ഭാര്യ ഒരു വരം

രചന: രോഹിത വിജേഷ്

“കറന്റ് ബില്ല് അടച്ചിട്ടില്ല…. ഇതിപ്പോ പിഴ കൂട്ടി അടക്കേണ്ട ദിവസം ഇന്നാ… ആരോടു പറയാനാ?? പോത്തു പോലെ വളർന്നല്ലോ ടാ… നിനക്കൊന്നു പോയി അടച്ചൂടെ അപ്പു??അതെങ്ങനാ!!! എല്ലാറ്റിനും ഓടി നടക്കാൻ ഞാനൊരുത്തി ണ്ട് ലോ ലെ… ആർക്കും ഒരുത്തരവാദിത്തോം വേണ്ടല്ലോ…

“അമ്മെ!! ആ ഫോണിന്റെ അവിടുന്ന് മാറിയിരുന്നോ…. രാവിലേ തന്നെ ആരെ വിളിക്കാനാ?? ഒരു ലാൻഡ് ഫോൺ…. ഞാൻ അത് കട്ട് ചെയ്തു കളയും… ഏതു സമയത്തും അതില് കുത്തി പിടിച്ചിരിക്കലാ പണി… ചായ ചൂടാറി…അമ്മേടെ ഒരു അന്യത്തിമാർക്ക് വിളിക്കല്… അവർക്കോക്കേം ഫോണുണ്ടല്ലോ… ആരേലും ഒരാളൊന്നു ഇങ്ങോട്ട് വിളിക്കാ.. ഏ!!! ഹേ!!! …. ഒക്കേം വല്യ കാശുകാരണല്ലോ… എന്തേലും മിണ്ടണെൽ ഇവിടുന്നങ്ങോട്ട് വിളിക്കണം… ഒക്കെ ശരിയാക്കി തരുന്നുണ്ട് ഞാൻ… കഴുതയെ പോലെ ചുമടെടുക്കാൻ ഞാനുണ്ടല്ലോ ഇവിടെ……”

“ടി ചാരു!! ആ ടീവി ഓഫാക്കി പോയി കുളിക്കേടി.. ഏത് നേരോം ടീവി ടീവി… നിന്റെ അമ്മ അതിലാണോ ടി നിന്നെ പെറ്റിട്ടെ?? നാളെ മേലാക്കാം വേറൊരു വീട്ടില് ചെന്ന് കേറേണ്ട പെണ്ണാ.. തിന്ന പാത്രം കഴുകി വെക്കില്ല.. പോയി കുളിച്ചു റെഡിയാവെടി …കോളേജിലേക്ക് പോണം ന്നുള്ള വിചാരല്യ പെണ്ണിന്….”…..

” അമ്മെ…. ഉണ്ണിക്കുട്ടൻ ഉമ്മറത്ത് തന്നെയില്ലെന്നു നോക്കിയേ…. ഇന്നലെ അവനാ തെക്കേ തൊടിയിലേക്ക് കേറിയിരുന്നു.. വല്ല ചേരയോ മറ്റോ കണ്ടാ,അത് മതി പേടിക്കാൻ…….. അമ്മ കേക്കുന്നുണ്ടോ??”…..

” അവൻ ഉമ്മറത്തിരുന്നു കളിക്കാണെന്റെ ശ്രീയെ”…… അമ്മ ചായയും കുടിച്ചോണ്ട് അടുക്കളയിലേക്ക് നോക്കി പറഞ്ഞു…..

രാവിലെ തന്നെ ശ്രീയുടെ പാഴ്യാരം പറച്ചില് കേട്ടോണ്ടാണ് എണീക്കുന്നത്.. ഇന്ന് ഞാനുള്ളോണ്ട് ലേശം കൂടും… പ്രത്യേകിച്ചും ഇന്നലെ കുറച്ചു ഓവർ ആയാണ് വീട്ടിലെത്തിയെ….. അതോണ്ട് അവൾടെ ദേഷ്യോം കൂടും…. ഇതിവിട്ത്തെ സ്ഥിരം കലാ പരിപാടിയാണ്.. ഒരു നൂറു കൂട്ടം കാര്യങ്ങള് ചെയ്യണെന്റെ ഇടേലും അവള് നിർത്താതെ കലമ്പി കൊണ്ടിരിക്കും.. ശ്രീ….. ശ്രീദേവി!!! എന്റെ ശ്രീക്കുട്ടി… എന്റെ പാതിജീവൻ……

എണീച്ചു ചെന്ന് നോക്കുമ്പോൾ അടുക്കളയിൽ പൊരിഞ്ഞ പണിയിലാണവൾ… ഒരു അടുപ്പത്ത് ദോശ ഉണ്ടാക്കുന്നു, മറ്റേ അടുപ്പത്ത് ചോറ് കിടന്നു തിളക്കുന്നു, മറ്റൊരു അടുപ്പത്താണെങ്കിൽ ഇടിച്ചക്ക തോരൻ പാകമാകാറായി കിടക്കുന്നു.. അതിലേക്കുള്ള നാളികേരം ചിരകുകയാണവൾ… രാവിലെ വീട്ടിലൊരു യുദ്ധക്കളമാണ്.. അവളാണ് തേരാളി…
ചിലപ്പോൾ തോന്നും അവൾക്ക് പത്തു കൈയുണ്ടെന്ന്.. അത്രക്ക് വേഗതയിലാണ് അവളോരോ കാര്യങ്ങളും ചെയ്തു തീർക്കാറ്…….

പാവം….. എല്ലാ കാര്യത്തിനും അവള് ഒറ്റയ്ക്ക് ഓടണം.. കഴിഞ്ഞ ഒന്നര കൊല്ലായി ഇതാ സ്ഥിതി.. സർക്കാരുദ്യോഗസ്ഥൻ ആയോണ്ട് , പറ്റിയ പറ്റാണ്.. ചിലർക്ക് പിടിക്കാത്തത് ചെയ്തപ്പോൾ കിട്ടിയ ട്രാൻസ്ഫർ… വീട്ടിൽ നിന്നും ഒരുപാട് ദൂരെ… രണ്ടാഴ്ച കൂടുംമ്പോ ഒന്ന് വരും… അവളാണ് വീട്ടിലെ കാര്യങ്ങളൊക്കെ നോക്കുന്നത്.. അമ്മയെയും അനിയത്തിയെയും അനിയനെയും പൊന്നു പോലെയാണവൾ നോക്കുന്നത്.. ചിലപ്പോ തോന്നും അവളാണ് എന്റെ അമ്മയുടെ രക്തം ന്ന്… അച്ഛനും അമ്മേം ചെറുപ്പത്തിലേ മരിച്ചു പോയതാണ് അവളുടെ.. അകന്ന ഒരു ബന്ധുവിന്റെ വീട്ടിൽ അഭയാർത്ഥിയെ പോലെ കഴിയുകയായിരുന്നു പാവം…… ഒരു സർക്കാരുദ്യോസ്ഥൻ ആയോണ്ട് ഇഷ്ട്ടം പോലെ നല്ല ബന്ധങ്ങൾ കിട്ടുമായിട്ടും ഞാൻ തെരഞ്ഞെടുത്തത് ശ്രീയെയാണ്… ആരുമില്ലാത്ത അവൾക്ക് ബന്ധങ്ങളുടെ വില നന്നായി മനസ്സിലാകും എന്നെനിക്കുറപ്പായിരുന്നു… എന്റെ ധാരണ ഒട്ടും തെറ്റിയില്ല….. എന്റെ അമ്മയെയും കുടുംബത്തെയും എന്നേക്കാൾ സ്നേഹിക്കുന്നത് അവളാണ്…….

ഈ വായിട്ടലക്കല് മാത്രേ ള്ളു പാവത്തിന്.. ചാരുനെ കൊണ്ട് ഒരു പാത്രം പോലും തൊടീക്കില്ല്യ…. ഒന്നും ചെയ്യിക്കില്ല്യ… ചോദിച്ച പറയും… കേറി ചെല്ലണ വീട് എങ്ങിനത്തെ ആണെന്നറിയില്ലല്ലോ ഏട്ടാ… അവൾക്കിവിടെ ആവുമ്പോഴല്ലേ ഒന്നും ചെയ്യാണ്ടിരിക്കാൻ പറ്റൂ……

അപ്പു പ്പൊ ഡിഗ്രിക്ക് പഠിക്കണ ചെക്കനാ… അവനെ കൊണ്ട് അടപ്പിച്ചാ മതി ആ ബില്ല്.. പറഞ്ഞാ കേക്കില്ല.. അപ്പൊ പറയും അവനാ വെയില് മുഴോനും കൊള്ളണ്ടേ ന്ന്?? അമ്മക്ക് വേണ്ടി മാത്രാണ് ലാൻഡ് ഫോൺ ഇപ്പൊഴും കട്ട് ആക്കാതെ വെക്കണേ… എത്രയോ തവണ ഞാനത് കട്ട് ആക്കാൻ ഒരുങ്ങിയതാ…. അപ്പൊ അവള് പറയും… അമ്മടെ ആകെ ഉള്ള സന്തോഷാ അത്… അത് കട്ട് ആക്കല്ലേ എട്ടാന്ന്……. ഇങ്ങിനൊരു പെണ്ണ്….

“ദാ ചായ!!!
വേണോ ആവൊ?? അതോ പിരിയോ?? ”

മുഖം കനപ്പിച്ചു കൊണ്ടവൾ പറഞ്ഞു..

“എന്റെ ശ്രീയമ്മേ!! ഇങ്ങിനെ വീർപ്പിച്ചു കെട്ടിയാ മോന്ത പൊട്ടും…”

അവനവളെ ചേർത്തു പിടിച്ചു നിറുകയിലൊരു മുത്തം കൊടുത്തു…

“അയ്യേ… നാറീട്ട് വയ്യ!! ഇന്നലെ എപ്പോ വരാംന്നു പറഞ്ഞു പോയതാന്ന് ഓർമണ്ടോ?? കൂട്ടുകാരെ കിട്ടിയ പിന്നെ ന്നെ വേണ്ടല്ലോ… കുടിച്ചു കുന്തം മറിഞ്ഞു വീട്ടില് കേറിയപ്പോ പാതിരയായിരുന്നു… ആകെ രണ്ടു ദിവസിനായാ ഒന്ന് വരാ… അന്നും നിക്ക് കിട്ടില്യാ… ന്നിട്ടിപ്പൊ കൊണിയാൻ വരുന്നു.. പോ അവിടുന്ന്… പാല് അടുപ്പത്തു വെച്ചിരിക്കാ… പോയി കുളിച്ചിട്ട് വായോ.. ”

“ഓ!!! അത് ശരി… പ്പൊ നിക്കായോ കുറ്റം….. നിന്നോട് ഞാൻ എത്ര വട്ടം പറഞ്ഞു എന്റെ കൂടെ അങ്ങോട്ട് വരാൻ?? ഇവിടെ അപ്പു ഇല്ലേ?? അവൻ മുതിർന്ന കുട്ടിയായില്ലേ പ്പോ……. അവൻ നോക്കിക്കോളും എല്ലാം ന്ന് പറഞ്ഞാ അത് കേക്കില്ല.. പിന്നെ ഞാൻ വന്നാ പരാതി പറച്ചിലും.. എനിക്കിഷ്ട്ടണ്ടായിട്ട് പോണതാണോ ശ്രീ…. ന്താ ചെയ്യാ?? ജോലിയില്ലെങ്കില്….. പോ പെണ്ണെ!!!” അവനവളെ ചേർത്ത് പിടിച്ച കൈ അയച്ചു….

എന്റെ മുഖമൊന്നു വാടിയാൽ അവളുടെ നെഞ്ച് പൊടിയും.. സ്നേഹിക്കാൻ മാത്രമറിയാവുന്ന പെണ്ണാണവൾ….. എന്റെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്തവൾ പറഞ്ഞു…….

“അയ്യോ ന്റെ ഏട്ടന് സങ്കടായോ?? ഞാൻ ഒന്നും വിചാരിച്ചു പറഞ്ഞതല്ല….. ഏട്ടനറിയാലോ…… അമ്മ തറവാട് വിട്ടു വരില്ല.. അമ്മേം ചാരുനേം അപ്പുനേം ഒറ്റക്കാക്കി ഞാനെങ്ങനെയാ ഏട്ടന്റെ കൂടെ വരാ?? അപ്പു മുതിർന്നു ന്ന് ആരാ പറഞ്ഞെ?? ഇത്തിരി പൊക്കം വെച്ചുന്നല്ലാണ്ട് ആ ചെക്കന് ഒരു കുടുംബം കൊണ്ട് നടത്താറൊന്നും ആയില്ല്യ…. പിന്നെ…..അവരൊന്നും ഇല്ലാണ്ട് നിക്ക് പറ്റില്യ ഒറ്റക്ക്……. ആരൂല്യാത്തോർക്കെ അതിന്റെ വെല അറിയൂ…. അമ്മയെ വിട്ട് ഞാനെങ്ങടും ല്യാ….”

“അപ്പൊ ഞാനില്ലാണ്ടേ പറ്റും ലെ പെണ്ണിന്……??”

” പോ ഏട്ടാ !! ”

അവള് കൈക്കൊരു നുള്ളും തന്നു ഓടാനാഞ്ഞു.. അവളെ ചുറ്റിപിടിച് കവിളത്തൊരു കടി കൊടുത്തിട്ട് ചോച്ചു….

“അല്ല മോളെ ഉണ്ണികുട്ടന് ഒരു അനിയത്തിയെ കൊടുക്കാറായില്ലേ??”……

“അയ്യടാ!! മാറി നിന്നോ അങ്ങട്… ആദ്യം ചാരുനെ ഒരാൾടെ കയ്യിലേല്പിച്ചു കൊടുക്കണം… ന്നിട്ട് മതി ഉണ്ണിക്കുട്ടന്റെ അനിയത്തികുട്ടിയൊക്കെ…… ഈശ്വരാ!!! പാല് തിളച്ചു തൂവിക്കാണും… ഈ അച്ചുവേട്ടന്റെ പൊന്നാരം കാരണം പാല് പോയി കാണും…… ഇനീപ്പോ വൈന്നേരത്തെ ചായക്ക് ഞാൻ പാലിന് വേണ്ടി ആദ്യേ രാധേച്ചിടെ അവിടേക്ക് ഓടേണ്ടി വരും…… മാറ് ഏട്ടാ…..”…..

എന്നെ തട്ടി മാറ്റി അടുക്കളയിലേക്ക് ഓടി പോകുന്ന അവളെ നോക്കി നിന്നപ്പോൾ ഞാനോർക്കുകയായിരുന്നു, ചങ്ക് പറിച്ചു സ്നേഹിക്കുന്ന ഒരു ഭാര്യയെക്കാൾ വിലപ്പെട്ടതൊന്നും ഈ ലോകത്തുണ്ടാവില്ല…… അവളുടെ സ്നേഹത്തെക്കാൾ വലിയൊരു നിധിയും ലഭിക്കാനുമില്ല…. ഭാര്യ ഒരു നിധിയാണ്… ഒരമൂല്യനിധി!!!!!

ശുഭം

രചന: രോഹിത വിജേഷ്

Leave a Reply

Your email address will not be published. Required fields are marked *