ഒമ്പത് വർഷം മുമ്പാണ് ആ ചെക്കനും പെണ്ണും ഇവിടെ വന്നത്…

രചന: ശിവ എസ് നായർ

“ആ മരിച്ചത് അവന്റെ ചേച്ചി തന്നെയാണോ..? അതോ ഭാര്യയോ..?”

കൂടി നിൽക്കുന്നവർ ആ മരണ വീട്ടിലേക്ക് നോക്കി പലതരം സംശയങ്ങൾ ഉന്നയിച്ചു.. മരിച്ച സ്ത്രീയുടെ ശരീരത്തിനരുകിൽ അവൻ പൊട്ടിക്കരയാതെ നിറഞ്ഞ കണ്ണുകളോടെ മൃതശരീരത്തെ നോക്കി ഇരിക്കുന്നു…

അയൽപക്കത്തെ ആരോ പതിഞ്ഞ സ്വരത്തിൽ പറയുന്നുണ്ട്

” ഒമ്പത് വർഷം മുമ്പാണ് ആ ചെക്കനും പെണ്ണും ഇവിടെ വന്നത്…വാടകയ്ക്ക് ആയിരുന്ന ഇൗ വീട് രണ്ടു വർഷം ആയിട്ടുള്ളൂ സ്വന്തമാക്കിയിട്ട്‌…ചേച്ചിയും അനിയനും ആണെന്നാണ് അവരിൽ നിന്നറിഞ്ഞത്…ഭാര്യ ഭർത്താവ് ബന്ധം ആയിരുന്നോ എന്നറിയില്ല…”

ഇങ്ങനെയുള്ള പാടില്ലാത്ത സംസാരം സന്ദർഭം മറയാക്കി പലരും മൊഴിഞ്ഞു…

ആ സ്ത്രീയുടെ മൃതശരീരം കൊണ്ടു പോകുവാൻ ആംബുലൻസ് വന്നിരുന്നു ആ സമയം…കൂടെ പഞ്ചായത്തിലെ രണ്ടു മൂന്നു ആളുകളും..
അതിലൊരാൾ നാട്ടുകാരിൽ ഒരാളോട് മരണ കാരണം അന്വേഷിച്ചു..

” എന്ത് പറയാനാ, ഇവിടെ വന്ന് മൂന്ന് വർഷത്തോളം രണ്ടാളും ജോലിക്ക് പോയിരുന്നു, പിന്നീട് ഇൗ പെണ്ണിന് ഒരു കാലു വേദന വന്നതാ ശരീരം തളർന്നു പോയി… അടുത്ത വീട്ടിലെ മറ്റൊരു സ്ത്രീയെ എൽപ്പിച്ചാണ് ഇൗ ചെക്കൻ ജോലിക്ക് പോയിരുന്നത്…ഇവന്റെ ചേച്ചി ആണെന്നാ പറഞ്ഞത്… ആർക്കും അതികമൊന്നും ഇവരെക്കുറിച്ച് അറിയില്ല…”

സ്ത്രീയുടെ ബോഡി കൊണ്ടു പോയി, കൂടെ ആ പയ്യനും…
ശരിയാണ് ആർക്കും അറിയില്ല അവര് ആരാണെന്ന്, ഒമ്പത് വർഷങ്ങൾക്ക് മുമ്പ് ദൂരെ നാട്ടിൽ നിന്ന് ഇവിടെ വന്നവരാണ് അവനും ആ സ്ത്രീയും…
ആ സ്ത്രീ മരിച്ചതിനു ശേഷം കുറെ ദിവസങ്ങൾ അവൻ ആരോടും മിണ്ടാതെ അടച്ചു പൂട്ടി ഇരുന്നു..

ഒരു ദിവസം രാവിലെ ബാഗും പായ്ക്ക് ചെയ്ത് അവൻ അവിടുന്ന് ഇറങ്ങി…ബസ് സ്റ്റാൻഡിൽ ചെന്നു നിന്ന് കുറെ നേരത്തെ ആലോചനയ്ക്ക്‌ ശേഷം അവൻ ബസ് കയറി, അവന്റെ സ്വന്തം നാട്ടിലേക്കുള്ള ബസിൽ…

ടിക്കറ്റ് എടുത്ത ശേഷം അവനൊരു ചെറിയ മയക്കത്തിലേക്ക്‌ വീണു.. കഥകൾ ഒരുപാട് പറയാനുള്ള മയക്കത്തിലേക്ക്‌…

” ഇരുപത്തി എട്ട് വർഷങ്ങൾക്കു മുമ്പ് ദൂരെ ഒരു നാട്ടിൽ ഒരു കെട്ടു വള്ളത്തിൽ ഉപേക്ഷിച്ച നിലയിൽ കിട്ടിയതാണ് സേതുവിനെ… അവനെ എടുത്തു വളർത്തിയത് ഒരു ടീച്ചറാണ്..ഭർത്താവിന്റെ മരണ ശേഷം ഒറ്റയ്ക്ക് താമസിക്കുന്ന അവർക്ക് ആ കുഞ്ഞൊരു പുതു ജീവൻ ആയിരുന്നു…ടീച്ചറാണ് അവന് സേതു എന്ന പേര് നൽകിയത്…

നല്ല വിദ്യാഭ്യാസം നൽകി ടീച്ചർ അവനെ വളർത്തി… വളർത്തു ഗുണം ഉണ്ടായിരുന്നു എങ്കിലും, ആ നാട്ടിലെ ചീത്ത കൂട്ടുകെട്ടുകൾ അവനെ പലതിലേക്കും നയിച്ചു…

പലരും അടുത്തു നോക്കിയിട്ടും നടക്കാത്ത സ്വപ്നമായിരുന്നു ആ നാട്ടിലെ “കാർത്തു” ചേച്ചി.. സേതുവിന്റെ കൂട്ടുകാരിൽ പലരും ശ്രമിച്ചു, പക്ഷേ നിരാശയായിരുന്നു ഫലം…

കൂട്ടുകെട്ടിനെ ചൊല്ലി ടീച്ചർ സേതുവിനെ ഒരിക്കൽ ഉപദേശിച്ചിരുന്നു… അനുസരണ കാട്ടിയ സേതു പക്ഷേ വീണ്ടും പഴയ നിലയിലേക്ക് പോയി… ഒരിക്കൽ രാത്രി കൂട്ടുകാരുടെ നിർബന്ധത്തിനും സ്വയം അവരുടെ മുന്നിൽ ആളാവാനും ഉള്ള അവസരം സേതു ഉപയോഗപ്പെടുത്തി…

രണ്ടോ മൂന്നോ പ്രാവശ്യം സംസാരിച്ചു എന്നതൊഴിച്ചാൽ കാർത്തുവുമായി സേതുവിന് അധികം പരിചയമില്ല…

രാത്രി പത്ത് കഴിഞ്ഞതോടെ സേതു അവരുടെ വീടിന്റെ വാതിലിൽ തട്ടി… കതക് തുറന്ന കാർത്തു ഒട്ടും പ്രതീക്ഷിക്കാത്ത സേതുവിനെ കണ്ടപ്പോൾ അമ്പരന്നു… ടീച്ചറുടെ ദത്തുപുത്രൻ എന്നെ തേടി വരുകയോ എന്ന ആധി അവരിൽ ഉണ്ടായിരുന്നു…

അവരുടെ സമ്മതം കൂടാതെ അവൻ അകത്തേക്ക് കയറി, പുറത്ത് ഒളിച്ചു നിന്നിരുന്ന കൂട്ടുകാർക്ക് വിശ്വാസമായി… തിരികെ പോകാൻ കാർത്തു നിർബന്ധിച്ചിട്ടും അവൻ അനുസരിച്ചില്ല…

പക്ഷേ അവനെ കാത്തിരുന്ന ആപത്ത് മറ്റൊന്നായിരുന്നു… ഇടക്ക് വന്നു പോകാറുള്ള ഒരാൾക്ക് വേണ്ടി കാത്തിരുന്ന നാട്ടുകാർ വീട് വളഞ്ഞു… വാതിൽ തള്ളി തുറന്നു അകത്തു കയറിയ ഒരാൾ സേതുവിനെ കണ്ട് അമ്പരന്നു..

നാട്ടുകാര് ഉറപ്പിച്ചിരുന്നു വന്നു പോകുന്ന ആള് സേതു ആണെന്ന്… തന്റെ വാശിയുടെയും കൂട്ടുകാരുടെ മുന്നിൽ ആളാവാൻ വേണ്ടി ചെയ്തതും ഇപ്പൊ ആപത്തായി എന്ന്… പുറത്ത് തനിക്ക് കാവൽ നിന്ന കൂട്ടുകാര് മുമ്പേ ഓടി രക്ഷപ്പെട്ടു എന്ന് അവനു മനസ്സിലായി…

കാർത്തു ഒന്നും മിണ്ടാനാവാതെ നിന്നു, എതിർത്ത് എന്തെങ്കിലും പ്രതികരിച്ചാൽ ആളുകൾ കൈവെക്കും എന്ന് മനസ്സിലായി..

ആളുകളിൽ ഒരാൾ പെടുന്നനെ മുന്നോട്ട് വന്നിട്ട്‌ ഒരു മഞ്ഞ ചരടിൽ കോർത്ത് വെള്ളി താലി അവന് കൊടുത്തിട്ട് പറഞ്ഞു,

‘ ഇത് ഞങൾ കുറച്ച് നാളായി കയ്യിൽ കരുതിയിട്ടുണ്ട്, നീ ആണ് ഇവളുടെ ആളെന്ന് ഇന്നാണ് മനസ്സിലായത്…ഇത്ര ചെറിയ പ്രായത്തിൽ നിനക്ക് എന്തിന്റെ കേടാണ് ചെക്കാ…!’

ആളുകൾ കൂടിയിരുന്നു… വേറെ നിവൃത്തിയില്ലാത്തതിനാൽ അവന് ആ താലി ചരട് കാർത്തുവിനെ ചാർത്തേണ്ടി വന്നു… അപ്പോഴേക്കും അവരെ അകത്താക്കി ഒരാള് വാതിൽ പുറത്തു നിന്നും പൂട്ടി…പിന്നീട് ടീച്ചറെയും വേണ്ടപ്പെട്ടവരെയും വിളിക്കാൻ ആളെ അയച്ചു…

അകത്തു നിന്ന് കരഞ്ഞു കൊണ്ട് സേതു അവരോട് കാര്യം പറഞ്ഞ് മാപ്പ് പറഞ്ഞു..പക്ഷേ ഫലം ഇല്ലായിരുന്നു… ഇനി ഇൗ നാട്ടിൽ ഇൗ നാണക്കേടും പേറി ജീവിക്കാൻ അവൻ ഒരുക്കമായിരുന്നില്ല…

അപ്പോഴേക്കും മുൻവശത്ത് എല്ലാരും എത്തിയിരുന്നു, ആ അവസരം അവൻ ഉപയോഗിച്ചു, അവിടുന്ന് എവിടേക്കെങ്കിലും പോകാൻ പിൻവാതിൽ വഴി പുറത്തിറങ്ങി…പക്ഷേ കാർത്തുവിന്റെ നിർബന്ധം അവളെയും കൂടെ കൂട്ടാൻ അവനെ നിർബന്ധിതനാക്കി…

പറ്റുന്ന അത്രയും വള്ളം തുഴഞ്ഞ് അവര് അകന്നിരിന്നൂ ആ നാട്ടിൽ നിന്നും… ആ ഓട്ടം അവസാനിച്ചത് ദൂരെ ഒരു നാട്ടിൽ ആയിരുന്നു… തമ്മിൽ സംസാരം ഇല്ലായിരുന്നു അത്രയും സമയം അവരു തമ്മിൽ… ഒരു വീട് എങ്ങനെയോക്കെയോ വാടകയ്ക്ക് എടുത്തു… അതിനിടക്ക് അവൻ കെട്ടിയ താലി അവള് കളഞ്ഞിരുന്നു…

ദൂരേക്കുള്ള ഓട്ടത്തിനിടയിൽ അവള് അവനോട് പറഞ്ഞൊരു കാര്യമുണ്ട്,

‘ ഒരിക്കലും ഞാൻ കാശിനു വേണ്ടി ശരീരം വിൽക്കുന്ന സ്ത്രീയല്ല… എനിക്കൊരു ഭർത്താവും കുട്ടിയും ഉണ്ട്… ഭർത്താവ് പാർടണഷിപ്പിൽ ചെയ്തിരുന്ന ബിസിനസ്സ് തകരാറായപ്പോ കൂടെയുള്ളവർ കള്ള കേസിൽ കുടുക്കി… അവസാനം കോടതി എന്റെ ഭർത്താവിന് അഞ്ചു പേരെ കൊന്നു എന്ന കള്ളക്കേസിൽ പതിനേഴ് വർഷം ശിക്ഷിച്ചു…കുറ്റം ചെയ്തവരെ കാണിച്ചു കൊടുക്കാനുള്ള തെളിവൊന്നും കിട്ടിയില്ല… കൂടെ ഉളളവർ ചെയ്ത കുറ്റം ചേട്ടന് മേൽ കെട്ടിവച്ചു… എല്ലാം തകർന്ന എന്റെ ചേട്ടൻ ജയിലിലേക്ക് പോയി..

പക്ഷേ ഭർത്താവിന്റെ വീട്ടുകാർ ഞങ്ങളുടെ ബന്ധം മുമ്പേ അംഗീകരിക്കാത്തത് കൊണ്ട് എന്റെ മോളെ ഭർത്താവിന്റെ വീട്ടുകാർ കൊണ്ടു പോയി…കേസിന് പോകാനുള്ള ശേഷി ഇല്ലാത്തത് കൊണ്ട് സുരക്ഷിതമായി മോള് അവിടെ ഉണ്ടല്ലോ എന്ന സമാധാനം മാത്രമാണ്…

ഇതിനിടക്ക് ജാമ്യത്തിൽ ഇറങ്ങിയ എന്റെ ഭർത്താവ് പിന്നീട് തിരിച്ച് ജയിലിലേക്ക് പോയില്ല..പോലീസുകാര് ഇടക്ക് വീട്ടിൽ അന്വേഷിച്ച് വരും..അത് കൊണ്ട് തന്നെ വീട്ടിൽ നിൽക്കാൻ ഒരിക്കലും പറ്റില്ല…

വീട്ടിൽ രാത്രി പാത്തും പതുങ്ങിയും ചേട്ടൻ വരും.. പക്ഷേ നാട്ടുകാരും മറ്റും അത് വേറെ തരത്തിൽ എടുത്തു… ആ നാട്ടിൽ പുതിയതായത് കൊണ്ട് ആരോടും എന്റെ ജീവിതം ബോധിപ്പിക്കേണ്ട കാര്യം എനിക്കില്ല…ഇന്നിപ്പോ എന്റെ ഗതി ഇങ്ങനെയും ആയി…

ഇപ്പോ രണ്ടു മാസമായി ഭർത്താവു എവിടെ ആണെന്ന് പോലും അറിയില്ല… ഇൗ നിലയ്ക്ക് ഞാൻ സേതുവിന്റെ കൂടെ ദൂരെ ഒരിടത്ത് വരുന്നതാണ് നല്ലതെന്ന് തോന്നി…’

അവളുടെ കഥകൾ കേട്ട സേതു പിന്നീട് അവളോട് സംസാരിച്ചിരുന്നില്ല… ഒരു ചെറിയ ജോലി അവൻ തരപ്പെടുത്തി… അയൽകാരോട് ചേച്ചി ആണെന്ന് പറഞ്ഞു… കുറച്ച് മാസങ്ങൾക്ക് ശേഷം കാർത്തുവിനും ഒരു ജോലി ശരിയാക്കി… ഒരു വീട്ടിൽ രണ്ടു മുറിയിൽ കഴിയുന്നു എന്നല്ലാതെ ഒരിക്കൽ പോലും സേതു അവളുടെ ശരീരത്തെയോ അവന്റെ ആഗ്രഹങ്ങളെയോ അവൾക്ക് മുന്നിൽ പ്രകടിപ്പിച്ചില്ല…

അതിനിടക്ക് ഒരിക്കൽ സേതു കാർത്തുവിന്റെ ഭർത്താവിന്റെ നാട്ടിൽ പോയപ്പോ അറിഞ്ഞു, അവളുടെ കുഞ്ഞിനെ അവര് ഒരു ഓർഫനേജിൽ ആക്കി എന്ന്…

ഒരു ദിവസം കാലിന് വേദന എന്ന് പറഞ്ഞ് ഹോസ്പിറ്റലിൽ പോയതാണ്, പിന്നീട് കാർത്തു എണീറ്റ് നടന്നിട്ടില്ല… അവളുടെ ഭർത്താവ് ജയിലിൽ ആണോ അതോ ഇപ്പഴും ഒളിവിൽ ആണോ എന്നൊന്നും അറിയാൻ കഴിഞ്ഞില്ല…

പക്ഷേ തളർന്നു കിടന്ന അവളെ അവൻ സ്വന്തം ചേച്ചിയെ പോലെയാണ് നോക്കിയത്…ഇടക്ക് അവളുടെ കണ്ണുകൾ നിറയും… ഡ്രെസ്സും മറ്റും മാറ്റുവാൻ അടുത്തുള്ള വീട്ടിലെ സ്ത്രീയെ വിളിക്കും…

അതിനു ശേഷം ഒരിക്കൽ പോലും ഒരു നോട്ടം കൊണ്ട് പോലും സേതു കാർത്തുവിനെ മോശമായി നോക്കിയിട്ടില്ല… നീണ്ട ഒമ്പത് വർഷങ്ങൾക്ക് ശേഷം രാവിലെ ഭക്ഷണം കൊടുക്കാൻ ചെന്നപ്പോ ഇൗ ലോകത്ത് നിന്നു തന്നെ കാർത്തു പോയിരുന്നു… ഒരു നിമിഷം ശബ്ദം പുറത്തു വരാതെ അവൻ വായ് പൊത്തി കരഞ്ഞു…

സ്വന്തം മകളെ പോലും ഒന്ന് കാണാൻ കഴിയാതെ കാർത്തു പോയി…

ബസിലെ കണ്ടക്ടർ തട്ടി വിളിച്ചപ്പോഴാണ് സേതു മയക്കത്തിൽ നിന്നും എഴുന്നേൽക്കുന്നത്… കഴിഞ്ഞതൊക്കെ ഒരു ദുഃസ്വപ്നം പോലെ അവന്റെ മനസ്സിൽ മിന്നി മറഞ്ഞു…

സേതു ബസ് ഇറങ്ങി നേരെ നടന്നത് ശാലോം ഓർഫനേജിലേക്കാണ്… അവിടെ ചെന്ന് കാർത്തുവിന്റെ മോളെ ആണ് ആവശ്യപ്പെട്ടത്…കാരണം, അവളുടെ ഭർത്താവിൻെറ വീട്ടുകാർ കാർത്തുവിന്റെ മകളെ ഇവിടെ ആക്കിയത് മുതൽ അവളുടെ എല്ലാ ചിലവും സേതു ആയിരുന്നു വഹിച്ചിരുന്നത്…

മോളെയും കൂട്ടി സേതു പിന്നീട് പോയത് അവളെ സുരക്ഷിതമായി ഏൽപ്പിക്കാൻ പറ്റിയ ഒരിടത്തേക്ക് ആയിരുന്നു.. അവന്റെ ടീച്ചറുടെ അടുത്തേക്ക് തന്നെയായിരുന്നു…

ടീച്ചറുടെ വീടിന് മുന്നിൽ അവളെ നിർത്തിയിട്ട് അവളുടെ കയ്യിൽ ഒരു എഴുത്തും കൊടുത്തിട്ട് വാതിലിൽ മുട്ടിയ ശേഷം സേതു തിരിഞ്ഞു നടന്നു…

വാതിൽ തുറന്ന ടീച്ചർ കണ്ടത് കുട്ടിയെ മാത്രമല്ല നടന്നകന്നു പോകുന്ന സേതുവിനെ കൂടിയാണ്… ടീച്ചർ വിളിച്ചു എങ്കിലും തിരിഞ്ഞു നോക്കാതെ കരഞ്ഞു കൊണ്ട് സേതു നടന്നകന്നു…

കാര്യം മനസ്സിലാവാതെ ടീച്ചർ ആ പെൺകുട്ടി കൊടുത്ത എഴുത്ത് തുറന്നു വായിച്ചു…കഴിഞ്ഞതെല്ലാം സേതു അതിൽ എഴുതിയിരുന്നു… കണ്ണ് നിറഞ്ഞു കൊണ്ട് ടീച്ചർ കുട്ടിയെ കൂട്ടാതെ അകത്തു കയറി വാതിൽ അടച്ചു… ആ പെൺകുട്ടി അത് കണ്ട് പകച്ചു കൊണ്ട് കയ്യിലെ തുണി സഞ്ചിയുമായി മുറ്റത്തേക്ക് ഇറങ്ങി…അപ്പോഴേക്കും ടീച്ചർ വീണ്ടും വാതിൽ തുറക്കുന്ന ശബ്ദം കേട്ടു…കരഞ്ഞു കൊണ്ട് ടീച്ചർ വന്ന് ആ മോളെയും കൂട്ടിക്കൊണ്ട് അകത്തേക്ക് കയറിപ്പോയി…

സേതു കൊടുത്ത കത്തിൽ മോളുടെ അച്ഛൻ ശിക്ഷ അനുഭവിക്കുന്ന ജയിലിലെ കാര്യങ്ങളും ഉണ്ടായിരുന്നു… പിറ്റേന്ന് മോളെയും കൊണ്ട് അവളുടെ അച്ഛനെ കാണാൻ പോകുവാൻ ടീച്ചർ മനസ്സിൽ ഉറപ്പിച്ചിരുന്നു… ആ നിമിഷം മുതൽ ആരുമില്ലാത്ത ടീച്ചർ ആ കുട്ടിയെ സ്വന്തം മകളെ പോലെ കണ്ടിരുന്നു…

സേതു പ്രായത്തിന്റെ പക്വത കുറവ് കൊണ്ട് ചെയ്ത തെറ്റിന് ഒരുപാട് പേര് അനുഭവിച്ചു…

ആ സമയം സേതു എവിടേക്കെന്നില്ലാതെ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നടന്നകലുന്നുണ്ടായിരുന്നു…

രചന: ശിവ എസ് നായർ

1 thought on “ഒമ്പത് വർഷം മുമ്പാണ് ആ ചെക്കനും പെണ്ണും ഇവിടെ വന്നത്…

Leave a Reply

Your email address will not be published. Required fields are marked *