മേരിക്കുട്ടി പുലിയാണ്…

രചന: വിജയ് കുമാർ ഉണ്ണികൃഷ്ണൻ

ഡീ മേരിക്കുട്ടി ദാ നീ അവിടേ
എന്തെടുക്കുവാ…

എന്താണ്‌ മനുഷ്യാ നിങ്ങള് കിടന്നു കൂവുന്നത്… അടുക്കളയിൽ നൂറ് കൂട്ടം പണിയുണ്ട്…

നീ ഒന്ന് ഇങ്ങ് വന്നേടി കെട്ട്യോളെ…

എന്താ ഇച്ചായാ…

നെറ്റിയിലെ വിയർപ്പു ചട്ട കൊണ്ട്
തുടച്ചു കൊണ്ട്
അവൾ പുറത്തേയ്ക്ക് വന്നൂ..

“ദേ ഈ മരച്ചീനി അകത്തേക്ക് വച്ചോളൂ വൈകുന്നേരം പാകപ്പെടുത്താം കുറച്ചു പുഴമീനും ഉണ്ട്.. രണ്ടും കൂടി ആയിക്കോട്ടെ…

“നീ എന്താടി വിയർത്തു ഇരിയ്ക്കുന്നത്…

അത് കൊള്ളാം അടുക്കളയിൽ ഗ്യാസ് തീർന്നിട്ട് രണ്ട് ദിവസമായി…

ഇച്ചായനോട് ഞാൻ നേരത്തേ
പറഞ്ഞതല്ലേ ഗ്യാസിന്റെ കാര്യത്തിൽ
വ്യവസ്ഥ ഉണ്ടാക്കണമെന്ന്.
.. അതിനിടയിൽ കപ്പയും പുഴമീനും
തിന്നാൻ മോഹം…

നീ പിണങ്ങാതടി കെട്ട്യോളെ ഇന്ന് വ്യവസ്ഥയുണ്ടാക്കാം….

എന്ത് ചെയ്യാനാണ് ഇച്ചായാ ഈ മലമുകളിലേക്ക് ഗ്യാസ് എത്തണമെങ്കിൽ ദിവസം കുറേ പിടിയ്ക്കും…
അത് വരേ ഞാൻ എന്ത് ചെയ്യും…

കുട്ടികൾക്ക് സ്കൂളിൽ പോകണം
ഞാൻ എന്ത് ചെയ്യാനാണ്..

അതിരിയ്ക്കട്ടേ നീ ഇന്ന് എങ്ങനെ കൈകാര്യം ചെയ്തു കാര്യങ്ങൾ…

ഇന്ന് ഞാൻ കോടാലി എടുത്തു അങ്ങ്
വിറക് കീറി.. അല്ല പിന്നേ ഇച്ചായനെ നോക്കിയിരുന്നാൽ അടുപ്പു വേവില്ല…

നീ പുലിയാ.. മേരിക്കുട്ടി…..

“അല്ല ഇച്ചായ ഇന്നെന്താ നേരത്തെ
പോന്നത് കൃഷിപ്പണി മതിയാക്കി..

എന്തൊരു ചൂടാണ് നിൽക്കാൻ മേല
ഉരുകി ഒലിയ്ക്കുന്നു…

എന്നാൽ ഇവിടേ ഇരിയ്ക്കൂ ഞാൻ
ഇത്തിരി സംഭാരം എടുക്കാം..

ഇനിയിപ്പോൾ ഉച്ചക്ക് ഭക്ഷണം കഴിച്ചിട്ട് നമുക്ക് ഒരുമിച്ചു പോകാം പറമ്പിലേക്ക്… വൈകുന്നേരം കുട്ടികളും വരുമല്ലോ അവരേയും കൂട്ടി മടങ്ങാം…

ഉച്ചക്ക് കഴിയ്ക്കാൻ എന്തുണ്ട്…
മേരിക്കുട്ടി….

കഞ്ഞിയും ചമ്മന്തിയും കപ്ളങ്ങ
തോരനും.. പോരേ.. ഇച്ചായാ…

ധാരാളം മതി..

ഇവൾ എന്റെ മേരിക്കുട്ടി.. ശരിയായ പേര് ആൻ മേരി.. പാലാക്കാരൻ പൂത്ത പണക്കാരൻ മുതലാളിയുടെ മകൾ…

“സ്വന്തം പേരിൽ റബ്ബർ എസ്റ്റേറ്റ് വരെയുണ്ടായിരുന്നവൾ,..

പറഞ്ഞിട്ട് എന്ത് കാര്യം എസ്റ്റേറ്റിൽ
പണിക്കു ചെന്ന ഞാനുമായിട്ട് പ്രണയത്തിലായി..

അവളുടേ അപ്പച്ചനും ആങ്ങളമാരും എതിർത്തു…

രണ്ടിലൊന്ന് അവർ തീര്പ്പ് കല്പിച്ചു..

ഫലമോ രായ്ക്ക് രാമാനം അവളേയും കൊണ്ട് ഞാൻ കിഴക്കൻ മലയിറങ്ങി…

അവസാനം ഈ പട്ടിക്കാട്ടിൽ വന്ന്
കിടന്നു അധ്വാനിക്കുന്നു..
.
പാവം പെണ്ണ് ചിലപ്പോൾ എനിക്കും സഹതാപം തോന്നും..

ഇങ്ങനെ കഴിയേണ്ടവൾ
ആയിരുന്നോ ഇവൾ..?

അപ്പച്ചൻ അവളേ ഒരുപാട് പഠിപ്പിച്ചതാണ്..

പഠിപ്പിനും പത്രാസിനും അനുസരിച്ചു വല്ല ഗൾഫുകാരനെയോ, നല്ല ജോലിക്കാരനെയോ കിട്ടേണ്ടതാണ്…

ഇക്കാര്യങ്ങൾ അവളോട്‌ പറഞ്ഞാൽ പിന്നേ കരച്ചിലായി..

“എന്നോട് ഇഷ്ടക്കുറവാണല്ലേ എന്നും പറഞ്ഞു പിന്നേ കുറച്ചു നേരം മിണ്ടില്ല…

എന്നാലും കുറച്ച് കഴിഞ്ഞു എന്റെ
അടുത്ത് വന്ന് തോളിൽ തലവെച്ചു
കിടന്നവൾ പറയും….

“എനിക്ക് ഇച്ചായന്റെ വിയർപ്പിന്റെ ഗന്ധവും ഇങ്ങനെ പകലന്തിയോളം അധ്വാനിച്ചു കഴിയ്ക്കുന്ന രുചിയോളം വരില്ല.. വേറേ
ഒരു ജീവിതവും…

അതാണ് എന്റെ മേരിക്കുട്ടി. അവൾ ഇവിടേ വന്നിട്ട് ചെയ്യാത്ത പണികൾ ഇല്ലാ.. വിറക് കീറും, വാഴയ്ക്ക് തടം കോരും.

. കൂടാതെ അടുക്കളയിൽ പണികൾ, കുട്ടികളുടെ കാര്യങ്ങൾ, പശുക്കളെ
കുളിപ്പിച്ച് പാൽ കറന്നു വീടുകളിൽ
കൊണ്ട് കൊടുക്കും…..

“അങ്ങനെ അവൾ ചെയ്യാത്ത പണികളൊന്നുമില്ല… എന്റെ കൂടേ ഇരിയ്ക്കും കള്ളടിക്കാൻ..

ഒറ്റയിരിപ്പിനു ഒരു കപ്പ് മോന്തും
ദതാണ് സാധനം.

ചോദിച്ചാൽ പറയും. ഇതൊക്കെയെന്ത് ഞാൻ വീട്ടിൽ വല്യപ്പച്ചന്റെ സ്കോച്ച് വരേ കഴിച്ചിട്ടുണ്ട് ഇച്ചായാ. പിന്നെയാണോ കള്ള്..

ഇവിടേ വന്നിട്ട് അവൾക്കായി കൊടുക്കാൻ പറ്റിയ സമ്പാദ്യം രണ്ട് കുട്ടികൾ മാത്രമാണ്..

കഴുത്തിൽ ഒരു മിന്ന് അല്ലാതെ അവളുടെ ശരീരത്തിൽ ഒരു തരി പൊന്നില്ല അവൾ
അത് ആഗ്രഹിയ്ക്കുന്നുമില്ല..

സമ്പത്തിന്റെ നടുവിൽ വളർന്നത് കൊണ്ടാകാം ഒരു പക്ഷേ..

അതല്ലെങ്കിൽ എന്റെ അവസ്ഥയിൽ ഒത്തു ചേർന്ന് പോകാനുള്ള ആഗ്രഹം കൊണ്ടാകാം..

മേരിക്കുട്ടി അവൾ പുലിയാണ്..

ഇച്ചായാ… ദാ സംഭാരം…

എന്താണ്‌ ഇച്ചായാ ഇങ്ങനെ നോക്കുന്നത്…

ഡീ മേരിക്കുട്ടി ഞാൻ ഓർക്കുവായിരുന്നു. വലിയ പത്രാസുള്ള കുടുംബത്തിൽ
പിറന്നിട്ടും നീ ഇങ്ങനെ ഈ ഓണം കേറാ മൂലയിൽ എന്റെ ഭാര്യയായി കഴിയുക..

ഈ മണ്ണിലും, തൊഴുത്തിലും മറ്റും
കിടന്നു പണിയെടുക്കുക..

അതിപ്പോൾ വിധിച്ചത് മാറ്റാൻ പറ്റുമോ..?

എനിക്ക് ഒരു മാനക്കേടുമില്ല മനുഷ്യാ നിങ്ങളായിട്ട് ഇങ്ങനെ ഒന്നും പറയാതിരുന്നാൽ മതി……

വേഗം ഭക്ഷണം കഴിച്ചിട്ട് പറമ്പിലേക്ക്
പോകാം ഇച്ചായാ..

ആ ബ്ലോക്ക്‌ ഓഫീസിൽ നിന്നും വാങ്ങിയ തെങ്ങിൻ തൈ ഇന്ന് തന്നേ വെയ്ക്കണം..

അതിന് കുഴിയെടുക്കണം,
ചാരം ഇടണം.
നൂറ് കൂട്ടം പണിയുണ്ട്….

വന്നിട്ട് വേണം പശുവിനു
പുല്ലരിയാൻ, കപ്പയും മീനും
ഉണ്ടാക്കാൻ… നിൽക്കാൻ സമയമില്ല…

“നിങ്ങളൊന്നു വേഗം വാ ഇച്ചായാ..

ഞാൻ ആ കൈക്കോട്ട് എടുത്തിട്ട് വരാം…

ദാ വരുന്നു പെണ്ണേ…

അല്ലേലും തന്റേടിയും, അധ്വാനിയുമായ പെണ്ണ് കൂടെയുണ്ടെങ്കിൽ മണ്ണിൽ പൊന്നു വിളയിക്കാം…

അല്ലേലും എന്റെ മേരിക്കുട്ടി പുലിയാണ്…
. ഒരു ഒന്നൊന്നര പുപ്പുലി…

… ***

രചന: വിജയ് കുമാർ ഉണ്ണികൃഷ്ണൻ

Leave a Reply

Your email address will not be published. Required fields are marked *