നിശബ്ദ… ചെറുകഥ വായിക്കാം

നിശബ്ദ… ചെറുകഥ വായിക്കാം…

രചന: Shelly Shawn

അത്താഴം കഴിക്കാതെതന്നെ വേണു മുറിയിലേക്ക് പോയി

”എന്താ മോനെ ,നിനക്ക് വയ്യേ ” അമ്മയുടെ ചോദ്യത്തിന് മറുപടി കിട്ടിയില്ല

‘ഓ, കല്യാണം കഴിഞ്ഞാ പിന്നെ അമ്മേം വേണ്ട ..അച്ഛനേം വേണ്ട …മുറിക്കകത്ത് കയറി ഇരുന്നോളും” ആത്മഗതങ്ങൾ

മീരയും കഴിച്ചില്ല, പിന്നാലെ ചെന്ന് കാര്യം തിരക്കി

”എന്താ ഏട്ടാ ”

”നീ ഒന്ന് മിണ്ടാതെ പോവുന്നുണ്ടോ, ഇവിടെ തലയ്ക്ക് തീ പിടിച്ചു ഇരിക്കുമ്പോഴാ !! ”

”എന്താണെങ്കിലും എന്നോട് പറഞ്ഞൂടെ ”

ഏറെ നിർബന്ധിച്ചപ്പോൾ

”രാവിലെ തൊട്ട് തുടങ്ങുന്ന പണി, ഒന്നും മിണ്ടാതെ എല്ലാം ചെയ്തു തീർത്ത് കൊടുത്താലും എന്തെങ്കിലും കുറ്റവും കുറവും കണ്ടു പിടിക്കും, ശമ്പളം ആണെങ്കിലോ – അതും തുച്ഛം. മടുത്തു ഈ നശിച്ച ജോലി, ഒന്ന് പോവുന്നുണ്ടോ ശല്യപ്പെടുത്താതെ ”

അവൾ ഒന്നും മിണ്ടിയില്ല.

രാവിലെ വേണു ഉണരും മുൻപേ തുടങ്ങുന്ന പണിയാണ്, അദ്ദേഹത്തിന്റെ ബെഡ്‌കോഫി യിൽ തുടങ്ങി ചുളുവില്ലാത്ത ഷർട്ടിലും പൊതിച്ചോറിലും എത്തി നിൽക്കുന്ന നെട്ടോട്ടം.

വേണു ഓഫിസിലേക്ക് പോയി കഴിഞ്ഞാൽ അടിച്ചു തുടയ്ക്കലും പാത്രം മോറലും തുണി അലക്കലുമായി പുരോഗമിക്കുന്ന ദിനം വൈകിട്ടത്തെ പാചകത്തോടെ വെന്തു തീരുമ്പോൾ പണിയില്ലാത്തവൾ എന്ന അമ്മായിയമ്മയുടെ കുത്തുവാക്ക് മാത്രമാണ് ശമ്പളം

നീണ്ട നേരത്തെ മൗനത്തിനൊടുവിൽ തലയുയർത്തി അവൾ ചോദിച്ചു

”അപ്പൊ ഈ ഞാനോ വേണുവേട്ടാ ….”

അശ്രു കണങ്ങൾ വിറയ്ക്കുന്ന കവിളുകളിലൂടെ ഒഴുകി പരന്നപ്പോൾ അവ പറയാതെ പറഞ്ഞ കാര്യം എന്തായിരുന്നിരിക്കണം ?

എന്റെ സങ്കടങ്ങൾ ഞാൻ ആരോട് പറയണം എന്ന് ഉള്ളുലയ്ക്കുന്ന ചോദ്യമോ ?

പരസ്പരം പറയാൻ അന്ന് അവർക്കേറെ ഉണ്ടായിരുന്നിരിക്കണം. വിളക്കുകൾ അണഞ്ഞിട്ടും നിലയ്ക്കാത്ത സംഭാഷണങ്ങൾ…

രചന: Shelly Shawn

Leave a Reply

Your email address will not be published. Required fields are marked *