എന്താ ഇങ്ങനെ നോക്കുന്നത്? സംശയിക്കേണ്ട, ഇതും പെൺകുട്ടി…

രചന: സജി തൈപ്പറമ്പ്

മൂന്നാമത് പ്രസവിച്ചതും പെൺകുട്ടിയാണെന്നറിഞ്ഞപ്പോൾ അതിയാനോട് ഞാൻ ആകുന്നത് പറഞ്ഞതാ, നമുക്കീ പണി ഇവിടെ വച്ചവസാനിപ്പിക്കാമെന്ന്.

പക്ഷേ, അങ്ങേരുണ്ടോ കേൾക്കുന്നു ,അടുത്തത് ഉറപ്പായിട്ട് ആണായിരിക്കുമെന്നും, നീ ഒരിക്കൽ കൂടി പ്രസവിച്ചേ പറ്റുള്ളു എന്നും പറഞ്ഞ് ഒറ്റ നിർബന്ധമായിരുന്നു .

അല്ലെങ്കിലും, ഈ നൈമിഷിക സുഖം അനുഭവിക്കുന്ന പുരുഷൻമാർക്ക്, പെണ്ണുങ്ങളുടെ പേറ്റുനോവോ വേവലാതികളോ ഒന്നും അറിയേണ്ട കാര്യമില്ലല്ലോ?

അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്ന് പൊയ്ക്കൊണ്ടിരുന്നു.

ഒരിക്കൽ ഏറ്റവും ഇളയവൾക്ക് ചോറും വെണ്ണയും കൂടി കുഴച്ച് വായിൽ വച്ച് കൊടുക്കുമ്പോഴാണ് നാലാമതൊരാൾ കൂടി എന്റെ ഗർഭപാത്രത്തിൽ കുടിയേറിയിട്ടുണ്ടെന്നുള്ള നോട്ടിഫിക്കേഷൻ വരുന്നത്.

പിന്നെ ,ഞാൻ പതിവ് പോലെ ഓക്കാനവും ഛർദ്ദിയുമായി ദിവസങ്ങൾ എണ്ണിയെണ്ണി ലേബർ റൂമിന്റെ മുന്നിലെത്തി.

“അന്നക്കുട്ടീ.. ഇത് ആൺകുട്ടി തന്നെയാവണേന്ന് നല്ലോണം മനസ്സുരുകി പ്രാർത്ഥിച്ചിട്ട് വേണം പ്രസവിക്കാൻ, കെട്ടോ”

വേദന കൊണ്ട് പുളയുന്ന എന്റെ കൈത്തണ്ടയിൽ മുറുകെ പിടിച്ച് ഉപദേശിച്ചിട്ടാണ്, പുള്ളിക്കാരൻ എന്നെ അകത്തേക്ക് വിട്ടത്.

“ഭർത്താവിന് ആൺകുട്ടി വേണമെന്നാണ് ആശ അല്ലേ?

അടുത്ത് നിന്ന നഴ്സമ്മ എന്നോട് ചോദിച്ചു.

“അതേ ചേച്ചീ … ഇതും പെണ്ണായാൽ ഞാനിനിയും ഇങ്ങോട്ട് തന്നെ വരേണ്ടി വരും ഇതിപ്പോൾ നാലാമത്തേതാ”

“ങ്ഹേ! എന്റീശ്വരാ .. ഈ ആണുങ്ങൾക്കിത് എന്തിന്റെ കേടാ,
പെണ്ണുങ്ങളെന്ന് പറയുന്നത് വെറുമൊരു ഡെലിവറി മെഷീനാണെന്നാണോ ഇവരുടെ വിചാരം ,ചോദിക്കുമ്പോഴൊക്കെ ആണിനെയും പെണ്ണിനെയുമൊക്കെ ചുമ്മാ പെറ്റ് കൂട്ടാൻ”

നേഴ്സമ്മ രോഷാകുലയായി.

എന്തായാലും നാലാമത്തെ പേറാണെങ്കിലും ആദ്യ പ്രസവത്തിന്റെ അതേ പ്രയാസങ്ങളോടെ തന്നെ ഞാൻ ഒരിക്കൽ കൂടി പ്രസവിച്ചു.

കുട്ടി ആണാണോ? പെണ്ണാണോ എന്നറിയാൻ ഞാൻ ശ്രമിച്ചില്ല ,പേടിയായിരുന്നു എനിക്ക് ,ഇതും പെണ്ണാണെങ്കിൽ ?ഒരിക്കൽ കൂടി ഒരു പരീക്ഷണത്തിനുള്ള ത്രാണി എന്റെ ശരീരത്തിനില്ലായിരുന്നു.

അപ്പോഴേക്കും ആറേഴ് മണിക്കൂർ ജീവൻമരണ പോരാട്ടം നടത്തിയ എന്റെ ശരീരം പതിയേ അബോധാവസ്ഥയിലേക്ക് പോയിരുന്നു,

പിന്നെ ഞാൻ കണ്ണ് തുറക്കുമ്പോൾ കാണുന്നത്, വെള്ളത്തുണിയിൽ പൊതിഞ്ഞ കുഞ്ഞിനെ മാറോട് ചേർത്ത് പിടിച്ച് എന്നെ നോക്കി പുഞ്ചിരി തൂകുന്ന അതിയാന്റെ മുഖമായിരുന്നു.

ഞാൻ അമ്പരന്ന് പോയി

ആ മുഖത്ത് ഇത്ര സന്തോഷം ഞാനാദ്യം കാണുകയായിരുന്നു.

അപ്പോൾ താൻ പ്രസവിച്ചത് ആൺ കുട്ടിയായിരുന്നോ?

“എന്താ ഇങ്ങനെ നോക്കുന്നത്? സംശയിക്കേണ്ട, ഇതും പെൺകുട്ടി തന്നെയാണ് ,അതറിഞ്ഞപ്പോൾ തന്നെ, പ്രസവം നിർത്തിയേക്കാൻ ഞാൻ ഡോക്ടറോട് പറഞ്ഞു ,അല്ലേലും നമുക്ക് ആഗ്രഹിക്കുവാനല്ലേ കഴിയൂ,
തീരുമാനങ്ങളെടുക്കുന്നത് മുകളീന്നല്ലേ?

അങ്ങേര് തത്വം പറയുന്നത് കേട്ടപ്പോൾ എനിക്ക് ആശ്വാസമാണ് തോന്നിയത്.

ഈ സമയം, വാതില്ക്കൽ നിന്ന നഴ്സമ്മയുടെ മുഖത്ത് ഒരു ഗൂഡ സ്മിതം വിരിഞ്ഞു.

അത് മറ്റൊന്നുമായിരുന്നില്ല.

പ്രസവിക്കനതിനായി ,അന്നക്കുട്ടിയെ ലേബർ റൂമിനകത്താക്കിയിട്ട് നഴ്സമ്മ പുറത്തേക്ക് വന്ന് പാപ്പച്ചനോട് ചോദിച്ചു.

“അല്ല മാഷേ.. ഇതും പെണ്ണായാൽ നിങ്ങളെന്ത് ചെയ്യും അവളെ വീണ്ടും ഗർഭിണിയാക്കുമോ?

“ഇല്ല ,ഇതും പെണ്ണായാൽ ഞാനുറപ്പിക്കും, ഈ ഗർഭപാത്രത്തീന്ന് പെൺകുഞ്ഞുങ്ങൾ മാത്രമേ പിറക്കുകയുള്ളു എന്ന് ,അത് കൊണ്ട് ഞാനൊരു വാടക ഗർഭപാത്രത്തെ ആശ്രയിക്കും ,ഇക്കാലത്ത് പണമുണ്ടെങ്കിൽ അതൊക്കെ വളരെ നിസ്സാരമല്ലേ?

അയാൾ അങ്ങനെ പറഞ്ഞപ്പോൾ നഴ്സമ്മയ്ക്ക്, അരിശം സഹിക്കാൻ കഴിഞ്ഞില്ല.

“അതിലും എളുപ്പത്തിലും ,കാശ് മുടക്കില്ലാതെയും ഒരു വഴിയുണ്ട്,
താങ്കൾ പറയുന്നത്, കുഴപ്പം അന്നക്കുട്ടിയുടെ ഗർഭപാത്രത്തിനാണെന്നല്ലേ?
പക്ഷേ, എനിക്ക് തോന്നുന്നത് കുഴപ്പം താങ്കൾക്കായിരിക്കുമെന്നാണ്,
എന്റെ ഈ തോന്നല് അന്നക്കുട്ടിക്ക് എന്നെങ്കിലും തോന്നിയാൽ ,തുടർച്ചയായി പ്രസവിക്കേണ്ടി വരുന്ന ദുരവസ്ഥ ഒഴിവാക്കാൻ, അവൾ ചിലപ്പോൾ വല്ല കടുംകൈയ്യും ചെയ്തെന്ന് വരും”

“ങ്ഹേ.. എന്താ നിങ്ങൾ പറഞ്ഞ് വരുന്നത്”

” അതേ ,അത് തന്നെ ,നിങ്ങൾ വാടകയ്ക്ക് ഗർഭപാത്രം എടുക്കുമ്പോൾ, വാടകയില്ലാതെ അവൾ ഗർഭപാത്രം ആർക്കെങ്കിലും വേണ്ടി ഒഴിച്ചിടുമെന്ന്, എന്താ പേടിച്ച് പോയോ ? നിങ്ങളെന്ത് കരുതി ആണുങ്ങൾക്ക് മാത്രമേ കുറുക്ക് വഴികൾ അറിയുകയുള്ളെന്നോ?പെൺബുദ്ധിയുടെ മുന്നിൽ നിങ്ങൾ ഒന്നുമല്ല ,ഇത് ഞാൻ പറഞ്ഞതാ കെട്ടോ? പാവം ആ കൊച്ചിന് ഇതൊന്നുമറിയില്ല, ഇനിയെങ്കിലും ദൈവം തന്നത് കൊണ്ട് തൃപ്തിപ്പെട്ട് പ്രസവം നിർത്തി പോകാൻ നോക്ക്”

താനാ പറഞ്ഞത് പാപ്പച്ചന് ഏറ്റത് കൊണ്ടാണ് ,അയാളുടെ ഈ മനം
മാറ്റമെന്ന് നഴ്സമ്മയ്ക്കല്ലേ അറിയു.

രചന: സജി തൈപ്പറമ്പ്

Leave a Reply

Your email address will not be published. Required fields are marked *