വെളുപ്പിന് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുമ്പോ മനസ്സിൽ അവളുടെ മുഖം

രചന: ജിഷ്ണു രമേശൻ

വെളുപ്പിന് റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുമ്പോ മനസ്സിൽ അവളുടെ മുഖം കൊത്തി വെച്ചിരിക്കുന്നത് പോലെയായിരുന്നു…

തമ്പാനൂരിൽ നിന്ന് ഒരു ബസ് കയറി ഗൗരിയുടെ വീട്ടിലേക്ക് തിരിച്ചു… നഗരത്തിൽ നിന്ന് കുറച്ചകലെ ഉള്ളിലേക്ക് മാറി ഒരു കൊച്ചു വാടക വീട്ടിലാണ് ഗൗരിയും അവളുടെ അച്ഛനും അമ്മയും താമസിക്കുന്നത്…

യാത്രാ ക്ഷീണത്തിൽ ബസിലിരുന്നുള്ള പാതി മയക്കത്തിലും മനസ്സ് നിറയെ ഗൗരിയായിരുന്നു…

“മൂന്നു വർഷം മുമ്പാണ് ജോലിമാറ്റം കിട്ടി തൃശ്ശൂരിൽ നിന്നും ഇവിടെ തിരുവനന്തപുരത്തേക്ക് വരുന്നത്… നഗരത്തിൽ നിന്ന് കുറച്ച് ദൂരെ മാറിയുള്ള ഒരു ബാങ്കിലായിരുന്നു നിയമനം…

ബാങ്കിലെ ആദ്യ ദിവസം പുതിയ സ്ഥലത്തിന്റെ പരിചയക്കുറവ് പ്രകടമായിരുന്നു..

പിന്നീട് ഓരോരുത്തരെയും പരിചയപ്പെട്ടു.. താമസം അടുത്തു തന്നെയായിരുന്നു…

ബാങ്കിൽ ദിവസവും ഉയർന്നുകേട്ടൊരു പേരായിരുന്നു ഗൗരി… എന്തിനും ഏതിനും ഗൗരി, ഗൗരി എന്നുള്ള വിളി അവിടുള്ളവർക്ക്‌ പരിചിതമായിരുന്നു…

സ്ഥിര നിയമനമൊന്നും അല്ലാത്ത ഒരു ചെറിയ ജോലി, അതാണ് ഗൗരിയുടെ ബാങ്കിലെ സ്ഥാനം…ക്ലാർക്ക് തോമസേട്ടൻ ഒരു കാര്യം പ്രിത്യേകം എന്നോട് പറഞ്ഞിരുന്നു, ” ഗൗരിയെ ചായ വാങ്ങിക്കാൻ വിടുകയോ ബുദ്ധിമുട്ടുള്ള ജോലിയോ ചെയ്യിക്കരുതെന്ന്, വയ്യാത്ത കുട്ടിയാണെന്ന്..”

ആദ്യ രണ്ടു ദിവസം ബ്രാഞ്ച് ഓഫീസിൽ പോകേണ്ടി വന്നതിനാൽ മൂന്നാം ദിവസം മുതലാണ് സ്ഥിരമായി ബാങ്കിൽ ഇരിക്കാൻ തുടങ്ങിയത്…

അക്കൗണ്ടന്റ് ചേച്ചിയുടെ ‘ ഗൗരി ‘ എന്ന വിളി കേട്ട് ഞാൻ തലയുയർത്തി നോക്കി..ബാങ്കിലെ സ്റ്റാഫുകളുടെ റൂമിൽ നിന്ന് ഗൗരി ഇറങ്ങി വന്നു…

“കാതിൽ കടുക്കൻ പോലൊരു കുഞ്ഞു പൊട്ട് കമ്മലും, ചന്ദനക്കുറിയും, കറുപ്പും ചുവപ്പും കലർന്ന ചുളിവ് വീണൊരു ചുരിദാറും ആയിരുന്നു വേഷം.. അമ്മ പറയാറുള്ളത് പോലൊരു ദേവത.. സിനിമകളിൽ മാത്രം വർണ്ണിച്ചു കണ്ടിട്ടുള്ള കുപ്പിവളകൾ പെണ്ണിന്റെ അഴകിന് ദൈർഘ്യം കൂട്ടി…”

അക്കൗണ്ടന്റ് ചേച്ചി എന്റെ ടേബിളിലേക്കുള്ള ചെക്ക് ബുക്കിന്റെ കോപ്പികൾ ആയിരുന്നു അവളുടെ കയ്യിൽ കൊടുത്തു വിട്ടത്… ഒതുങ്ങി കൂടിയുള്ള അവളുടെ പ്രകൃതം നന്നേ ഇഷ്ടമായി…

ബാങ്കിലെ മാനേജർ സർ വഴി അവൾക്ക് ശരിയാക്കി കൊടുത്ത ജോലിയാണെന്നും, ഹൃദയ വാൽവിന് പ്രശ്നമുള്ള കുട്ടിയാണെന്നും തോമസേട്ടൻ പറഞ്ഞപ്പോഴാണ് അറിയുന്നത്…

അന്ന് രാത്രി അമ്മയെ വിളിച്ചപ്പോ ജോലിയുടെ വിശേഷണത്തിന്റെ കൂടെ ഗൗരിയെന്ന രൂപം അമ്മയിലേക്കെത്തിച്ചു… വയ്യാത്ത കുട്ടിയ്ക്ക് അമ്മയുടെ സഹതാപം ഒരു പ്രാർത്ഥനയിലൂടെ എന്നോട് വർണ്ണിച്ചു, ‘ ആ മോൾക്ക് നല്ലത് മാത്രം വരട്ടെ എന്ന് ‘…

ആരോടും സംസാരിക്കാതെ ഒതുങ്ങി നടന്നിരുന്ന അവളോട് ഒന്ന് മിണ്ടണം എന്ന ഉദ്ദേശത്തിൽ ചെക്ക് കവറുകൾ സീൽ ചെയ്യാനും മറ്റും അവളെ ഏൽപ്പിച്ചു…ഒരിടത്ത് ഇരുന്നുള്ള ജോലി ആയതിനാൽ അവൾക്കും കുഴപ്പമില്ല എന്നുറപ്പുണ്ടായിരുന്നു…

ഒരിക്കൽ ” എന്താ പേര്..?” എന്ന എന്റെ പൊട്ടൻ ചോദ്യത്തിനുള്ള അവളുടെ ഉത്തരം എന്നെ നന്നേ ചിരിപ്പിച്ചു…

” അല്ലാ, ചേട്ടന് ചെവി കേൾക്കില്ല എന്ന് തോന്നുന്നു.., വേറൊന്നും കൊണ്ടല്ല ഇവിടെ തോമസേട്ടനും ചേച്ചിയും എന്നെ ഗൗരി എന്ന് വിളിക്കുന്നത് ബാങ്കിന് പുറത്ത് വരെ കേൾക്കാലോ…!”

അവളുടെ ഈ മറുപടി ചെറുതായൊരു ചമ്മൽ സമ്മാനിച്ചത് പോലെയായി…

പിന്നീട് ആ ഉരുളയ്ക്ക്‌ ഉപ്പേരി പോലുള്ള സംസാരം കൊണ്ടെത്തിച്ചത് പരസ്പരമുള്ള നല്ലൊരു കൂട്ടുക്കെട്ടിലായിരുന്നൂ…

പലപ്പോഴും സീൽ ചെയ്ത കവർ എടുക്കാൻ അവളുടെ മേശയ്ക്കരുകിലേക്ക്‌ ചെല്ലുമ്പോ തമാശയെന്നോണം അവളുടെ പേനയുടെ മുന വെച്ചുള്ള കുത്തുകൾ എന്റെ കൈപ്പത്തിയിൽ പതിഞ്ഞിരുന്നു…

അവിടെയെല്ലാവർക്കും അവള് ഗൗരിക്കുട്ടിയായിരുന്നു.. കൂടുതലും സുഖമില്ലാത്ത പെൺകുട്ടി എന്ന സഹതാപം ആയിരുന്നു..

ഒരിക്കൽ പറയാതെ അടുപ്പിച്ച് രണ്ടു ദിവസം ലീവ് എടുത്തപ്പോ തോമസേട്ടൻ അവളുടെ ഫോണിലേക്ക് വിളിച്ചു.. ഗൗരിയുടെ അച്ഛനാണ് ഫോൺ എടുത്തത്, രണ്ടു ദിവസം മുമ്പ് ശ്വാസ തടസ്സം കൂടുതലായത് കൊണ്ട് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരിക്കുകയാണെന്ന് അറിയാൻ കഴിഞ്ഞു…

അന്ന് വൈകീട്ട് ഞാനും തോമസേട്ടനും കൂടി ഹോസ്പിറ്റലിലേക്ക് ചെന്നു… “ഐ സി യു വിൽ ആണ് ആരെയും കാണിക്കാൻ കഴിയില്ലാത്രെ…”

അവളുടെ അച്ഛനും അമ്മയും കുറച്ച് പ്രായം ചെന്നവരാണ്… സാമ്പത്തികമായി പിന്നോക്കമാണെന്ന് പറയാതെ തന്നെ അവരുടെ അവസ്ഥ കണ്ട് മനസ്സിലാക്കി…ബന്ധുക്കൾ എന്ന് പറയാൻ ആരും തന്നെ അവർക്ക് ഉണ്ടായിരുന്നില്ല…ഉണ്ടെങ്കിൽ തന്നെ വയ്യാത്ത പെൺകുട്ടി അവർക്കൊരു ബാധ്യധ ആയാലോ…!

ഡോക്ടർ ഉടനെ സർജറി വേണമെന്ന് പറയുമ്പോഴും, സർജറിക്കുള്ള തിയതി നിശ്ചയിക്കാൻ ഡോക്ടറോട് ഉറപ്പിച്ചു പറയാൻ എനിക്ക് കഴിഞ്ഞിരുന്നു… അവളെ സഹായിക്കാൻ ഞാൻ മാത്രമല്ല അവളുടെ ആ കൊച്ചു ഗ്രാമത്തിലെ എല്ലാവരും തയ്യാറായിരുന്നു…

അവളുടെ പിന്നീടുള്ള വിശ്രമ ജീവിതത്തിൽ കളിചിരികളോന്നും ഉണ്ടായിരുന്നില്ല… പക്ഷേ തളർന്ന ജീവിതത്തെ പൊരുതി ജയിക്കാനുള്ള വാശി അവളിൽ ഉണ്ടായിരുന്നു..

അവധി ദിവസങ്ങളിലും മറ്റും ഞാനും തോമസേട്ടനും അവിടെ പോകുമായിരുന്നു… ജോലിക്ക് പോകുവാൻ കഴിയാത്ത വിധം അവളുടെ അച്ഛനെയും അമ്മയെയും പ്രായം തളർത്തിയിരുന്നു…എന്നിട്ടും പഠിപ്പ് കഴിഞ്ഞിട്ടും തന്റെ അസുഖത്തെ പിന്നിലാക്കി ബാങ്കിലെ ചെറിയ ജോലിക്ക് പോകാനുള്ള ഗൗരിയുടെ മനസ്സ് കട്ടിയുള്ളതായിരുന്നു…

അവളെ കാണാൻ പോകുമ്പോ വായിക്കാൻ പുസ്തകങ്ങൾ കൊണ്ടു കൊടുത്തിരുന്നു..എന്റെ മനസ്സിൽ ഗൗരിക്കുള്ള സ്ഥാനം എന്താണെന്ന് ചോദിച്ചാൽ എനിക്കറിയില്ല…പക്ഷേ പ്രണയം എന്നത് അവളോട് വാക്കുകൾ കൊണ്ടൊരു പൂമാല മാത്രമായിരിക്കും…

ചിലപ്പോ അതിനും മുകളിൽ എന്തോ ഒന്ന്, ഒരു വിവാഹ ജീവിതം ഇല്ലെന്ന ഗൗരിയുടെ തോന്നലുകൾ പല കാരണങ്ങൾ കൊണ്ടുമാകാം…
സ്നേഹത്തിന്റെ ഉറവിടം മനസ്സിൽ നിന്നാണ്…മറ്റുള്ളത് ഒരു തരം ഏച്ചുകെട്ടലുകളാണ്…

“എന്റെ മുന്നോട്ടുള്ള ജീവിതത്തിൽ അവളെയും കൂടെ കൂട്ടിക്കോട്ടെ” എന്ന എന്റെ ചോദ്യത്തിന് അമ്മയുടെ മറുപടി വളരെ കർക്കശമായിരുന്നു…

“മോനേ നിനക്കൊരു നല്ല ജീവിതം കിട്ടാനായി ആഗ്രഹമുണ്ട് ഈ അമ്മയ്ക്ക്…പക്ഷേ ഇത് വേണ്ട, നീ എന്തൊക്കെ പറഞ്ഞാലും ഇത് ഞാൻ സമ്മധിക്കില്ല…എനിക്ക് എന്റെ മോൻ മാത്രേ ഉള്ളൂ..നിന്റെ കണ്ണീരു കാണാൻ വയ്യ അമ്മയ്ക്ക്…”

അമ്മയോട് പിന്നെ അതേ കുറിച്ച് പറഞ്ഞിട്ടില്ല…ഒരിക്കൽ അവളോട് ഇതേ കാര്യം ചോദിച്ചപ്പോ അവൾ ഒന്നേ പറഞ്ഞുള്ളൂ,

“ജിഷ്ണു ചേട്ടാ ഇപ്പൊ തോന്നുന്ന ഈ സഹതാപം പിന്നീട് തോരാത്ത കണ്ണീരാവും, അത് വേണ്ട…ഒരു വിവാഹം, ജീവിതം, കുട്ടികൾ ഇതൊന്നും ഞാൻ ചിന്തിച്ചിട്ടില്ല…ഇനി എന്നോട് ദയവു ചെയ്ത് ഇത് പറയരുത് ചേട്ടൻ…!”

ഒരു പുഞ്ചിരി മാത്രം നൽകികൊണ്ട് ഞാൻ അവിടുന്ന് ഇറങ്ങി…അവളുടെ അച്ഛനോടും അമ്മയോടും “എനിക്കവളെ തന്നൂടെ” എന്ന് ചോദിച്ചപ്പോൾ, വിതുംബി കൊണ്ട് കരയാനെ ആ പാവങ്ങൾക്ക് ആയുള്ളൂ…

ഗൗരിക്ക്‌ പരിപൂർണ്ണ വിശ്രമം ഇപ്പൊ ആവശ്യമാണെന്ന് ഡോക്ടർ പറഞ്ഞിരുന്നു… അടുത്ത രണ്ടു വർഷത്തേക്ക് അവളുടെ ശരീരത്തിൽ ഒരു സർജറി ചെയ്യാനുള്ള ശേഷി ഇല്ലായിരുന്നു…

പിന്നീട് അങ്ങോട്ട് ഗൗരിക്ക്‌ വേണ്ടിയതെല്ലാം എന്റെ ഇഷ്ടപ്രകാരം ഞാൻ തന്നെയായിരുന്നു ചെയ്തു കൊടുത്തിരുന്നത്… മരുന്നും ചികിത്സയും മറ്റും എന്നെക്കൊണ്ട് ആവും വിധം സഹായിച്ചു…

എന്റെ മുന്നിൽ കൈകൂപ്പി നിൽക്കുകയല്ലാതെ അവളുടെ അച്ഛന് വേറൊരു നിവൃത്തി ഇല്ലായിരുന്നു…അവളുടെ ചികിത്സയ്ക്ക് വേണ്ടി സ്ഥലവും വീടും എല്ലാം പണയത്തിലാണ്… ഉണ്ടായിരുന്നൊരു വീട് ജപ്തിയായി…

മാസത്തിൽ വീട്ടിൽ പോകുമ്പോ ഞാൻ പറയാതെ തന്നെ അമ്മ എന്നോട് ഗൗരിയുടെ കാര്യം തിരക്കും…

അവളോടുള്ള ഇഷ്ടം പ്രണയവുമായി ഉപമിക്കാനാവില്ല എന്ന് എനിക്കറിയാം…പക്ഷേ എന്റെ ഇഷ്ടം ഗൗരി സഹതാപം ആയിട്ടാണ് കരുതുന്നത്…മനസ്സിലൊരു നീറ്റലാണ്..

പിന്നീടെന്നും അവളുടെ കൂടെ ഇരിക്കാൻ ആഗ്രഹിച്ചു.. ഇടയ്ക്ക് എന്റെ അമ്മയും അവളെ വിളിക്കും, സുഖ വിവരങ്ങൾ അന്വേഷിക്കും…

രണ്ടു വർഷത്തിനുള്ളിൽ വേറൊരു സർജറി ചെയ്യേണ്ടതായി വരരുത്, അതിനു വേണ്ടി അവളെക്കൊണ്ട് നിർബന്ധിപ്പിച്ച് വിശ്രമിക്കാൻ ആവശ്യപ്പെട്ടു…

ഒരിക്കൽ മാസാവസാനം ലീവിന് വീട്ടിലെത്തിയ അമ്മ എന്നോട് അവളെ വിളിക്കാൻ ആവശ്യപ്പെട്ടു…

ഫോണെടുത്ത ഗൗരി അമ്മ ആണെന്ന് അറിഞ്ഞതോടെ പതിവ് വിശേഷം തിരക്കാൻ തുടങ്ങി… പക്ഷേ അമ്മയ്ക്ക് പറയാനുണ്ടായിരുന്നത് മറ്റൊന്നായിരുന്നു,

” മോളെ ഗൗരി, ഇവന് നിന്നെ ജീവനാണെന്ന് അമ്മയ്ക്കറിയാം…ഒരിക്കലേ നിന്നെ സ്വന്തമാക്കട്ടെ എന്ന് എന്നോടിവൻ ചോദിച്ചിട്ടുള്ളു.. ഒരിക്കലും ഈ അമ്മ മോളെ മനസ്സുകൊണ്ട് പോലും വെറുത്തിട്ടില്ല.. ഇവന്റെ കണ്ണീരു കാണരുത് എന്നേ ഈ അമ്മ ആഗ്രഹിച്ചിട്ടുള്ളു… ഇനി എന്ത് തന്നെ ഉണ്ടായാലും എന്റെ ഗൗരി മോള് ഈ വീട്ടിലേക്ക് എന്റെ മരുമകളായിട്ടല്ല എന്റെ മോളായിട്ട്‌ തന്നെ ഇവന്റെ കൈപിടിച്ച് കയറി വരണം…”

അതിനു മറുപടിയായി ഗൗരിയുടെ തേങ്ങൽ അമ്മയുടെ കാതുകളിൽ എത്തിയിരുന്നു… “ഗൗരി ഒന്നും ആലോചിച്ച് വിഷമിക്കരുത്” എന്നും പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്തു… എന്റെ അമ്മയെ കെട്ടിപിടിച്ചു കരയാനാണ് എനിക്ക് തോന്നിയത്…

” രണ്ടു വർഷം കഴിഞ്ഞ് ഗൗരിയുടെ ആരോഗ്യ നില നോക്കിയിട്ട് നമുക്ക് വാൽവ് മാറ്റി വെയ്ക്കാം” എന്നായിരുന്നു അവളെ സർജറി ചെയ്ത ഡോക്ടർ രണ്ടു വർഷം മുമ്പ് പറഞ്ഞത്…അതിനു വേണ്ടിയാണ് ഡോക്ടർ രണ്ടു വർഷം പൂർണ്ണ വിശ്രമം ആവശ്യപ്പെട്ടത്…

ഈ കഴിഞ്ഞ അവളുടെ വിശ്രമ വേളയിൽ മാനസികമായി ഗൗരിയെ സന്തോഷിപ്പിക്കുക എന്നത് ശ്രമകരമായിരുന്നു..

അധികം വൈകാതെ തന്നെ വാൽവ് മാറ്റി വെയ്ക്കലിനുള്ള കാര്യങ്ങള് ചെയ്തിരുന്നു.. സർജറിക്ക് ഒരു മാസം മുൻപുള്ള ചെക്കപ്പിനായി അവളെയും കൊണ്ട് പോകുമ്പോൾ കാറിൽ വെച്ച് ഒരു ധൈര്യത്തോടെ ഗൗരി എന്റെ കയ്യിൽ പിടുത്തമിട്ടു…

മനസ്സിൽ അവളും ഉറപ്പിച്ചിരുന്നു, ജീവിതത്തിലെ തുണ ഇനി ഞാനായിരിക്കുമെന്ന്…

എനിക്ക് വീട്ടിൽ കുറച്ച് കാര്യങ്ങള് ചെയ്തു തീർക്കണം, അതിനു വേണ്ടി അവളുടെ സർജറിക്ക് രണ്ടാഴ്ച മുമ്പ് ഞാൻ വീട്ടിലേക്ക് വന്നു…

എന്റെ അമ്മ അവൾക്ക് വേണ്ടി ക്ഷേത്രങ്ങളിൽ പൂജയും വഴിപാടുമായി പ്രാർത്ഥനയാണ്…

നാളെ കഴിഞ്ഞ് ഗൗരിയുടെ സർജറിയാണ്, എന്തോ ഉള്ളിലൊരു ഭയം…! ഇന്ന് രാത്രി ഇവിടുന്ന് ട്രെയിൻ കയറണം, അമ്മയും അമ്മാവനും കൂടി നാളെ വൈകീട്ട് എത്താമെന്നാണ് പറഞ്ഞിരിക്കുന്നത്…

ട്രെയിനിലെ ബർത്തിൽ സാധാരണ രാത്രി നല്ലത് പോലെ ഉറങ്ങാറുള്ള ഞാൻ ഇന്നത്തെ രാത്രിയിൽ കാഴ്ചക്കാരൻ മാത്രമായി ചുരുങ്ങി…

വെളുപ്പിന് തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ചെന്നിറങ്ങിയപ്പോ ഉള്ളിലൊരു ഭയമായിരുന്നു… കൂടെ കൊത്തി വെച്ച ഗൗരിയുടെ മുഖവും… അവളുടെ വീട്ടിലേക്കുള്ള ബസിൽ കയറി…”

ഒരു ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്, ഇവിടുത്തെ ക്ഷേത്രത്തിലെ താലപ്പൊലി ആഘോഷം പ്രമാണിച്ച് കേട്ട ഭക്തിഗാനമാണ്…

ഇറങ്ങാനുള്ള സ്ഥലം അടുത്തിരുന്നു.. ബസിറങ്ങി ഒരു ഓട്ടോ പിടിച്ച് അവളുടെ വീട്ടിലേക്ക് തിരിച്ചു..

വീട്ടിലേക്ക് കയറി ചെന്നപ്പോ നാളെ ഹോസ്പിറ്റലിൽ പോകാനുള്ള ഡ്രസ്സും മറ്റും എടുത്തു വെയ്ക്കുന്ന തിരക്കിലാണ് അവളുടെ അമ്മ…

എന്റെ വരവ് പ്രതീക്ഷിച്ചിരുന്ന അവളുടെ മുഖത്തെ സന്തോഷം കണ്ടറിയെണ്ടത് തന്നെയാണ്… അവളുടെ കണ്ണീരു തുടച്ചു കൊണ്ട് പറഞ്ഞു,

” ഇനി ഈ കണ്ണ് നിറയാൻ പാടില്ല, അതിനു ഞാൻ സമ്മതിക്കില്ല..”

അന്നത്തെ ദിവസം മുഴുവൻ അവളുടെ കൂടെയിരുന്നു ഞാൻ… എന്റെ ഉള്ളിലെ ഭയം ഒരിക്കൽ പോലും മുഖത്ത് നിഴലിച്ചിരുന്നില്ല…അവളെയും കൊണ്ട് പുറത്തൊക്കെ ഇറങ്ങി നടന്നു…

വൈകീട്ടോടെ അമ്മയും അമ്മാവനും എത്തി..പിറ്റേന്ന് രാവിലെ തന്നെ ഹോസ്പിറ്റലിലേക്ക് തിരിച്ചു… ബി പി കുറച്ച് കൂടുതൽ ആയത് കൊണ്ട് രണ്ടു ദിവസം കഴിഞ്ഞ് സർജറി മതിയെന്ന് ഡോക്ടർ പറഞ്ഞു…

രണ്ടു ദിവസത്തിനു ശേഷം രാവിലെ ഗൗരിയെ സർജറിക്ക് കയറ്റി.. നെഞ്ചിനൊക്കെ വല്ലാത്തൊരു ഇടിപ്പായിരുന്നു… ഗൗരിക്ക്‌ വേണ്ടി അവളുടെ അച്ഛനും അമ്മയും മനസ്സുരുകി ഈശ്വരനോട് യാചിക്കുന്നുണ്ട്…

മണിക്കൂറുകൾക്ക് ശേഷം ഓപ്പറേഷൻ തീയേറ്ററിൽ നിന്ന് ഡോക്ടറും നഴ്സും ഇറങ്ങി വന്നു… ഡോക്ടറുടെ മുഖത്തൊരു ചിരിയുണ്ടായിരുന്നു…

“പേടിക്കണ്ടടോ ജിഷ്ണു, ഗൗരി സുഖമായിരിക്കുന്നു… ഒരു പുതിയ ഗൗരിയെ ആയിരിക്കും കുറച്ച് നാള് കഴിഞ്ഞാൽ നിങ്ങൾക്ക് കിട്ടുന്നത്…”

ആ നിമിഷം കണ്ണ് നിറഞ്ഞു പോയി… അവളുടെ ആ പാവം അച്ഛനും അമ്മയും സന്തോഷം കൊണ്ട് പരസ്പരം പുണർന്നു… ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ മോളാണ് ഗൗരി… മരണത്തിനു കീഴടങ്ങാൻ അവളെ അനുവദിക്കില്ല…

പിന്നീട് തുടർച്ചയായ ആറു മാസത്തെ വിശ്രമമായിരുന്നു അവൾക്ക്.. ചെറിയൊരു പ്രമോഷനോട് കൂടിയാണ് ഇവിടേക്ക് സ്ഥലം മാറി വന്നതെങ്കിലും, കുറച്ച് കഷ്ടപ്പെട്ടു തിരിച്ച് തൃശൂരിലേക്ക് തന്നെ സ്ഥലമാറ്റം വാങ്ങാൻ…

ഗൗരിയുടെ ചികിത്സാ കാലാവധി അവസാനിച്ച സമയം അമ്മയും ഞാനും അവളുടെ വീട്ടിലേക്ക് തിരിച്ചു…

കറുത്ത കുപ്പിവളകളും കുഞ്ഞി കടുക്കൻ കമ്മലും തുളസി കതിർ ചൂടിയ മുടിയുമായി വീടിന്റെ ഉമ്മറത്ത് ഞങ്ങളെയും നോക്കി അവള് ഉണ്ടായിരുന്നു…

“ഗൗരി ആഘോഷമൊന്നും വേണ്ട, ഇഷ്ട ദേവതയുടെ മുന്നിൽ വെച്ച് ഒരു താലികെട്ട് മാത്രം… ഇനിയുള്ള നമ്മുടെ ജീവിതത്തിലാണ് ആഘോഷവും സന്തോഷവും വേണ്ടത്…”

മകൾ നല്ലൊരു ജീവിതത്തിലേക്ക് കടക്കുന്ന സന്തോഷം കണ്ണീരായി അവളുടെ അച്ഛനിലും അമ്മയിലും കണ്ടു…

പക്ഷേ അവളിൽ മനസ്സറിഞ്ഞൊരു സന്തോഷം ഉണ്ടായിരുന്നില്ല….അതിന്റെ കാരണം എനിക്ക് ഊഹിക്കാവുന്നെ ഉണ്ടായിരുന്നുള്ളൂ…

ഞാൻ ചിരിച്ചു കൊണ്ട് എന്റെ അമ്മയെ ഒന്ന് നോക്കി.. ഗൗരിയുടെ അടുത്തേക്ക് വന്ന അമ്മ പറഞ്ഞു,

“മോളെ ഇനി ഇവന്റെ പെണ്ണായി അവിടെയാണ് നീ ജീവിക്കേണ്ടത്… ഗൗരി സന്തോഷത്തോടെ ജീവിക്കുന്നത് മോൾടെ ഈ അച്ഛന്റെയും അമ്മയുടെയും കൺമുന്നിലായിരിക്കും… മോളെ മാത്രമല്ല ഇവരെ രണ്ടു പേരെയും കൊണ്ടു പോകാനാണ് ഞങൾ വന്നത്…”

ഗൗരി കരഞ്ഞു കൊണ്ട് അമ്മയ്ക്ക് മുന്നിൽ കൈകൂപ്പി…

“ഗൗരി, എന്റെ അമ്മയ്ക്ക് ഞാനും എനിക്കെന്റെ അമ്മയും മാത്രേ ഉള്ളൂ…ഇനിയിപ്പോ നീയും അച്ഛനും അമ്മയും എല്ലാരുമുണ്ട് ഞങ്ങൾക്ക്…”

ആ വാടകവീട് വിട്ട് ഗൗരിയെയും അവളുടെ അച്ഛനെയും അമ്മയെയും കൂട്ടി അവിടുന്ന് ഇറങ്ങുമ്പോ കഴിഞ്ഞതൊക്കെ ഒരു സ്വപ്നം പോലെ അവളിൽ ഉണ്ടായിരുന്നിരിക്കണം….

Story By
രചന: ജിഷ്ണു രമേശൻ

Leave a Reply

Your email address will not be published. Required fields are marked *