നഷ്ടപ്പെടുത്താത്തത്…

രചന: Nkr Mattannur

വിശ്വേട്ടന് വേണ്ടി വന്നവരോടായിരുന്നു ഉമ്മറത്തിരുന്ന അച്ഛന്‍ സംസാരിച്ചു കൊണ്ടിരിക്കുന്നത്…

”ഇനിയും കാത്തിരിക്കണോ രാഘവേട്ടാ…വിശ്വന് നേരില്‍ പറയാന്‍ വയ്യാത്തോണ്ടാവും ഞങ്ങളേ പറഞ്ഞു വിട്ടിരിക്കുന്നത്…സത്യത്തില്‍ അവന്‍ പറയണതിലും ന്യായമില്ലേ…എത്ര നാളെന്നു വെച്ചാ ഇനിയും കാത്തിരിക്കുക…അല്ലാ..എത്രനാളുകള്‍ കാത്തിരുന്നാലും എന്താ ഒരു പ്രതീക്ഷാ….? അതുകൊണ്ട് നമുക്ക് ഈ ബന്ധം വേണ്ടാന്ന് വെയ്ക്കാം…അറിഞ്ഞു കൊണ്ട് ഒരു പാവം പെണ്ണിനേ കണ്ണീരു കുടിപ്പിക്കണോ…?” ഞാനെല്ലാം കേട്ട് വല്ലാത്തൊരവസ്ഥയില്‍ കട്ടിലില്‍ ഇരിക്കുകയിരുന്നു ..

രണ്ടു മാസം മുന്നേ ഈ മുറ്റത്ത് കെട്ടിയ പന്തലില്‍ വെച്ച് ഒരു മോതിരം കൈമാറല്‍ നടത്തിയതായിരുന്നു ഞങ്ങള്‍ തമ്മില്‍ … വിധിച്ചിട്ടുണ്ടാവില്ലാ.. ”ആ മോതിരം ഇനിയും വെച്ചിരിക്കണോ അവളുടെ വിരലില്‍…? ”അത്…..” അച്ഛന്‍റെ വാക്കുകള്‍ നനഞ്ഞുവോ…? ”അത് അവള്‍ തന്നെ സമയം പോലെ അഴിച്ചോട്ടെ….” വലതു കയ്യിലെ മോതിരവിരലില്‍ വിശ്വന്‍ എന്നെഴുതിയ ആ മോതിരത്തിലേക്ക് കണ്ണീരോടെ നോക്കിയിരുന്നു… ”എന്നാല്‍ ഞങ്ങളിറങ്ങുവാണ്…”

അങ്ങനേ എന്‍റെ വിധി നിശ്ചയം കഴിഞ്ഞു… എന്തിനാ ഈശ്വരാ എനിക്കീ വേദനകള്‍ നല്‍കുന്നത്… ഓരോരോ ഓര്‍മ്മകള്‍ക്കിടയിലൂടേ…ഒരുവട്ടമെങ്കിലും ഒന്നു കാണാന്‍ കൊതിച്ച നിമിഷങ്ങള്‍ക്കിടയിലൂടെ……….സമയസൂചി പിന്നേയും കറങ്ങിത്തിരിഞ്ഞു ഒത്തിരിവട്ടം….

ഒരു ശനിയാഴ്ച വൈകിട്ട് അച്ഛനെന്‍റെ മുറിയിലേക്ക് കയറി വന്നു. ”മോളേ…എന്‍റേയും നിന്‍റമ്മേടേം കാലം കഴിഞ്ഞാല്‍ എന്‍റെ മോള്‍ക്ക് ആരാ ഒരു തുണ….? എന്‍റെ മോള്‍ ഒരു തെറ്റും ചെയ്യാത്തിടത്തോളം കാലം എന്തിനാ ഇങ്ങനേ മാറി നില്‍ക്കണത്…? എല്ലാം അറിഞ്ഞു കൊണ്ട് ഒരു കൂട്ടര് നാളേ നിന്നെ പെണ്ണുകാണാന്‍ വരുന്നുണ്ട്….” നല്ല കൂട്ടരാ..തനി നാട്ടിന്‍പുറത്തുകാര്… അവിടാവുമ്പോള്‍ പല നന്മകളും കാണും ഇപ്പോഴും .. ”എന്‍റേ മോള്‍ ഈ വിവാഹത്തിന് സമ്മതിക്കണം…” ആ മുഖത്തേക്ക് നോക്കാതെ എല്ലാം കേട്ടുകൊണ്ട് ഞാനിരുന്നു…എനിക്കറിയാം എന്‍റെ അച്ഛന്‍റെ ആധി…എന്നെ ഏറ്റവും നല്ല കൈകളിലേ എന്‍റച്ഛന്‍ പിടിച്ചേല്‍പ്പിക്കൂ എന്നും അറിയാം…എങ്കിലും ഉള്ളിലെവിടേയോ ഒരിറ്റു കണ്ണീരു പൊഴിയണുണ്ടിപ്പോഴും…

അതൊരു കൊതിക്കലായിരുന്നു…ഒരു മനസ്സിലെ നന്മ കണ്ടു ഇഷ്ടപ്പെട്ടു പോയതായിരുന്നു.. ആഴത്തില്‍ വേരിറങ്ങിപ്പോയത് കണ്ണീരു വീണു നനഞ്ഞതു കൊണ്ടാവും….അതാണല്ലോ പിഴുതെടുക്കുവാനാവാതെ ഒട്ടിപ്പിടിച്ചിരിക്കണത്…

”മോളേ….അച്ഛനറിയാം ഈ മനസ്സ്… കരയരുത് എന്‍റെ പൊന്നുമോള്‍… വിധിച്ചിട്ടുണ്ടാവില്ലാ പലതും..എങ്കിലും വരുന്നതിനേയെല്ലാം മുന്‍ധാരണയോടെ കാണാണ്ടാട്ടോ… നന്മ വറ്റാത്ത ഒത്തിരി മനസ്സുകളുണ്ടാവും എപ്പോഴും ഭൂമിയില്‍ …”

കുറച്ച് നിമിഷങ്ങള്‍ക്ക് ശേഷം അച്ഛന്‍ മുറി വിട്ടിറങ്ങിപ്പോയി… ഇതാണ് ഈ ഭൂമിയില്‍ പിറക്കുന്ന ഓരോ പെണ്ണിന്‍റേയും വിധി…പതിനെട്ടു വയസ്സ് ആവുമ്പോഴേക്കും അവള്‍ക്ക് സ്വാതന്ത്ര്യം നഷ്ടമാവും…പിന്നത്തെ അവളുടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ”ആരോ” ഒരാള്‍ ആവും… എന്താ ..ഏതാ ..എന്നൊന്നും ചോദിക്കാതെ ആരുടേയെങ്കിലും മുന്നില്‍ തലകുനിച്ചോളുക… പിന്നത്തേ കാര്യങ്ങള്‍ എല്ലാം അയാളുടേ തീരുമാനം പോലേയാവും.. ഒരു ലോട്ടറി പോലേയാ ഓരോ പെണ്ണിന്‍റേയും ജീവിതം..ചിലപ്പോള്‍ സ്വര്‍ഗ്ഗം പോലൊരു ജീവിതം.. അല്ലെങ്കില്‍ കണ്ണീര്‍ക്കടല്‍… എന്തുമാവട്ടെ..

”അതാവും ഈ കീര്‍ത്തിയുടെ വിധി എന്നാശ്വസിച്ച് ഞാന്‍ നാളേയും ഒരുങ്ങി നില്‍ക്കും…”

അങ്ങനേ ”അവര്‍” വന്നു.. ഒരു സാധാരണ കുടുംബം…നമ്മളേ പോലുള്ളവര്‍ തന്നെ.. ”മഹേഷ് എന്നാണ് പേര്.. ഡിഗ്രി വരേ പഠിച്ചിട്ടുണ്ട്…ഒത്തിരി മത്സര പരീക്ഷകളൊക്കെ എഴുതി നോക്കിയതാ..കുറേ ലിസ്ററുകളിലുമുണ്ട്..ഒരു ജോലി കിട്ടുമെന്നൊരു പ്രതീക്ഷയോടെ തന്നേയാ ഞാനിപ്പോഴും..തത്ക്കാലം ഒരു ഓട്ടോ ഓടിക്കുകയാണ്..അതും മതി ഒരു കുടുംബം പുലര്‍ത്താന്‍…കുറച്ചു പാടമുണ്ട് സ്വന്തമായിട്ട്…അച്ഛനുമമ്മയും അവര്‍ക്കാവുന്നത് അവിടുന്ന് വിളയിക്കുന്നുമുണ്ട്…ഞങ്ങള്‍ മൂന്നുപേര്‍ക്ക് സുഖമായ് ജീവിക്കാനുള്ളത്.. ഇനി ഒരു ‘ഇല’ കൂടി ഇട്ടാലും അവിടെ മിച്ചമേ കാണൂ… വീട്ടിലേ കാര്യങ്ങളില്‍ നമ്മളേ സഹായിച്ച് തനിക്കും അവിടേ കഴിയാം…പട്ടിണിയില്ലാതെ.. അച്ഛനുമമ്മയേയു നോക്കണം …അതുമാത്രാ ഒരു അപേക്ഷ…”

ആ തുറന്നു പറച്ചില്‍ കേട്ടപ്പോള്‍ ഉള്ളിലെവിടേയോ ഒരു വിങ്ങല്‍…

മതി..ഈ മനസ്സിലുണ്ട് എല്ലാ നന്മകളും… തനിക്ക് ഇഷ്ടക്കുറവുണ്ടേല്‍ തുറന്നു പറഞ്ഞോളൂ ..പ്രതീക്ഷയോടെ ഉള്ള ആ നോട്ടവും അവഗണിക്കാന്‍ വയ്യാ…

”ഇഷ്ടായല്ലോ… ഈ മനസ്സ് എനിക്കും ഇഷ്ടായി…”

മതി ഇത്രേം കിട്ടിയാല്‍ മതീല്ലോ കീര്‍ത്തിക്ക്… കരയാനേ വയ്യാതുള്ളൂ… വീട്ടു ജോലികളെല്ലാം അറിയാം…പ്രായമായ മാതാപിതാക്കളേ സ്നേഹിക്കാനും സംരക്ഷിക്കാനുമറിയാം… എന്തായാലും ഒരു വിവാഹം വേണം. അല്ലാതെ ആരേയും ഓര്‍ത്ത് മാറി നില്‍ക്കുവാനാവില്ലാ ല്ലോ…ആരോരും തുണയില്ലാതാവുന്നതിലും നല്ലതല്ലേ ഈ,മനസ്സിനോടൊപ്പം കൂട്ടു കൂടണത്….

ഒരു പുഞ്ചിരിയോടെ കൈവീശികാട്ടി റോഡിലേക്കിറങ്ങുമ്പോള്‍….

അങ്ങനേ ഒരു നല്ല മുഹൂര്‍ത്തത്തില്‍ എല്ലാവരുടേയും അനുഗ്രഹത്തോടെ ഞാനും സുമംഗലിയായി… സാമാന്യം വലിയൊരു വീട്…ആവശ്യത്തിനുള്ളതെല്ലാം വാങ്ങിവെച്ചിട്ടുണ്ട്..അതില്‍ കുറേ പുതിയതാണ്.. സ്നേഹിക്കാന്‍ മാത്രമറിയുന്നൊരു അച്ഛനും അമ്മയും..അതേ മനസ്സാണ് ഏട്ടനും…

യാതൊരു പിടിവാശിയുമില്ലാതെ സ്വന്തം കാര്യങ്ങളെല്ലാം സ്വയം ചെയ്തു പഠിച്ച ആ മനസ്സിനേ നമിച്ചു…അതില്‍ പലതും ഞാനും ചെയ്തുകൊടുക്കുവാന്‍ തുടങ്ങിയപ്പോഴും ”വേണ്ടായിരുന്നു” എന്നു പറയണത് കേള്‍ക്കുമ്പോള്‍ ചിരിക്കാന്‍ തോന്നും..

”പിന്നെന്തിനാ എന്‍റെ കൈപിടിച്ചു കൂട്ടിക്കൊണ്ടു വന്നതെന്ന്” ചോദിച്ചപ്പോള്‍ ആ കണ്ണുകള്‍ നിറയണത് കണ്ടു… അത് സന്തോഷം കൊണ്ടാണെന്നു പറഞ്ഞു… ജീവിതത്തിന് ഒരു അടുക്കും ചിട്ടയുമുണ്ടായിരുന്നു..സമയത്ത് മാത്രം ഭക്ഷണശീലവും.. അവരുടെ ആ ലോകത്ത് എനിക്കും കിട്ടി ഏട്ടനുള്ള അതേ സ്ഥാനം …

നിറഞ്ഞു… മനസ്സും ആത്മാവും..

ഇങ്ങനേയും പരസ്പരം സ്നേഹിക്കാന്‍ അറിയുന്നവരുമുണ്ടെന്ന് അറിയാന്‍ കഴിഞ്ഞു… ഓര്‍മ്മകളിലേക്ക് ഇടയ്ക്കെപ്പോഴോ ഓടി വന്നു വിശ്വേട്ടന്‍റെ മുഖം…ആ ഓര്‍മ്മകള്‍ക്ക് ഏതോ നിറമാണ്..എന്തോ ഒരിഷ്ടമാണ് ഇപ്പോഴും ..

ഒരു ദിവസം ഏട്ടനോടൊപ്പം വീട്ടിലേക്ക് പോവുമ്പോള്‍ …. റോഡരികിലൂടെ ഒരു മുച്ചക്രവണ്ടി ആരോ ഉരുട്ടിക്കൊണ്ടു വരണത് കണ്ടു… അടുത്തെത്തിയപ്പോഴേ ആളേയും കയ്യിലിരിക്കണതെന്താണെന്നും മനസ്സിലായുള്ളു..പറ്റെ വെട്ടിയ മുടിയും പ്രതീക്ഷകള്‍ വറ്റിയ കണ്ണുകളും…ഈശ്വരാ ഈ കാഴ്ച എനിക്കു കാണേണ്ടായിരുന്നു… കാട്ടിത്തരേണ്ടായിരുന്നു… എല്ലാം ആ ഉന്തുവണ്ടിയില്‍ ഒരുക്കിയിട്ടുണ്ടായിരുന്നു..വലതു കൈകൊണ്ട് വിശ്വേട്ടന്‍ തന്നേയാ അത് നിയന്ത്രിക്കുന്നത്..മുന്നിലെ ഒരു ബോഡില്‍ ലോട്ടറി ടിക്കറ്റുകള്‍ ഇറുക്കി വെച്ചിട്ടുണ്ട്… ഒരു ചെറിയ സ്പീക്കറില്‍ നിന്നും … ഇന്ന് ..ഇന്ന് നറുക്കെടുക്കുന്ന കാരുണ്യം ഇതാ നിങ്ങളേ തേടി വരികയാണ്…ആരുടേയോ ശബ്ദം…..

അടുത്തെത്തിയപ്പോള്‍ ഞാന്‍ ഏട്ടനോട് രണ്ടു ടിക്കറ്റെടുക്കാന്‍ പറഞ്ഞു… വിശ്വേട്ടന്‍ അത് ഞങ്ങള്‍ക്കരികില്‍ നിര്‍ത്തി.. ഓ…കീര്‍ത്തിയായിരുന്നോ…? ”സുഖല്ലേ നിനക്ക് …” കരച്ചില്‍ വന്നു പെട്ടെന്ന് … സങ്കടത്തോടെ തലയാട്ടി… ഏട്ടന്‍ കാണാതെ ഞാനാ കണ്ണുനീര്‍ തുടച്ചു.. മൂന്നു ടിക്കറ്റെടുത്ത് പണവും നല്‍കി അവിടുന്ന് പോരുമ്പോള്‍ മനസ്സ് കരയുകയായിരുന്നു.. തനിക്ക് അറിയായിരുന്നോ അയാളേ…? ഏട്ടനെന്നോട് ചോദിച്ചു.. മം.. വീടിനടുത്താണോ അയാളുടെ വീട്..? അല്ലാ കുറച്ചു ദൂരേയാ… ഉം..ശരി.. ഏട്ടനെന്തൊക്കെയോ പറഞ്ഞു കൊണ്ട് മുന്നില്‍ നടക്കണത് കാണുന്നുണ്ട്…മനസ്സ് ഇവിടെ നില്‍ക്കണില്ലാ.. വലതു കൈകൊണ്ട് കറക്കുന്ന ആ മുച്ചക്രവണ്ടി ഒരുവട്ടം കൂടി തിരിഞ്ഞു നോക്കാനുള്ള ശക്തിയില്ലാ.. … വയ്യാ..ഇനിയും ആ കാഴ്ച കാണാന്‍ വയ്യാ.. വീട്ടിലെത്തിയപ്പോള്‍ ഉമ്മറത്തുണ്ടായിരുന്നു അച്ഛനുമമ്മയും… പുഞ്ചിരിയോടെ ഞങ്ങളെ വരവേറ്റു..അച്ഛന്‍റെ കണ്ണുകളിലെ തിളക്കം കുറഞ്ഞ് വാര്‍ദ്ധക്യം ബാധിച്ചതുപോലേ തോന്നി.. അമ്മയ്ക്കും പെട്ടെന്ന് പ്രായമായതു പോലെ.. അമ്മയുടെ മാറിലെ ചൂടേറ്റ് വെറുതേ കിടക്കുമ്പോള്‍ തലയില്‍ ഒരു തലോടല്‍… ”ശരിക്കും സുഖാണോ നിനക്ക് ..? ”അതേയച്ഛാ…അവിടുള്ളവരെല്ലാം നല്ലവരാ.. സത്യം … എന്‍റെ കുട്ടീടെ മനസ്സ് നല്ലതാ.. ആര്‍ക്കും വേദനിപ്പിക്കാനാവില്ല ഒരിക്കലും .. രാത്രി ഏട്ടന്‍റെ നെഞ്ചില്‍ തലചേര്‍ത്ത് കിടക്കുമ്പോള്‍ അപ്പുറത്തെ മുറിയില്‍ നിന്നും അമ്മ പറയണത് എന്നോടൊപ്പം ഏട്ടനും കേട്ടു കാണും… ആ വിരലുകള്‍ എന്‍റെ മുടിയിഴകളില്‍ തലോടണുണ്ടായിരുന്നു…

”പാടത്ത് പണിയുന്നവനും ദൈവം കാത്തുവെച്ചല്ലോ ഈ നന്മ …” ഏട്ടാ …അവിടുള്ളവരും നല്ലതല്ലേ…എന്‍റേയും ഭാഗ്യമല്ലേ അതൊക്കെ … ആ കൈകള്‍ എന്നെ വരിഞ്ഞു മുറുക്കി…

അലമാരയിലെ ചെറിയ കൂടെടുത്ത് തുറന്ന് ആ മോതിരം ഏട്ടന്‍റെ കൈകളില്‍ കൊടുക്കുമ്പോള്‍ ഒരു ചെറിയ ആശങ്കയുണ്ടായിരുന്നു… എനിക്കറിയാമായിരുന്നല്ലോ ഇത്…കീര്‍ത്തിയുടെ അച്ഛന്‍ എല്ലാം പറഞ്ഞതാ വിവാഹത്തിന് മുന്നേ തന്നെ… അയാളേ പിന്നേ കാണാറുണ്ടോ താന്‍… മം…ഇന്നലേയാ പിന്നേം കണ്ടത്.. ആ ലോട്ടറി വില്‍പ്പനക്കാരനായിരുന്നോ.. അതെ…. വലിയ ലോറിയില്‍ പോവണതായിരുന്നു വിശ്വേട്ടന്‍ …കര്‍ണ്ണാടകത്തില്‍ വെച്ച് ഒരു യാത്രയില്‍ പറ്റിയൊരപകടം… ഹോ…എന്തൊരു കഷ്ടാ അല്ലേ… അതെ…ഓരോരുത്തരുടേയും വിധി ഇങ്ങനേ നിര്‍ണ്ണയിക്കുന്നതാരാവും…? ”ഒരു കാര്യം ചോദിച്ചാല്‍ വിഷമാവ്വോ…? ”താന്‍ ചോദിക്കൂ…”

”നമുക്ക് ഒന്നാ വീടുവരേ പോയാലോ…? ഒരു നിമിഷം എന്നേത്തന്നെ നോക്കി നിന്നു.. ”പോവണോ…? ആവാല്ലോ.. എന്നാല്‍ വേഗം ഇറങ്ങിക്കോളൂ…”

വൈകിട്ട് തിരികേ പോവേണ്ടതല്ലേ.. ഉം…വേഗം അടുക്കളയിലേക്കോടി.. അമ്മ ഉരലിലിടിച്ചെടുത്ത പൊടി കൊണ്ടുണ്ടാക്കിയ പുട്ടും കടലക്കറയും ഓരോ പാത്രത്തില്‍ എടുത്തു… വേഗം ഒരു കുളിയും കഴിഞ്ഞിറങ്ങി…

”ഒന്നമ്പലത്തില്‍ പോവാണെന്ന്” അമ്മയോട് കള്ളം പറഞ്ഞത് ഞാനായിരുന്നു…അച്ഛനെ വെറുതേ ആധി പിടിപ്പിക്കേണ്ടാന്നാണോര്‍ത്തത്.. ഒരു ഓട്ടോയില്‍ ആ മുറ്റത്ത് ചെന്നിറങ്ങുമ്പോള്‍ കാലുകള്‍ എന്തിനോ ഒന്ന് വിറച്ചു… മുറ്റത്ത് ആ വണ്ടിയുണ്ടായിരുന്നു.

”മുറ്റത്ത് കണ്ട ആള്‍പ്പെരുമാറ്റമില്ലാത്തതിന്‍റെ ലക്ഷണങ്ങള്‍ ഉമ്മറത്തോളമുണ്ട്…”

മുന്‍വാതില്‍ തുറന്നു കിടക്കുന്നു… ഞങ്ങള്‍ അകത്തേക്ക് കയറിച്ചെന്നു.. ”ഇവിടാരും ഇല്ലേ…? ഏട്ടന്‍ വിളിച്ചു ചോദിച്ചു.. ”ഉണ്ടല്ലോ…കേറി വന്നോളൂ…” ”ആരാ.”..എന്നു ചോദിച്ച് വിശ്വേട്ടന്‍ കക്ഷത്തില്‍ വടികളിലൂന്നി ഞങ്ങള്‍ക്ക് മുന്നിലേക്ക് വന്നു.. ”ഓ…നിങ്ങളായിരുന്നോ…? ”എന്തിനാ മോളേ ഈ സാഹസം കാട്ടിയത്.. വേണ്ടിയിരുന്നില്ലാ…” ”വിശ്വേട്ടന്‍ വല്ലതും കഴിച്ചോ…? ഞാനാ കണ്ണുകളിലേക്ക് നോക്കാതെ ചോദിച്ചു.. ”അതൊക്കെ പുറത്തൂന്നാ… ഇവിടാരാ അടുപ്പു കത്തിക്കാന്‍…?

”എന്നാല്‍ കൈകഴുകി ഇരിക്കൂ… നല്ല പുട്ടും കടലക്കറിയുമുണ്ട്…”

ചെറിയൊരു സന്ദേഹം…ഒന്നും ഉള്‍ക്കൊള്ളാനാവാത്തതു പോലെ ഒരു നിമിഷം ഞങ്ങളേ മാറിമാറി നോക്കണത് കണ്ടു…

മനസ്സറിഞ്ഞ് ഉണ്ണുന്നതും നോക്കി ഞാനും ഏട്ടനും ആ അരികില്‍ ഇരുന്നു … ഒന്നും പറഞ്ഞില്ലെങ്കിലും ആ കണ്ണുകളില്‍ ഒരു നീര്‍ത്തിളക്കം ഞാന്‍ കണ്ടു… ഏട്ടനെന്തൊക്കെയോ ചോദിക്കുന്നതിന് വിശ്വേട്ടന്‍ മറുപടി പറയുന്നുണ്ട്.. ഞാന്‍ എല്ലാം കേട്ടുവെങ്കിലും ഒന്നും മനസ്സിനേയറിയിക്കാതേ ഏതോ ലോകത്തായിരുന്നു …

ഈ ഭൂമിയില്‍ ആരൊക്കെയോ, ജീവിച്ചു തുടങ്ങുമ്പോള്‍ തന്നെ..അല്ലെങ്കില്‍ പാതിയിലെത്തുമ്പോള്‍…അല്ലെങ്കില്‍ അവസാനഘട്ടത്തിലെത്തുമ്പോള്‍ വൈകല്യമുള്ളവരാകുന്നുണ്ട്..

കട്ടിലിലോ വീല്‍ച്ചെയറിലോ ജീവിതം വഴിമുടക്കി കിടത്തുമ്പോള്‍,എന്തെല്ലാം സ്വപ്നങ്ങളാവും കരിഞ്ഞുണങ്ങുന്നത്…ആരുടേയൊക്കെ ജീവിതങ്ങളാണ് പൊലിഞ്ഞു പോവുന്നത്…

”കീര്‍ത്തി ” നീ അതൊക്കെ ഒന്നെടുത്ത് വച്ചോളൂ… ഏട്ടനാ.. ഞങ്ങളുടെ കൂടേ വിശ്വേട്ടനും വീടും പൂട്ടി ആ വണ്ടിയില്‍ റോഡിലേക്കിറങ്ങി…

”പലരുടേയും ജീവിതം ഇങ്ങനേയൊക്കെത്തന്നേയാവും…ഒരു തെറ്റും ചെയ്യാത്തവരാവും പലപ്പോഴും ശിക്ഷിക്കപ്പെടുന്നത്… വലിയ തെറ്റുകള്‍ ചെയ്യുന്നവര്‍ക്ക് ഇവിടെ ശിക്ഷയും കാണില്ലാ…”

ഏട്ടനോടൊപ്പം നടക്കുമ്പോള്‍… കുറേ നാളുകളായ് ഉള്ളിലെവിടേയോ നീറിക്കൊണ്ടിരിക്കുന്ന ഒരു തീ അല്‍പം അണഞ്ഞതു പോലെ തോന്നി…

”താന്‍ എന്നേയോര്‍ത്ത് വേദനിക്കയൊന്നും വേണ്ടാ ട്ടോ…ഈ ജീവിതവുമായ് ഞാന്‍ പൊരുത്തപ്പെട്ടുകഴിഞ്ഞു…എവിടേയെങ്കിലും വീണു പോയെന്നറിഞ്ഞാല്‍ മറ്റുള്ളവരേ പോലെ ഇനി താനും മാറി നില്‍ക്കില്ലാ എന്നൊരു സന്തോഷം മതി ഇനിയെന്നും….”

”വല്ലപ്പോഴും എന്നേയൊന്ന് ഓര്‍ക്കാനൊരു മനസ്സുണ്ടായാല്‍ മതി…എനിക്കും അങ്ങനേയൊരാളുണ്ടല്ലോ ഇപ്പോള്‍..!

നേരത്തെ വിശ്വേട്ടന്‍ പറഞ്ഞതാ…പാവം.. ഞാനുണ്ടാവും ഇതുപോലെ കൂടേ എന്നും… എന്‍റെ മനസ്സ് മന്ത്രിച്ചു……
രചന: Nkr Mattannur

Leave a Reply

Your email address will not be published. Required fields are marked *