സാധാരണ അവൾ എഴുന്നേറ്റു പോകുമ്പോൾ ഒരടിയും ഇടിയും തരാറുള്ളതാണ്.. ഇന്നിപ്പോ…

രചന: തൻസീഹ്‌ വയനാട്

മുഖത്തു പതിഞ്ഞ ഉദയസൂര്യന്റെ മഞ്ഞ കിരണങ്ങൾ ഉള്ളം കയ്യാലെ മറച്ച് ചെറു ചിരിയാലെ ദീപു എഴുന്നേറ്റു… കണ്ണ് തുറന്നയുടനെ അവന്റെ കണ്ണുകൾ നേരെ ചെന്നത് തുറന്നു കിടന്ന വാതിലിനപ്പുറത്തേക്കാണ്..
തലേന്ന് രാത്രി ഏറെ വൈകി വന്നത് കൊണ്ട് പെട്ടെന്നുറങ്ങിപോയതാണ്.. തന്റെ പ്രിയതമ അരികിൽ നിന്നെണീറ്റ് പോയതൊന്നും അറിഞ്ഞില്ല.

സാധാരണ അവൾ എഴുന്നേറ്റു പോകുമ്പോൾ ഒരടിയും ഇടിയും തരാറുള്ളതാണ്.. ഇന്നിപ്പോ ക്ഷീണം കൊണ്ട് കിട്ടിയത് ഞാൻ അറിഞ്ഞില്ലേ…

സ്വയം ആലോചനയിലാണ്ട ദീപു ബെഡിൽ നിന്നെണീറ്റ് നേരെ കിച്ചണിലേക്ക് പോയി….
അവിടെ പാത്രങ്ങളോട് ഗുസ്‌തി കൂടുന്ന ഹേമയെ കണ്ടതും അവന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു…

“എന്റെ ഹേമേ.. എന്തായിത്.. കല്യാണവീടുകളിൽ പോലും ഇത്ര ബഹളം കാണില്ലല്ലോ… ”

പാത്രങ്ങൾ ഓരോന്നായി സിങ്കിലേക്കെടുത്തിടുന്ന ഹേമയെ നോക്കി വാതിലിൽ ചാരി നിന്നവൻ ചോദിച്ചു… അതിന് മറുപടി ഒരു നോട്ടമായിരുന്നു… ഒന്നും മിണ്ടാതെ ഉഗ്രൻ ഒരു നോട്ടം നോക്കി വീണ്ടും പാത്രങ്ങളോട് കിട പിടിക്കുന്ന അവളെ കണ്ടതും ദീപുവിന്റെ കിളി പോയി.. എന്നുമില്ലാത്ത ദേഷ്യം ഇന്നെന്തിന്…?
വായും പൊളിച്ച് കുറച്ചു നേരം ദീപു അവളെ നോക്കി.. അവളുടെ മുഖത്ത് ദേഷ്യം കൊണ്ട് വിവിധ ഭാവങ്ങൾ മിന്നി മറയുന്നതും അതവളുടെ ഓരോ പ്രവർത്തിയിലും പ്രകടമാവാൻ തുടങ്ങിയതും ദീപു മെല്ലെ ഉൾവലിഞ്ഞു…

എന്നാലും ഹേമക്കിത് എന്ത് പറ്റി…
രാവിലെ എണീറ്റ് കുളിച്ച് നിർമാല്യം തൊഴുത് സുന്ദരിയായി നിൽക്കുന്ന ഹേമ… ഇനിയിപ്പോ ഞാൻ അമ്പലത്തിലേക്ക് കൂടെ ചെല്ലാൻ എണീക്കാത്തതിന് ആയിരിക്കുമോ… ഛെ.. അതാവില്ല.. രാവിലെ നേരത്തെ ഉള്ള എണീപ്പ് എനിക്കില്ലെന്ന് അവൾക്കറിയാല്ലോ… പിന്നെ എന്താവും….
അതും ആലോചിച് നേരെ നോക്കിയത് ഭിത്തിയിൽ തൂക്കിയിട്ട കലണ്ടറിലേക്കാണ്… പെട്ടന്നൊരു ഞെട്ടലോടെ അവൻ അങ്ങോട്ടേക്കോടി…. അക്കങ്ങളിൽ കണ്ണോടിച്ചും വിരലോടിച്ചും സൂക്ഷമതയോടെ നോക്കി..

“ഹാവൂ.. എന്റെ അമ്മേ.. രക്ഷപെട്ടു… ഇന്ന് ആനിവേഴ്സറിയും അല്ല.. അവളുടെ ബർത്ത് ഡേയും അല്ല… ഞങ്ങൾ ആദ്യമായി കണ്ട് മുട്ടിയ ദിവസവും അല്ല…… ”

നെഞ്ചിൽ കൈവെച്ച് ആശ്വാസം പൂണ്ടവൻ വീണ്ടും ആലോചനയിലാണ്ടു… നാല് കൊല്ലമായുള്ള ദാമ്പത്യ ജീവിതത്തിൽ ഒരിക്കൽ പോലും ഹേമ ഇങ്ങനെ ബിഹേവ് ചെയ്തിട്ടില്ലെന്നവൻ ഓർത്തു…

“ഓഫിസിൽ പോകുന്നില്ലേ… കുളിക്കാനും പല്ല് തേക്കാനും ഇനി രാഹു കാലം കഴിയണോ ”

പെട്ടന്നാണ് ഹേമയുടെ ശബ്ദം അവിടെയാകെ അലയടിച്ചത്…അവളെ നോക്കി സംശയത്തോടെയുള്ള ഇളി ഇളിച്ചവൻ ടവൽ എടുത്ത് ബാത്‌റൂമിലേക്ക് കയറാൻ നിന്നു…ഹേമ പുതപ്പൊക്കെ മടക്കി വെക്കുവാണ്.. അവളുടെ കടുപ്പത്തിലുള്ള ഓരോ പ്രവർത്തിയും
വീക്ഷിച്ചു കൊണ്ടിരിക്കെ അവളവനെ തലയുയർത്തി നോക്കി.. ആ നിമിഷം അവൻ ചിരിച്ചു കാണിച്ചു കൊടുത്തു കൊണ്ട് അവൻ വാതിലടച്ചു….
കുളി കഴിഞ്ഞ് ഓഫിസിൽ പോകാൻ റെഡി ആവുമ്പോൾ ദീപു തല വെളിയിലേക്കിട്ട് ഹേമയെ നീട്ടി വിളിച്ചു . എന്നും വിളിക്കുന്ന പോലെ.. പക്ഷേ ഇന്ന് മിണ്ടാട്ടമില്ല…

“ഹേമേ.. ചായ എടുത്ത് വെക്ക് ”

വീണ്ടും നീട്ടി വിളിച്ചതും ടേബിളിൽ ഉറക്കെ പാത്രം വെക്കുന്ന ശബ്ദം അവൻ കേട്ടു.. മുഖം ചുളിച് കൊണ്ട് ദീപു ബാഗ് എടുത്ത് അങ്ങോട്ട്‌ ചെന്നു… തന്നെ നോക്കാതെ ഇരിക്കുന്ന ഹേമയെ നോക്കി അവൻ ഇരുന്നു… സാധാരണ ഹേമ സ്നേഹത്തോടെ അവന് വിളമ്പി കൊടുക്കുകയും വാതോരാതെ സംസാരിക്കുകയും ചെയ്യുമായിരുന്നു.. ഇന്നത്തെ അവളുടെ മാറ്റം അവനെ അമ്പരപ്പെടുത്തി..

“എനിക്ക് വീട്ടിൽ പോണം ”

തന്നെ നോക്കാതെ പറഞ്ഞ അവളുടെ വാക്കുകൾ കേട്ട് അവനൊന്ന് ചുമച്ച് ചായ കുടിച്ച് അവളെ നോക്കി… വീട്ടിൽ നിന്ന് അമ്മ എത്ര വിളിച്ചാലും തന്നെ വിട്ട് പോവാത്തവൾ.. ഇനി പോയാൽ പിറ്റേ ദിവസം തന്നെ ഇവിടെ എത്തുന്നവൾ…

“ഞാൻ വൈകുന്നേരം വന്ന് നമുക്ക് ഒന്നിച്ചു പോകാം ”

മറുത്തൊന്നും ചോദിക്കാതെ ദീപു അവളെ നോക്കി പറഞ്ഞു..

“വേണ്ട.. ഞാൻ മനുവിനോട് വരാൻ പറഞ്ഞിട്ടുണ്ട്… ”

അവൾക്ക് തലയാട്ടി കൊടുത്തു കൊണ്ട് പല ചിന്തകൾ മനസ്സിലിട്ട് ദീപു എഴുന്നേറ്റു… പോയി വരാമെന്ന് പറഞ്ഞ് അവൾക്ക് ഉമ്മ കൊടുക്കാൻ അവൾക്കരികിൽ ചെന്നതും അവൾ വേഗം മാറി പോയത് അവനിൽ തെല്ല് വിഷമം ഉണ്ടാക്കി….

കാറിൽ കയറി ഓഫിസിൽ എത്തുന്നത് വരെ ഹേമയിലെ ഇന്നത്തെ ഭാവ മാറ്റം ആയിരുന്നു ദീപുവിന്റെ മനസ്സിൽ… ഓഫിസിലെ തിരുക്കുകളിലൊന്നും ശ്രദ്ധിക്കാൻ അവനായില്ല.. പല വട്ടം അവൻ ഫോൺ എടുത്തു നോക്കി. ഹേമയുടെ മിസ്സ്‌ കാൾ പോലും ഇല്ലാത്തത് അവനെ നിരാശയിലാക്കി..
ഏഴു വർഷത്തെ പ്രണയമായിരുന്നു ഹേമ ദീപക് ന്റേത്… വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിച്ചു… നാല് വർഷത്തെ ജീവിതം… പരസ്പരം അറിഞ്ഞ് സ്നേഹിച്ച് ബഹുമാനിച്ച് പിണങ്ങി, ഇണങ്ങി കഴിഞ്ഞിട്ടും ഇന്നോളം ഒരു നേരം മിണ്ടാതിരുന്നിട്ടില്ല.. വഴക്കിട്ടു പിണങ്ങുമ്പോൾ പോലും അവർക്കിരുവർക്കും പിടിച്ചു നിൽക്കാൻ കഴിയാറില്ല…ഒരു കുഞ്ഞെന്ന അവരുടെ സ്വപ്നം ഇന്നേവരെ പൂവണിഞ്ഞിട്ടില്ലെങ്കിലും പരസ്പരം ആശ്വാസം ചൊരിഞ്ഞും സ്വാന്തനമേകിയും നിഴലായ് എപ്പോഴും ഇരുവരും ഉണ്ടാവും….
ഇന്നേവരെ ഹേമക്കിങ്ങനെ ഒരു ഭാവം ഉണ്ടായിട്ടില്ല… തലേന്ന് ഓഫിസിലെ ഫ്രണ്ട് ന്റെ പാർട്ടി ഉണ്ടായതിനാൽ വൈകിയാണ് ദീപു വന്നത്.. വന്നയുടെനെ ഉറങ്ങി പോയി.. വീട്ടിൽ നിന്നും ഇന്നലെ ഇറങ്ങുന്നത് വരെ ഹേമക്ക് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലെന്നവൻ ഓർത്തു….

എത്ര ശ്രദ്ധ കൊടുത്തിട്ടും ദീപുവിന് ജോലിയിൽ ശ്രദ്ധിക്കാൻ ആയില്ല.. അവളുടെ മാറ്റത്തെ കുറിച്ച് അവളോട്‌ തന്നെ ചോദിക്കണമായിരുന്നു എന്നവന് തോന്നി.. ഇന്നേവരെ കാണാത്ത പെട്ടന്നുള്ള അവളുടെ മാറ്റം കണ്ട് അപ്പോൾ ചോദിക്കാനും പറയാനും കഴിഞ്ഞില്ല.. അത് മണ്ടത്തരമായെന്ന് അവനു മനസ്സിലായി.. എന്നും വാതോരാതെ സംസാരിക്കുന്നവൾ പെട്ടന്നൊരു ദിവസം മിണ്ടാതിരിക്കുമ്പോൾ അതിനൊരു കാരണം ഉണ്ടാവും.. ഛെ.. അപ്പോൾ തന്നെ ചോദിച്ചാൽ മതിയായിരുന്നു…ഇനി ഞാൻ ചോദിക്കാൻ വേണ്ടി ആവുമോ അവൾ ദേഷ്യം അഭിനയിച്ചത്… ആവും…
താൻ ചെയ്ത മണ്ടത്തരം ഓർത്ത്‌ ദീപു നെറ്റിയിൽ കൈവെച് ഉഴിഞ്ഞു…ഫോൺ എടുത്ത് വിളിക്കാൻ നിന്നെങ്കിലും അത് വേണ്ടെന്ന് വെച്ച് ഓഫിസ് സമയം കഴിഞ്ഞതും നേരെ വീട്ടിലേക്ക് പാഞ്ഞു.. എത്രയും പെട്ടന്ന് അവളുടെ വീട്ടിൽ എത്തണം.. ആ ചിന്തയോടെ ദീപു കുളിച്ചു ഫ്രഷ് ആയി… അവളുടെ മണമുള്ള അവളുടെ അഭാവമുള്ള ഓരോ മുറിയും അവനിൽ എന്നുമില്ലാത്ത എന്തോ ഒരു തരം ഭാരം മനസ്സിൽ കുമിഞ്ഞു കൂടി…

മാറ്റി ഒരുങ്ങി ഫോൺ എടുത്തു നോക്കി.. അവളുടെ ഒരു വിളി പോലും ഇല്ല… ഒന്ന് നെടുവീർപ്പിട്ട് കൊണ്ട് ഫോൺ പോക്കറ്റിലിട്ട് അവൻ ഷെൽഫിൽ നിന്നും കാറിന്റെ കീ എടുത്തു…. പെട്ടന്നാണ് അവനത് കണ്ടത്… അത്ഭുതത്തോടെ അവനത് കയ്യിൽ പിടിച്ചു…
അവന്റെ കണ്ണിലത് ഉടക്കിയതും സന്തോഷത്താൽ കണ്ണുകൾ നിറഞ്ഞു… ചിരിയും കരച്ചിലും ഒരുമിച്ച് വന്ന് വല്ലാത്തൊരവസ്ഥയിൽ അവൻ ബെഡിൽ ഇരുന്നു…. ഹേമയെ ഇപ്പോൾ തന്നെ കാണണം എന്ന് ഉറപ്പിച്ചു കൊണ്ടവൻ സന്തോഷത്തോടെ കാറിൽ കയറി സ്പീഡിൽ കുതിച്ചു……

അതേ സമയം തന്റെ വീട്ടിൽ വിഷണ്ണയായി ജനൽ കമ്പിയിൽ പിടിച്ച് പുറത്തേക് നോക്കി നിൽക്കുകയായിരുന്നു ഹേമ…

“മോളേ.. ദീപു വന്നിട്ടുണ്ട്. ”

അമ്മ വന്ന് വിളിച്ചതും അവളുടെ കണ്ണുകൾ വിടർന്നു… വേഗം താഴേക്ക് ചെന്നതും തന്നെ കണ്ണുകൾ കൊണ്ട് തിരയുന്ന.ദീപുവിനെ അവൾ കണ്ടു… അവന്റെ കണ്ണുകൾ തന്റെ നേരെയാണെന്ന് മനസ്സിലായതും അവൾ മുഖം തിരിച്ച് തിരികെ നടന്നു.

“എന്താ മോനേ.. നിങ്ങൾ വഴക്കായോ..വന്ന മുതൽ ഞാൻ നോക്കുവാ.. അവൾക്കൊരു തെളിച്ചമില്ലല്ലോ,”

“ഏയ്‌.. ഒന്നുമില്ല അമ്മേ… ഞാൻ.. ഞാൻ ഇപ്പോ വരാം ”

ദീപു നേരെ ചെന്നത് ഹേമയുടെ മുറിയിലേക്കായിരുന്നു.. മുറിയിൽ എത്തിയ ഉടനെ അവൻ വാതിൽ അടച്ചു.. പുറം തിരിഞ്ഞു നിന്ന ഹേമ അവന്റെ വരവ് പ്രതീക്ഷിച്ചെന്ന പോലെ തിരിഞ്ഞു നോക്കിയില്ല..

“ഹേമാ… എന്താടോ നിനക്ക് പറ്റിയെ.. ”

അവൾക്ക് മിണ്ടാട്ടമില്ല..

“ഹേമാ… താനെന്താ ഇങ്ങനെ. ഒന്ന് മിണ്ടിക്കൂടെ.. എന്താ കാര്യം. ഇന്ന് ഓഫിസിൽ ശ്രദ്ധിക്കാൻ പറ്റിയിട്ടില്ല.. നിനക്കെന്താ പറ്റിയെ എന്നായിരുന്നു മനസ്സിൽ നിറയെ.. ഇപ്പോൾ ഓടി വന്നതും അതറിയാനാണ്.. ഒരു മിസ്സ്‌ കാൾ പോലും വന്നില്ല…. ഹേമേ…… ”

അൽപ്പം ദേഷ്യത്തിൽ പറഞ്ഞ് അവളെ തനിക്ക് നേരെ നിർത്തിയതും ഒരു തേങ്ങൽ അവളിൽ നിന്നും ഉയർന്നു..

“ഹേമേ.. ”

അവളുടെ മുഖം കയ്യിലെടുത്തു കൊണ്ട് അവൻ അവളെ വിളിച്ചു. ഇരു കണ്ണുകളും നിറഞ്ഞിട്ടുണ്ട്… അവനെ ഒന്ന് നോക്കി അവൾ അവനെ ഒരടി പിറകിലേക്ക് ഉന്തി..

“ഓ.. ചോദിക്കാൻ വന്നിരിക്കുന്നു.. രാവിലെ ഈ നാവ് വ്രതത്തിൽ ആയിരുന്നോ.. എന്താ ഹേമേ നിനക്കെന്ന് ചോദിച്ചോ എന്നോട്.. അവസാനം വീട്ടിൽ പോണം എന്ന് പറഞ്ഞപ്പോഴോ ഞാൻ വന്നിട്ട് പോകാമെന്ന്… അപ്പോൾ എങ്കിലും ഹേമാ നിനക്കെന്താ പറ്റിയെ എന്ന് ചോദിക്കും എന്ന് കരുതി.. നിങ്ങൾക്കിപ്പോ ഓഫിസും ജോലിയും മാത്രം മതി ”

“ഹേമേ… ഹേമേ… ”

തന്റെ നെഞ്ചിൽ നിർത്താതെ അടിക്കുന്ന ഹേമയെ ചിരിച്ചു കൊണ്ട് വിളിച്ച് ദീപു അവളെ കയ്യിൽ പിടിച്ച് നെഞ്ചിലേക്ക് വലിച്ചിട്ടു..

“അതിനിപ്പോ എന്താ ഉണ്ടായേ ”

“ഒന്നുമില്ല.. ”

“ഒന്നുമില്ലേ.. അപ്പൊ ഇതോ ”

മുഖം താഴ്ത്തി ഹേമ പറഞ്ഞതും അവളുടെ താടിയിൽ പിടിച്ചുയർത്തി കൊണ്ട് ദീപു അവന്റെ മറ്റേ കൈ അവൾക്ക് നേരെ കാണിച്ചു…
“Pregnancy test card ”

അവന്റെ കയ്യിൽ അത് കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു.. അവൾ ഒന്നൂടെ അവനോട് ചേർന്നു നിന്നു…
“ഇത് നേരത്തെ പറഞ്ഞാ പോരേ.. എന്തിനാ ഇല്ലാത്ത ദേഷ്യം കാണിച്ചേ ”

“ഇല്ലാത്ത ദേഷ്യം ഒന്നുമല്ല.സത്യായിട്ടും എനിക്ക് ദേഷ്യം വന്നത് തന്നെയാ.. ഈ ഒരാഴ്ചയായി ഏട്ടന് ഓഫിസിലെ കാര്യം മാത്രമേ ശ്രദ്ധ ഉള്ളൂ… എന്റെ ഡേറ്റ് തെറ്റിയെന്ന് പറഞ്ഞിട്ടും കാര്യമാക്കിയില്ല.. ഇന്നലെയാ ഞാൻ ടെസ്റ്റ്‌ ചെയ്തേ.. സന്തോഷം അടക്കാനായില്ല.. ഏട്ടൻ വന്ന ഉടനെ കെട്ടിപിടിച്ചു പറയണം എന്നുണ്ടായിരുന്നു ഏട്ടൻ അച്ഛനാവാൻ പോകുവാണെന്ന്.. എന്നിട്ട് നടന്നതോ.. വന്ന ഉടനെ എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ കിടന്നില്ലേ… ”

ഓരോ പരിഭവങ്ങൾ അവൾ പറയുമ്പോഴും കണ്ണുകൾ നിറച്ചവളെ ദീപു നോക്കി നിന്നു..

“സോറി മുത്തേ.. നിനക്കറിയില്ലേ ഈ ഒരാഴ്ച ഒരുപാട് തിരക്കായിരുന്നു.. നിന്റെ കാര്യം അന്യോഷിക്കാൻ പോലും ഞാൻ ശ്രമിചില്ല.. സോറി… ”

“ഉം.. ”

“എന്താടീ.. ഇപ്പോഴും പിണക്കം മാറിയില്ലേ.. ഇനി എന്തിനാ മിണ്ടാതെ നിൽക്കുന്നേ.. നമ്മുടെ ഏറെ നാളത്തെ സ്വപ്നം അല്ലേ പെണ്ണേ ഒരു കുഞ്ഞ്…അത് യാഥാർഥ്യം ആവാൻ പോകുമ്പോൾ മുഖം വീർപ്പിച്ചു നിൽക്കാണോ ചെയ്യാ… ”

അതും പറഞ്ഞവൻ അവളെയെടുത്ത് കറക്കി…

“അയ്യേ.. ഏട്ടാ.. എന്താ ഇത്.. പൈങ്കിളി കെട്ട്യോൻ മാരെ പോലെ.. ”

“ഹാ ഹാ.. എടി പെണ്ണേ.. ഈ സന്തോഷവാർത്ത കേൾക്കുന്ന ഏതൊരു കെട്ട്യോനും സ്വല്പം പൈങ്കിളി ആവും… ”

കണ്ണിറുക്കി കൊണ്ടവൻ അവളെ ചേർത്ത് പിടിച് അവളുടെ നെറ്റിയിൽ മുത്തമിട്ടു.. ആ ഒരു മുത്തം മതിയായിരുന്നു അവളുടെ എല്ലാ പിണക്കവും മാറാൻ……പുഞ്ചിരിയോടെ സന്തോഷത്തോടെ കണ്ണുനീരോടെ അവൾ അവനെ ഇരു കൈകൾ കൊണ്ടും വാരി പുണർന്നു… പോസിറ്റീവ് ലൈൻ ഉള്ള ടെസ്റ്റ്‌ കാർഡ് മുറുകെ പിടിച്ചു കൊണ്ട് ദീപു പുഞ്ചിരിയോടെ കണ്ണുകൾ ഇറുക്കി അടച്ചു…….

ശുഭം

ഇഷ്ടമായാൽ ഒരു വാക്കോ വരിയോ എനിക്കായ് കുറിക്കുമല്ലോ 💞

രചന: തൻസീഹ്‌ വയനാട്

3 thoughts on “സാധാരണ അവൾ എഴുന്നേറ്റു പോകുമ്പോൾ ഒരടിയും ഇടിയും തരാറുള്ളതാണ്.. ഇന്നിപ്പോ…

Leave a Reply

Your email address will not be published. Required fields are marked *