രണ്ട് വർഷങ്ങൾക്ക് മുൻപാണ് ഞാൻ ലാലിനെ പരിചയപ്പെടുന്നത്….

മുറു കൊടുങ്ങല്ലൂർ

സാരി കൊണ്ട് ഫാനിലിട്ടിരിക്കുന്ന കുരുക്കിലേക്ക് കഴുത്ത് കയറ്റി അവൾ നിന്നു. ജീവൻ ശരീരത്തിൽ നിന്ന് ഒഴിവാക്കുന്നതിന് മുൻപ് എല്ലാ തെറ്റുകളും സ്വയം ഏറ്റു പറയുന്നതിന്…

ഇപ്പോൾ ഈ ഒരു അവസ്ഥയിൽ ഞാൻ നിൽക്കുന്നതിന്റെ കാരണം ഞാൻ ഒരാൾ മാത്രമാണ്.

ജീവനേക്കാൾ ഏറെ സ്നേഹിക്കുന്ന ഇക്കയും, തങ്കകുടം പോലെയുള്ള മകനെയും മറന്ന് മറ്റൊരാളെ സ്നേഹിക്കാൻ പോയത് കൊണ്ടാണ് ഞാൻ ഇപ്പോൾ ഇവിടെ ഇങ്ങിനെ നിൽക്കേണ്ടി വന്നത്.

ലാൽ, സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന എഴുത്തുകാരൻ. പ്രണയം തുളുമ്പുന്ന എഴുത്തുകളിലൂടെ സ്ത്രീജനങ്ങളുടെ മനം കവർന്ന എഴുത്തുകാരൻ. കഥകളിൽ വരുന്ന കമന്റുകൾക്ക് മുഖം നോക്കാതെ മറുപടി നൽകുന്ന ജാഡയില്ലാത്ത എഴുത്തുകാരൻ. വായനക്കാർ ബഹുമാനത്തോടെ മാത്രം നോക്കുന്ന, വലിയ എഴുത്തുകാരൻ.

രണ്ട് വർഷങ്ങൾക്ക് മുൻപാണ് ഞാൻ ലാലിനെ പരിചയപ്പെടുന്നത്. അവന്റെ എഴുത്തുകളിൽ ഞാൻ കമന്റ് ഇടാറുണ്ടെങ്കിലും എന്റെ രചനകളിൽ ലാൽ വരാറില്ല. അങ്ങിനെയിരിക്കെ എന്റെ ഒരു രചനയിൽ ആദ്യമായി ലാലിന്റെ ഒരു കമന്റ്. അതും ഏറ്റവും മോശമെന്ന് എനിക്ക് തന്നെ തോന്നിയ ഒരു രചനയിൽ.

അതിന് ശേഷം കമന്റുകളിലെ സംസാരങ്ങൾ ഇൻബോക്സിലേക്ക് മാറി. കഥയിലെ തെറ്റുകൾ, എങ്ങനെ ഒരു എഴുത്ത് മെച്ചപ്പെടുത്താം എന്നിങ്ങനെ ഉപദേശങ്ങളുമായി ലാലും സംശയങ്ങളുമായി ഞാനും.

എഴുത്തിന്റെ സംശയങ്ങളും ചർച്ചകളും നടക്കുന്നതിനിടയിൽ പരപ്സരം സ്നേഹിക്കാൻ തുടങ്ങി. രാവുകൾ പകലുകളാക്കി വാട്സാപ്പിലും ഫോൺ കോളുകളിലും ഞങ്ങൾ നിറഞ്ഞാടി.

വീട്ടിൽ നിന്ന് കുറച്ചു ദൂരെയാണ് ജോലിയെങ്കിലും മാസങ്ങളുടെ ഇടവേളയിൽ വീട്ടിൽ വരുന്ന ഇക്ക ഇതൊന്നും അറിഞ്ഞിരുന്നില്ല. ഇക്ക വീട്ടിൽ എത്തിയാൽ പിന്നെ ഞങ്ങൾ തമ്മിൽ സംസാരങ്ങൾ ഉണ്ടായിരുന്നില്ല.

അതിനിടയിൽ ലാൽ ലാലിന്റെ ഭാര്യയെ എനിക്ക് പരിചയപ്പെടുത്തി തന്നു. ലാലിന്റെ നല്ല സുഹൃത്ത് എന്ന നിലയിലാണ് ലാൽ എന്നെ ഭാര്യക്ക് പരിചയപ്പെടുത്തിയത്. അതോടെ വീട്ടിൽ ഉള്ളപ്പോഴും ഞങ്ങൾക്ക് സംസാരിക്കാൻ കഴിഞ്ഞു. ഞങ്ങൾ തമ്മിൽ സംസാരിക്കുന്നതിനിടക്ക് ലാൽ പലപ്പോഴും ഭാര്യയുടെ കയ്യിൽ ഫോൺ കൊടുക്കും. ഞാനും ആ കുട്ടിയും തമ്മിൽ സംസാരിക്കും. ആത് കൊണ്ട് തന്നെ ലാലിന്റെ വീട്ടിൽ ലാലിന്റെ ഭാര്യക്ക് യാതൊരു സംശയവും ഉണ്ടായിരുന്നില്ല.

രണ്ട് വീട്ടുകാരെയും ഭംഗിയായി പറ്റിച്ചു കൊണ്ട് ഞങ്ങളുടെ പ്രണയം അരങ്ങ് തകർത്തു.

ഇതിനിടയിലെപ്പോഴോ ഇക്കാക്ക് സംശയം തോന്നി. ഇക്ക എന്നെ ഒന്ന് രണ്ട് തവണ ചോദ്യം ചെയ്തിരുന്നു. സംസാരങ്ങൾ കഴിഞ്ഞാൽ ഉടനെ ചാറ്റും കോൾ ഹിസ്റ്ററിയും ഡിലീറ്റ് ചെയ്തിരുന്നത് കൊണ്ട് ഇക്കാക്ക് പ്രത്യേകിച്ച് ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

സോഷ്യൽ മീഡിയയിൽ പലരും ഞങ്ങളുടെ ബന്ധത്തെ കുറിച്ച് അറിഞ്ഞിരുന്നെങ്കിലും മാന്യനായ ലാലിനോട് ആരും ഒന്നും ചോദിച്ചിരുന്നില്ല.

സോഷ്യൽ മീഡിയ അംഗീകരിക്കുന്ന എഴുത്തുകാരനും വായനക്കാരിയും തമ്മിലുള്ള ബന്ധം, അത്രയേ അതിനെ കുറിച്ച് എല്ലാവരും കരുതിയുള്ളൂ.

അതിനിടെ എന്റെ സൗഹൃദങ്ങളിലെ പലരും എന്നെ ഉപദേശിച്ചിരുന്നു… ഞങ്ങൾ തമ്മിൽ വേറെ ഏതെങ്കിലും തരത്തിലുള്ള റിലേഷൻ ആണെങ്കിൽ ഒഴിവാക്കണം, അവൻ ഒരു ഫ്രോഡ് ആണ്. ഒരുപാട് പെണ്കുട്ടികളുമായി അവന് ബന്ധമുണ്ടെന്നും പറഞ്ഞിരുന്നു. പല സ്ക്രീന്ഷോട്ടുകളും അവർ അയച്ചു തന്നിരുന്നു. പക്ഷെ പ്രണയം തലക്ക് പിടിച്ച ഞാൻ അതൊന്നും ചെവിക്കൊണ്ടില്ല. സ്ക്രീൻ ഷോട്ടുകൾ ഫേക്ക് ആണെന്നാണ് കരുതിയത്.

കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ, രാവും പകലും ഇല്ലാതെ സംസാരിച്ചിരുന്ന ഞങ്ങൾ സംസാരങ്ങളുടെ ഇടവേളകൾ കൂടി. ഓൺലൈൻ ഉണ്ടെങ്കിലും മെസേജുകൾക്ക് റിപ്ലെ ഇല്ലാതെയായി. വിളിച്ചാൽ എടുക്കാതെയായി, തിരിച്ചു വിളിക്കാതെയായി.

അതിനിടയിൽ ഒരു സ്ത്രീ പ്രൊഫൈലിൽ നിന്ന് എനിക്കൊരു റിക്വസ്റ്റ് വന്നു. ഞാൻ അത് സ്വീകരിച്ച ഉടനെ എനിക്ക് കുറെ വോയ്സ് മെസേജുകൾ അയച്ചു ആ പ്രൊഫൈലിൽ ഉള്ളയാൾ. അത് എല്ലാം ഞാൻ റിസീവ് ചെയ്ത് കഴിഞ്ഞപ്പോൾ ആ ഐഡി പ്രവർത്തനരഹിതമായി. എനിക്ക് റിപ്ലെ ഒന്നും കൊടുക്കാനോ, ആരാണെന്നോ എന്താണെന്നോ ചോദിക്കാനോ സമയം നൽകാതെ അവർ പോയി.

ആ വോയ്സ് ക്ലിപ്പുകൾ എല്ലാം ഞാൻ പ്ലെ ചെയ്തു കേട്ടു. ആ സംസാരങ്ങൾ കേട്ട് ഞാൻ ഞെട്ടി. ലാലും ഒരു സ്ത്രീയും തമ്മിലുള്ള സംസാരങ്ങൾ ആയിരുന്നു അത്. എന്നോട് പറഞ്ഞിരുന്ന അതേ പഞ്ചാര വാക്കുകൾ ആ സ്ത്രീയോടും ലാൽ പറയുന്നത്. എന്നെ കുറിച്ച് അതിൽ ഒന്നും പറഞ്ഞിരുന്നില്ല. പക്ഷെ അയാളുടെ ഭാര്യയെ കുറിച്ച് വളരെ മോശമായി ആണ് അതിൽ സംസാരിച്ചിരുന്നത്.

ആ സ്ത്രീയുമായുള്ള ബന്ധം തുടർന്ന് പോകുന്നത് ഭാര്യയുടെ അറിവോടെ ആണെങ്കിൽ അതിൽ പിന്നെ പ്രശ്നങ്ങൾ ഉണ്ടാകില്ല എന്നെല്ലാം പറയുന്നുണ്ട്.

അതിലെ ഒരു വോയ്‌സിൽ നിന്ന് ആ സ്ത്രീയുടെ പേര് മഞ്ജു എന്നാണെന്ന് എനിക്ക് മനസിലായി. ഞാൻ ലാലിന്റെ ഭാര്യയുമായി കോണ്ടാക്റ്റ് ചെയ്ത് ലാലിന് പുതിയതായി മഞ്ജു എന്ന പേരിൽ ഏതെങ്കിലും പുതിയ സുഹൃത്തുക്കൾ ഉണ്ടോ എന്ന് തിരക്കി. ലാലിന്റെ ഭാര്യ പറഞ്ഞത് രണ്ട് ആഴ്ചകൾക്ക് മുൻപ് ലാൽ മഞ്ജു എന്നൊരു പെണ്കുട്ടിയെ പരിചയപ്പെടുത്തി എന്നാണ്.

അപ്പോൾ ഏകദേശം കാര്യങ്ങൾ ഞാൻ കരുതിയത് പോലെ തന്നെ. ലാലിന് പുതിയ ഒരാളെ കിട്ടിയിരിക്കുന്നു. എങ്കിലും അത് ഉറപ്പിക്കാതെ അയാളോട് ചോദിക്കാൻ കഴിയില്ലായിരുന്നു.

അത് എങ്ങിനെ കഴിയും എന്ന് ചിന്തിച്ചിരുന്നു. അപ്പോഴാണ് അനന്തുവിന്റെ പേര് ഓർമ വന്നത്.

സ്നേഹമുള്ള ഹാക്കർ ആണ് അനന്തു. അവനെ വിളിച്ച് ലാലിന്റെ ഐഡി ഹാക്ക് ചെയ്യാൻ കഴിയുമോ എന്നന്വേഷിച്ചു. ആദ്യമൊന്നും അവൻ സമ്മതിച്ചില്ല. പക്ഷെ ഞാൻ എല്ലാ കാര്യങ്ങളും പറഞ്ഞപ്പോൾ അവൻ സമ്മതിച്ചു. മാന്യതയുടെ മുഖം മൂടി അണിഞ്ഞ ആ പകൽ മാന്യന്റെ മുഖം മൂടി അഴിച്ചു കളയുവാൻ അവൻ സമ്മതിച്ചു.

നാല് ദിവസങ്ങൾക്ക് ശേഷം അനന്തു ലാലിന്റെ ഐഡി ഹാക്ക് ചെയ്ത് മെസഞ്ചർ ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ എനിക്ക് അയച്ചു തന്നു.

ഓരോ സ്ത്രീകളോടുള്ള അവന്റെ ചാറ്റുകൾ കണ്ടപ്പോൾ സത്യം പറഞ്ഞാൽ എന്റെ തൊലി ഉരിഞ്ഞുപോയി. മാന്യതയുടെ മുഖംമൂടി അണിഞ്ഞ ആ നാറി ഓരോ സ്ത്രീകളോടും പറഞ്ഞത് വായിച്ചാൽ, അവനെ ആരാധിക്കുന്ന സ്നേഹിക്കുന്ന പ്രിയ വായനക്കാർ അവനെ ചെരിപ്പ് ഊരി അടിക്കും. അത്രക്ക് വൃത്തികേടുകൾ ആയിരുന്നു ആ ചാറ്റുകൾ മുഴുവൻ. അമ്മാവൻ വാങ്ങി തന്നെന്ന് എന്നോട് പറഞ്ഞ വാച്ച്, മൊബൈൽ കൊടുത്തിരിക്കുന്നത് സൂസന്ന എന്ന സ്ത്രീ. കുറെ പേരുടെ കയ്യിൽ നിന്നും പലതും പറഞ്ഞ് കുറെ പൈസ വാങ്ങിയിട്ടുണ്ട്. കുറച്ച് പൈസ തിരിച്ചു കൊടുത്തിട്ടുണ്ട്. ബാക്കി പൈസ കൊടുക്കുവാൻ പറഞ്ഞ് പലരും മെസേജുകൾ അയച്ചിട്ടുണ്ട്.

എല്ലാം മനസിലാക്കിയ ഞാൻ മഞ്ജു എന്ന ഐഡിയിൽ നിന്ന് എനിക്ക് വന്ന എല്ലാ മെസേജുകളും ലാലിന് അയച്ചു കൊടുത്തു. ഇതിൽ എന്തെങ്കിലും സത്യങ്ങൾ ഉണ്ടോ എന്ന് അന്വേഷിച്ചു.

അവൻ പറഞ്ഞത്, ഇത് അവൻ അല്ല. വേറെ ആരോ അവനെ ചതിച്ചതാണ് എന്നാണ്. വിളിക്കാത്തത്തിന്റെ കാര്യം ചോദിച്ചപ്പോൾ ജോലിയുടെ തിരക്ക് ആണെന്നാണ് പറഞ്ഞത്.

കുറെ നുണകൾ പറഞ്ഞ് എന്നെ വീണ്ടും പറ്റിക്കാൻ ശ്രമിച്ചപ്പോൾ എന്റെ കയ്യിൽ കിട്ടിയ എല്ലാ സ്ക്രീൻ ഷോട്ടുകളും അയച്ചു കൊടുത്തു. ഇനി മേലിൽ എന്നെ കോണ്ടാക്റ്റ് ചെയ്യരുത് എന്നും പറഞ്ഞ് മെസഞ്ചറിലും വാട്സാപ്പിലും ബ്ലോക്ക് ചെയ്തു.

അതിന് ശേഷം ഞങ്ങളുടെ കുറെ സുഹൃത്തുക്കൾ മുഖേന അയാൾ എന്നെ കോണ്ടാക്റ്റ് ചെയ്യാൻ ശ്രമിച്ചിരുന്നു. എല്ലാവരോടും അയാൾ എല്ലാ കഥകളും പറഞ്ഞ് എന്നെ നാണം കെടുത്തി. എങ്ങിനെ ശ്രമിച്ചിട്ടും എന്നെ കോണ്ടാക്ട് ചെയ്യാനോ സംസാരിക്കാനോ ഞാൻ സമ്മതിക്കാതെ ഇരുന്നത് കൊണ്ട് പിന്നെ ശല്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.

എന്നാൽ രണ്ട് ദിവസം മുൻപ് എനിക്ക് പുതിയൊരു ഐഡിയിൽ നിന്ന് 4 ഫോട്ടോ മെസേജുകൾ വന്നു. എന്റെ നഗ്‌ന ഫോട്ടോകൾ. ഒന്നിനും തല ഇല്ലായിരുന്നു.

കൂടെ ഒരു വോയ്സ് മെസേജ്.

“ലാലാണ്, ഈ ഫോട്ടോകളെ കുറിച്ച് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്. എന്നെ ബ്ലോക്ക് മാറ്റി വിളിക്കുക. ഇല്ലെങ്കിൽ ഇതിന്റെ ഒർജിനൽ ഫോട്ടോകൾ നിന്റെ ഇക്കാൻറെ വാട്‌സ്ആപ്പിൽ ഞാൻ അയച്ചു കൊടുക്കും”

ഞാൻ മുൻപ് ലാലിന് അയച്ചു കൊടുത്ത ചില വൾഗർ ഫോട്ടോകൾ. അതെല്ലാം അന്നത്തെ ഒരു രസത്തിന് അയച്ചു കൊടുത്തതാണ്. അതെല്ലാം അന്ന് തന്നെ കളഞ്ഞു എന്നാണ് എന്നെ വിശ്വസിപ്പിച്ചിരുന്നത്. പക്ഷെ ആ ദുഷ്ടൻ എന്നെ ചതിക്കുകയായിരുന്നു.

ഫോട്ടോകൾ കണ്ടതോടെ ഭയം കൊണ്ട് എന്റെ കൈ കാലുകൾ വിറക്കാൻ തുടങ്ങി. എല്ലാ ഫോട്ടോയും അപ്പോൾ തന്നെ ഡിലീറ്റ് ചെയ്തു.

അതിന് ശേഷം ബ്ലോക്ക് മാറ്റി ലാലിന്റെ ഫോണിലേക്ക് മെസേജ് അയച്ചു.

മെസേജിൽ അയാൾ പറഞ്ഞ കാര്യങ്ങൾ,

ഒന്നുകിൽ പഴയ പോലെ അവനുമായി ബന്ധം തുടരുക. അല്ലെങ്കിൽ ഒരു ലക്ഷം രൂപ കൊടുക്കുക. ഇത് ചെയ്തില്ലെങ്കിൽ ആ ഫോട്ടോകൾ ഫേസ്‌ബുക്കിലോ അല്ലെങ്കിൽ അശ്‌ളീല സൈറ്റുകളിലോ അപ്‌ലോഡ് ചെയ്യും. കൂടെ ഇക്കാക്ക് അയച്ചു കൊടുക്കുകയും ചെയ്യും. ആലോചിക്കാൻ മൂന്ന് ദിവസം സമയം തന്നു.

ഒരേ സമയം ഒന്നിലധികം സ്ത്രീകളുമായി ബന്ധം പുലർത്തുന്ന അയാളെ പഴയ പോലെ സ്നേഹിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. പിന്നെ ഇത്രയധികം പണം സ്വരൂപിക്കുവാനും എനിക്ക് കഴിയില്ല.

അതെല്ലാം പറഞ്ഞ് കൊണ്ട് ഞാൻ വീണ്ടും ലാലിന് മെസേജ് അയച്ചു. ഇതിൽ നിന്ന് പിന്മാറിയില്ലെങ്കിൽ എനിക്ക് മരിക്കുക അല്ലാതെ വേറൊരു വഴിയില്ലെന്ന് ഞാൻ പറഞ്ഞപ്പോൾ അയാൾ പറഞ്ഞത് എങ്കിൽ അത് ചെയ്തോളൂ എന്നാണ്.

ഒരു തീരുമാനം എടുക്കാൻ കഴിയാതെ മൂന്ന് ദിവസം ഞാൻ ഉഴറി. ഇന്നലെ രാത്രി വീണ്ടും എന്തായി തീരുമാനം എന്ന് ചോദിച്ച് ലാലിന്റെ മെസേജ് വന്നു.

ഞാൻ മരിക്കാൻ തീരുമാനിച്ചു എന്ന് മറുപടി നൽകി.

കുറച്ചു മുൻപ് ഇക്കാക്ക് ഞാൻ മെസേജ് അയച്ചിരുന്നു, എല്ലാ തെറ്റുകളും ഏറ്റ് പറഞ്ഞ് മോനെ നന്നായി നോക്കണം എന്ന് പറഞ്ഞ്. ഇക്ക നാട്ടിലേക്ക് വരാം, അതുവരെ ഒരു തീരുമാനവും എടുക്കരുത്. വന്നിട്ട് സംസാരിക്കാം എന്നാണ് പറഞ്ഞത്.

ഇക്കാക്ക് മെസേജ് അയച്ചതിന് ശേഷം കുറെ ആയി ഇക്ക വിളിക്കുന്നു. ഇപ്പോഴും വിളിക്കുന്നുണ്ട്. പക്ഷെ എനിക്ക് ഒന്നും സംസാരിക്കാൻ കഴിയില്ല. അത് കൊണ്ട് തന്നെ ഫോൺ ഇതുവരെ എടുത്തില്ല.

ഇക്ക വന്നിട്ട് എന്ത് സംസാരിക്കാൻ, ഇക്കയെ ചതിച്ച എന്നെ ഇക്ക ഉപേക്ഷിക്കും. അല്ലാതെ എന്ത് സംഭവിക്കാൻ. നാണം കെട്ട് മറ്റുള്ളവരുടെ മുൻപിൽ ജീവിക്കുന്നതിലും നല്ലത് മരണമാണ്. അതാണ് ഞാനീ വഴി തിരഞ്ഞെടുത്തത്. ഇക്ക വരുമ്പോഴേക്കും എന്റെ ശരീരത്തിൽ നിന്ന് ജീവൻ നഷ്ടപെട്ടിട്ടുണ്ടാകും. എന്നെ സ്നേഹിച്ച ഇക്കയെയും കുടുംബത്തെയും മറന്ന് വേറൊരാളുടെ പിറകെ പോയ എനിക്ക് മരണമല്ലാതെ വേറൊരു തീരുമാനം ഇല്ല. എന്റെ എല്ലാ തെറ്റുകളും ഞാൻ മനസ്സിലാക്കുന്നു.

ഇക്കാ, മോനെ നല്ലോണം നോക്കണം. അവന്റെ ഉമ്മ ചീത്തയല്ലെന്ന് അവനെ പറഞ്ഞ് മനസിലാക്കണം.

അതും പറഞ്ഞ് അവൾ സാരിയിലെ കുരുക്കിൽ തല മുഴുവനായി കയറ്റി കയറി നിന്നിരുന്ന കസേര ചവിട്ടി വീഴ്ത്തി.

കഴുത്തിൽ കുരുക്ക് മുറുകുമ്പോൾ ആ വേദനയിൽ അവൾ ചിന്തിച്ചു, തന്നെ ആരെങ്കിലും വന്ന് രക്ഷപെടുത്തിയിരുന്നെങ്കിലെന്ന്. കണ്ണടഞ്ഞ് പോകുന്നതിനിടയിൽ അവൾ കണ്ടു, വാതിൽ തള്ളി തുറന്ന് വരുന്ന അവളുടെ ഭർത്താവിനെ.

സാരിയിൽ തൂങ്ങി ആടുന്ന അവളെ അവൻ കാലിൽ പിടിച്ച് ഉയർത്തി. താഴെ വീണ് കിടന്നിരുന്ന കസേര നിവർത്തി അതിൽ കയറി നിന്ന് അവളുടെ കഴുത്തിലെ കുരുക്ക് അഴിച്ചു. അവളെ താഴെ കിടത്തി.

ശ്വാസം എടുക്കാൻ ബുദ്ധിമുട്ടിയിരുന്ന അവളെ അയാൾ എടുത്ത് വീടിന് അടുത്തുള്ള ഹോസ്പിറ്റലിൽ കൊണ്ട് പോയി.

ഓർമ വന്നപ്പോൾ തന്റെ മൊബൈലിൽ നോക്കിയിരിക്കുന്ന ഇക്കയെ കണ്ട അവൾ അയാളെ കെട്ടിപിടിച്ച് കരഞ്ഞു. എല്ലാം പറയാൻ തുടങ്ങിയ അവളെ അയാൾ സമാധാനിപ്പിച്ചു.

“എല്ലാത്തിനും സമാധാനം ഉണ്ടാക്കാമെന്ന് ഞാൻ പറഞ്ഞതല്ലേ. പിന്നെന്തിനാ നീ ഇത് കാണിച്ചത്. ഇത് ചെയ്യുന്നതിന് മുൻപ് എന്നെയും മോനെയും നീ ഓർത്തോ ?”

“എന്നോട് ക്ഷമിക്ക് ഇക്ക. ഇക്ക എന്നെ ഉപേക്ഷിച്ചാൽ എനിക്ക് നാണം കെട്ട് ജീവിക്കാൻ കഴിയില്ല. അതുകൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു മണ്ടത്തരം കാണിച്ചത്”

“പോട്ടെ, ഇപ്പോൾ നീ റെസ്റ്റ് ചെയ്യ്. പിന്നെ എന്തുകൊണ്ടാണ് ഇത് ചെയ്തതെന്ന് ആരോടും പറയേണ്ട. ഞാൻ പുറത്ത് പോയി വരാം”

ഇക്ക പുറത്തേക്ക് പോയി….

ആശുപത്രിയിലെ മൂന്ന് ദിവസത്തെ വാസത്തിന് ശേഷം വീട്ടിൽ എത്തി. ഈ എഴുത്ത് എഴുതി കൊണ്ടിരുന്ന എന്റെ പിറകിൽ ആരോ അനങ്ങുന്നത് പോലെ തോന്നിയ ഞാൻ തിരിഞ്ഞു നോക്കി.

“നീ അതും കഥയാക്കിയോ ?”

“ഞാൻ ചതിക്കപ്പെട്ടത് എങ്ങനെയെന്ന് മറ്റുള്ളവരും അറിയട്ടെ. ഇതേപോലെയുള്ള ഒരുപാട് ലാലുമാർ സോഷ്യൽ മീഡിയയിൽ ഉണ്ട്. ഇത് വായിക്കുന്ന ലാലുമാരുടെ കെണിയിൽ അകപ്പെട്ടിരിക്കുന്ന, കെണിയിൽ വീഴാൻ ഇരിക്കുന്ന ഒന്നുമറിയാത്ത പെണ്കുട്ടികൾ രക്ഷപ്പെടട്ടെ. ഒരാളെങ്കിലും രക്ഷപ്പെട്ടാൽ അത് നല്ലതല്ലേ”

“ഹാ, അത് ശരിയാണ്”

“അല്ല ഇക്ക. ഞാൻ പൈസ കൊടുക്കുകയോ അവനുമായി ചാറ്റ് ചെയ്യുകയോ ചെയ്യാതെ അയാൾ എങ്ങനെ ഒഴിഞ്ഞു പോയി ?”

“അയാൾക്ക് മനസിലായിട്ടുണ്ടാകും നിന്റെ പിറകെ നടന്നിട്ട് രക്ഷയില്ല, രണ്ടും നടക്കില്ലെന്ന്. അതാകും ഒഴിഞ്ഞു പോയത്”

“അയാളെ ഇപ്പോൾ fb യിലും കാണാറില്ലലോ ?”

“അതെനിക്ക് അറിയില്ല”

അതും പറഞ്ഞ് പുഞ്ചിരിച്ചു കൊണ്ട് അയാൾ പുറത്തേക്ക് പോയി.

മൂന്ന് ദിവസങ്ങൾക്ക് മുൻപുള്ള രാത്രി.

പള്ളി റോഡിലെ ഒഴിഞ്ഞ സ്ഥലത്ത് വാഹനത്തിൽ ആരെയോ കാത്തിരിക്കുന്ന ലാൽ. നേരത്തെ അവളുടെ മൊബൈലിൽ നിന്ന് ചാറ്റ് ചെയ്തപ്പോൾ പൈസ കൊടുക്കാം എന്ന് ഇക്ക പറഞ്ഞത് പ്രകാരം ആണ് ലാൽ കാത്തിരിക്കുന്നത്

പിറകിൽ വന്ന് നിർത്തിയ കാറിൽ നിന്ന് ഒരു പെട്ടിയുമായി അവളുടെ ഇക്ക ഇറങ്ങി. ലാലിന്റെ കാറിന്റെ ചില്ലിൽ തട്ടി. പുറത്തേക്ക് ഇറങ്ങിയ ലാലിന്റെ മുഖം നോക്കി ആദ്യ ഇടി ഇടിച്ചു. നാഭിയിലേക്ക് വലത്തെ മുട്ടുകാൽ കയറ്റി. അവന്റെ പോക്കറ്റിൽ നിന്ന് മൊബൈൽ എടുത്ത് തന്റെ പോക്കറ്റിലേക്ക് ഇട്ടു. അതിന് ശേഷം അവനെ ഇടിച്ച് തളർത്തിയ ശേഷം എടുത്ത് കാറിലേക്ക് ഇട്ടു.

അവനോട് വഴി ചോദിച്ച് മനസിലാക്കി അവന്റെ വീട്ടിൽ എത്തിച്ചു. ബെല്ലടിക്കുന്നത് കേട്ട് വാതിൽ തുറന്ന് അവന്റെ ഭാര്യയുടെ മുന്നിലേക്ക് അവനെ ഇട്ടു.

“സോഷ്യൽ മീഡിയയിൽ ഒരുപാട് നല്ല എഴുത്തുകാർ ഉണ്ട്. വായനക്കാരെ ബഹുമാനിക്കുന്ന അമ്മയെയും പെങ്ങളെയും കൂട്ടുകരിയെയും തിരിച്ചറിയുന്ന നന്മയുള്ള എഴുത്തുകാർ. പിന്നെ ഇവനെ പോലെയുള്ള പെണ്ണിനേയും പണത്തിനെയും മാത്രം സ്നേഹിച്ച് ആളുകളെ പറ്റിക്കുന്ന നാറികളും. ഈ നാറി കാരണം എന്റെ ഭാര്യ ഇപ്പോൾ ഹോസ്പിറ്റലിൽ ആണ്. അവൾക്ക് ഒരു തെറ്റ് പറ്റി. അത് തെറ്റാണെന്ന് മനസ്സിലാക്കിയപ്പോൾ അവൾ അതിൽ നിന്ന് പിന്മാറി. അപ്പോൾ ഇവന് അവൾ പൈസ കൊടുക്കണം അല്ലെങ്കിൽ അവന്റെ കൂടെ കിടക്കണം. ദാ, നിന്റെ കെട്യോന്റെ മൊബൈൽ. ഇതിലുള്ള എന്റെ ഭാര്യയുടെ ഫോട്ടോകൾ ഞാൻ കളഞ്ഞിട്ടുണ്ട്. പിന്നെ സമയം കിട്ടുമ്പോൾ അവന്റെ മൊബൈലിലെ ചാറ്റ് ഒന്ന് തുറന്ന് നോക്കിക്കോ. അപ്പോൾ മനസിലാകും, സോഷ്യൽ മീഡിയയിലെ ബഹുമാനപ്പെട്ട എഴുത്തുകാരന്റെ തനിക്കൊണം. ഇവന്റെ ഫോണിലെ എല്ലാ ചാറ്റിന്റെയും കോളുകളുടെയും സ്ക്രീന്ഷോട്ടുകൾ എന്റെ കയ്യിലുണ്ട്. ഈ നാറി ഇനിയും എഴുത്തും കുത്തുമായി സോഷ്യൽ മീഡിയയിൽ വന്നാൽ ഈ സ്ക്രീന്ഷോട്ടുകൾ വെച്ച് ഞാൻ പോസ്റ്റ് ഇടുമെന്ന് അവനോട് പറഞ്ഞേക്ക്. പിന്നെ അവന് ജന്മത്തിൽ നാണക്കേട് മാറില്ല. പുറത്ത് ഇറങ്ങി നടക്കാൻ പോലും കഴിയില്ല. പിന്നെ ഞാൻ തല്ലിയതിന്റെ പേരിൽ പോലീസ് കേസിനെങ്ങാൻ പോയാൽ അതിന്റെയും നാണക്കേട് എനിക്കല്ല, നിങ്ങൾക്കാണ്. അതും പറഞ്ഞ് കൊടുത്തേക്ക് അവനോട്. പോട്ടെ പെങ്ങളെ”

അതും പറഞ്ഞ് വണ്ടിയിൽ കയറി അയാൾ തിരിച്ചു പോയി….

ഇപ്പോഴുമുണ്ട് സോഷ്യൽ മീഡിയകളിൽ ലാലുമാർ. എഴുത്ത് എന്ന ദിവ്യമായ അനുഗ്രഹത്തെ സ്വന്തം താൽപര്യത്തിന് വേണ്ടി വിൽക്കുന്നവർ, എഴുത്തിന്റെ പേരും പറഞ്ഞ് ഒരേ സമയം ഒന്നിലധികം സ്ത്രീകളുമായി ബന്ധം പുലർത്തുന്നവർ, പണം അപഹരിക്കുന്നവർ. മറ്റുള്ളവരുടെ അക്ഷരങ്ങളോടുള്ള ഇഷ്ടത്തെ ചൂഷണം ചെയ്യുന്നവർ. അവർ നശിപ്പിക്കുന്നത് ആ കലയെ ആണ്. അതിനെ സ്നേഹിക്കുന്നവരെയാണ്. ലാലുമാർ നിങ്ങളുടെയും എന്റെയും ഇൻബോക്സുകളിൽ വരും. എഴുത്തിലെ കുറ്റങ്ങളും കുറവുകളും പറഞ്ഞു തന്ന് തിരുത്താൻ, എഴുത്തിൽ പറഞ്ഞ കമന്റുകൾക്ക് നന്ദി പറയാൻ, പുതിയ രചനകളിലേക്ക് ക്ഷണിക്കാൻ. ലാലുമാരെയും നല്ല എഴുത്തുകാരെയും തിരിച്ചറിയാൻ ഞാനും നിങ്ങളുമാണ് സൂക്ഷിക്കേണ്ടത്, ഇത്തരം ലാലുമാരുടെ കെണികളിൽ വീഴാതിരിക്കാൻ. അവരിൽ നിന്ന് അകന്ന് നിൽക്കാൻ…

ഇവൻ ഈ എഴുതിയത് എന്നെ ഉദേശിച്ചാണോ എന്ന് ആർക്കെങ്കിലും തോന്നിയാൽ ശരിയാണ് നിന്നെ തന്നെയാണ് ഉദ്ദേശിച്ചത്. കാരണം അങ്ങിനെ തോന്നുന്നവർക്ക് സ്വയം നിന്റെ ഉള്ളിലേക്ക് നോക്കിയാൽ നിനക്കും കാണാം നിന്റെ ഉള്ളിലുള്ള ഒരു ലാലിനെ…

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റിലൂടെ അറിയിക്കുക.

ഇതെന്റെ രചന: മുറു കൊടുങ്ങല്ലൂർ

Leave a Reply

Your email address will not be published. Required fields are marked *