വേഷപ്പകർച്ചകൾ…

രചന: ശാലിനി മുരളി

ലിപ്സ്റ്റിക് കടുപ്പത്തിൽ ചുണ്ടിൽ തേച്ചു പിടിപ്പിച്ചു കൊണ്ടാണ് രേവതി അത് പറഞ്ഞത്.

“രണ്ടു ദിവസത്തിൽ കൂടുതൽ ഒന്നും എനിക്ക് അവിടെ നിൽക്കാൻ പറ്റില്ല. കേട്ടോ..ആനന്ദ് എന്നെ വെറുതെ നിർബന്ധിക്കരുത് ”

“നിനക്ക് ഇഷ്ടമുള്ളത് എന്താന്ന് വെച്ചാൽ ചെയ്യ്.. ”

കൂടുതൽ സംസാരിക്കാൻ താല്പ്പര്യം ഇല്ലാതെ അയാൾ എഴുന്നേറ്റു..

മകനിഷ്ടമുള്ള ഷർട്ടും പാന്റ്സും എടുത്തു കൊടുത്തിട്ട് അയാൾ കാറിന്റെ കീയും പഴ്സും കയ്യിലെടുത്തു..

“വേഗം വേണം. ഞാൻ കാറിൽ കാണും ”

അത്യാവശ്യം വേണ്ട കുറച്ചു ഡ്രെസ്സ് എടുത്തു ബാഗിൽ കുത്തിത്തിരുകി. ആനന്ദിന്റെ വീട്ടിൽ പോയി തങ്ങുന്നതേ ഇഷ്ടമല്ല. ഒരു പട്ടിക്കാട് സ്ഥലം. ഒരുപാട് കയറ്റം കയറി വേണം അങ്ങ് മലമുകളിൽ ഉള്ള വീട്ടിലെത്തുവാൻ ! വെള്ളം പോലും ആവശ്യത്തിന് കിട്ടില്ല. സ്വന്തമായി കാർ ഉണ്ടായിട്ടും താഴെ എവിടെ എങ്കിലും കൊണ്ടിടേണ്ട സ്ഥിതിയാണ്.

ആനന്ദിന് നല്ലൊരു ജോലിയുള്ളത് മാത്രമാണ് തന്റെ വീട്ടിൽ എല്ലാവരും വലിയ മേന്മയായി കണ്ടത്.

പട്ടണത്തിൽ സുഖസൗകര്യങ്ങളോടെ അടിച്ചു പൊളിച്ചു കഴിഞ്ഞ തനിക്ക് അവിടെ കഴിഞ്ഞ ഓരോ ദിനവും വല്ലാത്തൊരു ശ്വാസം മുട്ടലാണ് !.

ഒട്ടും മോഡേൺ അല്ലാത്ത ഒരു വീട്ടുകാരെ അംഗീകരിച്ചു ജീവിക്കാൻ കഴിയാതെ വന്നതോടെ സ്വന്തം വീട്ടിലേക്ക് തന്നെ തിരികെ പോന്നു. മകനെ അടുത്തുള്ള സ്കൂളിൽ ചേർക്കുകയും ചെയ്തു. ആനന്ദ് ആകട്ടെ ആഴ്ചയിൽ ഒരു ദിവസം മാത്രം മോനെ കാണാൻ വേണ്ടി വീട്ടിൽ വന്നു പോയി .

ഇപ്പോൾ സ്കൂൾ അവധി ആയതു കൊണ്ട് ഇനി ഒഴിവ് കഴിവ് ഒന്നും പറയാൻ നിവൃത്തി ഇല്ലാതായിരിക്കുന്നു.

മോനാകട്ടെ യാത്ര ഒരുപാട് ഇഷ്ടപ്പെട്ട മട്ടിൽ ഹെഡ്‌ഫോണും ചെവിയിൽ തിരുകി പുറത്തെ കാഴ്ചകൾ ആസ്വദിച്ചു കൊണ്ടിരുന്നു.

ആനന്ദ് ഒന്നും മിണ്ടാതെ ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ദിച്ചു കൊണ്ടിരുന്നു. വല്ലാതെ ബോറടിച്ചപ്പോൾ ഫോൺ ഓണാക്കി വാട്സ്ആപ്പ് നോക്കാൻ തുടങ്ങി..

പ്രൊഫൈൽ പിക്ചർ മാറ്റി പുതിയ സ്റ്റൈലിൽ ഉള്ളത് ഒരെണ്ണം തിരഞ്ഞെടുത്തു.

ജീവിതം അടിച്ചുപൊളിച്ചു ആഘോഷം ആക്കുന്നവർക്ക് മാത്രമായൊരു ഗ്രൂപ്പിൽ കുറേയധികം സന്ദേശങ്ങൾ ഓപ്പൺ ആകാതെ കിടന്നിരുന്നു.

എല്ലാം പതിയെ വായിച്ച് സീറ്റിലേക്ക് മെല്ലെ ചാരിയിരിക്കുമ്പോൾ നേർത്ത തണുപ്പുള്ള കാറ്റ് മരപ്പച്ചകൾക്കിടയിലൂടെ ഊയലാടി തിമിർത്തുകൊണ്ടിരുന്നു.. കണ്ണുകൾ അടഞ്ഞുപോയത് അറിഞ്ഞതേയില്ല.

വീടെത്തിയത് അറിയുന്നത് അമലിന്റെ ഉറക്കെയുള്ള ചിരി കേട്ടാണ്. പ്രായം ചെന്ന അമ്മയും അച്ഛനും അങ്ങ് പടിക്കെട്ടുകൾക്ക് മുകളിൽ സന്തോഷത്തോടെ കാത്തു നിൽപ്പുണ്ട്..

അമൽ ചാടിയിറങ്ങി കൽത്തിട്ടകൾ ഓരോന്നായി ചാടിക്കയറാൻ തുടങ്ങിയിരുന്നു..

കുറച്ചു ദിവസം ഇനിയിവിടെ തങ്ങുന്ന കാര്യം ഓർത്തിട്ട് തന്നെ ഒരു വല്ലാത്ത ശ്വാസം മുട്ടൽ പോലെ. പക്ഷേ ആനന്ദിന്റെയും അമലിന്റെയും മുഖത്തെ തെളിച്ചം കാണുമ്പോൾ ഒന്നും പ്രകടിപ്പിക്കാനും കഴിയുന്നില്ല..

എന്തൊക്കെയോ വിഭവങ്ങൾ അമ്മ ഒറ്റയ്ക്ക് ഒരുക്കിയിരുന്നു. പ്രായം ഏറെ ആയെങ്കിലും മകന്റെ കാര്യങ്ങൾ നോക്കുന്നത് അവരായിരുന്നു. വിവാഹം കഴിഞ്ഞാൽ പെൺകുട്ടികൾ ഭർത്താവിന്റെ വീട്ടിൽ ആണ് നിൽക്കേണ്ടത് എന്ന് എപ്പോഴും അച്ഛൻ ഉപദേശിക്കുമെങ്കിലും ഉപേക്ഷിക്കാനാവാത്ത സുഖ സൗകര്യങ്ങൾ തന്നെ എന്നും ഭ്രമിപ്പിച്ചു കൊണ്ടിരുന്നു..

രാത്രിയിൽ ആനന്ദിന് വേണ്ടി ചപ്പാത്തി ഉണ്ടാക്കാൻ അടുക്കളയിൽ കയറുമ്പോൾ അമ്മ കറിയ്ക്കുള്ള പച്ചക്കറി എടുത്തു.

“മോൾക്ക് ഇഷ്ടമുള്ളത് എന്താന്ന് വെച്ചാൽ ഉണ്ടാക്കാം കേട്ടോ.. അവന് ചപ്പാത്തിയുടെ കൂടെ എന്തെങ്കിലും ഒരു സാലഡ് മതി. ”

വല്ലായ്മയോടെയാണ് ഓർത്തത്, ഭർത്താവിന്റെ വീട്ടിൽ ഒരു വിരുന്നുകാരി ആയിരിക്കുന്നു താനിപ്പോൾ..

പുലർച്ചെ കോടമഞ്ഞു പതഞ്ഞൊഴുകുന്ന മലനിരകളിലേക്ക് നോക്കിയിരിക്കുമ്പോൾ അമ്മ മുറ്റം അടിച്ചു വാരാൻ തുടങ്ങിയിരുന്നു.. ചൂല് പിടിച്ചു വാങ്ങാൻ ചെന്നെങ്കിലും സമ്മതിച്ചില്ല.

“അവനുള്ള കാപ്പി ചൂട് പോകുന്നതിനു മുൻപ് ഒന്ന് കൊടുത്തേക്ക്.. ഞാൻ അപ്പോഴേക്കും തൂത്തു വാരിയിട്ട് ഓടി വന്നേക്കാം.. ”

ചെറിയൊരു കൂനും വെച്ച് അമ്മ ധൃതിയിൽ എല്ലാ ജോലികളും ഓടിനടന്ന് ചെയ്യുമ്പോൾ ഇതുവരെ താൻ മാറിനിന്നതു തെറ്റായി പോയോ എന്ന് മനസ്സ് കലമ്പൽ കൂട്ടി ക്കൊണ്ടിരുന്നു.

ചൂട് കാപ്പിയുമായി മുറിയിലേക്ക് ചെല്ലുമ്പോൾ ആനന്ദ് തന്നെ കാത്തിരിക്കുന്നു..

സ്വാതന്ത്ര്യത്തോടെ ചേർത്ത് പിടിച്ച് ഓരോന്നും സംസാരിക്കുമ്പോൾ ഓർക്കുകയായിരുന്നു., നാളിതു വരെയായിട്ടും ആഴ്ചയിൽ ഒരിക്കൽ മാത്രം വരുന്ന ഭർത്താവിന്റെ സ്നേഹ പ്രകടനങ്ങൾ ആസ്വദിക്കുവാൻ തനിക്കിതുവരെ കഴിഞ്ഞിട്ടില്ലല്ലോ എന്ന് !

സ്വന്തം വീട്ടിൽ ആനന്ദിന്റെ മറയില്ലാത്ത സ്നേഹം അവളെ അത്ഭുതപ്പെടുത്തി. തന്നെയും മോനെയും കാണാൻ വരുമ്പോഴൊക്കെ വല്ലാത്ത ശ്വാസം മുട്ടൽ പോലെ ആരോടും ഒന്നും മിണ്ടാതെ മുറിക്കുള്ളിൽ എന്തെങ്കിലും വായിച്ചിരിക്കുകയാണ് പതിവ്.. ഭാര്യ വീട്ടിൽ പൊറുക്കുന്ന ആണുങ്ങൾക്ക് ഒരു വിലയുമില്ലെന്നു ചിലപ്പോൾ പിറുപിറുക്കും.

ആനന്ദിന്റെ ഇത്രയും ഉത്സാഹം അവൾ ആദ്യമായാണ് കാണുന്നത്. ഓടിനടന്ന് സാധനങ്ങൾ വാങ്ങി ക്കൂട്ടുകയും അമ്പലത്തിലും സിനിമക്കും ഷോപ്പിങ്ങിനും ഒരു മടിയുമില്ലാതെ കൂട്ടിക്കൊണ്ട് പോവുകയും ഒക്കെ ചെയ്തു ദിവസങ്ങൾ പോയത് അറിഞ്ഞതേയില്ല

അമ്മയോടൊപ്പം അടുക്കളയിൽ കയറി ആനന്ദിനും മോനും ഇഷ്ടപെട്ട വിഭവങ്ങൾ തയാറാക്കുമ്പോൾ നഖത്തിലെ വിലകൂടിയ നെയിൽ പോളിഷ് ഇളകിപ്പോയത് ഗൗനിച്ചില്ല !

കുളി കഴിഞ്ഞു വരുമ്പോൾ ലിപ്സ്റ്റിക് മാറ്റി വെച്ച് ചന്ദന കുറിയും സിന്ദൂരവും തൊട്ട് നിൽക്കുമ്പോൾ ആനന്ദിന്റെ കണ്ണുകളിൽ കണ്ട പ്രേമം ഹൃദത്തിലും തിളങ്ങുന്നത് തൊട്ടറിഞ്ഞു.

തന്റെതു മാത്രമായ കുടുംബത്തിന്റെ സ്വാതന്ത്ര്യവും അടുപ്പവും ഇഷ്ടങ്ങളുമൊക്കെ താൻ അറിയാതെ ആസ്വദിച്ചു പോയിരുന്നു.

ഇവിടെ ആനന്ദ് തരുന്ന വിലയും സ്നേഹവും അവളെ വല്ലാതെ കീഴ്പ്പെടുത്തിക്കളഞ്ഞിരുന്നു.

വെറും രണ്ട് ദിവസം എന്നത് രണ്ട് ആഴ്ചയിൽ കൂടുതൽ ആയപ്പോൾ ഇനി തിരിച്ചു പോകണമല്ലോ എന്നുള്ള ചിന്ത വല്ലാതെ അവളെ മുറിവേൽപ്പിച്ചുകൊണ്ടിരുന്നു..

രാത്രിയിൽ ആനന്ദിന്റെ കരവലയത്തിൽ ഒതുങ്ങി കിടക്കുമ്പോൾ മനസ്സ് മുഴുവനും ആനന്ദിനോടുള്ള ക്ഷമാപണം മാത്രമായിരുന്നു..

ഇതുവരെ താൻ ഇല്ലാതാക്കിയ നല്ലൊരു ജീവിതത്തിന്, ഒരു ഭാര്യയുടെ കടമകൾ ചെയ്യാതെ മാറി നിന്ന് ആഡംബര ജീവിത ത്തോടുള്ള ആസക്തിയിൽ മതിമറന്നതിന് എല്ലാം അവൾ കണ്ണുനീരുകൊണ്ട് അയാളോട് ക്ഷമ ചോദിച്ചു കൊണ്ടിരുന്നു..

പ്രായം ചെന്ന അച്ഛനെയും അമ്മയെയും ഉപേക്ഷിച്ചു കൂടെ നിൽക്കാൻ താൻ എത്ര വട്ടം നിർബന്ധിച്ചിരിക്കുന്നു ! ഇന്ന് അതൊക്കെയോർക്കുമ്പോൾ അവൾക്ക് സ്വയം ലജ്ജ തോന്നി പ്പോകുന്നു !

“ജീവിതം ഒന്നേയുള്ളൂ അവിടെയും ഇവിടെയും നിന്ന് അത് ഇല്ലാതാക്കിയാൽ പിന്നീട് ഒരു കാലത്ത് അതിനെക്കുറിച്ചോർത്തു ദുഃഖിക്കേണ്ടി വരും.. ”

അമ്മ ഒരിക്കൽ തന്നോട് പറയുമ്പോൾ അന്ന് അമ്മയോട് വഴക്കടിച്ചു.

“ഞാനും മോനും ഇവിടെ നിൽക്കുന്നത് ഇഷ്ടമല്ലെങ്കിൽ അത് പറഞ്ഞാൽ മതി.. ”

എന്നാണ് മറുപടി കൊടുത്തത്.. ഇന്നിപ്പോൾ സ്വയം മനസ്സിലാക്കിയിരിക്കുന്നു.. ഇതാണ് തന്റെ വീട്. തന്റെ ഭർത്താവ് കൂടെയുള്ളിടം..

ആനന്ദ് ഉറങ്ങിക്കഴിഞ്ഞിട്ടും അവൾക്ക് ഉറക്കം വന്നില്ല.. പോകാനുള്ള ഡ്രെസ്സുകൾ എല്ലാം പാക്ക് ചെയ്തു വെച്ചത് നോക്കി അവളിരുന്നു..

ഇനി സ്കൂൾ തുറക്കാൻ കുറച്ചു ദിവസങ്ങൾ കൂടിയുണ്ട്..

രാവിലെ എഴുന്നേൽക്കാൻ അൽപ്പം വൈകി.. ആനന്ദ് കുളി കഴിഞ്ഞിരുന്നു.. മോൻ ഇവിടെ വന്നതിൽ പിന്നെ അമ്മൂമ്മയോടൊപ്പം ആണ് ഉറക്കം..

ആലോചനയോടെ കട്ടിലിൽ തന്നെ കിടക്കുമ്പോൾ ആനന്ദ് മുറിയിലേക്ക് കയറി വന്നു..

“താനെന്താ പോകാൻ റെഡി ആകുന്നില്ലേ. അമൽ കുളിച്ചു. അമ്മ അടുക്കളയിൽ എന്തൊക്കെയോ ഉണ്ടാക്കുന്നുണ്ട്.. ”

ഒന്നും മിണ്ടാതെ കിടന്ന അവൾക്ക- രികിലേക്ക് ഇരുന്നു കൊണ്ട് അയാൾ പറഞ്ഞു..

ആനന്ദിന്റെ കൈയ്യെടുത്തു സ്വന്തം കൈയ്ക്കുള്ളിലാക്കി അയാളുടെ മുഖത്തേക്ക് നോക്കാനാവാതെ മുഖം കുനിച്ചാണ് അവൾ അത് പറഞ്ഞത്..

“ഞാനിനി എങ്ങോട്ടുമില്ല.. ഈ സ്നേഹം എനിക്കിനി എന്നും വേണം.. നമുക്ക് മോനെ ഇവിടുത്തെ സ്കൂളിൽ ചേർത്താലോ.. ”

ഒരു ഞെട്ടലോടെയാണ് അയാൾ അവളെ നോക്കിയത്.. കേട്ടത് സത്യം തന്നെയാണോ എന്നറിയാൻ അവളുടെ മുഖം പിടിച്ചുയർത്തുമ്പോൾ രണ്ടു നീർമുത്തുകൾ കവിളിലൂടെ ഒഴുകിയിറങ്ങി.

അതുകേട്ടുകൊണ്ട് ഓടിവന്ന മകൻ സന്തോഷം അടക്കാനാവാതെ തുള്ളിച്ചാടി.. അപ്പോൾ ആ ചിരിയൊച്ചകൾ വീട്ടിലെ രണ്ട് പ്രായമായ ഹൃദയങ്ങളിലേക്ക് ഒരാശ്വാസകുളിര് പടർത്തി മെല്ലെ കടന്നു പോയി !!

രചന: ശാലിനി മുരളി

Leave a Reply

Your email address will not be published. Required fields are marked *