കുഞ്ചാക്കോ ബോബനെ സ്വപ്നം കണ്ടു നടന്നിരുന്ന ഞാനാ, പാവം ഞാൻ….

രചന: രമ്യ മണി.

നാലുമണിക്ക് കൃത്യം അലാറം അടിച്ചു.അഴിഞ്ഞ മുടി വാരികെട്ടി ഹൃദ്യ അലാറം ഓഫാക്കി എണീറ്റു അടുക്കളയിലേക്കു ഓടി.

പെട്ടെന്ന് തന്നെ അരി കഴുകി അടുപ്പത്ത് വച്ചു. സാമ്പാറിനുള്ള പച്ചക്കറി എടുത്തു അരിയാൻ തുടങ്ങി. തലേന്ന് അരച്ച് വച്ച മാവ് എടുത്തു ഇഡലി തട്ടിൽ ഒഴിച്ചു.

അടുക്കളയിൽ ചുമരിൽ തൂക്കിയിട്ടിരുന്ന ക്ലോക്കിൽ ചെറിയ സൂചിയും വല്യ സൂചിയും ഓട്ട പന്തയത്തിൽ പങ്കെടുക്കും പോലുണ്ട്.

“എന്റീശ്വരാ.. എത്ര വേഗ സമയം പോണേ, ണീറ്റിട്ടിതു വരെ ബാത്‌റൂമിൽ പോലും ഒന്നു പോയില്ല.. ഇനി കുട്ടികൾക്ക് സ്കൂളിൽ കൊടുത്തു വിടാനുള്ള ഭക്ഷണം ഉണ്ടാക്കണം”.

“വല്ലാത്തൊരു യോഗം തന്നെ എന്റേത് “!

ജീവിതം ഇങ്ങനെ ഓടി തീരുവാണ്. എന്നാ ഈ ചെയ്യുന്നെന്നൊക്കെ ആർകെങ്കിലും വിലയുണ്ടോ അതും ഇല്ല.

വീട്ടിലും ജോലി അതു കഴിഞ്ഞ ഓഫീസിലും, തിരക്കോടുതിരക്ക് തന്നെ.

കുഞ്ചാക്കോ ബോബനെ സ്വപ്നം കണ്ടു നടന്നിരുന്ന ഞാനാ!!!!! പാവം ഞാൻ. രാജീവേട്ടനാണേൽ മസിലും പിടിച്ചു സീരിയസ് ആയി മുരളിക്കാണോ തിലകനാണോ പഠിക്കുന്നത് എന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല.

ഏട്ടൻ വേണ്ടതെല്ലാം ചെയ്തു തരും.. ..അതോണ്ട് എന്താ കാര്യം.. ഒട്ടും റൊമാന്റിക് അല്ല.

ദൈവമേ ഇന്നും സമയം ലേറ്റ് ആണ്.. ഓഫീസിൽ സൂപ്രണ്ട് എന്നെ കൊന്നു കൊലവിളിക്കും. ഓടി ഓഫീസിൽ എത്തി കിതച്ചു കൊണ്ടു ഹൃദ്യ സീറ്റിൽ ചെന്നിരുന്നു.

“ഹൃദ്യ സാറെ, നിങ്ങളെ മാനേജർ അന്വേഷിച്ചു ചെല്ലാൻ പറഞ്ഞു”. പ്യൂൺ വന്നവളോട് പറഞ്ഞു.

അവളിലൊരു വിറയൽ പടർന്നു കയറി..

ഈശ്വര.. സൂപ്രണ്ട് പരാതി മാനേജർ ടടുത്തു എത്തിച്ചുവോ, ലേറ്റ് ആയതിനങ്ങേര്‌ ചീത്ത വിളിക്കുമല്ലോ..

ഹൃദ്യ നടന്നു വിനോദ് ന്റെ ക്യാബിനിൽ മുട്ടി, എന്നിട്ട് അകത്തേക്ക് കയറി.

“ഗുഡ് മോർണിംഗ് സാർ”. ഹൃദ്യ അയാളെ അഭിവാദ്യം ചെയ്തു. അയാൾ മോണിറ്റർ നിന്നും തല ഉയർത്തി അവളെ ഒന്നിരുത്തി നോക്കി.

“എന്താടോ.. താൻ എന്നും ലേറ്റ് ആയാണല്ലോ വരുന്നത്.??

“സർ.. വീട്ടിലെ ജോലി കൾ…പിന്നെ.. ബസ്… എല്ലാം.. കൂടെ ലേറ്റ് ആവും”.

“ഓ, തനിക്കാളെ വച്ചൂടെ വീട്ടുജോലിക്ക് “.?

“സാർ, ഹസ്ബൻഡ് നു ഞാൻ തന്നെ ചെയ്യുന്നതാണിഷ്ടം.. അതാ”…

“ആഹാ , തന്റെ ഹസ്ബൻഡ് എന്തു മനുഷ്യൻ ആണടോ.. ഭാര്യയോട് സ്നേഹം ഇല്ലേ, കുറഞ്ഞ പക്ഷം ഒരു മനുഷ്യജീവി ആയെങ്കിലും കണ്ടൂടെ”.
എനിക്ക് തന്നെ കണ്ടിട്ട് വല്ലാത്ത കഷ്ടം തോന്നുന്നു”..

“എന്റെയും വൈഫ്‌ ജോലി ചെയ്യുന്നുണ്ട്, പക്ഷേ വീട്ടിൽ ഫുൾ ടൈം ജോലിക്കാരി ഉണ്ട്. ഞാൻ നിർബന്ധിച്ചു വപ്പിച്ചതാ.. പാവം സ്ത്രീകളുടെ കഷ്ടപ്പാട് നമ്മളും അറിയണ്ടേ”..

“ആ.. എന്തായാലും താൻ ഒപ്പിട്ടു പൊക്കോ..
പിന്നെ, തന്റെ സങ്കടങ്ങൾ ഒക്കെ എന്നോട് ഷെയർ ചെയ്യൂ ..എനിക്ക് തന്നെ മനസ്സിലാകും”.

ഹൃദ്യ ഒന്നും പറയാതെ തിരിഞ്ഞു നടന്നു സീറ്റിൽ ചെന്നിരുന്നു.

വിനോദ് സാർ ഒരു മുരടൻ ആണെന്ന കരുതീത്. എന്തു സ്നേഹത്തിലാണ് പെരുമാറുന്നത്.

അടുത്ത ദിവസം രാവിലെ വീട്ടിൽ നിന്നും ഇറങ്ങി അടുത്ത് വന്നു നിന്ന ബസിലെ, തിരക്കിൽ അവൾ ഇടിച്ചു കയറി.

ഓഫീസിൽ ഒപ്പിടാനായി വിനോദ് ന്റെ മുറിയിലേക്കവൾ കയറി ചെന്നു.
മേശപ്പുറത്തു അവൾക്കായി ഒരു കേക്ക് കാത്തിരിക്കുന്നുണ്ടായിരുന്നു.. പുഞ്ചിരിയോടെ വിനോദ് അവളെ ആശംസിച്ചു..

ആദ്യത്തെ ഞെട്ടലിൽ നിന്നു മുക്തയായപ്പോൾ അവൾ അയാളോട് ചോദിച്ചു..

“ഇതെങ്ങനെ… ബര്ത്ഡേ അറിഞ്ഞു”? …

“എടൊ.. എന്റെ സ്റ്റാഫിന്റെ ബെർത്ഡേ ഞാൻ ഓർക്കില്ലേ, അതും തന്റെ .. അപ്പോ തനിക്കൊരു സർപ്രൈസ് തരാമെന്നു വച്ചു. അതു പോട്ടെ, ഹസ്ബൻഡ് എന്തു ഗിഫ്റ്റ് തന്നു..കാണട്ടെ”..

“സാർ.. ആൾക്ക് ഓർമ പോലും ഇല്ല.. തിരക്കല്ലേ”. അവൾ സ്വയം നിന്ദ യോടെ പറഞ്ഞു.

“എന്തു ഭർത്താവാടോ അയാൾ.. ഇതൊക്കെ അല്ലെ വിവാഹ ജീവിതത്തിലെസന്തോഷങ്ങൾ, ചെറിയ സർപ്രൈസസ്. ”

“തന്നോട് എനിക്ക് സഹതാപം തോന്നുന്നു… ഒപ്പം തന്റെ ഭർത്താവിനോട് പുച്ഛവും.
എന്തായാലും ഇന്ന് വൈകീട്ട് നമുക്കു ബീച്ചിനടുത്തുള്ള റോയൽ ഡൈനിങ്ങിൽ നിന്നു ഭക്ഷണം കഴിക്കാം എന്റെവക.. സന്തോഷായിരിക്കണം താൻ എപ്പോളും” .

ഇത് കേട്ടപ്പോൾ ഹൃദ്യക്കു സന്തോഷമായി. പൊതുവെ പാവവും നിഷ്കളങ്കയും ആയ അവൾക്കു പക്ഷേ പിന്നീട് ആലോചിച്ചപ്പോൾ ഒരു ശെരികേട് , അറു പിശുക്കനായ മാനേജർ റോയൽ ഡൈനിങ്ങിൽ വിളിച്ചിരിക്കുന്നു?

താൻ ഒരുപാടു നാളായി ആഗ്രഹിക്കുന്നതാണ് അവിടെ പോയി ഭക്ഷണം കഴിക്കാൻ, രാജീവേട്ടനോട് പറയാൻ തന്നെ പേടിയാണ്. എന്തായാലും നേരിട്ട് ‘നോ’ പറയുന്നതെങ്ങനെ, ആ, എന്തെങ്കിലും വഴി കാണാം.

അഞ്ചു മണിയായതും അവൾ വിനോദിന്റെ ക്യാബിനിലേക്ക് ചെന്നു, പക്ഷെ വിനോദ് ഉച്ചക്ക് ശേഷം ഓഫീസിൽ വന്നിരുന്നില്ല.

പ്യൂൺ വന്നു വിസിറ്റർ ഉണ്ടെന്നു പറഞ്ഞതനുസരിച്ചു അവൾ വിസിറ്റിംഗ് റൂമിലേക്ക് നടന്നു. അവിടെ വെളുത്തു സുന്ദരിയായൊരു സ്ത്രീ അവളെ കാത്തിരുന്നിരുന്നു.

സന്ധ്യ സമയം.

ചുമന്നു തുടുത്ത സൂര്യൻ മടിച്ചു മടിച്ചു കടലിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിപ്പോകുന്നത് കണ്ടു കൊണ്ടു വിനോദ് വാച്ചിൽ നോക്കി.

“ഇവളിതെന്താ വരാത്തത്? ഓ, കാത്തിരുന്നെനിക് ക്ഷമ കെട്ടു . ഭാര്യ ആയിരുന്നേൽ സമയത്തു എത്താത്തതിന് രണ്ടു ചീത്ത വിളിക്കാമായിരുന്നു”

“ഇതിപ്പോ താണു കേണു പഞ്ചാര നിറച്ചു സംസാരിച്ചാലേ ഒന്ന് വളയു… ഭാര്യ അല്ലല്ലോ !!

ഈ കാമുകന്മാരെ ഒക്കെ സമ്മതിക്കണം. സ്വന്തം വീട്ടിൽ ഭാര്യയോട് കാണിക്കാത്ത സ്നേഹവും ക്ഷമയും, കാണിച്ചാലല്ലേ കാര്യം നടക്കു…

ഇന്നെന്തായാലും വീട്ടിൽ വൈകി എത്തിയാൽ മതി, ഭാര്യക്കും മക്കൾക്കും വേറെ പാർട്ടി ഉണ്ടത്രെ.

ഓരോന്നോർത്തു.. പ്രണയം നിറഞ്ഞ മനസ്സോടെ അയാൾ കടലിന്റെ പരപ്പിലേക്കു നോക്കിയിരുന്നു.

“സർ…. നിങ്ങളെ അകത്തു ഫാമിലി റൂമിലോട്ടു വിളിക്കുന്നു”.. വിളി കേട്ട് തിരിഞ്ഞു നോക്കിയ അയാളോട് വെയ്റ്റർ പറഞ്ഞു.

ആരാണാവോ വിളിക്കുന്നത്‌, ഹൃദ്യ അവിടെ യാണോ എന്നോർത്ത് സംശയത്തോടെ അയാൾ അകത്തേക്കു നടന്നു.

ഫാമിലി റൂമിലേക്ക്‌ ചെന്നതും ഇരുട്ട് മാറി വെളിച്ചം പരന്നു, പിന്നെ ഒരു കൂട്ടച്ചിരിയാണ് അയാളെ വരവേറ്റത് .

അവിടെ നിന്നിരുന്ന ആളുകളെ അയാൾ ഞെട്ടലോടെയാണ് നോക്കികണ്ടത്.

അവിടെ ഹൃദ്യയും കുടുംബവും പിന്നെ വിനോദിന്റെ ഭാര്യ ഹേമയും മക്കളും നിന്നിരുന്നു.

“വിനോദേട്ട.. നിങ്ങൾ എന്നെ കണ്ടു ഞെട്ടണ്ട. ഞാൻ ഹൃദ്യയുടെ ഭർത്താവിന്റെ കൂടെയാണ് ജോലി ചെയ്യുന്നത്”.

“ഇന്ന് ഹൃദ്യയുടെ പിറന്നാളിന് രാജീവ്‌ അവൾക്കു സർപ്രൈസ് പാർട്ടി കൊടുത്തതാ ! ഞാനാണു ഹൃദ്യയെ നേരെ ഓഫീസിന്ന് കൂട്ടിയത്”.

“അവളെന്നോട് എല്ലാം പറഞ്ഞു, എന്നാൽ പിന്നെ ഞാൻ നിങ്ങൾക്കൊരു സർപ്രൈസ് തരാമെന്നു വച്ചു, ‘ഇതൊക്കെയല്ലേ വിവാഹജീവിതത്തിലെ സന്തോഷങ്ങൾ’. “. ഹേമ ഒന്നമർത്തി പറഞ്ഞു.

“പിന്നെ, കേട്ടോ രാജീവേ.. കഴിഞ്ഞ എന്റെ ബര്ത്ഡേ ക്കു ഒരു സാരീ കിട്ടി, ഇത്തവണ ഓർത്തത്‌ പോലും ഇല്ല… എന്തിന്…. എന്റെ ഓഫീസ് എവിടന്നു പോലും അറിയാത്ത ആളാ”.

“രാജീവിനെ പോലൊരു ഭർത്താവിനെ കിട്ടിയ ഹൃദ്യ ഭാഗ്യവതിയാ “!!! ഹേമ സ്ത്രീസഹജമായ സ്നേഹം നിറഞ്ഞ കുശുമ്പോടെ ഹൃദ്യയെ ചേർത്ത് പിടിച്ചു .

“അക്കരെ നിന്നാൽ ഇക്കരെ പച്ച !”.

രചന: രമ്യ മണി.

Leave a Reply

Your email address will not be published. Required fields are marked *