ആൾക്കൂട്ടത്തിനിടയിലൂടെ അവൾ തനിയെ അയാളുടെ മുന്നിൽ ചെന്നു നിന്നു…

രചന: ആമി

“ഒന്ന് തട്ടി മുട്ടി എന്നും പറഞ്ഞു നീ ഇങ്ങനെ കിടന്നു ചാടുന്നത് എന്തിനാണ് പെണ്ണെ? നീ വലിയ ശീലാവതി ഒന്നും ചമയാതെ…. നീ ആരാണെന്നു ഞങ്ങൾക്ക് നന്നായി അറിയാം… കൂടുതൽ ചാടേണ്ട ”

ക്ഷേത്രത്തിലെ പൂരത്തിനു ആൾ തിരക്കിനിടയിൽ രേവുവിനെ അറിഞ്ഞുകൊണ്ട് ദേഹത്ത് തട്ടി കൊണ്ടു അവൻ പറഞ്ഞു. അവൾ ദേഷ്യം കൊണ്ടു വിറച്ചു.

“നീ ഇങ്ങോട്ട് പോര് പെണ്ണേ… ഇവനോടൊക്കെ വല്ലോം പറയാൻ നിന്നാൽ നമ്മൾ നാണം കെടും… “രേവുവിനോട് ഗീതച്ചേച്ചി പറഞ്ഞു. രേവുവിന്റെ കൈയിൽ പിടിച്ചു അവർ അവിടെ നിന്നും മാറി നിന്നു. അപ്പോഴും അയാൾ പറഞ്ഞ വാക്കുകൾ അവളെ അസ്വസ്ഥമാക്കി.

“എനിക്ക് അവനോട് രണ്ട് പറയണം ചേച്ചി… ”

“വേണ്ട പെണ്ണേ…. ആളുകൾ ശ്രദ്ധിക്കും. നമുക്കാണ് നാണക്കേട് “ഗീതച്ചേച്ചി അവളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.

ആൾക്കൂട്ടത്തിനിടയിലൂടെ അവൾ തനിയെ അയാളുടെ മുന്നിൽ ചെന്നു നിന്നു.

“എന്ത് അറിഞ്ഞിട്ടാണ് നിങ്ങൾ നീ അത്ര ശീലാവതി ചമയേണ്ട എന്ന് പറഞ്ഞത്…? “അവൾ അയാളോട് ഉറക്കെ ചോദിച്ചു. കേട്ടവർ എല്ലാം അവളെ നോക്കി നിന്നു.

“ഭർത്താവ് ഇട്ടിട്ടു പോയ നീ പിന്നെ വല്യ വിശുദ്ധയല്ലേ…. നാട്ടുകാർക്ക് അറിയാമെടി നിന്നെ “അയാൾ ഉറക്കെ അത് പറഞ്ഞതും അവൾ ജോലിയെടുത്തു തഴമ്പിച്ച അവളുടെ കൈ ഉയർത്തി അവന്റെ മുഖത്ത് ആഞ്ഞടിച്ചു.

“എന്നെ അടിക്കാനും മാത്രം നീ ആയോടി… “എന്നും പറഞ്ഞു അവൻ കൈവീശിയതും അരയിൽ കരുതിയ പിച്ചാത്തി എടുത്തു അവന്റെ നേരെ ചൂണ്ടി പറഞ്ഞു.

“ഭർത്താവ് ഇല്ലാത്ത പെണ്ണ് മോശമാണ് എന്ന് നിന്നെപോലുള്ളവരുടെ ചിന്ത അത് തെറ്റാണ്… അന്തസ്സോടെ പണിയെടുത്തു ജീവിക്കുന്ന പെണ്ണിന്റെ കൈ തഴമ്പ് ഉള്ളതാണ്… ഒന്ന് പൊട്ടിച്ചാൽ അത് നാണക്കേടാണ് നിന്നെപോലുള്ള പെണ്ണിനെ മോശമായി മാത്രം കാണുന്ന നെറികെട്ടവന്മാർക്ക്… “എന്നവൾ പറഞ്ഞതും കൂടി നിന്ന ആൾകൂട്ടത്തിൽ നിന്നും ഒരു പുരുഷ സ്വരം ഉയർന്നു.

“ഇതാണ് പെണ്ണ്…. ആണുങ്ങളുടെ മാനം കളയാൻ ഇറങ്ങിയേക്കുന്ന ഇവനെയൊക്കെ തല്ലിക്കൊല്ലണം “ആ പുരുഷ സ്വരം കേട്ട് ചില ആണുങ്ങളും അയാളോടൊപ്പം കൂടിയപ്പോൾ അവൻ ഇരുട്ടിലേക്ക് മറഞ്ഞു. രേവു എല്ലാവരെയും നോക്കി നടന്നു നീങ്ങി.

“ഗീതേച്ചി…. പെണ്ണ് പേടിക്കരുതേ… തൊട്ടവന്റെ കൈ വെട്ടാൻ ധൈര്യം ഉള്ളവളാകണം പെണ്ണ്… ”

രേവു അത് പറഞ്ഞപ്പോൾ ഗീതേച്ചി അവളെ കെട്ടി പിടിച്ചു അഭിമാനത്തോടെ.

രചന: ആമി

Leave a Reply

Your email address will not be published. Required fields are marked *