കാദംബരി (അവസാന ഭാഗം) ഭാഗം: 2

രചന: ജിഷ്ണു രമേശൻ

വീടിനു മുന്നിലെത്തിയ എന്റെ കണ്ണുകൾ അവളിലേക്ക് തന്നെയായിരുന്നു…

അപ്പ അകത്തുണ്ടെന്ന മട്ടിൽ കാദംബരി അകത്തേക്കൊന്ന് നോക്കിയിട്ട് വിളിച്ചു പറഞ്ഞു,

“അപ്പാ ഇതാരാ വന്നിരിക്കുന്നതെന്ന് നോക്ക്…!”

അവളുടെ അച്ഛൻ പുറത്തേക്ക് വന്നു നോക്കിയിട്ട് പറഞ്ഞു,
‘ മോനേ എവിടെയോ കണ്ടിട്ടുണ്ടല്ലോ…! മാഷല്ലെ, മോൾടെ…! എന്താ അവിടെ തന്നെ നിന്നത്…? കയറി വരാ…!’

ഞാൻ അകത്തേക്ക് കയറി, വലതു വശത്തുള്ള മുറിയിൽ വയ്യാതെ കിടക്കുന്ന കാദംബരിയുടെ അമ്മയ്ക്ക് അവളുടെ അനിയത്തി കഷായം കൊടുക്കുന്ന തിരക്കിലാണ്…തടിയുടെ കസേര വലിച്ചിട്ട് എന്നോട് ഇരിക്കാൻ പറഞ്ഞു അവളുടെ അപ്പ…

‘ മോളെ മാഷിന് സംഭാരം എടുത്തിട്ട് വരാ, ഇതൊക്കെ നിന്നോട് പറയണോ കുട്ടീ…! അല്ലാ മാഷ് എന്താ ഇൗ വഴിക്ക്…? എന്തെങ്കിലും വിശേഷം ഉണ്ടോ, മാഷിന്റെ പേര് എന്താണെന്നാ അന്ന് പറഞ്ഞത്…? ഓർമ കിട്ടണില്യ…’

” എന്റെ പേര് ജിജോ എന്നാണ്…!”

പെട്ടന്ന് മുഖത്തെ ചിരി മറച്ചു കൊണ്ട് അദ്ദേഹം എന്നോട് ചോദിച്ചു,

‘ അല്ലാ ജിജോ എന്ന് പറയുമ്പോ…! അന്ന് വേറെന്തോ പേരല്ലെ പറഞ്ഞത്…!’

” അതേ വേറെ പേരാണ് പറഞ്ഞത്… ഞാനൊരു അന്യ മതസ്ഥൻ ആണെന്ന് അറിയാതിരിക്കാനാണ് അങ്ങനെ പേര് മാറ്റി പറഞ്ഞത്..”

‘ മോൻ പറഞ്ഞു വരുന്നത് മനസ്സിലാവണില്യ..!’

അപ്പോഴേക്കും കാദംബരി സംഭാരവുമായി വന്നു..അവളെ നിർത്തിക്കൊണ്ട്, പ്രോജക്ടിനായി അവള് അവിടെ വന്നത് മുതൽ തമ്മിൽ അടുത്തതും ഇഷ്ടപ്പെട്ടതും അങ്ങനെ എല്ലാം അവളുടെ അപ്പയോട് തുറന്നു പറഞ്ഞു…

മുറിയിലിരിക്കുന്ന അമ്മയും അനിയത്തിയും പറഞ്ഞതൊക്കെ കേട്ടിരുന്നു…അവളുടെ അപ്പ അവരെയൊന്നു നോക്കിയിട്ട് കാദംബരിയോട് പറഞ്ഞു,

‘ മോള് അമ്മേടെ അടുത്തേക്ക് ചെല്ല്‌, ഞാൻ മോനോടൊന്ന് സംസാരിക്കട്ടെ…!’

മുഖത്തൊരു ചിരി വരുത്തി കൊണ്ട് അവള് മുറിയിലേക്ക് പോയി… അദ്ദേഹം എന്നേയും കൂട്ടികൊണ്ട് പുറത്തേക്കിറങ്ങി…

കുറച്ച് മാറി ഒരു കിണറിന്റെ അരികിൽ ചെന്നിട്ട് എന്നോട് പറഞ്ഞു,

” മോനേ, ഞാനും അവളുടെ അമ്മയും സ്നേഹിച്ച് തന്നെയാണ് വേളി കഴിച്ചത്…ദേ ഇൗ കിണറ്റിൻ കരയിലാണ് ഞങ്ങള് ആദ്യം കണ്ടത്…ഒരേ തരക്കാരും ജാതിയും ആയിരുന്നിട്ട്‌ പോലും അന്ന് കുറേയധികം വഴക്ക് ഉണ്ടായി…

ഇന്നിപ്പോ എനിക്ക് എന്റെ മകളുടെ ആഗ്രഹം നടത്തി കൊടുക്കാൻ നൂറു വട്ടം സമ്മതമാണ്…പക്ഷേ ഒരു ഒളിച്ചോട്ടമല്ലാതെ നല്ല രീതിക്ക് സമാധാനമായി ഒരു വിവാഹം നടക്കില്ല…ഒരച്ഛൻ മകളോട് ഒളിച്ചോടി പോകുവാൻ പറയുന്നതല്ല…

അങ്ങനെ ജിജോയുടെ കൂടെ എന്റെ മകളു വന്നാലും സന്തോഷമായൊരു ജീവിതം ഉണ്ടാകില്ല… അവളുടെ മാമനും മറ്റു ബന്ധുക്കളും അയൽക്കാരും വലിയ പ്രശ്നമുണ്ടാക്കും… ഇവിടെ ഞങ്ങളെ ജീവിക്കാൻ സമ്മതിക്കില്ല… ഇൗ അഗ്രഹാരത്തിൽ കിടന്നു മരിക്കണമെന്നാണ് എന്റെ ആഗ്രഹം…ജാതിയും മതവും എനിക്കും മോൾക്കും പ്രശ്നമല്ല…പക്ഷേ മുന്നോട്ടുള്ള ജീവിതം…! പിന്നീട് ഉണ്ടാവാൻ പോകുന്ന പ്രശ്നങ്ങൾ…! ഇവൾക്ക് താഴെ ഉള്ളതിന്റെ കാര്യം..!

ഇവൾക്ക് താഴെ ഒരു അനിയത്തി ഉണ്ട്, സുഖമില്ലാതെ കിടക്കുന്ന ഇവരുടെ അമ്മയുടെ ആഗ്രഹമാണ് കാദംബരിയുടെ വിവാഹം…! ഈയൊരു അവസ്ഥയിൽ ഇതു കൂടി അറിഞ്ഞാൽ ഇവർക്ക് പിന്നെ അമ്മയില്ലാതെയായെന്ന് വരും…

ഒരു തെറ്റിലേക്കും പോകാതെ എന്നോട് ഇവിടെ വന്ന് എല്ലാം തുറന്നു പറയാൻ കാണിച്ച മോന്റെ നല്ല മനസ്സ് കണ്ടില്ലെന്നു നടിക്കില്ല ഞാൻ…എനിക്ക് സന്തോഷമേ ഉള്ളൂ എന്റെ മകൾ ജിജോയുടെ കൂടെ ജീവിക്കുന്നത്… പക്ഷേ, പിന്നീടുള്ള ജീവിതം ആലോചിക്കുമ്പോ, ഇവളുടെ അനിയത്തി കനിയുടെ ജീവിതം…!ആയുസ് അവസാനിക്കാറായ ഒരു പിതാവിന്റെ അപേക്ഷയാണ്…

ഒരാഴ്ച മുമ്പാണ് ഇവളുടെ മാമന്റെ ഒരു ബന്ധുവിൽ നിന്ന് മോൾക്കൊരു ആലോചന വന്നത്… ദാ ആ കാണുന്നതാണ് ചെക്കന്റെ വീട്.. അവരിവിടെ ഇല്ല, തിരുവനന്തപുരത്ത് എവിടെയോ ആണ് അവന് ജോലി, അമ്മ മാത്രേ ഉള്ളൂ അവന്… മോളോട് പറഞ്ഞിട്ടില്ല ആലോചന വന്നത്…

അത്രയും പറഞ്ഞ് അവളുടെ അപ്പ എന്റെ കയ്യിൽ പിടിച്ച് പൊട്ടിക്കരഞ്ഞു…തൊഴു കയ്യോടെ നിന്ന അദ്ദേഹത്തോട് എന്ത് പറയണമെന്നറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു…

‘ അപ്പാ, എന്റെ സ്വപ്നത്തിന് വേണ്ടി ഒരു കുടുംബം തകർക്കാൻ ഞാൻ ഒരുക്കമല്ല… അവള് മനസ്സിൽ പതിഞ്ഞു പോയി… അവളുടെ ശാപം ഇൗ ജന്മം എന്റെ കൂടെ ഉണ്ടാകും…എങ്ങനെ അവളെ പറഞ്ഞ് തിരുത്തും എന്നൊന്നും എനിക്കറിയില്ല…’

അത്രയും പറഞ്ഞപ്പോ നെഞ്ചിലോരു വിങ്ങൽ…! പറഞ്ഞു മുഴുവിക്കാനാവാതെ ഞാൻ നടന്നു… പുറത്തു പോയ എന്നെയും അപ്പയെയും കാത്ത് കാദംബരി വീടിന് മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു… അവളുടെ മുന്നിൽ ചെന്നതിന് ശേഷം ക്ഷമ പോലും ചോദിക്കാൻ കഴിയാതെ ഒരു ചതിയനെ പോലെ കുറച്ച് കണ്ണീരു വീഴ്ത്തി കൊണ്ട് ഞാൻ നടന്നകന്നു…

വീട്ടിൽ ചെന്ന് രണ്ടു ദിവസം കഴിഞ്ഞിട്ടും അവളെന്നെ വിളിക്കുക പോലും ഉണ്ടായില്ല…അപ്പ എല്ലാം അവളോട് പറഞ്ഞിട്ടുണ്ട് എന്നെനിക്ക് ഉറപ്പായിരുന്നു…

വിളിക്കാൻ ഫോൺ എടുക്കുമ്പോ കൈകൾക്ക് വിറയായിരുന്നു, ഒരു ഭയമായിരുന്നു…
അവളുടെ പകയുടെ ശാപം എന്റെ പുറകെ ഉള്ളത് പോലൊരു ഭയം…

രണ്ടു മാസങ്ങൾക്ക് ശേഷം, ഫോൺ സ്ക്രീനിൽ കാദംബരി എന്ന് തെളിഞ്ഞു കൊണ്ട് അവളുടെ കോൾ…

” ഹലോ മാഷേ, നാളെ എന്റെ വിവാഹമാണ്… ഒരു പിതാവിന്റെ സ്വപ്നങ്ങളും ഒരു പാവം കുടുംബത്തിന്റെ തകർച്ചയും ഒഴിവാക്കാൻ വേണ്ടി സ്വന്തം ഇഷ്ടം വേണ്ടെന്ന് വെച്ച ജിജോ മാഷിന്റെ കാദംബരിയുടെ വിവാഹം…”

അവളത് പറഞ്ഞപ്പോ എന്തോ ഒരു തരം വിറയലായിരുന്നു അനുഭവപ്പെട്ടത്…അവളോട് ഒന്നും തന്നെ പറയാൻ നാവിന് ശേഷി ഇല്ലായിരുന്നു… ചതിയനാണ് ഞാൻ, പ്രാക്ക്‌ കിട്ടുന്ന ചതിയല്ലെ ഞാൻ ചെയ്തത്…പക്ഷേ മറുപുറം ചിന്തിച്ചാൽ…!

” മാഷേ, എനിക്ക് മാത്രമല്ല മാഷിനും ഒരു ജീവിതം വേണം..ഇനി നമ്മൾ ഒരിക്കലും കാണില്ല, ഒരു അപേക്ഷയായി പറയുകയാണ്, എന്റെ നമ്പർ ഡിലീറ്റ് ചെയ്യൂ..”

അത്രയും പറഞ്ഞ് ഫോൺ കട്ട് ചെയ്തു അവള്…ഒരു പെണ്ണിന്റെ ഇടറിയ പകയുള്ള സ്വരമായിരുന്നു ആ നിമിഷം അവളുടേതെന്ന് തോന്നിപ്പോയി…

പിന്നീട് കുറച്ച് മാസങ്ങൾക്ക് ശേഷം ഇടക്ക് എടുത്തു നോക്കുമായിരുന്ന അവളുടെ നമ്പർ ഡിലീറ്റ് ഓപ്ഷനിൽ എത്തിയിരുന്നു…ഞാനൊരു ചതിയനാണ് എന്നൊരു തോന്നൽ ഇന്നും മനസ്സിലുണ്ട്….
കാലങ്ങളുടെ ദൈർഘ്യം എന്നേയും പ്രേരിപ്പിച്ചു പുതിയൊരു ജീവിതം തിരഞ്ഞെടുക്കാൻ…പ്രണയമെന്ന തഴമ്പിനു മറവി ബാധിച്ചിരുന്നു അപ്പോഴേക്കും…

** ** ***

“ജിജോ, ജിജോ ഏണീക്ക്‌ ഇന്നെന്താ ഓഫീസിൽ പോകുന്നില്ലേ…?” എന്ന എന്റെ ഭാര്യ സോണിയയുടെ ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്…

‘ ഇല്ല, ഇന്ന് പോകുന്നില്ല വൈകുന്നേരം ഒരു മീറ്റിംഗ് ഉണ്ട്…’

സോണിയ അത് കേട്ടതും മോളെയും വിളിച്ചുണർത്തി സ്കൂളിൽ പോകാൻ ഒരുക്കാൻ പോയി…

ഞാൻ പെട്ടന്ന് ഫോൺ എടുത്ത് വാട്ട്സ്ആപ്പ് തുറന്നു…ഇന്നലെ കാദംബരി അയച്ച വോയ്സ് മെസ്സേജ് ആവർത്തിച്ചു കേട്ടു…മാഷേ എന്നുള്ള അവളുടെ വിളിയിൽ നിന്നും ജിജോ എന്നുള്ള മാറ്റം എന്നെ വല്ലാതെ പേടിപ്പിച്ചു…ഇനിയും വിളിക്കും എന്നാണ് പറഞ്ഞത്…

ഫോൺ താഴെ വെയ്ക്കാതെ രണ്ടു ദിവസത്തോളം കൊണ്ട് നടന്നു…പിന്നീട് വിളിച്ചാൽ കിട്ടില്ല എന്ന് അവളുടെ മെസ്സേജിൽ ഉണ്ടായിരുന്നത് കൊണ്ട് വിളിച്ചിട്ടും ഓഫ് ആയിരുന്നു…

ഒരു ദിവസം ഓഫീസിൽ നിന്നും ഇറങ്ങാൻ നേരം പതിവില്ലാതെ ഒരു കോൾ വന്നു…ഒരു ലാൻഡ് നമ്പർ ആണ്… കാദംബരി ആണെന്ന് ഉറപ്പിച്ചു കൊണ്ടാണ് കോൾ എടുത്തത്…

” ഹലോ മാഷേ, കാദംബരിയാണ് സംസാരിക്കുന്നത്, ഒരു നരക ജീവിതത്തിൽ നിന്ന് സ്വർഗത്തിലേക്ക് വിളിച്ചൊരു അനുഭൂതിയാണ് ഇപ്പൊ മനസ്സ് മുഴുവനും… ഭർത്താവും അമ്മയും പുറത്ത് പോയ സമയത്താണ് ഞാൻ വിളിക്കുന്നത്..അതും വീട്ടിൽ നിന്നല്ല, പുറത്തുള്ള ബൂത്തിൽ നിന്നാണ്..”

‘ കാദംബരീ ഞാൻ, ഇത്രയും വർഷത്തിനു ശേഷം നീ…! എന്റെ നമ്പർ ഇപ്പോഴും നിന്റെ കയ്യിൽ…?’

” എന്റെ നമ്പർ മാഷ് കളഞ്ഞു എന്നെനിക്ക് തോന്നി…പക്ഷേ മാഷ് നമ്പർ മാറുമോ എന്നായിരുന്നു പേടി… അന്ന് മെസ്സേജ് അയച്ച നമ്പർ ഇനിയില്ല…എന്റെ പേരിലുള്ള സിം ഒന്നുമല്ല അത്..”

‘ നിനക്ക് സുഖമാണോ കാദംബരി…?’

” ഏയ് അങ്ങനെയുള്ള മുഖവുര ചോദ്യമൊന്നും വേണ്ട… മാഷ് അന്ന് എന്റെ കുടുംബത്തിന് വേണ്ടി ചെയ്ത പുണ്യമാണല്ലോ എന്നെ വേണ്ടെന്ന് വെച്ചത്… എന്റെ അപ്പയും മാഷും കൂടി എന്നെ പറഞ്ഞു വിട്ടത് നശിച്ചൊരു ജീവിതത്തിലേക്കായിരുന്നു…ഇന്ന് ഇൗ നിമിഷം വരെ സന്തോഷം എന്തെന്ന് അറിഞ്ഞിട്ടില്ല ഞാൻ…

മാഷിനോടൊപ്പമുള്ള സുന്ദരമായ ദിവസങ്ങൾ ഇവിടുത്തെ കഷ്ടതകൾക്കിടയിൽ മറന്നു കഴിഞ്ഞു…എന്റെ ഭർത്താവെന്ന നീചനും അയാളുടെ അമ്മയും കൂടി എന്നെ കൊല്ലാൻ വരെ ശ്രമിച്ചു ഒരിക്കൽ…

ഇവർക്ക് ഒരു ഭര്യയേയോ മരുമകളോ അല്ല വേണ്ടത്, പണവും പിന്നെ ഒരു വേലക്കാരിയും ആയിരുന്നു…അപ്പാക്ക്‌ എന്റെ കാര്യത്തിൽ തെറ്റ് പറ്റി, തിരുത്താൻ കഴിയാത്ത തെറ്റ്… അപ്പോഴും ഒരു തീരുമാനമെടുക്കാമായിരുന്ന മാഷിനും തെറ്റ് പറ്റി… പക്ഷേ അത് എന്നെ പാടെ അവഗണിച്ചു കൊണ്ടുള്ള ചതിയായിരുന്നു എന്ന് എന്നെങ്കിലും തോന്നിയിട്ടുണ്ടോ…!

പിന്നെ എന്റെ അമ്മ മൂന്നു വർഷം മുൻപ് മരിച്ചു…അനിയത്തിയുടെ വിവാഹം കഴിഞ്ഞു..എന്നെ വിവാഹത്തിന് പങ്കെടുക്കാൻ പോലും ഇവര് അനുവദിച്ചില്ല… ഇവിടെ തിരുവനന്തപുരത്ത് ആണ് താമസം ഞങ്ങൾ..അപ്പ ഒരു ബന്ധു വീട്ടിലാണ് ഇപ്പൊ താമസം… അയാളും അമ്മയും വരാൻ സമയമായി, ഞാൻ പോകുന്നു…”

അത്രയും പറഞ്ഞ് അവള് ഫോൺ വെച്ചിരുന്നു…മനസ്സ് മരവിച്ചത് പോലെ തോന്നുന്നു…ഇനിയൊരു കോൾ വരുമോ എന്നൊരു ഭയം നിറഞ്ഞ ആകാംഷയായിരുന്നു മനസ്സ് നിറയെ..

ഞാൻ കാരണം അവളിപ്പോ…! പക്ഷേ അപ്പോഴത്തെ അവസ്ഥ, അവളുടെ അപ്പയുടെ വാക്കുകൾ, ഒരു നിമിഷം എല്ലാം മനസ്സിലൂടെ കടന്നുപോയി…അവള് പറഞ്ഞത് പോലെ ഒരിക്കലും തിരുത്താൻ കഴിയാത്ത തെറ്റ് പറ്റിപ്പോയി…

അവളുടെ അപ്പയെ പോയൊന്ന് കാണണം എന്നുണ്ട്, പക്ഷേ ഈയൊരു അവസ്ഥയിൽ ആ മുഖത്ത് നോക്കാൻ കഴിയില്ല…അവളെ തിരിക്കി പോകണം എന്ന് മനസ്സിൽ ആരോ നിർബന്ധിക്കുന്നത് പോലെ…!

രണ്ടു ദിവസങ്ങൾക്ക് ശേഷം വെളുപ്പിന് വീണ്ടും അതേ ബൂത്തിലെ നമ്പറിൽ നിന്നൊരു കോൾ വീണ്ടും….!

സോണിയ ഉണരാതെ ഞാൻ ഫോണും എടുത്ത് മുറിക്ക് പുറത്തിറങ്ങി, കോൾ എടുത്ത് ഹലോ പറയും മുമ്പേ കിതച്ചു കൊണ്ട് അവളുടെ ശബ്ദം എന്നിലേക്ക് എത്തി…

” മാഷേ അയാളും അമ്മയും അറിയാതെ ആണ് ഇപ്പൊ പുറത്ത് വന്നത്…വീടിന് തൊട്ടടുത്താണ് ബൂത്ത്… കോയിൻ ബൂത്താണ്, മൂന്ന് രൂപയെ ഉള്ളൂ… എന്റെ ജീവിതത്തിൽ ചിലപ്പോ അവസാനത്തെ കോൾ ആയിരിക്കും ഇത്…ഒരിക്കലും മാഷിനെ തെറ്റ് പറയില്ല ഞാൻ, എനിക്ക് വിധിച്ചത് ഇങ്ങനെയൊരു ജീവിതമാകാം…ഇനി ഞാൻ വിളിച്ചെന്ന് വരില്ല… എനിക്ക്, എനിക്ക് നിങ്ങളെ ഒത്തിരി ഇഷ്ടായിരുന്നു മാഷേ…!”

അത്രയും പറഞ്ഞ് എന്റെ മനസ്സിലൊരു കല്ല് പാകിക്കൊണ്ട് അവളുടെ കോൾ കട്ടായതും കരയാൻ പോലും അർഹതയില്ലാതെ സ്തംഭിച്ചു നിന്നു പോയി…

ആ നമ്പറിൽ തിരിച്ചു വിളിച്ചു നോക്കിയെങ്കിലും റിസീവർ എടുത്തു മാറ്റി വെച്ച ശബ്ദമായിരുന്നു കേൾക്കാൻ കഴിഞ്ഞത്…
പകൽ ഓഫീസിൽ ഇരുന്നത് കണ്ണിൽ ഇരുട്ടു നിറഞ്ഞ അവസ്ഥയിൽ ആയിരുന്നു…അന്നത്തെ രാത്രി ഒരു തരം ഭയമായിരുന്നു മനസ്സ് നിറയെ…

രണ്ടു ദിവസത്തിനു ശേഷം രാവിലെ ഓഫീസിൽ പോകാനായി ഇറങ്ങാൻ നേരമാണ് സോഫയിൽ കിടന്ന പത്രം കണ്ണിൽ പെട്ടത്… അതിലെ ഫോട്ടോ കണ്ടതും നിലത്തിരുന്നു പോയി…

” യുവതി ആത്മഹത്യ ചെയ്തു, ഭർത്താവും അമ്മയും അറസ്റ്റിൽ…”

ആ വാർത്താ തലക്കെട്ടിനടിയിൽ കാദംബരിയുടെ ഫോട്ടോ കണ്ടതും ഹൃദയം നിന്നത് പോലെ തോന്നിച്ചു …

അപ്പോഴേക്കും സോണിയ വന്നു പേപ്പർ എടുത്തതും ഭാര്യയ്ക്ക് മുഖം കൊടുക്കാതെ യാത്ര പറഞ്ഞിറങ്ങി ഓഫീസിലേക്ക്…അവളുടെ ശാപം ഇരട്ടി ശക്തിയിൽ ഇനി കൂടെയുണ്ടാവും…പൊട്ടിക്കരയാൻ വിതുമ്പുന്നുണ്ട്, പക്ഷേ അവളെ ചതിച്ചവനാ ഞാൻ എനിക്ക് അതിനു അർഹതയില്ല…

അവളുടെ മരണത്തിന് ഒരു തരത്തിൽ, ” അല്ല ഞാൻ തന്നെയല്ലേ കാരണം..”
കണ്ണിലെ കൃഷ്ണമണിയിൽ വീണൊരു മുറിവ് പോലെ കാദംബരിയുടെ മാഷേ എന്ന് വിളിച്ചു കൊണ്ടുള്ള ചിരിച്ച മുഖം ഇന്ന് മുതൽ മനസ്സിലുണ്ടാവും….

(അവസാനിച്ചു)

രചന: ജിഷ്ണു രമേശൻ

Leave a Reply

Your email address will not be published. Required fields are marked *