ഈ അടുക്കളപണിക്കാരന് വേണ്ടി പെണ്ണ് ചോദിച്ചു നടക്കാൻ നിങ്ങൾക്ക് നാണമില്ലേ…

രചന: ഗീതു സജീവൻ

“ഈ അടുക്കളപണിക്കാരന് വേണ്ടി പെണ്ണ് ചോദിച്ചു നടക്കാൻ നിങ്ങൾക്ക് നാണമില്ലേ നാണുബ്രോക്കറെ… തനിക്കു ബ്രോക്കർ ഫീസ് കിട്ടാൻ ആണെങ്കിൽ വല്ല സർക്കാർ ജോലിക്കാരനും ഉണ്ടെകിൽ കൊണ്ടു വായോ..അല്ലാതെ ഇത് ഒരുമാതിരി… ”

വീടിന്റ ഉമ്മറത്തിരുന്നു മുറ്റത്തേക്ക് നീട്ടിതുപ്പി പെണ്ണിന്റ അമ്മാവനത് പറഞ്ഞപ്പോൾ എപ്പോഴും ചുണ്ടിൽ വിടരുന്ന പുഞ്ചിരി വിടാതെ തന്നെ ബാലു പതിയെ ഇരുന്നിടത്തു നിന്നു എണീറ്റു…

“എങ്കിൽ നമുക്ക് ഇറങ്ങാം ലെ നാണുവേട്ടാ… ” എന്ന് പറഞ്ഞുകൊണ്ടു ബാലു പതിയെ ആ വീട്ടിൽ നിന്ന് ഇറങ്ങി…

“മോനെ…ഞാൻ…”

“ഇങ്ങളൊന്നും പറയണ്ട എന്റെ നാണുവേട്ടാ.. ഇതിപ്പോ ആദ്യത്തെ ഒന്നും അല്ലാലോ… കഴിഞ്ഞ ആറെണ്ണവും ഇതേ കാരണം പറഞ്ഞല്ലേ അലസിപോയത്… അല്ലേലും പെൺവീട്ടുകാരെ തെറ്റ് പറയാൻ പറ്റുവോ..?? സർക്കാർ ജോലിക്കാർക്ക് തന്നെ കെട്ടാൻ ഈ നാട്ടിൽ പെണ്ണില്ല… അപ്പോഴാ ഒരു അടുക്കളക്കാരനായ ഞാൻ… ”

“അങ്ങനെ ഒന്നും പറയണ്ട ബാലുവേ… നീ വന്നു വണ്ടിയിലോട്ട് കേറിയേ… തോട്ടപ്പള്ളി കിഴക്ക് ഒരു പെണ്ണ് ഉണ്ട്.. നമുക്ക് ഇന്ന് തന്നെ അതൂടി കണ്ടിട്ട് പോകാം… മിക്കവാറും അതായിരിക്കും നിനക്ക് വിധിച്ചിരിക്കുന്ന പെണ്ണ്.. ”

“വേണ്ട നാണുവേട്ടാ… ഞാൻ ഇല്ല… പെണ്ണുകെട്ടാൻ ആഗ്രഹം ഉണ്ടായിട്ട് ഒന്നുമല്ല ഇങ്ങടെ കൂടെ ഇതിന് ഇറങ്ങി തിരിച്ചത്.. പെങ്ങള് കുട്ട്യോളൊക്കെ കെട്ടിച്ചയച്ചപ്പോ വീട് ഉറങ്ങിയപോലെ.. പിന്നെ ഒരു അനക്കോം താളവും ഒക്കെ വരണമെങ്കിൽ ഒരു പെണ്ണ് വന്നു കേറിയേ മതിയാകൂ എന്ന് അവറ്റോൾ വിധിച്ചേ… എങ്കി പിന്നെ അങ്ങനെ ആവട്ടെ എന്ന് ഞാനും വെച്ചു.. ഇത് ഇങ്ങനെ അങ്ങ് തീരട്ടെ…നമുക്ക് പോകാം ”

“മോൻ പൊയ്ക്കോ എങ്കിൽ… എനിക്ക് ഇവിടെ ഒന്നു രണ്ടിടത്തു കൂടി കേറാൻ ഉണ്ട്… ഞാൻ നാളെയോ മറ്റന്നാളോ സമയം പോലെ അങ്ങോട്ടിറങ്ങാം… ”

ശരിയെന്നു തലയാട്ടി ബാലു ബൈക്ക് എടുത്തു പോകുന്നത് നാണു നോക്കി നിന്നു… കണ്മുന്നിൽ നിന്നും അവൻ മറഞ്ഞപ്പോൾ എന്തോ നിശ്ചയിച്ചു ഉറപ്പിച്ചതു പോലെ നാണു പിന്തിരിഞ്ഞു നടന്നു… ഗേറ്റ് കടന്നു ആ വീട്ടുമുറ്റത്തേക്ക് കടന്നപ്പോഴേ ആ കാർന്നോരുടെ പ്രസംഗം ഉച്ചത്തിൽ കേക്കാമായിരുന്നു…

“എന്നാലും എന്ത് വിചാരിച്ചിട്ടാണ്… തൂഫ്… വെറുമൊരു അടുക്കളക്കാരന് നമ്മുടെ ടീച്ചറ് കൊച്ചിനെ ആലോചിച്ചു വരാൻ.. പി.ഡബ്ലൂ. എഞ്ചിനീയർ വന്നിട്ട് കൊടുക്കാത്ത പെണ്ണാണ്.. അപ്പോഴാണ് ഒരു ദേഹണ്ഡക്കാരന്… തൂഫ്… ” അയാൾ പരമാവധി ബാലുവിനെ താഴ്ത്തി പറയുകയാണ്…

“ഒന്ന് പതുക്കെ പറയ് വല്യേട്ടാ… അവർ പോയല്ലോ… ബ്രോക്കെർ ആദ്യമേ തന്നെ പറഞ്ഞിരുന്നത് ആണ് പയ്യൻ വെപ്പിന് പോകുന്നതാണെന്ന്.. അറിഞ്ഞപ്പോൾ നല്ല സ്വഭാവം.. അത്കൊണ്ടാണ് ശ്രീകുട്ടിയെ കാണാൻ അവരോടു വരാൻ പറഞ്ഞത്.. എന്നാലും ഇങ്ങനെ അപമാനിച്ചു ഇറക്കി വിടേണ്ടിയിരുന്നില്ല.. ”

“പിന്നെ അവനെയൊക്കെ ഞാൻ പട്ടും വളയും കൊടുത്തു സ്വീകരിച്ചിരുത്താം.. അല്ല പിന്നെ.. ഒരു ദേഹണ്ഡക്കാരൻ വന്നേക്കുന്നു… ”

ഈ പ്രാവശ്യം നീട്ടിതുപ്പാൻ വന്ന അയാൾ നാണുവിനെ കണ്ടു ഒന്ന് പതറി… പെട്ടെന്നവിടെ നാണുവിനെ കണ്ടു ജാനകിയമ്മ എന്തോ പറയാൻ ആഞ്ഞതും നാണു ഒന്നും ഇങ്ങോട്ട് പറയണ്ട എന്ന് പറഞ്ഞു അങ്ങോട്ട് പറയാൻ തുടങ്ങി.

“കാർന്നോരു ബാലുവിനെ അപമാനിച്ചു ഇറക്കിവിട്ടല്ലോ അടുക്കളക്കാരൻ എന്ന് വിളിച്ചു…അതേ അവൻ ഒന്നാതരം അടുക്കളപ്പണിക്കാരൻ തന്നെയാണ്… ഒന്നും രണ്ടും പേർക്കല്ല പത്തു രണ്ടായിരം പേർക്ക് വെച്ചുണ്ടാക്കി കൊടുക്കുന്ന നല്ല കൈപ്പുണ്യം ഉള്ള ദേഹണ്ഡക്കാരൻ.. കല്യാണത്തിനും അടിയന്തരത്തിനുമൊക്കെ നല്ല വടിവൊത്ത ഡ്രെസ്സുമിട്ട് പന്തിയിൽ ചെന്നു ഇരിപ്പുറപ്പിക്കുമ്പോൾ മുന്നിൽ നിവർത്തിയിട്ടിരിക്കുന്ന തൂശനിലയിൽ തൊടുകറി മുതൽ പപ്പടം പായസം വരെ വിളമ്പി തരുന്നതേ നിങ്ങൾ പുച്ഛിച്ചു തള്ളിയ ബാലുവിനെ പോലുള്ള അടുക്കളക്കാരൻമാർ ഉള്ളത് കൊണ്ടു മാത്രമാണെന്ന് ഓർമ വേണം.. ഭാര്യ വെച്ചുണ്ടാക്കുന്നത് നാലു നേരം വെട്ടി വിഴുങ്ങി അവർ അലക്കി തേച്ചു തരുന്നത് ഇട്ടുനടക്കുന്ന തന്നെ പോലുള്ള കാർന്നോർ ചമയുന്നോർക്ക് അല്ലേലും എന്തേലും മുട്ടാപ്പോക്ക് പറഞ്ഞു അനന്തരവളുടെ കല്യാണം മുടക്കുന്നത് അന്തസ് ആയിരിക്കും.. എന്നാലേ പ്രാർത്ഥനയും വഴിപാടും ഒക്കെ ആയി ജാനകിചേച്ചിയെ പോലുള്ള അമ്മമാർക്ക് അത്‌ നെഞ്ചത്ത് കത്തി കുത്തിയിറക്കുന്ന വേദന ആയിരിക്കും… ”

“നാണുവേ… ” നാണുവിന്റെ സ്വരം ഉയർന്നു കാര്യങ്ങൾ പറയുന്ന രീതി മാറിയപ്പോൾ ദേവകിയമ്മ ഇടക്ക് കയറി…

“ഞാൻ പറയട്ടെ ചേട്ടത്തി… ആ പയ്യനെ അപമാനിച്ചു ഇറക്കി വിട്ടിട്ട് രണ്ടു വാക്ക് ചോദിക്കാതെ ഞാൻ പോയാലെ ഇന്നിനി ഒന്നും ദഹിക്കില്ല എനിക്ക്… അത്രക്ക് നല്ല ചെക്കനാ അവൻ.. അതോണ്ട് തന്നെയാണ് ഇവിടുത്തെ ശ്രീകുട്ടിക്ക് ബാലുവിന്റെ ആലോചന ഞാൻ കൊണ്ടു വന്നത്… ”

“എന്നാ പിന്നെ ഞാൻ അങ്ങട്ട് ഇറങ്ങുവാ ജാനകിയെ… “സാഹചര്യം പന്തിയല്ലെന്ന് കണ്ടു അമ്മാവൻ സഭയിൽ നിന്നും പിൻവലിയാനുള്ള ഒരു വിഫലശ്രമം നടത്തി…

“അങ്ങനങ്ങു പോകാതെ കാർന്നോരെ.. എനിക്ക് പറയാനുള്ളത് മുഴുവനും കേട്ടിട്ട് പോയേ… നിങ്ങള് എന്തറിഞ്ഞിട്ടാ ആ കൊച്ചനെ വായിൽ വന്നതൊക്കെ വിളിച്ചു പറഞ്ഞേ.. അതിനു താഴെ ഉണ്ടായ മൂന്നെണ്ണവും പെൺകുട്ട്യോൾ ആണെന്ന് പറഞ്ഞു ഇട്ടേച്ചു പോയതാ അതുങ്ങളുടെ തന്ത.. അല്ല അങ്ങേര് ഉണ്ടായിട്ടും വല്യ കാര്യം ഒന്നും ഉണ്ടായിരുന്നില്ല എന്നതാ വാസ്തവം.. അതില് പിന്നെ അതുങ്ങളുടെ തള്ള മൂന്നാല് വീട്ടില് അടുക്കളപ്പണി ചെയ്താ ഈ നാലു പിള്ളേരെയും പോറ്റിയത്… അങ്ങനെ കണ്ടവന്റെ വീട്ടില് എച്ചിൽ പാത്രം കഴുകി ചിട്ടിപിടിച്ച കാശ് കൊണ്ട് ഒരു ചെറിയ സ്വയം തൊഴിൽ ആയി തുടങ്ങിയത് ഇഡലിയും ചമ്മന്തിപ്പൊടിയും ഉണ്ടാക്കി വിൽക്കുന്ന പണിയാ.. പഠിക്കാൻ ബഹുമിടുക്കൻ ആയിരുന്ന ബാലു ഉസ്കൂള് വിട്ടു വന്നിട്ട് അമ്മേനെ സഹായിക്കാൻ കൂടുമായിരുന്നു… ഇന്ന് അടുത്ത ജില്ലയിൽ നിന്നു പോലും പറഞ്ഞു കേട്ടു ബാലുവിനെ തേടി എത്തുന്നുണ്ടെ അത്‌ അവന്റെ അമ്മയുടെ കൈപ്പുണ്യം അതേപടി അവനു കിട്ടിയത് കൊണ്ടു തന്നെയാ.. പ്രീഡിഗ്രി അവസാന പരീക്ഷയും കഴിഞ്ഞു വീട്ടിൽ വന്ന ബാലുവിനെ കാത്തിരുന്നത് അവന്റെ അമ്മയുടെ ജീവനില്ലാത്ത ശരീരം മാത്രാമായിരുന്നു.. ഇടക്ക് ഇടക്ക് ഉണ്ടാവുന്ന വയറുവേദന തന്നെ കാർന്നു തിന്നുന്ന കാൻസർ കോശങ്ങൾ ആയിരുന്നു എന്ന് വളരെ വൈകി അറിഞ്ഞ ആ സ്ത്രീക്ക് പറക്കമുറ്റാത്ത മൂന്നു പെൺകുഞ്ഞുങ്ങളെ അവന്റെ കൈയിൽ ഏല്പിച്ചു ആയുസെത്തും മുൻപ് ചത്തൊടുങ്ങാൻ ആയിരുന്നു വിധി… അമ്മ മരിക്കുമ്പോൾ ബാലുവിന്റെ താഴെയുള്ള ഇളയത്തുങ്ങൾ ഒക്കെ എഴുത്തുകളരിയിലും അങ്കണവാടിയിലും പള്ളിക്കാരുടെ വകയുള്ള സ്കൂളിലും ആയി പഠിക്കുകയായിരുന്നു… മുലകുടി നിർത്താത്ത ഇളയ കുഞ്ഞു അമ്മയെ വിളിച്ചു കരഞ്ഞപ്പോൾ മൂന്നു കുഞ്ഞുങ്ങളെയും അടക്കി പിടിച്ചു പകച്ചു നിന്ന ആ പതിനേഴുകാരൻ പയ്യൻ ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ കയ്യിലെടുത്തത് ചട്ടുകം ആയിരുന്നു… അമ്മ ചെയ്തു കൊണ്ടിരുന്ന പണി അവൻ ഏറ്റെടുത്തത് നാലു വയറു നിറക്കാൻ വേണ്ടി മാത്രം ആയിരുന്നു… അടുക്കള പെണ്ണുങ്ങളുടെ മാത്രം കുത്തകയല്ലെന്ന് അവൻ തെളിയിച്ചു കൊണ്ടിരുന്നത് അവന്റെ കഷ്ടപ്പാട് ഒന്നുകൊണ്ടു മാത്രം ആയിരുന്നു…മൺകട്ട കൊണ്ടു കെട്ടിയ തേയ്ക്കാത്ത ആ ഒറ്റമുറി വീട്ടിലെ അടുക്കളയിൽ നിന്ന് അവനേറ്റ കരിയും പുകയും ആയിരുന്നു അവന്റെ മൂന്നു പെങ്ങള് കുട്ട്യോൾക്ക് നിറമുള്ള ജീവിതം നൽകിയത്… ഒരാളുടെ മനസു നിറക്കാൻ ആദ്യം അയാളുടെ വയറു നിറക്കണമെന്നാ പഴമക്കാർ പറയുന്നേ… അങ്ങനെ മനസറിഞ്ഞു അവൻ ഒരുക്കിയ ഓരോ ഭക്ഷണവും കുടുംബം പോറ്റാൻ വേണ്ടിയായിരുന്നു… ആ കൊച്ചന്റെ കഷ്ടപ്പാട് തന്നെയാണ് ഇന്ന് ബാലു എന്ന നാലാളറിയുന്ന കാറ്ററിങ്ക്കാരൻ ആക്കിയത്…സ്വന്തം പ്രയത്‌നം കൊണ്ടു അവൻ മൂന്നു പെങ്ങമാരെയും നല്ല നിലക്കാക്കി കെട്ടിച്ചു വിട്ടു…ഇന്ന് നിങ്ങള് അടുക്കളക്കാരനും ദേഹണ്ഡക്കാരനും എന്നൊക്കെ വിളിച്ചു കളിയാക്കിയല്ലോ.. എന്നിട്ടും ഒരക്ഷരം മിണ്ടാതെ ചിരിച്ചോണ്ട് അവൻ ഈ പടിയിറങ്ങി പോയിട്ടുണ്ടെ അത് ആ കൊച്ചന്റെ മാന്യത.. ”

“വല്യേട്ടൻ അറിയാതെ പറഞ്ഞതാണ് നാണുവേ.. ആ കൊച്ചനോട് ഞാൻ ക്ഷമ ചോദിച്ചു എന്ന് പറയണം… അല്ലാതെ എനിക്ക് എന്നാ ചെയ്യാനൊക്കുക?? ”

“ഒരു കാര്യം തുറന്നു പറഞ്ഞാൽ വിഷമം ഒന്നും തോന്നരുത് ചേച്ചിയെ… നിങ്ങടെ അങ്ങളയൊക്കെ തന്നെ എന്നാലും അച്ഛനില്ലാത്ത ഇവിടുത്തെ കൊച്ചിന്റെ കല്യാണം നടന്നു കാണണമെന്ന ആത്മാർത്ഥമായ ആഗ്രഹം കൊണ്ടു പറയുവാ ഇങ്ങേരു ഇവിടെ ഉള്ളിടത്തോളം കാലം ആ കൊച്ചിനൊരു നല്ല ജീവിതം വിധിച്ചിട്ടില്ല… ”

കൊഴിഞ്ഞുതുടങ്ങിയ പല്ലും ഇരുമ്മി മുഖവും ചെനച്ചുപിടിച്ചു കാർന്നോരു കുടയും കയ്യിലെടുത്തു “നിങ്ങള് എന്താന്ന് വെച്ചാ ആയിക്കോ എന്നെ ഒന്നിനും വിളിച്ചേക്കരുത്” എന്ന് പറഞ്ഞു ഗർവ്വോടെ ഇറങ്ങി പോയി.. നാണുവും യാത്ര പറഞ്ഞവിടെ നിന്ന് ഇറങ്ങിയപ്പോൾ പടി കയറിവന്ന മഹാഭാഗ്യം പുറങ്കാല് കൊണ്ടു തട്ടിത്തെറിച്ചു പോയ തങ്ങളുടെ നിർഭാഗ്യത്തെയോർത്തു ആ അമ്മ നീറുന്നുണ്ടായിരുന്നു…

അകത്തെ മുറിയിൽ ഇതൊക്കെയും കേട്ടു നിന്ന ശ്രീക്കുട്ടി എന്തോ നിശ്ചയിച്ചു ഉറപ്പിച്ചെന്ന പോലെ തലേന്നാൾ ബ്രോക്കർ കൊണ്ടു വന്ന ബാലുവിന്റെ ഫോട്ടോയും ബയോഡാറ്റയും എടുത്തു ബാഗിൽ വെച്ചു…

“മടപ്പള്ളി ” എന്ന ആ വീടിന്റെ പടി കടന്നു മുറ്റത്തേക്ക് കയറിയപ്പോഴേ നെയ്യിൽ വറുക്കുന്ന കശുവണ്ടിപരിപ്പിന്റെയും ഉണക്കമുന്തിരിയുടെയും മണം ശ്രീക്കുട്ടിയുടെ മൂക്കിലേക്ക് അടിച്ചു കയറി… എം. എ മലയാളം സാഹിത്യമായിരുന്ന ശ്രീക്കുട്ടിക്ക് മടപ്പള്ളി എന്നാൽ അടുക്കള എന്നാണ് അർത്ഥമെന്ന് പ്രേതെകിച്ചു പറഞ്ഞു കൊടുക്കേണ്ടിയിരുന്നില്ല… ബാലുവിനെ കാണാൻ വന്നതാണെന്ന് പറഞ്ഞപ്പോൾ മുറ്റത്തു നിന്നു കളിക്കുകയായിരുന്ന കുട്ടിപട്ടാളം മാമോയ് വിളിച്ചു അകത്തേക്ക് പോയി.. ബാലു പുറത്തേക്ക് ഇറങ്ങിയപ്പോ തന്നെ വന്നിരിക്കുന്ന ആളെ മനസിലായി.. എന്നാൽ പരിചയഭാവം കാണിക്കാതെ വന്ന കാര്യം എന്താണെന്നു അന്വേഷിച്ചു…

ശെരിക്കും തന്നെ മനസിലാവിഞ്ഞിട്ട് തന്നെ ആണോ അതോ ഇനി മനഃപൂർവം അറിയാത്ത ഭാവം കാണിക്കുന്നതാണോ എന്ന് ശ്രീക്കുട്ടി സംശയിച്ചു… “ഒരു കല്യാണസദ്യ ഒരുക്കാൻ വേണ്ടിയാണ്.. അഞ്ഞൂറ് പേർക്ക് വേണ്ടിയാണ്…കാര്യങ്ങൾ എങ്ങനെയെന്നു അറിയാൻ വേണ്ടിയാണ് വന്നേ.. ”

ശ്രീക്കുട്ടിയുടെ കല്യാണം ഉറപ്പിച്ചു എന്ന് ബാലുവിന് മനസിലായി… മനസ്സിലെവിടെയോ ഒരു ചെറിയ നീറ്റൽ പോലെ…അന്ന് പെണ്ണ് കണ്ടപ്പോൾ തന്നെ ശ്രീകുട്ടിയെ അവനു ഇഷ്ടമായിരുന്നു.. തനിക്കു വിധിച്ചപെണ്ണ് ഇതല്ല എന്ന് ആശ്വസിച്ചുകൊണ്ടു ബാലു സദ്യയുടെ കാര്യങ്ങൾ സംസാരിക്കാനാഞ്ഞു…

“അല്ല മാഷേ… അറിയാനുള്ള ആഗ്രഹം കൊണ്ടൊരു കാര്യം ചോദിക്കുവാ..ഇത്രയും നല്ല വീടൊക്കെ വെച്ചിട്ട് അതിങ്ങനെ ചിമ്മിനി അടുപ്പിന്റെ കരിപിടിപ്പിച്ചു മോശം ആക്കണോ..?? ഗ്യാസ്, ഇണ്ടക്ഷൻ കുക്കർ ഇനി അതുമല്ലെങ്കിൽ പുകയില്ലാത്ത അടുപ്പ് ആണേലും ഉപയോഗിക്കാലോ… ” വടക്കു കിഴക്കെ മൂലയിലെ അടുക്കളയിൽ നിന്ന് പുക മുകളിലേക്ക് ഉയരുന്നത് കണ്ടു ശ്രീക്കുട്ടി ബാലുവിനോട് ചോദിച്ചു…

“അതിപ്പോ… എന്താന്ന് അറിഞ്ഞുട അടുക്കളയുടെ ഈ പുകയ്ക്കും കരിക്കുമൊക്കെ ഒരു പ്രതേക ഗന്ധം ആണ്.. മറ്റൊന്നിനും തരാൻ കഴിയാത്ത ഒരു പ്രതേക സുഖം… അടുപ്പിൽ എന്തേലും വെച്ച് തീ അങ്ങനെ ഊതികത്തിക്കുമ്പോ എനിക്ക് എന്റെ അമ്മയെ ഓർമ വരും… അതോണ്ട് പുതിയ വീട് വെച്ചപ്പോഴും പഴയ ശീലങ്ങൾ മാറ്റണ്ട എന്ന് വിചാരിച്ചു…അല്ല തന്റെ ഭാവി വരനെപ്പറ്റി ഒന്നും പറഞ്ഞില്ലാലോ… എന്താ ചെയ്യണേ ആള്?? ”

“ഇപ്പൊ എങ്കിലും ചോദിച്ചത് നന്നായി… ആള് കാറ്ററിംഗ് നടത്തുന്നു… പേര് ബാലു… വീട് മടപ്പള്ളി… ” ഒറ്റ ശ്വാസത്തിൽ ശ്രീക്കുട്ടിയത് പറഞ്ഞു നിർത്തി ഇടങ്കണ്ണിട്ട് നോക്കിയപ്പോൾ ബാലു ശെരിക്കും കിളിപോയി ഇരിക്കുക ആയിരുന്നു…

“വേണ്ടഡോ… ഈ അടുക്കളയുടെ കരിയും പുകയും ഒക്കെ കൊള്ളാൻ തയ്യാറുള്ള ഒരു പാവം പെണ്ണെ എനിക്ക് ചേരൂ.. തനിക്കു നല്ല വിദ്യാഭ്യാസം ഉള്ള നല്ലൊരാളെ കിട്ടും.. ഇത് ശരിയാവില്ല… ” ഒരു പുഞ്ചിരിയും സന്തോഷത്തോടെയുമുള്ള മറുപടിയും പ്രതീക്ഷിച്ച അവൾക്ക് പക്ഷെ ബാലുവിന്റെ മറുപടി ഞെട്ടൽ ഉണ്ടാക്കി…

“അന്ന് അമ്മാവൻ അങ്ങനെ അധിക്ഷേപിച്ചു ഇറക്കി വിട്ടത് കൊണ്ടാണോ…?? ”

“അങ്ങനെ ഒന്നും ഇല്ലെടോ… പിന്നെ ഈ സദ്യ അപ്പൊ വേണ്ടല്ലോ അല്ലെ… ചിങ്ങത്തിൽ ഒരുപാട് വർക്ക്‌ വരുന്നതാണെ… അതും ഈ പ്രാവിശ്യം ചിങ്ങം മുപ്പത് വളരെ പ്രേതെകത ഉള്ള ദിവസവും ആണ്… ”

“സ്കൂളിൽ പിള്ളേരെ തല്ലുന്ന നല്ല ചൂരൽ ഉണ്ട്.. തല്ലു വേണ്ടെന്ന് ഉണ്ടേ മര്യാദക്ക് പെങ്ങമാരേ കൂട്ടി വീട്ടിലേക്ക് വന്നേക്കണം.. ആഹ് പിന്നെ വരുമ്പോൾ ഒരു ഒന്നര പവന്റെ കാപ്പ് കൂടി കൊണ്ടു വരണേ… നാത്തൂന്റെ കൈയിൽ കാപ്പ് ഇട്ടു കൊടുക്കുന്നത് പെങ്ങമ്മാരുടെ അവകാശം ആന്നേ…”

ശ്രീക്കുട്ടി കാര്യത്തിൽ തന്നെ ആണെന്ന് മനസിലാക്കി ബാലു വെറുതെ ഒന്ന് പുഞ്ചിരിച്ചു… ഈ കാന്താരി പെണ്ണ് ആണല്ലോ ഇവിടുത്തെ അടുക്കളക്ക് ഇനി അവകാശി എന്നോർത്തു മനസറിഞ്ഞ് തന്നെ സന്തോഷിച്ചു…

പടിയിറങ്ങി പോകുന്ന ശ്രീകുട്ടിയെ നോക്കി ഉമ്മറത്തു തന്നെ ബാലു നിൽക്കുമ്പോൾ ചിമ്മിനിമുകളിലൂടെ ആ കാഴ്ച കാണാൻ പുകയും എത്തി നോക്കുണ്ടായിരുന്നു… ബാലു പറഞ്ഞത് പോലെ അവന്റെ അമ്മ ആയിരിക്കും ലെ ആ പുകയും….!!!!

രചന: ഗീതു സജീവൻ

Leave a Reply

Your email address will not be published. Required fields are marked *