കാത്തിരിപ്പ്, അതിമനോഹരമായ കഥ….

രചന: Manu Reghu

ശ്രീലക്ഷ്മി. അതാണ് അവളുടെ പേര്. എന്റെ ജീവൻ പകുത്തു എടുത്തവൾ.. എനിക്കുവേണ്ടി ജീവൻ പോലും കളയാൻ ശ്രമിച്ചവൾ… ഞങ്ങൾ തമ്മിൽ
പ്രേമം ഒന്നുമായിരുന്നില്ല . വീട്ടുകാർ എനിക്കുവേണ്ടി കണ്ടെത്തിയ പെൺകുട്ടി.

ഞാൻ സൂര്യകിരൺ. എല്ലാരും അച്ചു എന്നു വിളിക്കും. വീട്ടിൽ അമ്മ, ചേട്ടൻ, അനിയൻ പിന്നെ ചേട്ടത്തിയമ്മ, പിന്നെ അവരുടെ കുഞ്ഞും. പപ്പ എനിക്കു 16 വയസ്സുള്ളപ്പോൾ മരിച്ചു. ഒരു ഇടത്തരം കുടുംബം ആണ് എന്റേതു. പപ്പ ചെയ്തു വെച്ച സുകൃതം. പപ്പ പോയതിൽ പിന്നെ ചേട്ടനാണ് കുടുംബം നോക്കിയിരുന്നത്. ഡിപ്ലോമ കഴിഞ്ഞു അടിച്ചു പൊളിച്ചു നടക്കുന്ന സമയത്ത് വിധി എന്നെ ഒരു പ്രവാസിയുടെ വേഷം കെട്ടിച്ചു. ഫാബ്രിക്കേഷൻ ആയിരുന്നു ജോലി.3 വർഷം ജോലി ചെയ്തു. പക്ഷെ അധികകാലം ആ വേഷം കെട്ടേണ്ടി വന്നില്ല. അതിനാൽ നാട്ടിൽ ഒരു സ്റ്റീൽ ഫാബ്രിക്കേഷൻ വർക്ഷോപ്പ് തുടങ്ങി. ജീവിതം തരക്കേടില്ലാതെ പൊയ്ക്കൊണ്ടിരുന്ന സമയത്തു, എല്ലാ അമ്മമാരെയും പോലെ എന്റെ അമ്മയ്ക്കും എന്നെ പെണ്ണുകെട്ടിച്ചാൽ കൊള്ളാം എന്നൊരു മോഹം. വയസ്സ് 25 കഴിഞ്ഞു എന്ന അമ്മയുടെ അഭിപ്രായം.. ചേട്ടൻ ഈ പ്രായത്തിൽ കല്യാണം കഴിച്ചു. അപ്പോൾ എനിക്കും സമയമായി എന്ന അമ്മയുടെ തീരുമാനം. രാജാമാതാ ശിവകാമി ദേവിയുടെ രാജ ശാസനം പോലെ. (പെട്ടു എന്നു പറഞ്ഞാൽ മതിയല്ലോ )

കെട്ടാൻ പോകുന്ന പെണ്ണിനെക്കുറിച്ചു വലിയ സങ്കൽപ്പം ഒന്നും ഉണ്ടായിരുന്നില്ല. ശാന്ത സ്വഭാവം ആയിരിക്കണം. കറുപ്പായാലും ചന്തം വേണം. അത്യാവശ്യം എഴുത്തും വായനയും അറിഞ്ഞിരിക്കണം. (കാരണം ഞാൻ ഈ പറഞ്ഞപോലൊക്കെയാ ) സ്ത്രീധനം ഒക്കെ വീട്ടുകാർക്കു വിട്ടുകൊടുത്തു. കിട്ടിയാലും ഇല്ലേലും സന്തോഷം.

അങ്ങനെ അമ്മയുടെ നേതൃത്വത്തിൽ പെണ്ണുകാണൽ യാഗം തുടങ്ങി. മൂന്നുനാലെണ്ണം കണ്ടു. പക്ഷെ ഒന്നും ശരിയായില്ല. ചെറുക്കന് നിറം പോരാ, വിദ്യാഭ്യാസം പോരാ, ജോലി ഫാബ്രിക്കേഷൻ അല്ലേ, ഇങ്ങനെ ഓരോ കാരണങ്ങൾ എന്റെ മംഗല്യം തടുത്തു. നാട്ടിൽ അധ്വാനിച്ചു ജീവിക്കുന്ന ചെറുപ്പക്കാർക്ക് പെണ്ണുകിട്ടാൻ വലിയ ബുദ്ധിമുട്ടാണെന്ന് മനസ്സിലായി.. ഞാൻ മടുത്തു തുടങ്ങിയിരുന്നു. പക്ഷെ അമ്മ തകൃതിയായി അന്വേഷണം തുടർന്നു. ഒടുവിൽ ഒരു പെൺകുട്ടിയെ കണ്ടെത്തി. കുറച്ചു ദൂരെയാണ്. 80% പൊരുത്തം ഒക്കെ ഉണ്ട്. ചെറുക്കനും പെണ്ണും കണ്ടു ഇഷ്ടപ്പെട്ടാൽ ഉറപ്പികാം. എനിക്കു താല്പര്യമില്ലയിരുന്നു. വീണ്ടും നാണംകെടാൻ വയ്യാത്തത് കൊണ്ട് പരമാവധി ഒഴിഞ്ഞു മാറി. പക്ഷേ ചേട്ടൻ ഇടപെട്ടപ്പോൾ പോകാൻ തീരുമാനിച്ചു.

പെൺകുട്ടിയുടെ വീട്ടിൽ എത്തി. കുട്ടിയുടെ പേര് ശ്രീലക്ഷ്മി. ലെച്ചു എന്ന് വിളിക്കും. എല്ലായിടത്തും കിട്ടിയ ആചാരമര്യാദകൾ ഒക്കെ ഇവിടുന്നും കിട്ടി. കുറച്ചു കഴിഞ്ഞു പെൺകുട്ടി ചായ കൊണ്ടുവന്നു. ഒന്ന് നിവർന്നു നോക്കി ഞാൻ ചായ എടുത്തു. ഒന്നു നോക്കിയതേ ഉള്ളു. കുട്ടിയെ കണ്ടപ്പോൾ ഇതും നടക്കില്ലെന്നു ഉറപ്പായി. അവൾ അത്രയ്ക്ക് സുന്ദരിയായിരുന്നു. ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ ചേട്ടന്റെ വക ഒരു പണിയും വന്നു. പെണ്ണിനോട് എന്തെങ്കിലും സംസാരിക്കാൻ. ഞാൻ ആകെ വിയർത്തു.

അവളുടെ മുറിയിലേക്ക് ചെന്നു. ഒരു നീല പാവാടയും ഉടുപ്പും ആയിരുന്നു അവളുടെ വേഷം. നീണ്ട മുടിയും മുടിയിൽ മുല്ലപ്പൂവും ചൂടിയിരുന്നു . വെളുത്തു മെലിഞ്ഞ ഒരു ഗ്രാമീണ സുന്ദരി. ആരെയും മോഹിപ്പിക്കുന്ന നീല കണ്ണുകൾ. ചുവന്ന പനിനീർ ദളങ്ങൾ ഓർമ്മിപ്പിക്കുന്ന ചുണ്ട്.

സംസാരിക്കാൻ എനിക്കു വാക്കുകൾ കിട്ടിയില്ല. നാണമോ പേടിയോ എന്നെ തടഞ്ഞു. ഇതിനു മുൻപ് ഇങ്ങനെ ഉണ്ടായിട്ടില്ല. ഒടുവിൽ കുറച്ചു കാര്യങ്ങൾ ഓക്കേ ചോദിച്ചു. അതിനവൾ മറുപടി പറഞ്ഞതല്ലാതെ എന്നോടൊന്നും ചോദിച്ചില്ല. വലിയ പ്രതീക്ഷ ഇല്ലാതെയാണ് അവിടെ നിന്നും ഇറങ്ങിയത്.

വീണ്ടും ഞാൻ എന്റെ ജോലികളുമായി മുന്നോട്ടു പോയി. ഒരുദിവസം ജോലി കഴിഞ്ഞു വന്നപ്പോൾ ശ്രീലക്ഷ്മിയുടെ വീട്ടിൽ നിന്നും വിളിച്ചിരുന്നു. ശ്രീലക്ഷ്മിക്കു എന്നെ ഇഷ്ടമായി. ഇനി കാരണവന്മാർ എല്ലാരും ചേർന്ന് പോയി പെണ്ണ് ചോദിക്കണം എന്നും പറഞ്ഞു. അപ്പോഴത്തെ എന്റെ അവസ്ഥ, അതു പറഞ്ഞറിയിക്കാൻ പറ്റില്ല. അങ്ങനെ കരണവൻമാരെയും കൂട്ടി പോകാൻ തീരുമാനം ആയി..

അങ്ങനെ പെണ്ണുകാണലിന്റെ ഫൈനൽ സ്റ്റേജ് എത്തി. കുട്ടിയെ എല്ലാർക്കും ഇഷ്ടപ്പെട്ടു. വീണ്ടും അവളോട്‌ സംസാരിക്കാൻ ഉള്ള അവസരം ചേട്ടൻ ഒരുക്കി തന്നു.. ഇത്തവണ ഒരു വിറയലും ഇല്ലാതെ കാര്യങ്ങൾ നടന്നു. അവൾ ഡിഗ്രി 1yr കഴിഞ്ഞു നിൽക്കുന്നു. ഒരു അനിയനും അനിയത്തിയും ഉണ്ട്. രണ്ടുപേർക്കും എന്നെ നന്നായി ഇഷ്ടപ്പെട്ടു..അവൾക്കു പഠിക്കണം അതു കഴിഞ്ഞു പോരെ കല്യാണം എന്ന് ചോദിച്ചു. ഞാൻ സമ്മതം പറഞ്ഞു. നമ്പർ ചോദിച്ചു. അവൾക്കു ഫോൺ ഇല്ലന്ന് പറഞ്ഞു. (സത്യമായിരുന്നു. അനിയന്റെ ഫോൺ ആയിരുന്നു അവൾ ഉപയോഗിച്ചിരുന്നത്. ) കുറച്ച് നേരം എന്തൊക്കെയോ സംസാരിച്ചു ഞാൻ പുറത്തിറങ്ങി. ചെറുക്കന്റെ വീട് കാണാൻ ഒരു ദിവസം അവളുടെ ആൾക്കാരെ ക്ഷണിച്ചു. ഇതിനിടയിൽ ഞാൻ അവളുടെ അനിയന്റെ നമ്പർ വാങ്ങിച്ചു വെച്ചു.

വീട്ടിലെത്തി വൈകിട്ട് അവനെ വിളിച്ചു. അവനുമായി കുറച്ചു നേരം സംസാരിച്ചു. നല്ല പയ്യൻ. പ്രായത്തിൽ കവിഞ്ഞ പക്വത ഉണ്ടായിരുന്നു. അവനിലൂടെ ഞാൻ അവളെ കൂടുതൽ അറിഞ്ഞു. പാവം പെണ്ണ്. അവൾക്കു നല്ല ഒരു ജീവിതം കൊടുക്കാൻ എനിക്കു കഴിയും എന്നവൻ വിശ്വസിച്ചു. ഞാൻ അറിയാതെ തന്നെ അവളെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു ..

ഒരാഴ്ച കഴിഞ്ഞു അവർ വന്നു. അവർക്കും എന്റെ ചുറ്റുപാടുകൾ ഇഷ്ടപ്പെട്ടു. അടുത്ത കടമ്പ സ്ത്രീധനം ആയിരുന്നു. എന്റെ അമ്മാവൻ അവരോടു എന്താണ് കുട്ടിക്ക് കൊടുക്കാൻ ഉദ്ദേശിക്കുന്നത് എന്ന് ചോദിച്ചു. അവർ ആലോചിച്ചു പറയാം എന്ന് മറുപടി പറഞ്ഞിട്ടു പോയി.

ഒരാഴ്ച കഴിഞ്ഞിട്ടും അവർ വിളിച്ചില്ല. എനിക്കു വല്ലാത്ത ടെൻഷൻ ആയിരുന്നു. മുൻപ് വന്ന ഒരാലോചാനക്കും ഇങ്ങനെ ഒരു ടെൻഷൻ ഉണ്ടായിട്ടില്ല. എനിക്കു അവളെ അത്രക്ക് ഇഷ്ടമായിരുന്നു. അവളെ സ്വീകരിക്കാൻ ഞാൻ മനസ്സുകൊണ്ട് തയ്യാറായി കഴിഞ്ഞിരുന്നു.. പിറ്റേന്ന് ഞാൻ അവളുടെ അനിയനെ വിളിച്ചു കാര്യങ്ങൾ അന്വേഷിച്ചു. ഏതോ ബന്ധു മരിച്ചു അതുകൊണ്ടാ വിളിക്കാത്തത് എന്നവൻ പറഞ്ഞു. അവളോട്‌ ഒന്ന് സംസാരിക്കാൻ പറ്റുമോ എന്ന് ചോദിച്ചു. ഉടനെ അവൻ ഫോൺ അവൾക്കു കൊടുത്തു. (അളിയനായാൽ ഇങ്ങനെ വേണം ) കുറച്ചു നേരം ഞാൻ അവളോട് സംസാരിച്ചു. അനിയന്റെ ഫുൾ സപ്പോർട് ഉണ്ടായിരുന്നു. പതിയെ അത് സ്ഥിരമായി. കുറച്ച് നാളുകൾ കൊണ്ട് നമ്മൾ വല്ലാതെ അടുത്തു. പരസ്പരം മനസിലാക്കി തുടങ്ങി.

പക്ഷെ ഞങ്ങളുടെ വീട്ടുകാർ ഇതൊന്നും അറിഞ്ഞിരുന്നില്ല. എനിക്കു അവളെ വീണ്ടും കാണാൻ ആഗ്രഹം ഉണ്ടായിരുന്നു. അവളോട് ഞാൻ ചോദിച്ചു. അവൾക്കു പേടിയായിരുന്നു. അനിയൻ റെഡി ആക്കാം എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ തമ്മിൽ കാണാൻ തീരുമാനിച്ചു. അവളുടെ വീട്ടിന്റെ അടുത്തുള്ള അമ്പലത്തിൽ വെച്ചു.
വെളുപ്പിന് പോയി. കുറെ ദൂരം ഉണ്ടല്ലോ. അവൾ വന്നു. അനിയനും ഒപ്പം ഉണ്ടായിരുന്നു. എന്നെ കണ്ടതും അവളുടെ മുഖം നാണം കൊണ്ട് ചുവന്നു. ഞാനും… ഞങ്ങൾ ഒരുമിച്ചു അവളുടെ ഇഷ്ട ദേവനെ തൊഴുതു. ഞാൻ മനം ഉരുകി പ്രാർത്ഥിച്ചു. അവളെ കൈവിട്ടു കളയാൻ കഴിയില്ല എന്ന് ഞാൻ മനസ്സിലാക്കി. വീട്ടിൽ അറിയാതെ ആയതുകൊണ്ട് അധികനേരം നില്കാൻ കഴിഞ്ഞില്ല. ആ മാസത്തിൽ നമ്മൾ രണ്ടു മൂന്നു പ്രാവിശ്യം തമ്മിൽ കണ്ടു. അമ്പലകുളത്തിന്റെ പടവുകളിൽ നമ്മൾ മൂന്നുപേരും സമയം ചിലവഴിച്ചു. എല്ലാത്തിനും അവളുടെ അനിയൻ കൂടെ ഉണ്ടായിരുന്നു. രാത്രി അവളെ വിളിച്ചു സംസാരിക്കുന്നത് പതിവായി. ഒരു മാസം പോയതറിഞ്ഞില്ല.

പക്ഷേ വിധി ഞങ്ങൾക്കു എതിരായി… കല്യാണം മുടങ്ങി.
സ്ത്രീധനം ആയിരുന്നു വിഷയം. അവളുടെ വീട്ടുകാർ പറഞ്ഞത് എന്റെ വീട്ടുകാർക്കും എന്റെ വീട്ടുകാർ പറഞ്ഞത് അവളുടെ വീട്ടുകാർക്കും സമ്മതമായില്ല. ചുരുക്കി പറഞ്ഞാൽ കല്യാണം മുടങ്ങി. എനിക്കാണെങ്കിൽ ഒരു തരം മരവിപ്പ് ആയിരുന്നു. മനസ്സിന് പിടിച്ച ഒരു പെൺകുട്ടി, അതും ഞാൻ മനസ്സിലാക്കിയ എന്നെ മനസ്സിലാക്കുന്ന കുട്ടി. അവളെ കൈവിട്ടു പോയല്ലോ എന്ന ചിന്ത എന്റെ ജീവിതതാളം തെറ്റിച്ചു തുടങ്ങി. ഒടുവിൽ ഞാൻ അവളുടെ അനിയനെ വിളിച്ചു. കുറെ തവണ വിളിച്ചിട്ടും ഫോൺ എടുത്തില്ല. വീണ്ടും നിരാശയായി. ഒന്നിലും ശ്രദ്ധ ഇല്ല. ചിരിയും കളിയും ഒക്കെ പോയി.

രണ്ടു ദിവസം കഴിഞ്ഞു അവളുടെ അനിയൻ വിളിച്ചു. വളരെ ആകാംഷയോടെ ഞാൻ ഫോൺ എടുത്തു. അവൾ ആയിരുന്നു. ഞാൻ സംസാരിച്ചു തുടങ്ങിയതും അവൾ വിതുമ്പി കരയാൻ തുടങ്ങി . എന്താണ് എന്നറിയാതെ ഞാൻ വിഷമിച്ചു. ഞാൻ അവളെ ആശ്വസിപ്പിച്ചു. അവൾക് എന്നെ കാണണം എന്ന് പറഞ്ഞു. ഞാനും അതു ആഗ്രഹിച്ചിരുന്നു.

പിറ്റേന്ന് അതിരാവിലെ ഞാൻ പുറപ്പെട്ടു. അവളും അനിയനും നേരത്തെ എത്തിയിരുന്നു. ഞങ്ങൾ തൊഴുതു പുറത്തിറങ്ങി കുളത്തിലേക്ക് നടന്നു. പതിവിനു വിപരീതമായി അവളുടെ അനിയൻ ഒപ്പം വന്നില്ല. ഞങ്ങൾ പടവുകളിൽ ഇരുന്നു. കുറച്ചു നേരം ഞങ്ങൾ ഒന്നും മിണ്ടിയില്ല. ഒടുവിൽ ഞാൻ തന്നെ തുടങ്ങി.

ഞാൻ : എന്താ ലെച്ചു കാണണം എന്ന് പറഞ്ഞത്

ലെച്ചു : എനിക്കു കാണണം എന്ന് തോന്നി. ഇനി ചിലപ്പോൾ കാണാൻ പറ്റിയില്ലെങ്കിലോ.

ഞാൻ : അതെന്താ ഇനി നിനക്ക് എന്നെ കാണണ്ടേ ?

ലെച്ചു: എനിക്കു ജീവിതകാലം മുഴുവനും കിച്ചുവേട്ടനെ കണ്ടുകൊണ്ടിരിക്കണം എന്നു തന്നെയാ മോഹം. പക്ഷേ അതു നടക്കില്ലല്ലോ കിച്ചുവേട്ട.

ഞാൻ : അതെന്താ?

ലെച്ചു : വീട്ടിൽ അച്ഛൻ ഈ ബന്ധം വേണ്ടെന്നു പറഞ്ഞു. ( അതു പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു )

ഞാൻ : നിനക്കു അങ്ങനെ എന്നെ വേണ്ടാന്ന് വെക്കാൻ കഴിയുമോ ???

ലെച്ചു : എനിക്കു കഴിയില്ല. കിച്ചുവേട്ടനെ ഞാൻ അത്രക്ക് സ്നേഹിക്കുന്നു. പക്ഷേ അച്ഛൻ……

ഞാൻ: എന്താ അച്ഛൻ സമ്മതിക്കില്ലേ.

ലെച്ചു : ഇല്ല. അച്ഛൻ വലിയ വാശിക്കാരൻ ആണ്. ഒരു കാര്യം തീരുമാനിച്ചാൽ അതു നടത്തിയിരിക്കും. എനിക്കു കിച്ചുവേട്ടനോട് ജീവിക്കാൻ കഴിയില്ല ( അവൾ പൊട്ടിക്കരഞ്ഞു. ഞാൻ അവളുടെ കണ്ണുകൾ തുടച്ചു. നെറുകയിൽ തലോടി. അവൾ എന്റെ തോളിൽ തല ചായ്ച്ചു ഇരുന്നു. കുറച്ച് നേരം കഴിഞ്ഞു ഞാൻ തുടർന്നു.)

ഞാൻ : എടി പൊട്ടി പെണ്ണെ. നീ ഇങ്ങനെ വിഷമിക്കാതെ. അങ്ങനെ നിന്നെ വിട്ടുകളയാൻ എനിക്കു പറ്റില്ല. എനിക്കു ആദ്യമായി ഇഷ്ടം തോന്നിയ പെണ്ണാണ് നീ. സ്വന്തമാക്കാൻ ആഗ്രഹിച്ചതും നിന്നെയാ. വീട്ടുകാർ എതിർത്താലും നിന്നെ ഞാൻ സ്വന്തമാക്കും. (അവളുടെ നീല കണ്ണുകളിൽ വീണ്ടും ഒരു തിളക്കം പ്രത്യക്ഷപ്പെട്ടു . ഞാൻ അവളെ ചേർത്തു പിടിച്ചു നെറുകയിൽ ചുംബിച്ചു. )

അവളുടെ ഇഷ്ടദേവന്റെ മുന്നിൽ ഞങ്ങൾ സത്യം ചെയ്തു. “ജീവിക്കുകയാണെങ്കിൽഅതു ഒരുമിച്ചു . ”
അവൾ അനിയന്റെ കൂടെ വീട്ടിൽ പോയി. ഞാൻ കുറച്ചു നേരം കൂടി അവിടെ ഇരുന്നു. എന്നിട്ട് തിരിച്ചു പോന്നു.

പിന്നീട് വന്ന ആലോചനകൾ എല്ലാം ഞങ്ങൾ ഓരോന്ന് പറഞ്ഞു ഒഴിഞ്ഞു.
ഒരു വർഷത്തോളം കുഴപ്പം ഒന്നുമില്ലാതെ കടന്നു പോയി. മാസത്തിൽ ഒന്നോ രണ്ടോ തവണ നമ്മൾ നേരിൽ കാണുമായിരുന്നു. കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളുമായി കാലം മുന്നോട്ടു പോയി. വീട്ടുകാരുടെ മനസ്സു മാറണം എന്നു ഞങ്ങൾ പ്രാർത്ഥിച്ചുകൊണ്ടിരിന്നു. പക്ഷേ ഞങ്ങളുടെ ഈ കൂടികാഴ്ച എങ്ങനെയോ അവളുടെ വീട്ടിൽ അറിഞ്ഞു. ആകെ പ്രശ്നം ആയി. അവളെ അച്ഛൻ ഒരുപാട് തല്ലി. അയാൾ എന്റെ വീട്ടിൽ വിളിച്ചു,ആകെ കുഴപ്പമായി. കെട്ടുന്നെങ്കിൽ അവളെ മാത്രമേ ഉള്ളു എന്നു ഞാൻ തീർത്തു പറഞ്ഞു. അതോടെ വീട്ടിൽ ഞാൻ ഒരു ധിക്കാരി ആയി. എന്റെ വീട്ടിൽ ആരും എന്നോട് മിണ്ടാതെ ആയി.

അവളുടെ കാര്യം ഇതിലും കഷ്ടമായിരുന്നു. അവളുടെ അച്ഛൻ വേറെ ഒരു കല്യാണം ഉറപ്പിക്കാൻ നോക്കി. എതിർക്കാൻ കഴിയാതെ അവൾ കയ്യിലെ ഞരമ്പ് മുറിച്ചു. അനിയത്തി കണ്ടതു ഭാഗ്യം ആയി. വിവരം അവളുടെ അനിയൻ എന്നെ വിളിച്ചറിയിച്ചു. പിറ്റേന്ന് ഹോസ്പിറ്റലിൽ പോയി അവളെ കണ്ടു. ഭാഗ്യത്തിന് അച്ഛനും അമ്മയും ഇല്ലായിരുന്നു. ദേഷ്യവും സങ്കടവും എല്ലാം കൂടി വന്നു അവൾക്കു ഒരെണ്ണം പൊട്ടിക്കാൻ പോയതാ. അവളുടെ മുഖം കണ്ടപ്പോൾ എല്ലാം മറന്നു. കരഞ്ഞു തളർന്നു വാടിയ പനിനീർ പൂവ് പോലെ അവൾ ആശുപത്രി കിടക്കയിൽ. അനിയനും അനിയത്തിയും ആയിരുന്നു കൂടെ ഉണ്ടായിരുന്നത്. അതു കൊണ്ട് കുറച്ചു നേരം അവളുടെ അടുത്തിരിക്കാൻ പറ്റി. എന്നെ കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു.

ഞാൻ : എന്തു മണ്ടത്തരമാണ് നീ ഈ കാണിച്ചത്. എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ ?എന്തിനാ നീ ഇത് ചെയ്തത്. നിന്റെ വീട്ടുകാരെ കുറിച്ചു നീ ചിന്തിച്ചോ. അതോ എന്നെ തനിച്ചാക്കി പോകാൻ ആയിരുന്നോ… (എന്റെ കണ്ണുകളിൽ നനവ് പടർന്നു )

ലെച്ചു : എനിക്കു എന്തു ചെയ്യണം എന്നറിയില്ല. കിച്ചുവേട്ടനെ ചതിച്ചു മറ്റൊരാൾക്ക്‌ കഴുത്തു നീട്ടാൻ എനിക്കാവില്ല. അച്ഛനെ തോല്പിക്കാനും. അതാ ഞാൻ….

ഞാൻ: അപ്പോൾ നമ്മൾ കണ്ട സ്വപ്നങ്ങൾ ????നീ വിഷമിക്കാതെ. എല്ലാം ശരിയാകും . ഇനി ഇങ്ങനെ ഒന്നും ചിന്തിക്കുക പോലും ചെയ്യരുത്..

ലെച്ചു : കിച്ചുവേട്ട കുറച്ചു നേരം എന്റടുത്തു ഇരിക്കുമോ.

അവളുടെ നെറുകയിൽ തലോടി ഞാൻ അവിടെ ഇരുന്നു. അവൾ മെല്ലെ ഉറക്കത്തിലേക്ക് വഴുതി വീണു.
കുറച്ചു നേരം കഴിഞ്ഞു ഞാൻ പുറത്തു ഇറങ്ങാൻ തുടങ്ങിയതും അവളുടെ അച്ഛൻ കയറി വന്നു. ആശുപത്രി ആയതു കൊണ്ടാകും അയാൾ ഒന്നും പറഞ്ഞില്ല.
പക്ഷെ അയാളുടെ മുഖത്ത് എന്നോടുള്ള ദേഷ്യം പ്രകടമായിരുന്നു.
അവൾ വീട്ടിൽ എത്തി രണ്ടു ദിവസം കഴിഞ്ഞു ഞാൻ അവളുടെ വീട്ടിൽ പോയി. അവളുടെ അച്ഛനോട് പറഞ്ഞു,” നിങ്ങളുടെ സമ്മതം ഇല്ലാതെ അവൾ എന്നോടൊപ്പം വരില്ല. എന്നാൽ എന്നെ അല്ലാതെ അവൾ വേറെ ഒരാളെ വിവാഹം ചെയ്യുകയും ഇല്ല. അതുകൊണ്ട് ദേഷ്യം ഒക്കെ മാറ്റി ചിന്തിക്കുക. മകൾ ആണോ വാശിയാണോ വലുതെന്നു. എന്റെ ജീവിതത്തിൽ ഇവൾ അല്ലാതെ ഇനി ഒരു പെണ്ണില്ല. അതുപോലെ തന്നെ അവൾക്കും. നിർബന്ധിച്ചാൽ എന്താ ഉണ്ടാകുക എന്നും നിങ്ങൾക്ക് അറിയാം. അതുകൊണ്ട് ദയവായി വാശി ഉപേക്ഷിച്ചു അവളെ മനസ്സു മനസിലാക്കു. ഞാൻ അവളെ പൊന്നുപോലെ നോക്കും. ഇനി സ്ത്രീധനം ആണ് പ്രശ്നം എങ്കിൽ എനിക്കു ചില്ലി കാശു പോലും വേണ്ട. നിങ്ങൾക് തീരുമാനിക്കാം. ഞാൻ കാത്തിരിക്കും. ” അത്രയും പറഞ്ഞു ഞാൻ ഇറങ്ങി.
തിരികെ വീട്ടിൽ എത്തിയപ്പോൾ ആകെ പ്രശ്നം. അയാൾ വിളിച്ചു എല്ലാം പറഞ്ഞു. അമ്മയും ചേട്ടനും ആകെ ദേഷ്യത്തിൽ ആയിരുന്നു. ഞാൻ എന്തോ വലിയ അപരാധം ചെയ്തപോലെ. അവരോടും പറഞ്ഞു “എന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ട് എങ്കിൽ അതു അവളായിരിക്കും. പക്ഷെ ഞങ്ങൾ നിങ്ങളെ ധിക്കരിക്കില്ല . നിങ്ങൾ രണ്ടു വീട്ടുകാരുടെയും സമ്മതം കിട്ടുന്നവരെ കാത്തിരിക്കും. എത്ര വർഷമെടുത്താലും. ”

ഞങ്ങൾ പിന്നെയും കാത്തിരിക്കുന്നു വർഷങ്ങൾ…. വേദനയോടെ. അതിലേറെ പ്രതീക്ഷയോടെ…..

വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ഒടുവിൽ ഞങ്ങളുടെ സ്വപ്നങ്ങൾ പൂവണിഞ്ഞു
ഇപ്പോൾ ഞങ്ങൾ സന്തോഷമായി ജീവിക്കുന്നു. ഒരു മോളും ഉണ്ട്.
ഞങ്ങളുടെ സ്നേഹത്തിന്റെ മുന്നിൽ വീട്ടുകാരുടെ വാശി തോറ്റു. ഞങ്ങളുടെ സ്നേഹത്തിനും കാത്തിരിപ്പിനും ദൈവം നൽകിയ സമ്മാനം… സ്നേഹിക്കുന്ന മനസ്സുകളെ പിരിക്കാൻ കഴിയില്ല എന്നു കാലം വീണ്ടും തെളിയിച്ചു.

ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അതു എന്റെ കുടുംബമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു . ഞാനും അവളും ഞങ്ങളുടെ മോളും മാത്രമുള്ള ഞങ്ങളുടെ കൊച്ചു സ്വർഗം.

രചന: Manu Reghu

Leave a Reply

Your email address will not be published. Required fields are marked *