അച്ഛൻ, ഈ കഥ വായിക്കാതെ പോവല്ലേ…

രചന: Bindhya Balan

“താലിയെടുത്ത് കെട്ടിക്കോളു ഇനി ”

തളിർ വെറ്റിലയിൽ ഇരുന്ന താലിച്ചരടിലേക്കു മന്ത്രം ജപിച്ച് പുഷ്പവും പനിനീരും കുടഞ്ഞു പൂജാരി പറയുമ്പോൾ, ഞാനെന്റെ അച്ഛന്റെ മുഖത്തേക്ക് നോക്കി. പരിഭ്രമിക്കണ്ടാട്ടൊ എന്ന് ചുണ്ടനക്കി പറഞ്ഞ് കണ്ണുകൾ ചിമ്മിത്തുറന്നു അച്ഛൻ ചിരിക്കുന്നത് കണ്ടപ്പോൾ, പണ്ട് ആദ്യമായി സ്കൂളിൽ പോയ ദിവസം ഓർമ്മ വന്നു…

ക്ലാസ്സ്‌ മുറിയിലെ ബഞ്ചിലിരുന്നു , തലനീട്ടി കണ്ണെത്തിച്ച് പുറത്ത് നിൽക്കുന്ന അച്ഛനെ നോക്കി ചുണ്ടുകൾ വിതുമ്പി, കണ്ണുകൾ നിറയ്ക്കുന്നൊരു ആറുവയസുകാരിയെ ഓർമ്മ വന്നു…

അവളെ നോക്കി ചിരിച്ച് പേടിക്കണ്ടാട്ടൊ അച്ഛ ഇവിടെയുണ്ട് എന്ന് ആംഗ്യം കാണിച്ച് കണ്ണു ചിമ്മുന്നൊരു വാത്സല്യം നിറഞ്ഞ മുഖം ഓർമ്മ വന്നു…

പരിഭ്രമത്തിൽ ഉള്ളം പിടയുമ്പോഴെല്ലാം, പേടിക്കണ്ടാട്ടോ അച്ഛനുണ്ടല്ലോ എന്നൊരു ആശ്വസിപ്പിക്കലിൽ, ദുസ്വപ്നങ്ങളെ മറന്നുറങ്ങിയ ഇരുപത്തിയഞ്ചു വർഷങ്ങൾ…
ആ ഇരുപത്തിയഞ്ചു വർഷങ്ങൾക്കിപ്പുറം, കല്യാണപെണ്ണായൊരുങ്ങി, കതിർമണ്ഡപത്തിൽ താലിക്കായി തലകുനിക്കുമ്പോൾപ്പോലും, അച്ഛന്റെ മുഖത്തെ ചിരിയിൽ എന്റെ പരിഭ്രമവും പേടിയും മാഞ്ഞുപോയി.

താലി കെട്ടും അതിന് ശേഷമുള്ള ഫോട്ടോയെടുക്കലും ഒക്കെ കൂടി തിരക്കായപ്പോഴും എന്റെ കണ്ണുകൾ കാര്യക്കാരനായി ഓടിനടക്കുന്ന അച്ഛന്റെ പിന്നാലെയായിരുന്നു. സദ്യയുണ്ണാനായി ഇരുന്നപ്പോൾ അച്ഛനെ നോക്കി, ഒരു ഉരുള ചോറിനായി കണ്ണുകൾ കൊണ്ട് ഞാൻ കെഞ്ചിയപ്പോൾ, കണ്ണുകൾ നിറച്ചൊന്നു ചിരിച്ച്, ‘പിന്നെ’ എന്ന് കയ്യുയർത്തി അച്ഛൻ ആംഗ്യം കാണിച്ചപ്പോൾ, ഒരു രഹസ്യം സൂക്ഷിക്കുന്നത്രയും കരുതലോടെ അച്ഛന്റെ ചിരി ഞാനെന്റെ ആത്മാവിലെടുത്തു വച്ചു.

പൊതുവെ ഫോട്ടോയ്‌ക്കൊന്നും നിന്ന് കൊടുക്കാൻ ഇഷ്ടമില്ലാത്ത ആളായിരുന്നിട്ട് കൂടി എന്നെ തോളിൽ ചേർത്ത് പിടിച്ച് ക്യാമറയ്ക്ക് മുന്നിൽ ചിരിച്ച് നിൽക്കുമ്പോൾ ഞാൻ കണ്ടു, അച്ഛന്റെ കണ്ണുകൾ നിറയുന്നത്. ഒടുവിൽ എല്ലാവരോടും യാത്ര ചോദിച്ച്, അമ്മയെ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുത്ത്, ഏട്ടന്റെയും അമ്മാവന്മാരുടെയും അങ്ങനെ എല്ലാ കാരണവന്മാരുടെയും കാലു തൊട്ട് വണങ്ങി യാത്ര ചോദിക്കുമ്പോൾ , എന്റെ കണ്ണുകൾ വീണ്ടും അച്ഛനെ തിരഞ്ഞു. ഞാൻ പടിയിറങ്ങി പോകുന്നത് കണ്ട് നിൽക്കുവാനാവാതെ എവിടെയെങ്കിലും മാറിയിരുന്ന് കരയുന്നുണ്ടാവും പാവം.

“ഏട്ടാ അച്ഛനെന്ത്യേ… എനിക്ക് അച്ഛനെ കാണണം ”

ഏട്ടന്റെ കയ്യിൽ പിടിച്ചു വലിച്ച് ഞാൻ അത് പറഞ്ഞതും, എന്നെ ചേർത്ത് പിടിച്ച് ഒരേങ്ങലോടെ ഏട്ടൻ പറഞ്ഞു,

“അച്ഛൻ മോളെ കാണുന്നുണ്ട് കേട്ടോ.. എപ്പഴും മോൾടെ കൂടെയുണ്ട് “.

അത് കേട്ടതും ഇത്രയും നേരം അച്ഛനെ കണ്ടത് ഞാൻ മാത്രമായിരുന്നു…. അച്ഛനില്ല എന്നൊരു യാഥാർഥ്യത്തെ ഉൾക്കൊള്ളാൻ എനിക്ക് മാത്രമിനിയും കഴിഞ്ഞിട്ടില്ല എന്നൊരു പിടചിലായിരുന്നു.

സങ്കടപ്പെട്ടു കരയുമ്പോഴെല്ലാം,
“അച്ഛന്റെ ചുണക്കുട്ടി കരയുവാണോ… അയ്യേ മോശം “എന്നൊരു ഓർമ്മപ്പെടുത്തലിൽ
ഉള്ളിലുയർന്നു വന്ന പൊട്ടിക്കരച്ചിലിനെ അടക്കിപ്പിടിച്ച് ,പ്രിയപ്പെട്ട എല്ലാത്തിനോടും ഒരിക്കൽക്കൂടി യാത്ര പറഞ്ഞ് വീടിന്റെ പടിയിറങ്ങവേ, അനുഗ്രഹിച്ച് ആശിർവദിക്കാൻ കൂട്ടം കൂടി നിന്നവർക്കിടയിൽ ഞാനച്ഛനെ വെറുതെ വീണ്ടും തിരഞ്ഞു.

ഒരു മൂന്ന് വയസ്സുകാരിയുടെ മനസിന് മാത്രം തോന്നുന്ന കൗതുകത്തോടെ എന്റെ കണ്ണുകൾ അച്ഛനെ പരതി… ഒരുപക്ഷെ എനിക്ക് മാത്രം കാണാനായ് എവിടെയെങ്കിലും നില്ക്കുന്നുണ്ടെങ്കിലോ…
പിന്നെയാണോർത്ത് ഉള്ളം പിടഞ്ഞത്…
പോയവരാരും ഇന്നോളം തിരിച്ചു വന്നിട്ടില്ലല്ലോ…

ചിത്രത്തിന് കടപ്പാട്
രചന: Bindhya Balan

Leave a Reply

Your email address will not be published. Required fields are marked *