പലപ്പോഴും പറയാതെ സ്നേഹിച്ച ആ സ്നേഹം, മനസ്സിൽ സൂക്ഷിച്ചു വെച്ചിരുന്നു…

രചന: ഷാനവാസ് ജലാൽ

ഇതല്ലേ എന്റെ വാപ്പ, രഹ്‌നയുടെ ശബ്ദം അൽപ്പം ഉയർന്നത് കൊണ്ട് കല്യാണ വീട്ടിലെ ശ്രദ്ധ മുഴുവൻ അവരിലേക്കായി, നീ എന്ത് ഭ്രാന്താടി പറയുന്നെന്നു ചോദിച്ചു കൈയ്യുയർത്തിക്കൊണ്ട് സഫിയ അവള്ക്ക് നേരെ ചെന്നപ്പോഴേക്കും ഞാനാണ് പിടിച്ചു മാറ്റിയത്, നീ ഇത് എന്ത്‌ ഭാവിച്ചാ സഫിയ, ഇത് ഒരു കല്യാണവീടാണു ആളുകളുടെ മുന്നിൽ വെച്ചു നാളെ ഇറങ്ങിപ്പോകാൻ നിൽക്കുന്ന കുഞ്ഞിനെ വഴക്ക് പറയുന്നോ,

ഇക്ക അവൾ പറഞ്ഞത് കേട്ടില്ലെന്ന് ചോദിച്ചപ്പോഴേക്കും സഫിയയുടെ സ്വരം ഇടറിയത് കണ്ടിട്ടാണ് സാരമില്ല അവൾ കുഞ്ഞല്ലെന്ന് പറഞ്ഞു അവളെ ആശ്വാസപ്പിച്ചിട്ട് അകത്തേക്ക് നടന്നത്….

റൂമിൽ കയറി കതകടച്ചു കട്ടിലിലേക്ക് ഇരുന്നപ്പോഴും രഹ്‌നയുടെ ഇതല്ലേ എന്റെ വാപ്പ എന്നാ ചോദ്യം ചെവിയിൽ മുഴങ്ങികൊണ്ടേയിരുന്നു, മേശപ്പുറത്തു ഇരുന്ന പഴയ ആൽബം തുറന്ന് നോക്കിയപ്പോഴേക്കും മനസ്സും കുറച്ചു കാലം പുറകിലേക്ക് സഞ്ചരിച്ചിരുന്നു….

ഏഴാം തരത്തിൽ പഠിക്കുമ്പോൾ തോന്നിയതാണ് സഫിയയോടുള്ള ഇഷ്ടം, അവളുടെ പൂച്ചക്കണ്ണുകളേക്കാൾ എനിക്കിഷ്ടമായത് നിഷ്ക്കളങ്കമായ ചിരിയായിരുന്നു, ആ ചിരി തന്നെയാണ് പലപ്പോഴും അവളോടുള്ള ഇഷ്ടം പറയാൻ എനിക്ക് തടസ്സമായതും, ഇഷ്ടമാണെന്ന് പറയാൻ പലപ്പോഴും അവളുടെ അടുത്ത് എത്തിയതാണ്, എന്തെ ഇക്കാന്നുള്ള അവളുടെ ചിരിയോട് കൂടിയുള്ള ചോദ്യം പലപ്പോഴും ഒന്നുമില്ല എന്നൊരു മറുപടിയിൽ തീർക്കുമായിരുന്നു..

പലപ്പോഴും പറയാതെ സ്നേഹിച്ച ആ സ്നേഹം, മനസ്സിൽ സൂക്ഷിച്ചു വെച്ചിരുന്നു, ക്ലാസ് കഴിഞ്ഞു വിദേശത്തേക്ക് ഫ്ലൈറ്റ് കയറുമ്പോഴും മനസ്സിൽ പണക്കാരനായി വന്നു അവളുടെ വിട്ടിൽ ചെന്ന് പെണ്ണ് ചോദിക്കണം എന്നാ ഒരു ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളു, പക്ഷേ സൗദിയിൽ എത്തി ഒരു വർഷം കഴിഞ്ഞപ്പോഴേക്കും അവളുടെ നിക്കാഹ് നാട്ടിലെ പ്രമാണിയായ ഹാജിയാരുടെ മകനോടൊപ്പം കഴിഞ്ഞേന്ന് കുട്ടുകാർ വഴിയാണ് അറിയാൻ കഴിഞ്ഞത്, 8 വർഷം മനസ്സിൽ സുക്ഷിച്ച പ്രണയം തലയിണ നനപ്പിക്കാറുണ്ടായിരുന്നു ഓരോ രാത്രിയിലും…

നാട്ടിൽ പോക്ക് വീണ്ടും നീട്ടി വെച്ച്, രണ്ടര വർഷം കഴിഞ്ഞപ്പോൾ ആണ് സ്കൂളിൽ വെച്ച നടക്കുന്ന റി യൂണിയനിൽ പങ്കെടുക്കണമെന്ന് പറഞ്ഞു സുഹൃത്തുക്കൾ വിളി തുടങ്ങിയത്, രണ്ടര വര്ഷമായില്ലേ അന്നേ ഇനി എന്നാ കാണുക എന്നാ ഉമ്മാന്റെ ചോദ്യവും കുടിയപ്പോഴാണ് നാട്ടിലേക്ക് ഫ്ലൈറ്റ് കയറിയത്..

ചെന്നിറങ്ങിയതിന്റെ പിറ്റേന്ന് ആയിരുന്നു പ്രോഗ്രാം, നേരെ അങ്ങോടെക്ക് വെച്ച്പിടിക്കുമ്പോഴും മനസ്സ് നിറയെ പൂച്ചക്കണ്ണിയെ ഒന്ന് ദുരെ നിന്നെങ്കിലും കാണാൻ കഴിയണമെന്നുള്ള ആഗ്രഹമായിരുന്നു..

അൽപ്പം താമസിച്ചാണ് എത്തിയത്, പ്രോഗ്രാം തുടങ്ങിയിരുന്നു, കണ്ണുകൾ നാലു ദിക്കിലേക്ക് പാഞ്ഞിട്ടും ഓളെ മാത്രം കാണാൻ കഴിഞ്ഞില്ല, വരും അളിയാ നീ പെടക്കണ്ടാന്ന് കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ റസാക്കാണ്, തന്റെ എല്ലാ കാര്യവും അറിയാവുന്ന ഒരേ ഒരാൾ, ഞാൻ നേരിട്ട് പോയി വിളിച്ചത, ഓള് വരാന്ന് വാക്ക് പറഞ്ഞതാ, ഒളു എത്തിയിരിക്കും എന്ന് പറഞ്ഞു തീരും മുന്നേ അവളുടെ വാപ്പയുടെ പഴയ അംബാസഡർ സ്‌കൂൾ ഗെറ്റ് കഴിഞ്ഞു ഞങ്ങളുടെ മുന്നിലേക്ക് എത്തിയിരുന്നു….

ക്‌ളാസിലെ കിലുക്കാംപെട്ടിന്ന് വിളിച്ചിരുന്ന സഫിയയുടെ മാറ്റം എന്നെ വല്ലാതെ ആശ്ചര്യപ്പെടുത്തി , ആരോടും മിണ്ടാതെ ഒരു മൂലയിൽ ഇരിപ്പുറപ്പിച്ച അവളുടെ ചിരി ഒന്ന് കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു , പ്രോഗ്രാം കഴിയാറായപ്പോഴാണ് റസാക്ക് വീണ്ടും എന്റെ അരീകൽ എത്തിയത് , കുറെ നേരമായല്ലോ നീ പാത്തും പതുങ്ങിയും നോക്കുന്നു , ഇനിയെങ്കിലും ധൈര്യത്തോടെ അവളുടെ മുന്നിൽ പോയി സംസാരിച്ചൂടെ നിനക്കെന്ന അവന്റെ ചോദ്യത്തിന് , ഇനി സംസാരിച്ചിട്ട് എന്തിനാ എല്ലാം കൈവിട്ട് പോയില്ലെന്നുള്ള എന്റെ മറുപടി കേട്ടിട്ടാണ് , അപ്പോ നീ ഒന്നും അറിഞ്ഞില്ലെന്ന് അവൻ എടുത്തു ചോദിച്ചത് …

എന്ത് അറിയാനെന്ന എന്റെ സംശയത്തോടെയുള്ള ചോദ്യം കേട്ടിട്ടാണ് അവൻ പറഞ്ഞു തുടങ്ങിയത് , ഡാ അവളുടെ കെട്ടിയോൻ ആള് ചെറിയൊരു മനസികരോഗിയായോരുന്നു , ചെറിയ ചെറിയ ഇഷ്യുസൊക്കെ അവൾ കണ്ണടച്ച് ജീവിതം മുന്നോട്ട് പോകുന്നതിനിടക്കാണ് അവൾ പ്രെഗ്നന്റായത് , അപ്പോഴേക്കും അവന്റെ ഉപദ്രവം കൂടി , ഹോസ്പിറ്റലിലൊക്കെ കാണിച്ചെങ്കിലും വലിയ മാറ്റമൊന്നും ഉണ്ടായില്ല , ഒരിക്കൽ രാത്രിയിൽ ഉറങ്ങിക്കിടന്ന അവളുടെ വയറ്റിൽ ആഞ്ഞു ചവിട്ടി , അന്ന് രക്തം ശർദ്ധിച്ചു ഹോസ്പിറ്റലിൽ അഡ്മിറ്റായതാ അവൾ. പിന്നെ അവളുടെ വാപ്പ വിട്ടില്ല അങ്ങോട്‌ , ഈയിടക്കാണ് കേസ് എല്ലാം കഴിഞ്ഞു ഡിവോഴ്‌സായതെന്ന് അവൻ പറഞ്ഞു തീരും മുന്നേ അപ്പോൾ കുഞ്ഞോ എന്നെന്റെ ചോദ്യത്തിന് , ചവിട്ട് കൊണ്ടിട്ട് എന്തോ പ്രോബ്ലം കുഞ്ഞിന് സംഭവിച്ചുവെന്നും , അബോർഷൻ ചെയ്യാൻ ഡോക്ടർ പറഞ്ഞിട്ടും സമ്മതിക്കാതെ അവൾ ആ കുഞ്ഞിനെ പ്രസവിച്ചു എന്നുമാണ് അറിയാൻ കഴിഞ്ഞതെന്ന് അവൻ പറഞ്ഞു നിർത്തിയപ്പോഴേക്കും അവളെ ഒന്നുടെ കാണാൻ വേണ്ടി നോക്കിയ ഞാൻ കണ്ടത് വാപ്പയുടെ വണ്ടിയിൽ കയറി തിരികെ പോന്നവളെയാണ് …

എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴാണ് റസാഖ് പിന്നെയും വന്നത് , അവൾ പോയി അല്ലെ എന്നവന്റെ ചോദ്യത്തിന് മിണ്ടാതെ നിന്നപ്പോഴാണ് , സത്യം പറ അവളെ നിനക്ക് ഇപ്പോഴും ഇഷ്ടമുണ്ടോന്നവന്റെ ചോദ്യത്തിന് എന്റെ ജീവനാടാ അവൾ എന്ന് പറഞ്ഞു തീരും മുന്നേ കണ്ണ് നിറഞ്ഞിരുന്നു ..

അത് കണ്ടിട്ടാകണം അവന്റെ ബൈക്ക് സ്റ്റാർട്ട് ചെയ്തിട്ട് നീ കയറ് എന്നെന്നോട് പറഞ്ഞത് , വണ്ടി നേരെ ചെന്ന് നിന്നത് അവളുടെ വീടിന്റെ മുറ്റത്താണ് … മടിച്ചു നിന്ന എന്നെയും വിളിച്ചോണ്ട് അവൻ ആ വീടിന്റെ ഉമ്മറത്തേക്ക് കയറിയപ്പോഴേക്കും അവളുടെ വാപ്പ ഇറങ്ങി വന്നിരുന്നു , സഫിയയുടെ സുഹൃത്തുക്കൾ ആണെന്ന് പറഞ്ഞപ്പോഴേക്കും മോളെന്നുള്ള ആ ഉപ്പയുടെ വിളി കേട്ട് അവളും പുറത്തേക്ക് ഇറങ്ങി വന്നിരുന്നു ..

വിശേഷങ്ങൾ പറയുന്നതിനിടക്ക് റസാഖാണ് ഈ വിഷയം തുടക്കമിട്ടത് , ഉപ്പ ഞങ്ങൾ വന്നത് വെറുതെയല്ല , ഇത് ഹാഷി , പള്ളിയുടെ പുറകിൽ താമസിക്കുന്ന റഹിമിക്കിയുടെ മോനാണ് , ആള് ഗൾഫിലാണ് , ഇന്നലെ എത്തിയതേയുള്ളു , ഇവന് ഉപ്പാന്റെ മോളെ ഒരുപാടിഷ്ടമാണ് , ഉപ്പാക്ക് സമ്മതമാണെങ്കിൽ അവൻ വീട്ടുകാരൊപ്പം വരും പെണ്ണാലോചിക്കാൻ എന്ന് അവൻ പറഞ്ഞു തീരുംമ്പോഴേക്കും അവൾ അന്തം വിട്ട് നോക്കുന്നുണ്ടായിരുന്നു ഞങ്ങൾ രണ്ടുപേരുടെയും മുഖങ്ങളിലേക്ക് മാറി മാറി ..

എനിക്ക് ഇഷ്ടക്കുറവൊന്നുമില്ല , മോളുടെ ഇഷ്ടം എന്താന്ന് വെച്ചാൽ അങ്ങനെയാകട്ടെന്നു പറഞ്ഞു അവളുടെ മുഖത്തേക്ക് നോക്കിയപ്പോഴും അവൾ ഒന്നും മിണ്ടാതെ കുനിഞ്ഞു നിൽക്കുന്നത് കണ്ടിട്ടാണ് എങ്കിൽ ഞാൻ വീട്ടുകാരെയും കൂട്ടി വരാമെന്ന് പറഞ്ഞു അവിടെ നിന്ന് ഇറങ്ങാൻ തുടങ്ങിയത് , എനിക്ക് ഹാഷിയോട് ഒന്ന് സംസാരിക്കണമെന്ന സഫിയയുടെ പെട്ടെന്നുള്ള വാക്കുകൾ എന്നെപ്പോലെ അവളുടെ ഉപ്പയെയും അമ്പരപ്പെടുത്തി ..

വീടിന്റെ സൈഡിലെ പേര മര ചുവട്ടിലേക്ക് അവൾ എന്നെ കൊണ്ട് പോയിട്ട് , ഹാഷി നീ എന്ത്‌ ഉദ്ദേശിച്ചിട്ട , നീ പെണ്ണുകെട്ടാൻ പ്രായമാകുന്നതേയുള്ളു , ഞാൻ ഇപ്പോൾ ഒരു സെക്കൻഹാൻഡ്‌ ആണ് , നിനക്ക് നല്ല മൊഞ്ചത്തി പെൺകുട്ടികളെ കിട്ടും , എന്റെ കാര്യങ്ങൾ അറിഞ്ഞു ഇവിടെ വരാൻ തോന്നിയല്ലോ അത് മതിയെന്ന് പറഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു , സഫിയ നിന്നോടുള്ള സഹതാപം കൊണ്ടല്ല , ശരിക്കും ഇഷ്ടമായിട്ട് തന്നെയാ , ക്ലാസ്സിൽ വെച്ചു ഒരുപാട് ശ്രമിച്ചത പക്ഷേ നിന്റെ ചിരിക്ക് മുന്നിൽ അതോക്കെ പാഴായിപ്പോയി എന്നതാണ് സത്യം, ഞാൻ ഇത്ര പെട്ടെന്ന് ഗൾഫിലേക്ക് പോയതും തിരികെയെത്തി നിന്റെ വീട്ടിൽ വന്ന് പെണ്ണ് ചോദിക്കാൻ തന്നെയായിരുന്നു , പക്ഷേ അപ്പോഴേക്കും എന്നൊന്ന് പറഞ്ഞു ഞാൻ നിർത്തിയിട്ട് പറഞ്ഞു , എനിക്കുറപ്പുണ്ട് ഇതെല്ലം ഇങ്ങനെ സംഭവിച്ചത് എനിക്ക് നിന്നെ കിട്ടണം എന്നുള്ളത് കൊണ്ട് തന്നെയാണ് എന്നെന്റെ വാക്ക് കേട്ട് ഹാഷി ഇന്ന് ഞാൻ ഒറ്റക്കല്ല, എനിക്ക് ഒരു മോളുണ്ട് അതും ഹൃദയ സമ്പന്തമായ രോഗമുള്ള മോളെന്ന് പറഞ്ഞു അവൾ കണ്ണുനീർ എന്നെ കാണിക്കാതിരിക്കാൻ തിരിഞ്ഞു നിന്നെങ്കിലും , അവളുടെ തോളിൽ കയ്യ് വെച്ചിട്ട് നിന്റെ മാത്രമല്ല ഇനി അവൾ നമ്മുടെ മോളെന്ന് പറഞ്ഞപ്പോഴേക്കും പൊട്ടിക്കരഞ്ഞു പോയിരുന്നു അവൾ …

സുഹൃത്തുക്കളുടെ കളിയാക്കലുകളെക്കാളും , വീട്ടുകാരുടെ എതിർപ്പായിരുന്നു എന്നെ ആകെ തളർത്തിയത് , ഒരു ഗള്ഫുകാരന് രണ്ടാം കെട്ടുകാരിയോ എന്നുള്ള കാർന്നോന്മാരുടെ കുറ്റപ്പെടുത്തലുകൾ കൂടിയപ്പോൾ ജീവിതത്തിൽ അവൾ അല്ലാതെ എനിക്ക് വേറൊരു പെണ്ണില്ലെന്ന് പറഞ്ഞു വാശിപിടിച്ചു നിന്ന എന്റെ മുന്നിലേക്ക് അവസാനം ഓരോരുത്തർ കിഴടങ്ങി തുടങ്ങിയിരുന്നു ..

പോയി പെണ്ണുകണ്ടു നിക്കാഹ് കഴിഞ്ഞു ഓള് എന്നോടൊപ്പം പടിയിറങ്ങിയപ്പോൾ , നാട്ടുകാരുടെ മുന്നിൽ എന്നെ ചെറുതാക്കേണ്ടന്ന് കരുതിയിട്ട് മാറ്റി നിർത്തിയ ഓളുടെ ഉമ്മയുടെ കയ്യിൽ ഉറങ്ങുകയായിരുന്ന മോളെ ഞാനാ പോയി വാങ്ങിയത് , മോനെ ഇന്ന് കൊണ്ടുപോകണോ കുഞ്ഞിനെ , മോന്റെ വീട്ടിലും ബന്ധുക്കളൊക്കെ ഉള്ളതല്ലേ , അവർ മോനെ കളിയാക്കില്ലേ എന്ന ഓളുടെ ഉമ്മയുടെ ചോദ്യത്തിന് ചെറുതായി ഒന്ന് ചിരിച്ചു കൊണ്ട് പറയുന്നവർ പറഞ്ഞോട്ടെ ഉമ്മ , ഇന്ന് മുതൽ ഞാനാണ് അവളുടെ വാപ്പയെന്ന പറഞ്ഞു കോരിയെടുത്തപ്പോൾ സന്തോഷം കൊണ്ടാകണം ഉമ്മാന്റെ കണ്ണും നിറഞ്ഞൊഴുകിയിരുന്നു ….

തുടക്കത്തിൽ വലിയ കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും , മോൾ വളർന്ന് വന്നതോട് കൂടി അന്ന് കൊണ്ട ചവിട്ടിൽ ശരീരത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ വന്നുകൊണ്ടേയിരുന്നു , ആശുപത്രികളിൽ നിന്ന് ആശുപത്രികളിലേക്കുള്ള ഓട്ടത്തിൽ സൗദിയിലെ ജോലിയും , നാട്ടിലുണ്ടായിരുന്ന വീടും വസ്തുവുമെല്ലാം നഷ്ടമായെങ്കിലും മോളുടെ ചിരിക്ക് മുന്നിൽ , ഓളുടെ ബാപ്പന്നുള്ള വിളിക്ക് മുന്നിൽ അതൊന്നും എനിക്ക് നഷ്ടങ്ങളായിരുന്നില്ല ….

കണ്ണ് നിറഞ്ഞു ഒഴുകി , ആൽബത്തിലെ മോളുടെ ഫോട്ടോയിലേക്ക് ഇറ്റിറ്റു വീണപ്പോഴേക്കും ആരോ വാതിലിൽ മുട്ടുന്നുണ്ടായിരുന്നു , കണ്ണു തുടച്ചു വാതിൽ തുറന്ന് നോക്കുമ്പോൾ മോളും ഉമ്മയുമാണ് , എനിക്ക് അറിയാതെ പറഞ്ഞു പോയതാ വപ്പിച്ച എന്നോട് പൊറുക്കാണെന്ന് പറഞ്ഞു കെട്ടിപ്പിച്ചപ്പോൾ എനിക്ക് മനസ്സിലായിരുന്നു സഫിയ എല്ലാം അവളോട് പറഞ്ഞിട്ടുണ്ടെന്ന് , വാപ്പിടെ മോൾ എന്തിനാ കരയുന്നെ എന്നും വാവ എന്റെ മോൾ തന്നെയാ, അതിനു ജനിപ്പിക്കണം എന്നൊന്നും ഇല്ല അല്ലിയോടി എന്ന് സഫിയയെ നോക്കി ചോദിച്ചപ്പോഴേക്കും നെഞ്ചോട് ചേർന്ന് പൊട്ടിക്കരയുന്നുണ്ടായിരുന്നു ആ പാവവും ……
രചന: ഷാനവാസ് ജലാൽ

Leave a Reply

Your email address will not be published. Required fields are marked *