സ്നേഹത്തണല്‍…..

രചന: Adhya Thulasi

ഒരുപാട് പേരുടെ സമ്മര്‍ദങ്ങള്‍ക്ക് ഒടുവില്‍ ഞാന്‍ തളര്‍ന്ന് പോയി എന്നതാണ് സത്യം. കുഞ്ഞങ്ങളെ രണ്ടു പേരെയും കൂട്ടി തിരികെ ഫ്ലാറ്റില്‍ എത്തുമ്പോള്‍ ഞാന്‍ ക്ഷീണിച്ചു പോയിരുന്നു. കൈയും മുഖവും കഴുകി മകള്‍ വിളക്ക് തെളിച്ചു മോന്‍ ചേച്ചിയുടെ ഒപ്പം ഇരുന്നു നാമം ജപിച്ചു. അപ്പോഴും ഞാന്‍ സോഫയില്‍ തന്നെ കിടപ്പ് ആയിരുന്നു. പ്രാര്‍ഥനയും മറ്റും കഴിഞ്ഞ് എന്റെ നെറ്റിയില്‍ വന്ന് കൈ വച്ച് നോക്കി മക്കള്‍ ചോദിച്ചു

” പനി ഇല്ല അമ്മയ്ക്ക് പിന്നെ എന്ത് പറ്റി..?” അവര്‍ എന്നെ തന്നെ നോക്കി.

“ഒന്നുമില്ല…മിന്നു നീ ആ ഫോണ്‍ എടുത്ത് ഫുഡ് ഓര്‍ഡര്‍ ചെയ്തോ മോളെ ..അമ്മയ്ക്ക് ഇന്ന് ഒട്ടുമേ വയ്യ….” ഞാന്‍ സോഫയില്‍ നിന്ന് എഴുന്നേറ്റ് പറഞ്ഞു.

മക്കള്‍ എന്നെ അത്ഭുതത്തോടെ നോക്കി. എത്ര വയ്യേങ്കിലും മക്കള്‍ക്ക്‌ ‍ കഴിവതും വീട്ടിലെ ഭക്ഷണം മാത്രമേ നല്‍കുകയുള്ളൂ. പുറത്ത് പോയി ഭക്ഷണം കഴിക്കുന്നത് പോലും അപൂര്‍വ്വം.
“ഉബറില്‍ ഫുഡ് ഓര്‍ഡര്‍ ചെയ്യാന്‍ കൊതി ആകുന്നു അമ്മേ”
എന്ന് മിന്നു എത്രയോ വട്ടം പറഞ്ഞിട്ട് ഉണ്ട്. അവരെ ഒന്ന് തഴുകി ഞാന്‍ റൂമിലേക്ക്‌ കേറി. കുളിച്ചതിന് ശേഷം മാറാന്‍ ഉള്ള വസ്ത്രവും എടുത്ത് നേരെ ബാത്‌റൂമില്‍ കേറി കതക് അടച്ചു. പിന്നെ അടഞ്ഞ വാതില്‍ ചാരി അങ്ങനെ നിന്നു. എത്രയോ തവണ തളര്‍ന്ന് പോയോ അപ്പോള്‍ എല്ലാം ഇത് പോലെ കുളിയറകള്‍ക്ക് അകത്ത് ഇരുന്ന് കരഞ്ഞ് തീര്‍ത്തിട്ട് ഉണ്ട്. എല്ലാ പെണ്‍ക്കുട്ടികളെയും പോലെ വിവാഹത്തെ പറ്റി എനിക്ക് നിറമുള്ള സങ്കല്പങ്ങള്‍ ആയിരുന്നു. വീട്ടുകാര്‍ പറഞ്ഞ കോഴ്സ് എടുത്ത് പഠനം അവര്‍ പറഞ്ഞ കമ്പനിയില്‍ ജോലി സ്വീകരിച്ചു. ഒടുവില്‍ അവര്‍ കണ്ടെത്തിയ പുരുഷന് ഒപ്പം കൂടി. അശ്വിന്‍ സ്വതേ ഒരു മിണ്ടാപ്പൂച്ചയാണ്. പെണ്ണ് കാണാന്‍ വന്നപ്പോള്‍ ആരോ പറയുന്നത് കേട്ട് ഞാന്‍ ചിരിച്ചു. നല്ല സുന്ദരന്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എങ്കിലും എന്തോ ഒരു കുറവ് പോലെ എനിക്ക് തോന്നി.

ആദ്യം ആദ്യം ഉള്ള ഫോണ്‍ വിളികളില്‍ മുഴുവന്‍ നിറഞ്ഞു നിന്ന ചോദ്യം എനിക്ക് എത്ര ആണ്‍ സുഹൃത്തുക്കള്‍ ഉണ്ട് എന്ന് ആയിരുന്നു. പിന്നീട് എന്റെ പഠന കാലം മുഴുവന്‍ വിമന്‍സ് കോളേജിലും സ്കൂളിലും ആണ് എന്ന് അറിഞ്ഞപ്പോള്‍ എന്റെ ബന്ധുക്കളില്‍ എത്ര ആണ്‍ കുട്ടികളോട് എനിക്ക് അടുത്ത ബന്ധം ഉണ്ട് എന്ന ചോദ്യം ആയി. ആദ്യ പ്രണയം അല്ലേ പിന്നെ ഞാന്‍ കണ്ടതും കേട്ടതും ആയിട്ടുള്ള പ്രണയ കഥയില്‍ നായകന്‍ എപ്പോഴും അമിത സ്നേഹവും പരിപാലനവും ആയിരിക്കും. പക്ഷേ കാര്യങ്ങളുടെ ഗതി മാറിയത് വളരെ പെട്ടന്ന് ആണ്. ഓഫീസില്‍ നിന്ന് എല്ലാവരും തേക്കടിയില്‍ വിനോദ സഞ്ചാരത്തിന് പോകും വഴി അശ്വിന്‍ എന്നെ ബസില്‍ നിന്ന് വിളിച്ചിറക്കി കൊണ്ട് പോയി. അപ്പോള്‍ വിവാഹ നിശ്ചയം കഴിഞ്ഞ സമയം ആയിരുന്നു. ആദ്യം ഒരു കോളിളക്കം സൃഷ്ട്ടിച്ചു എങ്കിലും അശ്വിന്റെ കരഞ്ഞു കാല് പിടിത്തവും അമ്മയുടെ ആധിയും എന്നെ വീണ്ടും ആ ബന്ധത്തില്‍ തുടരാന്‍ പ്രേരിപ്പിച്ചു. വിവാഹം നല്ല രീതിയില്‍ കഴിഞ്ഞു. കൊച്ചിയിലെ ഞങ്ങളുടെ വീട്ടില്‍ നിന്നും അശ്വിന്റെ ജോലി സ്ഥലമായ ആലപ്പുഴയിലേക്ക് ഞങ്ങള്‍ മാറി. എന്റെ ജോലിയും കാറ്റില്‍ പറന്നു.

” ആലപ്പുഴയിലും ജോലി കിട്ടും, എന്താ ഇവിടെ വിട്ടു പിരിയാന്‍ പറ്റാത്ത എന്ത് എങ്കിലും ബന്ധം ഉണ്ടോ തനിക്ക്??” ….

അശ്വിന്റെ ആ ചോദ്യത്തില്‍ ഞാന്‍ ജോലി രാജി വച്ചു. പുതിയ സ്ഥലവും വീടും എല്ലാം എനിക്ക് കൂടുതല്‍ അസ്വസ്ഥ ഉണ്ടാക്കി.എന്നെ പുറത്ത് ഇറങ്ങാന്‍ സമ്മതിക്കാത്തത് അല്ല ഞാന്‍ പോകുന്ന എല്ലാ സ്ഥലത്തും അയാള്‍ എത്തുന്നതാണ് എന്റെ പ്രശ്നം. മിനിറ്റ് വച്ചുള്ള ഓരോ ഫോണ്‍ കോളും കൂടുതല്‍ എന്നെ ബുദ്ധിമുട്ടിലാക്കി. “ഫോണ്‍ തിരക്കില്‍ ആണ്” എന്ന ഒരു സന്ദേശം കേട്ടാല്‍ മതി അയാള്‍ വീട്ടില്‍ ഓടി എത്തും. അയല്‍വക്കം പോലും അറിയാതെ ഒടുവില്‍ ആ വീട്ടില്‍ രണ്ടു വര്ഷം താമസിച്ചു. ഇതിന് ഇടയില്‍ എന്റെ വീട്ടിലേക്ക് പോയത് പോലും വിരളം. എല്ലാ മക്കളെയും പോലെ ഞാനും എല്ലാം ഉള്ളില്‍ ഒതുക്കി.അപ്പോഴേക്കും‍ ഗര്‍ഭിണിയായി. കുഞ്ഞ് വന്നാല്‍ എല്ലാത്തിലും ഒരു ശമനം കാണും എന്ന് ഞാന്‍ വിശ്വസിച്ചു. പക്ഷേ ആ വിശ്വാസം തെറ്റ് ആയിരുന്നു. പ്രസവിച്ച് മൂന്ന് ദിവസം വരെ മോളെ ഇന്‍ക്യുബെറ്ററില്‍ വച്ചതിനാല്‍ ആശുപത്രി വിടാന്‍ വൈകി. ഒടുവില്‍ അവിടെ ഉള്ള ഓരോ പുരുഷ സ്റ്റാഫിന്റെയും ശാപം പിടിച്ച് വാങ്ങി തന്നെ ഞാന്‍ ആശുപത്രി വിട്ടു.അത്ര കണ്ട് അയാള്‍ അവരോടു മല്ലിട്ടിരുന്നു. കുഞ്ഞിന് രണ്ടു മാസം തികയും മുന്പ്തന്നെ എന്നെ വീണ്ടും ആലപ്പുഴക്ക് കൂട്ടി കൊണ്ട് പോയി. പരോള്‍ കഴിഞ്ഞ് ഇറങ്ങിയ തടവുക്കാരിയെ പോലെ അന്ന് ഞാന്‍ അമ്മയെ വരിഞ്ഞ് കരഞ്ഞു.

ആര്‍ക്കും അശ്വിന്റെ സ്വഭാവം പെട്ടന്ന് മനസ്സില്‍ ആവില്ല. എന്റെ വീട്ടുകാരുടെ മുന്നില്‍ അയാള്‍ തികഞ്ഞ മാന്യന്‍ ആയിരുന്നു.മകളെ സ്നേഹിക്കുന്ന ബഹുമാനിക്കുന്ന മരുമകന്‍. എന്റെ അമ്മയെയും അച്ഛനെയും അയാള്‍ക്ക് ജീവന്‍ ആണ് എന്ന രീതിയില്‍ അഭിനയിച്ചു. എന്റെ സഹോദരന്റെ ഉറ്റ ചങ്ങാതിയെ പോലെ ആയി. ഓരോ വേഷവും അയാളില്‍ ഭദ്രം ആയിരുന്നു. പക്ഷേ മിന്നുവിന്റെ ഓരോ വളര്‍ച്ചയുടെ ഘട്ടത്തിലും അയാള്‍ അമറി
“ഇതിന് എന്റെ ഛയ ഇല്ലേലോ …..ഇത് എന്റെ ആണോ…”
ഇടയ്ക്ക് മോളെ മാറോട് ചേര്‍ക്കും പിന്നെ പുറത്ത് കൊണ്ട് പോയി സൂര്യ പ്രകാശത്തില്‍ അവളെ സൂക്ഷിച്ചു നോക്കും. ഇതിന് ഇടയില്‍ പല പൊട്ടിത്തെറികളും ഉണ്ടായി. ആരോടും ഞാന്‍ ഒന്നും പറഞ്ഞില്ല. മിന്നുവിന് മൂന്ന് വയസ്സ് ഉള്ളപ്പോള്‍ അപ്പു ജനിച്ചു. ഭര്‍ത്താവില്‍ മാറ്റം വരും എന്ന വിശ്വാസം വീണ്ടും മുറുകെ പിടിച്ച സമയം. സിസ്സേറിയന്‍ ആയിരുന്നു. വേദന പൊന്തുന്ന സ്റ്റിച്ചുമായി‍ പോയത് എന്റെ വീട്ടിലേക്ക് തന്നെയാണ്. കുഞ്ഞ് അനുജനെ നോക്കി മിന്നു ഇരുന്നു. എനിക്ക് അപ്പോഴും വേദന തീര്‍ന്നില്ല. പെട്ടന്ന് ആണ് അശ്വിന്‍ മുറിയിലേക്ക് എത്തിയത്.

” നീ വാ ഇറങ്ങ്…നമുക്ക് പോകാം …ഞാന്‍ കാര്‍ കൊണ്ട് വന്നു……ഇനി ഉള്ളത് എല്ലാം എന്റെ വീട്ടില്‍ മതി….”

വേദനയുടെ കേട്ട് പൊട്ടി. സര്‍വ്വ നിയന്ത്രണവും വിട്ട് ഞാന്‍ പറഞ്ഞു

” ഈ മുറിവ് ഉണങ്ങാതെ ഞാന്‍ ഒരിടത്തും വരില്ല …..നിങ്ങള്‍ എവിടേലും പോയിക്കോ……!!!”

അലര്‍ച്ച ആയിരുന്നു അത്. അന്ന് വരെ എന്റെ ശബ്ദം പോലും ഉറച്ച് കേള്‍ക്കാത്ത അമ്മയും അച്ഛനും ചേട്ടനും ഓടി എത്തി. അശ്വിന്‍ അപ്പോള്‍ മേശ പുറത്ത് ഉള്ള എന്തോ വലിച്ച് നിലത്തേക്ക് എറിഞ്ഞു. ശബ്ദം കേട്ട് കുഞ്ഞ് ഉണര്‍ന്ന് കരഞ്ഞു. മിന്നു കട്ടിലിന് അടിയിലേക്ക് കേറി.
” തള്ളേ, അവളോട്‌ ഇപ്പോള്‍ ഇറങ്ങാന്‍ പറ…കണ്ട ആണുങ്ങളെ വിളിച്ചു കേറ്റി മോളെ പിടിച്ച് കെടത്തിയിരിക്കുന്നു…..”

പ്രിയപ്പെട്ട മരുമകന്റെ ഭാവഭേധങ്ങള്‍ എല്ലാവരിലും ഞെട്ടല്‍ ഉണ്ടാക്കി. ഈ ” കണ്ട ആണുങ്ങള്‍” എന്ന പദ പ്രയോഗം എന്റെ അപ്പച്ചിയുടെ ഇളയ മകന്‍ പതിനാറ് വയസ്സുള്ള ദേവനെ പറ്റി ആയിരുന്നു. ഞാന്‍ എടുത്തു കൊണ്ട് നടന്നവനെ പറ്റി. അവന്‍ അന്ന് വന്നത് തന്നെ അശ്വിന് ഇഷ്ടമായിരുന്നില്ല ആ സന്ദര്‍ശനം ഒരു ആഴ്ച്ച നീണ്ട് നില്‍ക്കും എന്ന് അറിഞ്ഞപ്പോള്‍ ആണ് അയാളില്‍ ഭാവ ഭേദം നടന്നത്. തുടര്‍ന്ന് നടന്ന കലാപത്തിന് ശേഷം എന്റെ ഭര്‍ത്താവ് മാത്രം തിരികെ പോയി. ആറു മാസം ഞാന്‍ അച്ഛന്റെയും അമ്മയുടെയും ഒപ്പം നിന്നു. പക്ഷേ പ്രസവത്തിന് വന്ന മകള്‍ തിരികെ പോകുന്നില്ലേ എന്ന നാട്ടുക്കാരുടെ ചോദ്യങ്ങള്‍ ഞങ്ങളുടെ കുടുംബങ്ങളെ സന്ധി സംഭാഷ്ണത്തില്‍ എത്തിച്ചു. അശ്വിന്റെ അച്ഛന്‍ മരിച്ചു പോയതിനാല്‍ അമ്മയും മൂത്ത സഹോദരനും അന്ന് എന്റെ വീട്ടില്‍ അശ്വിന് ഒപ്പം എത്തി ചേര്‍ന്നു. അന്നും നടന്നു കരഞ്ഞു കാല് പിടിത്തം. മിന്നുവിനെ ചേര്‍ത്ത് നിര്‍ത്തി ” ഈ പാപിയോട് ക്ഷമിക്കു കുഞ്ഞേ”എന്ന നാടകത്തിന് ശേഷം അയാള്‍ അമ്മയുടെ കാലുകളിലും വീണു. അച്ഛനും അമ്മയും എന്നെ നിര്‍ബന്ധിച്ചു.പക്ഷേ ചേട്ടന്‍ ശക്തമായി എതിര്‍ത്തു. ഒടുവില്‍
” നീ ഞങ്ങളെ ഇനിയും നാണം കെടുത്തരുത് ” എന്ന എന്റെ മാതാപിതാക്കളുടെ വാക്കുകളില്‍ ഞാന്‍ ആ പടി ഇറങ്ങേണ്ടി വന്നു.

ആദ്യ മാസങ്ങളില്‍ അയാളിലെ സംശയ രോഗി അടങ്ങി ഇരുന്നു . വീട്ടില്‍ സന്തോഷം നിറഞ്ഞ മാസങ്ങള്‍. പിന്നീട് സൂപ്പര്‍ മാര്‍ക്കറ്റിലെ സെയില്‍സ് മാനോട് സാംബാര്‍ പൊടി ചോദിക്കുന്ന വിഷയത്തില്‍ യുദ്ധം ആരംഭിച്ചു അത് തല പൊക്കി തുടങ്ങി. അഞ്ച് വര്ഷം വീണ്ടും കടിച്ച് പിടിച്ച് “കുടുംബം ” ഉണ്ടാക്കാന്‍ ശ്രമിച്ചു. ആരോടും പരാതി പറഞ്ഞില്ല. ഒടുവില്‍ ചിരിക്കാത്ത അമ്മയുടെ കരയുന്ന മക്കളെയും കൊണ്ട് രക്ഷപ്പെടാന്‍ ഞാന്‍ തീരുമാനിച്ചു.
മിന്നുവിന് എട്ട് വയസ്സ് ഉള്ളപ്പോള്‍ ഞാനും അയാളും തമ്മില്‍ ഒരു വലിയ യുദ്ധം ഉണ്ടായി. ഇതിന് ഇടയില്‍ തന്നെ അയല്‍ക്കാര്‍ക്ക് എല്ലാം കാര്യങ്ങള്‍ മനസ്സില്‍ ആയിരുന്നു. പക്ഷേ അവര്‍ വാതില്‍ കൊട്ടി അടച്ച് ഇരുന്നു. . അച്ഛനോടും സഹോദരനോടും ഞാന്‍ ഇനി മേലില്‍ അടുത്ത് ഇടപ്പഴകാന്‍ പാടില്ല എന്ന നിയമം എന്റെ മേലില്‍ ചാര്‍ത്താന്‍ തുടങ്ങുക ആയിരുന്നു. ഒരിക്കലും സ്വീകാര്യം അല്ലാത്ത കാര്യം. തര്‍ക്കം ഒടുവില്‍ കയ്യംകളിയില്‍ എത്തി. അത് ഈ ഇട ആയി പതിവാണ്. എന്നെ അടിച്ച് നിലത്തിട്ട് മക്കളെയും തല്ലി. കൂടാതെ നിരവധി അനവധി ചീത്തയും. പിന്നീട് എപ്പോഴോ അടുക്കളയില്‍ ഉള്ള മണ്ണെണ്ണ കുപ്പി എടുക്കാന്‍ അശ്വിന്‍ പോയ നിമിഷം മക്കളെയും കൊണ്ട് ഇറങ്ങി ഓടി. നിര്‍ത്താതെ ഉള്ള ഓട്ടം. എട്ടും അഞ്ചും വയസ്സുള്ള മക്കളെ എടുത്ത് കൊണ്ട് എങ്ങനെ ഓടി എന്ന് എനിക്ക് ഇപ്പോഴും അറിയില്ല. ചിലപ്പോള്‍ അത് ആയിരിക്കും അമ്മ. ആലപ്പുഴയില്‍ ഉള്ള ഒരു ബന്ധു വീട്ടിലേക്ക് ആണ് ആ ഓട്ടം അവസാനിച്ചത്. അഭിമാനിയായ അച്ഛനെ വിവരം അറിയിക്കാതെ അവര്‍ ചേട്ടനോട് എന്റെ വരവ് അറിയിച്ചു.

കുറച്ച് നാള്‍ ചേട്ടന് ഒപ്പം ചെന്നൈയില്‍ താമസം. പിന്നീട് അവിടെ ഒരു നല്ല കമ്പനിയില്‍ ജോലിയും. മക്കളെ അവിടെ ഒരു സ്കൂളില്‍ ചേര്‍ത്തു. ഇതിന് ഇടയില്‍ ഞാന്‍ ഒളിച്ചോടി എന്ന പേരില്‍ അശ്വിന്‍ നാട്ടില്‍ കേസ് കൊടുത്തിരുന്നു. എല്ലാം ഞാന്‍ തെളിവ് സഹിതം അവതരിപ്പിച്ചത്തോടെ പൊളിഞ്ഞു. നീണ്ട രണ്ടു വര്ഷം ചെന്നൈയില്‍ തന്നെ കഴിഞ്ഞു. സത്യം പറഞ്ഞാല്‍ ഭയം കൊണ്ടാണ് പോകാത്തത്. സന്ധി സംഭാഷണങ്ങള്‍ അവര്‍ നടത്താന്‍ ശ്രമിച്ചു എങ്കിലും ഞാന്‍ പോകാന്‍ തയ്യാര്‍ ആയില്ല… മക്കളും…. മൂന്നാം വര്ഷം കൊച്ചിയിലേക്ക് തന്നെ മടങ്ങി. ഇവിടെ എത്തി രണ്ടു വര്‍ഷങ്ങള്‍ വീണ്ടും കടന്നു പോയി. അപ്പോഴാണ് അയാള്‍ മക്കളുടെ അവകാശത്തിനു വേണ്ടി കോടതിയിലേക്ക് തിരിച്ചത്. അവിടെയും വക്കീല്‍ വച്ച ഒത്ത്ത്തീര്‍പ്പ് ഞാന്‍ ഒപ്പം ചെല്ലും എങ്കില്‍ അയാള്‍ കേസ് പിന്‍വലിക്കാന്‍ തയ്യാര്‍ ആണ് എന്ന്. നടന്നില്ല ഒന്നും. ഈ തവണ ഞാന്‍ തോറ്റ് കൊടുക്കാന്‍ നിന്നില്ല.

” അമ്മേ ഇത് എന്ത് കുളിയാണ് അവസാനം വെള്ളത്തിന്റെ ബില്‍ വരുമ്പോള്‍ എന്നെ പറയരുത്….” അപ്പു വാതിലില്‍ തട്ടി വിളിച്ചപ്പോള്‍
ആണ് ഞാന്‍ ഉണര്‍ന്നത്.

കുളിച്ച് കേറി ചെന്നപ്പോള്‍ മക്കള്‍ മേശ പുറത്ത് ഭക്ഷണം എടുത്ത് വച്ച് എനിക്ക് വേണ്ടി കാത്തിരിക്കുക ആയിരുന്നു. ഞങ്ങള്‍ കഴിക്കാന്‍ തുടങ്ങി. നാളെ എന്റെ വീട്ടില്‍ വച്ച് വീണ്ടും ഒരു സന്ധി സംഭാഷണം ഉണ്ട് . മക്കളോട് അനുവാദം വാങ്ങി അയാള്‍ക്ക് കൂടെ നില്‍ക്കാന്‍ ഉള്ള അവസാന അടവ്. ഒടുവില്‍ എന്റെ അമ്മയുടെ കണ്ണീര്‍ പ്രസ്താവന വന്നു

” നിനക്ക് ഒരു പെണ്‍ക്കുട്ടിയാണ് അത് ഓര്‍മ്മ വേണം….!!” ഞാന്‍ ഒന്ന് അമ്മയെ നോക്കി. ഒലിക്കാന് തുടങ്ങിയ കണ്ണീരില്‍ മകളുടെ ജീവിതം പോകരുതെ എന്ന പ്രാര്‍ഥന തെളിഞ്ഞ് നിന്നു. വീട് വിടും വരെ അമ്മയും അച്ഛനും ഉപദേശത്താല് മൂടി. നിവര്ന്നു നില്‍ക്കാത്ത മനസ്സ് എന്നെ ചിന്താലുവാക്കി. ‍‍‍

“അച്ഛനെ ആഗ്രഹിക്കാത്ത മക്കള്‍ ഉണ്ടോ ഈ ഭൂമിയില്‍…..’
” നീ കുഞ്ഞുങ്ങള്‍ക്ക്‌ അച്ഛന്റെ സ്നേഹം നിഷേധിക്കരുത്…അവര്‍ നിന്നോട് ഒരിക്കലും പൊറുക്കില്ല….”

അമ്മയുടെ വാക്കുക്കള്‍ ചെവിയില്‍ മുഴങ്ങി.

ഉറക്കം നഷ്ട്ടപ്പെട്ട ആ രാത്രി. എല്ലാത്തിനും സാക്ഷിയായ ‍ അവരോട് ഒന്നും ചോദിച്ചില്ല ഇങ്ങോട്ട് പറഞ്ഞതും ഇല്ല. കിടക്കാന്‍ നേരം രണ്ടു പേരും എന്റെ ഇടവും വലവും ചേര്‍ന്ന് കിടന്ന് ഉറങ്ങി. അപ്പോഴും ഉറക്കം ഇല്ലാതെ ഒരു അമ്മകിളി കിടന്നു. പിറ്റേന്നു പുലര്‍ച്ചെ ഞങ്ങള്‍ എന്റെ വീട്ടിലേക്ക് തിരിച്ചു. ആശ്വിനും അയാളുടെ ചേട്ടനും നേരത്തേ എത്തി ചേര്‍ന്നു. പതിവ് കലാപരുപാടികള്‍ തുടങ്ങി. ഒടുവില്‍ അശ്വിന്‍ പറഞ്ഞു

” എനിക്ക് നിങ്ങളോട് അല്ല എന്റെ കുഞ്ഞുങ്ങളോട് സംസാരിച്ചാല്‍ മതി….”

അയാള്‍ എഴുന്നേറ്റ് മക്കളുടെ മുന്നില്‍ എത്തി. അവരുടെ മുന്നില്‍ മുട്ട് കുത്തി നിന്നു. അപ്പുവിന്റെ കൈയില്‍ പിടിച്ച് കൊണ്ട് മിന്നുവിനെ നോക്കി പറഞ്ഞു

” അച്ഛന് ഒറ്റയ്ക്ക് ആണ് മോളെ ..അച്ഛന് ആരും ഇല്ല…..മോനെ അപ്പു അച്ഛന്റെ കൂടെ വാടാ പൊന്നേ………!!!” അയാള്‍ ഏങ്ങലടിച്ചു കരയാന്‍
തുടങ്ങി.

പെരുമ്പറ കൊട്ടും പോലെ എന്റെ ഹൃദയം മിടിച്ചു. ഇപ്പോള്‍ അവര്‍ ‍ എന്നെ വാരി പുണര്‍ന്ന് ” നമുക്ക് അച്ഛന് ഒപ്പം പോകാം അമ്മേ ” എന്ന് പറഞ്ഞു കരയാന്‍ തുടങ്ങും എന്ന് ‍ മനസ്സില്‍ കരുതി. ആ രംഗം മാനസികമായി നേരിടാന്‍ തയ്യാര്‍ ആയി. കണ്ണുകള്‍ ഇറുക്കി അടച്ചു ഞാന്‍ നിന്നു.

” എനിക്ക് അച്ഛന്റെ കണ്ണുകള്‍ അല്ല, ചെവിയും …ഞാന്‍ തിരിഞ്ഞു നില്‍ക്കുമ്പോള്‍ അച്ഛനെ പോലെ അല്ല തോന്നിക്കുന്നത് അത് കൊണ്ട് ഞാന്‍ വരില്ല അച്ഛന് നിങ്ങള്‍ക്ക് ഒപ്പം ..ചിലപ്പോള്‍ എന്നെ മറ്റ് ആരുടെ എങ്കിലും മകന്‍ എന്ന് വീണ്ടും തോന്നിയാലോ??!!….”

അയാളുടെ കൈ വിടുവിച്ച് അപ്പു മറുപടി കൊടുത്തു. ഞാന്‍ കണ്ണ് തുറന്ന് അയാളെ നോക്കി. വെളുത്ത കട്ടി പുരികമുള്ള അയാള്‍ വിയര്‍ത്ത് തുടങ്ങി. അമ്മ ഹൃദയം വീണ്ടും ശക്തിയായി ഇടിക്കാന്‍ തുടങ്ങി ഈ തവണ അത് സ്നേഹത്താല്‍ ചുറ്റപ്പെട്ടിരുന്നു.

” ഞാനും ഇപ്പോഴാണ്‌ അച്ഛാ അമ്മ ചിരിക്കുന്നത് കാണുന്നത്…സ്നേഹത്തോടെ ഉമ്മ തരുന്നത്….അമ്മ ഇനിയും ചിരിച്ചോട്ടെ…..പിന്നെ എന്റെ തല ഇനി കട്ടിലിന് അടിയില്‍ മുട്ടും …………അപ്പുവിന്റെയും!!!..”

മിന്നുവിന്റെ സ്വരം കടുത്തിരുന്നു. ഞാന്‍ അലറി കരഞ്ഞു പോയി. സ്നേഹം ഇത്രമേല്‍ എന്നെ തോല്‍പ്പിച്ചിരുന്നില്ല. അവര്‍ എന്നെ ചുറ്റി ഇരുന്നു. കവിളിലും കൈയിലും ഉമ്മകള്‍ തന്നു. അശ്വിന്‍ തിരിച്ച് ഇറങ്ങുമ്പോള്‍ ഇനി ഒരിക്കലും മടങ്ങി വരരുത് എന്ന് ചേട്ടന്‍ താക്കീത് നല്‍കി.

ഇന്ന് ഈ കടലില്‍ അസ്തമിക്കുന്ന സൂര്യനെ നോക്കി നില്‍ക്കുമ്പോള്‍ ഞാന്‍ ഒരു സ്നേഹത്തണലില്‍ ആണ് . ഗര്‍ഭം മുതല്‍ ഇങ്ങ് ഈ ജീവിതം വരെ ഒരു പതിന്നാലുക്കാരിയും പതിനൊന്ന്ക്കാരനും തീര്‍ത്ത തണലില്‍. ഉള്ളില്‍ എവിടെയോ എന്നോട് ഒരു പക സൂക്ഷിച്ച് അശ്വിന്‍ ജീവിതത്തില്‍ നിന്ന് പടി ഇറങ്ങി പോയി. സര്‍വ്വം സഹയാണ് സ്ത്രീ എന്ന് പാടിയ കവികളോട്
” ഒരു പരുതി വരെ മാത്രമേ സഹനം സ്ത്രീയ്ക്ക് ഭൂഷണാമാകൂ ” എന്ന് തീരുത്തി പാടാന്‍ പറയുന്നു. മക്കള്‍ക്ക്‌ വേണ്ടത് കരയുന്ന മുഖം ഉള്ള ദുഖഛവി കലര്‍ന്ന ചുംബനം നല്‍കുന്ന അമ്മയെ അല്ല. അവര്‍ക്ക് മാറോട് ചേര്‍ത്ത് വച്ച് സ്നേഹിക്കാന്‍ ഒരു ചിരിക്കുന്ന കൂട്ടുക്കാരിയെയാണ്……………………..

രചന: Adhya Thulasi

Leave a Reply

Your email address will not be published. Required fields are marked *