ഒരു പ്രണയകാലം…

രചന: ചാരുത ദേവ്

വൈകിട്ട് കോളേജിൽ നിന്നും ഇറങ്ങി നടക്കുമ്പോൾ ആണ് മഴ ചാറാൻ തുടങ്ങിയത്… കുടയില്ലാത്തത് കൊണ്ട് കൈയിൽ ഉള്ള പുസ്തകം കൊണ്ട് തല മറച്ച് ബസ്സ്റ്റോപ്പിലേക്ക് ഓടിക്കയറി… മഴവെള്ളം വീണ് തെന്നിക്കിടക്കുകയായിരുന്നു… സ്ലിപ് ആയി ആരുടെയോ ദേഹത്ത് ചെന്നിടിച്ചു…

“ടപ്പേ…”

പെട്ടെന്നായിരുന്നു കരണത്ത് നല്ല ശക്തിയിൽ ഒരു അടി വീണത്… ഒരു നിമിഷത്തേക്ക് കിളി പോയി… കണ്ണിൽ ഒക്കെ ഒരു മൂടൽ… ഒരു വെള്ളവസ്ത്രം ധരിച്ച രൂപം മുന്നിൽ നിൽപ്പുണ്ട്… തല കുടഞ്ഞു നേരെ നോക്കിയതും ആദ്യം കണ്ടത് അവളുടെ മേൽച്ചുണ്ടിലെ മറുകാണ്… പിന്നെ ആ ഉണ്ടക്കണ്ണുകൾ… അവിടുന്ന് നേരെ ചുണ്ടിലേക്ക് വന്നപ്പോഴാണ് അവൾ എന്റെ നേരെ അലറുകയാണെന്ന് ഞാൻ മനസ്സിലാക്കിയത്…

“തന്നെപ്പോലെ ഉള്ളവർ കാരണം പെൺപിള്ളേർക്ക് ഇറങ്ങി നടക്കാൻ വയ്യെന്നായി… ഇത്രേം നേരം ഗാങ് കൂടി ഉള്ള കമന്റ് അടി ആയിരുന്നു.. ഇപ്പൊ ദേഹത്തേക്ക് വന്നു കേറുന്നോ… തന്നെ ഒക്കെ തല്ലുകയല്ല കൊല്ലുകയാണ് വേണ്ടത്… ഇത്രക്ക് മൂത്തിരിക്കുക ആണെങ്കിൽ പോയി വല്ല മുള്ളുമുരിക്കിലും കേറ്…”

ഇപ്പൊ സംഭവം പിടികിട്ടി… അടുത്ത കോളേജിലെ കുറച്ച് പയ്യന്മാർ ഗാങ് കൂടി വായ്‌നോക്കാൻ വന്നിരിപ്പുണ്ട്… അവരിൽ ഒരാളാണ് ഞാൻ എന്ന് കരുതി ആണ് അവൾ എനിക്കിട്ട് പൊട്ടിച്ചത്… സംഭവം എക്സ്‌പ്ലൈൻ ചെയാം എന്ന് കരുതിയപ്പോഴേക്കും ദേ അവളുടെ ബസ് വന്നു… എന്നെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ പുള്ളിക്കാരി ഓടി ചെന്ന് ബസിൽ കേറി… വിൻഡോ സീറ്റിൽ ഇരുന്ന അവളുടെ മുഖത്തേക്ക് മഴത്തുള്ളികൾ വീഴുന്നുണ്ടായിരുന്നു… ഞാൻ നോക്കുന്നത് കണ്ടപ്പോൾ എന്നെ ഒന്ന് കലിപ്പിച്ചു നോക്കിയിട്ട് അവള് ഷട്ടർ താഴ്ത്തി… ബസ് പോകുന്നതും നോക്കി ഞാൻ നിന്നു…
ഉള്ളിൽ എന്തോ സംഭവിക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു… വീട്ടിലേക്കുള്ള ബസ് കയറുമ്പോഴും മനസ്സിൽ അവളായിരുന്നു…

ഏതായാലും അവൾക്ക് പറ്റിയ തെറ്റിദ്ധാരണ തിരുത്തണം എന്ന് ഞാൻ ഉറപ്പിച്ചു… പിറ്റേന്ന് അതേ സമയം ബസ് സ്റ്റോപ്പിൽ ഞാൻ എത്തി… കൂടെ വിശാഖും ഉണ്ടായിരുന്നു… പ്രതീക്ഷിച്ചത് പോലെ അവൾ അവിടെ നിൽപ്പുണ്ടായിരുന്നു… എന്നെക്കണ്ടതും അവൾ മുഖം വീർപ്പിച്ചു… പക്ഷേ ഞാൻ പുഞ്ചിരിച്ചുകൊണ്ട് അടുത്ത് ചെന്ന് ഇന്നലെ യഥാർത്ഥത്തിൽ സംഭവിച്ചത് എന്തെന്ന് അവളോട്‌ പറഞ്ഞു… പക്ഷേ അവൾ വിശ്വസിക്കാൻ കൂട്ടാക്കിയില്ല… പക്ഷേ കോളേജ് യൂണിഫോമും കാര്യങ്ങളും അടക്കം പറഞ്ഞു കൊടുത്തപ്പോൾ തനിക്ക് പറ്റിയ അബദ്ധം അവൾക്ക് മനസിലായി…
ചെറു ചമ്മലോടെ അവൾ സോറി പറഞ്ഞു…

“സാരമില്ലെടോ… എനിക്ക് ഇന്നലെ തന്നെ കാര്യങ്ങൾ മനസിലായി… പിന്നെ തന്നെ അതൊന്നു ബോധ്യപ്പെടുത്തണം എന്നുണ്ടായിരുന്നു… അതുകൊണ്ട് വന്നതാ…”

“എനിക്ക് ശരിക്കും അബദ്ധം പറ്റിയതാ… എങ്ങനെ മാപ്പ് ചോദിക്കണം എന്ന് അറിയില്ല.. അവർ കുറെ നേരമായി അവിടെ നിന്ന് കമന്റ് അടിക്കുന്നു.. പെട്ടെന്ന് വന്ന ദേഷ്യത്തിൽ യൂണിഫോം ഒന്നും നോക്കാൻ ഞാൻ നിന്നില്ല… റിയലി സോറി…”

“ഇറ്റ്സ് ഓക്കേ…”

“ഐ ആം അഞ്ജലി… ഫൈനൽ ഇയർ ബി. കോം… ”

“ഐ ആം ആനന്ദ്… എംഎസ്ഡബ്ള്യൂ ഫൈനൽ ഇയർ… ഇതെന്റെ ഫ്രണ്ട്
വിശാഖ്… ”

ആ സംഭാഷണം പുതിയൊരു സൗഹൃദത്തിനു തുടക്കമായിരുന്നു… ഞാനും അഞ്ജലിയും വിശാഖും… മൂവർ സംഘം… സന്തോഷത്തിന്റെ നാളുകൾ… ഇടയിൽ എവിടെയോ സൗഹൃദത്തിനും അപ്പുറത്തേക്ക് പ്രണയമായ് വളർന്നരുന്നു അഞ്ജലിയോടുള്ള എന്റെ അടുപ്പം… പരസ്പരം പറഞ്ഞില്ലെങ്കിലും ഓരോ നോട്ടത്തിലും ആ പ്രണയം ഞാൻ കൈമാറി… അങ്ങനെ മൂന്ന് വർഷങ്ങൾ കടന്നുപോയി…

പെട്ടെന്നൊരു ദിവസം വൈകിട്ട് അവളുടെ ഫോൺ വന്നു… മുറചെറുക്കനുമായുള്ള അവളുടെ വിവാഹം വീട്ടുകാർ ഉറപ്പിച്ചു എന്നും, ഇന്ന് രാത്രി അവൾ വീട്ടിൽ നിന്ന് ഇറങ്ങും, കൂട്ടാൻ ചെല്ലണം എന്നുമായിരുന്നു അവൾ പറഞ്ഞത്… കൂടുതൽ ഒന്നും ചിന്തിക്കാനോ പറയാനോ നിന്നില്ല… രാത്രി അവളുടെ വീട്ടിൽ ചെന്ന് ആരും കാണാതെ അവളെ ഇറക്കിക്കൊണ്ട് വന്നു… അങ്ങനെ എന്റെ കൈ പിടിച്ച് അവൾ പുതിയൊരു ജീവിതത്തിലേക്ക് നടന്നുകയറി…

( 4 വർഷങ്ങൾക്ക് ശേഷം…)

“ചിരിച്ചേ, ചിന്നൂട്ടി ചിരിച്ചേ…”

കുഞ്ഞു മോണ കാട്ടി അവൾ ചിരിക്കുമ്പോൾ അഞ്ജലി കടന്നുവന്നു…

“ദാ ആനന്ദ്, ചായ…”

ചായ വാങ്ങിക്കൊണ്ട് ഞാൻ
അവളോട്‌ പറഞ്ഞു…

“നമ്മുടെ ചിന്നൂട്ടിയുടെ ചിരി നിന്റേതു പോലെ തന്നെയാണ്… ശരിക്കും അമ്മമോള്…”

അവൾ നാണത്തോടെ ചിരിച്ചു… പെട്ടന്ന് പുറത്ത് ഒരു കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ടു…

“വിശാഖ് വന്നു എന്ന് തോന്നുന്നു…”

ഞാൻ മെല്ലെ എഴുന്നേറ്റ് പുറത്തേക്ക് നടന്നു…

“ടാ ആനന്ദേ, എത്ര നാളായെടാ കണ്ടിട്ട്… എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ… ”

“സുഖമാടാ.. നിനക്കോ…? ”

“പിന്നേ, പരമസുഖം… എന്നാലും വരുന്ന കാര്യം നിനക്ക് നേരത്തെ പറയാമായിരുന്നു… ഇതിപ്പോ ഓഫീസിൽ നിന്നിറങ്ങാൻ ഞാൻ ലേറ്റ് ആയി പോയില്ലേ…”

“അതൊന്നും സാരമില്ലെടാ… ഞാൻ ജോലിയുടെ ഒരു ആവശ്യത്തിന് ഇവിടെ അടുത്ത് വന്നപ്പോൾ ചുമ്മാ കയറിയെന്നെയുള്ളൂ… വിളിച്ചു പറഞ്ഞിട്ടുള്ള വരവൊക്കെ പിന്നൊരിക്കൽ ആവാം… ഇപ്പൊ ഞാൻ ഇറങ്ങട്ടെ… നീ വരാൻ വെയിറ്റ് ചെയുകയായിരുന്നു…”

ചിന്നൂട്ടിയെ അവന്റ കൈയിലേക്ക് കൊടുത്ത് ഞാൻ പതിയെ ഇറങ്ങി നടന്നു… കാലടികൾ മുന്നോട്ട് വെക്കുംതോറും എന്റെ ഓർമ്മകൾ പിന്നോട്ട് സഞ്ചരിച്ചു… അഞ്ജലി എന്നെ ഫോൺ വിളിച്ച ആ വൈകുന്നേരം ഞാൻ ഓർത്തു…

“ഹലോ ടാ, നീ എവിടെയാ..? ”

“ഞാൻ വീട്ടിൽ ഉണ്ട്, എന്താടി കാര്യം…? ”

“ടാ ഞാൻ പറഞ്ഞിട്ടില്ലേ എന്റെ ഒരു മുറചെറുക്കന്റെ കാര്യം.. വീട്ടുകാർ അവനും ആയിട്ടുള്ള എന്റെ വിവാഹം ഉറപ്പിച്ചു… ഞാൻ കുറെ പറഞ്ഞു നോക്കി.. പക്ഷേ ആരും എന്റെ വാക്ക് കേൾക്കുന്നില്ല…”

“എന്നിട്ട്…? ”

“ടാ, അത് പിന്നെ…”

“എന്താടി…? ”

“ഞാനും വിശാഖും തമ്മിൽ 2 വർഷം ആയിട്ട് ഇഷ്ടത്തിൽ ആണ്… നിന്നോട് ഞങ്ങൾ അത് മറച്ചു വെച്ചു… തെറ്റാണ്… അറിയാം… പക്ഷേ… നീ അത് എങ്ങനെ എടുക്കും എന്ന് പേടി ആയിരുന്നു… പക്ഷേ ഇപ്പൊ… നിനക്ക് അറിയാലോ അവൻ നാട്ടിൽ ഇല്ല… ഇന്റർവ്യൂന് ബാംഗ്ലൂർ പോയിരിക്കുവാ… എനിക്കിപ്പോ ആകെ ഉള്ള ആശ്രയം നീയാണ്… ഇന്ന് രാത്രി ഞാൻ വീട്ടിൽ നിന്നും ഇറങ്ങും… നീ എന്നെ കൂട്ടാൻ വരണം… ഇല്ലെങ്കിൽ നാളെ നേരം പുലരുന്നത് കാണാൻ ഞാൻ ഉണ്ടാവില്ല…”

വരാം എന്ന ഉറപ്പിൽ ഫോൺ വെക്കുമ്പോഴും ഉള്ളു നീറുകയായിരുന്നു… പക്ഷേ മനസ്സിൽ തോന്നിയ ഇഷ്ടം തുറന്നു പറയാതെ മനസ്സിൽ സൂക്ഷിച്ചിട്ട്‌ അത് കണ്ണിൽ നോക്കി മനസ്സിലാക്കാത്തതിൽ അവളെ തെറ്റുപറഞ്ഞിട്ട് കാര്യം ഇല്ലെന്ന് ഞാൻ മനസ്സിലാക്കി… ആ രാത്രി അവളെ വീട്ടിൽ നിന്നും ഇറക്കിക്കൊണ്ട് വന്ന് വിശാഖിന്റെ കൈകളിൽ ഏൽപ്പിക്കുമ്പോൾ അവരുടെ പ്രണയം എങ്കിലും സഫലമാകുന്നതിൽ ഞാൻ സന്തോഷിക്കാൻ ശ്രമിച്ചു… ഉള്ളിൽ കുത്തിവിങ്ങുന്ന വേദന ഉണ്ടായിരുന്നെങ്കിലും…

കണ്ണുകൾ നിറഞ്ഞു തുടങ്ങിയപ്പോൾ ഓർമകളിൽ നിന്ന് ഞാൻ മെല്ലെ പുറത്തുവന്നു… ഒന്ന് തിരിഞ്ഞു നോക്കി… വീടിന്റെ ഉമ്മറത്ത് അവർ നിൽപ്പുണ്ട്… അവളെ അവഞാൻ ചേർത്തുപിടിച്ചിട്ടുണ്ട്… മെല്ലെ ഒന്ന് പുഞ്ചിരിച്ച് ഞാൻ നടന്നകന്നു…
നഷ്ടപ്പെട്ട മനോഹരമായ ഒരു പ്രണയത്തിന്റെ ഓർമ്മകളും മനസ്സിൽ സൂക്ഷിച്ചുകൊണ്ട്… അവൾക്ക് സമ്മാനിക്കാൻ ആയി ഞാൻ വാങ്ങിയ ഒരു കുഞ്ഞു മാല ചിന്നൂട്ടിയുടെ കഴുത്തിൽ കിടന്ന് തിളങ്ങുന്നുണ്ടായിരുന്നു…

വാൽകഷണം : പണ്ട് ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ മനസ്സിൽ വന്ന ഒരു കഥ ആണ്… വലുതാവുമ്പോ ഇത് ഒരു ആൽബം ആയി ഷൂട്ട് ചെയ്യണം എന്ന് വല്യ ആഗ്രഹം ആയിരുന്നു… കൂട്ടുകാരോടൊക്കെ അന്ന് പറഞ്ഞിരുന്നു…പക്ഷേ വലുതായപ്പോ ഞാൻ അത് മറന്നു.. ഇന്നലെ ഒരു കൂട്ടുകാരി വിളിച്ചപ്പോൾ അവൾ ഇതിനെപ്പറ്റി ചോദിച്ചു… അപ്പോ തോന്നി ഒരു കഥ ആയി ഇത് എഴുതാം എന്ന്… പോരായ്മകൾ ഉണ്ടാകാം… ഒരു ആറാം ക്ലാസുകാരിയുടെ കഥയായ് മാത്രം കണ്ടാൽ മതി…

അമ്മൂട്ടൻ…❤
രചന: ചാരുത ദേവ്

Leave a Reply

Your email address will not be published. Required fields are marked *