ഒരു പ്രണയ കഥ

രചന: സോളോ-മാൻ

“എന്റെ പൊന്നു മാഷേ,എന്റെ പിന്നാലെയിങ്ങനെ നടന്നിട്ടേ, ഒരു കാര്യോമില്ല..എനിക്ക് വേറെ ആളുണ്ട്..”

ഇന്നും പതിവു പോലെ അവൾക്ക് പിന്നാലെ പ്രപോസുമായി ചെന്നപ്പൊ ഹൃദയം നുറുങ്ങുന്നത് പോലെ തോന്നി.

ഇത്രയും നാൾ അവളെനിക്കൊരു പുഞ്ചിരിയെങ്കിലും തിരിച്ച് നൽകുമായിരുന്നു.

എന്നെങ്കിലുമൊരിക്കൽ ആ പുഞ്ചിരി ഒരു സമ്മതമായി മാറുമെന്നുള്ള പ്രതീക്ഷയായിരുന്നു മനസ്സിൽ.

പക്ഷെ,ഇന്നവൾ തന്ന മറുപടി എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ചു.

നിരാശയോടെയായിരുന്നു ഹോസ്റ്റലിലേയ്ക്ക് മടങ്ങിയത്.

എന്റെ മുഖത്തെ മ്ലാനത കണ്ടിട്ടാവണം,ഉറ്റ കൂട്ടുകാരൻ നിവിൻ കാര്യം തിരക്കി.

അവനോട് മനസ്സു തുറക്കാതെ ഒരു ദിനം പോലും എന്നിലില്ലായിരുന്നു.

എന്റെ സങ്കടങ്ങളെയൊക്കെയും പ്രതീക്ഷകളാക്കി എന്നെ വീണ്ടും വീണ്ടും ഉത്തേജിപ്പിക്കാൻ അവനല്ലാതെ വേറെ ആർക്ക് പറ്റും.

കാണാൻ എന്നേക്കാൾ സുമുഖൻ,സുന്ദരൻ.

കോളജിലെ തന്നെ തരുണീ മണികളുടെ ആരാധനാ പുരുഷൻ.

അവനോട് പ്രണയം പറയാനും,സൌഹൃദം കൂടാനും ഒരുപാട് പെൺകുട്ടികൾ പിറകെയാണു.

അവനതൊക്കെയും കൂളായി കൈകാര്യം ചെയ്യും.

ഒരേ സമയം മൂന്നും നാലും പേരെ പ്രണയിക്കുന്ന അത്ഭുത ജീവി.

ബാക്കിയുള്ളോൻ ആത്മാർത്ഥ പ്രണയവുമായി പിന്നാലെ നടന്നിട്ടും ഒരു കാര്യവുമില്ല.

“ഡാ അനൂപേ..അവളു ചുമ്മാ പറയുന്നതായിരിക്കും.,അവൾക്ക് നിന്നെ ഇഷ്ടമൊക്കെ തന്നെയാ,അതവൾടെ നോട്ടത്തീന്ന് മനസ്സിലാവണില്ലെ.”

അവനെന്നെ ആശ്വസിപ്പിക്കാനെന്നോണം പറഞ്ഞു.

എത്ര തന്നെ പറിച്ചു മാറ്റിയാലും മനസ്സീന്നവളെ മായ്ച്ചു കളയാൻ പറ്റാത്തത് കൊണ്ടായിരിക്കണം അവന്റെയാ വാക്കുകളിൽ എവിടെയൊക്കെയോ വീണ്ടും മുളച്ചു പൊങ്ങുന്ന പ്രതീക്ഷകൾ.

അന്ന് ഉറങ്ങാൻ നേരം അവൻ ബാത്റൂമിലേയ്ക്കെന്നും പറഞ്ഞ് താഴേയ്ക്ക് പോയതായിരുന്നു.

ധൃതിയിലവൻ ഫോൺ മുറിയിൽ മറന്നു വെച്ചാണു പോയത്.

ആ സമത്താണു അവന്റെ ഫോണിലേയ്ക്ക് കാൾ വന്നത്,

സ്ക്രീനിൽ പേരിനൊപ്പം തെളിഞ്ഞ ഫോട്ടോ കണ്ടപ്പൊ അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടിപ്പോയി.

വിശ്വസിക്കാനാകാതെ ഞാൻ കണ്ണുകൾ ഇറുക്കെ തിരുമ്മി വീണ്ടും നോക്കി.

അത് അവളായിരുന്നു..

ഞാൻ പ്രാണനായ് മനസ്സിൽ കൊണ്ടു നടന്ന അക്ഷര..

ആ നിമിഷം എനിക്കൊന്ന് മനസ്സിലായി..

രണ്ടു പേരും ചേർന്ന് എന്നെയൊരു വിഡ്ഡിയാക്കുകയായിരുന്നു എന്ന സത്യം.

നിരാശയും,ക്രോധവും ഒന്നായ് എന്നിൽ പിടിപെട്ടു..

തടഞ്ഞു നിർത്താനാവാതെ കണ്ണുനീർ ഇറ്റിറ്റു വീണു.

കുറച്ചു മുന്നേ വരെ എന്നിൽ പ്രതീക്ഷകൾ തന്ന കൂട്ടുകാരൻ.

രക്തബന്ധത്തേക്കാൾ ഞാൻ ചേർത്തു നിർത്തിയ ഉറ്റ ചങ്ങാതി.

അവനുമെന്നെ ചതിക്കുകയായിരുന്നു എന്നറിഞ്ഞപ്പോൾ ഞാൻ തകർന്നു പോയി.

എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുമ്പൊഴാണു അവന്റെ കടന്നു വരവ്..

ഞാൻ പെട്ടെന്ന് തന്നെ കണ്ണുകൾ തുടച്ച് ഒന്നുമറിയാത്ത ഭാവത്തിൽ നിന്നു.

ആ നിമിഷം എന്നിൽ ഞാൻ പോലുമറിയാതെ ഒരു പ്രതികാര ദാഹി ജനിക്കുകയായിരുന്നു.

“ഡാ,അനൂപേ..വാ കിടക്കാം..”

എന്നും പറഞ്ഞ് അവൻ ബെഡിലേയ്ക്ക് ചാഞ്ഞു.

അവനൊപ്പം ചേർന്നു കിടക്കുമ്പൊഴും എന്റെയുള്ളിൽ ചിന്തകൾ കുമിഞ്ഞു കൂടുകയായിരുന്നു.

ഒടുവിൽ ആ രാത്രിയിൽ എന്റെ മനസ്സ് ഒരു തീരുമാനത്തിലെത്തി.

ചതിക്ക് പകരം ചതി തന്നെയാണു ശരി..

പിറ്റെ ദിവസം കാലത്ത് തന്നെ എഴുന്നേറ്റ് ആരും കാണാതെ അവന്റെ ബൈക്കിന്റെ ബ്രേക്ക് പാഡിൽ ഡാമേജ് വരുത്തി..

സ്വതവെ ഓവർ സ്പീഡിൽ പോകാറുള്ള അവൻ മറ്റൊന്നും ശ്രദ്ധിക്കില്ല എന്ന ഉറപ്പുണ്ടായിരുന്നു എനിക്ക്.

അന്ന് പതിവു പോലെ ഞങ്ങൾ ഞങ്ങളുടെ ബൈക്കുകളിൽ കയറി യാത്ര തിരിച്ചു.

വണ്ടി സ്റ്റാർട്ട് ചെയ്തതും അവനൊരു കുതിപ്പായിരുന്നു..

അവനു പിന്നാലെ ഞാനും മെല്ലെ നീങ്ങി..

എനിക്ക് കാണാമായിരുന്നു,കുതിച്ച് പായുന്ന അവൻ പൊടുന്നനെ എതിരെ വന്ന വണ്ടിയിൽ ഇടിക്കാതെ വെട്ടിച്ചു മാറ്റി അരികിലായുള്ള കലുങ്കിൽ ചെന്ന് ശക്തിയായി ഇടിക്കുന്നത്.

നിമിഷ നേരം നേരം കൊണ്ട് ആളുകൾ തടിച്ച് കൂടി.

ഉള്ളിൽ അവനോട് പ്രതികാരം ചെയ്തു എന്ന സന്തോഷത്താൽ ഞാനും അവിടേയ്ക്ക് ചെന്നു.

തലയിൽ നിന്നും,ദേഹത്തു നിന്നും ചോര വാർന്നൊഴുകി ബോധ രഹിതനായ് വീണു കിടക്കുകയായിരുന്നു അവൻ.

കുറച്ചു പേർ അവനെ താങ്ങിയെടുത്ത് അതിലേ വന്നൊരു വണ്ടി തടഞ്ഞു നിർത്തി ധൃതിയിൽ ഹോസ്പിറ്റലിലേയ്ക്ക് കുതിച്ചു.

ഞാനപ്പോൾ മനസ്സിൽ ദൈവത്തോട് തേടുകയായിരുന്നു..

ഈശ്വരാ..ഇനിയൊരിക്കലും അവന്റെ തിരിച്ചു വരവുണ്ടാകല്ലേ എന്ന്.

ആൾക്കൂട്ടമൊഴിഞ്ഞപ്പോൾ എങ്ങോട്ട് പോകണമെന്ന് അറിയാതെ ഞാൻ നിന്നു.

ഞങ്ങളെന്നും ഒരുമിച്ചിറങ്ങുന്നത് കൊണ്ട് ഹോസ്പിറ്റലിലേയ്ക്ക് ചെല്ലാതിരുന്നാൽ അത് ചിലപ്പോൾ ആളുകളിൽ സംശയം ജനിപ്പിക്കും.

എന്തായാലും പോകാൻ തന്നെ തീരുമാനിച്ചു.

ഹോസ്പിറ്റലിൽ ചെന്ന് കാര്യങ്ങൾ തിരക്കിയപ്പോൾ ഇനിയും ബോധം തെളിഞ്ഞിട്ടില്ല എന്നാണു അറിയാൻ കഴിഞ്ഞത്.

അത് കേട്ടപ്പോൾ മനസ്സിലെവിടെയോ ഒരു ആശ്വാസം.

വിവരമറിഞ്ഞിട്ടാകണം കൂടെ പഠിക്കുന്ന മറ്റ് കൂട്ടുകാരുടെ വരവ് ദൂരെ നിന്നേ ഞാൻ കണ്ടു.

അവർക്ക് സംശയങ്ങളൊന്നും തോന്നാതിരിക്കാൻ ഞാനെന്റെ മുഖത്ത് സങ്കട ഭാവം തീർത്തു.

അവനെ ഹോസ്പിറ്റലിൽ കൊണ്ടു വിട്ടവരൊക്കെ ഞങ്ങളെ കണ്ടപ്പോൾ അവരവരുടെ വഴിക്കങ്ങ് പോയി.

ഹോസ്പിറ്റൽ വരാന്തയിലെ നീണ്ട കാത്തിരിപ്പുകൾക്ക് ശേഷം അവനു ബോധം തിരിച്ചു കിട്ടിയെന്ന വിവരം വന്നു.

എല്ലാവരുടെയും മുഖത്ത് ആശ്വാസം പടർന്നെങ്കിലും എന്റെയുള്ളിൽ വിറയലായിരുന്നു.

ഡോക്ടറോട് കാര്യം തിരക്കിയപ്പോൾ പേടിക്കാൻ ഒന്നുമില്ലെന്നാണു പറഞ്ഞത്.

തലയ്ക്ക് ക്ഷതമേറ്റതിനാലാണു ബോധം പോയതെന്നും,ചെറിയ പരിക്കുകളല്ലാതെ മറ്റൊന്നും ഇല്ലായെന്നും,കുറച്ചു നേരം കഴിഞ്ഞാൽ റൂമിലോട്ട് മാറ്റാമെന്നുമാണു ഡോക്ടർ പറഞ്ഞത്.

റൂമിലേയ്ക്ക് മാറ്റിയതും എല്ലാവരും അങ്ങോട്ട് ചെന്നു.

കൂട്ടുകാരൊക്കെയും കുശലം പറഞ്ഞ് തിരിച്ചു പോയിത്തുടങ്ങി.

കൂടെ നിൽക്കാൻ ആരുമില്ലാത്തതിനാൽ ഒടുവിൽ അവനു സഹായത്തിനായ് എനിക്ക് തന്നെ നിൽക്കേണ്ടി വന്നു.

രണ്ട് മൂന്ന് ദിവസം അങ്ങനെ കടന്നു പോയി.

അവന്റെ ദേഹത്തെ മുറിവുകളൊക്കെ ഉണങ്ങിത്തുടങ്ങി.

എന്റെ പെരുമാറ്റത്തിൽ സംശയം തോന്നാതിരിക്കാൻ ഞാൻ പരമാവധി ശ്രമിക്കുകയായിരുന്നു.

അന്ന് അവനടുത്തിരുന്ന് ഫോണിൽ എന്തൊക്കെയോ നോക്കിക്കൊണ്ടിരിക്കുമ്പൊ അവൻ ചോദിച്ചു.

“ഡാ അനൂപേ,നിനക്കിനിയും എന്നോട് ദേശ്യമാണോ?”

പൊടുന്നനെയുള്ള അവന്റെയാ ചോദ്യത്തിൽ ഞാൻ പതറി.

എങ്കിലും അത് പുറമെ കാട്ടാതെ ഞാൻ ചോദിച്ചു.

“നീയെന്താടാ അങ്ങനെ ചോദിച്ചെ,”

അവനെന്നെ നോക്കി ചെറുതായി പുഞ്ചിരിച്ചു.

“ഡാ,കൊല്ലം രണ്ടായി ഞാൻ നിനക്കൊപ്പം കൂടിയിട്ട്..എനിക്കറിയാം,നിനക്കെന്നെ ഒരുപാടിഷ്ടമാണെന്ന്.

നീയെന്നെ ഒരു കൂടപ്പിറപ്പിനെ പോലയാണു ഇതുവരെ കണ്ടത്,പക്ഷെ,ഇപ്പൊ നീ എന്നെ അങ്ങനെ കാണുന്നില്ല എന്നെനിക്കറിയാം.”

അവനു ഏതാണ്ടൊക്കെ മനസ്സിലായിട്ടുണ്ടെന്ന് ആ സംസാരത്തിൽ തെളിഞ്ഞു കാണാമായിരുന്നു.

എങ്കിലും ഒന്നും മനസ്സിലാകാത്തത് പോലെ ഞാൻ നിന്നു.

“നീയെന്താടാ ഇങ്ങനൊക്കെ സംസാരിക്കുന്നെ,എനിക്കൊന്നും മനസ്സിലാകുന്നില്ല.”

“അനൂപെ,നിന്റെ മനസ്സ് വായിക്കാൻ പറ്റുന്ന ഒരു കൂട്ടുകാരനാണു ഞാനെന്ന് നീ മറന്നു പോയി,നിന്റെ ചെറിയ ഭാവ മാറ്റങ്ങൾ പോലും,നിന്റെ ചെറിയ അനക്കങ്ങൾ പോലും എനിക്ക് തിരിച്ചറിയാൻ പറ്റും.

നീയുറങ്ങാതെ ഞാനെങ്ങനെ ഉറങ്ങുമെടാ,,ഞാനെല്ലാം കണ്ടിരുന്നു,”

അവനത് പറഞ്ഞപ്പൊ ഞാനാകെ തരിച്ചു പോയി.

അവൻ തുടർന്നു,

“ഞാൻ നിന്നെ കുറ്റപ്പെടുത്തുന്നില്ല,നിന്റെ സ്ഥാനത്ത് ആരായിരുന്നാലും ഇങ്ങനൊക്കെ തന്നെയായിരിക്കും ചെയ്യുക.

പക്ഷെ,ഇനിയെങ്കിലും നീ അറിയണം,ജീവിതത്തിൽ ആദ്യമായി നിന്നോട് മറച്ചു വെച്ച ആ സത്യം.”

ആകെ മരവിച്ചു പോയ അവസ്ഥയായിരുന്നു എനിക്ക്.

അത് തിരിച്ചറിഞ്ഞത് കൊണ്ടാവണം,അവനെന്റെ തോളിലേയ്ക്ക് കൈ കോർത്ത് എന്നിലേയ്ക്ക് ചേർന്നിരുന്നു.

“അവളെ നിനക്ക് ഇഷ്ടമാണെന്ന് എന്നോട് നീ പറയുന്നതിനു മുൻപ് തന്നെ ഞങ്ങൾ തമ്മിൽ നല്ല കൂട്ടായിരുന്നു.

ഓരോ ദിവസവും നീ അവളെ പറ്റി വാ തോരാതെ എന്നോട് പറഞ്ഞപ്പോഴൊക്കെയും ഞാൻ നിനക്ക് വേണ്ടി അവളോട് സംസാരിച്ചു.

ഒടുവിൽ എന്റെ നിർബന്ധം സഹിക്കാതായപ്പൊഴാണു അവളാ കാര്യം എന്നോട് പറഞ്ഞത്.

അവൾക്കെന്നെയാണു ഇഷ്ടമെന്നും,നീ അവളുടെ പിറകേ നടക്കണത് അവൾക്ക് ഇഷ്ടമാകുന്നില്ലാ എന്നും.

ഞാനാകെ ധർമ്മ സങ്കടത്തിലായി,

പല തവണ ഇതേ കുറിച്ച് നിന്നോട് പറയണമെന്ന് ഞാൻ ആഗ്രഹിച്ചു,പക്ഷെ,നിനക്കവളോടുള്ള ഭ്രാന്തമായ സ്നേഹം,അതൊക്കെ വെറുതെയാണെന്ന് അറിയുമ്പൊ ഉണ്ടാവുന്ന നിന്റെ അവസ്ഥ..ഒക്കെ ചിന്തിച്ചപ്പോൾ ഞാൻ മൌനിയായി.

പല തവണ ഞാൻ നിനക്ക് മുന്നിൽ അറിയാതെയെന്നോണം എന്റെ സ്വകാര്യതകൾ തുറന്ന് വെച്ചു.

അവിടെയും എന്റെ സ്വകാര്യതകളിലേയ്ക്ക് ഒളിഞ്ഞു നോക്കാതെ നീയെന്നെ തോൽപ്പിച്ചു.

അന്ന് രാത്രി അവൾ വിളിക്കുമെന്ന് പറഞ്ഞ സമയത്ത് ഞാൻ മനപ്പൂർവമാണു ഫോൺ അവിടെ വെച്ച് ഇറങ്ങിയത്.

അതിനൊരു കാരണമുണ്ടായിരുന്നു,ഇനിയും നീ അവൾക്ക് പിന്നാലെ ചെന്നാൽ എല്ലാരുടേം മുന്നിൽ വെച്ച് അവൾ എന്നോടുള്ള ഇഷ്ടം തുറന്ന് പറയുമെന്ന് പറഞ്ഞു.

അത് നിനക്ക് താങ്ങാൻ കഴിയില്ലെന്ന ഉറപ്പിൽ,എന്നിലൂടെയോ,അവളിലൂടെയോ നേരിട്ടല്ലാതെ നീ എല്ലാം മനസ്സിലാക്കണമെന്ന് ഞാൻ ആഗ്രഹിച്ചു.

ഞാൻ അന്ന് മുറിക്ക് പുറത്തു നിന്നും എല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

നിനക്കെന്നോടും,അവളോടുമുണ്ടാകുന്ന ദേഷ്യത്തിലെങ്കിലും എല്ലാമൊന്ന് തീരണമെന്നും,നീ സ്വയം പിന്തിരിയണമെന്നും ഞാനപ്പോൾ ആഗ്രഹിച്ചു.

നീ എന്റെ ബൈക്കിനു കേടു വരുത്തുന്നത് ഞാൻ കണ്ടിരുന്നു,അതറിഞ്ഞിട്ടും ഞാനതുമായി ഇറങ്ങിയത് അങ്ങനെയെങ്കിലും നിനക്കെന്നോടുള്ള ദേഷ്യം തീരട്ടേയെന്ന് കരുതിയാണു.

ഒരുപക്ഷെ,ഞാനങ്ങ് തീർന്നു പോയെങ്കിൽ എന്നോടുള്ള നിന്റെ എല്ലാ ദേഷ്യവും തീരുമായിരുന്നു.

അവിടെയും വിധിയെന്നെ തോൽപ്പിച്ചു.

നിനക്കിപ്പൊഴും എന്നെ എന്ത് വേണമെങ്കിലും ചെയ്യാം,എനിക്കതിൽ സന്തോഷമേ ഉള്ളൂ..

കാരണം നിന്റെ ഉള്ളു നോവുന്നത് എനിക്ക് സഹിക്കാൻ പറ്റില്ലെടാ,അതിനു കാരണം ഈ ഞാനാണെങ്കിൽ പോലും.”

അവൻ പറഞ്ഞു നിർത്തിയതും ശ്വാസം നിലച്ചത് പോലെയായിരുന്നു എനിക്ക്.

കുറ്റ ബോധത്താൽ കണ്ണുകൾ കുത്തിയൊലിക്കുന്നുണ്ടായിരുന്നു.

ഈശ്വരാാ..ഞാനെന്ത് പാപിയാണു,ഒരു പെണ്ണിനു വേണ്ടി,എന്റെ സ്വാർത്ഥതയ്ക്ക് വേണ്ടി ഒന്നുമറിയാതെ ഞാനവനെ ചതിച്ചു.

എല്ലാമറിഞ്ഞിട്ടും,എന്റെ സന്തോഷങ്ങൾക്ക് വേണ്ടി അവൻ സ്വയം അപകടത്തിലേയ്ക്ക് എടുത്തു ചാടി.

തെറ്റ്,ദൈവങ്ങൾക്ക് പോലും പൊറുക്കാനാവാത്ത തെറ്റാണു ഞാൻ ചെയ്തത്.

അവനെ ചേർത്ത് പിടിച്ച് പൊട്ടിക്കരയാനും,ആ കാൽക്കൽ വീണു മാപ്പ് ചോദിക്കാനുമല്ലാതെ മറ്റൊന്നിനും എനിക്ക് സാധിക്കില്ലായിരുന്നു.

ഒരു പക്ഷെ,അതൊന്നും ഞാനവനോട് ചെയ്ത തെറ്റുകൾക്ക് പരിഹാരമാകില്ലായെങ്കിലും.

അന്ന് ഞാൻ ജീവിതത്തിലെ വലിയൊരു സത്യം മനസ്സിലാക്കി..

ഇഷ്ടങ്ങൾ പിടിച്ചു വാങ്ങേണ്ട ഒന്നല്ല,അത് പരസ്പരം സംഭവിക്കേണ്ടതാണു.

പക്ഷെ സൌഹൃദങ്ങൾ പിടിച്ചു നിർത്തേണ്ടവയാണു,നമ്മുടെ സ്വാർത്ഥതയ്ക്കുമപ്പുറം ചേർത്തു നിർത്തേണ്ടവ.

അന്ന് യാത്ര പോലും പറയാതെ ഞാനവിടെ നിന്നുമിറങ്ങി.

നേരെ ചെന്നത് അക്ഷരയുടെ അടുത്താണു.

ഞാനെന്ന കാരണത്താൽ അവൻ അവൾക്കു മുന്നിൽ ഇനിയും തുറക്കാത്ത അവന്റെ മനസ്സിനെ തുറന്നു കാട്ടാൻ..അവനിലെ ഇഷ്ടങ്ങളെ പറയാൻ..

ശുഭം🙏

രചന: സോളോ-മാൻ

Leave a Reply

Your email address will not be published. Required fields are marked *