തണലായി. എന്നും..

രചന: Jaya Narayanan

എന്താ നീ ആലോചിക്കുന്നത്

വല്ലയിടത്തും തട്ടി വീഴും. ഇങ്ങനെ നടന്നാൽ. എന്റെ നന്ദിനി ആ രാജീവൻ സർ അൽമാർത്ഥമായിട്ടാണ് നിന്നോട് ഇഷ്ടം ആണെന്ന് പറഞ്ഞത്.

വെറുതെ പ്രേമിച്ചു നടക്കാൻ അല്ലല്ലോ കല്യാണം കഴിക്കാൻ അല്ലെ..

ഞാൻ അപ്പോഴേ പറഞ്ഞല്ലോ ചേച്ചി എനിക്ക് അതൊന്നും പറ്റില്ല എന്ന്..

മോളെ നല്ല ബന്ധം അല്ലെ നീ ഒന്ന് സമ്മതം മൂളിയാൽ വീട്ടിൽ വന്നു നിന്നെ ചോദിക്കും..

ചേച്ചീ ബസ് വന്നു ഞാൻ പോട്ടെ . നാളെ കാണാം..

കാറ്റിൽ അനുസരണ ഇല്ലാതെ പറന്നു നടക്കുന്ന മുടിയിഴകളെ പോലെ ആണ് ഇപ്പോൾ തന്റെ മനസ്സും. എത്ര ഒതുക്കി വച്ചാലും ഇടയ്ക്കു ഒഴുകി നടക്കുന്നു..

വേണ്ടാ രാജീവൻ സർ ന് നല്ലൊരു കുട്ടിയെ കിട്ടും ചേരില്ല താൻ.. ഒരു വിവാഹം തന്റെ ജീവിതത്തിൽ പറഞ്ഞിട്ടില്ല. ഒരാളെയും ചതിക്കാൻ പറ്റുന്നില്ല.

എന്നിട്ടും സർ ന്റെ മുന്നിൽ നിൽക്കുമ്പോൾ പതറി പോകുന്നുണ്ട് എപ്പോഴും.. അതാണല്ലോ തന്റെ കുഴപ്പവും.. നിസ്സഹായത..

ആരോടും അരുത് എന്ന് പറയാൻ പറ്റാത്ത ജീവിതം..

ബസ് ഇറങ്ങി ഹോസ്റ്റൽ എത്തിയത് അറിഞ്ഞില്ല. നേരെ കട്ടിലിലേക്ക് വീണു..

ജോലി കിട്ടി ആദ്യത്തെ സ്ഥലം. ഒരു പരിചയവും ഇല്ല. വാശിയായിരുന്നു ജോലി.. അതും നാട്ടിൽ നിന്നും അകലെ ..

പേടി ആയിരുന്നു. അത് ജനിച്ചപ്പോൾ കിട്ടിയത് എവിടെയും കൂടെ കൊണ്ട് പോകുന്നതും.. പ

ക്ഷെ എല്ലാവരും നല്ല സ്നേഹം ഉള്ളവർ.. സൂപ്രണ്ട് സർ നല്ല സഹായി.. ഗൗരി ചേച്ചി സ്വന്തം ചേച്ചിയെപോലെ.. പി

ന്നെ രാജീവൻ സർ. വന്ന അന്ന് മുതൽ ഒരു പ്രേത്യക ഇഷ്ട്ടം കാണിച്ചിരുന്നു പിന്നെ ആണ് മനസ്സിലായത് അത് വെറും ഇഷ്ടമല്ല. ജീവിതത്തിൽ കൂടെ കൂട്ടാൻ ആണെന്ന്.. നേരിട്ട് പറഞ്ഞു.. മറ്റുള്ളവരെ കൊണ്ട് പറയിപ്പിച്ചു..

ആരോടും no എന്ന് പറയാത്ത താൻ സർ നോട് no പറഞ്ഞു..

അടുത്ത് അറിയുംതോറും ഒത്തിരി ഇഷ്ട്ടം തോന്നുന്ന ആളാണ് സർ.. ഏതൊരു പെണ്ണും ആഗ്രഹിക്കും അത് പോലെ ഒരാളെ.. അടുത്ത് വരുമ്പോൾ അറിയാതെ നോക്കിപ്പോകും. അപ്പോൾ കേൾക്കാം തന്റെ നെഞ്ചിടിപ്പിന്റെ ശബ്ദം.
. ഒരു ദിവസം സർ പറഞ്ഞു എനിക്കു അറിയാം നിനക്ക് എന്നെ ഇഷ്ട്ടം ആണെന്ന് എന്തു കാരണം ആയാലും നീ അത് തുറന്നു പറയും വരെ ഞാൻ കാത്തിരിക്കും..

പിറ്റേന്ന് ഓഫീസിൽ എത്തി.. സർ ഇന്നില്ല.. മനസ്സിന്റെ ഒരു കോണിൽ സമാധാനം. പക്ഷെ മറ്റൊരിടത്തു എന്താണ് വരാത്തത് എന്നറിയാനുള്ള ആകാംഷയും..

ഓരോ കാല്പെരുമാറ്റവും സർ ന്റെ ആയിരിക്കും എന്ന പ്രതീക്ഷയോടെ നോക്കും അല്ലെന്ന് അറിയുമ്പോൾ വല്ലാത്ത നഷ്ടത്തോടെ ഫയലുകൾക്കുള്ളിൽ കണ്ണും പൂട്ടിയിരിക്കും..

ഇല്ല ഇന്ന് ഒന്നും ചെയ്യാൻ പറ്റില്ല. സമാധാനം എന്ന് തോന്നിയത് വെറുതെ. സർ ലീവ് ആണെങ്കിൽ നേരത്തെ പറയുന്നതാണ്.. പറ്റുന്നില്ല എണീറ്റു വാഷ്‌റൂമിൽ പോയി. വെറുതെ കരഞ്ഞു.. കാരണം അറിയാത്ത കരച്ചിൽ..

തിരികെ വന്നപ്പോൾ ആണ് ആ ശബ്ദം കേട്ടത്.. സർ. വല്ലാത്ത വെമ്പൽ കൊണ്ടു മനസ്സും ശരീരവും.. കുനിഞ്ഞു സീറ്റിലേക്ക് നടന്നു. അപ്പോൾ ആണ് ആരോ കയ്യിൽ പിടിച്ചത്.. നോക്കിയപ്പോൾ സർ ന്റെ അമ്മ..

നന്ദിനി മോൾ അല്ലെ.. ഇന്നലെ ഞങ്ങൾ മുതിർന്നവർ മോളുടെ വീട്ടിൽ വച്ചു ഒന്ന് തീരുമാനിച്ചു.. നിങ്ങളുടെ കല്യാണം.. എല്ലാവർക്കും സമ്മതം.. മോളും സമ്മതിക്കും അമ്മക്ക് ഉറപ്പുണ്ട്.. എന്റെ മോൻ അത്രക്ക് മോഹിച്ചു പോയി നിന്നെ. ഈ അമ്മയും..

ഞെട്ടി പോയി.. താൻ അറിയാതെ തന്റെ കല്യാണം.. സർ നെ നോക്കിയപ്പോൾ ഒന്നും അറിയാത്ത ഭാവത്തിൽ നിൽക്കുന്നു.

മോളെ അമ്മ ഇറങ്ങുവാ. നിന്നോട് ഞാൻ തന്നെ പറയണം എന്ന് ഇവന് നിർബന്ധം.. തലയാട്ടി.. എല്ലാം തകർന്നു സീറ്റിലേക്ക് ഇരുന്നു..

ഓഫീസിൽ എല്ലാവർക്കും സന്തോഷം.. ആരോടും മിണ്ടിയില്ല.. ഗൗരി ചേച്ചി പോലും സംസാരിച്ചില്ല.. എല്ലാം അറിയാവുന്ന ചേച്ചി.

സങ്കടം തോന്നി ..

അവിടെ ഇരുന്നു ഓഫീസ് ടൈം കഴിഞ്ഞിട്ടും. സാധാരണ ചേച്ചി വിളിക്കുന്നതാണ് ഇന്ന് വിളിക്കാതെ പോയി.. കുമാരേട്ടൻ വന്നു പറഞ്ഞു ഓഫീസ് അടക്കണം അപ്പോൾ ഇറങ്ങി..
പുറത്ത് കാറിൽ ചാരി സർ നിൽക്കുന്നു.. മിണ്ടിയില്ല.

നന്ദിനി എനിക്ക് നിന്നോട് സംസാരിക്കണം വണ്ടിയിൽ കയറു..

അതെ എനിക്കും പറയണം.

നേരെ ചെന്നു കയറി..

വണ്ടി എടുത്തു. ഒന്നും മിണ്ടാതെ കുറെ നേരം.. വണ്ടി സൈഡിൽ ഒതുക്കി..

ഞാൻ പറയുന്നത് സർ കേൾക്കണം.. വേണ്ടാ ആദ്യം ഞാൻ പറയും..

നീ പറയാൻ പോകുന്നത് എന്താണെന്നു എനിക്കു അറിയാം..അച്ഛൻ മരിച്ചപ്പോൾ പഠിപ്പിക്കാൻ നിവൃത്തി ഇല്ലാതെ ടീച്ചർ ആയ അമ്മയുടെ ചേച്ചിയുടെ വീട്ടിൽ നിർത്തിയതും സ്കൂളിൽ പഠിക്കുന്ന നിന്നെ വലിയച്ഛനും അയാളുടെ മകനും….

. നീ നോക്കണ്ട ഞാൻ എല്ലാം അറിഞ്ഞു. ഗൗരി ചേച്ചി പറഞ്ഞു.. മോളെ പ്രതികരിക്കാൻ അറിയാത്ത പ്രായത്തിൽ അല്ലെങ്കിൽ മറ്റാരോടെങ്കിലും പറഞ്ഞാൽ ആരും വിശ്വസിക്കില്ല എന്ന് നീ കരുതിയ പ്രായത്തിൽ നടന്നത് അല്ലെ.

. നീ സ്വയം നിന്നെ അറിഞ്ഞു തുടങ്ങിയപ്പോൾ അവരിൽ നിന്നു അകന്നു മാറിയില്ലേ എന്നിട്ടും അതും വിചാരിച്ചു ജീവിക്കുന്നോ ഇപ്പോഴും..

നിനക്ക് അറിയുമോ നന്ദിനി പലർക്കും ഇതൊക്കെ സംഭവിച്ചിട്ടിട്ടുണ്ട് പക്ഷെ ആരും തുറന്ന് പറയാറില്ല.. ചിലർ മാത്രം പറയും.. നീ പഠിച്ചില്ലേ നല്ല ജോലി വാങ്ങിച്ചില്ലേ.. ഇനി ജീവിച്ചു കാണിക്കണ്ടേ അവരുടെ മുന്നിൽ. ദൈവം എനിക്കായി കണ്ടു വച്ചിരുന്നതാണ് നിന്നെ.. എനിക്ക് അറിയാം ഈ നെഞ്ചിൽ ഞാൻ ഉണ്ടെന്നു. പിന്നെ നിന്റെ കുറ്റബോധം..അതാണ് നിന്നെ ഇങ്ങനെ തോന്നിപ്പിക്കുന്നതു..

ഞാൻ ഈ കഴുത്തിൽ താലി കെട്ടി എന്റെ സ്വന്തമാക്കുന്ന ഈ നന്ദിനി പരിശുദ്ധ ആണ്… ഏതോ വൃത്തികെട്ടവന്മാർ തൊട്ടലൊന്നും അശുദ്ധമാകാത്ത എന്റെ സ്വന്തം പെണ്ണ്..

ആ നെഞ്ചിൽ മുഖം ചേർത്ത് വച്ചു കരയുമ്പോൾ അറിഞ്ഞു വര്ഷങ്ങളായി മനസ്സിൽ കൊണ്ടു നടക്കുന്ന ഒരു വലിയ ദുഃഖം കണ്ണുനീരിനൊപ്പം അലിഞ്ഞു ഇല്ലാതാകുന്നത്.. സർ പറഞ്ഞത് ശരിയാണ് താൻ പരിശുദ്ധയാണ്..ഈ കൈകളിൽ താൻ സുരക്ഷിതയാണ്.. ഒരു കുറ്റബോധവും ഇല്ലാതെ ഈ കൈയും പിടിച്ചു ഒരു നല്ല ഭാര്യയായി എല്ലാവർക്കും മുന്നിൽ ജീവിച്ചു കാണിച്ചു കൊടുക്കണം….

രചന: Jaya Narayanan

Leave a Reply

Your email address will not be published. Required fields are marked *