഇഷ്ടമില്ലെങ്കിൽ അത് പറഞ്ഞാൽ പോരെ … “”ഇഷ്ടമല്ലാഞ്ഞിട്ടല്ല പവിത്ര … എനിക്ക് പേടിയൊന്നുമില്ല വിശ്വാസമാണ് … അഥവാ ..””എന്ത് …””ഓപ്പറേഷൻ കഴിഞ്ഞു ഞാൻ എണീറ്റില്ലെങ്കിലോ …”നാല് വിരൽപ്പാടുകൾ പതിഞ്ഞത് എന്റെ കരണതായിരുന്നു ….”സോറി…. സോറി…. സോറി… സോറി …..” വിതുമ്പികൊണ്ട് ആ മുഖം എന്റെ നെഞ്ചിലാണ് കണ്ണീർപൊഴിച്ചത് ….വെയ്റ്റിംഗ് റൂമിൽ അവളുടെ തേങ്ങലുകൾ അലകളായി ഉയർന്നു …”പവിത്രാ….””കുട്ടാ …””എല്ലാം ഓക്കേ ആകുമോ …””ആകും …”പിന്നെയും മനസ്സിൽ കരിനിഴലുകൾ പാറികളിച്ചിരുന്നു. “അഥവാ ….” …. വേണ്ട നല്ലതുമാത്രം ചിന്തിക്കാം …പിന്നെ ഞങ്ങളുടെ ദിവസങ്ങളായിരുന്നു … ജീവിതം പറഞ്ഞു തീർക്കുമ്പോൾ എനിക്ക് ഇടയ്ക്ക് ഉള്ളിൽ നീറ്റലായിരുന്നു ….”അഥവാ …. ” എല്ലാം ശരിയാകും എന്ന അവളുടെ വാക്കുകൾ … ഒരു കൊച്ചു കുഞ്ഞിനെ നോക്കുന്നത്പോലെയുള്ള ശ്രദ്ധ … വീട്ടിലേക്കുള്ള വരവ് … അമ്മയ്ക്കും അച്ഛനും ധൈര്യം കൊടുക്കൽ … വളരെ ബോൾഡ് ആയി സംസാരിക്കുന്ന അവളെ അമ്മ എന്നെ മരുമകളാക്കിയിരുന്നു …ഓപ്പറേഷന് മുന്നേ ആശുപത്രിയിൽ എല്ലാത്തിനും അവളുണ്ടായിരുന്നു.. എന്റെ കൈപിടിച്ചു കട്ടിലിൽ തലവച്ചു ഉറങ്ങാതെ കിടക്കും. എന്റെ കൈകൾ കണ്ണീരിൽ കുതിരുമ്പോൾ ഞാനും പ്രാർത്ഥിച്ചിരുന്നു ….. ഇത്രമേൽ എന്നെ സ്നേഹിക്കുന്ന അവളോടൊത്തു ജീവിക്കാൻ ഒരു ദിവസമെങ്കിലും അനുവദിച്ചുതരണേ എന്ന്. പേരറിയാത്ത, മുഖമറിയാത്ത ദൈവങ്ങളോട് …

രചന: കുട്ടൂസ്

Leave a Reply

Your email address will not be published. Required fields are marked *