കിളിക്കൂട്

രചന: Manu Reghu

ഞാൻ അശ്വതി. സ്കൂൾ ടീച്ചർ ആണ്.
ജോലി കഴിഞ്ഞു വീട്ടിലേക്കുള്ള ബസ് കാത്തു നില്കുകയായിരുന്നു. രണ്ടു കാലുകളും ഇല്ലാത്ത ഒരാൾ എന്റെ അടുത്തു വന്നു. അയാൾക്കു ലോട്ടറി കച്ചവടം ആണ്. ഞാൻ ഒരു ടിക്കറ്റ് എടുത്തു. അയാൾ അകന്നു പോകുന്നതു വേദനയോടെ ഞാൻ നോക്കി നിന്നു. എന്റെ കണ്ണുകൾ ഞാനറിയാതെ നിറഞ്ഞു തുടങ്ങിയിരിന്നു. പെട്ടന്ന് ബസ് വന്നു. ആരും കാണാതെ കണ്ണുതുടച്ചു ബസ്സിൽ കയറി. കുറച്ച് ദൂരം യാത്ര ചെയ്തു വേണം വീട്ടിൽ എത്താൻ. ആദ്യം കണ്ട സീറ്റിൽ ഇരുന്നു. കണ്ടക്ടർ ടിക്കറ്റ് തന്നു. വണ്ടി നീങ്ങി തുടങ്ങിയപ്പോൾ നേരത്തെ കണ്ട ലോട്ടറി കച്ചവടക്കാരനെ വീണ്ടും കണ്ടു.
ഉണ്ണിയേട്ടൻ മനസ്സിലേക്ക് കടന്നു വന്നു.

ഉണ്ണിയേട്ടൻ എന്റെ മുറചെറുക്കൻ ആയിരുന്നു. കുട്ടികാലത്തു എന്റെ
അച്ഛനും അമ്മയും വിദേശത്ത് ആയിരുന്നു. അതിനാൽ ഞാൻ ഉണ്ണിയേട്ടന്റെ വീട്ടിൽ ആയിരുന്നു. അപ്പൂപ്പനും അമ്മൂമ്മക്കും ഒപ്പം.
“അച്ചു ഉണ്ണിക്കുളളതാ.” അപ്പൂപ്പനും അമ്മുമ്മയും എപ്പോഴും പറയുമായിരുന്നു. ചെറുപ്പം മുതലേ ഞങ്ങൾ വലിയ കൂട്ടായിരുന്നു. ഞങ്ങൾ ഒരുമിച്ചാണ് സ്കൂളിൽ പോകുന്നതും വരുന്നതും. എന്റെ എല്ലാ ഇഷ്ടങ്ങൾക്കും വാശികൾക്കും ഉണ്ണിയേട്ടൻ കൂട്ടിനുണ്ടാകും. പറമ്പിലെ മാവിലെ മാങ്ങാ പൊട്ടിക്കാനും, ഊഞ്ഞാൽ ആടാനും, തോട്ടിൽ പോയി മീൻ പിടിക്കാനും എല്ലാം. നിഷ്കളങ്ക ബാല്യത്തിന്റെ കളങ്കം ഇല്ലാത്ത സ്നേഹം. അത്രയേ ഉണ്ടായിരുന്നുള്ളൂ.

ബാല്യം കൗമാരത്തിനു വഴിമാറിയപ്പോൾ ഞങ്ങൾക്കു ഞങ്ങളുടെതായ കാഴ്ചപ്പാടുകൾ ഉണ്ടാകാൻ തുടങ്ങി. എന്നാൽ എന്റെ എല്ലാ കാര്യങ്ങളിലും അവസാന തീരുമാനം എടുക്കുന്നത് ഉണ്ണിയേട്ടൻ ആയിരുന്നു. ഏതു ഡ്രസ്സ്‌ ഇടണം, ആരുമായി ചങ്ങാത്തം കൂടണം, എവിടെയൊക്കെ പോകണം എന്നിങ്ങനെ,…. എനിക്കും അതായിരുന്നു ഇഷ്ടം.

ഗൾഫിൽ ആയിരുന്ന അമ്മയും അച്ഛനും നാട്ടിൽ വരുന്നതു വരെ അങ്ങനെ തന്നെ ആയിരുന്നു. അവർ വന്നതോടെ ഞങ്ങൾ പുതിയ വീട് വെച്ച് മാറി. അതോടെ പിന്നെ വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രമേ ഉണ്ണിയേട്ടനെ കാണാൻ കഴിയുമായിരുന്നുന്നുള്ളൂ….. അങ്ങനെ കാത്തിരുന്നു കാണാൻ എന്തോ ഒരു സുഖമുള്ളതു പോലെ ….

കാലം വീണ്ടും സഞ്ചരിച്ചു. യൗവ്വനം എന്ന പുതിയ കിരീടം ഞങ്ങൾക്ക് കാലം ചാർത്തി തന്നു. രണ്ടുപേരും വളർന്നു. ഇപ്പോൾ തമ്മിൽ കാണാൻ ഓരോ കാരണങ്ങൾ ഞങ്ങൾ ഉണ്ടാക്കി. രണ്ടുപേർക്കും കാണാതിരിക്കാൻ കഴിയാത്ത അവസ്ഥ. കണ്ടു കഴിഞ്ഞാൽ കളിയും ചിരിയും തമാശകളും.. പിരിയാൻ നേരം സങ്കടവും കരച്ചിലും. ചിലപ്പോൾ ഇതിനെയാകും പ്രണയം എന്നൊക്കെ പറയുന്നത്. എല്ലാത്തിനും വീട്ടുകാരുടെ മൗനസമ്മതം ഉണ്ടായിരുന്നു.

ഉണ്ണിയേട്ടന് ജോലി കിട്ടി ബാംഗ്ലൂരിൽ പോയി. ഞാൻ B Ed നു ചേർന്നു. എല്ലാ ആഴ്ചയും വിളിക്കും. ഉണ്ണിയേട്ടൻ പോയതിനു ശേഷം വല്ലാത്ത ഒരു ഒറ്റപ്പെടൽ തോന്നി. എല്ലാരും ഉണ്ടായിട്ടും ആരും ഇല്ലാത്ത പോലെ. ഉണ്ണിയേട്ടന്റെ ഓരോ വിളിക്കും ഞാൻ കാത്തിരുന്നു. ഉണ്ണിയേട്ടന്റെ അവസ്ഥയും മറ്റൊന്നായിരുന്നില്ല. പിന്നെ വിളികളുടെ എണ്ണം കൂടി. ദിവസേന വിളിയായി.

അങ്ങനെ വർഷങ്ങൾ വീണ്ടും കടന്നു പോയി. എനിക്കും ഒരു സ്കൂളിൽ ജോലി കിട്ടി. പിന്നെ വീട്ടുകാർ കല്യാണം എന്ന വിഷയം എടുത്തിട്ടു. എന്റെ മനസ്സിൽ എന്താണ് എന്നറിയാമായിരുന്ന അച്ഛൻ ഉണ്ണിയേട്ടന്റെ വീട്ടിൽ പോയി സംസാരിച്ചു. എല്ലാം ഒന്ന് സംസാരിച്ചു ഉറപ്പിച്ചു. അതോടെ ഞങ്ങൾക്കു ലൈസൻസ് കിട്ടി. നല്ല ഒരു ദിവസം നോക്കി നിശ്ചയം നടത്താൻ തീരുമാനം ആയി. ഞങ്ങക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. വീണ്ടും ഞങ്ങൾ സ്വപ്‌നങ്ങൾ നെയ്തുകൂട്ടി.
സ്വന്തമായി ഒരു വീട്, കുടുംബം, കുട്ടികൾ ഇങ്ങനെ ഓരോന്നും.

പിന്നെ കുറച്ചു ദിവസം ഉള്ള ഉണ്ണിയേട്ടന്റെ വിളി വന്നില്ല. അങ്ങോട്ട്‌ വിളിച്ചിട്ട് കിട്ടുന്നില്ല. വീട്ടിൽ വിളിച്ചപ്പോൾ അമ്മായി പറഞ്ഞു ജോലിതിരക്ക് ആണെന്ന്. എനിക്കാകെ വിഷമം ആയി. ആകെ ഭ്രാന്ത് പിടിച്ച അവസ്ഥ. ഒരു മാസം കഴിഞ്ഞിട്ടും ഉണ്ണിയേട്ടന്റെ ഒരു വിവരവും ഇല്ല. ബാംഗ്ലൂർ വരെ പോയാലോ എന്നുവരെ ചിന്തിച്ചു.. അത്രയും ദൂരം ഞാൻ ഒറ്റയ്ക്ക് പോകാൻ അമ്മയും അച്ഛനും സമ്മതിക്കില്ല.

പിന്നെയും രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഉണ്ണിയേട്ടന്റെ കാൾ വന്നു. പക്ഷെ അതു നാട്ടിലെ നമ്പർ ആയിരുന്നു. ഞാൻ ആകെ വല്ലാണ്ടായി. സന്തോഷവും, ദുഃഖവും, ദേഷ്യവും എല്ലാംകൊണ്ട് എനിക്കു സംസാരിക്കാൻ പോലും കഴിഞ്ഞില്ല. അവസാനം ഉണ്ണിയേട്ടൻ തന്നെ സംസാരിച്ചു തുടങ്ങി.

“അച്ചു, നീയെന്താ ഒന്നും മിണ്ടാത്തത്. ”

“വേണ്ട, ഉണ്ണിയേട്ടൻ ദുഷ്ടനാ. എന്നോട് സ്നേഹം അഭിനയിക്കുകയാണ്. ഒന്നര മാസമായി ഉണ്ണിയേട്ടൻ ഒന്ന് വിളിച്ചിട്ട്. എന്നിട്ട് ഇപ്പോൾ മിണ്ടാത്തത് എന്താണെന്നു അറിയാൻ വിളിച്ചിരിക്കുന്നു.”

“അച്ചു, ഞാൻ പറയുന്നത് നീ കേൾക്കു. ”

“എനിക്കൊന്നും കേൾക്കണ്ട. എനിക്കു ഉണ്ണിയേട്ടനെ കണ്ടാൽ മതി. ”

“ഇല്ല. നീ കേട്ടെ പറ്റു. ഇനി നമ്മൾ തമ്മിൽ കാണാൻ പാടില്ല. ഒരിക്കലും. നീ എല്ലാം മറക്കണം. എന്നോട് ക്ഷമിക്കണം. ”

ഞാൻ തിരിച്ചു എന്തെങ്കിലും പറയുന്നതിന് മുൻപ് ഉണ്ണിയേട്ടൻ ഫോൺ കട്ട്‌ ചെയ്തു. എനിക്കു ഒന്നും മനസിലായില്ല. ഉണ്ണിയേട്ടൻ എന്നെ ചതിച്ചോ ??? ഇനി മറ്റേതെങ്കിലും പെണ്ണുമായി അടുപ്പം ആയോ ?? ഇങ്ങനെയുള്ള സംശയങ്ങൾ എന്റെ മനസ്സിൽ കടന്നുകൂടി. എന്തു തന്നെ ആണെങ്കിലും അതു ഉണ്ണിയേട്ടന്റെ മുഖത്ത് നിന്നും നേരിട്ട് കേൾക്കണം.

എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു. രാവിലെ തന്നെ ഉണ്ണിയേട്ടന്റെ വീട്ടിലേക്ക് പുറപ്പെട്ടു. ബസ് ഇറങ്ങി വീട്ടിലേക് നടന്നപ്പോൾ പണ്ട് ഓടികളിച്ച തൊടിയും മറ്റും കണ്ടപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞ്. നിറഞ്ഞ കോപത്തോടെ ഞാൻ അവിടെ കയറി ചെന്നു. അമ്മായി ഉമ്മറത്തു തുണി ഉണക്കാൻ ഇടുകയയിരുന്നു. അമ്മായി ആകെ കോലം കെട്ടു. ഞാൻ ചോദിച്ചു.

” അയാളെവിടെ, ഉണ്ണിയേട്ടൻ. ”

” ഇതാരാ, അച്ചുമോളോ, അകത്തേക്ക് കയറി വാ. ഞാൻ മോൾക്ക്‌ കുടിക്കാൻ എടുക്കാം. ”

“വേണ്ട അമ്മായി, എനിക്കു ഉണ്ണിയേട്ടനെ കണ്ടിട്ട് ഉടനെ പോണം. ”

“എന്താ മോളെ. നീ നല്ല ദേഷ്യത്തിൽ ആണല്ലോ. ഉണ്ണി വിളിച്ചിരുന്നോ നിന്നെ ”

“ഓ, അപ്പോൾ അമ്മായിയും അറിഞ്ഞോണ്ടാണല്ലേ . ഇങ്ങനെ ഒഴിവാക്കാൻ ആയിരുന്നെങ്കിൽ പിന്നെ എന്തിനാ എന്നെ വെറുതെ മോഹിപ്പിച്ചതു. ഞാൻ എന്തു തെറ്റാ നിങ്ങളോട് ചെയ്തത്. ”

“നീ ഒരു തെറ്റും ചെയ്തിട്ടില്ല മോളെ. ഞങ്ങൾക്കു നിന്നെ ഒത്തിരി ഇഷ്ടമാണ്. പക്ഷെ….. ”
( അമ്മായിയുടെ കണ്ണുകൾ നിറഞ്ഞോഴുകി. ഞാൻ അമ്മായിയെ ആശ്വാസിപ്പിച്ചു. )

“നിങ്ങൾക്കൊക്കെ എന്താണ് പറ്റിയത്. ഉണ്ണിയേട്ടൻ എവിടെയാ ”

“അവൻ മുകളിൽ ഉണ്ട്, മോളു പോയി കണ്ടിട്ട് വാ. ”
( അമ്മായി അപ്പോഴും കരയുന്നുണ്ടായിരുന്നു.)

ഒന്നും മനസ്സിലാകാതെ ഞാൻ മുകളിലെ ഉണ്ണിയേട്ടന്റെ മുറിയിൽ എത്തി.
വാതിൽ പാതി ചാരിയിരുന്നു. തുറന്നു അകത്തു കയറിയപ്പോൾ അവിടെ ഉണ്ണിയേട്ടൻ ജനലിന്റെ അരികിൽ കിടന്ന മേശയിൽ തല വെച്ച് ഇരിക്കുന്നു. ഞാൻ ഉണ്ണിയേട്ടനെ വിളിച്ചു. ഒന്നു നിവർന്നു പോലും നോക്കിയില്ല. എനിക്കു ദേഷ്യമായി.

“ഉണ്ണിയേട്ടാ.. ഞാൻ നിങ്ങളെ കാണാനാ വന്നത്.”

“അച്ചു, നിന്നെ കാണണ്ട എന്ന് ഞാൻ പറഞ്ഞതല്ലേ. ”

“അതിന്റെ കാരണം അറിയാനാ ഞാൻ വന്നത്.”

“എനിക്കു നിന്നോട് ഒന്നും സംസാരിക്കാനില്ല. നിന്നെ കാണാനും താല്പര്യമില്ല. ദയവായി ഇനി ഇങ്ങോട്ട് വരരുത്. ”

എനിക്കു ദേഷ്യവും സങ്കടവും മനസ്സിൽ നിറഞ്ഞു. എന്റെ നിയന്ത്രണം കൈവിട്ടു പോയി. ഞാൻ പൊട്ടിക്കരഞ്ഞു. അൽപനേരത്തെ മൗനത്തിനു ശേഷം ഞാൻ തുടർന്നു.

“ശരി ഉണ്ണിയേട്ടാ. നിങ്ങളുടെ ഇഷ്ടം അതാണെങ്കിൽ അങ്ങനെ നടക്കട്ടെ. പക്ഷെ ഒരു കാര്യം നിങ്ങൾ ഓർക്കക്കുന്നത് നല്ലത്. നിങ്ങളെ ഞാൻ എന്റെ ജീവനേക്കാൾ സ്നേഹിച്ചു. എന്നെ വേദനിപ്പിച്ച നിങ്ങൾക്കു അതിനുള്ള ശിക്ഷ ദൈവം തന്നിരിക്കും. എന്റെ ശാപം നിങ്ങളെ വിടാതെ പിന്തുടരും. ”

കരഞ്ഞുകൊണ്ട് തിരിഞ്ഞു നടന്ന ഞാൻ ഒരുനിമിഷം സ്തംഭിച് നിന്നു. മനസ്സിലൂടെ ആ കാഴ്ച ഒരിക്കൽ കൂടി കടന്നുപോയി. വീണ്ടും ഒരുവട്ടം കൂടി ഞാൻ ഓർത്തു. പിടയുന്ന നെഞ്ചോടെ ഞാൻ വീണ്ടും ആ മുറിയിൽ കയറി. വീൽ ചെയർ…ഞാൻ കണ്ടത് സത്യമായിരുന്നു. ഇതെന്തിനാ ഉണ്ണിയേട്ടന്റെ മുറിയിൽ എന്നു ഞാൻ ആലോചിച്ചു. ഒരു യന്ത്രം പോലെ ഞാൻ ഉണ്ണിയേട്ടന്റെ അടുത്തേക്ക് നടന്നു. കുട്ടികാലത്തു എന്നോടൊപ്പം എല്ലായിടത്തും ഓടിനടന്ന ഉണ്ണിയേട്ടന്റെ കാലുകൾ മുറിച്ചു മാറ്റപെട്ടിരിക്കുന്നു. എന്റെ നെഞ്ചിടിപ്പ് നിലച്ചുപോയി. ഞാൻ ആ മുഖം പിടിച്ചുയർത്തി. ഉണ്ണിയേട്ടൻ കരയുകയാണ്. ഞാനും കരഞ്ഞുകൊണ്ട് ഉണ്ണിയേട്ടന്റെ നെറുകയിൽ ചുംബിച്ചു. എന്റെ കണ്ണുനീർ ഉണ്ണിയേട്ടന്റെ കവിളിലൂടെ ഒഴുകി.

ബാംഗ്ലൂർ വെച്ചുണ്ടായ ഒരു അപകടത്തിൽ ഉണ്ണിയേട്ടന്റെ രണ്ടു കാലുകളും നഷ്ടപ്പെട്ടു.
ഉണ്ണിയേട്ടൻ ആകെ തകർന്നു. സ്വപ്നം കണ്ട ജീവിതം കയ്യെത്തും ദൂരത്തു വന്നിട്ട് അത് നഷ്ടമായി എന്നോർത്ത് വേദനിച്ചു. ഒടുവിൽ എന്നെ ഉണ്ണിയേട്ടന്റെ ജീവിതത്തിൽ നിന്നു ഒഴിവാക്കുവാൻ തീരുമാനിച്ചത് കൊണ്ടാണ് ഇങ്ങനെ ഒരു നാടകം എല്ലാരും ചേർന്നു കളിച്ചത്. (എന്റെ അച്ഛന്റെ സ്വാർത്ഥത കൊണ്ടാകാം )

ഹൃദയം നുറുങ്ങിയ വേദനയോടെ ഞാൻ വീട്ടിലേക്കു പോയി. ഉണ്ണിയേട്ടനെ കാണാൻ പോകുമ്പോൾ അച്ഛൻ വിലക്കുമായിരുന്നു. മാസങ്ങൾ വീണ്ടും കടന്നു പോയി. അച്ഛൻ എനിക്കു വേറെ കല്യാണം ആലോചിക്കാൻ തുടങ്ങി. നല്ല ഒരു ആലോചന ഉറപ്പിച്ചു. കാര്യങ്ങൾ ഒക്കെ വേഗത്തിൽ നടന്നു. നിശ്ചയതിനു തീയതി കുറിച്ചു. എനിക്കൊഴികെ വീട്ടിൽ എല്ലാർക്കും സന്തോഷം…

“ടീച്ചർ എന്താ ആലോചിക്കുന്നത്. ഇറങ്ങുന്നില്ലേ. സ്ഥലം എത്തി. ”

കണ്ടക്ടറുടെ ശബ്ദം എന്നെ ചിന്തകളിൽ നിന്നും ഉണർത്തി. വീട്ടിലേക് പാലും മറ്റും വാങ്ങി വീട്ടിലേക് നടന്നു കയറുമ്പോൾ ഉണ്ണിയേട്ടനും മക്കളും മുറ്റത്തു ചെടികൾ നനക്കുകയാണ്. മൂന്നാളും കൂടിയാൽ നല്ല മേളം തന്നെയാണ്. വീൽ ചെയറിൽ ആണെങ്കിലും ഉണ്ണിയേട്ടൻ ആക്റ്റീവ് ആയിരുന്നു. ഞാൻ അൽപനേരം ആ കാഴ്ച നോക്കി നിന്നു. ഒരു സ്ത്രീ എന്ന നിലയിൽ ആ കാഴ്ച എന്നെ ആഹ്ലാദിപ്പിച്ചു. ഒരു അമ്മയെന്ന നിലയിൽ അഭിമാനിച്ചു.

കാലുകൾ ഇല്ലാത്തവൻ എന്നു പറഞ്ഞു അന്ന് ഉണ്ണിയേട്ടന് പകരം അച്ഛൻ കണ്ടെത്തിയ ആളെ സ്വീകരിച്ചിരുന്നു എങ്കിൽ ഇത്രയും സ്നേഹമുള്ള ഒരു ഭർത്താവിനെ നഷ്ടമാകുമായിരുന്നു. മക്കൾക്ക്‌ ഇത്രയും നല്ല ഒരച്ചനും. എല്ലാത്തിനും ഉപരി നല്ല ഒരു കുടുംബനാഥനെയും. ഒത്തിരി കാലങ്ങൾ എടുത്തു ഉണ്ണിയേട്ടനെ പഴയ ജീവിതത്തിലേക്ക് കൊണ്ടുവരാൻ. ഞങ്ങൾ ഇപ്പോൾ സന്തോഷമായി ജീവിക്കുന്നു. ഒരു പക്ഷെ മറ്റാരേക്കാളും.

കൂടണഞ്ഞ അമ്മക്കിളിയെ പ്പോലെ ഞാൻ എന്റെ വീട്ടിനുള്ളിലേക്ക് നടന്നു. എന്റെ ഉണ്ണിയേട്ടനും മക്കളും ഉള്ള ഞങ്ങളുടെ കൊച്ചു കൂട്ടിലേക്ക്……

രചന: Manu Reghu

Leave a Reply

Your email address will not be published. Required fields are marked *