അപ്പൻ…

രചന: സോളോ-മാൻ
അന്ന് കോളജിലെ പേരന്റ്സ് മീറ്റിങ്ങിനായ് വരുന്ന അപ്പനെ ദൂരെ നിന്നേ ഞാൻ കണ്ടു.

മറ്റു കൂട്ടുകാരുടെയൊക്കെ പേരന്റ്സ് വളരെ നേരത്തേ തന്നെ എത്തി മീറ്റിങ് ആരംഭിച്ചിരുന്നു.

അപ്പനോടും ഞാൻ നേരത്തേ തന്നെ എത്താൻ പറഞ്ഞിരുന്നു.

എത്ര നേരത്തെ ഇറങ്ങിയാലും മുടന്തി മുടന്തി അപ്പനെത്തുമ്പൊഴേയ്ക്കും സമയം വൈകും.

കാരണം എന്റപ്പന്റെയൊരു കാലിനു സ്വാധീനം ഇല്ലായിരുന്നു.

അപ്പന്റെ വയ്യാതെയുള്ള വരവ് കണ്ടപ്പൊഴേ ഞാൻ ഓടിച്ചെന്ന് എന്റെ തോളിലേയ്ക്ക് അപ്പനെ താങ്ങി.

അന്നാദ്യമായ് എന്റപ്പനെ കണ്ട മറ്റു സഹപാഠികൾ ഞങ്ങളെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.

പലരിലും പല പല മുഖഭാവങ്ങളാണു മിന്നി മറിഞ്ഞത്.

ചിലർ പരിഹാസത്തോടെ ഊറിച്ചിരിച്ചു..ചിലർ സഹതാപത്തോടെ നോക്കിയിരുന്നു.

മീറ്റിങ് നടക്കുന്ന ഹാളിലേയ്ക്ക് ഞാൻ അപ്പനേയും കൊണ്ട് പ്രവേശിക്കുമ്പോൾ എല്ലാവരുടേയും കണ്ണുകൾ ഞങ്ങളിലേയ്ക്ക് മാത്രമായി നീണ്ടു.

“ഈ വയ്യാത്ത ആളിനേം ചുമന്ന് ഇങ്ങോട്ട് വരണായിരുന്നൊ,വേറെയാരുമില്ലേ വീട്ടിൽ.”

കൂട്ടത്തിൽ ഒരു സാർ ഉറക്കെ എന്നോട് ചോദിച്ചപ്പൊഴും പലരും ചിരിക്കുകയായിരുന്നു.

അപ്പൊഴൊക്കെയും എന്റപ്പന്റെ മുഖത്ത് ദയനീയമായൊരു പുഞ്ചിരി തെളിഞ്ഞു കിടപ്പുണ്ടായിരുന്നു.

എനിക്കീ ലോകത്ത് എന്റപ്പൻ മാത്രമേ ഉള്ളൂ എന്ന് ഉറക്കെ വിളിച്ചു പറയണമെന്ന് ഒരു നിമിഷം എനിക്കു തോന്നി.

അന്നാ മീറ്റിങ് കഴിഞ്ഞ് തിരിച്ചിറങ്ങുമ്പൊ അപ്പനെന്നോട് ചോദിച്ചു.

“ഞാൻ പറഞ്ഞതല്ലെ മോളേ അപ്പൻ വരണില്ലാന്ന്..ഇതിപ്പൊ അപ്പൻ കാരണം എന്റെ മോൾക്ക് നാണക്കേടായില്ലെ.”

എനിക്കറിയാമായിരുന്നു അപ്പന്റെ ഉള്ള് എത്രത്തോളം നീറുന്നുണ്ടെന്ന്.

അന്നു ഞാൻ അപ്പനെ ചേർത്തു പിടിച്ച് കരഞ്ഞു കൊണ്ട് പറഞ്ഞു.

“അപ്പാ..ഇനിയൊരിക്കലും എനിക്ക് വേണ്ടി അപ്പൻ എവിടേയ്ക്കും വരണ്ട..
എന്റപ്പനെ പരിഹസിക്കുന്ന ഒരിടത്തേയ്ക്കും ഇനി ഞാൻ എന്റപ്പനെ കൊണ്ടു പോകില്ല.”

പിന്നെയും ഒരുപാട് വേദികൾ അപ്പന്റെ അഭാവത്തിൽ ഞാൻ കടന്നു.

പലപ്പൊഴും നിന്റപ്പനെവിടേ എന്ന അദ്ധ്യാപകരുടേയും,കുട്ടികളുടേയും ചോദ്യങ്ങൾക്ക് മുന്നിൽ എന്റെ ഉത്തരം മൌനമായിരുന്നു.

അന്നു തൊട്ടേ എന്റെയുള്ളിലൊരു കനൽ അണയാതെ ഞാൻ കാത്തു വെച്ചു.

തളർന്നു പോകുമ്പൊഴൊക്കെയും എന്റപ്പന്റെ ദയനീയമായ മുഖം മനസ്സിലിങ്ങനെ തെളിയും.

അപ്പൊഴൊക്കെയും കൂടുതൽ കൂടുതൽ ആർജ്ജവത്തോടെ ഞാൻ ഓരോ ചുവടും കടന്നു പോയ്ക്കൊണ്ടിരുന്നു.

വർഷങ്ങൾ കടന്നു പോയി..

ഇന്ന് ജില്ലാ കലക്ടറായ് ജോലിയിൽ പ്രവേശിച്ച എനിക്കായ് ഒരു വേദി ഒരുങ്ങി.

ഞാൻ പഠിച്ചിറങ്ങിയ കോളജിലെ ഒരു പ്രോഗ്രാം.

അതിന്റെ ഉദ്ഘാടകനായ് എന്നെ ആനയിക്കുമ്പോൾ എന്റെ പഴയ സഹപാഠികളും,അദ്ധ്യാപകരുമടക്കം കാഴ്ചക്കാർ ഏറെയായിരുന്നു.

അവിടെ നിന്നും എനിക്കായ് ഏർപ്പെടുത്തിയ ഉപഹാരത്തിനായ് എന്നെ ക്ഷണിച്ചപ്പോൾ അന്നു വരെ മനസ്സിൽ കെടാതെ സൂക്ഷിച്ച ആ കനൽ എരിഞ്ഞു കത്തി.

എനിക്കു മുന്നിലെ ആ വലിയ ജന സാഗരത്തെ സാക്ഷിയാക്കി ഞാൻ പറഞ്ഞു.

“കുറച്ച് വർഷങ്ങൾക്ക് മുൻപ് ഒരു പേരന്റ്സ് മീറ്റിങ്ങിൽ മുടന്തനായൊരു അപ്പനെയും തോളിൽ താങ്ങി പരിഹാസ്യയായ് ഞാൻ നിന്നിരുന്നു.

അന്നെന്നെയും,അപ്പനേയും നോക്കി ഊറിച്ചിരിച്ചവരൊക്കെയും ഇന്നെന്നെ ആനയിച്ചു..

അന്നെനിക്കുണ്ടായ പരിഹാസമാണു ഇന്നെന്നെ ഈ നിലയിലേയ്ക്കെത്തിച്ചത്..

അതിനൊക്കെയും കാരണം എന്റെ മുടന്തനായ അപ്പനായിരുന്നു..

ഇന്ന് നിങ്ങളെനിക്കു നൽകുന്ന ഈ ഉപഹാരം സ്വീകരിക്കാൻ എന്നെക്കാളും യോഗ്യത എന്റെ മുടന്തനായ അപ്പനാണു.

അതിനാൽ ഈ ഉപഹാരം സ്വീകരിക്കാൻ വേദിയിലേയ്ക്ക് ഞാനെന്റെ അപ്പനെ ക്ഷണിക്കുകയാണു.”

പറഞ്ഞു നിർത്തിയ ഞാൻ സദസ്സിനു ഏറ്റവും പിറകിലായ് ഇരിക്കുന്ന എന്റപ്പനെ നോക്കി.

ആ വലിയ ജനസാഗരത്തിനു ഇടയിലൂടെ എന്റപ്പൻ മുടന്തി മുടന്തി നടന്നടുത്തു.

അപ്പോൾ അപ്പന്റെ മുഖത്ത് ഞാൻ കണ്ടത് ദയനീയമായ ആ പുഞ്ചിരിയല്ലായിരുന്നു..

അവിടെ നിന്നും ഉയർന്ന നിർത്താതെയുള്ള കരഘോഷങ്ങളിൽ അറിയാതെ എന്റെ കണ്ണിൽ നിന്നും കണ്ണുനീർ പൊഴിഞ്ഞു.

ഒരുപക്ഷെ എന്നിലെ കനലിനെ കെടുത്തുവാനെന്നോണം ഉതിർന്നു വീണതായിരിക്കാം ആ കണ്ണുനീരുകൾ..

എനിക്കായ് എന്റപ്പൻ സഹിച്ച അവഗണനയ്ക്ക് മറുപടിയായ് ഞാൻ കാത്തു വെച്ച നിമിഷം..കാലം കാത്തു വെച്ച നിമിഷം..😊

( ജീവിതമാണു നൻപാ..പരിഹാസവും,അവഗണനയും,കഷ്ടപ്പാടും ഒക്കെ ഉണ്ടാകും..അതൊക്കെയും ഒരു കനലായ് ഉള്ളിലങ്ങനെ കാത്തു വെക്കണം..
ഒരു ദിനം..ആ ദിനം നമ്മുടേതാകും..നമ്മുടേത് മാത്രം✌)

രചന: സോളോ-മാൻ

Leave a Reply

Your email address will not be published. Required fields are marked *