ആമി, ആ പേര് കേട്ട അവളുടെ കണ്ണുകളൊന്നു വിടർന്നു…

രചന: Abhijith Ak

‘അപ്പൊ ഇനി രണ്ടു ദിവസം കൂടെ..ല്ലേ??’അയാൾ ഒരു നെടുവീർപ്പോടെ ചോദിച്ചു.

‘എന്തിന് ഏട്ടാ??’

‘നിന്നെ നിന്റെ വീട്ടുകാർ കൂട്ടികൊണ്ടുപോകാൻ’

‘ഹ്മ്…ഈ ആചാരങ്ങൾ ഒന്നുമില്ലെങ്കിൽ എന്ത് സുഖമായേനെ അല്ലെ ഏട്ടാ…’അവൾ അയാളുടെ മടിയിൽ തല ചായ്ചുകൊണ്ടു പറഞ്ഞു.

‘കല്യാണം കഴിഞ്ഞു ഒരു വര്ഷം കഴിഞ്ഞപ്പോഴേക്കും നിനക്ക് നിന്റെ വീട്ടുകാരെ മടുത്തോ പെണ്ണെ??’അയാൾ അവളോട് തെല്ലൊരു ഗൗരവത്തോടെ ചോദിച്ചു.

‘അങ്ങനല്ല ഏട്ടാ’

‘പിന്നെ എങ്ങനാണവോ??’

‘എന്റെ വയറ്റിൽ വളരുന്ന കുഞ്ഞിന് ഇപ്പൊ വേണ്ടത് അവന്റെ അച്ഛനെയും അമ്മയെയും ആ..അപ്പൊ പിന്നെ എന്നെ ഒറ്റക്ക് കൂട്ടിക്കൊണ്ടുപോകുന്നത് ശരിയാണോ??’

‘അതും ശരിയാണ്…’

‘ങേ ശരിയാണ് ന്നോ??’അവൾ അയാളെ ഒന്ന് തുറിച്ചു നോക്കി.

‘അല്ല…നീ പറഞ്ഞതും ശരിയാണ് ന്നു പറഞ്ഞു വരികയായിരുന്നു.’

‘ഹ്മ്….വേഗം ഉറങ്ങാൻ നോക്ക്.നാളെ ജോലിക്ക് പോകണ്ടേ??’

‘ഹ്മ്….’

‘ന്നാ മോള് പൊയ്ക്കോ.ഇനിയുള്ള പണിയൊക്കെ അമ്മ ചെയ്തോളാം’

‘ശരിയമ്മേ’ അതും പറഞ്ഞവൾ മുറിയിലേക്ക് നടന്നു.മുറിയിലെത്തിയപ്പോ അവൻ കിടക്കുകയായിരുന്നു.അവളെ കണ്ടപ്പോൾ എണീറ്റിരുന്നു.കല്യാണം കഴിഞ്ഞിട്ട് രണ്ടു ദിവസമയെങ്കിലും ഇന്നാണ് അവളെ ഒറ്റക്ക് കിട്ടുന്നത്.കല്യാണത്തിന്റെയും വിരുന്നുപോക്കിന്റെയും ക്ഷീണത്തിലായിരുന്നു ഇതുവരെ.

‘ഇവിടെ ഇരുന്നോ’വെപ്രാളത്തോടെ അവൻ പറഞ്ഞൊപ്പിച്ചു.കല്യാണം ഉറപ്പിച്ചത് മുതൽ ഈ നിമിഷത്തിനായി കാത്തിരിക്കാൻ തുടങ്ങിയതാ….എന്നാൽ ഇപ്പൊ ചങ്ക് ഇരട്ടി വേഗത്തിലാണ് മിടിക്കുന്നത്.

‘എന്താ ഒന്നും പറയാത്തത്??’അവൻ ചോദിച്ചു.’

‘ഏട്ടാ……’അവൾ അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് വിളിച്ചു.ആ വിളിക്ക് അവന്റെ ഹൃദയം തൊട്ടു.അവനൊന്നു മൂളി വിളി കേട്ടു.

‘എനിക്കൊരു കാര്യം പറയാനുണ്ട്’

‘ന്താ??’

‘അത്….എനിക്കീ കല്യാണത്തിനു മുന്നെ ഒരാളുമായി അടുപ്പത്തിലായിരുന്നു.’

അവൻ ഒന്ന് ഞെട്ടി.ചങ്കിൽ കത്തികൊണ്ട് കുത്തിയ പോലെ തോന്നി.

‘….നീയെന്താ പറയുന്നേ??’പറഞ്ഞത് വിശ്വസിക്കാൻ കഴിയാതെ അവൻ ചോദിച്ചു.

‘അതെ ഏട്ടാ.പക്ഷെ അത് കുറച്ച് കൊല്ലങ്ങൾ പഴക്കമുള്ളതാണ്.ഈ കല്യാണലോചന നടക്കുന്ന സമയത്ത് ഞങ്ങൾ പിരിഞ്ഞതാണ്.’

‘അതെന്തേ??’അവൻ ഉടനെ തന്നെ ചോദിച്ചു.

‘അപ്പോൾ അവനു നിറയെ പ്രാരാബ്ധങ്ങളായിരുന്നു.’അവൾ പറഞ്ഞു നിർത്തി.

‘അപ്പൊ നിന്റെ വീട്ടുകാർ എന്നെ ചതിക്കുകയായിരുന്നു.അല്ലെ??’ആ ശബ്ദം ഇടറുന്നുണ്ടായിരുന്നു.

‘അയ്യോ…ഒരിക്കലുമല്ല.എന്റെ വീട്ടുകാർക്ക് ഇതിനെ പറ്റി ഒന്നും അറിയില്ല.’

‘പിന്നെ എന്തിനു ഈ കല്യാണത്തിന് സമ്മതിച്ചു??’

‘ഞങ്ങൾ പിരിഞ്ഞത് ഞാൻ എന്റെ അമ്മക്ക് വേണ്ടി ജീവിക്കുകയായിരുന്നു.അമ്മ ഈ കല്യാണം പറഞ്ഞപ്പോ സമ്മതിക്കേണ്ടി വന്നു.എന്നാൽ അന്നുമുതൽ ഞാൻ ഏട്ടനെ മനസ്സാവരിക്കയായിരുന്നു.’

‘നിനക്കിപ്പോഴും അവനോട്…….?’ചോദ്യം മുഴുവനാക്കാതെ അവൻ അവളുടെ മുഖത്തേക്ക് നോക്കി.

‘ഇല്ല….കാരണം ഇനിയെനിക്ക് സ്നേഹിക്കാൻ എന്റെയീ ഏട്ടനുണ്ട്.എന്റെ ജീവന്റെ പാതിയായി, ന്റെ ജീവിതത്തിന്റെയും.’അവന്റെ കണ്ണൊന്നു നിറഞ്ഞോ?പക്ഷെ ഒന്നും പറയാതെ അവൻ തന്റെ കയ്യിന്മേൽ തല വെച്ച് ചെരിഞ്ഞു കിടന്നു.

‘ഏട്ടനെന്താ ഒന്നും പറയാത്തെ??’

‘ഞാനെന്ത് പറയാനാ??’

‘അത്…….’അവൾക്കൊന്നും പറയാൻ സാധിച്ചില്ല.’

‘എനിക്ക് ഒന്നുറങ്ങണം.’അവൻ ഒന്നുറക്കെ പറഞ്ഞു.അവൾ ഒന്നും പറയാതെ കിടക്കയിലുണ്ടായിരുന്ന തലയണ എടുത്ത് നിലത്ത് വെച്ച് കിടന്നു.അവളുടെ നിശ്വാസം ആ രാത്രിയിൽ അലിഞ്ഞു ചേർന്നു. കൂടെ അവളുടെ കണ്ണുനീരും……….

‘അമ്മേ….. അരി എത്ര നാഴിയാ ഇടണ്ടേ??’

അവളുടെ ശബ്ദം കേട്ടിട്ടാണ് അവൻ ഉറക്കമുണർന്നത്.

‘രണ്ട് നാഴി ഇട്ടോ മോളെ’

അമ്മക്ക് അവളെ ഭയങ്കര ഇഷ്ടമായി ന്നു തോന്നുന്നു.ആ മറുപടിയിലെ വാത്സല്യം മനസിലാക്കിക്കൊണ്ട് അവൻ മനസ്സിൽ പറഞ്ഞു.അവൻ പതിയെ കിടക്കയിൽ നിന്നുമെഴുന്നേറ്റു.യാന്ത്രികമായി ഉമ്മറത്തേക്ക് നടന്നു.പല്ലുതേപ്പ് കഴിഞ്ഞ് കസേരയിൽ ചാരിയിരുന്നു പത്രമെടുത്ത് മറിച്ചു നോക്കാൻ തുടങ്ങി.

‘മോളേ…..ദേ സുബി എണീറ്റിട്ടുണ്ട്.അവനു കാപ്പി കൊടുക്ക്.’അവർ അടുക്കളയിലേക്ക് വിളിച്ചു പറഞ്ഞു.

‘ശരിയമ്മേ…’

അവൻ അതൊന്നും ശ്രദ്ധിക്കാതെ പത്രത്തിൽ തന്നെ മുഴുകിയിരുന്നു.

‘ഏട്ടാ ദാ ചായ.’

‘അവിടെ വെച്ചേക്ക്.’അവൻ പത്രത്തിൽ കണ്ണെടുക്കാതെ കുറച്ച് ഗൗരവത്തോടെ പറഞ്ഞു.

പത്രത്തിൽ നിന്ന് കണ്ണെടുത്തപ്പോൾ അവളുടെ കണ്ണ് നിറയുന്നത് കണ്ടു.അവൾ പോയിക്കഴിഞ്ഞു അവൻ കാപ്പി കുടിക്കാനെടുത്തു.മോശമല്ലാ, കൈപ്പുണ്യമുണ്ട്. ഒന്നാന്തരം കാപ്പി.അവൻ മനസ്സിൽ വിചാരിച്ചു.പെട്ടന്ന് തന്നെ അവൻ തോർത്തെടുത്ത് കുളിമുറിയിലേക്ക് കയറി,ഷവർ തുറന്നു. വെള്ളത്തുള്ളികൾ അവന്റെ ശരീരത്തിനോടൊപ്പം മനസിനെയും തണുപ്പിച്ചു.

അവൾ നല്ല കുട്ടി ആണ്. അമ്മയ്ക്കും അച്ഛനും അവളെ നല്ല ഇഷ്ടമായിട്ടുണ്ട്.പിന്നെ അവളുടെ ഭൂതകാലം.അവളുടെ മനസ്സിൽ കള്ളമില്ലാത്തോണ്ടല്ലേ അവൾ അതൊക്കെ തുറന്നു പറഞ്ഞേ??അതെ.എന്റെ ഭാര്യ മനസ്സിൽ സത്യമുള്ളവളാണ്.സ്നേഹിക്കണം.മനസ്സറിഞ്ഞുകൊണ്ട് തന്നെ.അത് തന്നെയാകണം അവനെ മറക്കാനുള്ള മരുന്ന്.’

‘ടാ …..നിന്റെ കുളി ഇതുവരെ കഴിഞ്ഞില്ലേ??കുറെ നേരമായല്ലോ

‘ദാ. വരുന്നമ്മേ.’അവൻ അതും പറഞ്ഞ് കുളി പെട്ടന്ന് തീർത്തു.

‘മോളേ. ദേ അവൻ വന്നു.ചായ കൊടുക്ക്.’

അവൾ പെട്ടന്ന് തന്നെ മേശമേൽ ചായയും ഭക്ഷണവും എടുത്തുവെച്ചു.

‘അമ്മേ അവളോട് പെട്ടന്ന് റെഡിയാകാൻ പറ.ഒന്ന് പുറത്ത് പോണം.’പറഞ്ഞത് അമ്മയോടാണെങ്കിലും അത് തനിക്കുള്ളതാണെന്നു അവൾക്ക് അറിയാമായിരുന്നു.അത്കൊണ്ട് തന്നെ അവൾ പെട്ടന്ന് മുറിയിലേക്ക് നടന്നു.അവൻ കൈ കഴുകി ഉമ്മറത്ത് അവളെ കാത്തിരുന്നു.

‘അമ്മേ. ഞങ്ങൾ ഇറങ്ങുകയാണെ’

അവളുടെ ശബ്ദം കേട്ട് അവൻ ഒന്ന് തിരിഞ്ഞുനോക്കി.അവന്റെ ഷർട്ടിനു ചേർന്ന സാരി ആയിരുന്നു അവൾ ഉടുത്തത്. അവൾ വളരെയധികം സുന്ദരിയായിരിക്കുന്നു. അവൻ ഒന്നും പറയാതെ കാറിൽ കയറിയിരുന്നു.പിന്നാലെ അവളും.കാർ പതിയെ ചലിച്ചു തുടങ്ങി.മൗനത്തിൽ തന്നെയായിരുന്നു ഇരുവരും.പെട്ടെന്നവൻ കാർ നിറുത്തി.അവൾ അവന്റെ മുഖത്തേക്ക് ചോദ്യഭാവത്തോടെ നോക്കി.

‘നിന്റെ ഭൂതകാലം…….അതെനിക്കാവശ്യമില്ല.എനിക്ക് നിന്നെയാണ് വേണ്ടത്.നിന്റെ കഴിഞ്ഞകാലമല്ല.ഇനിയെനിക്ക് സ്നേഹിക്കാൻ നീ മാത്രമേയുള്ളൂ. നീ എന്റെ ഭാര്യയാണ്.ഇനിയെന്റെ ജീവന്റെ പാതി നീയാണ്, ജീവിതത്തിന്റെ പാതിയും.’

അതും പറഞ്ഞവൻ ഒരു നെടുവീർപ്പിട്ടു.അവൾ അവനെ തന്നെ നോക്കിയിരുന്നു.ചുണ്ടുകൾ മൊഴിഞ്ഞില്ലെങ്കിലും കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.അവൻ അവളുടെ കണ്ണുകളിൽ ഒരു ചുടുചുംബനം നല്കി കൊണ്ട് അവളെ തന്റെ നെഞ്ചോട് ചേർത്ത്പിടിച്ചു.

‘അരുത്….ഇനിയീ കണ്ണുകൾ നിറയരുത്. ഞാൻ ജീവനോടെയുണ്ടാകുമ്പോൾ അതിനു ഞാൻ സമ്മതിക്കില്ല.’

അത് കേട്ടപ്പോൾ അവളുടെ ചുണ്ടുകളിൽ ചെറുപുഞ്ചിരി നിറഞ്ഞു…..

‘ഏട്ടാ….’

‘ന്താടി??’

‘അപ്പൊ ഉറങ്ങാതെ എന്താലോചിച്ചു കിടക്കുവാ’

‘നിന്നെ എങ്ങനെ ഡിവോഴ്‌സ് ചെയ്യാമെന്ന് ചിന്തിക്കുവാ.’

‘ആഹാ…അപ്പൊ അതാണല്ലേ മനസിലിരുപ്പ്.ഞാനിപ്പോ തന്നെ അമ്മയോട് പറയും.അമ്മേ..’അവൾ കുറച്ച് ഉറക്കെ വിളിച്ചു.

‘മിണ്ടാതെ കിടക്കെടി പോത്തേ’അവൻ അവളുടെ വാപൊത്തി പിടിച്ചുകൊണ്ട് പറഞ്ഞു.

‘പോത്ത് ഇങ്ങള് തന്നാ മനുഷ്യാ.’അവൾ അവന്റെ കയ്യെടുത്തുകൊണ്ട് പറഞ്ഞു.

‘നിന്റെ കെട്ടിയവനാടി പോത്ത്.’അവൻ അവളുടെ ചെവിയിൽ പതുക്കെ പിടിച്ചു തിരിച്ചു.

‘ദേ.ന്റെ കെട്ടിയവനെ പോത്ത് ന്നു വിളിച്ചാലുണ്ടല്ലോ…’

‘അതെന്താ വിളിച്ചാൽ??’

‘കഴുതയെ ആരെങ്കിലും പോത്ത് ന്നു വിളിക്കോ മനുഷ്യാ?’

‘നീ പോടീ….’അവൻ പിണക്കം നടിച്ചു.

‘അച്ചോടാ…..അപ്പോഴേക്കും ന്റെ മുത്ത് പിണങ്യോ??’

‘ഹ്മ്….പിണക്കം മാറണേൽ എനിക്കൊരു ഉമ്മ വേണം.’

‘ഉമ്മാ’ആ രാത്രിയും അവരും ഒരുപോലെ ആ ചുംബനത്തിലലിഞ്ഞില്ലാതായി…

‘മോനെ.അവൾ പ്രസവിച്ചു.’അമ്മയുടെ വിളി കേട്ട അവൻ ഉടനെ അവിടേക്ക് ചെന്നു. അവിടെ അവളുടെ അരികിൽ അവരുടെ പൊന്നോമന കിടക്കുന്നുണ്ടായിരുന്നു.

‘മോളാണോ?’അവൻ അവളോടായി ചോദിച്ചു.’

‘ഹാ….’അവൾ പതിയെ തലയാട്ടി.

അവൻ ആ കുഞ്ഞിനെ കൈകളിൽ കോരിയെടുത്തു.

‘ആമിമോളെ….’അവൻ ആ കുഞ്ഞിനെ വിളിച്ചു.

ആമി….ആ പേര് കേട്ട അവളുടെ കണ്ണുകളൊന്നു വിടർന്നു.പതിയെ ആ കണ്ണുകൾ നിറഞ്ഞൊഴുകി..

രചന: Abhijith Ak

Leave a Reply

Your email address will not be published. Required fields are marked *