ഫാത്തിമ….

രചന: നവാസ് ആമണ്ടൂർ

“പാത്തു നീ ആ ദജ്ജാലിനെ പ്രേമിക്കുന്നതിലും നല്ലത് കഴുത്തിൽ കുരുക്കിട്ട് കിണറ്റിൽ ചാടി മണ്ണണ്ണ ഒഴിച്ചു തീ കൊളുത്തി മരിക്കുന്നതാണ്. ”

വാപ്പ ദേഷ്യം കൊണ്ട് കലിതുള്ളി.

വാപ്പയുടെ ഡയലോഗ് കേട്ട് ഉമ്മ അന്തം വിട്ട് തലക്ക് സ്വയം രണ്ട് കൊട്ട് കൊട്ടി അങ്ങനെ നിന്നു.

ഫാത്തിമയെ എല്ലാവർക്കും ഇഷ്ടമാണ്.വാപ്പിച്ചിയുടെ പുന്നാര മോളെ സ്‌നേഹത്തോടെ പാത്തു എന്നല്ലാതെ ഫാത്തിമയെന്ന് അയൽവാസികൾ പോലും വിളിക്കില്ല. അവൾക്ക് പതിനാലാം നിലാവിന്റെ മൊഞ്ചായിരുന്നു.

പാത്തുവിന് മനസ്സിൽ തോന്നിയ പ്രണയം ആദ്യം പറഞ്ഞത് വാപ്പയോടാണ്.

വാപ്പ ഒച്ചയെടുത്ത്‌ നാട്ടുകാരെ മൊത്തം അറിയിച്ചു.

പ്രണയം ഒരു കുറ്റമല്ല.ആണും പെണ്ണും പ്രണയിക്കും എന്ന് കരുതി ഇങ്ങനെ ഒരുത്തനെ പ്രണയിച്ചതിൽ വീട്ടിൽ മാത്രമല്ല.. ആ നാടിനെ മൊത്തത്തിൽ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തു.

“അതെ.. ഞാൻ ഇവിടെ പുതിയ ആളാണ്.. അറിയാത്തത് കൊണ്ട് ചോദിക്കുവാ.. ആ പെണ്ണ് പ്രേമിച്ച ചെക്കന് എന്താ കുഴപ്പം..? ”

ചായക്കടയിലെ ചർച്ചകേട്ടപ്പോൾ എനിക്കും ആ ചെക്കനെ പറ്റി അറിഞ്ഞാൽ കൊള്ളാമെന്ന് ആഗ്രഹം തോന്നി ചോദിച്ചതാണ്.

ഞാൻ ഗൾഫിൽ നിന്നു വന്നപ്പോൾ എയർപോർട്ടിൽ വെച്ച് പെട്ടി മാറിപ്പോയി. എന്റെ പെട്ടി കൊണ്ടുപോയ പഹയനെ തേടിയാണ് ഞാൻ ഈ കാട്ടുമുക്കിലെ ചായക്കടയിൽ എത്തിയത്.

“അതിപ്പോ എങ്ങനെയാ ഓനെ പറ്റി പറയ്യാ..? ”

“എങ്ങനെ പറഞ്ഞാലും വിരോധമില്ല.. പറഞ്ഞാൽ മതി. ”

വാപ്പയും മോനും മാത്രമുള്ള വീട്..

ഉമ്മ നേരത്തെ മരിച്ചു..

ഉമ്മ മരിച്ചപ്പോൾ വാപ്പ വേറെ കെട്ടി..

പക്ഷെ ആ പുതിയ ഉമ്മ ഇവർക്കൊപ്പം നിന്നിട്ടില്ല.

വാപ്പ പോകുമ്പോൾ വീട്ടിൽ മകൻ മാത്രം ഒറ്റക്ക്..

അങ്ങനെ വർഷങ്ങൾ ഒരുപാട് കഴിഞ്ഞു.

അഞ്ച് വയസ്സിലാണ് ഉമ്മ മരിക്കുന്നത്.. ഇപ്പൊ അവന് മുപ്പത് വയസ്സ്.

കൂറേ കാലമായിട്ട് അവൻ കുളിച്ചിട്ടില്ല..

പല്ല് തേക്കാറുണ്ടോന്നറിയില്ല.

സ്കൂളിൽ പോയിട്ടില്ല..

കൂറേ പൂച്ചയും കിളികളും അല്ലാതെ വേറെ ആരും കൂട്ടായില്ല.

രാത്രി മാത്രം പുറത്തറിങ്ങും.. പെട്ടന്ന് തിരിച്ചു കയറുകയും ചെയ്യും.

യക്ഷികൾ വരുമ്പോൾ പാല പൂത്ത മണം വരുന്ന പോലെ അവൻ പുറത്ത് ഇറങ്ങുമ്പോൾ വല്ലാത്ത ഒരു നാറ്റം വഴിയിൽ തിങ്ങി നിൽക്കും..

ചിരിയില്ല..

സംസാരമില്ല..

“ഐവ.. വല്ലാത്ത ഐറ്റം ആണല്ലോ കക്ഷി.
അങ്ങനെത്തെ ഒരു ചെക്കനെ പ്രേമിച്ചു കല്യാണം കഴിക്കാൻ ഒരു വാപ്പയും സമ്മതിക്കില്ല. ”

“പക്ഷെ ആ പെണ്ണ് അവനെ തന്നെ മതിയെന്നും പറഞ്ഞു ഒറ്റക്കാലിൽ നിക്കുവാ.. ”

“അല്ല.. ഒരു സംശയം.. നിക്കാഹിനു അവൻ കുളിക്കോ..? ”

“അവൻ പെട്ടന്നെങ്ങാനും മരിച്ചാൽ.. നമ്മള് കുളിപ്പിക്കാൻ എടുക്കുമ്പോൾ കട്ടിലിൽ നിന്നും ഇറങ്ങി ഓടും.. ആ സൈസ് സാധനമാണ്. ”

നാട്ടിൽ മൊത്തത്തിൽ ചർച്ചയായ സംഭവം എന്റെ ചെവിയിലും കേട്ടു.

എന്റെ പെട്ടിയുമായി ആ നാട്ടിൽ നിന്ന് ഞാൻ തിരിച്ചു പോന്നു. ലീവ് കഴിഞ്ഞു വീണ്ടും പ്രവാസിയായി. അപ്പോഴല്ലാം മനസ്സിൽ ആ കഥ അങ്ങനെ തന്നെ നിന്നു.ബാക്കി അറിയാൻ കഴിഞ്ഞില്ല.

‘കുളിക്കാത്ത ചെക്കനെ പ്രണയിച്ച പെൺകുട്ടി’

അടുത്ത ലീവിന് നാട്ടിൽ എത്തിയപ്പോൾ മനസ്സിൽ ഉള്ള ആ പ്രണയത്തെ പറ്റി അറിയാൻ വീണ്ടും ആ നാട്ടിൽ എത്തി.

ചായക്കടയിൽ കയറി ഒരു സ്ട്രോങ്ങ്‌ ചായക്ക് ഓർഡറിട്ട് പത്രം വായിക്കാൻ തുടങ്ങി.

“അല്ല മോനെ.. നീ അല്ലേ അന്ന് പെട്ടി അന്വേഷിച്ചു വന്നത്.. പെട്ടി കിട്ടിയോ..? ”

“പെട്ടിയൊക്കെ കിട്ടി.. ഒരു പ്രാവശ്യം കൂടി ഗൾഫിൽ പോയി വരികയും ചെയ്തു..? ”

“അപ്പൊ പിന്നേ… പെട്ടി പിന്നെയും പോയ..? ”

“അതല്ല.. ആ പെണ്ണ് അവനെ കെട്ടിയോ..?

“ഏത് പെണ്ണ്…? ”

“ആ കുളിക്കാത്ത ചെക്കനെ പ്രേമിച്ച പെണ്ണ്..”

“ഓഹോ.. പാത്തുവിന്റെ കാര്യമാണോ..? ”

“അതെ.. അതന്നെ. ”

“അത്‌ വല്ല്യേ കഥയാ മോനെ.. ആ കുട്ടി നന്മയുള്ളവളാണ്. ”

കുളിക്കാത്ത, കൂട്ടുകാർ ഇല്ലാത്ത ഒരു ഭ്രാന്തനെ പോലെ മുടിയും താടിയും വളർത്തിയ ചെക്കനെ പ്രണയിച്ച കുറ്റത്തിന് നാട്ടിലും വീട്ടിലും തല കുനിച്ചു നിന്നവളാണ് പാത്തു..

പക്ഷെ ഇപ്പൊ ഇവർ പറയുന്നു അവൾ നന്മ ഉള്ളവളാണെന്ന്.

അവളിലെ നന്മയെ തിരിച്ചറിയാൻ താമസിച്ചു പോയി എന്ന്.

ആരോ പറഞ്ഞു അവനും അറിഞ്ഞു പാത്തുവിന്റെ മനസ്സിലെ പ്രണയം.

പാത്തു അവന്റെ വീടിന്റെ മുൻപിലൂടെ പോകുമ്പോൾ പലവട്ടം അവൻ അവളെ ഇഷ്ടത്തോടെ നോക്കിയിട്ടുണ്ട്. ആ ഇഷ്ടം അവളുടെ മനസ്സ് അറിഞ്ഞു കാണും.

ആഴക്കടലിൽ തുഴയില്ലാതെ കരയറിയാതെ പെട്ട് പോയവന്റെ ദയനീയത അവന്റെ കണ്ണിൽ അവൾ കണ്ട് കാണും.

പാത്തുവിന്റെ പ്രണയം അറിഞ്ഞ അവൻ താടി വടിച്ചു.

മുടി വെട്ടി ഒതുക്കി..

കുളിച്ചു..

അവൾക്ക് വേണ്ടി..മാറാൻ തുടങ്ങി.

ഇന്നലെ വരെ കണ്ടവരിൽ അവന്റെ മാറ്റം അതിശയമായി.

അവളുടെ പ്രണയം അവനെ മനുഷ്യനാക്കി.

പ്രണയം അങ്ങനെ യാണ്.. പ്രണയം മനസ്സിൽ വസന്തം വിടർത്തിയാൽ പരസ്പരം ഇഷ്ടപ്പെടാൻ മനസ്സിനെയും ശരീരത്തെയും ഒരുക്കും.

അവളുടെ വാശിയിൽ പള്ളിയിൽ വെച്ച് നിക്കാഹ് നടന്നു.

പിന്നെ നാട്ടുകാർ അത്ഭുതത്തോടെയാണ് അവരുടെ ജീവിതം കണ്ടത്.

അവൾ അവനിൽ വർഷിച്ച അനുഗ്രഹമായി.

അങ്ങാടിയിൽ ഒരു ചെറിയ ബേക്കറിക്കട തുടങ്ങി.. ജീവിക്കാനുള്ള വരുമാനം ഉണ്ടാക്കി.
ഉപ്പ തന്ന സ്വർണ്ണവും, കുറച്ചു ക്യാഷ് അവന്റെ വാപ്പയും കൊടുത്ത് സഹായിച്ചു.

എല്ലാത്തിനും അവന് ബലമായി ധൈര്യമായി അവൾ കൂടെ നിന്നു.

ഞാൻ അവരുടെ ബേക്കറിക്കട തേടിപ്പിച്ചു ചെന്നു. ആ സമയം അവർ രണ്ടുപേരും അവിടെയുണ്ട്.

“ഒരു സോഡാസർബത്ത്”

അവൻ വന്നു സർബത്ത് എടുത്തു.

മൊഞ്ചൻ… കുറ്റിതാടിയും ചുണ്ടിൽ മായാത്ത ചിരിയുമായി പാത്തുവിന്റെ ഭർത്താവ് എനിക്ക് സർബത്ത് വെച്ച് നീട്ടി.

ആ സർബത്ത് കുടിച്ചപ്പോൾ വല്ലാത്ത സന്തോഷം.

ഒരുപക്ഷെ അവൾ അവന്റെ നോട്ടം കണ്ടിരുന്നില്ലെങ്കിൽ ഇന്നും അവൻ കുളിക്കാതെ താടിയും മുടിയും വളർത്തി പൂച്ചയുടെയും പക്ഷികളുടെയും അരികിൽ ആർക്കും വേണ്ടാത്തവനായി മരണം വരെ ഭൂമിക്ക് പോലും ഭാരമായി..

പാത്തു നീ നന്മയുള്ളവളാണ്.

അവന്റെ ജീവിതത്തിൽ വെളിച്ചം നിറക്കാൻ ദൈവം അയച്ച മാലാഖയാണ് അവൾ.

ഞാൻ ആ കടയിൽ നിന്നും പോരുമ്പോൾ വെറുതെ പാത്തുവിനെ നോക്കിയൊന്ന് പുഞ്ചിരിച്ചു.

എന്റെ പുഞ്ചിരിക്ക് മറുപടി തന്നത് അവനാണ്.. പാത്തുവിന്റെ മടിയിൽ ഇരുന്ന് ഉമ്മച്ചിയുടെ തട്ടത്തിൽ പിടിച്ചു വലിച്ചു കളിച്ചു കൊണ്ടിരുന്ന അവരുടെ പുന്നാര മോൻ.
***************

നമ്മുടെ കണ്ണുകളെത്തും ദൂരത്ത്‌ ഒറ്റപ്പെട്ടു പോയവർ ഉണ്ടാവാം.നോട്ടം കൊണ്ടോ വാക്ക് കൊണ്ടോ പുഞ്ചിരി കൊണ്ടോ അവരെ കൂടെ നിർത്തി അവരുടെ ജീവിതത്തിൽ വെളിച്ചമായി മാറാൻ നമ്മുക്ക് കഴിയട്ടെ..

രചന: നവാസ് ആമണ്ടൂർ

Leave a Reply

Your email address will not be published. Required fields are marked *