ഉണ്ണിമായ ചെറുകഥ….

രചന: ഹരി കൊടുങ്ങല്ലൂർ
ഉണ്ണിയേട്ടനു വല്ലാണ്ട് ക്ഷീണം ആയില്ലേ….?

ഒരുപാട് ദൂരം അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്തതല്ലേ അതിന്റെ ഒരു ക്ഷീണം ഉണ്ട് അല്ലാതെ കൊഴപ്പോന്നില്ല..

വയ്യെങ്കിൽ കിടന്നോളൂട്ടോ..

ഉണ്ണിമായക്ക് എന്നോട് എന്തെങ്കിലും ചോദിക്കാനുണ്ടോ..?

അതെന്താ അങ്ങനെ ചോദിച്ചേ..? ഉണ്ണിയേട്ടനെ പറ്റി ഉണ്ണിയേട്ടൻ എല്ലാം പറഞ്ഞിട്ടുള്ളതല്ലേ..അതല്ലാതെ എന്തെങ്കിലും ഉണ്ടോ…?

ഉണ്ട് എനിക്ക് ഒരു കുട്ടിയെ ഇഷ്ട്ടം ആയിരുന്നു.പക്ഷെ അതവളോട് തുറന്നു പറയാൻ പറ്റിയില്ല.

അതെന്താ..?

അപ്പോളേക്കും അവൾക്ക് വേറൊരുത്തനെ ഇഷ്ട്ടായി..

അയ്യോ കഷ്ട്ടായി

അവൾ പതിയെ ചിരിച്ചു.

ഉണ്ണിമായക്ക് ആരോടും ഇഷ്ട്ടം തോന്നിട്ടില്ലേ…?

അവളുടെ ചിരി പതിയെ മാഞ്ഞു. തനിക്ക് മുൻപ് ഒരു ഇഷ്ട്ടം ഉണ്ടായിരുന്നു വീട്ടിൽ അറിഞ്ഞപ്പോൾ അത് വേണ്ടന്ന് വച്ചു ഇതൊന്നും കല്യാണം കഴിഞ്ഞു ചെല്ലുമ്പോൾ അവനോട് പോയി പറയേണ്ട എന്ന് മുത്തശ്ശി പറഞ്ഞു പഠിപ്പിച്ചത് കൊണ്ടാവണം അയാളോട് അവൾക്ക് അത് പറയാൻ തോന്നിയില്ല പക്ഷെ പറയാതിരിക്കാനും കഴിഞ്ഞില്ല.

ഉണ്ണിയേട്ടാ എനിക്ക് ഒരാളോട് ഇഷ്ട്ടം ഉണ്ടായിരുന്നു അയാൾക്ക് എന്നോടും കുറെ നാൾ അയാൾ പുറകെ നടന്നു അവസാനം ഞാൻ ഇഷ്ട്ടം ആണെന്ന് പറഞ്ഞു.
2 ദിവസം കഴിഞ്ഞ് വൈകീട് സ്കൂൾ വിട്ട് പോരുമ്പോൾ അവനൊരു കത്ത്‌ കൊണ്ട് തന്നു ഇതെന്റെ ഹൃദയം ആണ് മറുപടി നാളെ മതി എന്നും പറഞ്ഞു.

ഞാൻ വീട്ടിൽ വന്നുടനെ കളിക്കാനും പോയി അച്ഛൻ എന്തിനോ വേണ്ടി പേന എടുത്തപ്പോൾ ആ കത്ത് കിട്ടി.

പിന്നെ ഉണ്ണിമായേ…… എന്നൊരു നീട്ടി വിളി ആയിരുന്നു .. അത് വന്നു തറച്ചത് എന്റെ നെഞ്ചിലും. അങ്ങനെ അച്ഛന്റെ വക ഒരു റൗണ്ട് കഴിഞ്ഞിരിക്കുമ്പോളാണ് വെല്ലിച്ചന്റെ വരവ് അവിടന്നും നല്ല മെനക്ക് കിട്ടി പിന്നെ ചെറിയച്ഛൻ വന്നു മാമൻ വന്നു ചേട്ടൻ വന്നു… ഒരു ഉത്സവം തന്നെ ആയിരുന്നു വെടിക്കെട്ട് എന്റെ മേത്തും. പിന്നെ ഞാൻ അവനെ എന്നല്ലേ ഒരു ആണിനേം നോക്കിട്ടില്ല.

ഇതെന്താ ഉണ്ണിമായ എന്നോട് നേരത്തെ പറയാഞ്ഞേ…?

അത് ഉണ്ണിയേട്ടാ….

എന്താ പറയാഞ്ഞേന്നാ ചോദിച്ചേ….?

ഉണ്ണിയേട്ടനോട് ഇതൊന്നും പറയണ്ടാന്നു മുത്തശ്ശിയാ പറഞ്ഞേ..

അതെന്താ..?

പണ്ട് മുത്തശ്ശിക്ക് ഒരിഷ്ടം ഉണ്ടാർന്നു ഇത് പോലെ അത് മുത്തശ്ശി മുത്തശ്ശനോട് പറഞ്ഞു.
പിന്നെ മുത്തശ്ശി എവിടെ പോവുമ്പോളും മുത്തശ്ശൻ ഈ കാര്യം പറഞ്ഞോണ്ടിരിക്കും വല്ല്യ സംശയം ആയിരുന്നു എന്ന് പറഞ്ഞു. ഇതൊന്നു പറഞ്ഞ് പ്രശ്നം ഉണ്ടാക്കേണ്ട എന്ന് മുത്തശ്ശിയാ പറഞ്ഞേ….

ഉം ന്നിട്ട് ഇപ്പൊ ന്താ പറഞ്ഞേ…?

ഒന്നും മറച്ചു വക്കരുതെന്ന് അമ്മ പറഞ്ഞിട്ടുണ്ട്.

അയാൾക്ക് ഗൗരവം അതിക നേരം പിടിച്ചുനിൽക്കാൻ ആയില്ല. അയാൾ പൊട്ടിച്ചിരിച്ചു…

പൊട്ടി പെണ്ണ് പേടിച്ചോ…?
ഞാൻ തമാശക്ക് പറഞ്ഞതാ കാലം ഒരുപാട് മാറി ഇതൊന്നും ഉൾക്കൊള്ളാൻ കഴിയാത്ത ഒരു പഴഞ്ചൻ അല്ല ഞാൻ അതും ഈ 2 ദിവസത്തെ പ്രണയം…

അവൾ പതിയെ
ചിരിക്കാൻ തുടങ്ങി..

എന്നാ കിടക്കാം..

ഉം

അല്ല ഇപ്പളും ഉണ്ണ്യേട്ടൻ ആ കുട്ടിയെ ഇഷ്ട്ടാണോ…?

ഏത് കുട്ടി…?

ഉണ്ണിയേട്ടൻ പറഞ്ഞില്ലേ പണ്ടൊരു കുട്ടിനെ ഇഷ്ട്ടായിരുന്നൂന്ന്.

ഓ.. അവളെ അവളെ എനിക്ക് മറക്കാൻ പറ്റില്ല ഇപ്പളും ഇഷ്ട്ട ഒരുപാട്..

അവളുടെ മുഖം വാടി

ആരാന്നറിയോ ആ കുട്ടി മേലേടത്ത് നാരായണൻ മകൾ ഉണ്ണിമായ…

ഞാൻ ആ പഴയ ഉണ്ണികൃഷ്ണൻ ആടോ.. പ്രീ ഡിഗ്രി ക്ലാസ്സ്‌ കഴിഞ്ഞ് ആ തുരുമ്പ് പിടിച്ച സൈക്കിളിനു എന്നും സ്കൂളിന്റെ മുമ്പിൽ കാത്തിരിക്കാറുണ്ടായിരു ന്ന ആ ഉണ്ണികൃഷ്ണൻ

അയ്യോ എന്നെ കാണാൻ ആണോ ഉണ്ണിയേട്ടൻ അവിടെ നിന്നിരുന്നേ ഞങ്ങൾ കരുതിയത് സുമയെ കാണാൻ ആണെന്നാ അവൾക്ക് ഒരിഷ്ടം തോന്നി തുടങ്ങിയപ്പോ പിന്നെ ഉണ്ണിയേട്ടനെ അവിടെ കണ്ടില്ല അന്നവൾക്ക് നല്ല വിഷമായി പിന്നെ ഞങ്ങൾ അത് മറന്നു പാവം കുട്ടി.

രണ്ടു പേർക്കും ചിരി അടക്കിപ്പിടിക്കാൻ കഴിഞ്ഞില്ല.

ശൂ… എല്ലാരും ഉറങ്ങി പതുക്കേ ചിരിക്ക് ഉണ്ണിമായ പറഞ്ഞു.

ആ ചിരിയിലൂടെ അവർ പുതിയ ഒരു ജീവിതത്തിലേക്ക് കടന്നു കൊച്ചു കൊച്ചു സന്തോഷങ്ങളും ദുഃഖങ്ങളും ഇണക്കങ്ങളും പിണക്കങ്ങൾ അടങ്ങിയ അവരുടെ ലോകത്തിലേക്ക്.

രചന:ഹരികൊടുങ്ങല്ലൂർ

Leave a Reply

Your email address will not be published. Required fields are marked *