അച്ഛന്റെ ഹരികുട്ടി…..

രചന: Manu Reghu

” എന്റെ അമ്മയുണ്ടായിരുന്നെങ്കിൽ എന്നെ ഇങ്ങനെ കരയിപ്പിക്കില്ലായിരുന്നു .”

ഹരിമോളുടെ ആ വാക്കുകൾ എന്റെ ഹൃദയം കീറിമുറിച്ചു. നില തെറ്റി ഞാൻ അവളെ തല്ലി. അവളെക്കാൾ വേദന എനിക്കായിരുന്നു. ഇന്നുവരെ ഞാൻ അവളെ ഒരു വാക്ക് കൊണ്ട് പോലും നോവിച്ചിട്ടില്ല. അടികൊണ്ടവൾ കസേരയിൽ ഇരുന്നു തേങ്ങിക്കരഞ്ഞു. ഞാൻ എന്റെ മുറിയിലേക്ക് നടന്നു. പുറത്തു മോളുടെ സ്കൂട്ടി സ്റ്റാർട്ട്‌ ആകുന്ന ശബ്ദം കേട്ടു. ഞാൻ പുറത്തെത്തും മുൻപേ അവൾ പോയി. ഞാൻ വീണ്ടും എന്റെ മുറിയിൽ പോയി

അവളുടെ അച്ഛമ്മ (എന്റെ അമ്മ ) മരിച്ചതിനു ശേഷം ഹരിമോളുടെ പല കാര്യങ്ങളും എനിക്കു ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. ഒരച്ഛന് ചില പരിമിതികൾ ഉണ്ടല്ലോ. അവൾക്കു ഒരമ്മയുടെ കുറവ് ഇപ്പോൾ എനിക്കു തോന്നാറുണ്ട്. എനിക്കിപ്പോൾ 39 വയസ്സുണ്ട്. ഇനി ഒരു കല്യാണം വയ്യ.

മോൾക്ക് 18 കഴിഞ്ഞു. അവൾക്കു ഒരു വിവാഹ ആലോചന വന്നു. പക്ഷെ എന്റെ കണക്കുകൂട്ടൽ ഒക്കെ തെറ്റിച്ചു. അവൾ ഒരു ചെറുപ്പക്കാരനുമായി ഇഷ്ടത്തിലാണ്. (ശ്രാവൺ, അവളുടെ ട്യൂഷൻ മാഷായിരുന്നു. )അവനെയേ കല്യാണം കഴിക്കുള്ളു എന്ന് വാശി പിടിച്ചു.
ഏതൊരച്ഛനെയും പോലെ എന്റെ മോളുടെ വിവാഹത്തെ കുറിച്ച് എനിക്കും കുറെ സങ്കല്പങ്ങൾ ഉണ്ടായിരുന്നു. ഇതു കേട്ടപ്പോൾ അതെല്ലാം തകർന്നു. ആ ദേഷ്യം ഒരു വാക്കേറ്റമായി. അങ്ങനെ ജീവിതത്തിൽ ആദ്യമായി ഞാൻ എന്റെ ഹരിമോളെ തല്ലി. അമ്മയില്ലാതെ വളർന്ന കുട്ടിയാ. പക്ഷെ ഒരു നിമിഷത്തേക്ക് ഞാൻ എന്നെ തന്നെ മറന്നു.

അല്പം കഴിഞ്ഞു എന്റെ ഫോൺ ചിലച്ചു. എടുത്തു നോക്കിയപ്പോൾ ഹരിമോളാ. ഞാൻ കാൾ എടുത്തു. മറുഭാഗത്തു ഒരു പുരുഷ ശബ്ദം.

” ഹലോ. ഈ കുട്ടിയുടെ വണ്ടി ഒരു ബസുമായി കൂട്ടിയിടിച്ചു. ഇപ്പോൾ മെഡിക്കൽ സെന്ററിൽ ആണ്. എത്രയും പെട്ടന്ന് ഇവിടെ വരെ വരണം. ”

കാൾ കട്ടാകുന്നതിനു മുൻപ് ഫോൺ എന്റെ കയ്യിൽ നിന്നും താഴെ വീണു. എങ്ങനെയോക്കൊയോ ഞാൻ ഹോസ്പിറ്റലിൽ എത്തി. മോൾ
icu വിലാണ്. മനപ്പൂർവം ബസിൽ കൊണ്ടിടിച്ചതാണെന്ന് അവിടെ കൊണ്ടുവന്നവർ പറഞ്ഞു. ഞാൻ ആകെ തകർന്നു. ഡോക്ടർ വന്നു. ഞാൻ കാര്യങ്ങൾ ചോദിച്ചു. സീരിയസ് ആണ്. നാല്പത്തിയെട്ട് മണിക്കൂർ കഴിയാതെ ഒന്നും പറയാൻ കഴിയില്ല എന്നു അദ്ദേഹം പറഞ്ഞു.

എല്ലവരും പോയി. ജീവൻ നിലച്ചുപോയ പോലെ അവിടെ ഇരുന്നു. രണ്ടു ദിവസം ആ ഇരിപ്പു തുടർന്നു. മൂന്നാമത്തെ ദിവസം രാവിലെ ഡോക്ടർ വന്നു. ഇപ്പോൾ അപകട നില തരണം ചെയ്തു. പക്ഷെ കാലിനു പൊട്ടലുണ്ട്. പിന്നേ നെറ്റിയിൽ ഒരു മുറിവും രണ്ടു ദിവസത്തെ ഒബ്സർവേഷൻ കൂടി കഴിഞ്ഞാൽ റൂമിലേക്ക്‌ മാറ്റാം എന്നു പറഞ്ഞു. ശെരിക്കും അപ്പോഴാണ് എനിക്കു ജീവൻ തിരിച്ചു കിട്ടിയത്.

മോളെ ഒന്ന് കണ്ടോട്ടെ എന്നു ചോദിച്ചു. കണ്ടോളു. പക്ഷേ കുട്ടിയെ ഡിസ്റ്റർബ് ചെയ്യരുത് എന്നു പറഞ്ഞു. ഞാൻ അകത്തു കയറി ഹരിമോൾ എന്നെ കണ്ടതും അവൾ മുഖം തിരിച്ചു. അൽപനേരം നോക്കിനിന്നിട്ടും അവൾ ഒന്ന് നോക്കുകപോലും ചെയ്തില്ല. ഹൃദയം പറിച്ചെടുത്ത പോലെ ഒരു വേദന. കരച്ചിലിന്റെ വക്കോളം എത്തിയ ഞാൻ പുറത്തേക്കു നടന്നു.

തകർന്നു തരിപ്പണമായ ഹൃദയവുമായി ഞാൻ ആ കസേരയിൽ ഇരുന്നു. കണ്ണുകൾ നിറഞ്ഞിരുന്നു. അത് മറ്റാരും കാണാതിരിക്കാൻ ഞാൻ കണ്ണുകൾ അടച്ചു.

ആരോ വന്നു തോളിൽ തട്ടിയപ്പോളാണ് ഞാൻ ഉണർന്നത്. ഒരു നേഴ്സ് ആയിരുന്നു. ഒരു 33 വയസ്സ് പ്രായം തോന്നും. ഞാൻ എന്താണെന്നു ചോദിച്ചു. മറുപടി ഒരു പുഞ്ചിരി ആയിരുന്നു. എന്നിട്ടവൾ തുടർന്നു.

” സർ രണ്ടുമൂന്നു ദിവസമായില്ലേ ഈ ഇരുപ്പ് തുടങ്ങിയിട്ട്. ഇപ്പോൾ മോൾക്ക്‌ കുഴപ്പമൊന്നും ഇല്ല. പിന്നെ ഇവിടെ ഞങ്ങളൊക്കെ ഉണ്ടല്ലോ. ഇനിയെങ്കിലും വീട്ടിൽ പോയി ഒന്ന് ഫ്രഷ് ആയി അല്പം ഉറങ്ങിയിട്ടൊക്കെ വന്നാൽ മതി. ”

“സാരമില്ല മാഡം . മോളെ റൂമിലേക്ക്‌ മാറ്റിയിട്ടു പോകാം. ”

“സർ മൂന്നു ദിവസമായില്ലേ. എന്തെങ്കിലും കഴിച്ചായിരുന്നോ. ഞാൻ നോക്കുമ്പോൾ ഒക്കെ ഇവിടുണ്ടല്ലോ. പിന്നെ സാറിന്റെ
വൈഫ്‌ എവിടെ. ”

ഞാൻ ഒന്നും മിണ്ടിയില്ല. നേഴ്സ് നിർബന്ധിച്ചപ്പോൾ ഞാൻ വീട്ടിലേക്കു പോന്നു. കുളിച്ചു ഡ്രസ്സ്‌ ഒക്കെ മാറി മുറ്റമൊക്കെ ഒന്നടിച്ചുവാരി അൽപം ഒന്ന് മയങ്ങി വീണ്ടും ഹോസ്പിറ്റലിൽ പോയി.
അവിടെ എത്തിയപ്പോൾ സിസ്റ്റർ ഡ്യൂട്ടി കഴിഞ്ഞു പോകുന്നു. എന്നെ നോക്കി ഒന്നു ചിരിച്ചു. ഞാനും.

പിറ്റേന്ന് മോളെ റൂമിലേക്ക്‌ മാറ്റി. അപ്പോഴും അവളുടെ ദേഷ്യം മാറിയിരുന്നില്ല. ഒരു അപരിചിതനെപ്പോലെ എന്നോട് പെരുമാറി. എന്റെ വിഷമം കൂടി കൂടി വന്നു. എന്നാൽ അതിനേക്കാൾ വലിയ വിഷമം മോളുടെ കാര്യങ്ങൾ നോക്കാൻ ഒരാളെ നോക്കിട്ടു കിട്ടുന്നില്ല. അകന്ന ബന്ധത്തിൽ ഒരു ചേച്ചി ഉണ്ടായിരുന്നു. അവരാണ് എന്റെ അമ്മ മരിച്ച ശേഷം വീട്ടിൽ മോളെ സഹായിച്ചിരുന്നത്. പക്ഷേ ഗൾഫിൽ ഉള്ള മകൾ നാട്ടിൽ വന്നതിനാൽ അവരും വരില്ല. ആകെ ബുദ്ധിമുട്ടി.

എന്തു ചെയ്യും എന്ന് ആലോചിച്ചു നിൽക്കുന്ന സമയത്തു മരുന്നുമായി സിസ്റ്റർ വന്നു.

“എന്താ സർ ഇപ്പോൾ സമാധാനം ആയില്ലേ. കുറച്ചു ദിവസം കൂടി ഇവിടെ കിടക്കേണ്ടി വരും. കാലിൽ പൊട്ടലുള്ളതുകൊണ്ട്. അത് കഴിഞ്ഞാൽ അച്ഛനും മോൾക്കും പോകാല്ലോ. ”

ഞാൻ ഒരു ചിരി വരുത്തി. അവർ മോളുടെ റൂമിലേക്ക്‌ പോയി. മോൾക്ക്‌ വാങ്ങിയ ഭക്ഷണവുമായി ഒപ്പം ഞാനും കയറി.

“മോളെ മോൾക്ക്‌ ഒരു സഹായത്തിനു ആരെയും കിട്ടിയില്ല. മോളുടെ കൂട്ടുകാരികൾ ആരെങ്കിലും ഉണ്ടോ. നമുക്ക് ഒന്ന് വിളിച്ചു നോക്കാം ”

“എനിക്കു ആരും വേണ്ട. ഒന്നിറങ്ങി പോകുമോ. എനിക്കൊന്നു ഉറങ്ങണം.”

സിസ്റ്ററും ഞാനും ഒരുപോലെ ഞെട്ടി.
മോളുടെ പെട്ടന്നുള്ള ആ പ്രതികരണം എന്നെ തളർത്തി. ഞാൻ ഒന്നും മിണ്ടാതെ മുറിയിൽ നിന്നും പുറത്തിറങ്ങി. കണ്ണുകളിൽ എവിടെയാ രണ്ടുതുള്ളി കണ്ണുനീർ എത്തിനോക്കി. വീണ്ടും ഞാൻ പുറത്തു നിന്നു. അൽപം കഴിഞ്ഞു സിസ്റ്റർ ഇറങ്ങി വന്നു. ഒന്നും പറയാനാകാതെ ദയനീയമായി ഒന്ന് നോക്കിയിട്ട് അവർ പോയി.

നാലഞ്ചു ദിവസത്തെ ക്ഷീണം എന്നെ വല്ലാതെ തളർത്തിയിരുന്നു. കഠിനമായ തലവേദന. സഹിക്കാൻ കഴിയാതെ ആയപ്പോൾ ഒരു ചായ കുടിക്കാൻ കാന്റീനിലേക്ക് നടന്നു. ഒരു ചായക്ക്‌ പറഞ്ഞിട്ട് ഇരിക്കുമ്പോൾ സിസ്റ്റർ വന്നെന്റെ അടുത്തിരുന്നു. അവരുടെ ഡ്യൂട്ടി കഴിഞ്ഞിരുന്നു.

“എന്താ മാഡം.”

“എന്നെ മാഡം എന്നൊന്നും വിളിക്കണ്ട സർ എന്റെ പേര് രമ്യ. അങ്ങനെ വിളിച്ചോളൂ. ”

“അപ്പോൾ എന്നെ സർ എന്നു വിളിക്കുന്നതോ ? ”

“അത് എനിക്കു പേരറിയാത്തതു കൊണ്ടാണ്. പിന്നെ പ്രായത്തിൽ മുതിർന്നവരെ പേര് വിളിക്കാൻ പറ്റില്ലല്ലോ. അതുകൊണ്ട് ഈ സർ വിളി ശീലമായി. ”

“ഓ. എന്നാൽ എന്റെ പേര് സഞ്‌ജീവ്‌. അങ്ങനെ വിളിച്ചോളൂ.”

“അയ്യോ ചേട്ടാ ഞാൻ എങ്ങനെയാ പേര് വിളിക്കുന്നെ. ചേട്ടാന്നു വിളിച്ചോളാം.”

“രമ്യക്ക് ഇഷ്ടമുള്ളത് വിളിച്ചോളൂ. ”

ഞങ്ങൾ ഒത്തിരി നേരം സംസാരിച്ചു. രമ്യ ഗൾഫിൽ ആയിരുന്നു. അമ്മയെയും അനിയത്തിമാരെയും പോറ്റാൻ കടൽ കടന്ന ഒരു പാവം. പ്രാരാബ്ദം കൊണ്ട് ജീവിക്കാൻ പോലും മറന്നു. കല്യാണം കഴിച്ചില്ല. എനിക്കവളോട് ഒരു വല്ലാത്ത ബഹുമാനം തോന്നി.

“ചേട്ടാ മോളുടെ അമ്മ എവിടെയാ. മോൾ വളർന്നു. ഇനി അവളുടെ അമ്മയുടെ സാമീപ്യം ആവശ്യമാണ്. ”

ഞാൻ ഒന്നും മിണ്ടിയില്ല. എന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങി.

“എന്താ ചേട്ടാ. ഞാൻ തെറ്റായി എന്തെങ്കിലും.. അതോ ആ കുട്ടിയുടെ അമ്മ… ”

മനസ്സിൽ ഉണ്ടായിരുന്ന വേദനയുടെ ഭാണ്ഡക്കെട്ട് അഴിഞ്ഞു വീണുപോയി

“രമ്യ. അതെങ്ങനെ പറയണം എന്നു എനിക്കറിയില്ല. അവളുടെ അമ്മ എവിടെയോ ജീവിച്ചിരിപ്പുണ്ടാവും. എവിടെയാണെന്ന് എനിക്കറിയില്ല. ”

രമ്യ ഒന്നും മനസ്സിലാകാതെ എന്നെ നോക്കി. ഞാൻ അവളോട്‌ ആ കഥ പറഞ്ഞു തുടങ്ങി.

നല്ല സാമ്പത്തിക ഭദ്രത ഉണ്ടായിരുന്ന ഒരു വീട്ടിലെ ഏക സന്തതിയായിരുന്നു ഞാൻ. എല്ലാ ചെറുപ്പക്കാരെയും പോലെ സ്വന്തമായി ഒരു ജോലി വേണമെന്ന ആഗ്രഹം
ഇരുപതാം വയസ്സിൽ തമിഴ് നാട്ടിലെ ഒരു പ്രമുഖ ഫാക്ടറിയിൽ അസ്സിസ് സൂപ്പർവൈസർ ആക്കി. ഒരു വർഷത്തോളം ഞാൻ അവിടെ ജോലി ചെയ്തു. എന്റെ സീനിയർ ചെയ്ത ഒരു തിരിമറിക്കു ജോലിപോയത് എനിക്കാണ് . ജീവിതം മടുത്തു പോയി. ജോലിപോയതിനേക്കാൾ വിഷമം ഞാൻ ചെയ്യാത്ത കുറ്റം എന്റെ തലയിൽ കെട്ടിവെച്ചപ്പോൾ ആയിരുന്നു. ഫൈനൽ തീരുമാനം ആകുന്നതു വരെ എന്നോട് ലീവെടുത് നില്കാൻ പറഞ്ഞു. രണ്ടുമൂന്നു ദിവസം കഴിഞ്ഞു എന്നെ പിരിച്ചുവിടാൻ തന്നെ തീരുമാനം ആയി.

അന്ന് രാത്രി ഏറെ വൈകിയാണ് ഞാൻ റൂമിലേക്ക്‌ പോയത്. ഫുട്പാത്തിലൂടെ നടന്നു വരികയായിരുന്ന ഞാൻ ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടു. തോന്നലാകും എന്നു കരുതി വീണ്ടും നടന്നു. പക്ഷേ കരച്ചിൽ വീണ്ടും വീണ്ടും കേട്ടു. അടുത്തുള്ള കുറ്റിക്കാട്ടിൽ ഒരു ചെറിയ തുണിക്കഷ്ണത്തിൽ പൊതിഞ്ഞ നിലയിൽ 4 മാസം പ്രായം വരുന്ന ഒരു പെൺകുഞ്ഞിനെ കണ്ടു. ഇരുപത്തിയൊന്ന് വയസ്സുകാരന്റെ പക്വതയില്ലാത്ത മനസ്സ് അവിടെ നിന്നു ഓടിപ്പോകാൻ ഉപദേശിച്ചു. തിരിഞ്ഞു നടന്ന എന്റെ കാതുകളിൽ ആ കുഞ്ഞിന്റെ കരച്ചിൽ മുഴങ്ങി. തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് വട്ടം കറങ്ങി നടക്കുന്ന തെരുവ് നായ്കളെയാണ്..

പിന്നെ ഒന്നും ആലോചിക്കാതെ ഞാൻ ആ കുഞ്ഞിനെ കോരിയെടുത്തു. നടന്നു റോഡിൽ കയറി വന്ന വണ്ടികൾക്കൊക്കെ കൈകാണിച്ചു. അസമയമായതിനാൽ ആരും നിർത്തിയില്ല. ദൈവദൂതനെ പോലെ ഒരു ഓട്ടോക്കാരൻ നിർത്തി. ഞാൻ അയാളോട് കാര്യം പറഞ്ഞു. അയാളുടെ നിർദേശ പ്രകാരം പോലീസ് സ്റ്റേഷനിൽ പോയി. ഒരു തണുപ്പൻ പ്രതികരണം ആണ് കിട്ടിയത്. കുറെ നേരം കാത്തുനിന്നിട്ടും ഒരു നടപടിയും ഉണ്ടായില്ല. ഏതെങ്കിലും അനാഥാലയത്തിൽ കൊണ്ട് കൊടുക്കുവാൻ ഒരേമാൻ പറഞ്ഞു.

ആ കുഞ്ഞിന്റെ മുഖത്തു നോക്കി അതിനെ ഉപേക്ഷിച്ചു പോരാൻ മനസ്സു അനുവദിച്ചില്ല. കൊണ്ടുപോകാൻ പോലീസുകാരും സമ്മതിച്ചില്ല. ഒടുവിൽ 15000 രൂപ കൈകൂലി കൊടുത്തു ഞാൻ ആ കുഞ്ഞിനെ സ്വാന്തമാക്കി. ഞാൻ ആ ഓട്ടോയിൽ തന്നെ അവളെയും കൊണ്ട് എന്റെ മുറിയിൽ പോയി എന്റെ ബാഗുകളും എടുത്തു നാട്ടിലേക്ക് ട്രെയിൻ കയറി.

നാട്ടിൽ എത്തി. കാര്യങ്ങൾ ഒക്കെ പറഞ്ഞപ്പോൾ അമ്മ രണ്ടുകൈയ്യും നീട്ടി അവളെ സ്വീകരിച്ചു. ഹരിലക്ഷ്മി എന്നവൾക്കു പേരിട്ടു. എന്റെ പൊന്നുമോളായി ഞാൻ അവളെ വളർത്തി. ഒന്നും അറിയിക്കാതെ. എന്നാൽ
നാട്ടിൽ അതിനെ കുറിച്ച് പല കഥകളും പരക്കാൻ തുടങ്ങി. ആരോടും ഒന്നും പറഞ്ഞില്ല. ചോദിച്ചവരോടൊക്കെ എന്റെ മോളാണെന്നു ഉറപ്പിച്ചു പറഞ്ഞു. അങ്ങനെ ഞാനൊരു രണ്ടാം കെട്ടുകാരനായി മാറി.

വർഷങ്ങൾ പലതു കഴിഞ്ഞു. എനിക്കു വന്ന പല കല്യാണാലോചനകളും മുടങ്ങി. ആർക്കും ഹരിമോളെ ഉൾകൊള്ളാൻ കഴിയുമായിരുന്നില്ല. അവർ അത് തുറന്നു പറഞ്ഞപ്പോഴും ഞാൻ എന്റെ മോളെ നെഞ്ചോടു ചേർത്ത് പിടിച്ചു.

ഒടുവിൽ കല്യാണം എന്ന മോഹം ഞാൻ ഉപേക്ഷിച്ചു. എന്റെ പൊന്നുമോൾക്കുവേണ്ടി. അവളെ ഞാൻ വളർത്തി. എന്റെ വീട്ടിലെ മണികിലുക്കമായി മാറി അവൾ. അവളുടെ പാദസരം ഇട്ട കുഞ്ഞു കാൽപാദങ്ങൾ എന്റെ വീടിന്റെ തൊടിയിലും വയൽ വരമ്പുകളിലും ഓടി നടന്നു. അച്ഛൻ എന്ന വാക്കിന്റെ അർത്ഥം ഞാൻ അനുഭവിച്ചറിഞ്ഞു. ആരോ വഴിയിൽ ഉപേക്ഷിച്ചു പോയ എന്റെ പൊന്നുമോൾക് സ്നേഹവും ലാളനയും കരുതലും ഞങ്ങൾ നൽകി.

ഈ കാര്യങ്ങൾ എന്നെങ്കിലും അവൾ അറിഞ്ഞാലോ എന്നു ഞാൻ ഭയന്നു. എന്റെ അമ്മയും അച്ഛനും എനിക്കു ധൈര്യം തന്നു. ഹരി അവർക്കൊരു കൊച്ചുമോൾ തന്നെയായിരുന്നു. അവൾക്കു അവർ എല്ലാമായിരുന്നു. അവൾ ഞങ്ങളുടെ രാജകുമാരി ആണ്..

അവളുടെ അമ്മ ആരാണെന്നുപോലും എനിക്കറിയില്ല. പിന്നെ എങ്ങനെയാ…..
ഒരു നെടുവീർപ്പോടെ ഞാൻ പറഞ്ഞു നിർത്തിയപ്പോൾ നിറകണ്ണുകളോടെ എന്നെ നോക്കിയിരിക്കുന്ന രമ്യയെ ആണ് കണ്ടത്.

“എന്താ രമ്യ, എന്തു പറ്റി.”

“ഒന്നുമില്ല . നിങ്ങളെ പോലെ ഒരു വലിയ മനുഷ്യനെ ഞാൻ എന്റെ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല. ”

“അത്ര വലിയ ആളൊന്നും അല്ല രമ്യാ ഞാൻ.”

“ഇപ്പോൾ ചേട്ടനും മോളും തമ്മിൽ എന്താ പ്രശ്നം. ആ കുട്ടിയെന്താ ഇങ്ങനെയൊക്കെ പെരുമാറുന്നത്. ”

“അറിയില്ലടോ. അവൾക്കു ഒരാളെ ഇഷ്ടമാണെന്നു പറഞ്ഞു. ഞാൻ സമ്മതിക്കില്ലെന്ന് പറഞ്ഞു. പെട്ടന്നുണ്ടായ ദേഷ്യത്തിൽ ഞാൻ മോളെ ഒന്ന് തല്ലി. അതും ആദ്യമായി. അതിന്റെ വിഷമം ആകും. സാരമില്ല അവൾ കുട്ടിയല്ലേ. എന്നോടല്ലേ അവൾക്കു ഇതൊക്കെ ചെയ്യാൻ കഴിയൂ.. ”

“നേരം ഒത്തിരിയായി ഞാൻ പോകട്ടെ. വീട്ടിൽ അമ്മ മാത്രേ ഉള്ളൂ.”

“രമ്യാ എനിക്കൊരു സഹായം ചെയ്യണം. സഹയത്തിനു ഒരാളെ ഏർപ്പാട് ചെയ്തു തരണം.”

” വിഷമിക്കണ്ട. ഇനി ഇവിടുന്നു പോകുന്നവരെ ഞാൻ നോക്കിക്കോളാം. എന്റെ മോളെപ്പോലെ.”

രമ്യ തന്റെ വാക്ക് പാലിച്ചു. ഹരിമോളുടെ എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്തിട്ടാണ് അവൾ വീട്ടിൽ പോകുന്നത്. ഒരു അമ്മയെപ്പോലെ. ഇതിനിടയിൽ ഞാൻ ഹരിമോളുടെ ശ്രാവണിനെ പോയി കണ്ടു. അവനോടു ഞാൻ ഹരിയുടെ കാര്യങ്ങൾ ഒക്കെ പറഞ്ഞു. അവൻ വിവേകത്തോടെ എല്ലാം ഉൾക്കൊണ്ടു. അവനെയും കൂട്ടി പോയി വീട്ടുകാരുമയി സംസാരിച്ചു. പ്രശ്നം ഒന്നും ഇല്ല. പഠിത്തം കഴിഞ്ഞു ജോലിയൊക്കെ കിട്ടിയാൽ നടത്താം എന്നു പറഞ്ഞുറപ്പിച്ചു.

ഹരി ഹോസ്പിറ്റൽ വിടാൻ സമയം ആയിരുന്നു.
അപ്പോഴും ഹരിമോൾക് എന്നോടുള്ള ദേഷ്യം മാറിയില്ല. എനിക്കു പകരം ഇപ്പോൾ അവകൾക് രമ്യ മതി. അല്പം വിഷമത്തോടെ ആണെങ്കിലും ഞാൻ അത് ശെരിക്കും ആസ്വദിച്ചു. ഹരിമോൾക് കിട്ടാതെ പോയ അമ്മയുടെ സ്നേഹവും വാത്സല്യവും ആവശ്യത്തിലേറെ രമ്യ പകർന്നുകൊടുത്തു.

അടുത്ത ദിവസം.ശ്രാവൺ വന്നു. അവർ ഒത്തിരി നേരം സംസാരിച്ചു. ഞാൻ ചെന്നു വീട്ടുകാരമായി സംസാരിച്ചു കല്യാണം ഉറപ്പിച്ചു എന്നറിഞ്ഞപ്പോൾ ഹരിക്കുട്ടി പഴയതിനേക്കാൾ സന്തോഷവതിയായി. എന്നെ കാണണം എന്നവൾ വാശിപിടിച്ചു. മുറിയിലേക്ക് കടന്നു ചെല്ലാൻ മടിച്ചു നിന്ന എന്നെ ശ്രാവൺ കൂട്ടികൊണ്ടു പോയി. ഹരിമോൾ എന്നെ കെട്ടിപിടിച്ചു കരയുവാൻ തുടങ്ങി. എന്നോട് മാപ്പ് ചോദിച്ചു. സന്തോഷം കൊണ്ട് എന്റെയും കണ്ണ് നിറഞ്ഞു.ഇതെല്ലാം കണ്ടുകൊണ്ട് രമ്യയും ഉണ്ടായിരുന്നു. അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു.

അന്ന് വൈകുന്നേരം പതിവുപോലെ കാന്റീനിൽ ഇരുന്നു ഞങ്ങൾ സംസാരിച്ചു.ഞാൻ വളരേറെ സന്തോഷവാനാണെന്നു അവൾക്കു മനസ്സിലായി. ചായകുടിച്ചു ഞങ്ങൾ മുറിയിലേക്ക് നടന്നു. രമ്യയുടെ മനസ്സറിയാൻ ഞാൻ ചോദിച്ചു. ഹരിമോളെ രമ്യക്ക് തരട്ടെ എന്നു.
തന്നോളൂ ഞാൻ പൊന്നുപോലെ നോക്കിക്കോളാം എന്നവൾ പറഞ്ഞു. തന്നുവിടാൻ പറ്റില്ല. വേണേൽ കൂടെ വന്നോ എന്നു ഞാൻ പറഞ്ഞപ്പോൾ അവൾ എന്നെ നോക്കി. നടന്നു ഞങ്ങൾ മുറിയുടെ വാതിലിൽ എത്തിയിരുന്നു. അവൾ എന്നോട് ചോദിച്ചു.

“ചേട്ടൻ എന്താ ഉദ്ദേശിക്കുന്നത്. ”

“അത് തന്നെ രമ്യ. എന്റെ മോളുടെ അമ്മയാകുവാൻ കഴിയുമോയെന്ന്. ”

“പെട്ടന്ന് ഇങ്ങനെ ചോദിച്ചാൽ എന്താ പറയുക.”

“ആലോചിച്ചു പറഞ്ഞാൽ മതി. ഞങ്ങൾ ഇനി രണ്ടു ദിവസം കൂടി ഉണ്ടാകും. ഇനി എന്നെ ഇഷ്ടമല്ലെന്നുണ്ടോ.”

ഒരു പുഞ്ചിരി സമ്മാനിച്ചു അവൾ നടന്നു പോയി. അത് നോക്കി നിന്ന എന്നെ ഹരി മോള് കളിയാക്കി.

“നാണമില്ലല്ലോ അച്ഛാ വയസ്സുകാലത്തു……””

“പോടീ അവിടുന്ന്. ”

“അച്ഛാ. നമുക്ക് രമ്യന്റിയെ വീട്ടിലേക്കു കൂട്ടാം . അടുക്കള പണിക്കു ഒരാളെ വേണമല്ലോ.”

ഒരു കുസൃതി ചിരിയോടെ ഹരിമോൾ അത് പറഞ്ഞപ്പോൾ
ഞാൻ ഒന്ന് പുഞ്ചിരിച്ചു.
പരിക്കുകൾ ഒക്കെ മാറി. കാലും റെഡിയായി . അവൾ പഴയ ജീവിതത്തിലേക്ക് തിരിച്ചു വന്നു. അവൾക്കും എനിക്കും തുണയായി ഞാൻ രമ്യയെ ഞങ്ങളുടെ ജീവിതത്തിലേക്ക് കൂട്ടി.

ഹരിമോൾ ഇപ്പോൾ വളരെ സന്തോഷവതിയാണ്. ഞാനും അവളുടെ ചെറിയമ്മയും (രമ്യ ) ഒപ്പമുണ്ട്. എല്ലാം പഴയത് പോലെയായി.

ഹരിമോളുടെ ഇഷ്ടത്തിനും സന്തോഷത്തിനും അപ്പുറം എനിക്കൊന്നും ഇല്ലായിരുന്നു. അവളെ വഴിയിൽ ഉപേക്ഷിച്ച ആ അച്ഛനോടും അമ്മയോടും ഞാൻ മധുരമായി പ്രതികാരം ചെയ്തു. ഇവളെ വഴിയിലുപേക്ഷിച്ച അവർക്കു സ്നേഹിക്കുവാൻ മാത്രം അറിയാവുന്ന ഒരു മോളെ നഷ്ടമായി. അവരോടു എനിക്കു സഹതാപം തോന്നി.

ഹരി എന്റെ മകളായ ആ രഹസ്യം ഞങ്ങൾ മൂന്നുപേർക്കുള്ളിൽ മൂടിവെച്ചു. അവളുടെ മനോഹരമായ ഭാവിക്കു വേണ്ടി. അവളുടെ അമ്മ മരിച്ചു പോയി എന്നാണവൾ ഇപ്പോഴും വിശ്വസിക്കുന്നത്. അത് അങ്ങനെ തന്നെ ഇരിക്കട്ടെ. ഇനി എന്റെ പൊന്നുമോളുടെ കല്യാണം ഞാൻ സ്വപ്നം കണ്ടപോലെ നാടറിയുന്ന ഉത്സവമാക്കി മാറ്റണം. ഒരച്ഛന്റെ കടമ പൂർത്തിയാക്കണം.

രചന: Manu Reghu

Leave a Reply

Your email address will not be published. Required fields are marked *