കല്യാണപിറ്റേന്ന്

രചന:ജമീലാ മുനീർ -ജിദ്ദ

കല്യാണപിറ്റേന്ന് ആരും വിളിച്ചുണർത്താതെ തന്നെ അഞ്ചു മണിക്ക് സോന എഴുന്നേറ്റു . 18 വർഷമായിട്ട് ഇതുവരെ ഉപ്പയോ ഉമ്മയോ വിളിക്കാതെ അവൾ എഴുന്നേറ്റിട്ടില്ല …അവൾക്ക് തന്നെ അവളോട് മതിപ്പ് തോന്നി .എന്നാലും ബെഡിലേക് നോക്കിയപ്പോൾ അവളെ മാടി വിളിക്കുന്നതായി തോന്നി .ഇപ്പോൾ ഒന്നൂടെ മൂടിപ്പുതച്ചു കമഴ്ന്നങ്ങോട്ട് കിടന്നാലുണ്ടല്ലോ ഹൊ ..ജീവിതത്തിൽ സ്വന്തം വീടിന്റെ വില ആദ്യമായി മനസ്സിലാക്കിയ നിമിഷം … ഇക്കാനെ വിളിക്കണോ വേണ്ടയോ ഒരു നിമിഷം സോന ആലോചിച്ചു …പിന്നെ പ്രഭാത കർമങ്ങളും പ്രാർത്ഥനയും കഴിഞ്ഞു നേരെ അടുക്കളയിലേക്ക് ..

ഉമ്മയും ഇത്താത്തയും (ഭർതൃ സഹോദര ഭാര്യ )പ്രഭാത ഭക്ഷണം തയ്യാറാക്കുകയാണ് .സോന റെഡിമേഡ് ചിരിയൊക്കെ വരുത്തി വളരെ വിനയാന്ന്വിതയായി അവർക്കൊപ്പം കൂടി .ഇവർക്കറിയില്ലല്ലോ 2ദിവസം അടുപ്പിച്ചു പുട്ട് ഉണ്ടാക്കിയാൽ പിണങ്ങുന്നവളാണ് ഞാനെന്നും ഉറക്കിൽ നിന്നും ഉണർന്നാൽ മൊബൈൽ നോക്കാതിരുന്നാൽ ശ്വാസം മുട്ടും എന്നും ..അവൾക്ക് ചിരിയും കരച്ചിലും വന്നു .

“മോളെ ചായ കുടിച്ചോളൂ “ഉമ്മ പറഞ്ഞത് കേട്ട് വളരെ സന്തോഷം തോന്നി .വീട്ടിൽ നിന്നും എണീറ്റ് വരുമ്പോഴേക്ക് ഉമ്മ ചുടുചായ കപ്പിലേക് പകർന്നിട്ടുണ്ടാവും .ഇതിപ്പോ പറയാതെ കുടിക്കാനും തിന്നാനും വയ്യല്ലോ ..ഒരാഴ്ച ഇക്ക ഓഫീസ് ലീവ് ആയതു കൊണ്ട് കറങ്ങലും മറ്റുമായി വിരഹത്തിനു ശക്തി കുറഞ്ഞിരുന്നു .ഇല്ലാത്ത ദാഹം അഭിനയിച്ചു ഇക്ക അടുക്കളയിൽ വെള്ളം തേടി വന്നതും ,അവിടെയും ഇവിടെയും മാന്തി ആ ചുറ്റുവട്ടത് തങ്ങുന്നതും സോനയെ കാണാനായിരുന്നുവെന്ന് അവൾക്ക് നന്നായി അറിയാം .ഉമ്മ കാണാതെ ഇടക്ക് കാല് കൊണ്ട് തട്ടിപ്പോവുന്നത് അവൾ റോസാപ്പൂവിന്റെ തലോടൽ പോലെ ആസ്വദിച്ചു ..
ഇക്കയും വീട്ടുകാരും എല്ലാം സ്നേഹമുള്ളവരാ …എന്നാലും ഒറ്റയടിക്ക് വീടും വീട്ടുകാരും ജീവിത ശൈലിയും മാറിയപ്പോൾ ഉള്ള ഒരു തരം വിങ്ങൽ ..എന്നാലും ഒരു കോച്ചിങ്ങും ഇല്ലാതെ എത്ര വേഗമാണ് പക്വത ഉള്ളവളായി മാറിയത് ..ഉമ്മയും ഉപ്പയും കണ്ടാൽ ഇതവരുടെ മോൾ തന്നെയാണോ എന്ന് സംശയിച്ചു പോകും ..കുളിയ്ക്ക് ,കഴിയ്ക്ക് എന്നും പറഞ്ഞു പിന്നാലെ നടക്കുന്നവളാ ഇപ്പൊ ആരും പറയാതെ അനുസരണയുള്ള കൊച്ചു കുട്ടിയെ പോലെ എല്ലാം ചെയ്യുന്നത് ..അതിഥികളെ സൽകരിക്കുന്നു ….ഭർത്താവിനെ നോക്കുന്നു …എപ്പോഴും മുഖത്തു പുഞ്ചിരി വരുത്തുന്നു …കത്തികൊണ്ട് ചെറുതായൊന്ന് കൈ മുറിഞ്ഞാലോ ,ചെറുതായിട്ട് വല്ല അസുഖവും വന്നാലോ ഉമ്മന്റെ പിന്നാലെ നടക്കുന്നവളാ …രണ്ടാഴ്ച കൊണ്ട് എല്ലാം തികഞ്ഞ ഒരുവളായി മാറിയത് . അതിനിടക്ക് അടുപ്പിൽ വിറക് പൂട്ടി തീ കത്തിക്കലും പരീക്ഷിച്ചു .ന്റമ്മോ പത്താം ക്‌ളാസ്സിലെ മാത്‍സ് അതിലും എളുപ്പം വഴങ്ങിയിരുന്നു ..സോനക്ക് അവളോട് തന്നെ ബഹുമാനം തോന്നി കുറച്ചു സമയം എണീറ്റ് നിന്നാലോ എന്ന് പോലും ആലോചിച്ചു .

ഇതുവരെ പാർട്ടിയും ടൂറും മറ്റുമായി ഒരു മാസമായി വീട്ടിൽ താമസിക്കാൻ പോവാൻ കഴിഞ്ഞിരുന്നില്ല .അന്ന് ഉച്ചക്ക് ഇക്ക ഓഫീസിൽ നിന്നും വിളിച്ചു പറഞ്ഞു .വൈകുന്നേരം വീട്ടിൽ പോവാം നീ വേണമെങ്കിൽ 4 ദിവസം കഴിഞ്ഞ് വന്നാ മതി ..ഹോ സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി .പുറത്തു ചാടാൻ വെമ്പൽ പൂണ്ട ആഹ്ലാദത്തെ മനസ്സിൽ തന്നെ പിടിച്ചു കെട്ടി ..വാതിൽ തുറന്നാൽ വാനിലേക് കുതിക്കുന്ന കിളികളെ കൂട്ടിലടയ്ക്കും പോലെ …പിന്നെ എവിടുന്നെകെയോ ഊർജം കിട്ടിയ പോലെ ഒരുക്കം തുടങ്ങി ..എത്ര പെട്ടെന്ന് എല്ലാം ശുഭം ..അത്രയും സമയം ഓടിക്കൊണ്ടിരുന്ന ഘടികാരം നിലച്ചുവോ ?ഉപ്പനോടും ഉമ്മയോടും ഇക്ക അനുവാദം ചോദിച്ചിരിക്കുമോ?എന്തെല്ലാം നൂലാമാലകൾ ..ചാന്ദ്രയാൻ 2 വിക്ഷേപിച്ച ശാസ്ത്രജ്ഞർ ഇത്രയും ടെൻഷൻ അനുഭവിട്ടുണ്ടാകുമോ ?
വീട്ടിലേക് പോവുന്ന വഴിപോലും അവൾക്ക് കൗതുകമായി അനുഭവപ്പെട്ടു .ആദ്യമായിട്ട് നഗരം കാണുന്ന കൊച്ചു കുട്ടിയെ പോലെ വഴി വാണിഭക്കാരെയും പള്ളിക്കൂടം വിട്ടു പോവുന്ന പിള്ളേരെയും കൺനിറയെ നോക്കി ..വാ തോരാതെ സംസാരിച്ചു..വണ്ടിയിലെ ഗാനത്തിനൊപ്പം മൂളി,,,,,ഇടയ്ക്കിടെ വസ്ത്രങ്ങളും മുടിയും നേരെയാക്കി…എന്ത് പറ്റി സോനാ നിനക് ?ഒന്നൂല്യ ഇക്ക ഇത്ര ദിവസം മര്യാദക്ക് ജീവിച്ചില്ലേ ..ഇപ്പൊ തനി സ്വഭാവം പുറത്തു വന്നതാ വീട് എത്തനായപ്പോൾ ..”പാവം നിഷ്കളങ്കയായ പൊട്ടിപ്പെണ്ണ് “അജു ആത്മഗതം നടത്തി .
വീട്ടിലെത്തും മുമ്പ് തന്നെ ശാന്ത ചേച്ചിയെയും മേരി അമ്മയെയും പാത്തുമ്മു താത്താനെയും എല്ലാം വിളിച്ചു വരവ് അറിയിച്ചു .ഗേറ്റ് തുറന്നതും അവൾ വീട്ടിലേക്ക് കുതിച്ചു ..മൊബൈലിൽ കുത്തിയിരിക്കുമ്പോൾ പത്തു തവണ മോളെ വിളിച്ചാലും ഉമ്മയുടെ വിളിക്ക് ഉത്തരം നൽകാത്ത അവൾ കൊച്ചു കുഞ്ഞിനെ പോലെ ഉമ്മയോട് കൊഞ്ചി അരികത്ത് തന്നെ ചുറ്റിപ്പറ്റി നിന്നു ..കണ്ണിനു മുമ്പിൽ കണ്ടാൽ വഴക്ക് കൂടിയിരുന്ന അനിയനോടും അനിയത്തിയോടും മയത്തിൽ സംസാരിച്ചു ..തന്റെ കൂടെ വീട്ടിലേക്കു കയറിയ പ്രിയതമനോട് ഇരിക്കാൻ പറയാൻ പോലും ഓർമയില്ലാതെ വീടിന്റെ ഓരോ മുക്ക് മൂലയും നിരീക്ഷിച്ചു ..തന്റെ പൂക്കൾ …പുസ്തകങ്ങൾ …മേശ വലിപ്പുകൾ …കുപ്പി വളകൾ …സ്റ്റോറൂമിലെ ഇഷ്ടപ്പെട്ട പലഹാരങ്ങൾ …എല്ലാം എല്ലാം അവൾ തൊട്ടു തലോടി ..
സ്വന്തം റൂമിലേക്കു കയറി ബെഡിലേക് ചാടി ..കിടന്നുരുണ്ടു ..ബഡായി വെച്ചു ..പൊട്ടി പൊട്ടി ചിരിച്ചു …ഉത്തരവാദിത്തങ്ങൾ അഴിച്ചു വെച്ചു …ശരീരത്തിനും മനസ്സിനും ഭാരം കുറഞ്ഞത് പോലെ ….അന്തരീക്ഷത്തിൽ പറക്കുന്ന അപ്പൂപ്പൻ താടിയായി അവൾ ..
സൂര്യനും ചന്ദ്രനും അവളോടുള്ള വാശി തീർക്കാനെന്ന പോലെ ഒളിച്ചേ ..കണ്ടേ …കളിച്ചു 4ദിവസം പെട്ടെന്ന് എടുത്തു കൊണ്ട് പോയി ..കൂട്ടി കൊണ്ടുപോവാൻ അജു എത്തി ..ഉപ്പയും ഉമ്മയും ജീവിത യാഥാർഥ്യം മനസ്സിലാക്കി അവളെ യാത്രയാക്കി ..ഉള്ളിൽ തേങ്ങി പുറമേക്ക് ചിരി പടർത്തി കാറിന്റെ മുൻസീറ്റിൽ കയറി ..കാർ തിരിയുമ്പോൾ ഒന്നൂടെ വീട്ടിലേക്കു നോക്കി ..അവളില്ലാത്ത വീട് കാടായി മാറിയോ ?

കുശാലാന്ന്വേഷണത്തിനിടയിൽ അവളുടെ കണ്ണ് നനഞ്ഞത് അജു കണ്ടുവോ?സോനാ കരയാണോ ?പെട്ടെന്നുള്ള ചോദ്യം കേട്ട് ,തന്റെ അനുവാദമില്ലാതെ നിറഞ്ഞു തുളുമ്പാൻ നിന്ന കണ്ണുനീർ തടഞ്ഞു വെച്ച് അവൾ പറഞ്ഞു “ഇല്ല ഇക്കാ പുറത്തെ “കാറ്റ് “തട്ടിയാൽ കണ്ണിൽ “വെള്ളം ” വരുന്നത് എനിയ്ക്കു പതിവുള്ളതാ …അന്ന് ആ വെള്ളം വരവ് ഇക്കാക്ക് പിടുത്തം കിട്ടീലെങ്കിലും പിന്നീട് കാലം മനസ്സിലാക്കി കൊടുത്തു ..ആ റൂട്ടിലെ കാറ്റു മാത്രമാണ് അവളുടെ കണ്ണ് നനയിക്കുന്നത് എന്ന് ..
ഇനി സ്വന്തം വീട്ടിൽ അതിഥി മാത്രമായി മാറുമെന്നും അത് പ്രകൃതിയുടെ വികൃതിയാണെന്നും സ്വയം സമാധാനിച്ച് ഇണക്കുരുവിയുമായി കൂട്ടിലേക്ക് സോന പറന്നകന്നു …
രചന:ജമീലാ മുനീർ -ജിദ്ദ

1 thought on “കല്യാണപിറ്റേന്ന്

Leave a Reply

Your email address will not be published. Required fields are marked *