തേപ്പും പ്രേമവും അവസാനിക്കുന്നില്ല…

രചന: Unais Bin Basheer

അച്ഛനെല്ലാം തീരുമാനിച്ചുറപ്പിച്ച മട്ടാണ് കണ്ണാ. എനിക്കിനി അച്ഛന്റെ മുന്നിൽ പിടിച്ചു നില്ക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.. ഇപ്പോൾ തന്നെ ഞാൻ അത്രയും അനുഭവിച്ചു കഴിഞ്ഞിട്ടുണ്ട്,

ഒരുവശത്തു വലിയൊരു പാറക്കല്ലിനോളം ഉറപ്പുള്ള എതിർപ്പുമായി അച്ഛൻ, മറുവശത്തു ആത്മഹത്യാ ഭീഷണിയിൽ അമ്മ. അവരുടെ ഇടയിൽ കിടന്നു വീർപ്പുമുട്ടുകയാ ഞാനിപ്പോ. എന്തുചെയ്യണം എന്നുപോലും എനിക്കിപ്പോൾ നിശ്ശ്ചയമില്ല കണ്ണാ. നിന്നെ നഷ്ടപ്പെടുത്താൻ എനിക്കാവില്ല. അച്ഛനെ ധിക്കരിക്കാനുള്ള ധൈര്യവും എനിക്കില്ല. ഇനിയെല്ലാം നിന്റെ കയ്യിലാണ്.. നീ തന്നെ പറ ഞാൻ എന്താ ചെയ്യേണ്ടേ..

നീ അച്ഛനും അമ്മയും പറയുന്നത് അനുസ്സരിക്ക് ചാരു.. അവരെ വിഷമിപ്പിക്കണ്ട. ഫോണിൽ നിന്നും തലയുയർത്താതെതന്നെയാണ് ഞാൻ പറഞ്ഞത്..

അപ്പൊ അച്ഛൻ കൊണ്ടുവന്ന ആ വിവാഹാലോചന ഞാൻ സമ്മതിക്കണം എന്നൊണോ നീ പറയുന്നത് ഇങ്ങനെയൊക്കെ പറയാൻ നിനക്കെങ്ങനെ കഴിയുന്നു കണ്ണാ.. ഇതിനുവേണ്ടിയാണോ നമ്മൾ ഇത്രയും നാൾ സ്നേഹിച്ചത്. സ്വപ്നങ്ങൾ നെയ്തുകൂട്ടിയത്.. ഒരുപാട് മോഹിച്ചതല്ലേ നമ്മൾ.. ഒരുമിച്ചൊരു ജീവിതം, കുടുംബം, കുട്ടികൾ.. എന്നിട്ടിപ്പോ നീയെന്താ ഇങ്ങനെ.. നിനക്ക് തോന്നുന്നുണ്ടോ നിന്നെ മറന്നു ഞാൻ മറ്റൊരാളുടെ കൂടെ സന്തോഷമായി ജീവിക്കും എന്ന്.. എനിക്കതിന് കഴിയില്ല കണ്ണാ.. എനിക്ക് നീ ഇല്ലാതെ പറ്റില്ല..

ആദ്യം ചെറിയ വിഷമമൊക്കെ കാണും പിന്നീട് എല്ലാം നീ മറന്നു തുടങ്ങും. ആ ജീവിതത്തെ നീ സ്നേഹിച്ചു തുടങ്ങും. അതുകൊണ്ട് നീ നിന്റെ അമ്മയെയും അച്ഛനെയും അനുസരിക്കാൻ നോക്ക്. ഇത് പറയുമ്പോഴും എന്റെ ശ്രദ്ധ ഫോണിലേക്ക് തന്നെയായിരുന്നു.

അപ്പൊ ഞാൻ ഇല്ലാതെ നിനക്ക് സന്തോഷത്തോടെ ജീവിക്കാനൊക്കോ.

ഞാൻ പറഞ്ഞില്ലേ ചാരു ആദ്യം കുറച്ചു പ്രയാസം കാണും എനിക്കായാലും നിനക്കായാലും. പിന്നെ പതിയെ എല്ലാം ശരിയാവും..

ഇത്രേ ഉണ്ടായിരുന്നുള്ളു ലെ നിനക്ക്.. നീയെന്നെ പറ്റിക്കുകയായിരുന്നല്ലേ കണ്ണാ. സ്നേഹം അഭിനയം ആയിരുന്നല്ലേ.. ഞാനൊരു പൊട്ടി കഥയറിയാതെ ആട്ടം കണ്ട വെറുമൊരു വിഡ്ഢി, എല്ലാം എന്റെ തെറ്റ് തന്നെയാണ്, വെറുതെ ഓരോന്ന് മോഹിച്ചു. സാരല്ല നീ ഹാപ്പി ആയിരിക്ക്. ഇനി ഒരിക്കലും ഞാൻ നിന്റെ മുന്നിലേക്ക് ഒരു ശല്യമായി ഞാൻ വരില്ല..

ഇത്രയുമായപ്പോൾ പതിയെ ഫോണിൽ നിന്നും ഞാൻ തലയുയർത്തി അവളെ നോക്കി എന്റെ മുന്നിൽ തലതാഴ്ത്തിയിരിക്കുന്ന അവൾ ഇടക്ക് കവിളിലേക്കൊഴുകിവന്ന കണ്ണുനീർ തൂവാല കൊണ്ട് തുടച്ചു മാറ്റുന്നുമുണ്ട്..

എന്റെ ചുണ്ടി പരിഹാസനത്തിന്റെ ഒരു ചിരിയൂറി. അസ്സലായിട്ടുണ്ട് ട്ടാ ചാരു നിന്റെ പെർഫോമൻസ്. വളരെ നന്നായിട്ടുണ്ട്. ഇതൊരു നാടകമാണെന്ന് കണ്ടെത്താൻ നീ എനിക്കൊരു പഴുതുപോലും തന്നില്ല. അത്രക്കും ഗംഭീരമായിരുന്നു… എത്ര ഭംഗിയായിട്ടാണ് നീ എന്നെ നിന്റെ ജീവിതത്തിൽനിന്നും നുള്ളിമാറ്റിയത്. അതും എല്ലാ കുറ്റവും എന്നിലേക്ക് മാത്രം ചാർത്തിക്കൊണ്ട്.. സമ്മതിച്ചു നിന്നെ..

ഒരു ഞെട്ടലോടെ ചോദ്യഭാവത്തിൽ അവൾ എന്നെ നോക്കി..

മനസ്സിലായില്ല ലെ നിനക്ക്. മനസ്സിലാക്കിത്തരാം.. .രണ്ടാഴ്ചമുന്നെയല്ലേ നിന്നെ ചന്ദ്രപ്പൻ പെണ്ണുകാണാൻ വന്നത്. ഓ സോറി ചന്ദ്രപ്പൻ എന്നുപറഞ്ഞാൽ ചില്പ്പോൾ നിനക്ക് മനസ്സിലാവില്ല. അത് ഞങ്ങൾ കൂട്ടുകാരുടെ ഇടയിലെ അവന്റെ പേരാണ്..

ചന്ദ്രശേഖരൻ.. നിന്റെ ഭാവി വരൻ.. നിന്റെ തന്തപ്പിടിയുടെ ആത്മമിത്രമായ ശേഖരന്റെ ഏക സന്തതി. അമേരിക്കയിൽ എഞ്ചിനീയർ ആയി ജോലി, പ്രതിമാസം ഇരുപത്തഞ്ചു ലക്ഷത്തിനുമേലെ സാലറി.. അല്ലെ ചാരു. എന്താ ശരിയല്ലേ എല്ലാം.

അവന്റെ പണത്തിനും പ്രതാപത്തിനും മുന്നിൽ നിന്റെ കണ്ണ് മഞ്ഞളിച്ചു.. അതുകൊണ്ടല്ലേ നാലുവർഷം പൂത്തുലഞ്ഞു നിന്ന നമ്മുടെ പ്രേമം പോലും അവന്റെ മുന്നിൽ വെറും മുന്നേ എന്നോ മറന്നുപോയൊരു ബന്ധം മാത്രമായത്,

ഉയർത്തിക്കെട്ടിയ ചീട്ടുകൊട്ടാരം തകർന്നുവീണതിന്റെ ജാള്യതയോ പേടിയോ എന്തോ പേരറിയാത്തൊരു ഭാവമായിരുന്നു അവളുടെ മുഖത്തപ്പോൾ.

ഇതൊക്കെ ഞാൻ എങ്ങനെ അറിഞ്ഞു എന്നല്ലേ ഇപ്പം നീ ചിന്തിക്കുന്നത്.. പറയാം.. ഈ ചന്ദ്രപ്പൻ അങ്ങമേരിക്കയിലേക്ക് പോകുംവരെ ഞങ്ങടെ കൂട്ട് ആയിരുന്നു.. തിരിച്ചുവന്നു പഴയ കൂട്ടുകാരനെ കണ്ടപ്പോൾ ഒന്ന് പരിചയം പുതുക്കി, സംസാരത്തിനിടയിൽ അവന്റെ കല്യാണം ഏറെക്കുറെ ഉറച്ചെന്നും പറഞ്ഞു. ഫോണിൽ നിന്നും നിന്റെ ഫോട്ടോ അവൻ എന്നെ കാണിച്ചപ്പോൾ ഒരുമരവിപ്പായിരുന്നു ആദ്യം, അത് പുറമെ കാണിക്കാതെ ഞാൻ അവനോട് പറഞ്ഞു

ഡാ ചന്ദ്ര. ഇന്നത്തെകലാലത്തുള്ള പെൺകുട്ടികളാണ്. വല്ല പ്രേമവും ചുറ്റിക്കളിയും ഉണ്ടോ എന്നൊന്ന് അന്വേഷിച്ചെക്ക് ട്ടോ എന്ന്.

ഹേയ് അവൾക്ക് അങ്ങനെയൊന്നും ഇല്ലെടാ. പിന്നെ കുറെ നാൾ മുന്നേ എന്തോ ഒരു ചെറിയ പ്രേമം ഉണ്ടെന്നുപറഞ്ഞു. അതിപ്പോ ആർക്കാ ഇല്ലാത്തത്, അതവൾ മറച്ചുവെക്കാതെ എന്നോട് തുറന്നുപറഞ്ഞില്ലേ.. എനിക്കവളെ ബോധിച്ചെട.. ഇനി നിങ്ങളൊക്കെ വേണം ഇത് ഭംഗിയാക്കി തരാൻ..

അവന്റെ മറുപടിയിൽ നിന്നും എനിക്ക് വ്യക്തമായിരുന്നു നീ എല്ലാം പ്ലാൻ ചെയ്തിട്ടുണ്ടെന്ന്. എന്നിൽ നിന്നും അകന്നുപോകാൻ നീ വഴിതേടുന്നുണ്ടെന്ന്.. ഒറ്റക്കാര്യത്തിൽ മാത്രമാണ് ചാരു എനിക്ക് വിഷമം. എല്ലാം നല്ലത് മാത്രം തെരഞ്ഞെടുക്കുന്ന എനിക്ക് ഇക്കാര്യത്തിൽ മതം പിഴച്ചു. വളരെ ബോറായിരുന്നു എന്റെ സെലെക്ഷൻ.

റെസ്റ്റോറന്റിലെ ഏ സി മുറിയിലിരുന്നിട്ട് പോലും അവൾ വിയർക്കാൻ തുടങ്ങിയിരുന്നു. പിടിക്കപ്പെട്ട കള്ളനെ പോലെ അവളുടെ കണ്ണുകൾ ഒരു പിടിവള്ളിക്ക് വേണ്ടി ചുറ്റിലും പരതാൻ തുടങ്ങി..

നീ പേടിക്കണ്ട ഞാനിത് ആരോടും പറയാനോ ഈ കല്യാണം മുടക്കമോ ഒന്നും പോണില്ല. പിന്നെ ഇതെല്ലം ഞാനറിഞ്ഞു എന്നത് നീ അറിഞ്ഞില്ലെങ്കിൽ നിന്റെ മുന്നിൽ ഞാൻ വെറും ഒരു ഉണ്ണാക്കൻ ആയിപ്പോകും.. അതാണ്.

ഒരിക്കൽ സ്നേഹിച്ച പെണ്ണല്ലേ അതുകൊണ്ടുതന്നെ പിരിഞ്ഞു പോകുമ്പോൾ നിനക്കുവേണ്ടി രണ്ടു സർപ്രൈസ് ഞാൻ ഒരുക്കിയിട്ടുണ്ട്.

അതിലൊന്ന് ഇച്ചിരി പഴക്കമുള്ളതാണ്. നിന്റെ ഭാവി വരൻ ചന്ദ്രപ്പന്റെ ഫ്ലാഷ്ബാക്ക്.. അവൻ അമേരിക്കയിൽ എത്തിപ്പെടാൻ അധികമാരും അറിയാത്തൊരു കാരണമുണ്ട്.. അതെന്താണെന്നോ. ഒരിക്കൽ തെക്കേലെ കുളക്കടവിൽ വെച്ച് അവനൊരുത്തിയെ കയറിപ്പിടിച്ചു. പക്ഷെ ആ പെൺകുട്ടിക്ക് നല്ല ദൈര്യമായിരുന്നു.. ചെകിടാം നോക്കി ഒരൊറ്റ അടി. നീ നാടുമുഴുവൻ കേൾക്കുന്ന ഉച്ചത്തിൽ. സംഗതി നാറ്റക്കേസ് ആകും എന്നുറപ്പായപ്പോൾ അവന്റെ തന്തകണ്ട ഒരേയൊരു വഴിയാണ് അവനെ നാടുകടത്തുക എന്നത്.. അതിൽ അയാൾ വിജയിച്ചു. അതുകൊണ്ടുതന്നെ ഇപ്പോഴും തല ഉയർത്തി നടക്കാൻ അവനു കഴിഞ്ഞു. അവന്റെ തന്തക്കും..

ഇനി രണ്ടാമത്തേത്.. ഒരു മിനിറ്റ് ഒന്ന് വെയ്റ്റ് ചെയ്യ് ട്ടോ.. ഒരാളെ വിളിക്കാനുണ്ട്.. ഫോണെടുത്തു ഞാൻ പതിയെ ഡയൽ ചെയ്തു.. ജാനു കയറിവാ.. എന്റെ അടുത്തുവന്നുനിന്ന ജാനുവിനെ അവൾ അടിമുടിയൊന്നു നോക്കി. ഇത് ജാനു, എന്റെ മുറപ്പെണ്ണ ചെറുപ്പം മുതലേ ഇവൾക്കെന്നെ ഭയങ്കര ഇഷ്ടമായിരുന്നു. പക്ഷെ എന്റെ മനസ്സിൽ കയറിക്കൂടിയ കറകൊണ്ട് എനിക്കത് കാണാൻ അന്ന് കഴിഞ്ഞില്ല. ഇപ്പൊ തെളിഞ്ഞു കാണാമെനിക്ക് കാരണം ആ കറ കുറച്ചു ദിവസ്സം മുന്നേ എന്റെ ഹൃദയത്തിൽ നിന്ന് മാഞ്ഞുപോയല്ലോ.. അപ്പൊ ശെരി ഞങ്ങളിറങ്ങട്ടെ മംഗളാശംസകൾ..

തോൽവിയുടെ ദുഃഖം പേറിയിരിക്കുന്ന അവളുടെ മുന്നിലൂടെ ജാനുവിന്റെ കൈപിടിച്ച് പുറത്തേക്കിറങ്ങുമ്പോൾ ജാനു എന്റെ കണ്ണിലേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നു. നീ എന്താ എന്നെ ആദ്യമായി കാണുന്നത് പോലെ. പേടിച്ചുപോയോ നീ. ഞാൻ അവളെ മൂപ്പിക്കാൻ വേണ്ടി പറഞ്ഞതല്ലേ പെണ്ണെ.. നീ എന്നെ പ്രേമിക്കുന്നു എന്നൊക്കെ.. ഈ ഒരു നിമിഷമെങ്കിലും അവളുടെ മുന്നിൽ ജയിക്കാൻ എനിക്ക് കഴിഞ്ഞില്ലെങ്കിൽ .. ഈ ജീവിതത്തിൽ തന്നെ ഞാൻ തോറ്റുപോയതിന് സമമാവില്ലേ.. അതാ..

അപ്പൊ ശെരി നീ വണ്ടിയുമായല്ലേ വന്നേ എന്റടുത്തും ബൈക്കുണ്ട്.. കാണാം ട്ടോ. പിന്നെ വിളിച്ചപ്പോൾ വന്ന് സഹായിച്ചതിന് താങ്ക്സ്.. ഞാൻ തിരിഞ്ഞു നടക്കാനൊരുങ്ങി.

ഡാ കണ്ണാ.. നിന്നെ.. നിനക്ക് അവളുടെ മുന്നിൽ ഈ ഒരു നിമിഷം മാത്രം ജയിച്ചാൽ മതിയോ.. ജീവിതകാലം മുഴുവൻ ജയിക്കണ്ടേ… ഇത്രയും പറഞ്ഞു ഒരു പുഞ്ചിരി തന്നു അവൾ നടന്നകന്നപ്പോഴാണ് എനിക്ക് അവൾ പറഞ്ഞതിന്റെ അർഥം മനസ്സിലായത്..

എന്റെ പ്രണയം ഇവിടെ അവസാനിക്കുകയല്ല മറിച്ചു അത് ആരംഭിക്കുകയാണെന്ന്..

ശുഭം.

രചന: Unais Bin Basheer

Leave a Reply

Your email address will not be published. Required fields are marked *