നിയോഗം ഈ കഥ ഒന്ന് വായിച്ചു നോക്കൂ…

രചന: രമ്യ മണി.

“അഭിനന്ദനങ്ങൾ.. നിങ്ങളുടെ ഏഴെട്ടു വർഷത്തെ കാത്തിരുപ്പിനവസാനമായി, ഹിമ ഒരു അമ്മയാകാൻ പോകുന്നു” ഡോക്ടർ പുഞ്ചിരി യോടെ അവരോടു പറഞ്ഞു.
വേവലാതിയോടെ കേട്ടുകൊണ്ടിരുന്ന ഹിമയുടെ നെഞ്ചിലേക്ക് ഒരു മഞ്ഞു തുള്ളി വീണു.

ഡോക്ടറോട് നന്ദി പറഞ്ഞു അവർ പുറത്തിറങ്ങി.

പിന്നീടങ്ങോട്ട് രാജേഷ് അവളെ നിലത്തു വയ്ക്കാതെ ശുശ്രൂഷിച്ചു.

അന്ന് രാവിലെ, ഹിമ കുളി കഴിഞ്ഞു കണ്ണാടിയിൽ വളർന്നു വരുന്ന സ്വന്തം വയറു നോക്കി. രണ്ടു കയ്യും എടുത്തു വയറു അളന്നു.

ശോ.. ഇതെന്താ വലുതാവത്തെ? ആറുമാസയീലോ.. അളന്നു മതിയാവാതെ വീണ്ടും വീണ്ടും അവൾ കൈ വിരൽ വച്ചു അളന്നു നോക്കി.. അവളിൽ നിരാശ പടർന്നു.

മരുമകളുടെ പ്രവൃത്തികൾ നിരീക്ഷിച്ചു കൊണ്ടിരുന്ന രാജേഷിന്റെ അമ്മ മനസ്സിൽ ഓർത്തു.

കാലം പോയ പോക്കേ.. ബാക്കി ഉള്ളോരിവിടെ നാലും അഞ്ചും പ്രസവിച്ചിട്ട….ഇതൊക്കെ എന്തൊക്ക നാടകങ്ങളാ… ഗര്ഭിണിയെന്നറിഞ്ഞപ്പോ മുതൽ മുറിക്കുള്ളിൽ അടയിരിപ്പാ ഭാര്യേം ഭർത്താവൂടെ.. അടുക്കളയിലേക്കുള്ള വഴിയേ മറന്നു അവള്.. റസ്റ്റ്‌ വേണം പോലും… ഉരലിൽ നെല്ല് ഇടിച്ചു പോയി കിടന്നതാ ഞാൻ രണ്ടാമത്തവളെ പ്രസവിക്കാൻ. ഒരു ആസ്പത്രിയോ ഡോക്ടറോ ഒന്നും ല്ലാരുന്നു… ക്യാരറ്റ് അരിഞ്ഞു കൊണ്ടവർ ചുണ്ട് കോട്ടി.

മാസങ്ങൾ കടന്നു പോകും തോറും ഹിമയുടെ വയറു വലുതായി വന്നു.. അവളുടെ മെലിഞ്ഞ ശരീരത്തിന് താങ്ങാവുന്നതിലേറെ വലുപ്പമായി മാറി.

ഓരോ നിമിഷവും അവൾ കുഞ്ഞിന്റെ അനക്കം ശ്രദ്ധിച്ചു കൊണ്ടേ ഇരിക്കും.

“നടു വേദനിക്കുന്നു ഏട്ടാ… ഇരിക്കാനും കിടക്കാനും ഒന്നും വയ്യ. മാത്രോമല്ല എന്ത് ചൂടാ”…. നേരിയ കിതപ്പോടെ ഹിമ രാജേഷിനോട് പറഞ്ഞു.

അവളുടെ ഐശ്വര്യം നിറഞ്ഞ മുഖം ആകെ ഇരുണ്ടു കരുവാളിച്ചപോലെ അയാൾക്ക്‌ തോന്നി.

“സാരമില്ല.. നീ പതുക്കെ കിടക്കു… കുറച്ചു നാളൂടെ അല്ലെ അത് കഴിഞ്ഞാൽ വാവ പുറത്തു വരില്ലേ.. ഹിമക്കുട്ടി അത് മാത്രമാലോചിച്ചു കണ്ണടച്ച് കിടന്നോളു”.

അയാൾ തലയണ വച്ചു പതുക്കെ അവളെ കിടത്തി. അവളുടെ നീര് വച്ചു വീങ്ങിയ കാലുകൾ അയാൾ മൃദുവായി തടവി കൊടുത്തു.

അയാളുടെ കണ്ണിൽ നിന്നൊരു തുള്ളി പെയ്തു അവളുടെകാലുകളിലേക്കരിച്ചിറങ്ങി.
പാവം എന്റെ കുഞ്ഞിനെയാണല്ലോ അവൾ വയറ്റിൽ ചുമക്കുന്നത്..ഈ ബുദ്ധിമുട്ടുകൾ എനിക്ക് കണ്ടിരിക്കാൻ മാത്രേ കഴിയുന്നുള്ളു. പങ്കിട്ടെടുക്കാൻ സാധിക്കുന്നില്ലല്ലോ ഭഗവാനെ..

അയാൾ ജനലിലൂടെ പുറത്തെ കനം കൂടി നിൽക്കുന്ന ഇരുട്ടിലേക്ക് നോക്കി നെടുവീർപ്പിട്ടു.

ആ ഇരുപ്പിൽ ഇരുന്നു അയാൾ മയങ്ങി.ചെറിയ ഒരു ഞരക്കം കേട്ടയാൾ ഞെട്ടി ഉണർന്നു. കരണ്ട് പോയി ഫാൻ ഓഫായിരിക്കുന്നു. ഹിമ വയറു വച്ചു തിരിഞ്ഞു കിടക്കാൻ ശ്രമിക്കുകയാണ്.
അയാൾ അവളെ സഹായിച്ചു…

ഹിമയുടെ കൈയാകെ വിയർപ്പു നനച്ചിരിക്കുന്നു.. ഗർഭിണികൾക്ക്‌ ചൂട് കൂടുമെന്നു അമ്മ പറഞ്ഞതായി അയാൾ ഓർത്തു.

മേശപ്പുറത്തിരുന്ന മാസികയെടുത്തു അയാൾ വീശി തുടങ്ങി.. നേരിയതായി മുഖത്തടിക്കുന്ന കാറ്റ് അവൾക്കാശ്വാസം പകർന്നു.

“എനിക്കൊന്നു മലർന്നു കിടക്കാൻ കൊതിയാവണ് ഏട്ടാ… ഞാൻ ഇത്തിരി നേരം മലർന്നു കിടക്കട്ടെ.. പ്ലീസ്”.

തന്നെ നോക്കി കെഞ്ചുന്ന അവളെ കണ്ടപ്പോൾ അയാളുടെ നെഞ്ചകം വിങ്ങി. പക്ഷെ ചെരിഞ്ഞു കിടക്കാൻ മാത്രേ ഈ അവസ്ഥയിൽ പാടു. അയാൾ വാത്സല്യത്തോടെ അവളുടെ മുടിയിൽ തഴുകി.

“ഇതെന്നാ ഒന്നു പുറത്തേക്കു വരണേ, എനിക്ക് മതിയായിട്ടോ.. ഒരോ പത്തു മിനുട്ടിലും ബാത്തറൂമിൽ പോണം.. പിന്നേ ഈ വയറും നീരുള്ള കാലും ശ്വാസം മുട്ടലും. എനിക്ക് വയ്യാതായി”. ഹിമ ദയനീയമായി പറഞ്ഞു കൊണ്ട് വയറിൽ കൈ ചേർത്തു അയാളുടെ തോളിലേക്ക് ചാഞ്ഞു.

പിറ്റേന്ന് രാവിലെ അതികഠിനമായ നടു വേദനയും വയറിലെ കൊളുത്തിപ്പിടുത്തവും ആണ് ഹിമയെ ഉണർത്തിയത്.

“മോനെ.. അവൾക്കു പേറ്റുവേദന ആണെന്ന് തോന്നുന്നു.. വേഗം ആശുപത്രിയിൽ കൊണ്ടോവണം”.

ആശുപത്രിയിലേക്ക് ഹിമയെ എത്തിക്കുമ്പോളെക്കും അവൾ വേദനയുടെ പടുകുഴി യിലേക്ക് വീണിരുന്നു.

നേഴ്സ്മാർ വന്നവളെ ലേബർ റൂമിലേക്ക്‌ കയറ്റി.

“പ്രസവ വേദന ലോകത്തു മറ്റേതു വേദനയേക്കാളും അപ്പുറമാ.. ദൈവം അത് സഹിക്കാവുന്ന രീതിയില പെണ്ണിനെ സൃഷ്ടിച്ചിരിക്കുന്നത് . മോൻ വിഷമിക്കാതെ അവള് എളുപ്പത്തിൽ പ്രസവിക്കും”..
ആധിയോടെ തളർന്നിരിക്കുന്ന മകനോട് അമ്മ പറഞ്ഞു.

പെട്ടെന്ന് ലേബർ റൂമിൽ നിന്നും ഒരു നേഴ്സ് ഓടി യവരുടെ അടുക്കലേക്കു വന്നു.. “ഒപ്പിട്ട് തരണം സിസ്സേറിയൻ ചെയ്യാൻ”…

“ഇതെന്താണ് കഥ .. അവൾക്കു പ്രസവ വേദനയുടെ അങ്ങെത്തിയിട്ടുണ്ട്.. ഒരു പതിനഞ്ചു മിനുട്ടിൽ പ്രസവിക്കും.നിങ്ങൾ ആസ്പത്രിക്കാർ കാശുണ്ടാക്കുകയാണ് “.

“ചേട്ടാ.. അമ്മ പറഞ്ഞത് ശെരിയാണ്.. പാവം പ്രസവവേദന മുഴുവൻ അനുഭവിച്ചു. പക്ഷെ കുഞ്ഞിന്റെകഴുത്തിൽ കോഡ് കുടുങ്ങിയിട്ടുണ്ട്, കൂടാതെ ഫ്ലൂയിഡും കുറവുണ്ട്, ഓപ്പറേറ്റ് ചെയ്യാതെ നിവർത്തിയില്ല”. ഒപ്പിട്ട് കിട്ടിയ പേപ്പറുമായി അവർ അകത്തേക്കോടി.

മണിക്കൂറുകൾ ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു. ആധികൾക്കും പ്രതീക്ഷകൾക്കും ഒടുവിൽ ഡോക്ടർ അയാളെ അകത്തേക്ക് വിളിപ്പിച്ചു.

കുഞ്ഞിനെ രക്ഷിക്കാനായില്ലെന്ന വാർത്ത ഞെട്ടലോടെയാണ് അയാൾ ശ്രവിച്ചത്. പൊട്ടിക്കരയുന്ന അയാളെ സമാധാനിപ്പിക്കാൻ ഡോക്ടർ ഏറെ ശ്രമപ്പെട്ടു.

ബോധം തെളിഞ്ഞപ്പോൾ കേട്ട വാർത്ത ഹിമയെ നടുക്കത്തിലേക്കാഴ്ത്തി. അവളുടെ പൊട്ടിക്കരച്ചിലുകൾ ആശുപത്രി വരാന്തയിൽ മുഴങ്ങി.

“എന്ത് കുഞ്ഞാരുന്നു പെൺകുഞ്ഞോ.. എനിക്ക് കുഞ്ഞിന്റെ മുഖം പോലും കാണിച്ചു തന്നില്ലല്ലോ .. ഞാൻ ബോധം തെളിയും വരെ കാക്കാമായിരുന്നില്ലേ .വര്ഷങ്ങളുടെ കാത്തിരിപ്പല്ലേ നമ്മുടെ “..

പതം പറഞ്ഞ കരച്ചിലുകൾക്കൊടുക്കം വാടിയ താമര തണ്ട് കണക്കെ അവൾ കട്ടിലിൽ ചുരുണ്ടു. മൂന്നാല് ദിവസം വേണ്ടി വന്നു ഹിമക്ക് അതുമായി പൊരുത്തപ്പെടാൻ.

“രാജേഷേ നീ കേട്ടോ.. ആശുപത്രിയിൽ വേസ്റ്റ് കളയുന്നിടത്തു ആരോ ഒരു കുഞ്ഞിനെ ഉപേക്ഷിച്ചത്ര.ഒരു ദിവസം പ്രായമായ പൂർണ ആരോഗ്യമുള്ള പെണ്കുഞ്ഞാ ണെന്ന്” !

അമ്മയിൽ നിന്നാ വാർത്ത അയാൾ നിസ്സംഗതയോടെ യാണ് കേട്ടത്. വിഷാദം നിറഞ്ഞ കണ്ണുകളോടെ ചുമരിലേക്കു നോക്കി കിടന്നിരുന്ന ഹിമ അതുകേൾക്കേ എഴുന്നേറ്റിരുന്നു.

“എനിക്കാ കുഞ്ഞിനെ കാണണം.. എന്നെ ഒന്നു കൊണ്ട് പോവൂ”… അവൾ അയാളോട് അപേക്ഷിച്ചു.

“ഹിമേ.. നീ കുട്ടികളെ പോലെ പെരുമാറല്ലേ.. ഓപ്പറേഷൻ കഴിഞ്ഞതാ മുറിവുണങ്ങണം.. കിടക്കു”.

എന്നാൽ ഹിമയുടെ വാശിക്ക് മുന്നിൽ ഒടുവിലായാൾ മുട്ടുകുത്തി. ഹിമയുടെ കൈ പിടിച്ചു കുഞ്ഞിനെ സൂക്ഷിച്ചിരിക്കുന്ന മുറിയിലേക്ക് നടന്നു.

ഒരു തുണിയിൽ പൊതിഞ്ഞു വെള്ളമന്ദാരപ്പൂ കണക്കെ തെളിമയോടിരുന്ന കുഞ്ഞിന്റെ അടുത്ത് ചെന്നിരുന്നവൾ നോക്കി. വെളുത്തു തുടുത്ത കുഞ്ഞ്.

അതെ സമയം അവളിൽ പാൽ ചുരന്നു ഒഴുകി. ഹിമ കുഞ്ഞിനെ എടുത്തു മാറോടു ചേർത്തു. കുഞ്ഞു പതുക്കെ അവളുടെ നെഞ്ചിലേക്ക് മുഖം തിരിച്ചു വാ തുറന്നു. പിന്നീടവൾ മറ്റൊന്നും ഓർത്തില്ല.. ആ കുഞ്ഞിനെ പ്രസവിച്ച അമ്മയായി അവൾ മാറുകയായിരുന്നു. അവളിൽ ആകമാനം ഒരു പ്രത്യേക അനുഭൂതി നിറഞ്ഞു. ആ അമ്മയും കുഞ്ഞും ചുറ്റുപാടുകൾ മറന്നു സ്നേഹത്തിൽ അലിഞ്ഞില്ലാതായി.

ഹിമേ.. രാജേഷിന്റെ വിളി അവളെ സ്വപ്നങ്ങളിൽ നിന്നുണർത്തി.

“നീയെന്താണീ കാണിക്കുന്നത്‌ ഒരു ബോധോം ഇല്ലേ.. ഏതോ ഒരു കുട്ടി..ആർക്കോ ഉണ്ടായ കുട്ടി നമ്മുടേതല്ല… നീ അതിനെ അവിടെ കിടത്തി വാ കൂടെ”..

രാജേഷ് ബലം പ്രയോഗിച്ചവളെ വലിച്ചു.

അയാൾക്ക്‌ എത്ര ശ്രമിച്ചിട്ടും അവളെ ആ കുഞ്ഞിൽ നിന്ന് വേർപ്പെടുത്താൻ സാധിച്ചില്ല.. ഹിമയുടെ വിരലുകൾ ആ കുഞ്ഞിളം കൈകൾ മുറുകെ പിടിച്ചിരുന്നു.

“ഏട്ടാ… നിങ്ങൾ കണ്ടിരുന്നതല്ലേ എന്റെ ഗര്ഭകാലം. എന്തെല്ലാം ബുദ്ധിമുട്ടുകൾ സഹിച്ചു. പിന്നെ പ്രസവ വേദനയും സിസേറിയന്റെ ഇഞ്ചക്ഷനും. തീർന്നില്ല, ഇപ്പോൾ ഓപ്പറേഷൻന്റെ വേദനയും.. എന്നിട്ടോ എന്റെ കുഞ്ഞിനെ ഒന്നു കാണാൻ പോലും ദൈവം അനുഗ്രഹിച്ചില്ല”. ഹിമയുടെ വാക്കുകൾ കണ്ണീരാൽ നനഞ്ഞവയെങ്കിലും ശക്തമായിരുന്നു.

“ഈ കുഞ്ഞിന്റെ അമ്മയും ഇതെല്ലാം സഹിച്ചു കാണും. അത്രയേറെ ബുദ്ധിമുട്ട് വന്നത് കൊണ്ടാകും ഉപേക്ഷിച്ചിട്ടുണ്ടാവുക.കൊന്നു കളഞ്ഞില്ലല്ലോ. ഒരമ്മക്കും മനസ്സാലെ കുഞ്ഞിനെ ഉപേക്ഷിക്കാൻ സാധിക്കില്ല, ഇവളെ നമ്മുടെ മുന്നിൽ എത്തിച്ചത് ദൈവ നിയോഗം”.

“ഹിമ… നിയമ കുരുക്കുകൾ ഏറെയാണ് ഇതിനൊക്കെ.. നമുക്കിനിയും കുഞ്ഞുങ്ങൾ ഉണ്ടാകും. പുലിവാലാകും പറയുന്നത് അനുസരിക്കു”..

“ഇല്ല.. നിയമം ഒക്കെ മനുഷ്യർക്കു വേണ്ടി ഉള്ളതാണ്. ഇവളെ എനിക്ക് വേണം നിയമോം കാര്യങ്ങളും ഒക്കെ ഏട്ടൻ ശെരിയാക്കു”.. കുഞ്ഞിനെ മാറോടു ചേർത്തവൾ പറഞ്ഞു.

ആ അമ്മയുടെ ദൃഡ നിശ്ചയത്തിനുമുന്നിൽ അയാൾ തോൽവി സമ്മതിച്ചു. പതുക്കെ രാജേഷ്‌ ഹിമയെ ചേർത്ത് പിടിച്ചു നഗ്നമായ കാലടികളോടെ ആശുപത്രി മുറ്റത്തെ കാറ്റാടിമരങ്ങളുലയുന്ന തണൽ നിറഞ്ഞ നടപ്പാതയിലൂടെ മുന്നോട്ടു നടന്നു.

ഒരുപക്ഷെ ഹിമ പറഞ്ഞ പോലെ ഇതായിരിക്കും ഈ ജന്മത്തിലെ ഞങ്ങളുടെ നിയോഗം. ഈ ഒരു കുഞ്ഞല്ല ഇത് പോലത്തെ ഒരുപാടു കുഞ്ഞുങ്ങൾക്ക് അച്ഛനമ്മമാർ ആവണം.

രചന: രമ്യ മണി.

Leave a Reply

Your email address will not be published. Required fields are marked *