നല്ല സൗഹൃദങ്ങൾ എപ്പോഴും നമുക്ക് കിട്ടണമെന്നില്ല….

രചന: Siva S Nair

വൈകുന്നേരം തിരക്കൊക്കെ കഴിഞ്ഞു ഫ്രീ ആയപ്പോഴാണ് ഫേസ്ബുക്കിലൂടെ വെറുതെ ഒന്ന് കണ്ണോടിച്ചത്‌. അപ്പോഴാണ് ഒരു സുഹൃത്തിന്റെ പോസ്റ്റ് കാണാൻ ഇടയായത്.

“വരുന്ന ഡിസംബർ ഏഴിന് എന്റെ വിവാഹം ആണ്. എന്റെ എല്ലാ ഫേസ്ബുക്ക് സുഹൃത്തുക്കളെയും ഞാൻ തിരുവനന്തപുരത്തെ അനന്തപുരി ഓഡിറ്റോറിയത്തിലേക്ക് ക്ഷണിക്കുകയാണ്. മുഹൂർത്തം രാവിലെ പത്തിനും പത്തേ കാലിനും ഇടയ്ക്കാണ്..”

കൂടെ വിവാഹ ക്ഷണകത്തിന്റെ ഫോട്ടോയും ഉണ്ടായിരുന്നു.

തിരുവനന്തപുരം സ്വദേശി മഹേഷിന്റെ പോസ്റ്റ് ആയിരുന്നു അത്. ഒരു സമയം എന്റെ ഏറ്റവും അടുത്ത സുഹൃത്തിൽ ഒരാളായിരുന്നു മഹേഷ്.

തൃശ്ശൂർ സ്വദേശിയായ ഞാൻ മഹേഷിനെ പരിചയപ്പെടുന്നത് മുഖ പുസ്തകത്തിലെ ഒരു സാഹിത്യ ഗ്രൂപ്പിൽ നിന്നായിരുന്നു.

അഞ്ചു വർഷം മുൻപാണ് ഞാൻ മഹേഷുമായി കൂട്ടാകുന്നത്. എന്റെ കഥകളുടെ ആരാധകൻ ആയിരുന്നു മഹേഷ്. ആരാലും ശ്രദ്ധിക്കപ്പെടാതെ പോയിരുന്ന എന്റെ എഴുത്തുകൾ അവൻ തേടിപിടിച്ചു വായിക്കുമായിരുന്നു. അവന്റെ വിലയേറിയ അഭിപ്രായങ്ങൾ പ്രോത്സാഹനങ്ങൾ മാത്രമായിരുന്നു എന്റെ എഴുത്തുകളുടെ ഊർജം.

പതിയെ പതിയെ എന്റെ എഴുത്തുകൾ ഞാൻ പോലുമറിയാതെ പ്രശസ്തിയിലേക്ക് പോയത് ഞാൻ അറിഞ്ഞില്ല. അതിനൊക്കെ പ്രോത്സാഹനം മഹേഷിന്റെ ആയിരുന്നു.
ഒരിക്കൽ പോലും തമ്മിൽ കണ്ടിട്ടില്ലെങ്കിലും ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിമാറി.

പിന്നെ പിന്നെ ചെറിയ രീതിയിൽ ഷോർട്ട് ഫിലിമിൽ കഥ എഴുതാനുളള അവസരങ്ങൾ ലഭിച്ചു. എന്റെ എഴുത്തുകൾ പുസ്തകങ്ങൾ ആയി പുറത്ത് വരാൻ തുടങ്ങി. പിന്നെ സിനിമയിലും ചെറിയ തോതിൽ തിരകഥ എഴുതാനുളള അവസരങ്ങൾ കിട്ടി തുടങ്ങി. എന്നിൽ ഉടലെടുത്ത ആത്മ വിശ്വാസം മഹേഷിൽ നിന്നും പകർന്നു കിട്ടിയതായിരുന്നു… എനിക്ക് എന്നിൽ തന്നെ നല്ല ആത്മവിശ്വാസം ഉണ്ടായി തുടങ്ങി.

തിരക്കുകൾക്കിടയിൽ പെട്ട്‌ ഞാൻ അവനെ മറന്നു തുടങ്ങിയിരുന്നു. അവന്റെ മെസ്സേജ്, കാൾ ഒന്നും തന്നെ ഞാൻ ശ്രദ്ധിക്കാതായി…. എന്റെ തിരക്കുകൾ മാനിച്ച് പിന്നെ അവൻ എന്നെ ശല്യം ചെയ്തില്ല.

ഞാൻ ഇന്നീ നിലയിൽ എത്താൻ കാരണം അവന്റെ പിൻബലം ആയിരുന്നു. എന്നിട്ടും ഞാൻ അവനോട് നന്ദികേട് കാണിച്ചു.

എത്ര തിരക്ക് ആയിരുന്നാലും അവനെയൊന്ന് വിളിച്ച് സുഖവിവരം അന്വേഷിക്കാൻ തോന്നാത്തതിൽ ആദ്യമായി എനിക്ക് കുറ്റബോധം തോന്നി.

2014 ഡിസംബറിൽ ആണ് ഞാൻ അവനെ പരിചയപ്പെടുന്നത്. ഇന്ന് 2019 ഡിസംബർ ആയി. നീണ്ട അഞ്ചു വർഷങ്ങൾ കഴിഞ്ഞു പോയത് അറിഞ്ഞില്ല. അവനും ഞാനും കോൺടാക്ട് ഇല്ലാതായിട്ട് മൂന്നു വർഷത്തോളമായി…

കുറ്റബോധം കൊണ്ട് എന്റെ തല താഴ്ന്നു പോയി. അറിയാതെ തന്നെ എന്റെ കണ്ണിൽ നിന്നും കണ്ണീർ തുള്ളികൾ പെയ്തു വീണു. ഞാൻ അവന്റെ പ്രൊഫൈൽ എടുത്ത് മെസഞ്ചർ ഓൺ ചെയ്തു.

എന്റെ എല്ലാ കഥകൾക്കും ഷോർട്ട് ഫിലിമിനും സിനിമാ കഥയ്ക്കും അവൻ ഒരു മറുപടി പോലും പ്രതീക്ഷിക്കാതെ സന്ദേശങ്ങൾ അയച്ചിട്ടുണ്ടായിരുന്നു…. അവന്റെ വിവാഹ ക്ഷണക്കത്ത് വരെ എനിക്ക് അയച്ചിരിക്കുന്നത് കണ്ടപ്പോൾ എന്റെ നെഞ്ച് വിങ്ങിപോയി.

മൂന്നു വർഷത്തോളം എന്റെ ഒരു മറുപടി പോലും ഇല്ലാതിരുന്നിട്ടും അവൻ മുടങ്ങാതെ എനിക്ക് മെസ്സേജ് അയച്ചിരുന്നു. ഞാൻ അതൊന്നും തുറന്നു പോലും നോക്കിയിരുന്നില്ല….

എന്റെ ജീവിതത്തിൽ ഞാൻ ചെയ്ത ഏറ്റവും വലിയ അപരാധം ആണ് മഹേഷിനെ പോലെ നല്ലൊരു സുഹൃത്തിനെ നഷ്ടപ്പെടുത്തി കളഞ്ഞത്.
അവനെ നേരിട്ട് കണ്ട് മാപ്പ് പറയണം എന്ന് ഞാൻ ഉറപ്പിച്ചു.

തിരശീലയിൽ എന്ന പോലെ എന്റെ മനസ്സിലൂടെ പഴയ കാര്യങ്ങൾ കടന്നുപോയി.

ഒരിക്കലും വന്ന വഴി മറക്കരുത് എന്ന പഴമൊഴി എന്റെ മനസ്സിൽ കുറ്റബോധത്തിന്റെ വേലിയേറ്റങ്ങൾ തീർത്തു.

ഡിസംബർ അഞ്ചിന് തന്നെ ഞാൻ മറ്റ് തിരക്കുകൾ എല്ലാം മാറ്റി വച്ചു തിരുവനന്തപുരത്ത് എത്തി.

ഹോട്ടൽ അപ്പോളോ ഡിമോറയിൽ റൂം എടുത്തു താമസിച്ചു. അവനു വേണ്ടി നല്ല അടിപൊളി വിവാഹ സമ്മാനം തന്നെ ഞാൻ വാങ്ങിച്ചു.

എത്രയും പെട്ടെന്ന് വിവാഹ ദിവസം ആകാൻ ഞാൻ കാത്തിരുന്നു.

അങ്ങനെ കാത്തിരുന്ന സുദിനം വന്നെത്തി. രാവിലെ തന്നെ എണീറ്റ് കുളിച്ച് പുത്തൻ വസ്ത്രം ധരിച്ച് അമ്പലത്തിൽ പോയി മനസ്സ് നിറഞ്ഞ് പ്രാർത്ഥിച്ചു ഞാൻ അനന്തപുരി ഓഡിറ്റോറിയത്തിലേക്ക് തിരിച്ചു.

എന്നെ കാണുമ്പോൾ എന്തായിരിക്കും അവന്റെ പ്രതികരണം എന്നാലോചിച്ചു എനിക്കൊരു സമാധാനവും കിട്ടിയില്ല.
ഞാൻ അവന്റെ ഫോട്ടോസ് ഒക്കെ നോക്കി മുഖം മനസ്സിൽ പതിപ്പിച്ചു.
എന്റെ ഫോട്ടോ കണ്ടിട്ടുള്ളതുകൊണ്ട് അവന് എന്നെ തിരിച്ചറിയാൻ ബുദ്ധിമുട്ട് ഉണ്ടാവില്ല എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു.
പക്ഷെ അവൻ എന്നെ മൈൻഡ് ചെയ്യുമോ എന്നൊരു ആശങ്ക ഉള്ളിൽ ഉണ്ടായിരുന്നു.

“സർ സ്ഥലം എത്തി….” ടാക്സി ഡ്രൈവറിന്റെ സ്വരം എന്നെ ഓർമകളിൽ നിന്നുണർത്തി.

ടാക്സി കൂലി കൊടുത്ത് ഞാൻ നേരെ ഓഡിറ്റോറിയത്തിനുള്ളിലേക്ക്‌ നടന്നു.

സമയം ഒമ്പതര കഴിഞ്ഞു.
വരന്റെ സ്വീകരണം അതേ സമയത്ത് തന്നെയായിരുന്നു.

ഞാൻ ചെന്ന് കുറച്ചു കഴിഞ്ഞപ്പോൾ തന്നെ വരന്റെയും കൂട്ടരുടെയും അലങ്കരിച്ച ഒരു ഇന്നോവ കാർ അവിടേക്ക് വന്നു.

കസവ് കരയുള്ള മുണ്ടും ഷർട്ടും ധരിച്ച് കട്ടി മീശയും ക്ലീൻ ഷേവ് ചെയ്തു മിനുക്കിയ മുഖവുമായി ചുണ്ടിൽ ചെറു ചിരിയോടെ മഹേഷ് ഡോർ തുറന്നു പുറത്തേക്കു ഇറങ്ങി.

ഹാരമിട്ട്‌ വരനെ സ്വീകരിച്ചു കൊണ്ട് ബന്ധുക്കൾ അവനെ മണ്ഡപത്തിലേക്ക് ആനയിച്ചു.

എല്ലാം വീക്ഷിച്ചു കൊണ്ട് ഞാൻ ഹാളിന്റെ ഒരു വശത്തേക്ക് മാറി നിന്നു.

എങ്ങനെയാ അവന്റെ മുന്നിലേക്ക് ചെല്ലുക എന്നറിയാതെ ഞാൻ കുഴങ്ങി.
അവന്റെ മുന്നിലേക്ക് പോകാൻ എനിക്ക് ആയില്ല…. എന്നിലെ കുറ്റബോധം എന്നെ നോക്കി കൊഞ്ഞനം കുത്തി…. എത്ര സന്തോഷത്തോടെ അവന്റെ അടുക്കൽ ഉല്ലസിച്ചു നിൽക്കേണ്ട ദിവസമായിരുന്നു ഇന്ന്…. നല്ലൊരു സൗഹൃദ ബന്ധം തിരക്കുകൾക്കിടയിൽ പിൻ കാലു കൊണ്ട് തട്ടിത്തെറിപ്പിച്ചവനാണ് ഞാൻ…

നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു കൊണ്ട് അവന്റെ മുന്നിലേക്ക് പോകാനുളള ധൈര്യമില്ലാതെ ഞാൻ പിന്തിരിഞ്ഞു പുറത്തേക്ക് ചുവടുകൾ വച്ചു.

അപ്പോഴാണ് പിന്നിൽ നിന്നും ശ്യാം സർ എന്നാരോ വിളിച്ചത്.

ഞാൻ ഞെട്ടി പിന്തിരിഞ്ഞു നോക്കുമ്പോൾ മണ്ഡപത്തിൽ നിന്നും എന്റെ അടുക്കലേക്ക് ഓടി വരുന്ന മഹേഷിനെയാണ് കണ്ടത്.
അവന്റെ കണ്ണുകളിൽ എന്നെ അപ്രതീക്ഷിതമായി കണ്ടതിന്റെ ഞെട്ടൽ തെളിഞ്ഞു കാണാമായിരുന്നു.

ഒരു നിമിഷം ഞങ്ങൾ മുഖാമുഖം നോക്കി നിന്നു. എന്ത് പറയണം എന്നറിയാതെ ഞാൻ നിന്നു.

“ശ്യാം സർ വരുമെന്ന് ഞാൻ തീരെ പ്രതീക്ഷിച്ചില്ല…. മണ്ഡപത്തിൽ ഇരിക്കാൻ തുടങ്ങിയപ്പോഴാ സാറിനെ പെട്ടെന്ന് കണ്ടത്…. ശരിക്കും സർപ്രൈസ് ആയി പോയി….”

“എന്നെ എന്താ വിളിച്ചത് സർ എന്നോ…??”

“അതെ… സാറിനെ പോലെ ഒരാളെ സുഹൃത്തായി കിട്ടിയത് എന്റെ ഭാഗ്യം അല്ലെ…. പണ്ട് തിരക്കിനിടയിൽ ഞാൻ വിളിച്ചു ശല്യം ചെയ്തതിനു ഒക്കെ സോറിട്ടോ… സർ വന്നതിൽ ഒരുപാട് സന്തോഷം ഉണ്ട്….” അവൻ പുഞ്ചിരിയോടെ മറുപടി പറഞ്ഞു

അതുകൂടി കേട്ടപ്പോൾ ഞാൻ ആകെ തകർന്നു പോയി.

എന്നെ കണ്ട സന്തോഷം അവന്റെ മുഖത്ത് തെളിഞ്ഞു കാണാമായിരുന്നു.

ഒരു പൊട്ടികരച്ചിലോടെ ഞാൻ അവനെ വാരിപുണർന്നു.

“ഇത്രയും കാലം അവഗണിച്ചതിനൊക്കെ മാപ്പ്…. നിന്നെ നേരിൽ കണ്ട് ക്ഷമ ചോദിക്കാനാ ഞാൻ വന്നേ.പിന്നെ നിന്റെ വിവാഹം നേരിൽ കാണുവാനും. പക്ഷേ ഇവിടെ വന്നപ്പോൾ നിന്റെ മുന്നിലേക്ക് വരാൻ ധൈര്യമില്ലാതെ മടങ്ങി പോകാൻ ഒരുങ്ങിയതാ…”

“എന്റെ കല്യാണം കൂടാൻ വന്നതല്ലേ അങ്ങനെ അങ്ങ് പോയാലോ…
സർ എന്തൊക്കെയാ പറയണേ…. അയ്യോ എനിക്ക് സാറിനോട് ഒരു വിരോധവുമില്ല…”

“ദയവ് ചെയ്തു നീ എന്നെ സർ എന്ന് വിളിക്കരുത്…. പേര് വിളിച്ച മതി…”

“എന്നാ ശ്യാം വരൂ…”

മുഹൂർത്തം അടുത്തിട്ടും അവൻ വാ തോരാതെ എന്റെ വിശേഷങ്ങൾ ചോദിച്ചു കൊണ്ടിരുന്നു… അവന്റെ കൂട്ടുകാർക്കും ബന്ധുക്കൾക്കും ഒക്കെ ഓടി നടന്നു എന്നെ പരിചയപെടുത്തി കൊടുത്തു…”

അവന്റെ നിഷ്കളങ്കമായ സൗഹൃദത്തിന് മുന്നിൽ ഞാൻ മുട്ടുകുത്തി. പച്ചയായ ഒരു മനുഷ്യനിലേക്കുള്ള എന്റെ മാറ്റം ഞാൻ തിരിച്ചറിഞ്ഞു.

മുഹൂർത്തം അടുത്തപ്പോൾ അവനെ ഞാൻ തന്നെ നിർബന്ധിച്ച് മണ്ഡപത്തിലേക്ക് കയറ്റി ഇരുത്തി.

സർവാഭരണ വിഭൂഷിതയായി വധുവും മണ്ഡപത്തിലേക്ക് ആനയിക്കപെട്ടു.

വാദ്യ മേള അകമ്പടിയോടെ വിവാഹം നടന്നു. നിറഞ്ഞ മനസ്സോടെ എല്ലാത്തിനും സാക്ഷിയായി ഞാൻ നിന്നു.

ചടങ്ങുകൾ കഴിഞ്ഞു അവൻ ഓടി എന്റെ അടുക്കലേക്ക് വന്നു. അത്രയും തിരക്കിനിടയിൽ പോലും അവൻ എന്നെ ഒറ്റപ്പെടുത്താൻ ശ്രമിച്ചില്ല. നവവധുവിനോട് എന്നെപ്പറ്റി വാനോളം പുകഴ്ത്തി പറയുന്നത് കേട്ടപ്പോൾ എനിക്ക് ചിരി വന്നു.

എല്ലാവരും ആരാധനയോടെ എന്നെ നോക്കുമ്പോൾ ഞാൻ മഹേഷിനെയാണ് ആരാധനയോടെ നോക്കിയത്.

അവന്റെ ആഗ്രഹം പോലെ വീട്ടിൽ പോയി രണ്ടു ദിവസം ചിലവഴിച്ചിട്ടാണ് തിരികെ മടങ്ങാൻ ഒരുങ്ങിയത്.

വിവാഹ ആഘോഷങ്ങൾക്ക് ഇടയിൽപോലും എന്നെ സൽകരിക്കുന്ന കാര്യത്തിൽ അവനോ അവന്റെ വീട്ടുകാരോ ഒരു കുറവും വരുത്തിയില്ല.

മടങ്ങാൻ നേരം മഹിയുടെ അമ്മയുടെ കരം കവർന്നു ഞാൻ പറഞ്ഞു
“ഇങ്ങനെ ഒരു മകനെ പ്രസവിച്ച അമ്മ പുണ്യവതിയാണ്…. നല്ലൊരു മകനും സുഹൃത്തും ഭർത്താവും ആണ് അവൻ…
അവനെ പോലെ ഒരു സുഹൃത്തിനെ കിട്ടിയ ഞാൻ ഭാഗ്യവാൻ ആണ്….”

അമ്മയുടെ കണ്ണുകൾ നിറഞ്ഞു വന്നു.
“മോൻ ഇനിയും വരണം കേട്ടോ…”,

“വരും അമ്മേ…”

പോരുമ്പോൾ എന്റെ വീട്ടിലേക്ക് അവനെയും കുടുംബത്തെയും ക്ഷണിക്കാൻ ഞാൻ മറന്നില്ല.

തിരികെ സ്റ്റേഷനിൽ കൊണ്ട് വിടാൻ മഹിയും ഭാര്യയും അച്ഛനും അമ്മയും ഉണ്ടായിരുന്നു.

ട്രെയിനിൽ കയറുന്നതിനു മുൻപ് അവനെ കെട്ടിപിടിച്ചു യാത്ര പറയുമ്പോൾ എന്റെ കണ്ണുകൾ നിറയുന്നത്‌ ഞാൻ അറിഞ്ഞു.

അവന്റെ കണ്ണിലും സന്തോഷത്തിന്റെ നീർകണം ഞാൻ കണ്ടൂ.

രണ്ടരയ്ക്കുള്ള ജനശതാബ്ദിക്ക്‌ ഞാൻ നാട്ടിലേക്ക് യാത്ര തിരിച്ചു….

നല്ല സൗഹൃദങ്ങൾ എപ്പോഴും നമുക്ക് കിട്ടണമെന്നില്ല…. നമ്മുടെ അശ്രദ്ധ കൊണ്ടാവും പല നല്ല സുഹൃത്ത് ബന്ധങ്ങളെ തിരിച്ചറിയാൻ കഴിയാതെ നമ്മൾ നഷ്ടപ്പെടുത്തി കളയുന്നത്…. പിന്നീട് ഒരിക്കലും നമുക്കത് തിരിച്ചു കിട്ടിയെന്ന് വരില്ല. നമ്മോട് ചേർന്നു നിൽക്കുന്ന സുഹൃത്ത് ബന്ധങ്ങളെ
അതിന്റെ പരിശുദ്ധിയോടെ തന്നെ ചേർത്ത് നിർത്താൻ ശ്രമിക്കുക. തിരക്കുകൾക്കിടയിൽ പെട്ട് നമ്മൾ അവഗണിക്കുന്ന സൗഹൃദങ്ങൾ നമ്മുടെ
ഒരു വിളിക്കായി ആഗ്രഹിക്കുന്നുണ്ടാകും… അവരെ കൂടെ തന്നെ നിർത്താൻ ശ്രമിക്കുക. ജീവിതാവസാനം വരെ നമ്മോടൊപ്പം ഉണ്ടാകും എന്ന് ഉറപ്പ് പറയാൻ കഴിയുന്നത് അത്തരം ബന്ധങ്ങൾ മാത്രമായിരിക്കും.

രചന: Siva S Nair

Leave a Reply

Your email address will not be published. Required fields are marked *