ചിലതുണ്ട് ജീവിതത്തിൽ ഒരിക്കൽ നഷ്ടപ്പെട്ടാൽ പിന്നെ ഒരിക്കലും തിരിച്ചു കിട്ടാത്തതായ്…

ചിലതുണ്ട് ജീവിതത്തിൽ ഒരിക്കൽ നഷ്ടപ്പെട്ടാൽ പിന്നെ ഒരിക്കലും തിരിച്ചു കിട്ടാത്തതായ്…

“അഭീ മതി. നമുക്ക് ഈ ബന്ധം ഇനി മുൻപോട്ട് കൊണ്ടു പോകാനാവില്ല. നമുക്കിത് ഇവിടെ വച്ച് നിർത്താം ”

” അച്ചൂ നീയിതെന്താ ഇങ്ങനെയൊക്കെ പറയുന്നത്.അങ്ങനെയൊന്നും ആലോചിക്കണ്ട. ഇത്രനാളും കാത്തിരുന്നില്ലേ. കുറച്ചു കൂടി കഴിയുമ്പോഴേക്കും നിന്റെ വീട്ടുകാർ എല്ലാം സമ്മതിക്കും.”

“ഇല്ല അഭി. അവർക്ക് …… അവർക്കെന്നെക്കാൾ വലുത് അവരുടെ വാശിയാണ് .”

” അതിനു വേണ്ടി നീ നമ്മുടെ ജീവിതം നശിപ്പിക്കണോ.നിനക്ക് എന്റെയൊപ്പം വന്നു കൂടെ ”

“അതിനെനിക്ക് കഴിയില്ല അഭി. നമ്മുടെ ഭാഗത്ത് നിന്നും നോക്കുമ്പോൾ അതു ശരിയായിരിക്കാം.പക്ഷെ ഞാനങ്ങനെ വന്നാൽ എന്റെ വീട്ടുകാരുടെ അവസ്ഥ എന്താവും”

അതിനെനിക്ക് മറുപടിയുണ്ടായിരുന്നില്ല.

“നിന്നെയെനിക്ക് മറക്കാനാകുമോ എന്നറിയില്ല അഭി.പക്ഷെ” അപ്പോഴേക്കും അവളുടെ തൊണ്ടയിടറുന്നുണ്ടായിരുന്നു.
അറിയാതെയെങ്കിലും എന്റെ കണ്ണും നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു.

എന്നെ ചേർത്തു നിർത്തി എന്റെ നെറ്റിയിലവൾ അമർത്തി ചുംബിക്കുമ്പോൾ അവളുടെ കണ്ണുനീർ തുള്ളികൾ എന്റെ നെറ്റിയിൽ വീണു ചിതറി തെറിക്കുന്നുണ്ടായിരുന്നു. പിന്നീടൊരു വാക്കു പോലും പറയാതെയവൾ നടന്നകലുമ്പോൾ എന്റെ ശരീരവും ചലനമറ്റതു പോലെയായി തീർന്നിരുന്നു. മുട്ടുകുത്തി നിലത്തേക്കിരിക്കുമ്പോൾ എത്ര തടയാൻ ശ്രമിച്ചിട്ടും കണ്ണുനീർ കവിളിലൂടെ പെയ്തിറങ്ങുന്നുണ്ടായിരുന്നു.

അമ്മ മരിച്ചതിനു ശേഷം എന്നെ പഴയതുപോലെയാക്കാൻ എന്റെ കൂടെയുണ്ടായിരുന്നത് അവളായിരുന്നു അർച്ചന എന്ന എന്റെ അച്ചു.പൊതുവെ ഗൗരവക്കാരനായിരുന്ന അച്ഛനേക്കാൾ എന്തിനും ഏതിനും ഒരുമിച്ച് നിന്നിട്ടുള്ള അമ്മയും ഇല്ലാതായതോടെ എന്റെ ലോകം അവളിലേക്ക് മാത്രമായി ചുരുങ്ങി പോയിരുന്നു.പക്ഷെ ഇന്ന് അവളും എന്റെ ജീവിതത്തിൽ നിന്നും പടിയിറങ്ങി പോയിരിക്കുന്നു. ഇന്നാദ്യമായി എനിക്ക് ഈ ലോകത്തോട് തന്നെ വെറുപ്പ് തോന്നി.

നെഞ്ചിലെന്തോ വല്ലാത്തൊരു ഭാരമായിരുന്നു. എങ്ങനെയൊക്കയോ വീട്ടിലെത്തുമ്പോൾ വീടിന്റെ ഇറയത്തെ ചാരുകസേരയിൽ അച്ഛൻ ഇരിക്കുന്നുണ്ടായിരുന്നു. അച്ഛനെ നോക്കിക്കൊന്നു ചിരിച്ചെന്നു വരുത്തി ഞാൻ നേരെ എന്റെ മുറിയിലെ കട്ടിലിലേക്ക് കടന്നു.
പിടിച്ചു നിർത്തിയ കണ്ണുനീർ അപ്പോഴേക്കും പുറത്തേക്ക് ഒഴുകി തുടങ്ങിയിരുന്നു.

“മോനെ”
അച്ഛന്റെ വിളി കേട്ടതും പതിയെ തലയുയർത്തി നോക്കുമ്പോൾ അച്ഛൻ കട്ടിലിൽ എന്റെയരികിലായി ഇരിക്കുന്നുണ്ടായിരുന്നു.

“എന്താടാ പറ്റിയത് എന്തിനാ നീ കരയുന്നത് ”

“ഏയ് ഒന്നുമില്ലച്ഛാ…”

പതിയെ കണ്ണുനീർ തുടച്ച് ഞാൻ അച്ഛനെ നോക്കിയൊന്നു പുഞ്ചിരിച്ചു.

“മോനെ ആൺകുട്ടികൾ കരയാൻ പാടില്ലെടാ, കരഞ്ഞാലും അതു മറ്റാരും കാണാൻ പാടില്ലെടാ. എന്തു സംഭവിച്ചാലും ഇളകാതെ നിൽക്കണം”

തിരിച്ചൊന്നും പറയാനെനിക്ക് ഉണ്ടായിരുന്നില്ല. പക്ഷെ അറിയാതെയപ്പോഴും എന്റെ കണ്ണു നിറയുന്നുണ്ടായിരുന്നു. അപ്പോഴേക്കും അച്ഛനെന്നെ ചേർത്തു പിടിച്ചിരുന്നു.

” നീ എഴുന്നേറ്റു വാ നമ്മുക്ക് ഒരു സ്ഥലം വരെ പോകാം”

“ഞാനില്ല അച്ഛാ…”

“വാടാ….” അച്ഛനെന്റെ കൈയ്യും പിടിച്ചു അപ്പോഴേക്കും ആ പഴയ ബുള്ളറ്റിന്റെ അടുത്തേക്ക് നടന്നിരുന്നു.

അമ്മ മരിച്ചതിനു ശേഷം അച്ഛനിതുവരെ അത് ഓടിച്ചിട്ടില്ല. ബുള്ളറ്റിന്റെ പിറകിൽ കയറിയിരിക്കുമ്പോഴും ഞാൻ അച്ഛനിൽ നിന്നും കുറച്ചകലം പാലിച്ചിരുന്നു.പതിയെ അച്ഛനെന്റ കൈ പിടിച്ച് അച്ഛനിലേക്ക് എന്നെ ചേർത്തു നിർത്തുന്നുണ്ടായിരുന്നു.

ബുള്ളറ്റ് ദൂരങ്ങൾ താണ്ടുമ്പോൾ ഞാനും പതിയെ എന്റെ തല അച്ഛന്റെ തോളിൽ ചായക്കുന്നുണ്ടായിരുന്നു. ഇങ്ങനെ അച്ഛനുമൊത്ത് ഒരു യാത്ര അത് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല.

ബുള്ളറ്റ് ഒരു വലിയ മലയുടെ മുകളിലാണ് ചെന്നു നിന്നത്.ഇരുവശത്തും വലിയ താഴ്വരകളുള്ള അവിടെ ഒരു ചെറു കാറ്റ് വീശിക്കൊണ്ടേയിരിക്കുന്നുണ്ടായിരുന്നു.പതിയെ ബുള്ളറ്റിൽ നിന്നിറങ്ങി ഞാൻ മുൻപോട്ട് നടക്കുമ്പോൾ അച്ഛനും എന്റെയടുത്തേക്ക് വന്നു.

“പണ്ട് മനസ്സിനൊരു വിഷമം വന്നാൽ ഞാനിവിടെയാ വന്നിരിക്കാറുള്ളത്. കുറേ നേരം ഇവിടെയിങ്ങനെ ഇരുന്നു കഴിഞ്ഞാൽ മനസ്സിനു പിന്നെ വല്ലാത്തൊരു ആത്മവിശ്വാസമാ”

ഞാനച്ഛനെ നോക്കിയൊന്നു ചിരിച്ചു.

“പിന്നെയൊരു കാര്യം കൂടെയുണ്ട്.ഞാൻ നിന്റെ അമ്മയെ ആദ്യമായി കണ്ടതും ഇവിടെ വെച്ചായിരുന്നു.” അത്രയും പറഞ്ഞ് അച്ഛൻ എന്നെ നോക്കി പൊട്ടിച്ചിരിക്കുമ്പോൾ എന്തോ എന്റെ മനസ്സിലും ഒരു നേർത്ത പുഞ്ചിരി വിടരുന്നുണ്ടായിരുന്നു.

” ഇനി നീ പറയ് എന്താ നിന്റെ പ്രശ്നം ”

” അത് അച്ഛാ.. ”

” പറയെടാ ഞാനൊന്ന് കേൾക്കട്ടെന്ന് ”

ഞാനും അച്ചുവുമായി ഉണ്ടായിരുന്ന പ്രണയവും ഇന്നവൾ വന്നു പറഞ്ഞ കാര്യങ്ങളും ഞാൻ അച്ഛനോട് പറഞ്ഞു.

”അവളു രണ്ടു മൂന്നു വട്ടം നമ്മുടെ വീട്ടിൽ വന്നിട്ടില്ലേ ”

” വന്നിട്ടുണ്ട് ”

അച്ഛനെന്നെ നോക്കിയൊന്നു പുഞ്ചിരിച്ചു.

” വന്നു വണ്ടിയിൽ കയറെടാ ”

അച്ഛന്റെയൊപ്പം ബുള്ളറ്റിൽ പോകുമ്പോഴും മനസ് അവളുടെ ഓർമ്മകളിലൂടെ സഞ്ചരിക്കുകയായിരുന്നു.

” ഇറങ്ങെടാ ”

അച്ഛൻ പറഞ്ഞതു കേട്ട് തലയുയർത്തി നോക്കിയതും ഞാൻ ഞെട്ടിപ്പോയി. അത് അച്ചുവിന്റെ വീടായിരുന്നു.

“അച്ഛാ ഇത് ”

” നീയിവിടെ നിൽക്കെടാ ഞാനൊന്ന് സംസാരിച്ച് നോക്കട്ടെ “അച്ഛൻ എന്നെ നോക്കി ചിരിച്ചു കൊണ്ട് അകത്തേക്ക് കയറുന്നുണ്ടായിരുന്നു.

“അഭീ, നീയിതെന്ത് ആലോചിക്കാ താലികെട്ടെ ടാ”

അച്ഛന്റെ വാക്കുകളാണ് പഴയ ഓർമ്മകളിൽ നിന്നെന്നെ ഉണർത്തിയത്.
പതിയെ തിരുമേനി ഏൽപ്പിച്ച താലി കല്യാണമണ്ഡപത്തിൽ എന്റെ തൊട്ടപ്പുറത്തായിരിക്കുന്ന അച്ചുവിന്റെ കഴുത്തിലേക്ക് ഞാൻ ചാർത്തി. അപ്പോഴും അച്ഛനെന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. വലതുകാൽ വച്ചവൾ വീട്ടിലേക്ക് കയറുമ്പോഴും അച്ഛനെന്റെ അടുത്തുണ്ടായിരുന്നു.

“അച്ഛാ, അച്ഛനെങ്ങനെയാ അവളുടെ വീട്ടുകാരെ കൊണ്ട് ഈ കല്യാണത്തിനു സമ്മതിപ്പിച്ചത് ”

“മോനെ നമ്മുടെ ജീവിതത്തിൽ നമ്മളെ ഒരു പാട് സ്നേഹിക്കുന്നവർ ഉണ്ടാകും.അവരു നമ്മളെ വിട്ടു പോയി കഴിയുമ്പോഴാണ് നമ്മൾക്ക് മനസ്സിലാവുക അവർ നമ്മൾക്ക് എത്രത്തോളം പ്രിയപ്പെട്ടതായിരുന്നുവെന്ന്.അച്ഛനതു മനസ്സിലാക്കാൻ ഒരു പാട് വൈകിപ്പോയി ” ഇത്രയും പറഞ്ഞ് അച്ഛൻ തിരിഞ്ഞു നടക്കുമ്പോഴും അച്ഛൻ അമ്മയുടെ ഫോട്ടോയിലേക്ക് നോക്കി കണ്ണു നിറയ്ക്കുന്നുണ്ടായിരുന്നു.പതിയെ ഞാനും മാലയിട്ടു വച്ച അമ്മയുടെ ആ ഫോട്ടോയിലേക്ക് നോക്കുമ്പോൾ അമ്മ എന്നെ നോക്കി പുഞ്ചിരി തൂകുന്നുണ്ടായിരുന്നു.

ചിലതുണ്ട് ജീവിതത്തിൽ ഒരിക്കൽ നഷ്ടപ്പെട്ടാൽ പിന്നെ ഒരിക്കലും തിരിച്ചു കിട്ടാത്തതായ് .

രചന: Akhil Krishna

Leave a Reply

Your email address will not be published. Required fields are marked *