ഇന്നലെ വൈകുന്നേരം വരെ അവൾ എന്നോടൊപ്പമുണ്ടായിരുന്നു….

രചന: Pratheesh

ഞാനുമായുള്ള
പ്രണയബന്ധം തുടരാൻ താൽപ്പര്യമില്ലെന്ന് ”
അവളുടെ കൂട്ടുക്കാരി
സഫിയ എന്നെ വിളിച്ചു പറഞ്ഞു,

എന്താണ് കാരണമെന്നു ചോദിച്ചിട്ട് അവൾ പറഞ്ഞതുമില്ല,
പകരം സഫിയ മറ്റൊന്ന് പറഞ്ഞു,

നിന്നെ പോലെ ഒരാളെ അവളെ പോലെ ഒരു പെണ്ണ് എങ്ങിനെ വിശ്വസിക്കും എന്ന്…?

എനിക്കൊന്നും മനസിലായില്ല…!

എന്റെ ഭാഗത്തു നിന്ന് ഒരു തെറ്റും സംഭവിച്ചിട്ടില്ലെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു,

ഇന്നലെ വൈകുന്നേരം വരെ അവൾ എന്നോടൊപ്പമുണ്ടായിരുന്നു അതും അവളുടെതായ എല്ലാ സന്തോഷത്തോടെയും ഉല്ലാസവതിയായും തന്നെ,

പിന്നീടെന്തു സംഭവിച്ചു എന്നെനിക്കറിയില്ല..,

ഇന്നലെ ഞാനും സഫിയയുമടക്കം അവളുടെ നാലു കൂട്ടുക്കാരികളും ഒന്നിച്ചാണ് അവളുടെ തന്നെ മറ്റൊരു കൂട്ടുക്കാരിയുടെ ചേച്ചിയുടെ കല്യാണത്തിനു പോയത്,

രാവിലെ പതിനൊന്നര മുതൽ
ഉച്ചക്ക് മൂന്നര വരെ ഞങ്ങൾ എല്ലാവരും ആഘോഷമായി തന്നെ ചിരിച്ചും കളിച്ചും തമാശ പറഞ്ഞും ആ കല്യാണത്തിനുണ്ടായിരുന്നു,

അവിടുന്ന് തിരികേ മൂന്നേ മുക്കാലിന്റെ ബസ്സിനാണു ഞങ്ങൾ എല്ലാവരും തിരിച്ചു പോന്നത്,

ബസ്സിൽ നല്ല തിരക്കുണ്ടായിരുന്നതു കൊണ്ട് ആർക്കും ഇരിക്കാൻ സീറ്റൊന്നും കിട്ടിയില്ല,
അതത്ര പ്രശ്നവുമായിരുന്നില്ല, കാരണം ഞങ്ങൾക്കു സഞ്ചരിക്കാൻ അരമണിക്കൂർ ദൂരമേയുണ്ടായിരുന്നുള്ളൂ,

അവളാണേൽ ഒന്നു കാതോർത്താൽ എന്റെ ഹൃദയമിടിപ്പുകൾ അവൾക്കു കേൾക്കാനാവും വിധം എന്റെ തൊട്ടടുത്താണ് നിൽക്കുന്നത്,

സത്യം പറഞ്ഞാൽ അവൾ അടുത്തുള്ളപ്പോഴോക്കെ ഞങ്ങളെ മറ്റാരെങ്കിലും കാണുമോ എന്ന ഭയം എന്നെ വല്ലാതെ കീഴ്പ്പെടുത്താറുണ്ട്,

എന്നാൽ ഇതുപോലെ അവളെ എന്റെ ഇത്ര അടുത്ത് ഇത്ര ഭയം കുറവിൽ മുന്നേ കിട്ടിയിട്ടെയില്ല,
ഞാനാണെങ്കിൽ അതിന്റെ ഒരു വല്ലാത്ത സന്തോഷത്തിലായിരുന്നു,

മറ്റെവിടെയെങ്കിലും വെച്ചവളെ ഇത്രയും അടുത്തു കിട്ടിയാൽ പോലും നമ്മുടെ ശ്രദ്ധ മുഴുവൻ ചുറ്റുപാടിലായിരിക്കും,

ഉൾഭയം കൊണ്ട്
ആരെങ്കിലും നമ്മളെ നോക്കുന്നുണ്ടോ, കാണുന്നുണ്ടോ എന്നെല്ലാം തിരക്കി നമ്മുടെ കണ്ണുകൾ അവളെ നോക്കുന്നതിനേക്കാൾ കൂടുതലായി ചുറ്റും പരതി നടക്കുകയായിരിക്കും,

അതു കൊണ്ടു തന്നെ അന്നേരങ്ങളിൽ അവളെ സ്നേഹത്തോടെ ഒന്നു ശരിക്ക് നോക്കാൻ കൂടി നമ്മൾക്കാവില്ല,

പക്ഷെ തിരക്കുള്ള ഒരു ബസ്സ് യാത്രയിൽ കുറച്ചു സമയത്തേക്കെങ്കിലും ഇതിനെല്ലാം വഴിയൊരുങ്ങും,
കുറഞ്ഞപക്ഷം മറ്റൊരു ഭയവുമില്ലാതെ ഒരു നിമിഷത്തേക്കെങ്കിലും ഉള്ളിലെ സ്നേഹത്തിന്റെ പൂർണ്ണതയോടെ അവളെ ഒന്നു നോക്കി കാണാനെങ്കിലും നമുക്കു സാധിക്കും.

ബസ്സിൽ തിരക്ക് കൂടി വന്നതോടെ അവൾ എന്നോട് കൂടുതൽ കൂടുതൽ അടുത്തു ചേർന്നു നിന്നു,

അവളുടെ നിശ്വാസങ്ങളുടെ ഇളം ചൂട് എന്റെ കഴുത്തിൽ പതിക്കാൻ തുടങ്ങിയതോടെ ആ സമയം അവളോടുള്ള ഇഷ്ടത്തിന്റെ എല്ലാ നേർത്ത സ്നേഹവികാരങ്ങളും എന്നെ പൊതിഞ്ഞു,
ഏതോ മായാപ്രപഞ്ചം എനിക്കു ചുറ്റും വലയം ചെയ്യാൻ തുടങ്ങി,

അതിനേക്കാൾ ബസ്സിലെ തിരക്കിൽ അവൾ അവളുടെ സംരക്ഷണത്തിനായി എന്റെ ശരീരത്തോട് ചേർന്നു നിന്നപ്പോൾ അവളോടുള്ള സ്നേഹം നെഞ്ചിൽ നിറഞ്ഞ് ആ നിമിഷം തന്നെ അവളെ സ്വന്തം ജീവിതത്തിലേക്ക് അങ്ങു കൂട്ടിയാലോ എന്നു പോലും ഞാൻ അപ്പോൾ വിചാരിച്ചു,

കാരണം അത്രയേറെ ആഴത്തിൽ ആ സമയം അവൾ എന്നിലെക്ക് ആഴ്ന്നിറങ്ങിയിരുന്നു,

ഇറങ്ങേണ്ട സ്ഥലം എത്തിയത് പോലും ഞാനറിഞ്ഞില്ല,
അത്രയേറെ സുന്ദരമായിരുന്നു അവളോടൊത്തുള്ള ആ യാത്ര,

പുറംകാഴ്ച്ചകളെയെല്ലാം
അവളുടെ സാമീപ്യം കൊണ്ടവൾ എങ്ങോ മായ്ച്ചു കളഞ്ഞിരുന്നു,

അതിന്റെ പിറ്റെ ദിവസമാണ് അവൾ എന്നെ വേണ്ടാനു പറഞ്ഞത്,
അതാണെനിക്കും മനസിലാവാത്തത്,
സംഭവിച്ചത് എന്താണെന്നറിയാത്തത് എന്നെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു,

പിന്നീട് ഞാനെത്ര ശ്രമിച്ചിട്ടും
അവൾ എന്നെ കാണാനോ എനിക്കു പറയാനുള്ളത് കേൾക്കാനോ നിന്നു തന്നില്ല,

അവളുടെ ഫോണിൽ നിന്നു മാത്രമല്ല ഹൃദയത്തിൽ നിന്നു പോലും അവൾ എന്നെ ഡിലീറ്റ് ചെയ്തു,

എന്നെ തോൽപ്പിക്കാനാണോ എന്നറിയില്ല ആറു മാസം കൊണ്ടു തന്നെ അവൾ മറ്റൊരു വിവാഹം കഴിച്ചു പോയി,

അല്ലെങ്കിലും ഒരാളോടുള്ള പിണക്കം അത് എക്കാലത്തേക്കും ഉള്ളതാണെന്ന് അയാളോടു പ്രകടമാക്കാൻ കഴിയുന്ന വളരെ ലളിതമായ ഭാഷ മറ്റൊരാളുടെ താലിയേ സ്വീകരിക്കുക എന്നതാണല്ലോ ”

ഏറ്റവും പ്രിയമുള്ളതിനെ നഷ്ടപ്പെട്ടു പോയിട്ടും പതിയേ പതിയേ ജീവിതം പിന്നെയും മുന്നോട്ടു പോയി,

എപ്പോഴും ഒാർത്തെടുക്കാവുന്ന മറവികളിലെവിടെയോ ഒാർമ്മകൾ അവളെയും സൂക്ഷിച്ചു വെച്ചു,

കുറച്ചു മാസങ്ങൾക്കു ശേഷം,
എന്റെ ഒരു കൂട്ടുക്കാരന്റെ കൂടെ അവന്റെ ഒരാവശ്യത്തിനായി എനിക്ക് അവനോടൊപ്പം കോടതിയിൽ പോകേണ്ടി വന്നു,

അവിടെയെത്തിയതും എന്നെ കൂടി ബുദ്ധിമുട്ടിക്കേണ്ട എന്നു കരുതി എന്നോടവിടെ കാത്തു നിൽക്കാൻ ആവശ്യപ്പെട്ട് അവൻ അവന്റെ വക്കീലിനെ കാണാൻ പോയി,

അതോടെ ഞാൻ ചുമ്മ അവിടെ ചുറ്റി പറ്റി നിൽക്കുന്നതിനിടെ പെട്ടന്നാണ് എന്റെ കൂടെ പഠിച്ച #അന്ന_ഫ്രാൻസിസ്നെ യാദൃശ്ചീകമായി അവിടെ വെച്ചു കാണുന്നത്,

അവളൊരു വക്കീലാണ്,
അവളുടെ കല്യാണം കഴിയുന്ന വരെ ഞാനും അവളും വലിയ സുഹൃത്തുക്കളായിരുന്നു വിവാഹം കഴിഞ്ഞതോടെ ആ ബന്ധം അറ്റു പിന്നെ ഇതു പോലെ വല്ലപ്പോഴും കാണുന്ന ഫ്രൻസ് മാത്രമായി,

അവളെ കണ്ടതും ഞാനവളുടെ അടുത്തേക്ക് ചെന്നു എന്നെ കണ്ടതും അവളും ഒന്നു ചിരിച്ചു,
പക്ഷെ അവളുടെ ആ ചിരിയിൽ അത്ര തെളിച്ചമുണ്ടായിരുന്നില്ല,

അവളെ എന്തോ പ്രശ്നം അലട്ടുന്ന പോലെ തോന്നി ചിലപ്പോൾ കുടുംബ പ്രശ്നങ്ങളാവാം,

ഒരു കാപ്പി കുടിച്ചാലോ ?
എന്നു ഞാൻ ചോദിച്ചപ്പോൾ തലയാട്ടി അവൾ വരുകയും ചെയ്തു,

പണ്ടു മുതലെ എന്തും അവളോടു തുറന്നു ചോദിക്കാനുള്ള ഒരു സ്വാതന്ത്ര്യം ഉള്ളതു കൊണ്ട് എന്റെ മനസിലെ സംശയം ഞാനവളോടു തുറന്നു പറഞ്ഞു,

തുടർന്നവൾ എന്നോടു പറഞ്ഞു,

വളരെ ദയനീയമായ ഒരു കാഴ്ച്ചക്ക് സാക്ഷിയായാണ് ഞാനിപ്പോൾ വരുന്നത്,
മനസ്സു നീറിയ ഒരു കാഴ്ച്ച,

മനുഷ്യർക്കു സ്വന്തം കാര്യം മാത്രമാണു പ്രധാനം, ആർക്കും ആരോടും വലിയ കരുണയൊന്നുമില്ല,

കുറച്ചു ദിവസങ്ങളായി വാദം നടന്നു കൊണ്ടിരിക്കുന്ന ഒരേ തരത്തിലുള്ള മൂന്നു വിവാഹമോചന കേസ്സുകൾ കോടതി ഇന്നു ഒന്നായി തീർപ്പു കൽപ്പിച്ചു,

കേസ്സിന്റെ വിധിയറിഞ്ഞ് കോടതിക്ക് പുറത്തു വന്ന ആ മൂന്ന് ആൺക്കുട്ടികളുടെയും മുഖമൊന്നു കാണണമായിരുന്നു വിളറി വെളുത്ത് ഒരിറ്റു ചോരയില്ലാതെ നീർജീവമായി,
ശരിക്കും പാവം തോന്നും,

വിവാഹം കഴിഞ്ഞിട്ട് കുറച്ചുക്കാലമേ ആയിട്ടുള്ളൂ,

കോടതി പോലും അവരുടെ ഭാര്യമാരോട് ആരാഞ്ഞതാണു കുറച്ചു സമയം കൂടി അവർക്കു കൊടുത്തു കൂടെയെന്ന്, ചിലപ്പോൾ ചേർന്നു പോകാൻ കഴിഞ്ഞിരുന്നെങ്കിലോയെന്ന് ?

പക്ഷെ
അവരുടെ ഭാര്യമാരായ ആ മൂന്നു പെൺക്കുട്ടികളും അതിനു തയ്യാറല്ലായിരുന്നു,
അവർക്കു ഡൈവോഴ്സ് കിട്ടിയേ പറ്റൂ, ഒരു തരത്തിലുള്ള റിസ്ക്കെടുക്കാനും അവർക്കു താൽപ്പര്യമില്ലായിരുന്നു,

ഇനിയും കാത്തിരിക്കാൻ അവരും അവരുടെ വീട്ടുക്കാരും ഒരു തരത്തിലും തയ്യാറല്ലായിരുന്നു,
അതോടെ കോടതിക്കും മറ്റു വഴിയില്ലാതായി,

എനിക്ക് മാത്രമല്ല പേർസണലായി അവിടെ കൂടി നിന്ന സകല വക്കീലന്മാർക്കും ആ മൂന്നു ആൺപ്പിള്ളേരുടെ മുഖത്തെ ദു:ഖം ഒരു നൊമ്പരക്കാഴ്ച്ചയായി,

തങ്ങൾക്ക് കുറച്ചു സമയം കൂടി അനുവദിക്കാമായിരുന്നില്ലെ എന്നവരുടെ മുഖം വിളിച്ചു പറയുന്നുണ്ട്,
പക്ഷെ എന്തു ചെയ്യാനാകും ?

ആ പെൺക്കുട്ടികൾ വിജയശ്രീലാളിതരായി ചിരിച്ച മുഖത്തോടെ വീട്ടുക്കാരോടൊപ്പം കാറിൽ കയറി പോകുമ്പോൾ അതു നോക്കി സങ്കടത്തോടെ നിൽക്കുന്ന അവരുടെ മുഖം വളരെ നിർജീവമായിരുന്നു,

അവൾ അതുവരെ പറഞ്ഞ സംഭവങ്ങളിലെ കാരണം എനിക്കു മനസിലായിട്ടില്ല എന്നു മനസിലായതോടെ അവൾ പറഞ്ഞു

#Erection_Problem ”

അതു കേട്ട് ഞാനവളെ ഒന്നു കൂടി ഇമ്മവെട്ടാതെ നോക്കിയതും അവൾ പറഞ്ഞു

യെസ്സ്,

” #ലൈഗീകഉദ്ധാരണശേഷിക്കുറവ് ”

പല വിവാഹബന്ധങ്ങളിലും വില്ലൻ ഇപ്പോൾ ഈ അവസ്ഥയാണ്,

ഇതിന്റെ മറ്റൊരു ഭയാനക വശം ഇതു പുറത്തറിഞ്ഞാൽ ആ പയ്യനു പെണ്ണു കൊടുക്കാൻ മറ്റൊരു മാതാപിതാക്കളും തയ്യാറാവില്ല എന്നതാണ്,

കെട്ടിയ പെണ്ണു പോലും അതിനു തയ്യാറല്ലെങ്കിൽ തന്റെ മകളെ വെച്ച് മറ്റൊരു മാതാപിതാക്കളും ഇങ്ങനെ ഒരു പരീക്ഷണത്തിനു തയ്യാറാവില്ലല്ലൊ..?

ഈ കാരണം കൊണ്ട് പെണ്ണിനു വളരെ പെട്ടന്ന് തന്നെ ഡൈവോഴ്സ് ലഭിക്കുകയും ചെയ്യും,

ഭക്ഷണരീതി കൊണ്ടോ,
സ്ഥിരം പ്രോൺ (ബ്ലൂ ഫിലീം) വീഡിയോ കാഴ്ച്ചയുടെ അതിപ്രസരം കൊണ്ടോ,
ഒന്നോ രണ്ടോ തവണ ശാരീരികമായി പരസ്പരം ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഉണ്ടായ പരാജയ ഭീതി കൊണ്ടോ ഒക്കെ സംഭവിച്ചതാകാം,

ചികിത്സിച്ചാൽ ചിലപ്പോൾ വിദഗ്ദനായ ഒരു ഡോക്ടർക്ക് ചില മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞേക്കാം.,
അതിനുള്ള ഒരു സാവകാശം അവിടെ സാധ്യമായില്ല,

ആ പെൺക്കുട്ടികളെ കുറ്റപ്പെടുത്തുകയല്ല,

സത്യത്തിൽ ഈ ഒരവസ്ഥ അതനുഭവിക്കുന്നവർക്കു വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യം തന്നെയാണ് എന്നു പറയാതെ വയ്യ,

എന്നാൽ അതിനുള്ള ഏറ്റവും ഉത്തമമായ പോംവഴിയും അവരിലൂടെയാണെന്നു അവർ ഒാർമിച്ചതേയില്ല,
നമ്മൾ പറയുന്നത് അവർ അതിനെ ട്രീറ്റ് ചെയ്ത രീതി അത്ര മികച്ചതായിരുന്നില്ല എന്നു മാത്രമാണ്,

നാളെ ഏതു കുടുംബത്തിലും ഇതു സംഭവിച്ചേക്കാം എന്ന ബോധ്യമുള്ളതു കൊണ്ടാണ് കോടതി പോലും ആ പെൺക്കുട്ടികളോട് കുറച്ചു സമയം കൂടി ക്ഷമിച്ചൂടെയെന്ന് ചോദിച്ചത്.,

പക്ഷെ അവർക്കു ധൃതിയായിരുന്നു തെറ്റ് തങ്ങളുടെ ഭാഗത്തല്ല എന്നു തെളിയിക്കാൻ,

എന്നാൽ
ആ ആൺമക്കളോടു ചേർന്നു നിന്ന്
ആ പെൺക്കുട്ടികൾ അവരെ വിട്ടു പോകുന്ന കാഴ്ച്ച നിസഹായരായി നോക്കി നിൽക്കുന്ന അവരുടെ അച്ഛനമ്മമാരുടെ മുഖം മനസിൽ നിന്നു മായുന്നില്ല,

തങ്ങളുടെ മകന്റെ ഭാവിയേ കുറിച്ചോർത്തു വിങ്ങുന്ന ഹൃദയവുമായി അവർ നിൽക്കുന്ന ആ കാഴ്ച്ച തീർത്തും ദയനീയമായിരുന്നു”

അതും പറഞ്ഞു നിർത്തി ഇന്നത്തെ മൂഡ് ശരിയല്ലന്നും,
പറഞ്ഞവൾ പോകുകയും ചെയ്തു.,

അതു കഴിഞ്ഞ് മൂന്നുനാലു ദിവസങ്ങൾക്ക് ശേഷം ടൗണിൽ വെച്ച് എന്റെ പഴയ കാമുകിയുടെ കൂട്ടുക്കാരി സഫിയയേ ഞാൻ പിന്നെയും കണ്ടുമുട്ടി,

സത്യത്തിൽ ഞാനല്ല അവളെ കണ്ടത് അവൾ എങ്ങിനയോ എന്നെ കണ്ടതും ധൃതിയിൽ റോഡിന്റെ എതിർ വശത്തു നിന്നും റോഡ് ക്രോസ് ചെയ്തു വന്ന് അവൾ എന്റെ ഫോൺ നമ്പറും വാങ്ങി പെട്ടന്നു തന്നെ തിരിച്ചു പോയി,

അവൾ ഇത്ര ധൃതിപ്പെട്ട് എന്തിനായിരിക്കും എന്റെ നമ്പർ വാങ്ങിയതെന്നു ഞാൻ ആലോചിക്കാതിരുന്നില്ല,
ചിലപ്പോൾ എന്തെങ്കിലും പറയാനുണ്ടാവാം,
അങ്ങിനെ സമാധാനിച്ചു,

അന്നു രാത്രി അവളുടെ ഒരു മെസേജാണു വന്നത്,

സഫിയക്ക് എന്നോടു പറയാനുണ്ടായിരുന്നത് എന്റെ പഴയ അവൾ എന്നെ വേണ്ടന്നു വെച്ചു വിട്ടു പോയതിന്റെ കാരണമായിരുന്നു,

അന്ന് കല്യാണമെല്ലാം കഴിഞ്ഞ്
ഞങ്ങൾ തിരിച്ചു വരുന്നതിനിടയിൽ ബസ്സിലെ തിരക്കിൽ അവൾ എന്നോടു ചേർന്നു നിന്നപ്പോൾ ആ സമയം പെട്ടന്ന് എന്നിൽ ” #ഉദ്ധാരണം ” സംഭവിക്കുകയും അതവൾ തിരിച്ചറിയുകയും ചെയ്തുവത്രെ ”

അതിന്റെ പേരിലാണത്രെ അവളെന്നെ വിട്ടു പോയത് ”

സ്വന്തം കാമുകിയോട് ഒരു കാമുകന് അത്തരത്തിലുള്ള വികാരങ്ങൾ ഉണ്ടാവാൻ പാടുള്ളതല്ല” എന്നവൾ വിശ്വസിക്കുന്നു,

അന്നത് ശരിയാണെന്ന് അവളെ പോലെ എനിക്കും തോന്നിയിരുന്നു,

എന്നാൽ വിവാഹശേഷം എന്റെ ഭർത്താവിനും ഉദ്ധാരണശേഷി കുറവ് ഉണ്ടെന്നു മനസിലായതോടെയാണ് പലതും എനിക്ക് മനസിലായി തുടങ്ങിയത്,

അന്ന് നിനക്ക് സംഭവിച്ചതിനു നേരെ വിവരീതമായി ഞങ്ങൾ രണ്ടു പേർ അടുത്തുണ്ടായിട്ടും, കൂടെ അതിനുള്ള എല്ലാ വിധ സൗകര്യങ്ങളും സാഹചര്യവും മുന്നിലുണ്ടായിട്ടും ഒന്നും നടക്കില്ലെന്നു മനസിലായതോടെ,

ഞങ്ങൾ മറ്റാരെയും അറിയിക്കാതെ പല പല ട്രീറ്റ്മെന്റുകളും നടത്തിയ ശേഷമാണ് ഈ പ്രശ്നം കുറച്ചെല്ലാം പരിഹരിക്കാനായത് ”

ഇന്നലെ നിന്നെ കണ്ടപ്പോൾ പഴയതെല്ലാം ഒാർമ്മ വന്നു,
അന്ന് എതിരായിരുന്നത് ഇന്നു ആവശ്യമായി മാറിയിരിക്കുന്നു,

അതാണ് കഴിഞ്ഞതെല്ലാം നിന്നോടു പറയണമെന്നു വിചാരിച്ച് നിന്റെ നമ്പർ വാങ്ങിയതെന്നും പറഞ്ഞവൾ മെസേജ് അവസാനിപ്പിച്ചു,

എല്ലാം അറിഞ്ഞ
എനിക്കു ചിരിയാണു വന്നത്,

ചിലപ്പോൾ അവൾ പറഞ്ഞ പോലെ അന്ന് എന്നിലും അങ്ങിനെ സംഭവിച്ചിരിക്കാം, എല്ലാം അനുകൂലമായിരുന്നല്ലോ അന്നേരം,

എന്നാൽ ഒരിക്കലും ഒരു മോശമായ ഉദേശത്തോടെ അത് സംഭവിച്ചിരിക്കില്ല എന്നെനിക്കു ഉറപ്പുണ്ട്,

എങ്കിലും അതു തെളിയിക്കുക സാധ്യമല്ലല്ലോ ?

അതുപോലെ
കന്യകയാണോ എന്നു നോക്കി പെണ്ണിനേയും,
ഉദ്ധാരണശേഷി ഉണ്ടൊയെന്നു നോക്കി ആണിനെയും നമുക്ക് തിരഞ്ഞെടുക്കാനുമാവില്ല….,

ഒരിടത്ത് എന്നേ പോലെയുള്ളവർ അതിന്റെ പേരിൽ വേട്ടയാടപ്പെടുന്നു,

മറ്റൊരിടത്ത് ചിലർ അതില്ലാത്തതിന്റെ പേരിൽ വിവാഹബന്ധം പോലും വെട്ടി മുറിച്ചു മാറ്റുന്നു,

എന്നാൽ
സഫിയയേയും ഭർത്താവിനെയും പോലെ ചുരുക്കം ചിലർ ഒന്നിച്ചു നിന്നു അതെ പ്രശ്നങ്ങളോടെല്ലാം പൊരുതി ജയിക്കുന്നു…!

രചന: Pratheesh

1 thought on “ഇന്നലെ വൈകുന്നേരം വരെ അവൾ എന്നോടൊപ്പമുണ്ടായിരുന്നു….

Leave a Reply

Your email address will not be published. Required fields are marked *