അമ്മയുടെ ഓർമ്മകൾ മറന്ന് പരീക്ഷ എഴുതി . എല്ലാം കഴിഞ്ഞു ഇന്നിപ്പോൾ…

രചന: ക്രിസ് മരിയ

അമ്മയുടെ സ്വകാര്യ ഡയറിയുടെ താളുകൾ മറിക്കുമ്പോൾ ഉണ്ണിയുടെ കൈ തെല്ലൊന്നു വിറയ്ക്കുന്നുണ്ടായിരുന്നു.

അമ്മയുടെ മരണ ശേഷം ഇതാദ്യമായാണ് മുറിയിൽ കയറുന്നത്.

പെട്ടെന്നുള്ള മരണം ആയിരുന്നു

ഉണ്ണിക്ക് പരീക്ഷ നടന്നുകൊണ്ടിരുന്ന സമയം

വീട്ടിൽ നിന്നും ആരൊക്കെയോ വന്നു വിളിച്ചുകൊണ്ടു വരുക ആയിരുന്നു.

എല്ലാം കഴിഞ്ഞു അച്ഛൻ തന്നെ പറഞ്ഞു പരീക്ഷയല്ലേ പൊയ്ക്കോളാൻ.

അന്ന് തന്നെ വണ്ടി കയറി ഹോസ്റ്റലിലേക്ക് പോന്നു.

അമ്മയുടെ ഓർമ്മകൾ മറന്ന് പരീക്ഷ എഴുതി .
എല്ലാം കഴിഞ്ഞു ഇന്നിപ്പോൾ
വീടിനുള്ളിൽ ഒറ്റയ്ക്കായപ്പോൾ ആണ് ശൂന്യത തോന്നി തുടങ്ങിയത്.

ഉണ്ണിയെ “”എന്ന് അമ്മ വിളിക്കുന്ന പോലെ തോന്നൽ ആണ്.

അച്ഛൻ സദാ സമയം തൊടിയിൽ ആയിരിക്കും

എത്രയും വേഗം ഹോസ്റ്റലിൽ തിരിച്ചെത്തിയാൽ മതിയെന്ന് ഓർത്തിരിക്കുമ്പോളാണ്

“ഉണ്ണിയെ….. എന്നുള്ള വിളികേട്ടത്

ഞെട്ടിത്തിരിഞ്ഞു “അമ്മയുടെ മാലയിട്ട ഫോട്ടോയിലേക്കാണ് ഉണ്ണി നോക്കിയത്

“അമ്മയല്ല… അച്ഛൻപെങ്ങളാണ്

ചോറും ആയി വന്നതാണ്

ഉണ്ണിയെ… വിളമ്പി വെച്ചേക്കാം കഴിക്കണം

നിന്റെ അച്ഛൻ അവിടെ വന്ന് കഴിച്ചോളും.

“ഉണ്ണിയെ. …നീ സുലേഖയുടെ സാരി എല്ലാം എടുത്തു വെച്ചേക്കണം

ആർക്കേലും കൊടുക്കലോ.

ഇത് പറഞ്ഞുകൊണ്ട് അച്ഛൻപെങ്ങൾ ഇറങ്ങി.

അതിനാണ് മുറിയിൽ കയറിയത്.

പഴയ തടി അലമാരയിൽ ചെറിയ കിലുങ്ങുന്ന മണികൾ തൂക്കിയ താക്കോൽ കൂട്ടം കിടന്നിരുന്നു.

പതിയെ അവയിൽ തൊട്ടപ്പോൾ ദേഹം വിറയ്ക്കുന്ന പോലെ

അലമാരിയിൽ നിന്നും സാരികൾ മാറ്റുന്നതിനിടയിൽ ആണ് ഈ ഡയറി താഴെ വീണത്.

ആദ്യം തുറക്കാൻ തോന്നിയില്ല.

പിന്നെയത് പതിയെ തുറന്നു

സുലേഖ എന്ന് എഴുതിയിരിക്കുന്നു തുടക്കത്തിൽ

അമ്മ ഡയറി എഴുതുവായിരുന്നോ ?

ഉണ്ണി ഓർത്തു

“”ഉണ്ണിയെ അമ്മയ്ക്ക് ഒരു പേന തരുമോ നീ

പിന്നെ…. എനിക്ക് എഴുതാൻ ഇല്ല
.
അപ്പോളാണ് അമ്മയ്ക്ക് തരാൻ

അന്ന് അങ്ങനെ താൻ പറഞ്ഞിരുന്നു

വീണ്ടും ചോദിച്ചു പെൻസിൽ എങ്കിലും താ ഉണ്ണി “”

അച്ഛന്റെ സ്വരം ഉയർന്നു അവൻ പഠിക്കുവല്ലേ ശല്യം ചെയ്യാതിരിക്കാൻ

പിറ്റേന്ന് സ്കൂളിൽ പോകാൻ ഇറങ്ങിയപ്പോൾ

അമ്മ കയ്യിൽ അന്പത് രൂപ വെച്ചുതന്നിട്ട് പറഞ്ഞു

വൈകിട്ട് വരുമ്പോൾ പേന വാങ്ങണം

ഒരെണ്ണം അമ്മയ്ക്ക് തന്നിട്ട്

ബാക്കി ഉണ്ണി വെച്ചോളൂ .

അമ്മ എഴുതാൻ ആവും വാങ്ങിപ്പിച്ചത്

പതിയെ ഉണ്ണി ഡയറി മറിച്ചു തുടങ്ങി

പേജുകൾ മുഴുവൻ അച്ഛനും ഞാനും മാത്രം

പന്ത്രണ്ടാം ക്ലാസ്

ഫുൾ “എ പ്ലസ് കിട്ടി പാസായ സന്തോഷം വായിച്ചപ്പോൾ ഉണ്ണിയുടെ ഹൃദയം വിങ്ങി.

ഡിഗ്രിക്ക് ഹോസ്റ്റലിൽ നിന്ന് പഠിക്കാൻ വാശിപിടിച്ചു അച്ഛൻ അത് സാധിച്ചും തന്നു

ഉണ്ണിയെ….

നിനക്ക് ഇവിടെ നിന്ന് പഠിച്ചാൽ പോരെ എന്ന് അമ്മ തന്നോട് ചോദിച്ചപ്പോൾ

എന്റെ കൂട്ടുകാരെല്ലാം ആ കോളേജിൽ ആണ് ചേർന്നത്

എനിക്ക് പോയെ പറ്റു..

അന്ന് അങ്ങനെ തറപ്പിച്ചു പറഞ്ഞു

ആ ദിവസം അമ്മ ഇങ്ങനെ എഴുതി

ഉണ്ണി ഇവിടുന്ന് പോണം എന്ന് വാശിപിടിക്കുന്നു

അവന്റച്ഛൻ അത് സമ്മതിച്ചിരിക്കുന്നു. ഞാൻ എന്താ ചെയ്ക

ഇന്നലെ വരെ എന്റെ തുണി തുമ്പേൽ പിടിച്ചുനടന്ന കുട്ടി

പോകണം അത്രേ

അമ്മെന്ന് അവന്റെ വിളി കേൾക്കാതെ ഞാൻ എങ്ങനെയാ.. ..

പിന്നീടുള്ള അക്ഷരങ്ങൾ മാഞ്ഞിരുന്നു

‘അമ്മ കരഞ്ഞിട്ട് ഉണ്ടാവും

അതെ അമ്മ കരഞ്ഞു

മുഖം അമർത്തി കരഞ്ഞു

സിന്ദൂര രേഖയിലെ സിന്ദൂരം അതിനടയാളം.

ഉണ്ണി കണ്ണുകൾ മെല്ലെ അടച്ചു

നിറഞ്ഞുവന്ന കണ്ണുനീർ കവിൾ തടത്തിലൂടെ ഒഴുകി.

ഉണ്ണി താളുകൾ വീണ്ടും മറിച്ചു

അതിൽ പലതിലും ഒന്നും എഴുതിയിട്ട് ഉണ്ടായിരുന്നില്ല

തന്റെ ജന്മദിനം

അത് അമ്മ ഡയറിയിൽ എഴുതിയിരികുന്നു

ഇന്നെന്റെ ഉണ്ണിക്കണ്ണന്റെ ജന്മദിനം ആണ്

ഒരുപാട് കാത്തിരുന്നു കിട്ടിയ പുണ്യം

കുറുമ്പൻ ആരുന്നു ഉണ്ണി

കുഞ്ഞുനാളിൽ മുലയൂട്ടുമ്പോൾ മുലക്കാബിൽ കുഞ്ഞിപല്ലുകൾ ആഴ്ത്തുമായിരുന്നു,

ഇത് കണ്ട നാണി തള്ള പറഞ്ഞു

“മുറിവ് ഉണ്ടായാൽ മുല പഴുക്കും ”

അതങ്ങനെ തന്നെ നടന്നു

“മുല പഴുത്തു

ഉണ്ണി രാപകൽ കരഞ്ഞു

അത് സഹിക്ക വയ്യാതെ ഞാൻ അവനെ മുലയൂട്ടി

വേദന കടിച്ചമർത്തി

എന്റെ വേദനയിൽ ഉണ്ണിയുടെ വയർ നിറയുമ്പോൾ ഒരു ചിരിയുണ്ട്

എന്റെവേദന അലിയിച്ചു കളയുന്ന നിറപുഞ്ചിരി.

ഇന്ന് ഉണ്ണിയെ വിളിച്ചിരുന്നു

പിറന്നാൾ ആശമ്സ പറയുവാൻ

ഉണ്ണിക്ക് തിരക്ക് ആണെന്ന് പറഞ്ഞു പഠിയ്ക്കാൻ ഏറെ ഉണ്ടത്രേ

ഫോൺ വേഗം വെച്ചു

ഉണ്ണിയുടെ കണ്ണ് നിറഞ്ഞൊഴുകി

കൂട്ടുകാരോട് ഒപ്പം ബർത്തഡേ സെലിബ്രേഷന് നടത്തുവായിരുന്നു താൻ അന്ന്.

വീണ്ടും ഉണ്ണി വായിച്ചു തുടങ്ങി

ഉണ്ണിക്കേറെ ഇഷ്ട്ടമുള്ള “മാമ്പഴ പുളിശ്ശേരിയും

അട പ്രഥമനും വെച്ചുണ്ടാക്കിയത് പറയാൻ കഴിഞ്ഞില്ല

വെച്ചുണ്ടാക്കിയത് പറമ്പിൽ മാബഴം പെറുക്കാൻ വന്ന കുട്ടികൾക്ക് വിളമ്പുബോൾ കണ്ണ് നിറഞ്ഞിരുന്നു

ആദ്യം ആയി ഉണ്ണി ഇല്ലാതെ പിറന്നാൾ ദിനം ഇങ്ങനെ.

ഉണ്ണി തളർന്ന് കട്ടിലിൽ ഇരുന്നു ഉറക്കെ കരഞ്ഞു

കരച്ചിൽ കേട്ട് എത്തിയ ഉണ്ണിയുടെ അച്ഛൻ

” എന്താ ഉണ്ണിയെ എന്ന് ചോദിക്കും മുൻപേ

ഉണ്ണി, ഡയറി കട്ടിലിൽ വെച്ച് മുറിയിൽ നിന്ന് ഇറങ്ങിയിരുന്നു

അയാൾ അത് കയ്യിൽ എടുത്തു

ഉണ്ണിയെന്തിന് കരഞ്ഞു?

താളുകൾ മറിക്കുമ്പോൾ അയാളുടെ കട്ടികണ്ണടയിൽ വെള്ളം വീണ്കൊണ്ടിരുന്നു

അടുത്ത താളിൽ അയാളുടെ കണ്ണുടക്കി

ഇന്ന് വിവാഹ വാർഷികം ആണ്

മുകുന്ദേട്ടൻ ഓർത്തത് പോലും ഇല്ല

അമ്പലത്തിൽ പോയിവന്നപ്പോളേക്കും ആള് പോയിരുന്നു

“സുലേഖേ എന്നൊന്ന് വിളിച്ചിട്ട് നാളേറെയായി

ഒരുമിച്ചിരുന്നു ഉണ്ടിട്ട്,

ഒന്ന് മിണ്ടിയിട്ട് നാളുകൾ ഏറെ ആയി

ഇരുപത്തി മൂന്നു വർഷത്തെ ജീവിതം ഇന്ന്

ഇരു മുറികളിലെ,

ഇരു കട്ടിലിൽ

ഇരു പുതപ്പിന്റെ ചൂടേറ്റ് ഉറങ്ങി ഉണരുന്നു

എനിക്ക് കൊതിയാണ്

ആ നെഞ്ചിലെ ചൂടിൽ അമർന്നു, വിയർപ്പിന്റെ ചൂരിൽ അലിഞ്ഞുറങ്ങാൻ

ഒന്നും വേണ്ടിയിരുന്നില്ല

എന്റെ നെറ്റിത്തടത്തിൽ ഒന്നമർത്തി ചുംബിച്ചാൽ മതി ആയിരുന്നു.

“വയറിന്റെ വിശപ്പകറ്റി

ശരീരം മറയ്ക്കാൻ പുടവയും തന്നു ”

“തളർന്ന് പോയ എന്റെ മനസിന് ആരും ഒരിറ്റ് വെള്ളം നൽകിയില്ല ”

“നൽകിയിരുന്നെങ്കിൽ’

പിന്നീടുള്ള അക്ഷരങ്ങൾ മാഞ്ഞിരുന്നു

സിന്ദുരം താളിൽ പറ്റി ചേർന്നിരുന്നു

മുറിയിൽ നിന്നും ഇറങ്ങുമ്പോൾ മുകുന്ദന്റെ

“ഹൃദയം മാത്രമല്ല കാലും ഇടറിയിരുന്നു

സുലേഖയുടെ മാല ചാർത്തിയ ഫോട്ടോയ്ക്ക് മുന്നിൽ അയാൾ നിൽക്കുമ്പോൾ

പതിഞ്ഞ ശബ്ദത്തിൽ ഉണ്ണിപറഞ്ഞു

“നമ്മൾ തോറ്റു പോയി അച്ഛാ ‘

അയാളുടെ കട്ടി കണ്ണടയിൽ വെള്ളം വീണു കൊണ്ടേ ഇരുന്നു

❤❤❤❤

രചന: ക്രിസ് മരിയ

Leave a Reply

Your email address will not be published. Required fields are marked *