ഇവർക്കിതു എന്തുപറ്റി ഒരമ്മ പെറ്റ അമ്മായി അമ്മയെയും മരുമകളെയും പോലെ ആയിരുന്നല്ലോ…

രചന: ശിവ
ജോലി കഴിഞ്ഞു വീട്ടിലെത്തിയ ഞാൻ കാണുന്നത് മുഖം വീർപ്പിച്ചു പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു ഇരിക്കുന്ന എന്റെ അമ്മയെയും ഭാര്യയെയും ആണ്…. ശ്ശെടാ ഇവർക്കിതു എന്തുപറ്റി ഒരമ്മ പെറ്റ അമ്മായി അമ്മയെയും മരുമകളെയും പോലെ ആയിരുന്നല്ലോ രണ്ടും പിന്നെന്തു പറ്റി…. എനിക്കാകെ അത്ഭുതം തോന്നി…. കാരണം ഞാൻ പ്രേമിച്ചു അവളെ കെട്ടിക്കൊണ്ട് വന്നപ്പോൾ എന്റെ അമ്മ ആദ്യം ചോദിച്ചത് മോളെനിനക്ക് ഈ ബോധമില്ലാത്തവനെ അല്ലാതെ വേറെ ആരെയും കിട്ടിയില്ലേ പ്രേമിക്കാൻ എന്നാണ്…..
അമ്മ അങ്ങനെ പറയാനും കാരണം ഉണ്ട് എനിക്ക് ദേഷ്യവും മുൻകോപവും കുറച്ചു കൂടുതൽ ആണ്…. എന്നെ സഹിക്കാൻ അമ്മ ഒരുപാട് പാട് പെടുന്നുണ്ട് ….എന്നെ ഒതുക്കാൻ ഒരാളെ കൂട്ടു കിട്ടിയതോർത്തു എന്തായാലും അമ്മ ഹാപ്പി ആയി….അവളുടെ കുരുത്തക്കേടുകൾക്കു ഒക്കെ അമ്മ കൂട്ടു നിൽക്കും. അവളെ വഴക്ക് പറയാൻ പോലും എന്നെ സമ്മതിക്കില്ല…. രണ്ടു പേരും തമ്മിൽ അത്രയ്ക്ക് സ്നേഹം ആണ്…. കല്യാണം കഴിഞ്ഞു ഇത്രയും നാളായിട്ടും ഒരിക്കൽ പോലും അവർ തമ്മിൽ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല…. എന്തിനേറെ പറയുന്നു ഒരു വാക്ക് കൊണ്ടു പോലും അമ്മ അവളെ വേദനിപ്പിച്ചിട്ടില്ല. അതിനുള്ള അവസരം അവൾ കൊടുത്തിട്ടുമില്ല…. അവളുടെ അമ്മയോട് ഉള്ളതിനേക്കാൾ സ്നേഹം അവൾക്ക് എന്റെ അമ്മയോട് ആണെന്ന് പോലും എനിക്ക് തോന്നി പോയിട്ടുണ്ട്…..അങ്ങനെ ഉള്ള ഇവർ ഇങ്ങനെ പിണങ്ങി ഇരിക്കുന്നത് കാണുമ്പോൾ അത്ഭുതം തോന്നുക സ്വാഭാവികം അല്ലേ….എന്തായാലും അവരുടെ പിണക്കം മാറ്റാൻ ഞാൻ തീരുമാനിച്ചു….”ഇതെന്ന രണ്ടു പേരും തമ്മിൽ വഴക്കിട്ടോ….എന്റെ ചോദ്യത്തിന് രണ്ടു പേരും മറുപടി പറഞ്ഞില്ല….”അമ്മേ എന്താ അമ്മേ എന്തുപറ്റി….?”നീ നിന്റെ കെട്ടിയോളോട് ചോദിക്കെടാ.. അവൾ അവിടെ ഇരുപ്പില്ലേ……
“ഡി എന്താടി കാര്യം….??”നിങ്ങളുടെ അമ്മയോട് തന്നെ ചോദിക്ക്…..??കോപ്പ് നിങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും എന്നെ ഇട്ടു തട്ടി കളിക്കാതെ ആരേലും ഒരാൾ കാര്യം പറ എന്നു പറഞ്ഞുഞാൻ ദേഷ്യപ്പെട്ടു…..
“ഇച്ചായ ഞാൻ പറയാം.. ഞാനും അമ്മയും കൂടി ഇന്ന് ടൗണിൽ പോയി…. അവിടെ വെച്ച് എനിക്കൊരു ടോപ്പ് വാങ്ങാൻ കടയിൽ കയറിയ കൂട്ടത്തിൽ അമ്മക്കൊരു സാരിയും വാങ്ങി അതു തന്നെ ആണ് പ്രശ്നം….”ഒരു സാരി വാങ്ങിയതിൽ എന്താ കുഴപ്പം…..”അതുപിന്നെ ഇച്ചായ കടയിൽ ചെന്നപ്പോൾ ഞാനും അമ്മയും കൂടി രണ്ടു സാരി സെലക്ട്‌ ചെയ്തു, ഒരു പച്ച കളർ സാരിയും പിന്നൊരു നീല കളർ സാരിയും. ഒരെണ്ണം വാങ്ങാൻ ഉള്ള കാശേ ഉണ്ടായിരുന്നുള്ളൂ….എനിക്ക് നീല കളർ ആണ് കൂടുതൽ ഇഷ്ടമായത്. ആ കളർ അമ്മക്ക് നന്നായി ചേരും.. അതുകൊണ്ട് ഞാൻ അതെടുത്തു…. അത് അമ്മക്ക് ഇഷ്ടം ആയില്ല അമ്മ പറഞ്ഞു പച്ച കളർ മതിയെന്ന്…. തർക്കിച്ചു അവസാനം ഞാൻ നീല കളർ തന്നെ വാങ്ങി. ആ സാരി വേണ്ടെന്നും പറഞ്ഞു ദേഷ്യം കേറി ഇരിക്കുവാ അമ്മ…..ഇച്ചായൻ തന്നെ നോക്കിയിട്ടു പറ ദേ ഈ നീല കളർ സാരി അമ്മക്ക് നന്നായി ചേരില്ലേ……”പിന്നെ കൊള്ളാം…. ഇത് നല്ലതാ അമ്മേ….”ഓ അല്ലെങ്കിലും നീ നിന്റെ ഭാര്യയുടെ പക്ഷത്തെ നിൽകുവെന്നു എനിക്കറിയാമെടാ…..”എന്റെ പൊന്നു അമ്മേ ഞാൻ ആരുടേയും പക്ഷം പിടിക്കാൻ ഇല്ലേ….”ഡി സാരി ഉടുക്കേണ്ടത് അമ്മ അല്ലേ അപ്പോൾ അമ്മയുടെ ഇഷ്ടത്തിന് വാങ്ങിയാൽ പോരായിരുന്നോ….”ഓ അപ്പോൾ നിങ്ങൾ അമ്മയുടെ സൈഡ് ആയോ ഞാൻ ഒറ്റയായി……..”ശ്ശെടാ ഇതിപ്പോൾ എനിക്ക് ഒന്നും പറയാൻ പറ്റാത്ത അവസ്ഥ ആയല്ലോ….അല്ല അതൊക്കെ പോട്ടെ ഈ സാരിയും ടോപ്പും വാങ്ങാനുള്ള കാശു നിനക്ക് എവിടുന്നു കിട്ടി…..അതുകേട്ടപ്പോൾ അവളുടെ മുഖത്തു ഒരു ഓഞ്ഞ ചിരി വന്നു….”അയ്യോ ഇച്ചായൻ വന്നിട്ട് ഒരു ഗ്ലാസ്‌ ചായ പോലും തന്നില്ലല്ലോ ഞാൻ പോയി ചായ എടുത്തു കൊണ്ടു വരാം….”ഡി കള്ളി നിൽക്കടി അവിടെ മുങ്ങാൻ നോക്കുന്നോ സത്യം പറഞ്ഞിട്ട് പോയാൽ മതി….”ഇച്ചായ അതു പിന്നെ …. അതുപിന്നെ….”ഏത് പിന്നെ…. നിന്നു താളം തുള്ളാതെ സത്യം പറ”അതുപിന്നെ ഇച്ചായൻ ഇന്ന് പേഴ്സ് മേശപ്പുറത്തു മറന്നു വെച്ചിട്ടല്ലേ പോയത് ഞാൻ അതിൽ നിന്നും കാശെടുത്തു….”ഡി ദുഷ്ടേ അപ്പോൾ എന്റെ കാശു മുഴുവൻ തീർത്തോ….”ഇല്ല രണ്ടായിരം രൂപയെ എടുത്തുള്ളൂ ബാക്കി അതിൽ ഉണ്ട്….. എത്ര നാളായി പുതിയ ടോപ്പ് വേണമെന്ന് പറയുന്നു ഇന്ന് വാങ്ങിത്തരാം നാളെ വാങ്ങിത്തരാം എന്നു പറഞ്ഞു കുറെ നാളായി നിങ്ങൾ പറ്റിക്കുന്നു അതുകൊണ്ടാണ് ഞാൻ കാശ് എടുത്തത്…..”എന്നാലും എന്റെ രണ്ടായിരം രൂപ.. നിന്നെ ഇന്ന് കൊല്ലൂടി പന്നി ഞാൻ….”ഡാ എന്റെ കൊച്ചിനെ തൊട്ട് പോവല്ലെന്നു പറഞ്ഞു അമ്മ മുന്നിൽ വന്നു നിന്നു..”ഇത്രയും കാലം ആയിട്ടും നീ എനിക്കൊരു സാരി വാങ്ങി തന്നിട്ടുണ്ടോ ഇല്ലല്ലോ…. പാവം അവൾക്കെങ്കിലും അതു തോന്നി….”ഓഹോ അപ്പോൾ നിങ്ങൾ ഒന്നായോ അമ്മക്ക് അവൾ മേടിച്ച സാരി വേണ്ടെന്നു പറഞ്ഞിട്ട്….”ഞാൻ അങ്ങനെ പലതും പറയും ആ സാരിക്ക് എന്താടാ ഒരു കുഴപ്പം എന്റെ മോൾ എനിക്ക് ചേരുന്ന സാരി തന്നെയാ വാങ്ങി തന്നത്….”എന്റെ അമ്മേ രാഷ്ട്രീയക്കാർ പോലും ഇത്രയും പെട്ടെന്ന് വാക്ക് മാറ്റി പറയില്ല….”നീ ഒന്ന് പോടാ അവന്റെ ഒരു രണ്ടായിരം കുണുവാ…. നീ പോയി കുളിച്ചു വല്ലതും കഴിക്കാൻ നോക്ക്…..ഞാൻ അവളെ ഒന്ന് ദേഷ്യത്തിൽ നോക്കി..അവൾ അമ്മയുടെ പുറകിൽ നിന്നെന്നെ കൊഞ്ഞനം കുത്തി കാണിച്ചു …..അതു കണ്ടപ്പോൾ എനിക്ക് ചിരി വന്നു…. ഇതിപ്പോൾ ധന നഷ്ടവും മാനഹാനിയും എന്നൊക്കെ പറയുമ്പോലെ ആയി പോയി….എന്തായാലും ഇനി ആകാശം ഇടിഞ്ഞു വീണാലും ശെരി ഇവരുടെ കാര്യത്തിൽ ഞാൻ തലയിടില്ലഎന്ന് തീരുമാനിച്ചു…. അമ്മായിയമ്മയും മരുമകളും തമ്മിലുള്ള പ്രശ്നത്തിൽ കൊണ്ടു തല വെച്ചു കൊടുക്കരുതെന്ന് ഓരോ ഭർത്താക്കന്മാർ പറയുന്നത് വെറുതെ അല്ല. വെറുതെ വേലിയിൽ ഇരിക്കുന്ന പാമ്പിനെ എടുത്തു അവിടെയും ഇവിടെയും വെക്കണ്ടല്ലോ…….എന്തായാലും അമ്മയോടൊപ്പം എന്റെ കാന്താരി പെണ്ണിന്റെ കുസൃതിയും കുരുത്തക്കേടുകളും ഒക്കെ ആയി എന്റെ ജീവിതം ഇങ്ങനെ സന്തോഷകരമായി പോവുന്നു…
(സ്നേഹപൂർവ്വം… 💕ശിവ 💕 )

Leave a Reply

Your email address will not be published. Required fields are marked *