ജീവിതത്തിൽ ദുരിതങ്ങളും സങ്കടങ്ങളും ഉണ്ടാവാം, അവയെ ചവിട്ടു പടിയാക്കി മുന്നേറുവാനാണ് നമ്മൾ ഓരോരുത്തരും ശ്രമിക്കേണ്ടത്…

രചന: രമ്യ മണി.

“ഏട്ടാ… വിനുകുട്ടന് മെഡിസിൻ നു ചേരണം ന്നാ പറയണേ, നമുക്കു ലോൺ എടുക്കാം… അവന്റെ പഠിപ്പു തീരണ വരെ അവിടെത്തെ ജോലി കളയല്ലേ പ്ലീസ്. എങ്ങനേലും പിടിച്ചു നിക്കു”….

“ഗീതേ.. ഈ മാനേജരെ കൊണ്ടു ഞാൻ തോറ്റു.. അയാളെന്നെ ഒരു കാര്യോമില്ലാതെ ചീത്ത വിളിച്ചു കൊല്ലും.. ഉറക്കം പോലും ശെരിയാവുന്നില്ല”…

“എന്തു ചെയ്യ ഏട്ടാ.. മൂന്നാല് കൊല്ലം കൂടെ, പിന്നെ ബാക്കി ലോൺ വിനു അടച്ചോളുമല്ലോ… അവനു ജോലി ആയാൽ പിന്നെ പ്രശ്നമല്ലല്ലോ”…

“മക്കൾക്ക്‌ വേണ്ടിയല്ലേ.. കുറച്ചു കാലം കഴിഞ്ഞാൽ പിന്നെ റസ്റ്റ്‌ എടുക്കലോ അവർ നമ്മളെ നോക്കിക്കോളും”…

പിന്നീട് അയാൾ രാവും പകലും വ്യത്യാസമില്ലാതെ കഷ്ട്ടപ്പെട്ടു പണിയെടുത്തു…മകന് വേണ്ടി !!!

അന്നും പതിവ് പോലെ അയാൾ , രാത്രി ഡ്യൂട്ടി കഴിഞ്ഞു ഉമ്മറത്തിണ്ണയിൽ വന്നിരുന്നു.

“ഗീതേ.. നീയെനിക്കു ഒരു ചുക്കുകാപ്പി ഉണ്ടാക്കി തടോ.. നല്ല പനിക്കോള്… എനിക്കിനി വയ്യാ…പ്രായം കൂടി വരുകയാ. വിനു പ്രാക്ടീസ് ചെയ്യാൻ തുടങ്ങിയല്ലോ… അവനോട് ബാക്കി ലോൺ അടക്കാൻ നീ സംസാരിച്ചുവോ”…

“ഏട്ടാ.. അതേ.. വിനു…ഇപ്പൊ ജോലിക്കു കേറിയല്ലേ ഉള്ളൂ.. ലോൺ അടക്കാനു മാത്രം കാശൊന്നും കിട്ടുന്നുണ്ടാവില്ല…അതാവും അവൻ ഇല്ലെന്നു പറഞ്ഞത്”.

“ഓ, അവൻ അങ്ങനെ പറഞ്ഞുവോ… ഈയിടെയായി അവന്റെ സ്വഭാവം നല്ല മാറ്റമുണ്ട്.. ഞാൻ അവന്റെ അച്ഛനന്ന് പറയാൻ വരെ അവനു നാണക്കേടായി തുടങ്ങി”…

“അവന്റെ സ്റ്റാറ്റസ് നു നമ്മൾ ഇല്ലത്രെ.
അവനെ വളർത്താനും അവന്റെ കാര്യങ്ങൾക്കും ഓടി നടക്കുന്നതിനിടയിൽ സ്വന്തം സ്റ്റാറ്റസ് ഉണ്ടാക്കാൻ ഞാൻ മറന്നു പോയി”…

“അവന്റെ കൂട്ടുകാരി ഡോക്ടർ ക്കു ഞാൻ അവന്റെ രോഗിയെ ന്നു പറഞ്ഞ പരിചയപ്പെടുത്തി കൊടുത്തത്”.

“സ്വന്തം അച്ഛന്റെ നെഞ്ചിൽ മകൻ കത്തിയിറക്കിയ പോലെ വേദന യാണ് എനിക്കപ്പോ തോന്നീത്”.

അയാളുടെ കണ്ണുകളിൽ അപ്പോൾ ഒരു കടൽ ഇരമ്പുന്നതു കാണാമായിരുന്നു …

വീണ്ടും വർഷങ്ങൾ ഓടി മാറി, ആ വീടിന്റെ മുറ്റത്തു ഇന്ന് ഒരു ചാനൽ ന്റെ ഷൂട്ട് നടക്കുകയാണ്..

“ഈ ‘തണൽ ‘എന്ന സ്ഥാപനം തുടങ്ങാൻ പ്രചോദനം ആയതു എന്താണ്”?

ചോദ്യത്തിന് അയാൾ മറുപടി പറഞ്ഞു തുടങ്ങി.

“ചോര നീരാക്കി യൗവനം മുഴുവൻ മക്കൾക്കായി കഷ്ട്ടപ്പെട്ടു, ഒടുക്കം മക്കളാൽ ഉപേക്ഷിക്കപെട്ട വൃദ്ധ ജനങ്ങൾക്കുള്ളതാണ് ഈ കെട്ടിടം”, “തണൽ”..

“എന്റെ മകന് വേണ്ടി, എന്റെ നല്ല ജീവിതം മുഴുവൻ കഷ്ട്ടപ്പെട്ടു, ലോൺ എടുത്തു പഠിപ്പിച്ചു ഡോക്ടർ ആക്കി. ഒടുക്കം അവനു പറക്കമുറ്റാനായപ്പോൾ അവൻ ഒറ്റയ്ക്ക് പറന്നു.”.

“അപ്പോളാണ് അതേ അവസ്ഥയിൽ ഞങ്ങൾ മാത്രല്ല, ഈ ലോകത്തു കുറെ പേർ ഉണ്ടാകും എന്ന് തോന്നിയത്. എന്നാൽ പിന്നെ ഉള്ള കാലം കഴിയും പോലെ അവർക്കു തണലാവണമെന്നു തോന്നി, തുടക്കത്തിൽ സാമ്പത്തികമായി കുറെ കഷ്ടപ്പെട്ടു. അപ്പോളെല്ലാം നല്ല കുറെ മനുഷ്യരുടെ സഹായം കിട്ടി മുന്നോട്ടു പോയി”..

“അഞ്ചു വർഷം കൊണ്ടു ഒരുപാടു പേരെ പുനരധിവസിപ്പിക്കാൻ സാധിച്ചു”.

“മനസ്സ് നിറഞ്ഞ സന്തോഷമുണ്ട്. മകന് വേണ്ടി മാത്രം ജീവിച്ചു തീർത്തില്ല,എന്നാൽ ഒരു അച്ഛൻ എന്ന നിലക്ക് അവനോടുള്ള കടമ നിറവേറ്റുകയും ചെയ്തു. പിന്നീട് സ്വാർത്ഥ ജീവിതം നയിക്കാതെ ശേഷം ഉള്ള കാലം കുറെ സഹജീവികൾക്കായി ജീവിക്കാൻ സാധിച്ചു”..

“ജീവിതത്തിൽ ദുരിതങ്ങളും സങ്കടങ്ങളും ഉണ്ടാവാം, അവയെ ചവിട്ടു പടിയാക്കി മുന്നേറുവാനാണ് നമ്മൾ ഓരോരുത്തരും ശ്രമിക്കേണ്ടത്. എല്ലാം തീർന്നെന്നു തോന്നുന്നിടത്തു നിന്നു തുടങ്ങണം”.

“ഇനിയും സഹജീവികൾക്ക് താങ്ങാവാൻ ഉള്ള ആരോഗ്യം സർവേശ്വരൻ തരട്ടെ..സംതൃപ്തൻ ആണ് ഞാൻ അല്ല ഞങ്ങൾ. പുഞ്ചിരിയോടെ അയാൾ പറഞ്ഞു നിർത്തി, ഒപ്പം ഗീതയെ അയാൾ ചേർത്തു പിടിച്ചു “.

ടെലിവിഷനിൽ ഈ അഭിമുഖം കണ്ടുകൊണ്ടിരുന്ന വിനുവിന്റെ കണ്ണു നിറഞ്ഞു. “എന്തു പറ്റിയെടാ വിനു, നിന്റെ കണ്ണു നിറഞ്ഞല്ലോ…. പറ… എന്തെ”…

“ഡാ, ജിത്തു… അതു അതു…. അതെന്റെ അച്ഛനാടാ”… !!!!

രചന: രമ്യ മണി.

Leave a Reply

Your email address will not be published. Required fields are marked *