ഇക്ക ഡയറി എഴുതാറൊക്കെ ഉണ്ടോ,ഇവിടുന്ന് ഞാൻ ഇത് വരെ കണ്ടിട്ടില്ലല്ലോ അവൾ ചിന്തിച്ചു.

രചന: എന്ന് സ്വന്തം ബാസി

പെട്ടിയിൽ ഒതുക്കി വെച്ച വസ്ത്രങ്ങൾ എടുത്ത് ആലമാരയിലേക്ക് മാറ്റി കൊണ്ടിരിക്കുമ്പോഴാണ് ശർട്ടുകൾക്കിടയിൽ നിന്നൊരു ഡയറി നിലത്തു വീണത്.

അലസമായത് തൊട്ടടുത്ത മേശപ്പുറത്തേക്ക് എടുത്തു വെച്ച് തന്റെ ജോലിയിൽ മുഴുകിയിരിക്കുമ്പോഴാണ് ഇക്ക കുളി കഴിഞ്ഞ് അകത്തേക്ക് കയറി ചെന്നത്.

“ഇതെന്തിനാ പുറത്തേക്ക് വലിച്ചിട്ടെ” എന്നും ചോദിച്ച് ഡയറി എടുത്ത് അലമാരക്കകത്തെ വലിപ്പിലേക്ക് വെച്ച് പൂട്ടിയപ്പോൾ അവളുടെ മനസ്സിൽ അതിലെന്താണ് ഇത്ര സ്വകാര്യമായി വെക്കാൻ എന്ന ചിന്തയായിരുന്നു.

“എടി ഞാൻ അമ്മായിയെ ഒക്കെ ഒന്ന് കണ്ടിട്ടു വരാം… വന്നിട്ടിപ്പൊ മൂന്ന് ദിവസം ആയില്ലേ,ഇനിയും പോയില്ലേൽ മോശാണ്…”

ആ എന്ന് സമ്മതം മൂളി ഇക്കയെ യാത്രയാക്കി അകത്തു കടക്കുമ്പോൾ ഡയറിക്കകത്ത് എന്താവും എന്ന ചിന്ത അവളെ നേരെ അലമാരക്ക് ചാരേക്ക് നടത്തി.

പതിയെ അതിൽ ചെന്ന് തൊട്ടപ്പോൾ എന്തോ പാപം ചെയ്യാൻ പോകുന്ന പോലെ തോന്നി തുറക്കാൻ മനസ്സ് അനുവദിക്കാതെ ഒന്ന് പിൻവാങ്ങി.

എന്തെങ്കിലും കണക്കോ മറ്റോ ആകും എന്ന് കരുതി മനസ്സിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും മനസ്സ് ആശ്വാസം ലഭിക്കാതെ വന്നപ്പോൾ ഇനി അതിനകത്ത് എന്താണ് എന്ന് അറിഞ്ഞില്ലെങ്കിൽ തനിക്ക് രാത്രി ഉറങ്ങാനാവില്ല എന്ന് കരുതി ദൈര്യം സംഭരിച്ച് ഡയറി കയ്യിലെടുത്തു.

മടിയോടെ ആദ്യ പേജ് മറിച്ചു ,റഹീം എന്ന് എഴുതിയിരിക്കുന്നു.പിന്നെയും ഒന്ന് കൂടെ മറിച്ചു.

“ഈ കടലിനിക്കരെ എന്റെ നോവുകൾ ഉൾകൊള്ളാൻ നിന്നോളം മറ്റാർക്കു കഴിയും…”എന്ന് കുറിച്ചിരിക്കുന്നു.

ഇക്ക ഡയറി എഴുതാറൊക്കെ ഉണ്ടോ,ഇവിടുന്ന് ഞാൻ ഇത് വരെ കണ്ടിട്ടില്ലല്ലോ അവൾ ചിന്തിച്ചു.

പുതുമയുടെ മണം മങ്ങാത്ത കാലിയായി കിടക്കുന്ന ആദ്യ പേജുകൾക്ക് ശേഷം വിരലുകൾ തട്ടി പഴകിയ പേജുകൾ അവൾ പതിയെ മറിച്ചിടാൻ തുടങ്ങി.

ഫെബ്രുവരി 12
“വിവാഹത്തിന് ശേഷം ആദ്യമായുള്ള ഈ മടക്കം എന്നെ ഏറെ വേദനിപ്പിച്ചു, എന്റെ സുലു എന്നെ കെട്ടിപ്പിടിച്ച് ഇക്കാക്ക് പോകാതിരുന്നൂടെ എന്ന് ചോദിച്ച് പൊട്ടി കരയുമ്പോൾ ഒരു മുത്തം നൽകി ആരെങ്കിലും കാണും എന്ന് പറഞ്ഞു അവളെ എന്നിൽ നിന്ന് അടർത്തി മാറ്റുമ്പോൾ എനിക്കറിയമായിരുന്നു അവൾക്ക് എന്റെ കൂടെ ജീവിച്ചു കൊതി തീന്നിട്ടില്ലെന്ന്. സുലോ മാപ്പ്… ഈ ഇക്കാക്ക് നിന്നെ പിരിഞ്ഞിരിക്കാൻ കഴിഞ്ഞിട്ട് ഒന്നും അല്ലെടി…എന്റെ പ്രാരാബ്ദങ്ങൾ അത്രക്കും വലിയത് ആണെന്ന് നിനക്ക് തന്നെ അറിഞ്ഞുടെ… മാപ്പ്… മാപ്പ്. സിനിയുടെ കല്യാണ കടം എല്ലാം വീട്ടി,ബാങ്കിലെ കടം എല്ലാം തീരുമ്പോൾ പിന്നെ ഞാൻ നിന്നെ വിട്ട് എവിടെയും പോകില്ലെടി… അത് വരെ നീ എനിക്കായി കാത്തിരിക്കണം, ഒരിക്കലും ഈ ഇക്കാനെ ശപിക്കരുത്…പ്ലീസ്”

നിറഞ്ഞു വന്ന കണ്ണുനീർ തുള്ളികളെ തട്ടത്തിന്റെ അറ്റം കൊണ്ട് തുടച്ച് താളുകൾ മെല്ലെ മറിച്ചു. ശൂന്യമായ പേജുകൾ പലത് കടന്ന് അക്ഷരങ്ങളെ തേടി ആ മിഴികൾ നടന്നു.

“രണ്ട് മാസം കഴിഞ്ഞപ്പോഴേക്കും സുലു ആകെ മാറിയിരിക്കുന്നു. അവളിപ്പോൾ എന്നോട് ദേശ്യപ്പെടാനും വാശി പിടിക്കാനും ഒക്കെ പഠിച്ചിട്ടുണ്ട്.

ഇന്ന് വിളിച്ചപ്പോൾ ഏറെ ദേഷ്യപ്പെട്ടു.ഉമ്മാനെ നോക്കാൻ അവൾക്ക് കഴിയില്ലത്രേ…

ഉമ്മ അകത്ത് തുപ്പുന്നു പോലും, ഉമ്മാക്ക് പ്രായം ആയില്ലേ അതുകൊണ്ടാവും എന്റെ ഉമ്മ അങ്ങനെ അകത്ത് തുപ്പുന്ന ആളൊന്നും അല്ലായിരുന്നു എന്ന് പറയുമ്പോൾ ഉമ്മ അവളോട് ദേഷ്യപ്പെടുന്നത് എനിക്ക് കേൾക്കാമായിരുന്നു. ഉമ്മയുടെ കരച്ചിലും ജീവിതത്തിൽ ഇന്ന് ആദ്യമായി കേട്ടു, ഉമ്മാക്ക് സുലുനെ വേണ്ടാന്ന്. ഞാൻ എന്താ ഉമ്മനോട് പറയ…

എനിക്ക് അവളോട് ഇഷ്ട്ടം ഇല്ല, അതാണ് ഞാൻ ഉമ്മാന്റെ ഭാഗത്തു നിന്ന് സംസാരിക്കുന്നത് പോലും… ഞാൻ എന്താ പറയാ… എന്റെ ഹൃദയം മുറിച്ച് കാണിക്കാനൊന്നും എനിക്ക് പറ്റില്ലല്ലോ.”

ഓർമ്മകളിലേക്ക് ഊളിയിട്ട് കവിൾ തടത്തിലൂടെ ഒഴുകി ഒലിക്കുന്ന കണ്ണുനീർ തുള്ളികളെ അവഗണിച്ച് ആകാംക്ഷയോടെ ഇക്കയുടെ ഹൃദയം തേടി അവൾ താളുകൾ മറിച്ചു.

“സുലുവിന് ട്യൂർ പോകണം, ഇഖാമ പുതിക്കിയപ്പോൾ എന്റെ കയ്യിലാണെങ്കിൽ പണം ഒന്നും ഇല്ല, അവൾ ആണെങ്കിൽ വാശി പിടിക്കുകയും ചെയ്യുന്നു. ഇനി ഇപ്പൊ ഞാൻ എന്ത് ചെയ്യും…

അവൾക്ക് കൊടുക്കണം…എവിടുന്നെങ്കിലും കടം വാങ്ങി കൊടുക്കണം…ഞാൻ അല്ലാതെ പിന്നെ ആരാ അവൾക്ക് കൊടുക്കാൻ ഉള്ളത്… ബാപ്പ ഇല്ലാത്ത അവൾ ഇത്ര കാലവും ട്യൂറൊന്നും പോയി കാണില്ല, അവളുടെ കൊതി കൊണ്ടാവും…

ഇത്തിരി വാശി ഉണ്ടെന്നെ ഉള്ളു, അവൾ പാവാണ്… ആ വാശി മുഴുവൻ എന്നോടുള്ള സ്നേഹാണ് എന്ന് എനിക്കറിയാം,അല്ലെങ്കിൽ പിന്നെ അവൾ എല്ലാരോടും വാശി പിടിക്കേണ്ടത് അല്ലെ…”

അവൾ ഡയറി ഹൃദയത്തോട ചെർത്തു വെച്ച് കുറച്ചു നേരം കട്ടിലിൽ കണ്ണടച്ചു കിടന്നു.അപ്പോൾ ആ മിഴികളിൽ നിറഞ്ഞ കണ്ണീർ തുള്ളികൾ ഓരോന്നായി കവിളിലൂടെ മുടി ഇഴകളിൽ ഒളിച്ചുകൊണ്ടിരുന്നു.

“നാളെ എന്റെ സുലുന്റെ അടുത്തേക്ക് പോണം, ഇനിയുള്ള രണ്ടു മാസം അവളുടെ മാത്രമായി ജീവിക്കണം, അവൾ കരഞ്ഞ രാവുകളുടെ എണ്ണം ചോദിച്ച് മുത്തം കൊടുത്തുറക്കണം. ഹോ ഈ രാത്രിക്ക് ഇത് എന്തൊരു ദൈർഗ്യമാണ്…

എന്നാലും ഒന്ന് ഇപ്പോഴും എന്നെ വല്ലാതെ അലട്ടുന്നുണ്ട്… മടങ്ങുമ്പോൾ അവൾക്കും കൂടെ ഇങ്ങോട്ട് പോരണം പോലും…

അപ്പുറത്തെ വീട്ടിലെ റസീന ഒക്കെ ഭർത്താവിന്റെ കൂടെ പോയി പോലും…
അവളുടെ ഭർത്താവിനെ പോലെ സമ്പന്നനാണോ ഞാൻ,എനിക്ക് ചെന്നൈയിൽ കട ഉണ്ടോ…അവരെ പോലെ ആയിരുന്നേൽ എന്റെ സുലുനെ ഞാൻ എന്നോ ഇങ്ങോട്ട് കൊണ്ട് വരൂലെ…

എന്നാലും അവളുടെ കരച്ചിൽ കേൾക്കുമ്പോൾ എങ്ങനെ കയ്യില്ലെന്ന് പറയാ… കയ്യില്ലേലും ഞാൻ അവൾക്ക് വാക്ക് കൊടുത്തു പോയി… ഇനി എങ്ങനെ അവളെ ഒന്ന് പറഞ്ഞു മനസ്സിലാക്കുക എന്നെനിക്ക് അറിയില്ല…”

“സുലു വാതിൽ തുറന്നെ…”
പുറത്ത് ഇക്കയുടെ ശബ്ദം കേട്ട് സ്നേഹത്തോടെ വാതിൽ തുറക്കാനായി അവൾ ഓടി.

“ദാ വരുന്നു…”

വാതിലിനു മുമ്പിൽ കണ്ണീരോടെ നിൽക്കുന്ന സുലുവിനെ കണ്ട് ഭയത്തോടെ അയാൾ ചോദിച്ചു.

“എന്തേ എന്തു പറ്റി…”

“ഇക്ക എന്നോടെന്താ ഇതൊന്നും പരായാതിരുന്നെ…” കയ്യിലെ ഡയറി നീട്ടി പിടിച്ചു കൊണ്ട് അവൾ അവനോട് ചോദിച്ചു.

“ഉം ഒന്നുല്ല”

“എന്നോട് പറഞ്ഞാൽ എന്താ… നിങ്ങക്ക്” അവൾ കറഞ്ഞു കൊണ്ട് ചോദിച്ചു.

“വെറുതെ നിന്നെ കൂടി വേദനിപ്പിക്കണ്ടാന്ന് കരുതി… അല്ലെങ്കിലും നിനക്ക് വേണ്ടി അല്ലെ ഞാൻ ഈ ജീവിക്കുന്നത് മുഴുവൻ, പിന്നെ നിന്റെ കണ്ണീർ എനിക്ക് കാണാൻ കഴിയോ…”ഒരു ചിരി സൃഷ്ടിച്ചു കൊണ്ട് അവൻ മറുപടി പറഞ്ഞു.

“എനിക്ക് അങ്ങോട്ട് പോരണ്ട ട്ടൊ… നമ്മൾ റസീനനെ പോലെ പൈസക്കാർ ഒന്നും അല്ലല്ലോ…”
അവന്റെ കവിളിൽ പിടിച്ച് കൊണ്ടവൾ സ്നേഹത്തോടെ, കണ്ണീരോടെ പറഞ്ഞപ്പോൾ അവളെ ചേർത്തു പിടിച്ചു അവളുടെ മുടിയിഴകളിൽ തലോടി കൊണ്ട് അവൻ ആശ്വാസം പകർന്നു കൊണ്ട് പറഞ്ഞു.

“എല്ലാം ശരിയാകും ടീ… ഒരു രണ്ട് വർഷം കൂടി… അപ്പോഴേക്ക് എല്ലാ കടങ്ങളും തീരും… എന്നിട്ട് പിന്നെ എന്നും ഞാൻ നിന്റെ കൂടെ തന്നെ കാണും പോരെ…”

ആ എന്ന് തലയാട്ടിയപ്പോൾ ഒന്ന് ചിരിക്കെടി എന്ന് പറഞ്ഞു അവളുടെ കവിളിൽ നുള്ളി.ആ പുഞ്ചിരിക്ക് അനന്തമായ,അറുത്തു മാറ്റാനാവാത്തൊരു പ്രണയത്തിന്റെ ഭാഷ ഉണ്ടായിരുന്നു.

✍ബാസി

💕💕 ഇഷ്ട്ടം ആയാലും ഇല്ലേലും ഒരു വാക്കോ വരിയോ എനിക്കായി കുറിക്കണെ… 💕💕

രചന: എന്ന് സ്വന്തം ബാസി

Leave a Reply

Your email address will not be published. Required fields are marked *