അമർ…. ഈ ചെറുകഥ ഒന്ന് വായിക്കണേ…

രചന: നവാസ് ആമണ്ടൂർ

എത്തിപ്പിടിക്കാൻ കഴിയാത്തവരുടെ മനസ്സിൽ മാത്രം ഒതുങ്ങുന്ന സ്വപ്‌നമാണ് സിനിമ.

പഴയൊരു വീട്ടിൽ കാലുകൾ തളർന്ന് വീൽ ചെയറിൽ തന്നെ ജീവിതം തീർക്കുന്ന അമറിന്റെ ചിന്തയിൽ പോലും സിനിമയില്ല.

പക്ഷെ അമറിന്റെ മനസ്സിൽ സിനിമയെന്ന മോഹവിത്തിട്ടു കൊടുത്തു ഞാൻ.

അമർ ഒരു കഥ എഴുതി.

എഴുത്തുകാരനല്ലാത്ത അവൻ.. വേദനയെ തോൽപ്പിക്കാൻ വേണ്ടി എഴുതിയ കഥയിൽ അവൻ കാണാത്ത, അറിയാത്ത ലോകത്തിന്റെ രസകരമായ ചിത്രമായിരുന്നു വിരിഞ്ഞു വന്നത്.

പതിനാല് വർഷങ്ങൾ കൊണ്ട് അവൻ എഴുതിത്തീർത്ത കഥ.

എന്റെ നേരെ അഴുക്ക് പിടിച്ച കൂറേ പേപ്പറുകളുടെ ഒരു കെട്ട് വാരിയെടുത്ത് അമർ നീട്ടി.

ഓരോ പേജിലേയും അക്ഷരങ്ങൾ കണ്മുൻപിൽ പാവക്കളി പോലെ കഥാപാത്രങ്ങളെ കാണിച്ചു തരുന്നു.

ഇത് വരെ കണ്ടിട്ടില്ലാത്ത…കേട്ടിട്ടില്ലാത്ത മാന്ത്രിക രചന.

“അമർ.. ഈ കഥ സിനിമയാക്കണം.അതിനുള്ള കഥയുണ്ട്.”

അങ്ങനെയാണ് ഞാൻ അവനെയും കൂട്ടി മലയാളത്തിന്റെ പുണ്യമായ എന്നും അഭ്രപാളിയിൽ വിസ്മയക്കാഴ്ച ഒരുക്കിയ സംവിധായകന്റെ അരികിൽ എത്തിയത്.

വായനയിൽ നിന്നും വാർത്തയിൽ നിന്നും കണ്ടതും കേട്ടതും കൂട്ടി വെച്ച് അവൻ മനസ്സിൽ നട്ട് മുളപ്പിച്ച് ഉണ്ടാക്കിയ കഥാപാത്രങ്ങൾ.

തമാശയും ചിരിയും പ്രണയവും കണ്ണീരും
ഇടകലർന്ന ജീവിതനിമിഷങ്ങളിൽ കഥാപാത്രങ്ങൾ നിറഞ്ഞാടിയ കഥ.

ചിലപ്പോൾ…

ഒരു വാക്കിന്..

ഒരു വരിക്ക്..

തുടർച്ചക്ക്..

ദിവസങ്ങളോ മാസങ്ങളോ വേണ്ടി വന്നിട്ടുണ്ടാകും.

ഇടക്ക് വച്ച് ചിറകടിച്ചു പറന്നുപോയ കഥാപാത്രങ്ങളെ മെരുക്കിയെടുത്ത് അവൻ കഥ പൂർത്തിയാക്കി.

“ഇതാ ഇതാണ് അവൻ എഴുതിയ കഥ.. സാർ ഒന്ന് വായിച്ചു നോക്കണം..

ഒരു ചെറുപ്പക്കാരന്റെ ജീവിതം പറയുന്ന രസകരമായ കഥ.

തമാശയും, ചിരിയും, പ്രണയവും, കണ്ണീരും എല്ലാം ഉണ്ട് സാർ.. വായിക്കൂ ഇഷ്ടമാകും. ”

“ഞാൻ ഫ്രീ ആവട്ടെ വായിക്കാം.. എന്നിട്ട് നാളെ അഭിപ്രായം പറയാം. ”

മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകൻ അനിലിന്റെ വാക്കിലാണ് ഇനി അമറിന്റെ ഭാവി.

“അമർ നമുക്ക് നാളെ വരാം.. സാർ ആ കഥ വായിക്കട്ടെ.. ഇഷ്ടമാകും.. ഇങ്ങനെയൊരു കഥ അത്ഭുതമാണ്.. ഇത് സ്വപ്നലോകത്തിൽ ജനിച്ചതല്ലേ.. എനിക്ക് അത്ര ഇഷ്ടമായത് കൊണ്ടാണ്… അനിൽ സാറിന്റെ മുൻപിൽ നിന്റെ കഥ എത്തിയത്. ”

“ഞാൻ ഈ കഥ എഴുതിയത് സിനിമക്ക് വേണ്ടിയല്ല..പക്ഷെ ഇപ്പൊ എല്ലാവരും ഒരുപോലെ നല്ല കഥയാണ്.. സിനിമ ആക്കാൻ പറ്റുമെന്നൊക്കെ പറഞ്ഞപ്പോൾ എന്റെ മനസ്സും അതൊക്ക ആഗ്രഹിക്കുന്നുണ്ട്.. ഇതിൽ നിന്നും കുറച്ചു പൈസ കിട്ടിയാൽ.. നല്ലൊരു വീൽ ചെയർ വാങ്ങണം.. ഇതിൽ ഇരിക്കുമ്പോ നല്ല വേദനയാണ്.പിന്നെ വീടൊക്കെയൊന്ന് ശരിയാക്കണം. ”

“നീ ആഗ്രഹിക്കുന്നത് പോലെയൊക്കെ നടക്കും.. നമുക്ക് കാത്തിരിക്കാം”.

കരുതിയതല്ല ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന്.

മനസ്സിലെ ആഗ്രഹങ്ങളെയാണ് വരച്ചഴുതിയത്.

മാറ്റങ്ങളെ വേഗത്തിൽ ഗർഭം ചുമന്ന് പ്രസവിക്കുന്ന കാലത്തിലേക്ക് ഉറക്കത്തിൽ നിന്ന് എന്നപോലെ തളർന്നു പോയ കാലിന് കരുത്തു നേടി ഇറങ്ങിച്ചെന്ന അമറിന്റെ കഥ.. വായിച്ചവർക്ക് അത്ഭുതമായി.

അമർ ഏറെനാൾ കാത്തിരുന്നട്ടും.. അമറിന്റെ കഥയെ പറ്റി അനിൽ സാർ ഒന്നും പറഞ്ഞില്ല.

ഒരു കാര്യം ഉറപ്പാണ് അമറിന്റെ കഥ സിനിമയാക്കാൻ കഴിയില്ല.

അവൻ എഴുതിയ അഴുക്കു പിടിച്ച വെള്ള പേപ്പർ ചിലപ്പോൾ അയാൾ വേസ്റ്റിൽ ഇട്ട് കാണും.

തളർന്നു പോയവന്റെ കഥ..

കാലില്ലാത്തവന്റെ കഥ..

ആ കഥക്ക് വിലയില്ല.

മാസങ്ങൾക്ക് ശേഷം അനിൽ പുതിയ സിനിമയുമായി വന്നു.

ആദ്യ ദിവസം തന്നെ സിനിമ സൂപ്പർ ഹിറ്റ്..

അമറിന്റെ കഥ വായിച്ച ആരോ പറഞ്ഞു അവനോട്..

“നീ എഴുതിയ കഥയാ… ആ സിനിമ. ”

അമർ അപ്പോൾ തന്നെ എന്നെ വിളിച്ചു.. ഒരുമിച്ച് ആ സിനിമ കാണാൻ.

ഞാനും അവനും തിയറ്ററിന്റെ ഉള്ളിൽ കയറി.നല്ല തിരിക്കുണ്ട്. പലരും പറയുന്നുണ്ട് സിനിമയെ പറ്റി.

ലൈറ്റുകൾ ഓഫായി.

ഞാനല്ലേ…ഈ സിനിമ ഉണ്ടാകാൻ കാരണം.അതുകൊണ്ട് തന്നെ മനസ്സിൽ കുറേ അഭിമാനത്തോടെ, ആ ഇരുട്ടിൽ വെളിച്ചമായി ചിത്രങ്ങൾ തെളിയാൻ ഞാനും അവനും ആകാംക്ഷയോടെ കാത്തിരുന്നു.

സിനിമ തുടങ്ങി.

കഥ, തിരക്കഥ, സംവിധാനം… അനിൽ.

അമർ ആ ഇരുട്ടിൽ കണ്ണുകൾ തുടച്ചു.

അവന്റെ കണ്ണിൽ നിന്നും അടർന്നു വീണ കണ്ണീർ തുള്ളികൾ എന്റെ നെഞ്ചിനെ പൊള്ളിച്ചു.

ഞാൻ ആ സമയം നോക്കിയിരുന്നത് അവനെയാണ്.

അവൻ എഴുതി വെച്ച കഥാപാത്രങ്ങൾ ജീവൻ വെച്ച് സ്ക്രീനിൽ നിറഞ്ഞാടുന്നു .

ചിലപ്പോൾ അവന്റെ മനസ്സിൽ വെറുതെ ഒരു പേപ്പറിൽ എഴുതിയ ആദ്യ വരിയുടെയോ.. അതോ തേടിപ്പിടിച്ചു കഥാപാത്രങ്ങൾക്ക് ചാർത്തിക്കൊടുത്ത പേരുകളോ.. അല്ലെങ്കിൽ തുടർച്ചക്കായി കാത്തിരുന്ന മാസങ്ങൾ ദിവസങ്ങൾ.. ചിന്തകൾ.. അങ്ങനെ അത്രയും വർഷങ്ങൾ മനസ്സിലിട്ട് വാർത്തെടുത്ത കഥയുടെ നിമിഷങ്ങളിലൂടെ അവന്റെ മനസ് സഞ്ചരിക്കുന്നുണ്ടാവും.

ഭാവനയിൽ കണ്ടതൊക്കെ കണ്മുൻപിൽ…

കരച്ചിലും ചിരിയും ചിന്തയുമായി നിറഞ്ഞ കൈയടികളോടെ സിനിമ കഴിഞ്ഞു..

“ഇക്കാ… ഇത് എന്റെ കഥയാണ്… ഞാൻ എഴുതിയ കഥ. ഒന്നും തന്നില്ലെങ്കിലും.. ഒരു വാക്ക് പറഞ്ഞില്ലെങ്കിലും.. എനിക്ക് സങ്കടമില്ല.. ഇപ്പോൾ സ്ക്രീനിൽ കണ്ട കാഴ്ചകൾ എത്രയോ തവണ മനസ്സിൽ കണ്ടതാണ്..

അതൊക്കെ ഒരിക്കൽ കൂടി ഇങ്ങനെ കാണാൻ കഴിഞ്ഞത് തന്നെ ഭാഗ്യം അല്ലേ ഇക്കാ.. ”

“അതേ.. ഏതൊരു എഴുത്തുകാരനും ഒത്തിരി സന്തോഷവും അഭിമാനവും ഉണ്ടാകുന്ന നിമിഷമാണ്
മനസ്സിൽ വരച്ചത് സ്ക്രീനിൽ കാണുന്നത്. പക്ഷെ, മോനെ അമർ.. നിന്റെ പേര് ഇല്ലാതെ.. നീ അറിയാതെ അയാൾ…. ”

“സാരമില്ല ഇക്കാ… രണ്ട് കാലുകളെ തളർത്തി വീൽ ചെയറിൽ ഇരുത്തിയ ഇൗ വിധിയോളം പ്രയാസമൊന്നും ഇല്ലല്ലോ ഇത് ”

“വിഷമിക്കണ്ട… നീ ആഗ്രഹിച്ചത് പോലെ നല്ലൊരു വീൽ ചെയർ ഞാൻ വാങ്ങിത്തരും. ”

അവൻ മറുപടി ഒന്നും പറഞ്ഞില്ല.

അല്ലെങ്കിലും ഇനി അവന് പറയാൻ മറുപടി ഒന്നുമില്ല.

അവൻ എന്ത് എവിടെ പറഞ്ഞാലും അതിനെയൊക്കെ തടയിടാൻ തന്നെയാണ് നിഴൽ പോലെ ഇപ്പോൾ ഞാൻ കൂടെ കൂടിയത്.

കാരണം അവനെക്കാൾ എനിക്കാണ് ക്യാഷിന് ആവശ്യം..

കാലുകൾ തളർന്നു ജീവിതം മുരടിച്ചു പോയവന് ഇനി എന്ത് നേടാൻ..??

എനിക്ക് പക്ഷേ.. അങ്ങനെയല്ല..എനിക്ക് മുമ്പിൽ ജീവിതമുണ്ട്.

എങ്കിലും എന്നിലെ പാപഭാരം കുറക്കാൻ കേരളത്തിൽ വൻ വിജയമായ ഈ സിനിമയുടെ കഥ.. പത്ത്‌ ലക്ഷം രൂപക്ക് ആ സംവിധായാകന് വിറ്റ ഞാൻ ഒരു വീൽ ചെയർ അവന് വാങ്ങി കൊടുക്കും.
“””””””””””””””””””””””””””””

“അമർ… നീ എഴുതിയ കഥയിൽ എന്തുകൊണ്ട് എന്നെപ്പോലൊരു വില്ലനെ കൂടി നീ എഴുതിച്ചേർത്തില്ല!!!. ”

രചന: നവാസ് ആമണ്ടൂർ

Leave a Reply

Your email address will not be published. Required fields are marked *