ഫോട്ടോഷൂട്ട്.

രചന: പ്രസാദ് ശ്രീധർ

ഇത്.. ആ പെൺകുട്ടിയല്ലേ?

വൈറലായ ട്രെൻറ് മര്യേജ് ഫോട്ടോഷൂട്ടിലെ പുതുപ്പെണ്ണ്.

നാണിച്ച് തല കുമ്പിട്ടിരിക്കുന്ന മണവാട്ടികളെ കണ്ടുശീലിച്ച മലയാളികളെ മൊത്തം ശരിയ്ക്കും ലജ്ജിപ്പിച്ച നവവധു.

‘അതേ അവൾ തന്നെ ‘മറ്റുള്ളവരും ശ്രദ്ധിക്കുന്നുണ്ട്.

യുവാക്കളുടെ ഉറക്കം കെടുത്തിയ ഫോട്ടോ സെഷനിലെ നായിക.

ഉള്ളത് പറയണമല്ലോ….
ആ ഫോട്ടോകൾക്ക് ആരും കാണാതെ ലൈക്ക് കൊടുത്തു സംതൃപ്തിയടഞ്ഞവനാണീയുള്ളവനും.

എന്താണാവോ.. ഇവിടെ?

കൂടെ ഒരു സ്ത്രീയുണ്ട് അമ്മയാവും.

‘ഓ..വിവാഹം കഴിഞ്ഞ് വീട്ടിലേക്ക് വലത്തുകാല് വെച്ച് കയറുമ്പോൾ പാലിന്റെ പകുതി സ്നേഹത്തോടെ നീട്ടുമ്പോൾ എന്തൊരു ലജ്ജയാണ് നമ്മുടെ തരുണീമണികൾക്ക് .
അവർ ഇതൊക്കെ കണ്ടു പഠിയ്ക്കട്ടെ..

അപ്പോഴാണ് മറ്റൊരു ഭാഗത്തായി ആ ഫോട്ടോ ഷൂട്ടിലെ സുന്ദരനായ നവവരനും നിൽക്കുന്നത് കണ്ടത്. ആരാധനയോടാണ് നോക്കിയത്. “വൈറൽ കാമദേവൻ ”.
മുഖത്തന്നത്തെ ഗ്ലാമറില്ല.

‘രണ്ടു പേരും ഉണ്ടല്ലോ …?

മനുഷ്യ സഹജമായ
കൗതുകം കൊണ്ട് കുടുതൽ അന്വേഷിച്ചു..

കാര്യം നിസ്സാരം

അവൾ ആവുന്നത്ര പറഞ്ഞതാണ് പോലും അങ്ങനെയൊന്നും വേണ്ടയെന്ന്. .അവൾക്ക് ഷൈ ആയിരുന്നു.
പക്ഷെ അവൻ കേട്ടില്ല.

“മോളെ കുട്ടൂ.. ഫോട്ടോഗ്രാഫർ മനു.. അവനെന്റെ ബെസ്റ്റ് ഫ്രെണ്ടാ..
നിശ്ചയ ദിവസം അവനിങ്ങനെ ഒരൈഡിയ പറഞ്ഞപ്പോൾ ഞാനവനോട് പ്രോമിസ് ചെയ്തതാണ്. നമ്മൾ ക്യൂട്ട് ജോഡികളാണ് പോലും,
Please എതിര് പറയരുത്…”

വിപ്ലവാത്മകമായ
ഫോട്ടോ വൈറലായാൽ കിട്ടുന്ന ലൈക്കുകളേക്കുറിച്ചും താര പരിവേഷത്തെക്കുറിച്ചും പറഞ്ഞയാളവളെ ബോധവതിയാക്കി.

ഷൂട്ടിനിടയിൽ അവളുടെ വസ്ത്രങ്ങൾ വേണ്ടിടത്തു നിന്നും വേണ്ടാത്തിടത്തു നിന്നും ചിത്രത്തിന്റെ കൊഴുപ്പിനു വേണ്ടി മാറ്റപ്പെട്ടപ്പോഴും അവളവനെ നോക്കി…

“കുഴപ്പമില്ല നമ്മുടെ മനുവല്ലേയെന്ന് അവനവളെ ആശ്വസിപ്പിച്ചു.

അവനോടൊപ്പം
അർദ്ധനഗ്നയായ
അവളുടെ ശരിരം വ്യത്യസ്ത ആംഗിളുകളിൽ ചിത്രീകരിയ്ക്കപ്പെട്ടപ്പോഴും ദൈന്യതയോടവൾ അയാളെ നോക്കി. അപ്പോഴുമവൻ പറഞ്ഞു.

നമ്മുടെ മനുവല്ലേ നോ പ്രോബ്ലം ….

ചിത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി മനു അവളുടെ ശരീര ഭാഗങ്ങളിൽ അറിഞ്ഞോ അറിയാതെയോ സ്പർശിക്കുമ്പോഴും അവളവനെ നോക്കി.

“ലാഡറിൽ തൂങ്ങിയാടുന്ന അവന്റെ ബുദ്ധിമുട്ടും ടെൻഷനും നി കാണുന്നില്ലേ.. പാവം. സഹകരിയ്ക്കു.. ” ശാസനയുടെ സ്വരം.

പിന്നെയവൾ വരനെ നോക്കിയതേയില്ല.

ബന്ധങ്ങളുടെ ഊഷ്മളത, അങ്ങനെ കിടക്കറയിലും തുറസ്സായ സ്ഥലങ്ങളിലും ഇക്കിളിപ്പെടുത്തുന്ന രീതിയിൽ ചിത്രീകരിച്ച്, ചൂടോടെ ആകാശത്തേക്ക് പറത്തി വിട്ടു.

നവ മാധ്യമങ്ങൾ അവ വൈറലാക്കി.
‘ലൈക്കുകളും കമന്റുകളും ഷെയറുകളും K കൾ താണ്ടി മുന്നേറി….

നാട്ടിൽ നവദമ്പതികൾക്ക് താരപരിവേഷം.

ന്യൂജെൻ ട്രെന്റിന്റെ ഭാഗമെന്നോണംഅവരുടെ പേരന്റസ് തല ഉയർത്തി നടന്നു.
“സംസ്കാരത്തിന്റെ മൂല്യച്യുതിയെന്നൊക്കെ ഏതൊക്കെയോ യാഥാസ്ഥിതികരയ വിവരദോഷികളുടെ ജല്പനങ്ങൾ..

ഫോട്ടോ ഷൂട്ടർ മനു വിളിയ്ക്കും “വൈറൽ ബ്രൈഡ് ” ഫോണെടുക്കും.
“നമ്മുടെ മനുവല്ലേ? ”

ദിവസങ്ങൾ കഴിഞ്ഞു. വരന് ബിസിനസ്സാവശ്യത്തിനായി കുറച്ച് ദിവസം നാട്ടിൽ നിന്ന് മാറി നിൽക്കേണ്ടി വന്നു.

മനു അവളെ വിളിച്ചു
ഒരു കിടിലൻ ഓഫറുമായി…

ഒരു short ഫിലിമിന്റെ സംവിധായകന് അവളെയൊന്ന് കാണണമെന്ന്, തൽക്കാലം വരൻ അറിയേണ്ട.
വരുമ്പോളവനൊരു സർപ്രൈസ് ആകട്ടെ പോലും…

OK നമ്മുടെ മനുവല്ലെ. അവൾ പോയി.

വന്നത്
രണ്ടു ദിവസം കഴിഞ്ഞ്.

ഭാര്യയുടെ സർപ്രൈസിൽ ഞെട്ടിയ വരൻ അവളെ ചോദ്യം ചെയ്തു.

“നമ്മുടെ മനുവല്ലേ പിന്നെന്താ പ്രശ്നം. അവളും ചോദിച്ചു…… ”

അങ്ങനെയാണാസ്റ്റാറുകൾ ഇവിടെയെത്തിയത് .ഈ കുടുംബകോടതിയിൽ.

ഞാനാ നായകനെയൊന്നൂടെ നോക്കി…
എന്താടോയിഷ്ടാ…തനിയ്ക്ക് പ്രോബ്ലം, നമ്മുടെ മനുവല്ലേ….?”

രചന: പ്രസാദ് ശ്രീധർ

Leave a Reply

Your email address will not be published. Required fields are marked *