തനു, വളരെ മനോഹരമായ ഒരു ചെറുകഥ വായിക്കാം

രചന: ഗായത്രി വാസുദേവ്

തുളസിത്തറയിൽ വെക്കാനുള്ള ദീപവുമായി തനു പടിയിറങ്ങി വരുമ്പോഴാണ് പടിപ്പുര കടന്നു കിരൺ വരുന്നത് കണ്ടത്. അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു അവൾ വീണ്ടും പടിപ്പുരയിലേക്ക് കണ്ണ് പായിച്ചപ്പോൾ കിരൺ ഒരു ചിരിയോടെ പറഞ്ഞു

” തനുക്കുട്ടി നോക്കണ ആൾ വന്നിട്ടില്ല. ഞാൻ ഒറ്റക്കേ ഉള്ളൂ. വേഗം പ്രാർത്ഥിച്ചിട്ട് വാ ഒരു കാര്യം ഉണ്ട്. ”

അതും പറഞ്ഞവൻ അകത്തേക്ക് നടന്നു. വിളക്ക് വെച്ച് കണ്ണടച്ചു നിൽക്കുമ്പോഴും അവളുടെ ഉള്ള് നിറയെ കിരണേട്ടന്റെ പതിവില്ലാത്ത വരവ് എന്തിനാണെന്ന ആലോചന ആയിരുന്നു. വേഗം പ്രാർത്ഥിച്ചു കയറുമ്പോൾ ഹാളിൽ അച്ഛനും അമ്മയ്ക്കും ഒപ്പം ഇരുന്ന കിരൺ അവളെ വിളിച്ചു.

” തനൂ ദാ താലി പണിഞ്ഞു കിട്ടിയിട്ടുണ്ട്. നിനക്ക് ഇഷ്ടായോ ന്നു നോക്ക് കുട്ടീ. ”

ഉള്ളം കയ്യിലേക്ക് കിട്ടിയ കാർത്തി എന്ന് പേരുകൊത്തിയ താലിയിലൂടെ ഒന്ന് വിരലോടിച്ചവൾ പുഞ്ചിരിച്ചു. ഇഷ്ടായെന്നു തലയാട്ടി അവൾ കിരണിനെ ഒന്ന് നോക്കി .. ആ നോട്ടത്തിന്റെ അർത്ഥം മനസിലാക്കി എന്നോണം അവൻ പറഞ്ഞു

” കാർത്തിക്കിന് എന്തോ അത്യാവശ്യം അവൻ ടൗൺ വരെ പോയി . അതാ ഞാൻ ഇറങ്ങിയത്. അല്ലെങ്കിൽ അവൻ തന്നെ വന്നേനെ. ”
മുഖത്തു പ്രസന്നത നിറക്കാൻ ശ്രെമിച്ചു അവൾ വീണ്ടും പുഞ്ചിരിച്ചു.

“എന്നാ ഞാൻ ഇറങ്ങട്ടെ അങ്കിൾ? അമ്മ ഒറ്റക്കേ ഉള്ളൂ. ”

അച്ഛനോട് പറഞ്ഞുകൊണ്ട് കിരൺ എണീറ്റ് പുറത്തേക്ക് നടന്നു. ഒപ്പം പടിപ്പുര വരെ തനുവും.

“എന്താ കല്യാണപ്പെണ്ണിന് ഒരു സന്തോഷം ഇല്ലാത്തെ? ”
കിരൺ കളിയായി തനുവിനോട് ചോദിച്ചു.

“ഒന്നുമില്ല കിരണേട്ടാ ”

“മ്മ് എന്ത് സങ്കടം ഉണ്ടെങ്കിലും അതൊക്കെ അങ്ങ് മാറ്റി വെച്ചേക്ക്. എന്നിട്ട് സന്തോഷത്തോടെ വേണം എന്റെ അനിയന്റെ മണവാട്ടി ആയി അങ്ങോട്ട് വരാൻ. കേട്ടല്ലോ. ”

മറുപടിയായി അവനെ നോക്കി ഒന്ന് തലയാട്ടി ചിരിച്ചുകൊണ്ട് അവൾ ഉമ്മറത്തേക്ക് വന്നു കയറി. പെട്ടന്നാണ് ഫോൺ ബെൽ അടിക്കുന്നത് കേട്ടത്. മുറിയിലേക്ക് ചെന്നു ഫോൺ നോക്കിയതും അഞ്ചു കാളിങ്. അഞ്ചു തനുവിന്റെ ചങ്ക് കൂട്ടുകാരിയാണ്.

തനു ഫോൺ എടുത്ത് കാതോരം ചേർത്തു.

” എന്താ അഞ്ചൂ? ”

” തനുവേ എന്റെ അക്കൗണ്ടിംഗ് ന്റെ ബുക്ക്‌ കാണുന്നില്ല. നിന്റെ ബാഗിൽ എങ്ങാനും ഉണ്ടോന്നു നോക്കിക്കേ. ”
കോൾ കട്ട്‌ ചെയ്യാതെ തന്നെ തനു ബാഗ് തപ്പി നോക്കി.

” അഞ്ചൂ ബുക്ക്‌ എന്റെ ബാഗിൽ ഉണ്ട് കേട്ടോ. നീയെന്തിനാ അത് എന്റെ ബാഗിൽ വെച്ചത്? ”

” നീ ഒന്നും നോക്കാതെ വാരി എടുത്തോണ്ട് പോയതല്ലേ. ആ ഇനിയിപ്പോ നാളെ അവധിയല്ലേ ഞാൻ അവിടെ വന്നു എടുത്തോളാം. ”

” മ്മ് ശെരി ”

“തനൂ പിന്നേ…. ”

” എന്താ അഞ്ചൂ? ”

” എടീ നിന്റെ കാർത്തിയേട്ടന്റെ പഴേ ആ തേപ്പുപെട്ടി ഇല്ലേ . പുള്ളിക്കാരി നാട്ടിൽ ലാൻഡ് ചെയ്തിട്ടുണ്ട്. ഡിവോഴ്സ് ആയെന്നാ കേട്ടത്. ”

“ആര് അശ്വതി ചേച്ചിയോ? ”

” മ്മ് അത് തന്നെ. ”

തനു ഒന്നും മിണ്ടാതെ നിന്നു.

” തനൂ എന്താടി മിണ്ടാത്തെ? ”

“ഒന്നുമില്ല ”

പെട്ടന്നാണ് താഴെ നിന്നു തനുവിനെ വിളിക്കുന്നത് അവൾ കേട്ടത്.

“അഞ്ചൂ ഏട്ടൻ വന്നെന്നു തോന്നുന്നു. എന്നെ വിളിക്കുന്നുണ്ട്. ഞാൻ വെക്കുവാണേ . കുറച്ചു കഴിഞ്ഞ് വിളിക്കാം”.

“ശെരി ഡീ. നീ പോയിട്ട് വാ “.

ഫോൺ വെച്ച് തനു താഴേക്ക് ഇറങ്ങി ചെന്നു. തനുവിന്റെ ഏട്ടൻ അർജുൻ ജോലി കഴിഞ്ഞ് എത്തിയിട്ടുണ്ടായിരുന്നു.

“തനൂ ദാ ഇൻവിറ്റേഷൻ കാർഡ് അടിച്ചു കിട്ടിയിട്ടുണ്ട്. നിന്റെ ഫ്രണ്ട്‌സ് നു കൊടുക്കാൻ ഇത്രേം മതിയോ എന്ന് നോക്കിക്കേ ”

മതിയെന്ന് തലയാട്ടി അവൾ ആ cover വാങ്ങി കയ്യിൽ വെച്ചു.

%%%%%%%%%%%%%%

അത്താഴം കഴിഞ്ഞ് മുറിയിൽ എത്തി അവൾ ആ കല്യാണക്കുറി കയ്യിൽ എടുത്തു. സ്വർണ ലിപികളിൽ കാർത്തിക് വെഡ്സ് തനു എന്നെഴുതിയതിൽ അവൾ തന്റെ ചുണ്ടുകൾ ചേർത്ത് ചിരിച്ചുകൊണ്ട് കട്ടിലിലേക്ക് കിടന്നു. തന്റെ കാർത്തിയെ ഓർത്തു കിടന്നവൾ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു.

%%%%%%%%%%%%

രാവിലെ കുളിച്ചൊരുങ്ങി അമ്പലത്തിലേക്ക് ഇറങ്ങാൻ നേരം ഒരു ഇൻവിറ്റേഷൻ കാർഡ് കയ്യിലെടുക്കാൻ തനു മറന്നില്ല. കണ്ണന് മുന്നിൽ കണ്ണടച്ചു തൊഴുമ്പോഴും അവളുടെ മനസ്സിൽ നിറയെ കാർത്തി ആയിരുന്നു.

തൊഴുതിറങ്ങി കാർത്തിയുടെ വീടിന്റെ മുന്നിലൂടെയുള്ള വഴിയേ വീട്ടിലേക്ക് പോകാൻ തനു ഇറങ്ങി. കാർത്തിയെ കണ്ടാൽ അവനെ കാണിക്കാനായി അവളാ കല്യാണക്കുറി തന്റെ കൈകളിൽ മുറുകെ പിടിച്ചിരുന്നു.

ഗേറ്റിനു അരികിൽ കുറച്ചു സമയം നിന്നെങ്കിലും കാർത്തിയെ കാണാത്തത് കൊണ്ട് തനു അകത്തേക്ക് കയറാൻ തന്നെ തീരുമാനിച്ചു.
കാർത്തിയുടെ മുറിയുടെ ചാരിയ വാതിൽ തള്ളി തുറന്നതും തനു കണ്ടത് കാർത്തിയെ കെട്ടിപിടിച്ചു നിക്കുന്ന ഒരു പെണ്ണിനെ ആണ്. വാതിൽ തുറക്കുന്ന ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയപ്പോഴാണ് തനു ആ പെണ്ണിനെ കണ്ടത്.

” അശ്വതി ചേച്ചി ”

തനുവിന്റെ ചുണ്ടുകൾ മന്ത്രിച്ചു. കണ്ടത് വിശ്വസിക്കാനാവാതെ തറഞ്ഞു നിൽക്കുമ്പോഴാണ് അശ്വതി തനുവിന്റെ അടുത്തേക്ക് വന്നത്.

“നിനക്ക് ഒരു മാനേഴ്സ് ഇല്ലേ? ഒരു റൂമിലേക്ക് വരുമ്പോ നോക്ക് ചെയ്തിട്ട് വരണം എന്ന് അറിഞ്ഞൂടെ?”

അശ്വതി തനുവിന്റെ നേരെ ചീറി.

“ഐ ആം സോറി” എന്ന് മാത്രം പറഞ്ഞു തല കുനിച്ചു തനു അവിടെ നിന്നു ഇറങ്ങി. വീട്ടിലേക്കുള്ള വഴി അത്രയും എങ്ങനെയോ തനു നടന്നു തീർത്തു.

പലപ്പോഴും കണ്ണീർ വന്നു മൂടി കാഴ്ചയാകെ മറച്ചു. പലപ്പോഴും താൻ വീണു പോകുമെന്ന് തന്നെ തനുവിന് തോന്നി. വന്നു കയറിയപാടെ മുറിയിലേക്ക് കടന്നു ബെഡിലേക്ക് വീണു തനു പൊട്ടിക്കരഞ്ഞു. ഹൃദയം പൊട്ടിയുള്ള അവളുടെ കരച്ചിലിന്റെ ചീളുകൾ ആ മുറിയാകെ പ്രതിധ്വനിച്ചു.

ഫോണിലേക്ക് വന്ന മെസ്സേജിന്റെ സൗണ്ട് കേട്ടാണവൾ കണ്ണ് തുറന്നത്. പരിജയം ഇല്ലാത്ത നമ്പറിൽ നിന്നു വന്ന ആ ഫോട്ടോ ഓപ്പൺ ചെയ്തതും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

അറിയാതെ തന്നെ മോതിരവിരലിൽ കിടന്ന കാർത്തി അണിയിച്ച മോതിരത്തിലേക്ക് അവളുടെ കണ്ണുകൾ പതിഞ്ഞു. തലവേദന എന്നും പറഞ്ഞു ആ മുറിയിൽ നിന്നു പുറത്തിറങ്ങാതെ അവൾ തന്റെ സങ്കടങ്ങൾ എല്ലാം തലയിണയിൽ ഒഴുക്കി തീർത്തു.

%%%%%%%%%%%%%%

രാവിലെ കിരൺ ആണ് കാർത്തിയെ വിളിച്ചു എണീപ്പിച്ചത്.

“ഡാ കാർത്തീ എണീക്ക്. തനു ഹോസ്പിറ്റലിൽ ആണ്. നമുക്ക് ഒന്ന് അവിടെ വരെ പോണം. വേഗം റെഡിയാക്. ”

” എന്താ ഏട്ടാ പറ്റിയത്? ”

” നീ വേഗം വാ പറയാം. ”

കിരൺ തിടുക്കത്തിൽ പുറത്തേക്ക് പോയ്‌.
പരിഭ്രമത്തോടെ കാർത്തി വേഗം റെഡി ആയി ഇറങ്ങി. ഹോസ്പിറ്റലിൽ എത്തിയപ്പോഴേക്കും തനുവിനെ റൂമിലേക്ക് മാറ്റിയിരുന്നു. വാതിൽ തുറന്ന് അകത്തു കയറിയ കാർത്തിയുടെ മിഴികൾ കണ്ണടച്ചു കിടക്കുന്ന തനുവിൽ പതിഞ്ഞു. ഇടത്തെ കൈത്തണ്ടയിലെ കെട്ടിലേക്ക് നീങ്ങിയ അവന്റെ മിഴികൾ ഒരു നിമിഷം തറഞ്ഞു നിന്നു.

കാർത്തിയുടെ നോട്ടം കണ്ടു അർജുൻ അവന്റെ തോളിൽ ഒന്ന് തോട്ടു . ഞെട്ടി തിരിഞ്ഞു നോക്കിയ അവനോട് അർജുൻ പറഞ്ഞു

“എന്താ സംഭവിച്ചേന്നു അറിയില്ല കാർത്തി. ഇന്നലെ അമ്പലത്തിൽ നിന്നു വന്നപ്പോ തൊട്ട് ഒരേ കിടപ്പായിരുന്നു. രാവിലെ കോളേജിലേക്ക് എന്നും പറഞ്ഞു ഇറങ്ങി കുറച്ചു നേരം കഴിഞ്ഞ് വന്നു നേരെ മുറിയിലേക്ക് പോയ്‌. കുറെ നേരമായിട്ടും അനക്കം ഒന്നും കാണാതെ ഞാൻ കേറി നോക്കുമ്പോഴാ. ഞാൻ ഒരല്പം വൈകിയിരുന്നെങ്കിൽ എന്റെ തനു. ”

അർജുൻ കണ്ണ് തുടച്ചുകൊണ്ട് കിരണിന്റെ കൈ പിടിച്ചു പുറത്തേക്ക് ഇറങ്ങിപ്പോയി. മുറിയിൽ തനുവും കാർത്തിയും മാത്രം അവശേഷിച്ചു.

പതിയെ അവൾക്കരികിലേക് ചെന്ന് അവൻ അവളുടെ കൈ പിടിച്ചു. കണ്ണ് തുറന്നതും മുൻപിൽ നിക്കുന്ന കാർത്തിയെ കണ്ടു തനുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

” എന്താ ഈ കാണിച്ചു വെച്ചത് തനൂ? ”

ഒന്നും മിണ്ടാത്തെ തല കുനിച്ചവൾ തന്റെ വിരലിൽ കിടന്ന കാർത്തി അണിയിച്ച മോതിരം ഊരി അവനു നേരെ നീട്ടി.

” ഞാൻ ഈ മോതിരത്തിനും കാർത്തിയേട്ടന്റെ താലിക്കും അർഹതപ്പെട്ടവൾ അല്ലെന്നു എനിക്ക് അറിയാം. ഏട്ടൻ ഒരിക്കൽ പോലും എന്നെ ഇഷ്ടമാണെന്നു പറഞ്ഞിട്ടില്ല. വിവാഹ നിശ്ചയത്തിന് ശേഷവും ഒരിക്കൽ പോലും എന്നെ വിളിക്കുകയോ കാണാൻ വരികയോ ചെയ്യാതിരുന്നപ്പോൾ എങ്കിലും ഞാൻ മനസിലാക്കണമായിരുന്നു കാർത്തിയെട്ടനു എന്നോട് ഞാൻ ആഗ്രഹിക്കുന്ന പോലെ ഒരു സ്നേഹം ഇല്ലന്ന്. വീട്ടുകാരുടെ നിർബന്ധത്തിനാ എന്നെ കാണാൻ വന്നതെന്ന് അറിഞ്ഞപ്പോൾ തന്നെ ഞാൻ എന്നോടുള്ള ഇഷ്ടക്കേട് മനസിലാക്കേണ്ടതായിരുന്നു. പക്ഷേ അശ്വതിച്ചേച്ചിയെ മറന്നു എന്നെങ്കിലും എന്നെ സ്നേഹിക്കും എന്നുള്ള എന്റെ വിശ്വാസം അതായിരുന്നു ഏറ്റവും മണ്ടത്തരം. സ്കൂളിൽ പഠിക്കുമ്പോഴേ മനസ്സിൽ കേറിയ ഇഷ്ടത്തെ വിട്ടു കളയാൻ തോന്നിയില്ല,, അതെന്റെ സ്വാർത്ഥത. പക്ഷേ ഇപ്പൊ നിങ്ങൾക്കിടയിലെ തടസ്സം ഞാൻ ആണെന്നും ഞാൻ തന്നെ മാറി തരണം എന്നും ഏട്ടനായിട്ട് തന്നെ പറയുമ്പോ ഇനി ഞാൻ കാത്തിരുന്നിട്ടും കാര്യം ഇല്ലല്ലോ. ഈ മോതിരത്തിനു അവകാശി വന്ന സ്ഥിതിക്ക് ഇനി ഇത് എന്റെ കയ്യിൽ ഇരുന്നിട്ട് കാര്യം ഇല്ലല്ലോ ”

മിഴികൾ തുടച്ചു അവൾ കാർത്തിയെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രെമിച്ചു.

” തനൂ നീ വിചാരിക്കും പോലെ അല്ല. ഇന്നലെ നീ കണ്ടത് ”

കാർത്തിയെ പറയാൻ അനുവദിക്കാതെ തനു അവനെ കൈ ഉയർത്തി തടഞ്ഞു.

” വേണ്ടാ ഏട്ടാ എനിക്ക് എല്ലാം മനസിലാകും. അശ്വതി ചേച്ചി എന്നെ കാണാൻ വന്നിരുന്നു. എല്ലാം പറഞ്ഞു എന്നോട് ”

” എന്ത് പറഞ്ഞെന്നു? ”

കാർത്തി അത്‍ഭുതത്തോടെ ചോദിച്ചു.

” ഇന്നലെ തന്നെ ഫോട്ടോസ് ഒക്കെ എനിക്ക് അയച്ചിരുന്നു. ഇന്ന് രാവിലെ എന്നെ കാണാൻ ഇടവഴിയിൽ കാത്ത് നിന്നിരുന്നു. എല്ലാം പറഞ്ഞു നിങ്ങളുടെ സ്നേഹവും കാർത്തിയെട്ടനു വേണ്ടി ചേച്ചി തിരിച്ചുവന്നതും. ഒന്നിച്ചു ജീവിക്കാൻ ഞാൻ ആണ് തടസ്സം എന്നും. അതോണ്ട് എന്നോട് ഈ കല്യാണത്തിൽ നിന്നു പിന്മാറാൻ കാർത്തി ഏട്ടൻ പറയാനായി ചേച്ചിയെ ഏൽപ്പിച്ചതും എല്ലാം. ”
അവസാനം ആയപ്പോഴേക്കും അവളുടെ ശബ്ദം ഇടറിയിരുന്നു.

” പെട്ടന്ന് കേട്ടപ്പോ എനിക്ക് സഹിക്കാൻ പറ്റിയില്ല.. അതാ ഞാൻ ഇങ്ങനെ… കാർത്തിയേട്ടൻ ഇല്ലാത്തെ ജീവിക്കാൻ പറ്റില്ലാന്ന് തോന്നിയൊരു നിമിഷത്തെ പൊട്ടത്തരം. സാരമില്ല. ഞാൻ.. ഞാൻ ശപിക്കുവൊന്നുമില്ല. കാർത്തിയേട്ടൻ സന്തോഷായിട്ട് ജീവിച്ചാൽ മതി.. അച്ഛനോടും അമ്മയോടും ഞാൻ പറഞ്ഞോളാം. ”

” അശ്വതി എന്ത് ഫോട്ടോയാ കാണിച്ചത്? ”

കാർത്തി ഗൗരവത്തോടെ ചോദിച്ചു. തനു ടേബിളിൽ ഇരുന്ന ഫോൺ ചൂണ്ടി കാണിച്ചു. ഫോൺ എടുത്ത് നോക്കിയതും വോൾപേപ്പറിൽ തന്റെ ചിരിക്കുന്ന മുഖം കണ്ടു അവൻ അവളുടെ മുഖത്തു നോക്കി.

അവൾ വേഗം ഫോൺ വാങ്ങി ലോക്ക് അഴിച്ചു ഫോട്ടോ കാണിച്ചു കൊടുത്തു. ആദ്യത്തെ രണ്ട് മൂന്നു ഫോട്ടോയിൽ താനും അശ്വതിയും ചേർന്ന് നിക്കുന്ന ഫോട്ടോസ് ആയിരുന്നു. അടുത്ത ഫോട്ടോ ഒരു ചാറ്റിന്റെ സ്ക്രീൻഷോട്ട് ആയിരുന്നു.

അതിൽ കാർത്തി അവളോട് ചോദിക്കുന്നു നിനക്ക് എന്നോട് ഇപ്പോഴും പഴയ ഇഷ്ടം ഉണ്ടോ എന്ന്. അവൾ ഉണ്ടെന്നു പറയുന്നു. ഞാൻ ഇപ്പോഴും നിന്നെയോർത്തു ജീവിക്കുകയാണെന്നു കാർത്തി പറയുന്നു. അത് കണ്ടതും കാർത്തിയുടെ മുഖത്തൊരു ചിരി വിരിഞ്ഞു.

“ഇത് കണ്ടിട്ടാണോ നീ ചാകാൻ പോയത്? ഈ ചാറ്റിന്റെ ബാക്കി നീ കണ്ടോ തനൂ? ”

അവൾ ഇല്ലന്ന് തലയാട്ടി. കാർത്തി തന്റെ ഫോൺ തുറന്ന് അശ്വതിയുടെ ചാറ്റ് എടുത്ത് തനുവിന്റെ കയ്യിലേക്ക് കൊടുത്തു. തനു അത് വായിച്ചു തുടങ്ങി.

അശ്വതി :- നീ ഇപ്പോഴും എന്നെ ഓർത്തു ഇരിക്കുകയാണോ?

കാർത്തി :- അതെ ഇപ്പോഴും നിന്നെ ഓർത്താണ് ഞാൻ ജീവിക്കുന്നത്

അശ്വതി :- മ്മ്

കാർത്തി :- ഡീ നിനക്ക് എന്നോട് ഇപ്പോഴും ആ പഴയ ഇഷ്ടം ഉണ്ടോ?

അശ്വതി :- മ്മ് ഉണ്ട്. ഞാൻ നിനക്ക് വേണ്ടിയാ തിരിച്ചു വന്നത്.

കാർത്തി :- അതെയോ? എന്നാൽ ഇനി നമുക്ക് ഒന്നിച്ചു ജീവിക്കാം അല്ലേ?

അശ്വതി :- അതെ കാർത്തി love you.

കാർത്തി :- എടീ മോളെ നിന്റെ ചാട്ടം എങ്ങോട്ടാ എന്നൊക്കെ എനിക്ക് അറിയാം. അതങ്ങു കയ്യിൽ വെച്ചാൽ മതി. പണ്ടൊരു ഗൾഫ്‌കാരനെ കണ്ടപ്പോൾ എന്നെ മറന്നു പോയതല്ലേ നീ? ഇപ്പൊ അവനെ പറ്റിച്ചേച്ചു ഇനി എന്റെ ജീവിതം കുട്ടിച്ചോറാക്കണം അല്ലേ? ആരാ പറഞ്ഞെ ഞാൻ നിന്നെ ഓർത്തു ജീവിക്കുവാണെന്നു? എനിക്ക് വേണ്ടി കാത്തിരിക്കാനും എന്നെ സ്നേഹിക്കാനും ഒരു പെണ്ണുണ്ട് എനിക്ക്. എന്റെ തനു. നിന്നെപ്പോലെ സമ്പത്തു കാണുമ്പോ അവളെന്നെ ഇട്ടേച്ചു പോകത്തില്ല. ഞങ്ങടെ കല്യാണം ആണ് രണ്ടാഴ്ച കഴിഞ്ഞ്. മോള് വന്നു കല്യാണം കൂടിയിട്ട് പൊയ്ക്കോ കേട്ടോ. ഇനി മേലാൽ എനിക്ക് മെസ്സേജ് അയച്ചേക്കരുത്. നീ നമ്പർ തപ്പിയെടുത്തു വിളിച്ചപ്പോഴേ എനിക്ക് തോന്നി എന്തേലും ഉടായിപ്പ് ആയിരിക്കും എന്ന്.

വായിച്ചു നിർത്തി തനു കണ്ണുയർത്തി കാർത്തിയെ നോക്കി.

“പകുതി ഭാഗം മാത്രമേ അവൾ നിന്നെ കാണിച്ചിട്ടുള്ളു. അത് കേട്ട് ഉടനെ വിശ്വസിക്കാൻ നീയും. ”

“അപ്പൊ അന്ന് വീട്ടിൽ വെച്ച് കെട്ടിപിടിച്ചു ”
തനു വിക്കി വിക്കി ചോദിച്ചു.

” അവൾ മാപ്പ് പറഞ്ഞു സൗഹൃദം പുതുക്കാൻ വന്നതാ. കണ്ടപാടെ എന്നെ കേറി കെട്ടിപിടിച്ചു. നീ പോയ ഉടനെ മറുപടി അവളുടെ കവിളത്തു കൊടുത്തിട്ടുണ്ട് ഞാൻ. അതിന്റെ ദേഷ്യത്തിലാരിക്കും ഇതെല്ലാം കാണിച്ചു കൂട്ടിയത്. ”

തനു ഒന്നും മിണ്ടാത്തെ തല കുനിച്ചിരുന്നു. അവളുടെ കയ്യിലെ മുറിവിലേക്ക് നോക്കും തോറും തന്റെ ഹൃദയമിടിപ്പ് കൂടി വരുന്നത് കാർത്തി അറിഞ്ഞു. എന്റെ പെണ്ണ്, എനിക്ക് വേണ്ടി മുറിവേറ്റവൾ കാർത്തിയുടെ മനസ് മന്ത്രിച്ചു.

“തനൂ നോക്ക്. നിന്നെ എനിക്ക് ഇഷ്ടമല്ലാതെയാ ഈ കല്യാണം നടക്കുന്നത് എന്ന് മാത്രം താൻ ചിന്തിക്കരുത്. തന്നെ കാണാൻ വന്നത് ഇഷ്ടമില്ലാതെ ആയിരുന്നു. നിനക്ക് എന്നെ സ്നേഹിക്കാൻ പറ്റുമോ എന്നും ഒരിക്കൽ കൂടി വഞ്ചിക്കപ്പെടുമോ എന്നുള്ള ഭയവും എനിക്കുണ്ടായിരുന്നു . അതുകൊണ്ട് തന്നെയാ അകലം പാലിച്ചു നിന്നത്. പക്ഷേ നിശ്ചയത്തിന് ശേഷം ഒരിക്കൽ അഞ്ചു എന്നെ കാണാൻ വന്നിരുന്നു. അവൾ പറഞ്ഞു സ്കൂൾ കാലം തൊട്ടേ നിന്റെ മനസ്സിൽ ഞാൻ ആണെന്ന് നിന്നെ വേദനിപ്പിക്കരുതെന്നു. ”

തനു അത്ഭുതത്തോടെ മിഴികൾ ഉയർത്തി അവനെ നോക്കി. ഒരു കള്ളച്ചിരി ചിരിച്ചുകൊണ്ട് കാർത്തി അവളുടെ കൈകളിൽ പിടിച്ചു.

“പിന്നെ ഒരിക്കൽ ഞാൻ നിന്റെ വീട്ടിൽ വന്നിരുന്നു. അന്ന് നിന്റെ മുറിയിൽ നിന്റെ ഡയറി കണ്ടു. അതിൽ മുഴുവൻ എഴുതി നിറച്ച എന്നെ കണ്ടു ഞാൻ അഭുതപ്പെട്ടുപോയി. ഒരാൾക്കു എന്നോട് ഇത്രേം സ്നേഹം ഉണ്ടായിരുന്നത് അറിയാതെ പോയല്ലോ എന്നോർത്തായിരുന്നു എന്റെ സങ്കടം മുഴുവൻ. പിന്നെയോർത്തു കല്യാണം കഴിഞ്ഞ് ഇതെല്ലാം തുറന്നു പറഞ്ഞു ഈ ജന്മം മുഴുവൻ സ്നേഹിച്ചു കൊല്ലാമെന്ന്. അതിന്റെ ഇടക്ക് നീ പഠിപ്പിൽ ഉഴപ്പാതെ ഇരിക്കാൻ വേണ്ടിയാ വിളിക്കുക പോലും ചെയ്യാതിരുന്നത്. പക്ഷേ അത് ഇങ്ങനെയൊക്കെ ആയി തീരുമെന്ന് ഞാൻ കരുതിയില്ല. ”

ഒരു മുത്തശ്ശിക്കഥ കേൾക്കുന്ന പോലെ തന്നെ നോക്കിയിരിക്കുന്ന തനുവിനെ കണ്ടു കാർത്തിക്ക് ചിരി വന്നു. അവളെ ചേർത്ത് പിടിച്ചാ നെറുകയിൽ ഒന്ന് ചുംബിച്ചു അവൻ ചോദിച്ചു

“ഇപ്പൊ വിശ്വാസായോ എന്റെ തനുകുട്ടിക്ക്‌? ”

അവൾ നാണത്തോടെ തലയാട്ടി പുഞ്ചിരിച്ചു.

“ഇനി ആരെങ്കിലും എന്നെ ചോദിച്ചുവന്നാൽ നീ കൊടുക്കുവോ? ”

ഇല്ല എന്ന് തലയാട്ടി അവൾ കണ്ണുകൾ അമർത്തിതുടച്ചു. തനു ഊരിവെച്ച മോതിരം എടുത്തവൻ തനുവിന്റെ മോതിരവിരലിലേക്ക് ഇട്ടു കൊടുത്തു.

” ഈ കാർത്തിക്ക് ഒരു അവകാശി മാത്രമേയുള്ളു അതെന്റെ തനു ആണ്. മനസിലായോ നിനക്ക്? ഇനി നല്ല കുട്ടി ആയിട്ട് ഒന്ന് ചിരിച്ചേ ”

തനുവിന്റെ മുഖത്തു വിരിഞ്ഞ ചിരിയിലും ഒരു വേദന നിഴലിച്ചത് കണ്ട് കാർത്തി അവളുടെ കൈത്തണ്ടയിലെ മുറിവിലേക്ക് തന്റെ അധരങ്ങൾ ചേർത്തു. നാണത്തോടെ മുഖം കുനിച്ച അവളെ തന്നിലേക്ക് അടുപ്പിച്ചു. തന്റെ ജീവനെ തന്നിലേക്ക് ചേർത്ത് വെച്ചതിനു നിശബ്ദമായി ദൈവത്തോട് നന്ദി പറഞ്ഞു അവളും അവനോട് ചേർന്നിരുന്നു.

രചന: ഗായത്രി വാസുദേവ്

Leave a Reply

Your email address will not be published. Required fields are marked *