നെറ്റിയിലേക്ക് ഊർന്നു ഇറങ്ങിയ അവളുടെ തലമുടി ഒതുക്കി കൊണ്ട് അവൻ അവളുടെ മുഖം ഉയർത്തി…

രചന: Jayan Krishnan

” പ്രകാശാ അവൾക്ക് വെയ്ക്കാനുള്ള മുല്ലപ്പൂ വാങ്ങിയോ നീ ”

” ഇല്ല ” അല്പം നിസ്സംഗതയോടെ പ്രകാശൻ അമ്മയ്ക്ക് മറുപടി കൊടുത്തു

” അവളുടെ വീട്ടുകാർ ഇപ്പൊ വരും.. 7 മാസം പെണ്ണിനെ കുട്ടിക്കൊണ്ടുപോകുവാൻ ഇങ്ങനെ അങ്ങ് ഇറക്കിവിട്ടമതിയോ നീ നിന്റെ ഇഷ്ടത്തിന് ഓരോന്ന് ചെയ്തോ ”

അമ്മയുടെ ശകാരം കേട്ടു പ്രകാശൻ ബൈക്കിന്റെ ചാവി എടുത്തു മുഷിഞ്ഞ ടീ ഷർട്ടും കാവി മുണ്ടുമായി പ്രകാശൻ വീടിന്റെ ഉമ്മറത്തേക്കിറങ്ങി

” ഏട്ടാ ”

ഉമ്മറത്തു വന്നു തന്റെ ഭർത്താവിനെ പിന്നിൽ നിന്നും വിളിച്ചു കവിത അവിടെ നിന്നു..

” എന്താ മോളെ ഇത് ഉമ്മറത്തേക്ക് വരണ്ടാന്നു പറഞ്ഞതല്ലെ ഇവിടെയൊക്കെ ഇന്നലത്തെ മഴയുടെ വെള്ളം കെട്ടി കിടക്കുവാ ” പ്രകാശൻ ഓടി ചെന്ന് കവിതയെ ചേർത്ത് പിടിച്ചു പതിയെ റൂമിലേക്കു കൊണ്ട് പോയി കട്ടിലിൽ ഇരുത്തി

” ഏട്ടാ എട്ടനിപ്പോ എങ്ങോട്ടും പോവണ്ട ”

വിരഹത്തിന്റെ തുടക്കം എന്നോണം അവളുടെ മുഖം വാടിയിരുന്നു പ്രകാശന്റെ വലതു കൈ മുറുക്കി പിടിച്ചു അവൾ ദയനീമായി അവനെ നോക്കി, ഒരു പെരുമഴക്ക് തയാറെടുക്കുന്ന ആകാശം പോലെ

നെറ്റിയിലേക്ക് ഊർന്നു ഇറങ്ങിയ അവളുടെ തലമുടി ഒതുക്കി കൊണ്ട് അവൻ അവളുടെ മുഖം ഉയർത്തി

” എന്തിനാടോ ഇങ്ങനെ മുഖം വീർപ്പിച്ചിരിക്കുന്നത് നാലു ദിവസം കഴിഞ്ഞാൽ ഞാൻ അങ്ങ് വരില്ലെ.. പിന്നെ ഇവിടെയും നില്കണ്ടേ അമ്മ ഒറ്റയ്ക്കലെ ”

കവിത പതിയെ മുഖം താഴ്ത്തി..

8 വർഷം മുൻപ് പ്രകാശന്റെ അച്ഛൻ മരിച്ചിരുന്നു അത് കൊണ്ട് ഇരുവരും കവിതയുടെ വീട്ടിൽ പോയാൽ അമ്മ ഒറ്റയ്ക്കാവും, പ്രകാശൻ അധികവും പോകാറില്ല അത് കൊണ്ട് തന്നെ ഏഴാം മാസത്തിലെ കൂട്ടികൊണ്ടു പോകുന്ന ചടങ്ങ് ഒഴിവാക്കുവാൻ കവിത പരമാവധി എല്ലാവരോടും പറഞ്ഞു നോക്കി ഒരു രക്ഷയും ഉണ്ടായില്ല പ്രകാശൻ കൂടെ ഇല്ലാതെ ഈ രണ്ടു വർഷത്തിൽ ഒരിക്കൽ പോലും അവൾ ഉറങ്ങിയിട്ടില്ല

” മോളെ.. ”

അമ്മ റൂമിലേക്ക് കടന്നു വന്നു കൈയിൽ കാട്ടു മുല്ലയും മറ്റും പൂക്കൾ ചേർത്ത് കോർത്തു കൊണ്ടാണ് വരവ്, പ്രകാശനും കവിതയും അമ്മയുടെ ശബ്ദം കേട്ടതോടെ അല്പം വിട്ട് നിന്നു

” ന്നാ മോളെ ഇത് വെച്ചോ ”

കോർത്തു ഉണ്ടാക്കിയ മാല മരുമകൾക്ക് നീട്ടി കൊണ്ട് അമ്മ പ്രകാശനെ ഒന്ന് നോക്കി

” നിനക്ക് വേറെ ഡ്രസ്സ്‌ ഒന്നും കിട്ടിയില്ലേ.., പോയി ആ ഭക്ഷണം കൊണ്ട് വരാനുള്ള ഏർപ്പാട് ചെയ് പോ.. ”

പ്രകാശൻ പുറത്തിറങ്ങി മൊബൈൽ എടുത്തു വിളിച്ചു, പത്തു മിനിട്ടിനുള്ളിൽ എത്തും എന്ന ഉത്തരം കിട്ടി അവൻ അത് അമ്മയോട് പറയുകയും ചെയ്തു

പുതിയ നീല നിറമുള്ള ഷർട്ടും മുണ്ടുമായി കവിത അവന്റെ അടുത്ത് വന്നു

” ഈ ഡ്രെസ്സ് മാറ്റിക്കോ ഏട്ടാ ”

ഷർട്ടും മുണ്ടും മാറ്റി പഴയ വസ്ത്രങ്ങൾ പ്രകാശൻ കവിതയുടെ കൈയിൽ വെച്ച് കൊടുത്തു എന്നിട്ടയാൾ കാറ്ററിങ് ആളുകൾക്ക് വഴി കാണിക്കുവാനായി പുറത്തേക്കിറങ്ങി നടന്നു, അവന്റെ വസ്ത്രങ്ങളുമായി കവിത മുറിയിൽ ചെന്നിരുന്നു വിയർപ്പിന്റെ ഗന്ധം ആവോളം ഉള്ള അവന്റെ വസ്ത്രം അവൾ പതിയെ മൂക്കിന്റെ അടുത്ത് വെച്ചു ആ ദുർഗന്ധം ഉള്ളിലേക്ക് വലിച്ചു ഒപ്പം അവളുടെ കണ്ണുകൾ ഈറനണിഞ്ഞു ഇതുവരെ പിടിച്ചു നിന്ന ശക്തി ചോർന്നു കൊണ്ട് കവിൾത്തടങ്ങളിലൂടെ നീരൊഴുകി, ഇനിയുള്ള രാവുകൾ പകലുകൾ എല്ലാം ഇത് വരെ അനുഭവിച്ചിട്ടില്ലാത്ത വിരഹത്തിന്റെ നൊമ്പരത്തിനു വഴിമാറി കൊണ്ടുക്കേണ്ടി വരും എന്നവളുടെ മനസ്സ് മന്ത്രിച്ചു..

” ആ വരൂ വരൂ.. കുറച്ചു കൂടി നേരെത്തെ വരും എന്ന് കരുതി ഞാൻ ”

ഒരു വണ്ടി ആളുകൾ മുറ്റത്തേക്ക് നടന്നു

” മോളെ ദാ അവരെത്തി ” അമ്മ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു

കവിത കണ്ണുകൾ തുടച്ചു കൊണ്ട് കട്ടിലിൽ നിന്നും എഴുനേറ്റു

” അയ്യോ ഇങ്ങനെ പെട്ടെന്ന് എഴുന്നേൽക്കല്ലേ മോളേ ”

കവിതയുടെ അമ്മ ഹാൻഡ് ബാഗ് താഴെ ഇട്ടു കൊണ്ട് ഓടിച്ചെന്നു മകളെ താങ്ങി പതിയെ അവളെ കട്ടിലിൽ ഇരുത്തി കുട്ടിക്കൊണ്ടുപോകുവാനായി വന്നവർ എല്ലാം മുറിയുടെ വാതിൽക്കൽ എത്തി കവിതയെ നോക്കി ചിരിച്ചും വിശേഷം ചോദിച്ചും നടന്നു എല്ലാവരോടും ഒരേ തരത്തിൽ അവൾ പുഞ്ചിരിച്ചു കാണിച്ചു കൊണ്ടിരുന്നു

” പ്രകാശൻ എവിടെ? ”

” ഭക്ഷണം കൊണ്ട് വരാൻ പോയതാണ് ”

മകളുടെ മുഖത്തെ ആ വാക്കിനിടയിൽ മിന്നി മറഞ്ഞ ഭാവം അമ്മയ്ക്ക് മനസിലായി കവിതയുടെ മുടിയിഴകൾ തഴുകി കൊണ്ട് അവർ അവൾക്ക് ആശ്വാസമായി കൂടെ നിന്നു

” ആ അച്ഛാ എപ്പോഴാ എത്തിയത് ”

ഉമ്മറത്തേക്ക് കയറിയ പ്രകാശൻ കവിതയുടെ അച്ഛനെ കണ്ടു വിശേഷം ചോദിച്ചു

“ഇപ്പൊ വന്നേ ഉള്ളു മോനെ ”

പ്രകാശൻ അടുക്കളയിലേക്ക് നടന്നു ഭക്ഷണം ഒഴിച്ച് വെയ്ക്കുവാനുള്ള പത്രങ്ങൾ ശെരിയാക്കി വെച്ചു

റൂമിലേക്ക് കയറി കവിതയെ ഒന്ന് നോക്കി അവൻ

” അമ്മേ സമയമായി ഇവൾക്ക് ഭക്ഷണം കൊടുത്താലോ ”

” ആ ഞാൻ കൊടുത്തോളം മോൻ ഉമ്മറത്തേക്ക് പൊയ്ക്കോ ”

പ്രകാശൻ ഉമ്മറത്തേക്ക് നടന്നു കസേരയും ടേബിളും പിടിച്ചു ഇട്ട് കൊണ്ട് അവൻ ഓരോരുത്തരെയും വിളിച്ചു ഭക്ഷണം വിളമ്പി കൊടുത്തു പ്ലേറ്റിൽ ഭക്ഷണം മകളുടെ വായയിൽ വെച്ചു കൊടുത്തുകൊണ്ട് കവിതയുടെ അമ്മയും

നേരം കടന്നു പോയി റൂമിലെ വിശേഷം അന്യോഷികാനുള്ള ആളുകളുടെ എണ്ണം കുറഞ്ഞു എല്ലാവരും വണ്ടിയിൽ കയറി ഇരിപ്പായി കവിത അമ്മയെ ഒന്ന് നോക്കി

” എന്താ പ്രകാശനെ വിളിക്കണോ ”

അമ്മയുടെ ചോദ്യം അവൾക്ക് അമ്പരപ്പുണ്ടാക്കിയെങ്കിലും തന്റെ പ്രതിസന്ധികളിലൂടെ പോയതല്ലേ അമ്മയും എന്നവൾ തിരിച്ചറിഞ്ഞു

കവിതയുടെ അമ്മയുടെ വിളികേട്ട് പ്രകാശൻ മുറിയിലേക്ക് ചെന്നു

” മോൻ ഇവിടെ നിൽക്കു അമ്മ ഇപ്പൊ വരാം ” അമ്മ പുറത്തേക്കിറങ്ങി നടന്നു

പ്രകാശൻ അവളുടെ അടുത്ത് ചേർന്ന് ഇരുന്നു അവൾ അവന്റെ തോളിൽ തല ചായ്ച്ചു ” വല്ലതും കഴിച്ചോ ഏട്ടൻ ” ലോകത്തിലെ എല്ലാ ഭാര്യമാരും ചോദിക്കുന്ന ആ മനോഹരമായ ചോദ്യം കേട്ടു അവൻ പുഞ്ചിരിച്ചു ” ഇല്ല കഴിച്ചോളാം ”

” നേരത്തും കാലത്തും കഴിക്കണേ ഏട്ടാ ” പ്രകാശൻ അവളുടെ കവിളുകൾ തലോടി കവിതയുടെ കൈകൾ പ്രകാശന്റെ ഷിർട്ടിന്റെ ഉള്ളിലൂടെ അവന്റെ നെഞ്ചിലൂടെ ദിശയറിയാതെ പടർന്നു

അവളുടെ വയറിന്റെ മുകളിലൂടെ അവൻ തലോടി കൊണ്ട് അവളുടെ കവിളിൽ ചുംബിച്ചു

പ്രകാശന്റെ കണക്കുകൂട്ടലുകളെ തെറ്റിച്ചു കൊണ്ട് കവിത കരഞ്ഞു അവളുടെ സകല നിയന്ത്രണവും നഷ്ട്ടപെട്ടു ഉള്ളിലെ സങ്കട കടൽ ആർത്തലച്ചു കണ്ണീരൊഴുക്കി

” ഹേ എന്തിനാ മോളെ കരയുന്നത് ഞാൻ ഇല്ലേ കൂടെ കരയല്ലേ.. ഏട്ടന്റെ കുട്ടിയല്ലേ ”

കവിളുകളിൽ കണ്ണീർ തുടച്ചു കൊണ്ട് പ്രകാശൻ ഒരു ചുംബനം കൂടി നൽകി

” മോളെ “..

പ്രകാശൻ എഴുനേറ്റു മാറി നിന്നു കവിതയുടെ അമ്മയും അച്ഛനും മുറിയിലെത്തി

” ന്നാ ഇറങ്ങട്ടെ മോനെ ”

അച്ഛൻ പ്രകാശനെ നോക്കി ചെറിയ പുഞ്ചിരി വിടർത്തി അവൻ തലകുലുക്കി

കവിത കട്ടിലിൽ നിന്നും എഴുനേറ്റു അവൾ പ്രകാശന്റെ കണ്ണുകളിൽ നോക്കി ഇല്ല ഒരു ഭവ മാറ്റവും ഇല്ല അവൾ ഇറങ്ങട്ടെ എന്ന രീതിയിൽ തലയാട്ടി അമ്മ അവളുടെ കൈ പിടിച്ചു നടത്തി അച്ഛനും പ്രകാശനും പെട്ടികൾ വണ്ടിയിൽ കയറ്റി കവിതയുടെ കണ്ണുകളിൽ നിന്നും കണ്ണീർ ഒഴുകി കൊണ്ടിരുന്നു പ്രകാശൻ അവളെ നോക്കിയില്ല എല്ലാവരും വണ്ടിയിൽ കയറി ഇരുന്നു പോകുന്നതിനു മുൻപായി എന്തെങ്കിലും പറയാനുണ്ടോ? കവിതയുടെ കണ്ണുകൾ പ്രകാശനോട് ചോദിച്ചു വണ്ടിയിൽ ഇരിക്കുന്ന ബന്ധുവിന്റെ ബഡായിക്ക് മുഖം കൊടുത്തു നിൽക്കുന്ന പ്രകാശൻ കവിതയുടെ മുഖത്തേക്ക് നോക്കിയില്ല

വണ്ടി പതിയെ മുന്നിലേക്ക് നീങ്ങി

അമ്മയുടെ മടിയിലേക്ക് മുഖം താഴ്തി അവൾ പൊട്ടിക്കരഞ്ഞു എല്ലാവരും സ്തബ്തനായി നിന്നു

” ഹോ ന്റെ മോളെ ഇങ്ങനെ കരയല്ലേ ” ബന്ധുക്കൾ ഓരോരുത്തരുടെയും സമാധാന വാക്കുകൾ

അമ്മയുടെ വലതു കൈ മുറുക്കി പിടിച്ചു കൊണ്ട് അവൾ കരഞ്ഞു കൊണ്ടിരുന്നു

” കവിത മോൾ ഇങ്ങനെ കിടന്നു നിലവിളിക്കുമ്പോഴും പ്രകാശൻ കണ്ടോ അനങ്ങാതെ നില്കുന്നത് ഈ ആണുങ്ങൾ ഓക്കേ ഇങ്ങനെയാ അല്ലെ കവിതയുടെ അമ്മേ ”

ബന്ധുവിന്റെ ചോദ്യം അമ്മ മനസ്സിൽ ആവർത്തിച്ചു

ഈ ആണുങ്ങൾ ഓക്കേ ഇങ്ങനെയാണോ? അവർ തലയുർത്തി മുൻ സീറ്റിൽ ഇരിക്കുന്ന ഭർത്താവിനെ നോക്കി..

അദ്ദേഹം കണ്ണാടിയിൽ കൂടി ദൂരെ നിൽക്കുന്ന പ്രകാശനെ നോക്കി ഇരുന്നു.. തന്റെ അവസ്ഥയിലൂടെ കടന്നുപോകുന്ന മരുമകനെ നോക്കി..

അതെ ഈ ആണുങ്ങൾ ഇങ്ങനെ തന്നെയാണ് !!!

രചന: Jayan Krishnan

Leave a Reply

Your email address will not be published. Required fields are marked *