അതെ മുഹൂർത്തത്തിന് സമയം ആയി. താലിക്കെട്ട് ആ ചടങ്ങ് അങ്ങ് നടത്താം…

രചന: സനൽ SBT

അമ്മയുടെ വലതു കൈയ്യും പിടിച്ചവൾ കതിർ മണ്ഡപത്തിലേക്ക് കാലെടുത്തു വെച്ചു . കല്ല്യാണ പന്തലിൽ തിങ്ങിനിറഞ്ഞിരിക്കുന്ന ആൾക്കൂട്ടത്തിനിടയിൽ അവളുടെ നക്ഷത്ര കണ്ണുകൾ ആരെയോ പരതുന്നുണ്ടായിരുന്നു.

“അതെ മുഹൂർത്തത്തിന് സമയം ആയി. താലിക്കെട്ട് ആ ചടങ്ങ് അങ്ങ് നടത്താം . കുട്ടി ഇരു കൈകളും കൂപ്പി പ്രാർത്ഥിച്ചു നിന്നോളൂ.”

തിരുമേനി തളികയിൽ പൂജിച്ച് വെച്ചിരിക്കുന്ന താലി എടുത്ത് ഹരിക്ക് നേരെ നീട്ടി. അവൻ ആ താലി വാങ്ങി അവളുടെ കഴുത്തിൽ ചാർത്തി.

“മാംഗല്ല്യം തന്തുനാനെനാ മമ ജീവന ഹേതുനാ”

നാഥ സ്വരത്തിന്റെയും മന്ത്രോച്ചാരണത്തിന്റെയും ശബ്ദം അവിടമാകെ മുഴങ്ങി. ചുറ്റും കൂടി നിന്നവർ അവരുടെ തലയ്ക്ക് മീതെ പുഷ്പവൃഷ്ടി നടത്തി. സിന്ദൂരച്ചെപ്പ് തുറന്ന് മോതിരവിരലിനാൽ ഹരി അവളുടെ തിരുനെറ്റിയിൽ തിലകം ചാർത്തി. നിറഞ്ഞ മിഴികൾ അവൾ പതിയെ തുറന്നു . വീണ്ടും ചുറ്റിലും കൂടിയിരിക്കുന്ന ആൾക്കൂട്ടത്തിലേക്ക് അവൾ ഒന്നുകൂടി നോക്കി.

“ഇനി ഇരുവരും എഴുന്നേൽക്കൂ . അഛൻ ഇല്ലാത്ത സ്ഥിതിക്ക് കുട്ടീടെ ഏട്ടൻ തന്നെ കൈ പിടിച്ച് കൊടുക്കട്ടെ അതല്ലേ അതിന്റെ ഒരു രീതി. ഏട്ടനെ ഇങ്ങ് വിളിച്ചോളൂ. ”

“അത് പിന്നെ തിരുമേനീ കുട്ടീടെ ഏട്ടൻ വന്നിട്ടില്ല. ”

“ശ്ശേ എന്തായീ പറയണേ ആകെയുള്ള ഒരു അനിയത്തിക്കുട്ടീടെ കല്ല്യാണം ആയിട്ട് ഏട്ടൻ വന്നില്ലാന്നോ ?”

” ആളിവിടെ സ്ഥലത്തില്ല അതാ.”

” ഇപ്പഴത്തെ ഓരോ കുട്ട്യോളടെ തിരക്കേ. ഹും പറഞ്ഞിട്ട് കാര്യം ഇല്ല്യ . എന്നാൽ പിന്നെ കുട്ടീടെ അമ്മാവനെ ഇങ്ങ്ട് വിളിച്ചോളൂ.”

അമ്മാവൻ അവളുടെ കരങ്ങൾ ഹരിയുടെ കൈകളിൽ ഏൽപ്പിച്ചു.

” ഇനി കതിർ മണ്ഡപം ഒരു മൂന്നു പ്രാവശ്യം വലം വെച്ചോളൂ അതിന് ശേഷം ദക്ഷിണ കൊടുക്കാം. ”

ഹരിയുടെ കൈയും പിടിച്ചവൾ യാന്ത്രികമായി കതിർ മണ്ഡപം വലം വെച്ചു. നിറഞ്ഞ മിഴിയോടെ അവൾ അമ്മയെ ഒന്ന് നോക്കി.മൂന്ന് പ്രാവശ്യം കതിർ മണ്ഡപം വലം വെച്ച് കഴിഞ്ഞതും അവൾ ഹരിയുടെ കയ്യിൽ നിന്നും കുതറി അമ്മയുടെ അടുത്തേക്കോടി.

അമ്മയെ കെട്ടിപ്പിടിച്ചവൾ പൊട്ടിക്കരഞ്ഞു.

“അമ്മേ ഏട്ടൻ ”

“മോൾ ഇപ്പോൾ അതൊന്നും ഓർക്കണ്ട. നല്ല കുട്ടിയായി മിഴികൾ തുടച്ച് ഇറങ്ങാൻ നോക്ക്.”

“ഇല്ലമ്മേ എനിക്ക് ഇപ്പോൾ എന്റെ ഏട്ടനെ കാണണം. ”

“എന്താ മാളൂ നീ ഈ പറയണേ ?”

“ഇല്ലമ്മേ ഈ വീടിന്റെ പടിയിറങ്ങുന്നതിന് മുൻപ് അവസാനമായി ഞാൻ എന്റെ ഏട്ടനെ ഒന്നു കണ്ടോട്ടെ.”

” എന്നെ ധർമ്മസങ്കടത്തിലാക്കല്ലേ മോളെ നീ.”

” ഒരേ ഒരു പ്രാവശ്യം ഞാൻ കണ്ട് ഒന്ന് അനുഗ്രഹം മേടിച്ചോട്ടെ അമ്മേ.”

മനസ്സില്ലാ മനസോടെ ശാരദ തലയാട്ടി. അമ്മയുടെ മറുപടിക്ക് കാത്തുനിൽക്കാതെ അവൾ നേരെ തെക്കിനിയിലേക്കോടി.ഇടനാഴിയിലെ ഇരു ചുവരുകളിലും തട്ടി അവളുടെ പാദസ്വരത്തിന്റെ കിലുക്കം പ്രതിധ്വനിച്ചു. ഗോവണിയുടെ ഓരോ പടികൾ കയറുന്തോറും മാളൂവിന്റെ നെഞ്ചകം ഞെരിപ്പോട് പൊലെ നീറി പുകഞ്ഞുകൊണ്ടിരുന്നു.
പുറത്തു നിന്ന് താഴിട്ട് പൂട്ടിയ തെക്കിനിയിലെ അവസാന മുറി ലക്ഷ്യമാക്കി അവൾ വരാന്തയിലൂടെ വീണ്ടും നടന്നു. ജനൽ പടിയിൽ നിന്നും ഒരു താക്കോൽക്കൂട്ടം അവൾ തപ്പിത്തെരെഞ്ഞെടുത്തു. വിറയാർന്ന കൈകളാൽ ഓരോ താക്കോലും താഴിലിട്ട് അവൾ വാതിൽ തുറക്കാൻ ശ്രമിച്ചു. മാളുവിന്റെ കയ്യിൽ നിന്നും താക്കോൽക്കൂട്ടം നിലത്ത് വീണപ്പോൾ പൂട്ടിയിട്ട ഇരുട്ടറയിൽ നിന്നും ഒരു മുരൾച്ച കേട്ടു . വീണ്ടും നിലത്തു വീണ താക്കോൽക്കൂട്ടം വാരിയെടുത്ത് അവൾ റൂമിന്റെ വാതിൽ തള്ളി തുറന്ന് ആ ഇരുട്ടിന്റെ ആത്മാവിലേക്കവൾ കാലെടുത്ത് വെച്ചു.

“ഏട്ടാ ….”

മാളുവിന്റെ ശബ്ദം ഇരുട്ടറയിൽ മുഴങ്ങി. മച്ചിൻ പുറത്ത് തല കീഴായി കിടന്ന് തൂങ്ങിയാടുന്ന വവ്വാലുകൾ ചിറകടിച്ച് റൂമിന്റെ പുറത്തേക്ക് പറന്നു. റൂമിന്റെ നാനാഭാഗത്തും അവളുടെ കണ്ണുകൾ ഏട്ടനെ തിരഞ്ഞു. ഇരുട്ടിൽ തപ്പിപ്പിടിച്ചവൾ ലൈറ്റ് ഓൺ ചെയ്തു. റൂമിൽ ആകെ ഫ്ലൂറോസെന്റ് ലാബിന്റെ മങ്ങിയ മഞ്ഞ വെളിച്ചം പരന്നു.

ആ …….. മനു അലറി വിളിച്ചു.

പ്രകാശ ശര്മികൾ മനുവിന്റെ മുഖത്തേക്ക് അടിച്ചതും അവൻ കണ്ണുകൾ ചിമ്മി പേടിച്ചരണ്ട് റൂമിന്റെ ഒരു മൂലയിലേക്ക് ഒതുങ്ങി. ജനലഴിയിൽ ബന്ധിപ്പിച്ചിരിക്കുന്ന ചങ്ങലയുടെ ഒരറ്റം തുരുമ്പെടുത്തിരിക്കുന്നു മറ്റോരറ്റലത്തക്ക് മാളൂ ഒന്ന് കണ്ണോടിച്ചു. മദം പൊട്ടിയ കാട്ടു കൊമ്പനെ പൊലെ ചങ്ങല കണ്ണികളാൽ ബന്ധിച്ച കാലിലെ വ്രണത്തിൽ നിന്നും നീരൊഴുകിക്കൊണ്ടിരിക്കുന്നു. അസഹനീയമായ ദുർഗന്ധം റൂമിലാകെ തളം കെട്ടി നിന്നു. മാളുവിന്റെ നെഞ്ചകം വിങ്ങുന്ന കാഴ്ചയായിരുന്നു അത്. മാളൂ ഓരോ അടിവെച്ച് മനുവിന്റെ അടുത്തേക്ക് അടുക്കുമ്പോഴും അർത്ഥമില്ലാത്ത ഏതോ ഒരു പാണൻ പാട്ട് പോലെ എന്തോക്കെയോ അവൻ പുലമ്പുന്നുണ്ടായിരുന്നു.

“മോളെ ”

പുറകിൽ നിന്നും അമ്മയുടെ വിളി.

“മോളെ അടുത്തേക്ക് പോകണ്ട ഇത് വാവിന്റെ സമയമാണ് അവൻ ഉപദ്രവിക്കും”

“ഏട്ടാ ”

അവൾ മനുവിന്റെ പാദങ്ങളിലേക്ക് നോക്കി .സാരിത്തുമ്പ് കൊണ്ട് വ്രണങ്ങളിലെ ചോരയും ചലവും തുടച്ച് നീക്കി. വേദന കൊണ്ടവൻ പുളഞ്ഞു. മുറുക്കി പിടിച്ച മനുവിന്റെ ഇരു കൈകളിൽ മാളൂ അമർത്തിപ്പിടിച്ചു. ചുരുട്ടി പിടിച്ച മുഷ്ടികൾ അവൾ ബലമായി നിവർത്തി . സ്വയം കടിച്ച് തുപ്പിയ മനുവിന്റെ വിരലുകൾ കണ്ട് മാളു ഒന്ന് ഞെട്ടി. ആ ചോര കൊണ്ട് ചുമരിൽ വരച്ച ചിത്രങ്ങൾ കണ്ടപ്പോൾ അവളുടെ ബോധം മറയുന്ന പൊലെ മാളുവിന് തോന്നി. മനുവിന്റെ ചെമ്പൻ മുടിയിഴകളിൽ അവൾ തലോടി. കരി പുരണ്ട വസ്ത്രം ഊരിമാറ്റി അവൾ മനുവിനെ പുത്തൻ വസ്ത്രങ്ങൾ ഉടുപ്പിച്ചു.

“ഏട്ടാ ഇന്ന് വല്ലതും കഴിച്ചോ? ”

മറുപടി മൗനം മാത്രമായിരുന്നു.

“ഏട്ടന് വിശക്കുന്നുണ്ടോ? ഞാൻ പോയി ഭക്ഷണം എടുത്ത് വരാം. ”

അവൾ ഒറ്റ ശ്വാസത്തിൽ ഗോവണിപ്പടികൾ ഇറങ്ങി താഴേക്കോടി. ചെറിയ ഒരു വെള്ളിത്തളികയിൽ അവൾ തന്റെ വിവാഹ സദ്യ വിളമ്പി വീണ്ടും തെക്കിനിയിലെ ഇരുട്ട് മുറിയിലേക്കോടി. അപ്പോഴും പന്തലിൽ കല്ല്യാണപെണ്ണിനെ തിരയുന്ന തിരക്കിൽ ആയിരുന്നു ചെറുക്കനും കൂട്ടരും .ഓരോ ഉരുള ചോറ് മനുവിന് വാരി കൊടുക്കുമ്പോൾ അവൻ അത് ഒരു കൊച്ചു കുട്ടിയെപ്പൊലെ ആർത്തിയോടെ അത് വാങ്ങിക്കഴിച്ചു. മാളുവിന്റെ ഇരു മിഴികളും നിറഞ്ഞൊഴുകി.

“മാളൂ നീ ഒന്ന് വേഗം വരണുണ്ടോ അവിടെ പന്തലിൽ എല്ലാവരും നിന്നെ തിരയ്ണ്ട്. ”

ഇടം കൈയാൽ അവൾ മിഴികൾ തുടച്ചു കൊണ്ട് പറഞ്ഞു.

“ഇപ്പോ വരാം അമ്മേ. ”

മറുകയ്യിൽ കരുതിയിരുന്ന വെറ്റിലയും അടയ്ക്കയും അവൾ ഏട്ടന്റെ കൈകളിൽ ഏൽപ്പിച്ച് ചങ്ങലയാൽ ബന്ധിച്ച ആ കാലുകളിൽ വീണു .മനുവിന്റെ ഇരു കരങ്ങൾ പിടിച്ച് അവൾ സ്വന്തം മൂർധാവിൽ വെച്ച് അനുഗ്രഹം വാങ്ങി. ശൂന്യതയിലേക്ക് നോക്കി നിൽക്കുന്ന മനുവിനോട് യാത്ര പറഞ്ഞവൾ റൂമിന്റെ പുറത്തേക്കിറങ്ങി. അമ്മയുടെ മാറിൽ വീണ് അവൾ പൊട്ടിക്കരഞ്ഞു.

“എന്റെ ഏട്ടൻ ”

“സാരല്ല മോളെ മോള് ഭക്ഷണം കഴിച്ച് ഇറങ്ങാൻ നോക്ക് ഇനിയും സമയം ഒത്തിരി വൈകണ്ട. ”

മാളൂ ഹരിയുടെ കയ്യും പിടിച്ച് പഠിപ്പുര കടന്നു. പാടവരമ്പിൽ നിന്നും നിറഞ്ഞ മിഴികളോടെ തെക്കിനിയിലേക്ക് തിരിഞ്ഞുേ നോക്കി. പാതി തുറന്ന ജനൽ പാളിയുടെ വിടവിലൂടെ അവൾ മനുവിന്റെ നിഴലാട്ടം കണ്ടു. ചങ്ങലയുടെ നേരിയ കിലുക്കം ഒരു ചരമഗീതം പൊലെ അവളുടെ കാതുകളിൽ മുഴങ്ങി. തകർന്ന മനസ്സുമായി മാളൂ പുതിയൊരു ജീവിതത്തിലേക്ക് യാത്രയായി.

അതെ അവൻ ഭ്രാന്തനാണ് .അനീതികൾ കാണുമ്പോഴോക്കെ ചിലപ്പോൾ ആ ഭ്രാന്ത് പൂക്കാറുണ്ട് . സ്ഥിരമായി മദ്യപിച്ച് സ്വന്തം അമ്മയെ തല്ലുന്നത് കണ്ട് സഹിക്കാനാവാതെ പന്ത്രണ്ടാം വയസ്സിൽ സ്വന്തം അച്ഛനെ വെട്ടിക്കൊന്നപ്പോൾ തുടങ്ങിയ ഭ്രാന്ത് .പിന്നീട് തന്റെ സ്വന്തം പെങ്ങളെ ചെറിയഛൻ പീഢിപ്പിക്കാൻ ഒരുങ്ങിയപ്പോൾ അയാളെ തലക്കടിച്ച് കൊന്ന ഭ്രാന്ത്. അവസാനം സ്വന്തം കാമുകി മറ്റൊരുത്തന്റെ കൂടെ കിടക്ക പങ്കിടുന്നത് കണ്ടപ്പോൾ അവനെ കഴുത്ത് ഞെരിച്ച് കൊന്ന ഭ്രാന്ത് . മനുവിന്റെ ആ കാലുകൾ ഇന്നും ചങ്ങലകളാൽ ബന്ധിതമല്ലായിരുന്നെങ്കിൽ ഓരോ അനീതി കാണുമ്പോഴും വർഷത്തിലും വേനലിലും ആ ഭ്രാന്ത് പൂക്കുമായിരുന്നു അവന്റെ ഓരോ കൂടെപ്പിറപ്പുകൾക്കു വേണ്ടി.

ശുഭം

രചന: സനൽ SBT

Leave a Reply

Your email address will not be published. Required fields are marked *