ഈയിടെയായി ഭർത്താവിന്റെ പെരുമാറ്റത്തിൽ എന്തോ ഒരു മാറ്റം പോലെ…

രചന: Abdulla melethil

“ഈയിടെയായി ഭർത്താവിന്റെ പെരുമാറ്റത്തിൽ
എന്തോ ഒരു മാറ്റം പോലെ രാധികക്ക് തോന്നിത്തുടങ്ങി …

കഴിഞ്ഞ മാസം ഒന്നോ രണ്ടോ പ്രാവശ്യം സ്കൂളിലേക്ക് പോയ ആൾ പതിവിനു വിരുദ്ധമായി
വളരെ വൈകിയാണ് വീട്ടിലെത്തിയത് എന്താ വൈകിയത്
എന്ന് ചോദിച്ചപ്പോൾ കുട്ടികളുമായി പഠന ക്യാമ്പിന് പോയതാണെന്നും പറഞ്ഞു..
അത് സാധാരണമാണല്ലോ ..

അന്ന് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല..

‘പക്ഷേ.. വസ്ത്രം അലക്കാൻ എടുത്തപ്പോൾ കോഴിക്കോട്ടേക്ക് പോയി എന്ന് പറഞ്ഞ ആളുടെ പോക്കറ്റിൽ നിന്നും കിട്ടിയത് തിരുവനന്തപുരത്തെക്ക് യാത്ര ചെയ്ത ട്രെയിൻ ടിക്കറ്റ്.. !

അതും രണ്ടു പേര് യാത്ര ചെയ്തത്..
ആളോട് ഇതിനെ
കുറിച്ചൊന്നും ചോദിച്ചില്ലെങ്കിലും പത്ത് വർഷത്തെ സംതൃപ്തമായ
വിവാഹ ജീവിതത്തിനിടയിൽ അന്നാദ്യമായി
അവൾക്ക് ഭർത്താവിൽ സംശയം മുളപൊട്ടി..

വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യമല്ലേ പഠന ക്യാമ്പ് ഒക്കെ ഉണ്ടാകൂ..
ഇനി എത്ര കൂടിയാലും മാസാമാസം ഉണ്ടാകില്ലല്ലോ..
ട്രെയിൽ പോകുകയും ഇല്ല..
അവളുടെ ചിന്തകൾ അങ്ങനെ കാട് കയറി..

‘അപ്പോഴും ഭർത്താവിന്റെ പുഞ്ചിരിക്കുന്ന മുഖം മനസ്സിൽ വരുമ്പോൾ ഹേയ് ഇതൊക്കെ
തന്റെ തോന്നാലാകും എന്നും രാധികക്കു തോന്നി..
അത്രക്ക് ഇഷ്ടമാണ് അദ്ദേഹത്തിന് തന്നെയും മക്കളെയും..

‘രാധിക അങ്ങനെ ഓരോന്ന് ചിന്തിച്ചിരിക്കുന്നതിനിടക്കാണ്
ഫോൺ റിങ് ചെയ്തത്..
ഏട്ടനാണ്..

‘ഞാൻ വരാൻ കുറച്ചു വൈകും..
തിരുവന്തപുരത്താണ്..
അനിലിന്റെ ഒരാവശ്യത്തിന് വേണ്ടി വന്നതാണ്..

‘എന്താവശ്യത്തിനാ..
എത്ര വൈകിയാലും ഞാൻ കാത്തിരിക്കും.. രാധിക മറുപടി പറയുന്നതിനടയിൽ
ഫോൺ disconect ആയി..

‘തിരിച്ചു വിളിച്ചപ്പോൾ സ്വിച് ഓഫ്..
ഫോണിലെ ചാർജ് തീർന്നിട്ടുണ്ടാകും..

‘രാധിക അനിലിന്റെ ഭാര്യക്ക് വിളിച്ചു..

‘എന്തിനാ പോയതെന്ന് അറിയില്ല വൈകിയേ വരൂ എന്നാണു അവളോടും പറഞ്ഞിരിക്കുന്നത്..

‘രാധികയുടെ മനസ്സിലേക്ക് അശുഭ ചിന്തകൾ വീണ്ടും ഉയർന്നു..

‘രാത്രി ആയപ്പോൾ കുട്ടികൾക്ക് ഭക്ഷണം കൊടുത്തുറക്കി..

‘അവൾക്ക് കിടന്നിട്ട് ഉറക്കം കിട്ടിയില്ല..

‘ചുമരിന്മേൽ ഇരിക്കുന്ന തങ്ങളുടെ കല്യാണ ഫോട്ടോയിലേക്ക് നോക്കിയിരുന്നു..

‘അതിന്റെ ചില്ലിന്മേൽ പൊടി പിടിച്ചിരിക്കുന്നു.. ഏട്ടന്റെ മുഖം ശരിക്ക് കാണുന്നില്ല..

‘അവൾ ഫോട്ടോ കൈയ്യിലെടുത്തപ്പോൾ അതിന്റെ പുറകിലിരുന്ന ഒരു ചാവിയും താഴേക്ക് വീണു..

‘അവളതെടുത്തു..
ഏട്ടന്റെ മേശയുടേതാണ്..
തങ്ങൾക്കിടയിൽ ഒരു സ്വകാര്യതയും ഉണ്ടായിരുന്നില്ല..
ചാവി അതിന്മേൽ തന്നെ വെക്കാറാണ് പതിവ്..
താനത് തുറക്കാറുമില്ല

‘ഈയിടെയാണ് മേശ പൂട്ടികിടക്കുന്നത് കാണുന്നത്..
കുട്ടികൾ തുറക്കണ്ട എന്ന് കരുതിയാകും..

‘രാധിക മേശ തുറന്നു..

‘അഞ്ചു പത്തോളം ഡയറികൾ ..
പ്രധാനപ്പെട്ട കാര്യങ്ങളൊക്കെ
എഴുതി സൂക്ഷിക്കുന്ന ആളാണ്..

‘താഴത്തെ ഡോർ തുറന്നപ്പോൾ അതിലെ കാഴ്ചകൾ കണ്ട് അവൾ അമ്പരന്നു പോയി..

‘പ്രസവിച്ചു കിടക്കുമ്പോൾ കുഞ്ഞുങ്ങളുടെ കൈയ്യിൽ തിരിച്ചറിയാൻ വേണ്ടി കെട്ടി കൊടുക്കുന്ന ടാഗ്..

‘ഫസ്റ്റ് wedding anniwersary ക്ക് താൻ ഏട്ടന് കൊടുത്ത ഒരു ചെറിയ ശില്പം..
( താൻ ആകെ കൊടുത്ത ഒരൊറ്റ സമ്മാനം അത് മാത്രമാണ് )

‘കല്യാണം കഴിഞ്ഞു ഇങ്ങോട്ടു വരുമ്പോൾ താൻ അണിഞ്ഞിരുന്ന ഒരു വെള്ള മുത്ത് മാല..
പൊട്ടിയപ്പോൾ ഒരു ടിന്നിൽ ഇട്ടു വെച്ചിരുന്നു…

‘ഇതൊക്കെയാണോ ഇത്ര ഭദ്രമായി എടുത്ത് വെച്ചിരിക്കുന്നത് !!

‘അവളതെല്ലാം തിരിച് അതുപോലെ വെച്ചു..

‘ഡയറികളും അടുക്കി വെക്കുന്നതിനിടയിൽ പുതിയ ഡയറി അവൾ കൈയിലെടുത്തു..

‘ഒരാളുടെ ഡയറി കട്ട് വായിക്കാൻ പാടില്ലെങ്കിലും അവൾക്കത് മറിച്ചു നോക്കാതിരിക്കാൻ കഴിഞ്ഞില്ല …

‘ഒരു ഭാര്യ ഭർത്താവിൽ നിന്ന് കേൾക്കാനാഗ്രഹിക്കുന്ന പ്രശംസകൾ അദ്ദേഹം തന്നെ കുറിച്ച് എഴുതിയിരിക്കുന്നു..

‘കുട്ടികളെ കുറിച്ചും അവരുടെ ഓരോ കളിച്ചിരികളെ കുറിച്ചും
താൻ കാണാത്ത അറിയാത്ത
അവരുടെ കുസൃതികളെ കുറിച്ചുമെല്ലാം..

‘ഈയടുത്ത് വെച്ച് എഴുതിയ പേജുകളിലേക്ക് കടന്നപ്പോൾ അവൾ ഹൃദയ മിടിപ്പോടെ വായിച്ചു..

‘കഴുത്തിലുണ്ടായ ചെറിയ ഒരു തടിപ്പ് ഡോക്ടറെ കാണിച്ചതും ഡോക്ടർ വലിയ ഒരു ഹോസ്പിറ്റലിലേക്ക് റഫർ ചെയ്തതും അവിടത്തെ ഡോക്ടർ വിശദമായ പരിശോധന നടത്തി ഇനി വരുമ്പോൾ കൂടെ ഒരാളെ കൂട്ടി വരാൻ നിർദേശിച്ചതും എല്ലാം ഒരു പാട് പേജുകൾ മറിച് അവൾ വായിച്ചു…

‘തിരുവനന്തപുരത്തേക്ക് അനിലിനെ കൂട്ടി പോയപ്പോൾ
ഡോക്ടർ ആ സത്യം അവരുടെ ചെവിയിലേക്ക് ഒഴിച്ചു..

‘കാൻസർ ആണ് തന്റെ തൊണ്ടയിലേക്ക് എത്തി നിൽക്കുന്നത്..

‘ചെസ്റ്റ് മൊത്തം ബാധിച്ചതിനു ശേഷമാണ് കഴുത്തിലെ തടിപ്പിലേക്ക് എത്തി നിൽക്കുന്നത് …

ഇനി പതിയെ ശ്വാസം തടസ്സം എല്ലാം തുടങ്ങും..

‘ട്രീറ്റ് മെന്റ് ഇനി അധികം ഫലിക്കില്ല..

‘പ്രയാസം തുടങ്ങുമ്പോൾ അഡ്മിറ്റ് ചെയ്യാം…

‘ധമനികളിൽ രക്തം കട്ടയാകാതിരിക്കാൻ കുറച്ചു ടാബ്‌ലെറ്റ്സും..

‘രാധിക തേങ്ങി തേങ്ങി കരഞ്ഞു…

‘അവസാന പേജിലേക്ക് കടന്നു…

‘രാധികയോട് ഇനിയും ഞാൻ ഒന്നും പറഞ്ഞിട്ടില്ല…
അനിലാണ് എന്റെ കൂടെ ഹോസ്പിറ്റലിലേക്ക് വരുന്നത്
അവന്റെ ഭാര്യക്കും അറിയില്ല..
തന്റെ അസുഖം..

‘ഇനി അധിക നാളില്ല നെഞ്ചിൽ പ്രയാസം തുടങ്ങിയിരിക്കുന്നു..
ഒന്നോ രണ്ടോ റേഡിയേഷൻ
നൽകിയാൽ വേദനക്ക് ഭേദം കിട്ടും ശാശ്വതമല്ല..

‘അതിനു അഡ്മിറ്റ് ചെയ്യണം..
നാളെ അതിനെ കുറിച്ചറിയാൻ അനിലിന്റെ കൂടെ പോണം..

‘ഇപ്പോഴും രാധികയോട് പറയാനുള്ള ശക്തി എനിക്കില്ല …..

‘ഡയറി അവസാനിച്ചു…
രാധിക ബെഡിലേക്ക് വീണു…

‘ഹൃദയത്തിലേക്ക് പതിച്ച വേദനയുടെ ഉൾക്കകൾ അവളെ വരിഞ്ഞു മുറുക്കി..

‘കിടന്നിരുന്ന തലയിണ കണ്ണ് നീരിൽ കുതിർന്നു..

‘കരച്ചിലിന്റെയും തളർച്ച യുടെയും യാമങ്ങൾ കൊഴിഞ്ഞു വീണു…

‘നേരം വെളുത്തപ്പോൾ എണീറ്റ് അഭിയെയും മാളുവിനെയും ഒരുക്കി സ്കൂളിലേക്ക് പറഞ്ഞയച്ചു..

‘സ്കൂളിലേക്ക് പോകുമ്പോൾ എന്നത്തേയും പോലെ രണ്ടു പേരുടെയും കവിളിൽ മുത്തം കൊടുക്കുമ്പോൾ രാധിക അറിയാതെ വിതുമ്പി പോയി..

‘അമ്മ എന്തിനാ കരയണെ..
മക്കൾ രണ്ട് പേരും ഒരു പോലെ ചോദിച്ചപ്പോൾ അവൾ സാരി തലപ്പ് കൊണ്ട് കണ്ണ് തുടച്ചു..
ഒന്നുമില്ല മക്കളെ…
അപ്പോൾ തന്നെ ബസ് വന്നു
അവരതിൽ കയറി റ്റാറ്റ കാണിച്ചു..

‘രാധിക തിരികെ അകത്തേക്ക് ചെല്ലുമ്പോൾ ഫോൺ ബെല്ലടിക്കുന്നുണ്ടായിരുന്നു..

അനിലിന്റെ ഭാര്യയാണ്..

‘അവരവിടെ നിന്ന് പോന്നിട്ടുണ്ട് കുറച്ചു കഴിഞ്ഞാൽ എത്തും..

‘രാധിക പൂജ മുറിയിൽ കയറി..
കണ്ണ് നീർ അണ പൊട്ടിയൊഴുകി..

‘എത്ര നേരം കഴിഞ്ഞെന്നു അറിയില്ല..

‘രാധികേ…..

ഏട്ടനാണ് …

അവൾക്കു ഒരു തളർച്ച പോലെ കണ്ണന്റെ മുമ്പിൽ കൈ കൂപ്പി അങ്ങനെ ഇരുന്നു…

‘അനിരുദ്ധ് അവളെ പിറകിൽ വന്ന് ആശ്ലേഷിച്ചു..

‘അവളുടെ ഹൃദയം വിതുമ്പി..

അവൾ തിരിഞ്ഞു നിന്ന് അവനെ കെട്ടിപിടിച്ചു…

‘ഒതുക്കി പിടിച്ചിരുന്ന സങ്കടകടൽ തിരമാലയായ് ആഞ്ഞടിച്ചു…

‘വാക്കുകൾ ഓടിയൊളിച്ച എത്ര മിനിറ്റുകൾ , മണിക്കൂറുകൾ.. കടന്നു പോയത് അവരറിഞ്ഞില്ല…

അവരൊരു ശില്പമായി അങ്ങനെ നിന്നു…

രചന: Abdulla melethil

Leave a Reply

Your email address will not be published. Required fields are marked *